Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യ ഓസ്‌ട്രേലിയ ക്രിക്കറ്റ് പോരാട്ടത്തിന് നാളെ തുടക്കം; ആദ്യ ടി20 മത്സരം നാളെ ഗാബ സ്റ്റേഡിയത്തിൽ; പര്യടനത്തിൽ ഇന്ത്യ കളിക്കുക നാല് ടെസ്റ്റുകൾക്ക് പുറമെ മൂന്ന് വീതം ടി20യും ഏകദിനവും; സ്മിതും വാർണറുമില്ലാതെ തളർന്ന ഓസ്‌ട്രേലിയക്ക് ഇന്ത്യ കനത്ത വെല്ലുവിളി; വിലക്ക് പിൻവലിക്കില്ലെന്നും കൂടുതൽ ചർച്ചകൾ വേണ്ടെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ

ഇന്ത്യ ഓസ്‌ട്രേലിയ ക്രിക്കറ്റ് പോരാട്ടത്തിന് നാളെ തുടക്കം; ആദ്യ ടി20 മത്സരം നാളെ ഗാബ സ്റ്റേഡിയത്തിൽ; പര്യടനത്തിൽ ഇന്ത്യ കളിക്കുക നാല് ടെസ്റ്റുകൾക്ക് പുറമെ മൂന്ന് വീതം ടി20യും ഏകദിനവും; സ്മിതും വാർണറുമില്ലാതെ തളർന്ന ഓസ്‌ട്രേലിയക്ക് ഇന്ത്യ കനത്ത വെല്ലുവിളി; വിലക്ക് പിൻവലിക്കില്ലെന്നും കൂടുതൽ ചർച്ചകൾ വേണ്ടെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ

സ്പോർട്സ് ഡെസ്‌ക്

ബ്രിസ്‌ബെയ്ൻ: ഇന്ത്യയുടെ ഓസ്‌ട്രേലിയൻ പര്യടനത്തിലെ ആദ്യ ടി20 മത്സരം നാളെ ആരംഭിക്കാനിരകിക്കെ വാർണർക്കും സ്മിത്തിനും ബാൻക്രോഫ്റ്റിനും വിലക്കുകൾ തുടരുമെന്ന് സ്ഥിതീകരിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ. ഓസ്‌ട്രേലിയൻ ക്രിക്കറ്റ് അസോസ്സിയേഷന്റെ അപേക്ഷയ്ക്ക് മറുപടിയായാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ തങ്ങളുടെ നയം വ്യക്തമാക്കിയത്. കാമറൂൺ ബാൻക്രോഫ്ടിന്റെ വിലക്ക് ഡിസംബർ 29നു അവസാനിക്കുവാനിരിക്കുമ്പോൾ മാർച്ച് 29 2019ൽ മാത്രമാണ് ഡേവിഡ് വാർണർ, സ്റ്റീവൻ സ്മിത്ത് എന്നിവരുടെ വിലക്കുകൾ മാറുക.

വാർണറെയും സ്മിത്തിനെയും തിരികെ കൊണ്ടുവരണമെന്നും വേണ്ടെന്നുമുള്ള ചർച്ചകൾ ഓസ്‌ട്രേലിയൻ ക്രിക്കറ്റിൽ സജീവമായി നിൽക്കുമ്പോൾ ആണ് ഈ തീരുമാനം ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിക്കുന്നത്. ഓസ്‌ട്രേലിയയുടെ മോശം ഫോമും മത്സരങ്ങളിലെ സ്ഥിരം തോൽവിയും താരങ്ങളുടെ വിലക്ക് റദ്ദാക്കണമെന്ന ആവശ്യം ഉന്നയിക്കപ്പെടുവാൻ ഇടയായിട്ടുണ്ട്.

നായകനെയും ഉപനായകനേയും വിലക്കിയ ശേഷം അവരുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം അവസ്ഥയിലാണ് ഓസീസ് ക്രിക്കറ്റ് ടീം. ഇവരുടെ വിലക്കിനു ശേഷം ഒരു പരമ്പര പോലും ഓസീസ് ജയിച്ചിട്ടില്ല. ഏകദിനത്തിലെ കഴിഞ്ഞ വർഷത്തെ വിജയ ശതമാനത്തിൽ തന്നെ ഹോങ്കോങ് നേപ്പാൾ എന്നിവർക്കും പിന്നിലായിരുന്നു അഞ്ച് തവണ ജേതാക്കളായ നിലവിലെ ലോക ചാമ്പ്യന്മാർ. ഓസ്ട്രേലിയയിൽ ടെസ്റ്റ് പരമ്പര നേടിയിട്ടില്ലാത്ത ഇന്ത്യക്ക് ഇത് സുവർണ അവസരമെന്ന് മുൻ നായകൻ സൗരവ് ഗാംഗുലി അഭിപ്രായപ്പെട്ടിരുന്നു. വിരാട് കോലിയും രോഹിത് ശർമ്മയും ഇല്ലാത്ത ഇന്ത്യയുടെ അവസ്ഥയിലാണ് ഓസ്ട്രേലിയ എന്നും മുൻ നായകൻ പറഞ്ഞിരുന്നു. എന്നാൽ നാട്ടിൽ ഓസ്ട്രേലിയ ശക്തരാണെന്ന് മറക്കരുതെന്നും ഗാംഗുലി ഉപദേശിച്ചു

ഇതിനു പിന്നാലെ ഇന്ത്യയ്‌ക്കെതിരായ പരമ്പര കൂടി വരുന്നതിനാലാണ് ഇവരുടെ വിലക്ക് പിൻവലിക്കുന്നതിനെ കുറിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ ആലോചിക്കുന്നത്. വിലക്ക് നീക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ സിഇഒ കെവിൻ റോബർട്ട്സ് പറഞ്ഞിരുന്നു. ഓസ്‌ട്രേലിയൻ ക്രിക്കറ്റേഴ്സ് അസോസിയേഷന്റെ (എ.സി.എ) കടുത്ത സമ്മർദമാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയെ ഇക്കാര്യം പരിഗണിക്കാൻ പ്രേരിപ്പിച്ചത്.

മൂന്ന് ടി20 മൂന്ന് ഏകദിനം 4 ടെസ്റ്റ് എന്നിങ്ങനെയാണ് പരമ്പരയിലുള്ളത്. ടി 20 പരമ്പരയ്ക്കുള്ള ടീമിൽ നിന്ന് ധോണിയെ ഒഴിവാക്കിയാണ് ഇന്ത്യ പരമ്പരയ്ക്ക് എത്തിയത്.മത്സരത്തിന് ഒരു ദിവസം മുൻപേ 12 അംഗ ടീമിനെ പ്രഖ്യാപിക്കുന്ന പതിവ് തുടർന്ന് ഇന്ത്യ. ഓസ്ട്രേലിയക്കെതിരായ ആദ്യ ട്വന്റി 20 മത്സരത്തിനുള്ള പന്ത്രണ്ടംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോലി നയിക്കുന്ന ടീമിൽ ദിനേശ് കാർത്തിക്കും ഋഷഭ് പന്തും സ്ഥാനം പിടിച്ചിട്ടുണ്ട്.

വിൻഡീസിനെതിരായ പരമ്പരയിൽ അരങ്ങേറിയ ക്രുനാൽ പാണ്ഡ്യ വീണ്ടും ടീമിൽ സ്ഥാനം നിലനിർത്തി. ബൗളർമാരുടെ പട്ടികയിൽ ഭുവനേശ്വർ കുമാറിനും ജസ്പ്രീത് ബുംറയ്ക്കുമൊപ്പം ഖലീൽ അഹമ്മദുമുണ്ട്. വാഷിങ്ടൺ സുന്ദറിന് ടീമിൽ ഇടം നേടാനായിട്ടില്ല. ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, ഉമേഷ് യാദവ് എന്നിവരും പുറത്തായി. ബുധനാഴ്ച ബ്രിസ്‌ബെയ്നിലെ ഗാബ സ്റ്റേഡിയത്തിലാണ് മത്സരം. മൂന്ന് മത്സരങ്ങളാണ് ട്വന്റി 20 പരമ്പരയിലുള്ളത്.ട്വന്റി 20 മത്സരങ്ങളിൽ കഴിഞ്ഞ പത്തുവർഷത്തിനിടെ ഇരുവരും ഏറ്റുമുട്ടിയതിൽ ഇന്ത്യയ്ക്കാണ് മുൻതൂക്കം. 15 മത്സരങ്ങൾ ഇന്ത്യ ജയിച്ചപ്പോൾ ഓസീസിന് വെറും അഞ്ചു മത്സരങ്ങളിൽ മാത്രമാണ് വിജയിക്കാനായത്.

ഇന്ത്യൻ ടീം: രോഹിത് ശർമ, ശിഖർ ധവാൻ, വിരാട് കോലി, ലോകേഷ് രാഹുൽ, ഋഷഭ് പന്ത്, ദിനേശ് കാർത്തിക്ക്, ക്രുനാൽ പാണ്ഡ്യ, കുൽദീപ് യാദവ്, ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബുംറ, ഖലീൽ അഹമ്മദ്, യൂസ്വേന്ദ്ര ചാഹൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP