Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പച്ചകൊടിയുടെ തണലിൽ നല്ല പ്രായത്തിൽ പിവിസിയായി; കാലാവധി കഴിഞ്ഞപ്പോൾ വിസിയാകാൻ ലീഗിനെ തള്ളി സിപിഎമ്മിനൊപ്പം കൂടി; ലീഗിന്റെ ചെലവിൽ പബ്ലിക് പ്രോസിക്യൂട്ടറായിട്ട് കൂടി പി ജയരാജനെ സ്തുതിച്ച് ഭർത്താവും രംഗത്ത് വന്നു; എന്നിട്ടും പദവി ഒന്നും ലഭിക്കാത്ത ഷീന ഷുക്കൂർ ഇപ്പോൾ സിപിഎം വേദികളിലും സജീവമായി തുടങ്ങി; മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെ മുൻ പ്രോ വൈസ് ചാൻസലറോട് ഇനിയെങ്കിലും സിപിഎം കരുണകാട്ടുമോ?

പച്ചകൊടിയുടെ തണലിൽ നല്ല പ്രായത്തിൽ പിവിസിയായി; കാലാവധി കഴിഞ്ഞപ്പോൾ വിസിയാകാൻ ലീഗിനെ തള്ളി സിപിഎമ്മിനൊപ്പം കൂടി; ലീഗിന്റെ ചെലവിൽ പബ്ലിക് പ്രോസിക്യൂട്ടറായിട്ട് കൂടി പി ജയരാജനെ സ്തുതിച്ച് ഭർത്താവും രംഗത്ത് വന്നു; എന്നിട്ടും പദവി ഒന്നും ലഭിക്കാത്ത ഷീന ഷുക്കൂർ ഇപ്പോൾ സിപിഎം വേദികളിലും സജീവമായി തുടങ്ങി; മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെ മുൻ പ്രോ വൈസ് ചാൻസലറോട് ഇനിയെങ്കിലും സിപിഎം കരുണകാട്ടുമോ?

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മുസ്ലിം ലീഗിന്റെ നോമിനിയായി എം ജി യൂണിവേഴ്‌സിറ്റി പ്രോ വിസിഐയായി മാറിയ ഷീന ഷുക്കൂർ എക്കാലത്തും വിവാദങ്ങളുടെ കൂട്ടുകാരിയായിരുന്നു. ഷീനയുടെ ഡോക്ടറേറ്റ് അടക്കമുള്ള കാര്യങ്ങൾ മുമ്പ് വിവാദമായിരുന്നു. പിവിസി ആയിരിക്കവെ ഗൾഫിൽ എത്തി നടത്തിയ പ്രസംഗത്തിൽ തന്നെ പച്ചക്കൊടിയുടെ തണലിൽ ആണ് കഴിയുന്നതെന്ന പരമാർശവും പച്ച ലഡു വിതരണം ചെയ്തുണ്ടാക്കിയ വിവാദവും ആരും മറക്കില്ല. വ്യാജ പ്രബന്ധവുമായി ബന്ധപ്പെട്ട ആരോപണങ്ങളും ഏറെ ചർച്ചയായി. മുസ്ലിം ലീഗിനൊപ്പം നീങ്ങിയ ഷീനാ ഷുക്കൂർ അധികാരത്തിൽ സിപിഎം എത്തിയപ്പോൾ നിലപാട് മാറ്റി. ഇടതുപക്ഷത്തേക്ക് പതിയെ ചുവടുമാറി. അതിനിടെ ഇസ്ലാമിക ബാങ്കിന്റെ കേരള തലവനായി ലീഗ് നേതാവുകൂടിയായ ഷുക്കൂറിന്റെ ഭാര്യ ഷീനയെ തെരഞ്ഞെടുക്കുമെന്ന് സൂചനയെത്തി. വിവാദങ്ങളെ തുടർന്ന് സർക്കാർ ഈ നീക്കം ഉപേക്ഷിച്ചു. എങ്കിലും ഷീനാ ഷുക്കൂർ സിപിഎമ്മിനോട് പിണങ്ങുന്നില്ല. അവർക്കൊപ്പം നീങ്ങാനാണ് തീരുമാനം.

ഇതിന്റെ ഭാഗമായി സിപിഎം. പിന്തുണയോടെ പ്രവർത്തിക്കുന്ന ന്യൂനപക്ഷ സാംസ്‌കാരികസമിതിയുടെ വനിതാസമ്മേളനത്തിൽ അതിഥിയായി ഡോ. ഷീന ഷുക്കൂർ. മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ 24-ന് രാവിലെ 10-നാണ് വനിതാസമ്മേളനം. സിപിഎം. പൊളിറ്റ്ബ്യൂറോ അംഗമായ ബൃന്ദാ കാരാട്ടാണ് ഉദ്ഘാടക. പി.കെ.ശ്രീമതി എംപി. അധ്യക്ഷതവഹിക്കും. മഹാത്മാഗാന്ധി സർവകലാശാലാ മുൻ പ്രൊ വൈസ് ചാൻസലറായ ഡോ. ഷീനാ ഷുക്കൂർ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സഹയാത്രികയായിരുന്നു. സിപിഎം. ജില്ലാ സെക്രട്ടറിയായ പി.ജയരാജനെ വാഴ്‌ത്തിക്കൊണ്ട് നമമാധ്യമങ്ങളിൽ കുറിപ്പെഴുതിയതിന് മുസ്ലിം ലീഗ് സംഘടനാ നടപടിയെടുത്ത അഡ്വ. സി.ഷുക്കൂറാണ് ഡോ. ഷീനയുടെ ഭർത്താവ്.

മുൻ പബ്ലിക് പ്രോസിക്യൂട്ടറായ ഷുക്കൂർ മുസ്ലിം ലീഗ് അഭിഭാഷക സെല്ലായ അഭിഭാഷക ലീഗ് കാസർക്കോട് ജില്ലാ പ്രസിഡന്റായിരുന്നു. പി.ജയരാജനെ പ്രശംസിച്ചതിനെത്തുടർന്ന് ആ സ്ഥാനത്തുനിന്ന് ഒഴിവാക്കുകയായിരുന്നു. ഇതിന് ശേഷം ഇടതുപക്ഷം അധികാരത്തിലെത്തിയപ്പോൾ ഷീനയും അങ്ങോട്ടേക്ക് ചുവടുമാറി. എന്നാൽ വിവാദം ഭയന്ന് സ്ഥാനമൊന്നും നൽകിയില്ല. ഇതെല്ലാം മനസ്സിലാക്കിയാണ് പരസ്യമായി തന്നെ സിപിഎമ്മുമായി സഹകരണത്തിന് ഷീനാ ഷുക്കൂർ തയ്യാറാകുന്നത്. ഇതോടെ ഷീനയ്ക്ക് ഉടൻ എന്തെങ്കിലും പദവി സിപിഎം നൽകുമെന്ന ചർച്ചകളും സജീവമാകുന്നു.

മുസ്ലിംലീഗിന്റെ പച്ചക്കൊടിയോട് ഷീനാ ഷുക്കൂറിനുള്ള പ്രേമം വളരെ പ്രസിദ്ധമാണ്. ഇക്കാര്യം തുറന്നു പറഞ്ഞതിന്റെ പേരിൽ ഏറെ വിമർശനവും അവർ കേട്ടിരുന്നു. പച്ചക്കളർ തനിക്ക് ഒരു വീക്ക്നസ് ആണെന്ന് അവർ പലവട്ടം തെളിയിച്ചിരുന്നു വിജയം ആഘോഷിക്കാൻ പച്ച ലഡ്ഡു ഉപയോഗിക്കുക എന്നത് മുസ്ലിംലീഗ് പ്രവർത്തകരുടെ പൊതു ശൈലിയാണ്. ഇക്കാര്യം തന്നെയാണ് ഷീനാ ഷുക്കൂർ ചെയ്തതും. പഞ്ചാബിലെ പട്യാലയിൽ നടന്ന അന്തർസംസ്ഥാന അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ മഹാത്മാഗാന്ധി സർവകലാശാല വനിതാ വിഭാഗത്തിൽ വിജയികൾ ആയിരുന്നു. എം ജി ജേതാക്കളായത് പ്രോ വൈസ് ചാൻസലർ എന്ന നിലയിൽ ഷീനയെയും ഏറെ സന്തോഷിപ്പിച്ചു. സന്തോഷം പ്രകടിപ്പിക്കാൻ വേണ്ടി വിദ്യാർത്ഥികൾ കോട്ടയത്ത് ട്രെയിനിൽ എത്താൻ കാത്തുനിന്ന ഷീനയ്ക്ക് പക്ഷേ ഒരു അമളി പറ്റി. പച്ച ലഢുവും പൂക്കളും ഏന്തിയാണ് ഷീനാ ഷുക്കൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയത്.

ഷീന ഷുക്കൂർ പച്ച ലഡ്ഡുവും വാങ്ങി വിദ്യാർത്ഥികളെ സ്വീകരിക്കാൻ കാത്തുനിൽക്കുന്ന ചിത്രം വാട്സ് ആപ്പ് വഴി പ്രചരിച്ചു. ഈ ചിത്രവും അവർ മുമ്പ് ദുബായിൽ നടത്തിയ പ്രസംഗവും തമ്മിൽ പലരും ലഡ്ഡു വിഷയത്തെ കൂട്ടിവായിക്കുകയാണ്. പച്ചപ്പതാകയുടെ തണലിലാണ് തനിക്ക് വീടും കാറും ലഭിച്ചതെന്നായിരുന്നു ദുബായിൽ വച്ച് ഷീനാ ഷുക്കൂർ പറഞ്ഞത്. മുസ്ലിംലീഗിന്റെ ശക്തമായ പിന്തുണ കൊണ്ടാണ് തനിക്കും ഭർത്താവിനും സ്ഥാനമാനങ്ങൾ ലഭിച്ചതെന്നും സർവകലാശാല പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ഗവർണറുടെ അനുമതിയില്ലാതെയാണ് താൻ ദുബായിലെത്തിയതെന്നും ഷീന ഷുക്കൂർ ഈ വിഡിയോയിൽ പറഞ്ഞിരുന്നു. 2015 മെയ് 22ന് കെഎംസിസി ചെറുവത്തൂർ, ദുബായിൽ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ഷീന ഷുക്കൂറിന്റെ വിവാദ പരാമർശം. ഇതേതുടർന്ന് ഷീനാ ഷുക്കൂറിനെതിരെ പരാതിയും ഗവർണ്ണർക്ക് പോയിരുന്നു. വി എസ് അച്യുതാനന്ദൻ അടക്കമള്ളവർ ഈ വിഷയത്തിൽ ഷീനാ ഷൂക്കൂറിനെതിരെ രംഗത്തുവന്നിരുന്നു. സിപിഎമ്മും പ്രതിഷേധിച്ചിരുന്നു. ഇത്തരത്തിലൊരാളെയാണ് സിപിഎം ഇപ്പോൾ തങ്ങളിലേക്ക് അടുപ്പിക്കുന്നത്.

മുസ്ലിംലീഗിന്റെ നോമിനി എന്ന നിലയിലാണ് ഷീന ഷുക്കൂർ എം ജി സർവകലാശാലയുടെ പ്രോ വൈസ് ചാൻസർ തസ്തികയിൽ എത്തിയത്. ഇത് ഏറ്റവും അധികം ചർച്ചയാക്കിയത് സിപിഎം ആയിരുന്നു. ഇതിനിടെ ലിംഗ സമത്വ വിഷയത്തിൽ ലീഗിന്റെ നിലപാടുകൾ ഷീനാ ഷുക്കൂർ തള്ളിയതും ശ്രദ്ധേയമായി. ഫറൂഖ് കോളേജ് വിഷയവുമായി സംബന്ധിച്ച് മാതൃഭൂമി പത്രത്തിൽ എഡിറ്റോറിയൽ പേജിലെഴുതിയ ലേഖനത്തിലാണ് ഷീന ഷുക്കൂർ നിലപാട് വ്യക്തമാക്കിയത്. 'കുറച്ചുദിവസങ്ങളായി കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗത്തെ പ്രധാന ചർച്ചാവിഷയം സ്വയംഭരണാവകാശം നൽകപ്പെട്ട രണ്ടു കാമ്പസുകളിൽ നിലനിൽക്കുന്നുണ്ടെന്നു പറയുന്ന ലിംഗവിവേചനമാണ്. വാസ്തവത്തിൽ, ഉന്നതവിദ്യാഭ്യാസരംഗത്തു നിലനിൽക്കുന്ന തീക്ഷ്ണമായ ലിംഗവിവേചനം ക്ലാസ്മുറിയിൽ ഇടകലർന്നിരിക്കുന്നതിലേക്കായി ചുരുക്കപ്പെടുകയാണ് ഈ വിവാദത്തിന്റെ തലം. ആൺകുട്ടികളും പെൺകുട്ടികളും ഒരു ക്ലാസ്മുറിയിൽ സദാചാരബോധത്തോടെ എങ്ങനെ ഇടപഴകണമെന്നു തിരിച്ചറിയാനുള്ള ബോധം നമ്മുടെ കുട്ടികൾക്കുണ്ടെന്നാണ് കഴിഞ്ഞ 15 വർഷമായി കാമ്പസുകളിൽ അദ്ധ്യാപനം നടത്തുന്നയാളെന്നനിലയിൽ എന്റെ വിശ്വാസം' ഷീന ഷുക്കൂർ ലേഖനത്തിൽ വിശദീകരിച്ചു. എന്നാൽ ഇതും ലീഗിലെ ഒരു വിഭാഗത്തിന്റെ അഭിപ്രായമായി വലിയിരുത്തൽ വന്നു.

ഇതിനിടെയിലാണ് വ്യാജ സർട്ടിഫിക്കേറ്റ് റാക്കറ്റുമായി ഡോ ഷീനാ ഷുക്കൂറിന് ബന്ധമുണ്ടെന്ന വാർത്ത എത്തിയത്. വിദേശ മലയാളികൾക്കായി വ്യാജ ഡിഗ്രി തരപ്പെടുത്തുന്ന സംഘവുമായി ഷീനാ ഷുക്കൂറിന് അടുത്ത ബന്ധമുണ്ടെന്നാണ് വാർത്ത. ജാസിൽ കരീം എന്ന വിദേശ മലയാളിക്ക് ബിരുദ സർട്ടിഫിക്കറ്റിന്റെ സാധുത തെളിയിക്കാനായി സ്വാധീനിക്കാൻ ശ്രമിച്ചതായി കാലിക്കട്ട് സർവ്വകലാശാല പരീക്ഷാ കൺട്രോളർ പൊലീസിൽ പരാതി നൽകിയിരുന്നു. സാധുതാ സർട്ടിഫിക്കേറ്റിനായി നിശ്ചിത ഫീസടച്ച് അപേക്ഷ നൽകണമെന്ന് പറഞ്ഞെങ്കിലും വളഞ്ഞവഴിയിലൂടെ സ്വാധീനിക്കാനാണ് പ്രോ വിസി ശ്രമിച്ചതെന്നും പരാതിയിലുണ്ട്. സംശയം തോന്നിയ പരീക്ഷാ കൺട്രോളർ നടത്തിയ അന്വേഷണത്തിൽ ജാസിൽ കരീമിന്റെ സർട്ടിഫിക്കേറ്റ് വ്യാജമെന്ന് കണ്ടെത്തി. ഇതേതുടർന്ന് കോഴിക്കോട് തേഞ്ഞിപ്പലം പൊലീസിൽ കൺട്രോളർ പരാതി നൽകുകയായിരുന്നു. ഇതും ഏറെ ചർച്ചയായി. പരാതി ഗവർണ്ണറുടെ മുന്നിലുമെത്തി. എന്നാൽ അതിനപ്പുറം ഒന്നും സംഭവിച്ചില്ല. അന്വേഷണം പൂർണ്ണമായും അട്ടിമറിച്ചു. ഷീനാ ഷുക്കൂറിന്റെ ഗവേഷണപ്രബന്ധത്തിന്റെ ആധികാരികത ഉറപ്പാക്കാൻ ഗവർണ്ണറുടെ നിർദ്ദേശ പ്രകാരമുള്ള അന്വേഷണവും എങ്ങുമെത്തിയില്ല.

കാലിക്കറ്റ് സർവകലാശാല വൈസ്ചാൻസലർ സ്ഥാനത്തേക്കുള്ള പാനലിൽ മുസ്ലിംലീഗ് നോമിനിയായി ഡോ. ഷീനയുടെ പേര് ഗവർണർ പരിഗണിക്കുന്നതിനിടയിലാണ് ദുബായിലെ വീഡിയോ പ്രസംഗം പുറത്തു വന്നത്. അല്ലെങ്കിൽ അതും സംഭവിക്കുമായിരുന്നു. ഇതിനെതിരെ ഗവർണ്ണർക്ക് പരാതിയും ലഭിച്ചു. ഗവർണറുടെയും ചീഫ് സെക്രട്ടറിയുടെയും അനുമതി വാങ്ങിയാണ് ദുബായിൽ പോയതെന്ന് ഷീനാ ഷുക്കൂർ വിശദീകരിച്ചു. എം.ജി വൈസ്ചാൻസലർക്കു നൽകിയ അപേക്ഷ ഗവർണർക്കും ചീഫ് സെക്രട്ടറിക്കും കൈമാറി. ഇരുവരുടെയും അനുമതി ലഭിച്ചതിന്റെ രേഖ കൈവശമുണ്ടെന്ന് ഷീന പറഞ്ഞു. എന്നാൽ പാർട്ടി പരിപാടിയിൽ പങ്കെടു്ക്കാനല്ല ഷീന ഷൂക്കൂർ അനുമതി തേടിയത്. വിദ്യാഭ്യാസപരമായ ചടങ്ങുകളിൽ പങ്കെടുക്കാനെന്നാണ് അപേക്ഷയിൽ കാണിച്ചിരുന്നതെന്നാണ് ലഭിക്കുന്ന സൂചന. അതുകൊണ്ട് തന്നെ പിവിസിയുടെ വിദേശ യാത്രയിൽ ചട്ടലംഘനം ഉണ്ടായി. ഇതിലും ശിക്ഷപ്പെട്ടില്ല.

ഇതിനൊപ്പമാണ് ഷീനാ ഷൂക്കൂറിന്റെ ബയോഡാറ്റയിൽ പറഞ്ഞിരിക്കുന്ന പ്രബന്ധങ്ങളിൽ അന്വേഷണം നടത്തി ശുപാർശ നൽകാൻ വൈസ് ചാൻസലറോട് ഗവർണ്ണർ നിർദ്ദേശിച്ചത്. രാജ്ഭവന്റെ ഉത്തരവ് അനുസരിച്ചുള്ള നടപടി ക്രമങ്ങൾ വൈസ് ചാൻസലർ ബാബു സെബാസ്റ്റ്യൻ പൂർത്തിയാക്കി. ചാൻസലർ കൂടിയായ ഗവർണ്ണറുടെ നിർദ്ദേശം അംഗീകരിച്ചുവെന്ന് വരുത്തി തീർക്കാനായിരുന്നു അത്. അതിനപ്പുറം ഒന്നും നടന്നില്ല. ഷീനാ ഷുക്കൂർ ഗവേഷണം നടത്തിയ ഡൽഹി അമിറ്റി സർവകലാശാല, ചെന്നൈ അംബേദ്കർ സർവകലാശാല, പിഎച്ച്.ഡി ക്ക് അപേക്ഷിക്കുമ്പോൾ ലക്ചററായി ജോലി നോക്കിയ കണ്ണൂർ സർവകലാശാല എന്നിവിടങ്ങളിൽ അന്വേഷണം നടത്തണമെന്നായിരുന്നു ഗവർണ്ണറുടെ ഉത്തരവ്. സ്വകാര്യ സർവകലാശാലയായ അമിറ്റിയിൽ ഗവേഷണം നടത്തുകയാണെന്ന് 2007ൽ ഷീനാ ഷുക്കൂർ സത്യവാങ്മൂലം നൽകിയിരുന്നു. എന്നാൽ എം.ജി പി.വി സി നിയമനത്തിനുള്ള ബയോഡേറ്റയിൽ ചെന്നൈയിലെ ഡോ. അംബേദ്കർ ലാ സർവകലാശാലയിൽ നിന്ന് 2009 ൽ ഡോക്ടറേറ്റ് എടുത്തെന്നാണ് രേഖപ്പെടുത്തിയത്. ഈ രണ്ടു വർഷത്തിനിടയിൽ ഏതാനും മാസം അമേരിക്കയിൽ സ്‌കോളർഷിപ്പ് പഠനത്തിലുമായിരുന്നു. പിഎച്ച്.ഡി എടുക്കാൻ നാലുവർഷമെങ്കിലും വേണ്ടിയിരിക്കെ, കുറഞ്ഞ കാലയളവിൽ ഇതെങ്ങനെ സാധിച്ചെന്നാണ് ഉയരുന്ന ചോദ്യം.

ചെന്നൈയിലെ അംബേദ്കർ ലോ യൂണിവേഴ്സിറ്റിയിൽ നിന്ന് 'മുസ്ലിം കുടുംബ നിയമത്തിന് കേരളത്തിലും ലക്ഷദ്വീപിലുമുള്ള പ്രായോഗികത' എന്ന വിഷയത്തിലാണ് ഡോക്ടറേറ്റ് നേടിയെന്നാണ് ഷീന ഷുക്കൂർ പ്രോ. വിസി നിയമനം ലഭിക്കുന്നതിനായി നൽകിയ ബയോഡേറ്റയിൽ പറയുന്നത്. 2009 ഒക്ടോബറിൽ ഡോക്ടറേറ്റിന് അർഹയായെന്നാണ് ബയോഡേറ്റയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം ചട്ടങ്ങൾ അനുസരിച്ച് പാർട്ട് ടൈമായി ഡോക്ടറേറ്റ് ചെയ്യുന്നവർ കുറഞ്ഞത് 3 വർഷമെങ്കിലും ഗവേഷണത്തിനായി ഉപയോഗപ്പെടുത്തണമെന്നാണ് നിഷ്‌കർഷിക്കുന്നത്. അങ്ങനെയെങ്കിൽ 2006 മുതലെങ്കിലും ഗവേഷണ പഠനം ആരംഭിക്കേണ്ടതുണ്ട്. കണ്ണൂർ സർവ്വകലാശാല റീഡർ തസ്തികയിലേക്ക് തന്നെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് കേരളാ ഹൈക്കോടതിയിൽ ഡോ. ഷീനാ ഷുക്കൂർ സമർപ്പിച്ച സത്യവാങ്മൂലവും പിവിസി നിയമനത്തിനായി സമർപ്പിച്ച ബയോഡേറ്റയിൽ പറയുന്ന കാര്യങ്ങളും തമ്മിൽ പൊരുത്തപ്പെടുന്നതായിരുന്നില്ല. ഈ വിഷയമെല്ലാം പൊതു സമൂഹത്തിൽ മറുനാടൻ മലയാളിയാണ് ചർച്ചയാക്കി. ഇതുമായി ബന്ധപ്പെട്ട് സിപിഎമ്മും വി എസ് അച്യൂതാനന്ദനും എസ എഫ് ഐയും സമര രംഗത്തുമെത്തി. ഇത്തരത്തിലൊരാളെയാണ് സിപിഎം വേദിയിലേക്ക് നേതാക്കൾ ക്ഷണിച്ചെത്തിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP