Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സുരേന്ദ്രനെ അറസ്റ്റു ചെയ്തതിൽ ബിജെപി പ്രതിഷേധം ദേശീയപാതകൾ ഉപരോധിച്ച്; വിവിധ ഇടങ്ങളിൽ ഗതാഗതം തടസപ്പെട്ടു; കാര്യങ്ങൾ ഇങ്ങനെയെങ്കിൽ പൊലീസിനെ കൈകാര്യം ചെയ്യേണ്ടിവരുമെന്ന് പാർട്ടി ഉപാധ്യക്ഷൻ രാമൻ നായർ

സുരേന്ദ്രനെ അറസ്റ്റു ചെയ്തതിൽ ബിജെപി പ്രതിഷേധം ദേശീയപാതകൾ ഉപരോധിച്ച്; വിവിധ ഇടങ്ങളിൽ ഗതാഗതം തടസപ്പെട്ടു; കാര്യങ്ങൾ ഇങ്ങനെയെങ്കിൽ പൊലീസിനെ കൈകാര്യം ചെയ്യേണ്ടിവരുമെന്ന് പാർട്ടി ഉപാധ്യക്ഷൻ രാമൻ നായർ

തിരുവനന്തപുരം: ബിജെപി ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ബിജെപി നടത്തുന്ന ദേശീയപാത ഉപരോധം തുടങ്ങി. വിവിധ ഇടങ്ങളിൽ ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തുവന്നു. കൊച്ചി-സേലം ദേശീയപാതയിൽ എറണാകുളം വൈറ്റിലയിലും കോട്ടയം ജില്ലയിൽ കൊല്ലം-തേനി ദേശീയപാതയിൽ വിവിധ സ്ഥലങ്ങളിലും വാഹനങ്ങൾ ഉപരോധിക്കുന്നു.

പൊൻകുന്നം, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം എന്നിവിടങ്ങളിലാണ് കോട്ടയത്ത് ഉപരോധം നടക്കുന്നത്. കോഴിക്കോട് പാളയത്തും തിരുവനന്തപുരത്ത് അഞ്ചിടങ്ങളിലും ഉപരോധമുണ്ട്. വൈറ്റിലയിലെ ഉപരോധത്തിനിടെ പൊലീസും ബിജെപി പ്രവർത്തകരും തമ്മിൽ നേരിയ വാക്കേറ്റമുണ്ടായി. ദേശീയപാതയിലെ ഗതാഗതം മുഴുവനായും തടയാനുള്ള ശ്രമം ബിജെപി പ്രവർത്തകർ നടത്തിയത് പൊലീസ് തടഞ്ഞതാണ് പ്രശ്‌നങ്ങൾക്ക് കാരണം. പിന്നീട് ബിജെപിയുടെ നേതാക്കളെത്തി സ്ഥിതി ശാന്തമാക്കുകയായിരുന്നു. തുടർന്ന് റോഡിൽ ഒരു ഭാഗത്തുകൂടെ വാഹനങ്ങൾ കടത്തിവിടുന്നുണ്ട്.

നാമജപത്തോടെ ദേശീയപാതകളിൽ കുത്തിയിരുന്നാണ് ബിജെപി പ്രവർത്തകർ പ്രതിഷേധിക്കുന്നത്. പത്തനംതിട്ട, കോട്ടയം ജില്ലകളിൽ പ്രതിഷേധക്കാർ ഒരു വാഹനവും കടത്തിവിടാത്തതിനെ തുടർന്ന് അയ്യപ്പ ഭക്തർ അടക്കമുള്ള യാത്രക്കാർ പാതി വഴിയിൽ യാത്ര അവസാനിപ്പിച്ചു. കെ. സുരേന്ദ്രന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ഇന്നും ഹർത്താലിനാണ് ബിജെപി ആദ്യം ആലോചിച്ചതെങ്കിലും ഇന്നലത്തെ ഹർത്താൽ പരിഗണിച്ച് ഒന്നര മണിക്കൂർ റോഡ് ഉപരോധവും പ്രതിഷേധ പ്രകടനവും നടത്താൻ തീരുമാനിക്കുകയായിരുന്നു.

കോട്ടയം ജില്ലയിൽ ബിജെപി പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. ജി.രാമൻ നായർ പെൻകുന്നത്ത് റോഡ് ഉപരോധം ഉദ്ഘാടനം ചെയ്തു. കാര്യങ്ങളിങ്ങനെയെങ്കിൽ പൊലീസിനെ കൈകാര്യം ചെയ്യേണ്ടിവരുമെന്ന് രാമൻ നായർ പറഞ്ഞു. പൊൻകുന്നത്ത് റോഡ് ഉപരോധിച്ചതോടെ ശബരിമല തീർത്ഥാടകർക്ക് യാത്ര പാതിവഴിയിൽ നിർത്തേണ്ടി വന്നു. അയ്യപ്പ ഭക്തരുടെ വണ്ടികൾ പോലും സമരക്കാർ കടത്തിവിടുന്നില്ല. നാമജപത്തോടു കൂടിയ സമാധാനപരമായ പ്രതിഷേധമാണെങ്കിലും ഒരു വണ്ടിയും കടത്തിവിടുന്നില്ല.

കൊട്ടാരക്കരയിൽ ബിജെപി പ്രവർത്തകരുടെ ഉപരോധം ശക്തമാണ്. ഒരു വാഹനവും കടത്തിവിടുന്നില്ല. കെ.സുരേന്ദ്രനെ കൊട്ടാരക്കര സബ്ജയിലിലാണ് റിമാന്റിലാക്കിയിരിക്കുന്നത്. ഇതിനാൽ തന്നെ കൊട്ടാരക്കരയിൽ സമരം ശക്തമാക്കാനാണ് ബിജെപി തീരുമാനം. ഇത് മൂലം തിരുവനന്തപുരം, കോട്ടയം ഭാഗങ്ങലിലേക്ക് പോകേണ്ട എല്ലാ വാഹനങ്ങളും തടഞ്ഞിട്ടിരിക്കുകയാണ്.

തിരുവനന്തപുരത്ത് രാവിലെ 9.30 മുതൽ നെയ്യാറ്റിൻകരയിൽ ബിജെപി റോഡ് ഉപരോധം തുടങ്ങി. ചിലയിടങ്ങളിൽ പ്രവർത്തകർ അക്രമാസക്തമായെങ്കിലും നേതാക്കൾ ഇടപെട്ട് ശാന്തരാക്കി. തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ, ഓവർ ബ്രിഡ്ജ്, വെഞ്ഞാറ്റംമൂട്, കാട്ടാക്കട, നെയ്യാറ്റിൻകര എന്നിവിടങ്ങളിൽ ഉപരോധം നടക്കുന്നു. കാട്ടാക്കട, നെടുമങ്ങാട് എന്നിവിടങ്ങളിൽ 10 മണി മുതൽ പ്രവർത്തകർ റോഡ് ഉപരോധിക്കുകയാണ്. ആലപ്പുഴയിൽ കളർകോഡ് ജംഗ്ഷനിലാണ് റോഡ് ഉപരോധിക്കുന്നത്.

എറണാകുളം ജില്ലയിലും റോഡ് ഉപരോധം പുരോഗമിക്കുകയാണ്. ആലപ്പുഴ ജില്ലയിൽ ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തിൽ എസ്‌പി ഓഫീസിലേക്ക് മാർച്ച് നടത്തുകയാണ്. ഇടയ്ക്ക് നാമജപ പ്രതിഷേധം അക്രമാസക്തമായപ്പോൾ നേതാക്കളിടപെട്ട് പ്രവർത്തകരെ ശാന്തരാക്കി. പ്രവർത്തകർ ഇപ്പോൾ വെറ്റിലയ്ക്കടുത്ത് അരൂർ ഭാഗത്തേക്കുള്ള ദേശീയ പാത ഉപരോധിക്കുകയാണ്. വാഹനങ്ങൾ വഴി തിരിച്ചു വിടുന്നുണ്ടെങ്കിലും വാഹനക്കുരുക്ക് പ്രകടമാണ്. അങ്കമാലിയിലും മൂവാറ്റുപുഴയിലും പ്രതിഷേധ സമരങ്ങൾ നടക്കുകയാണ്.

കോഴിക്കോട് ജില്ലയിൽ രാവിലെ 11 മണിക്ക് വടകര, കൊയിലാണ്ടി, കോഴിക്കോട് പാളയം, ബാലുശ്ശേരി, താമരശ്ശേരി എന്നിവിടങ്ങളിൽ ഉപരോധം നടക്കും. കോഴിക്കോട് മൈസൂർ ദേശീയപാതയിൽ കൽപ്പറ്റയിലും സുൽത്താൻബത്തേരിക്കടുത്തുകൊളഗപ്പാറയിലും റോഡ് ഉപരോധിക്കുന്നുണ്ട്. വയനാട് ജില്ലയിൽ മാനന്തവാടിയിൽ ഉപരോധം തുടരുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP