Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സ്വാമി ശരണം... കൈകൂപ്പി മുകളിലേക്ക് തൊഴുത് സൂപ്പർതാരം; ശബരിമലയിൽ തന്റെ മനസ്സ് അയ്യപ്പഭഗവനൊപ്പമെന്ന് മോഹൻലാൽ വ്യക്തമാക്കുമ്പോൾ ചർച്ചകൾ പലവഴിക്ക്; അന്ധത മൂടിയ രാജാവിനോട് തന്നെ മനസ്സിലാക്കാൻ ആവശ്യപ്പെട്ട് യാചിക്കുന്ന കാഴ്ചയറിഞ്ഞ രഘുരാമൻ... മ്മടെ ലാലേട്ടനെന്ന വാദവുമായി പരിവാറുകാർ; വിഷകലയെ അറസ്റ്റ് ചെയിതതിന് അയ്യപ്പ സ്വാമിയോട് നന്ദി പറയുന്ന ലാലേട്ടനെന്ന് മറുപക്ഷം; മോഹൻലാലിന്റെ വൃശ്ചിക പുലരിയിലെ ചിത്രം വൈറലാകുമ്പോൾ

സ്വാമി ശരണം... കൈകൂപ്പി മുകളിലേക്ക് തൊഴുത് സൂപ്പർതാരം; ശബരിമലയിൽ തന്റെ മനസ്സ് അയ്യപ്പഭഗവനൊപ്പമെന്ന് മോഹൻലാൽ വ്യക്തമാക്കുമ്പോൾ ചർച്ചകൾ പലവഴിക്ക്; അന്ധത മൂടിയ രാജാവിനോട് തന്നെ മനസ്സിലാക്കാൻ ആവശ്യപ്പെട്ട് യാചിക്കുന്ന കാഴ്ചയറിഞ്ഞ രഘുരാമൻ... മ്മടെ ലാലേട്ടനെന്ന വാദവുമായി പരിവാറുകാർ; വിഷകലയെ അറസ്റ്റ് ചെയിതതിന് അയ്യപ്പ സ്വാമിയോട് നന്ദി പറയുന്ന ലാലേട്ടനെന്ന് മറുപക്ഷം; മോഹൻലാലിന്റെ വൃശ്ചിക പുലരിയിലെ ചിത്രം വൈറലാകുമ്പോൾ

മറുനാടൻ ഡെസ്‌ക്‌


കൊച്ചി: പറയാതെ പലതും പറയുകയാണ് മോഹൻലാൽ. വൃശ്ചിക പുലരിയിലെ സൂപ്പർതാരത്തിന്റെ ചിത്രത്തിന് പല തരത്തിൽ വ്യാഖ്യാനമെത്തുന്നു. എങ്കിലും അയ്യപ്പഭക്തരാണ് കൂടുതൽ ആവേശ ഭരിതർ. സ്വാമി ശരണം... കൈകൂപ്പി മുകളിലേക്ക് തൊഴുത് ഫെയ്സ് ബുക്കിൽ ചിത്രമിടുമ്പോൾ ദൈവ പക്ഷത്താണ് മോഹൻലാലെന്ന് വ്യക്തമാകുന്നതായി വിശ്വാസികൾ പറയുന്നു. ശബരിമലിയലെ ആചാര സംരക്ഷണത്തിനുള്ള മോഹൻലാലിന്റെ ആഹ്വാനമാണ് മുകളിലേക്ക് തൊഴുതു പിടിക്കുന്ന കൈകളെന്നാണ് അവരുടെ വ്യാഖ്യാനം. മോഹൻലാലിനെ അങ്ങനെ വിട്ടു കൊടുക്കാൻ മറു പക്ഷവും തയ്യാറല്ല. പുരോഗമനവാദികൾ അതിനെ പലതരത്തിൽ വ്യാഖ്യാനിക്കുന്നു. ശശികലയെ അറസ്റ്റ് ചെയ്യിപ്പിച്ചതിനുള്ള നന്ദി പറച്ചിലായി ഇതിനെ അവരും വ്യാഖ്യാനിക്കുന്നു. ഇന്ന് ഉച്ചയോടെ മോഹൻലാൽ ഇട്ട ഫെയ്സ് ബുക്കിലെ പോസ്റ്റ് ഏതായാലും വൈറലാവുകയാണ്. ലൈക്കുകളുമായി ഫാൻസുകാരും പോസ്റ്റിന് പുതിയ തലം നൽകുന്നു. കമന്റുകളും നിമിഷം പ്രതി കൂടുകയാണ്.

കുറച്ചു കാലമായി സംഘപരിവാർ പക്ഷത്തോട് ചേർന്നാണ് ലാലിന്റെ യാത്ര. മോഹൻലാലിന്റെ അച്ഛന്റേയും അമ്മയുടേയും പേരുകൾ ചേർന്നുള്ള വിശ്വശാന്തി ട്രസ്റ്റിന്റെ നടത്തിപ്പുകാരും പരിവാറുകാരാണ്. പ്രളയകാലത്തെ ട്രസ്റ്റിന്റെ ഇടപെടലും മറ്റും വലിയ ചർച്ചയാക്കി. അപ്രതീക്ഷിതമായി പ്രധാനമന്ത്രി മോദിയെ കണ്ടും ചർച്ചകൾക്ക് പുതുമാനം നൽകി. തിരുവനന്തപുരത്തെ അടുത്ത ബിജെപി സ്ഥാനാർത്ഥിയാണ് മോഹൻലാലെന്നും അഭ്യൂഹമുണ്ട്. ഒന്നും താരം തള്ളികളഞ്ഞിട്ടില്ല. മൗനം പാലിക്കുകയാണ് ചെയ്യുന്നത്. ഇതിനിടെയാണ് എല്ലാം അയ്യപ്പനിൽ അർപ്പിക്കുന്ന പ്രതീകാത്മക ചിത്രം മോഹൻലാൽ ഇടുന്നത്. ഇതിന് പിന്നിൽ വിശ്വാസത്തോട് ചേർന്നുള്ള താരത്തിന്റെ യാത്രയാണ് കാട്ടുന്നതെന്ന് പരിവാറുകാർ പറയുന്നു. ഏതായാലും സോഷ്യൽ മീഡിയയിലെ വലിയ ചർച്ചാ വിഷയമാണ് ലാലിന്റെ ഫോട്ടോ.

സ്വന്തം ആചാര വിശ്വാസ സംരക്ഷണത്തിന് ഇത്രയധികം മാനസിക സംഘർഷമനുഭവിക്കുന്ന ഒരു ഭൂരിപക്ഷ ജനത ലോകത്ത് മറ്റെവിടെയും ഉണ്ടാവില്ല. കുരുക്ഷേത്ര യുദ്ധത്തിൽ സൈന്യവും കൗരവരോട് ഒപ്പം ആയിരുന്നു , പക്ഷെ വിജയം ശ്രീകൃഷ്ണ ഭഗവാന്റെ പക്ഷമായ പാണ്ഡവർക്ക് ആയിരുന്നു . ഇവിടെ പൊലീസും അധികാരവും പിണറായിയുടെ പക്ഷത്ത് , വിജയം അയ്യപ്പ ഭഗവാന്റെ പക്ഷത്ത് . അന്ധത മൂടിയ രാജാവിനോട് തന്നെ മനസ്സിലാക്കാൻ ആവശ്യപ്പെട്ട് യാചിക്കുന്ന കാഴ്ചയറിഞ്ഞ രഘുരാമൻ... മ്മടെ ലാലേട്ടൻ... ???? ഗുരു സിനിമയിൽ സുരേഷ് ഗോപി അവതരിപ്പിച്ച അധികാരഭ്രാന്തിന്റെ അന്ധത മൂത്ത ആ ഭിന്നശേഷിയുള്ള രാജാവിന്റെ പേര് 'വിജയന്തൻ' എന്നായത് യാദൃശ്ചികമാവും അല്ലേ... ലാലേട്ടാ-ഇങ്ങനെയൊക്കെ കമന്റിട്ടാണ് മോഹൻലാലിന്റെ പോസ്റ്റിനെ പരിവാറുകാർ ആഘോഷമാക്കുന്നത്. 'കാട്ടിലെ വഴിയിലും പാട്ടിൻ ശ്രുതിയിലും കാക്കണേ അയ്യപ്പാ.. നിന്റെ കാലടി തൊഴുതിട്ട് കാരണം പറയുമ്പോ കനിയണേ അയ്യപ്പാ...' വൃശ്ചികപ്പുലരിയുടെ നൈർമ്മല്യതയിൽ ലാലേട്ടനും ഒടിയനും ഓരോ മലയാളിക്കും ഭക്തിവിശുദ്ധിയുടെ മണ്ഡലകാല ആശംസകൾ ... സ്വാമിയേ ശരണമയ്യപ്പ-ഇങ്ങനെ പോകുന്നു വിശ്വാസികളുടെ കമന്റുകൾ.

നിങ്ങളെന്താണ് ഏട്ടാ ഇങ്ങനെ! സാഹചര്യത്തിനൊത്ത് നിൽക്കാനറിയാം.. പിന്നേ ഉലര 14 ,ഓരോ ദിനങ്ങളും ഓരോ യുഗങ്ങളാണ്! മരണംമശശേിഴഎന്നാണ് മറ്റൊരു രസകരമായ കമന്റ്. ലാലേട്ടൻ ഇഷ്ടം .സ്വാമി ശരണം .പക്ഷെ ലാലേട്ടൻ ഒരിക്കലും ഒരു സങ്കിയാകല്ലെ .രാഷ്ട്രീയവും വേണ്ടെന്ന് ഉപദേശിക്കുന്നവരും ഉണ്ട്. പൊതു സമൂഹത്തിൽ നായകൻ റോൾ ഉള്ള അങ്ങ്... അഭിപ്രായം വ്യകതമാകുക .. സിനിമകളിൽ മാത്രമല്ല നാട്ടിലും ജനങ്ങളുടെ നായകൻ ആവുക.... ഞങ്ങൾ പ്രദീഷിക്കുന്നതും അത് ആണ് ഏട്ടൻ ഇഷ്ടം-ഇങ്ങനേയും കുറിക്കുന്നവരുണ്ട്. വിഷകലയെ അറസ്റ്റ് ചെയിതതിന് അയ്യപ്പ സ്വാമിയോട് നന്ദി പറയുന്ന ലാലേട്ടൻ ???? സ്വാമി ശരണം ???? അയ്യപ്പ ശരണം- എന്ന പുരോഗമന വാദികളുടെ പോസ്റ്റും ഉണ്ട്. അങ്ങനെ മോഹൻലാലിന്റെ മനസ്സ് പലവിധത്തിൽ വായിച്ചെടുക്കുകയാണ് സോഷ്യൽ മീഡിയ. അതിന് അവസരമൊരുക്കും വിധമാണ് ലാലും ഇടപെടൽ നടത്തുന്നത്. അയ്യപ്പഭക്തനായ മോഹൻലാൽ നേരത്തെ ശബരിമലയിലെത്തിയ ഫോട്ടോകളും വൈറലായിരുന്നു. താനൊരു വിശ്വാസിയാണെന്ന് വീണ്ടും ആവർത്തിക്കുകയാണ് ലാൽ.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിക്കാൻ മോഹൻലാലിനോട് ആവശ്യപ്പെടാൻ ബിജെപി തീരുമാനിച്ചിരുന്നു. സംസ്ഥാന ആർ എസ് എസിന്റെ നിർദ്ദേശ പ്രകാരമാണ് മോഹൻലാലിനോട് ഇത്തരമൊരു നിർദ്ദേശം മുന്നോട്ട് വയ്ക്കാൻ ബിജെപി സംസ്ഥാന നേതൃത്വം തീരുമാനിച്ചത്. മോഹൻലാലിന് താൽപ്പര്യമുണ്ടെങ്കിൽ ബിജെപി ടിക്കറ്റ് നൽകാമെന്നും അറിയിക്കും. അതിലെന്തെങ്കിലും തടസ്സം പറഞ്ഞാലോ എന്ന് കരുതിയാണ് ലാലിനോട് സ്വതന്ത്രനായി മത്സരിക്കാൻ ബിജെപി നേതൃത്വം ആവശ്യപ്പെടാനൊരുങ്ങുന്നത്. കേരളത്തിൽ പ്രമുഖർ ബിജെപിക്കൊപ്പം അടുക്കുന്നുവെന്ന സന്ദേശം പുറംലോകത്ത് നൽകാൻ മോഹൻലാലിന്റെ സ്ഥാനാർത്ഥിത്വത്തിലൂടെ കഴിയുമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. ഇതിനോട് ലാൽ പരസ്യ പ്രതികരണമൊന്നും നടത്തിയിട്ടില്ല. അതുകൊണ്ട് കൂടിയാണ് ശബരിമല പോസ്റ്റും പുതിയ തലത്തിൽ ചർച്ചയാകുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മോഹൻലാൽ കൂടിക്കാഴ്ച നടത്തിയിരുന്നു. മോഹൻലാലിന്റെ മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളെക്കുറിച്ച് പ്രധാനമന്ത്രിയോട് താൻ സംസാരിച്ചുവെന്ന് മോഹൻലാൽ വ്യക്തമാക്കി. ഫേസ്‌ബുക്കിലാണ് മോദിയുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് മോഹൻലാൽ വിവരിച്ചിരിക്കുന്നത്. ജന്മാഷ്ടമി ദിനത്തിൽ പ്രധാനമന്ത്രിയെ നേരിട്ടു കാണാനുള്ള ഒരു വിശേഷഭാഗ്യം എനിക്ക് സിദ്ധിച്ചു. വിശ്വശാന്തി ഫൗണ്ടേഷനെക്കുറിച്ചും ഞങ്ങളുടെ സാമൂഹ്യ പ്രവർത്തനങ്ങളെക്കുറിച്ചും അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹം എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്. അടിസ്ഥാന ജീവിതസൗകര്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെട്ടവർക്ക് വേണ്ടി വിശ്വശാന്തി ഫൗണ്ടേഷന്റെ കീഴിൽ രൂപവൽക്കരിക്കാൻ ഉദ്ദേശിരിക്കുന്ന ക്യാൻസർ കെയർ സെന്റർ എന്ന ഉദ്യമത്തെയും അദ്ദേഹം അഭിനന്ദിച്ചു- മോഹൻലാൽ കുറിച്ചു.

മോഹൻലാലുമായുള്ള കൂടിക്കാഴ്ച അവിസ്മരണീയമെന്ന് ട്വിറ്ററിൽ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചർച്ചകൾക്ക് പുതുമാനം നൽകുകയാണ്. സാമൂഹ്യപ്രവർത്തന രംഗതത്ത് അദ്ദേഹത്തിന്റെ പുതിയ സംരംഭങ്ങൾ മികച്ചതാണെന്നും ഏവർക്കും പ്രചോദനം നൽകുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിൽ മോഹൻലാലിനെ പിന്തുടരുക കൂടി ചെയ്തതോടെ പ്രധാനമന്ത്രി പിന്തുടരുന്ന ചുരുക്കം ചില താരങ്ങളിൽ ഒരാളായിരിക്കുകയാണ് മോഹൻലാൽ. ഇതെല്ലാം ബിജെപിയിലേക്ക് മോഹൻലാലിനെ അടുപ്പിക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണ്. കേരളത്തിലെ ലോക്‌സഭാ സ്ഥാനാർത്ഥി നിർണ്ണയത്തിൽ ആർഎസ്എസ് തന്നെയാകും അന്തിമ നിലപാടുകൾ എടുക്കുക. ഇതിന്റെ ഭാഗമായാണ് മോഹൻലാലിനെ ഉയർത്തിക്കാട്ടുന്നതും. ലാൽ അല്ലെങ്കിൽ കുമ്മനം രാജശേഖരൻ തിരുവനന്തപുരത്ത് മത്സരിക്കട്ടേ എന്നതാണ് ആർഎസ്എസ് നിലപാട്.

വിശ്വശാന്തി ഫൗണ്ടേഷനെ നയിക്കുന്നതും കാര്യങ്ങൾ ചെയ്യുന്നതും ആർഎസ്എസ് നേതൃത്വത്തിലുള്ളവരാണ്. ആർഎസ്എസ് നിയന്ത്രണത്തിലുള്ള സേവാഭാരതിയെയാണ് വിശ്വശാന്തി ഫൗണ്ടേഷൻ പ്രധാനമായും സഹായിക്കുന്നത്. ആർഎസ്എസ് സംസ്ഥാന നേതൃത്വവുമായി മോഹൻലാൽ ഏറെ അടുപ്പത്തിലുമാണ്. അമൃതാന്ദമയീ മഠവുമായി ബന്ധമുള്ളവരാണ് ലാലിനെ ആർ എസ എസുമായി അടുപ്പിച്ചത്. ഈ അടുപ്പം ബിജെപിക്ക് അനുകൂലമായി മാറുന്ന തരത്തിലെത്തിക്കാനാണ് നീക്കം. പ്രിയദർശനും സുരേഷ് കുമാറും അടക്കമുള്ള മോഹൻലാലിന്റെ അടുത്ത സുഹൃത്തുക്കൾ ബിജെപിയുമായി അടുത്ത ബന്ധം പുലർത്തുന്നവരാണ്. ആർഎസ്എസ് ചാനലായ ജനം ടിവിയുടെ ചെയർമാനാണ് പ്രിയദർശൻ. ഇതെല്ലാം മോഹൻലാലിനെ ബിജെപി പിന്തുണയുള്ള സ്ഥാനാർത്ഥിയാക്കി മാറ്റുമെന്നാണ് ആർഎസ്എസ് പ്രതീക്ഷ. സംഘപരിവാറിനോട് ചേർന്ന് പ്രവർത്തിക്കാൻ ലാൽ സന്നദ്ധനാകുമെന്ന് തന്നെയാണ് അവരുടെ പ്രതീക്ഷ. ഇതിനിടെയാണ് പോസ്റ്റും ചർച്ചയാകുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP