Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആസിഡ് ആക്രമണത്തിന് ഇരയാകുന്നവർക്ക് ഏഴു ലക്ഷം വരെയും ലൈംഗികാതിക്രമങ്ങൾക്ക് ഇരയാകുന്നവർക്ക് പത്തു ലക്ഷം വരെയും നഷ്ടപരിഹാരം; നിർഭയ ഫണ്ടിൽ നിന്ന് ഇരകൾക്ക് നഷ്ടപരിഹാരം ഉടൻ നൽകണമെന്ന് സുപ്രീം കോടതി; കേസിൽ എഫ്ഐആർ സമർപ്പിച്ചാലുടൻ ഇരയ്ക്ക് നഷ്ടപരിഹാരത്തിനായി അപേക്ഷ നൽകാം; വിധിയാകുന്നതിന് മുമ്പ് ഇടക്കാല നഷ്ടപരിഹാരവും; സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ നഷ്ടപരിഹാരം വൈകരുതെന്ന് സുപ്രീം കോടതി

ആസിഡ് ആക്രമണത്തിന് ഇരയാകുന്നവർക്ക് ഏഴു ലക്ഷം വരെയും ലൈംഗികാതിക്രമങ്ങൾക്ക് ഇരയാകുന്നവർക്ക് പത്തു ലക്ഷം വരെയും നഷ്ടപരിഹാരം; നിർഭയ ഫണ്ടിൽ നിന്ന് ഇരകൾക്ക് നഷ്ടപരിഹാരം ഉടൻ നൽകണമെന്ന് സുപ്രീം കോടതി; കേസിൽ എഫ്ഐആർ സമർപ്പിച്ചാലുടൻ ഇരയ്ക്ക് നഷ്ടപരിഹാരത്തിനായി അപേക്ഷ നൽകാം; വിധിയാകുന്നതിന് മുമ്പ് ഇടക്കാല നഷ്ടപരിഹാരവും; സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ നഷ്ടപരിഹാരം വൈകരുതെന്ന് സുപ്രീം കോടതി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ആസിഡ് ആക്രമണങ്ങൾക്ക് ഇരയാകുന്നവർക്ക് ഏഴു ലക്ഷം രൂപ വരെയും ലൈംഗികാതിക്രമങ്ങൾക്ക് ഇരയാകുന്നവർക്ക് പത്തുലക്ഷം രൂപ വരെയുള്ള നഷ്ടപരിഹാരം നൽകണമെന്നുള്ള സുപ്രീം കോടതി നിർദ്ദേശം ഉടൻ നടപ്പിലാക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം. ലൈംഗികാതിക്രമങ്ങൾക്കും ആസിഡ് ആക്രമണത്തിനും ഇരയാകുന്നവർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി നിർഭയ ഫണ്ടിൽ 2000 കോടി രൂപയോളമുണ്ട്. ഇതിൽ നിന്നു പണമെടുത്ത് വിതരണം ചെയ്യുന്നതിന് കാലതാമസം വരുത്തേണ്ടതില്ലെന്നും പദ്ധതി അർഥവത്തായി നടപ്പാക്കണമെന്നുമാണ് സർക്കാരുകൾക്ക് സുപ്രീം കോടതി നൽകിയിരിക്കുന്ന നിർദ്ദേശം.

സ്ത്രീ സുരക്ഷയ്ക്കും ശാക്തീകരണത്തിനും വേണ്ടിയുള്ള കേന്ദ്ര സർക്കാർ ഫണ്ടാണ് നിർഭയ. ലൈംഗികാതിക്രമങ്ങൾക്കും ആസിഡ് ആക്രമണങ്ങൾക്കും വിധേയരാകുന്നവർക്ക് നഷ്ടപരിഹാരത്തുക നിശ്ചയിച്ചത് നാഷണൽ ലീഗൽ സർവീസസ് അഥോറിറ്റി (നൽസ്) ആണ്. ഡൽഹിയിൽ യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായ സംഭവത്തെ തുടർന്ന് 2013-ലാണ് കേന്ദ്ര സർക്കാർ നിർഭയ ഫണ്ട് സ്‌കീം കൊണ്ടുവരുന്നത്.

ബലാത്സംഗത്തിനോ പ്രകൃതിവിരുദ്ധ പീഡനത്തിനോ ഇരയാകുന്നവർക്ക് കുറഞ്ഞത് നാലു ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണം. ബലാത്സംഗത്തെ തുടർന്ന് മരിക്കാനിടയാകുകയോ കൂട്ടബലാത്സംഗത്തിന് ഇരയാകുകയോ ചെയ്താൽ പത്തു ലക്ഷം വരെ നഷ്ടപരിഹാരമായി അനുവദിക്കാം. ആസിഡ് ആക്രമണത്തിന് ഇരയാകുന്നവർക്ക് കുറഞ്ഞത് ഏഴു ലക്ഷം വരെ നഷ്ടപരിഹാരത്തുക നൽകണം. ആക്രമണത്തെ തുടർന്ന് രൂപത്തിന് പൂർണതോതിൽ മാറ്റം സംഭവിക്കുകയാണെങ്കിൽ അത് ഏഴു ലക്ഷമായും 50 ശതമാനം പൊള്ളൽ ആണുള്ളതെങ്കിൽ അഞ്ചു ലക്ഷവും നഷ്ടപരിഹാരമായി നൽകണമെന്നാണ് നൽസ നിർദ്ദേശിച്ചിട്ടുള്ളത്.

കേസിൽ എഫ്ഐആർ തയാറാക്കിയാൽ ഉടൻ തന്നെ നഷ്ടപരിഹാരത്തിനായി ജില്ലാ ലീഗൽ സർവീസ് അഥോറിറ്റിയെയോ സംസ്ഥാന ലീഗൽ സർവീസസ് അഥോറിറ്റിയെയോ സമീപിക്കാം. നഷ്ടപരിഹാരത്തിനായി അപേക്ഷ ലഭിക്കുന്ന പക്ഷം തന്നെ അയ്യായിരം രൂപയോ കേസിൽ വാറന്റ് പുറപ്പെടുവിച്ചു കഴിഞ്ഞാൽ പതിനായിരം രൂപയോ ഉടൻ തന്നെ ഇരയ്ക്ക് നൽകിയിരിക്കണം. കൂടാതെ പതിനഞ്ചു ദിവസത്തിനുള്ളിൽ ഒരു ലക്ഷം രൂപ ഇടക്കാല നഷ്ടപരിഹാരമായി നൽകണം. കാലതാമസമില്ലാതെ ബാക്കി തുകയും കൈമാറണം. ആസിഡ് ആ്ക്രമണത്തിന് വിധേയയായ സ്ത്രി ലീഗൽ സർവീസസ് അഥോറിറ്റിയെ സമീപിച്ച് നഷ്ടപരിഹാരത്തിനായി ആവശ്യപ്പെടാം. അതു പരിശോധിച്ച ശേഷം അഥോറിറ്റി സർക്കാരിന് റിപ്പോർട്ട് കൈമാറും. സർക്കാരാണ് തുക നൽകേണ്ടത്.

കൂടാതെ ഒരു സ്ത്രീ തന്നെ ഒന്നിൽ കൂടുതൽ കുറ്റകൃത്യത്തിന് ഇരയായിട്ടുണ്ടെങ്കിൽ ഒന്നിച്ചുള്ള നഷ്ടപരിഹാരത്തിന് ഇവർ അർഹയായിരിക്കും. കൂട്ട ബലാത്സംഗത്തിന് ഇരയായ സ്ത്രീ മരിച്ചാൽ കുടുംബാംഗങ്ങൾക്ക് പത്ത് ലക്ഷം രൂപ വരെ നഷ്ടപരിഹാരമായി നൽകുകയും ചെയ്യണമെന്ന നൽസ നിർദ്ദേശിച്ചിട്ടുണ്ട്.

ആസിഡ് ആക്രമണത്തിനും ലൈംഗികാതിക്രമങ്ങൾക്കും ഇരയാകുന്നവർക്ക് വിവിധ സംസ്ഥാനങ്ങളിൽ പല രീതിയിലാണ് നഷ്ടപരിഹാരം നൽകിയിരുന്നത്. ഒഡീഷയിൽ ഇതു പതിനായിരം രൂപ മാത്രമായിരുന്നെങ്കിൽ ഗോവയിൽ പത്തു ലക്ഷമാണ് ബലാത്സംഗത്തിന് ഇരയാകുന്ന സ്ത്രീക്ക് നൽകിയിരുന്നത്. സുപ്രിം കോടതി നിർദ്ദേശത്തോടെ രാജ്യത്ത് പൊതുവിൽ നഷ്ടപരിഹാരത്തുക ഒരേ രീതിയിലാകും.

ഇനി അഥവാ ഇത്തരം കേസുകളിൽ ലഭിച്ചിട്ടുള്ള പരാതി വ്യാജമാണെന്ന് കോടതിയിൽ തെളിഞ്ഞാൽ വിതരണം ചെയ്ത നഷ്ടപരിഹാത്തുക വീണ്ടെടുക്കാൻ ലീഗൽ സർവീസസ് അഥോറിറ്റി തന്നെ മുന്നിട്ടറങ്ങും. സ്ത്രീ ശാക്തീകരണത്തിനായും കുറ്റകൃത്യങ്ങൾക്ക് ഇരയാകുന്നവർക്ക് നഷ്ടപരിഹാരം നൽകുന്നതിനുമായി നടപ്പാക്കിയിട്ടുള്ള ഈ പദ്ധതിക്ക് വേണ്ടത്ര പബ്ലിസിറ്റി എല്ലാ മാധ്യമങ്ങളിലൂടെയും നൽകാൻ സുപ്രീം കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഓരോ സംസ്ഥാനത്തും സ്റ്റേറ്റ് ലീഗൽ സർവീസ് അഥോറിറ്റിയായിരിക്കണം നഷ്ടപരിഹാരം സംബന്ധിച്ച റിപ്പോർട്ട് തയാറാക്കി സർക്കാരിനു നൽകേണ്ടതും ഇരയ്ക്ക് തുക കൈമാറാനുള്ള മുൻകൈ എടുക്കേണ്ടതും. നഷ്ടപരിഹാരത്തിനായി ഓൺലൈനായും അപേക്ഷിക്കാവുന്ന രീതിയിൽ സംവിധാനം കൊണ്ടുവരാനും നൽസ ആലോചിക്കുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP