Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അഴിമതി ആരോപണത്തിൽ കഴമ്പില്ല; അലോക് വർമ്മയ്ക്ക് ക്ലീൻ ചിറ്റ് നൽകിയ വിജിലൻസ് കമ്മീഷൻ റിപ്പോർട്ട് നാളെ സുപ്രീംകോടതിയിൽ സമർപ്പിക്കും: രണ്ടു കോടിയുടെ കൈക്കൂലി കേസിൽ നിരപരാധിയെന്ന് തെളിഞ്ഞതോടെ അലോക് വർമ സിബിഐ ഡയറക്ടർ സ്ഥാനത്തേക്ക് വീണ്ടും എത്തിയേക്കും

അഴിമതി ആരോപണത്തിൽ കഴമ്പില്ല; അലോക് വർമ്മയ്ക്ക് ക്ലീൻ ചിറ്റ് നൽകിയ വിജിലൻസ് കമ്മീഷൻ റിപ്പോർട്ട് നാളെ സുപ്രീംകോടതിയിൽ സമർപ്പിക്കും: രണ്ടു കോടിയുടെ കൈക്കൂലി കേസിൽ നിരപരാധിയെന്ന് തെളിഞ്ഞതോടെ അലോക് വർമ സിബിഐ ഡയറക്ടർ സ്ഥാനത്തേക്ക് വീണ്ടും എത്തിയേക്കും

ഡൽഹി: അലോക് വർമയ്‌ക്കെതിരായ അഴിമതി ആരോപണത്തിൽ കഴമ്പില്ലെന്ന് കേന്ദ്ര വിജിലൻസ് കമ്മീഷൻ. വർമ്മയ്ക്ക് ക്ലീൻ ചിറ്റ് നൽകിക്കൊണ്ടുള്ള കമ്മീഷന്റെ റിപ്പോർട്ട് നാളെ സുപ്രീംകോടതിയിൽ സമർപ്പിക്കും. ഇതോടെ സിബിഐ ഡയറക്ടർ സ്ഥാനത്ത് അലോക് വർമ്മ വീണ്ടുമെത്താൻ സാധ്യത തെളിയുന്നു. സുപ്രീം കോടതി മേൽനോട്ടത്തിൽ അലോക് വർമ്മയ്‌ക്കെതിരെ കേന്ദ്ര വിജിലൻസ് കമ്മീഷൻ നടത്തിയ അന്വേഷണത്തിൽ കാര്യമായ തെളിവൊന്നും കിട്ടിയില്ലെന്നാണ് റിപ്പോർട്ട്. അന്വേഷണത്തിൽ കുറ്റക്കാരൻ അല്ലെന്ന് കണ്ടെത്തിയതിനാൽ നിർബന്ധിത അവധി റദ്ദാക്കി സിബിഐ ഡയറക്ടറായി ചുമതല ഏൽക്കാൻ വർമ്മയ്ക്ക് കോടതി അനുമതി നൽകിയേക്കും.

ഹൈദരാബാദിലെ വ്യവസായി സതീഷ് ബാബു സെന സിബിഐ ഡയറക്ടർ അലോക് വർമ്മയ്ക്ക് രണ്ട് കോടി രൂപ കൈക്കൂലി നൽകി എന്ന ആരോപണത്തെ കുറിച്ചാണ് കേന്ദ്ര വിജിലൻസ് കമ്മീഷൻ അന്വേഷണം നടത്തിയത്. സിബിഐ സ്പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താന കാബിനറ്റ് സെക്രട്ടറിക്ക് ഓഗസ്റ്റ് 24ന് നൽകിയ പരാതിയും, രേഖകളും ആണ് കേന്ദ്ര വിജിലൻസ് കമ്മീഷൻ പരിശോധിച്ചത്. സുപ്രിം കോടതി മുൻ ജഡ്ജി എകെ പട്നയിക്കിന്റെ മേൽനോട്ടത്തിൽ ആണ് കേന്ദ്ര വിജിലൻസ് കമ്മീഷൻ അന്വേഷണം നടത്തിയത്. വെള്ളിയാഴ്ച പ്രാഥമിക അന്വേഷണ റിപ്പോർട്ട് തയ്യാറായി. ഈ റിപ്പോർട്ട് സുപ്രിം കോടതിക്ക് നാളെ കൈമാറും.

സതീഷ് സനയുടെയും, അലോക് വർമ്മയുടെയും മൊഴി വിജിലൻസ് കമ്മീഷൻ രേഖപ്പെടുത്തി. സിബിഐ ആസ്ഥാനത്ത് നിന്ന് പിടിച്ചെടുത്ത രേഖകൾ പരിശോധിച്ചു. ഗുരുതര പിഴവുണ്ടെങ്കിലേ സിബിഐ ഡയറക്ടറെ സ്ഥാനത്തു നിന്ന് നീക്കാൻ ആവൂ. ഇത് തെളിയാത്ത സാഹചര്യത്തിൽ നാളെ കേന്ദ്രവും സിവിസിയും കോടതിയിൽ എന്തു നിലപാട് സ്വീകരിക്കും എന്നതിനായി കാത്തിരിക്കണം. സിബിഐ ഡയറക്ടർ സ്ഥാനത്ത് നിന്ന് നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചതിന് എതിരെ അലോക് വർമ്മ നൽകിയ ഹർജി നാളെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയുടെ അധ്യക്ഷതയിൽ ഉള്ള ബെഞ്ച് പരിഗണിക്കും. ജനുവരിയിൽ ആണ് അലോക് വർമ്മ സിബിഐ ഡയറക്ടർ പദവിയിൽ നിന്ന് വിരമിക്കുന്നത്.

അർദ്ധരാത്രി സിബിഐയിൽ നടത്തിയ അട്ടിമറിക്ക് കേന്ദ്രം പറഞ്ഞ പ്രധാന കാരണം അലോക് വർമ്മക്കെതിരായ ആരോപണമാണ്. രണ്ടാഴ്ചത്തെ സമയം അന്വേഷണത്തിന് സുപ്രീംകോടതി നൽകി. മുൻ സുപ്രീം കോടതി ജഡ്ജി എ.കെ പട്‌നായിക്കിന്റെ നിരീക്ഷണത്തിൽ നടന്ന അന്വേഷണത്തിൽ വ്യക്തമായ തെളിവുകൾ കിട്ടിയില്ല. മൊയിൻ ഖുറേഷി കേസിൽ ഉൾപ്പെട്ട സതീഷ് സനയിൽ നിന്ന് അലോക് വർമ്മയും കൈക്കൂലി വാങ്ങിയെന്നാണ് മുൻ സ്‌പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താന നല്കിയ പരാതി.

ഡയറക്ടറെ മടക്കി കൊണ്ടുവരാൻ കോടതി ഉത്തരവിട്ടാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അത് വ്യക്തിപരമായി തിരിച്ചടിയാകും. കോടതിയുടെ ഏത് പ്രതികൂല പരാമർശവും പ്രതിപക്ഷത്തിന് നേട്ടമാകും. നാളെ നാൽപ്പത്തിയേഴാമത്തെ കേസായിട്ടാവും ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ബഞ്ച് അലോക് വർമ്മയുടെയും പ്രശാന്ത് ഭൂഷന്റെയും ഹർജികൾ പരിഗണിക്കുക. അലോക് വർമ്മ മടങ്ങിയെത്തിയാൽ അസ്താന കേസ് അന്വേഷിക്കുന്ന എ.കെ ബസിയുടെ ഉൾപ്പടെ സ്ഥലം മാറ്റം തൊട്ടു പിന്നാലെ റദ്ദാക്കും എന്നുറപ്പാണ്. ബുധനാഴ്ചയാണ് റഫാൽ ഇടപാടിൽ സിബിഐ അന്വേഷണ ആവശ്യപ്പെട്ടുള്ള ഹർജി കോടതി പരിഗണിക്കുന്നത്. നാളത്തെ കോടതി തീരുമാനം റഫാൽ ഇടപാടിൽ അന്വേഷണത്തിനും വഴിവെച്ചേക്കാം.

ഇതിനിടെ കോഴ ആരോപണം നേരിടുന്ന സിബിഐ സ്പെഷ്യൽ ഡയറക്ടർ രാകേഷ് അസ്തനായും കേന്ദ്ര വിജിലൻസ് കമ്മീഷന് മുമ്പാകെ തന്റെ നിലപാട് വ്യക്തമാക്കി. കോഴ കൈപറ്റി എന്ന് പറയുന്ന ദിവസങ്ങളിൽ ലണ്ടനിൽ ആയിരുന്നു. വിജയ് മല്യ യെ ഇന്ത്യയിലേക്ക് മടക്കി കൊണ്ട് വരുന്നതിന് ആയിരുന്നു ലണ്ടൻ സന്ദർശനം എന്നും അസ്താന വിജിലൻസ് കമ്മീഷനെ അറിയിച്ചു. ഇത് സംബന്ധിച്ച യാത്ര രേഖകൾ അസ്താന കേന്ദ്ര വിജിലൻസ് കമ്മീഷന് കൈമാറി. ഹൈദരാബാദി വ്യവസായി സതീഷ് ബാബു സെന നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അസ്തനായക്ക് എതിരെ സി ബി ഐ ഡയറക്ടർ അലോക് വർമ ആണ് കേസ് രജിസ്റ്റർ ചെയ്തത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP