Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ശ്രീറാം വെങ്കട്ടരാമനും വി ആർ പ്രേംകുമാറും ഉഴുതുമറിച്ച മൂന്നാറിനെ ഇനി അടക്കിവാഴുക ഡോ. രേണു രാജ് ഐഎഎസ്; ജോയ്‌സ് ജോർജിനെ വിറപ്പിച്ച പ്രേംകുമാറിന്റെ വഴിയിൽ നീങ്ങാൻ ദേവികുളത്തെ പുതിയ സബ് കലക്ടർക്ക് സാധിക്കുമോ? തൃശൂരിൽ ക്വാറി മാഫിയയോട് പൊരുതി കൈയടി നേടിയ മിടുക്കി ഉദ്യോഗസ്ഥ എത്തുന്നത് എട്ടു വർഷത്തിനിടെ 14 സബ് കളക്ടർമാർ ഇരുന്ന കസേരയിലേക്ക്

ശ്രീറാം വെങ്കട്ടരാമനും വി ആർ പ്രേംകുമാറും ഉഴുതുമറിച്ച മൂന്നാറിനെ ഇനി അടക്കിവാഴുക ഡോ. രേണു രാജ് ഐഎഎസ്; ജോയ്‌സ് ജോർജിനെ വിറപ്പിച്ച പ്രേംകുമാറിന്റെ വഴിയിൽ നീങ്ങാൻ ദേവികുളത്തെ പുതിയ സബ് കലക്ടർക്ക് സാധിക്കുമോ? തൃശൂരിൽ ക്വാറി മാഫിയയോട് പൊരുതി കൈയടി നേടിയ മിടുക്കി ഉദ്യോഗസ്ഥ എത്തുന്നത് എട്ടു വർഷത്തിനിടെ 14 സബ് കളക്ടർമാർ ഇരുന്ന കസേരയിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

മൂന്നാർ: സബ് കളക്ടർമാരെ വാഴിക്കാത്ത ദേവികുളത്തേക്ക് പുതിയ ചുമതലയേറ്റ് ഡോ. രേണു രാജ്. ജോയ്‌സ് ജോർജ് എംപിക്കെതിരേയുള്ള നടപടികളെ തുടർന്ന് കസേര തെറിച്ച വി ആർ പ്രേംകാറിന്റെ പിൻഗാമിയായിട്ടാണ് തൃശൂർ സബ് കളക്ടറായി ജോലി നോക്കുന്ന ഡോ.രേണു രാജ് എത്തുന്നത്. അടിക്കടി സബ് കളക്ടറെ മാറ്റുന്ന ചരിത്രമുള്ള ദേവികുളത്തേക്ക് പുതിയ ദൗത്യവുമായി ഡോ. രേണുവെത്തുമ്പോൾ കാത്തിരിക്കുന്നത് ഏറെ വെല്ലുവിളികൾ.

എട്ടു വർഷം...14 സബ് കളക്ടർമാർ...ചിലർക്ക് അഞ്ചുദിവസം മാത്രം സബ്കളക്ടറായി പദവിയിലിരിക്കാൻ യോഗം..ജില്ലാ ഭരണാധികാരികളെ വാഴാൻ അനുവദിക്കാത്ത ഇടമായി ദേവികുളം വാർത്തകളിൽ ഇടംനേടുന്നു. 2010 മുതൽ ഇന്നു വരെയുള്ള കണക്കു പരിശോധിക്കുകയാണെങ്കിൽ അഞ്ചു ദിവസം മുതൽ ഏതാനും മാസങ്ങളും വർഷങ്ങളും മാത്രം ജോലി ചെയ്യാൻ അനുവദിക്കുകയുള്ളൂ ഇവിടുത്തെ രാഷ്ട്രീയനേതൃത്വം. അനീതിക്കെതിരേ ശബ്ദമുയർത്തുന്നവരെ സ്ഥലം മാറ്റി നിശബ്ദരാക്കുന്ന രാഷ്ട്രീയതന്ത്രമാണ് ഇവിടേയും പ്രയോഗിക്കുന്നത്. ഭൂമികൈയേറ്റവും അനധികൃത കെട്ടിട നിർമ്മാണവും വ്യാപകമായ മൂന്നാറിൽ കുറ്റക്കാർക്കെതിരേ നടപടിയെടുത്താൽ അധികം താമസമില്ലാതെ കസേര തെറിക്കുന്ന അവസ്ഥയാണ് ഇവിടെയെത്തുന്ന ഉദ്യോഗസ്ഥർക്ക്.

രാഷ്ട്രീയക്കാരോട് കൊമ്പു കോർക്കേണ്ടി വന്നതിന്റെ പേരിൽ വെറും മൂന്നു മാസം ജോലി ചെയ്യാനേ 2010 ജൂൺ 23നു ചുമതലയേറ്റ എ ഷിബുവിനായുള്ളൂ. തുടർന്ന് എം ജി രാജമാണിക്യത്തിന് ചാർജ് ഏറ്റെടുക്കേണ്ടി വന്നു. രാജമാണിക്യം ഒന്നര വർഷം സബ് കളക്ടറായി ജോലി നോക്കി. എന്നാൽ 2012- ഏപ്രിൽ 25ന് രാജമാണിക്യം സ്ഥാനം ഒഴിഞ്ഞപ്പോൾ താത്ക്കാലിക ചുമതലയുമായി കൊച്ചുറാണി സേവ്യർ എത്തി. തുടർന്ന് എസ്. വെങ്കിടേശപതി, കെ.എൻ. രവീന്ദ്രൻ, മധു ഗംഗാധർ, ഇ.സി. സ്‌കറിയ, ഡി. രാജൻ സഹായ്, ജി.ആർ. ഗോകുൽ, എസ്. രാജീവ്, സാബിൻ സമീദ്, എൻ.ടി.എൽ. റെഡ്ഡി, ശ്രീറാം വെങ്കട്ടരാമൻ, വി.ആർ. പ്രേംകുമാർ എന്നിവരാണു സബ് കളക്ടർമാരായി ചുമതലയേറ്റത്.

വെറും അഞ്ചു ദിവസം മാത്രം ദേവികുളം സബ് കളക്ടർ പദവിയിരുന്നത് ഇ സി സ്‌കറിയ ആണ്. ഒരു വർഷവും രണ്ടു മാസവും സബ് കളക്ടറായി ജി ആർ ഗോകുൽ സേവനമനുഷ്ഠിച്ചു. ഗോകുൾ പിന്നീട് ഇടുക്കി ജില്ലാ കളക്ടറായി ചാർജെടുത്തു. എസ്. രാജീവ് രണ്ടു മാസവും, കെ.എൻ. രവീന്ദ്രൻ, എൻ.ടി.എൽ. റെഡ്ഡി എന്നിവർ ഒരു മാസം വീതവും സബ് കലക്ടറായിരുന്നു.

എന്നാൽ പിന്നീട് വന്ന ശ്രീറാം വെങ്കിട്ടരാമൻ രാഷ്ട്രീയക്കാരുടെ കണ്ണിലെ കരടാകാൻ അധികം താമസമെടുത്തില്ല. ചങ്കൂറ്റത്തോടെ മൂന്നാറിലെ കൈയറ്റങ്ങൾക്കും ഭൂരേഖ തട്ടിപ്പിനെതിരേയും ശക്തമായി നടപടിയെടുത്തു. കക്ഷി രാഷ്ട്രീയ ഭേദമന്യേ നേതാക്കൾ ശ്രീറാമിനെതിരേ രൂക്ഷവിമർശനവുമായി രംഗത്തെത്തി. മന്ത്രി എം എം മണി, ജോയ്‌സ് ജോർജ് എംപി, സിപിഎം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ, ദേവികുളം എംഎൽഎ എസ് രാജേന്ദ്രൻ തുടങ്ങിയവർക്കെതിരേ നടപടികൾ സ്വീകരിച്ചതോടെ ശ്രീറാം ഇവർക്കെല്ലാം അനഭിമതനാകുകയായിരുന്നു.

എംപ്ലോയ്‌മെന്റ് ഡയറക്ടറായി ശ്രീറാം സ്ഥലം മാറിപ്പോയപ്പോൾ 2017 ജൂലൈയിൽ പ്രേം കുമാർ സബ് കളക്ടറായി ചുമതലയേറ്റു. ശ്രീറാം തുടങ്ങി വച്ച നടപടികൾ ഏറ്റെടുത്തു മുന്നോട്ടു പോയ പ്രേം കുമാറിനും ഇവിടെ അധികകാലം പിടിച്ചു നിൽക്കാനായില്ല. കൊട്ടാക്കമ്പൂരിലെ ഭൂമി വിവാദത്തിൽ ജോയ്‌സ് ജോർജ് എംപിക്ക് ശ്രീറാം നോട്ടീസ് അയച്ചുവെങ്കിലും ഹിയറിംഗിന് ഹാജരാകാതിരുന്നതിനെ തുടർന്ന് ജോയ്‌സിനെതിരേ നടപടിക്ക് പ്രേം കുമാർ മുതിരുകയായിരുന്നു. എംപിയുടെയും കുടുംബത്തിന്റെയും പേരിലുള്ള ഭൂമിയുടെ പട്ടയം സബ്കളക്ടർ റദ്ദു ചെയ്തു. പട്ടം പിൻവലിച്ച നടപടി പിൻവലിക്കാൻ പ്രേം കുമാറിനു മേൽ സമ്മർദം ഉണ്ടായെങ്കിലും അദ്ദേഹം ഇതിനു വഴങ്ങിയില്ല.

രാഷ്ട്രീയ സമ്മർദങ്ങൾക്കു വഴങ്ങാതിരുന്ന പ്രേം കുമാറിന് ഒരു വർഷം മൂന്നു മാസത്തിനുശേഷം ദേവികുളം സബ് കളക്ടർ പദവിയിൽ നിന്നു മാറ്റിയിരിക്കുന്നു. പകരം തൃശൂർ സബ് കളക്ടറായി ജോലി നോക്കുന്ന ഡോ രേണുരാജിനെയാണ് നിയമിച്ചിരിക്കുന്നത്. കോട്ടയം സ്വദേശിനിയായ രേണു 2015 ഐഎഎസ് ബാച്ച് ഉദ്യോഗസ്ഥയാണ്. എംബിബിഎസ് ബിരുദധാരിയായ രേണു ആദ്യചാൻസിൽ തന്നെ രണ്ടാം റാങ്കോടെ സിവിൽ സർവീസ് പരീക്ഷ പാസായി.

തൃശൂരിൽ ക്വാറി മാഫിയയോട് പൊരുതി കൈയടിനേടിയ ശേഷമാണ് ഡോ. രേണു ദേവികുളത്തേക്ക് വരുന്നത്. അതേസമയം ഇടുക്കി ജില്ലയിലെ ആദ്യ വനിതാ സബ് കളക്ടർ എന്ന പദവിയും രേണുവിനു തന്നെ. ക്വാറി മാഫിയയ്‌ക്കെതിരേ ശക്തമായ നിലപാടുകളിലൂടെയും പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപനത്തിലും മികവു തെളിയിച്ച ശേഷമാണ് ഡോ.രേണു മൂന്നാറിലേക്ക് എത്തുന്നത്. ചങ്ങനാശേരി ഇത്തിത്താനം മലകുന്നം ചിറവുമുട്ടം ക്ഷേത്രത്തിന് സമീപം ശ്രീശൈലത്തിൽ എം കെ രാജശേഖരൻ നായരുടെയും വി എൻ ലതയുടെയും മൂത്തമകളായ രേണു. ബസ് കണ്ടക്ടറായിരുന്ന അച്ഛന് മകളെ ഐഎഎസുകാരിയാക്കാനായിരുന്നു ആഗ്രഹം.

വിവാഹശേഷം ഭർത്താവ് നൽകിയ പിന്തുണയും കൂടി ചേർന്നപ്പോൾ രേണു സ്വപ്നം കൈപ്പിടിയിലൊതുക്കുകയായിരുന്നു. പ്രൈമറി തലം മുതൽ പഠനത്തിൽ മിടുക്കിയായിരുന്ന രേണു രാജ് ചങ്ങനാശേരി സെന്റ് തെരേസാസ് സ്‌കൂളിൽ നിന്നും 10-ാം ക്ലാസ്സിൽ നിന്ന് 11-ാം റാങ്കോടെ വിജയിച്ചു. തൃശൂരിൽ ഹയർസെക്കണ്ടറി പഠനത്തിന് ശേഷം തൃശൂരിൽ പി സി തോമസിന്റെ എൻട്രൻസ് ട്രെയിനിങ് സെന്ററിൽ ചേർന്നു. സംസ്ഥാനത്തെ 60-ാം റാങ്കോടെ കോട്ടയം മെഡിക്കൽ കോളേജിൽ എംബിബിഎസിന് പ്രവേശനം നേടിയ രേണു 2014 ൽ മികച്ച വിജയത്തോടെ പഠനം പൂർത്തിയാക്കി.

മെഡിക്കൽ കോളേജിൽ സഹപാഠിയായിരുന്ന ഡോ. എൽ എസ് ഭഗതിനെ വിവാഹം കഴിച്ചു. വിവാഹശേഷമാണ് രേണു ഐഎഎസ് പഠനത്തിന് തിരുവനന്തപുരത്ത് സിവിൽ സർവ്വീസ് അക്കാദമിയിൽ ചേർന്നത്. പഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിലും ഉന്നതനിലവാരം പുലർത്തിയ രേണു ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം എന്നിവയും അഭ്യസിച്ചിട്ടുണ്ട്. സ്‌കൂൾ പഠന കാലത്ത് ഭരതനാട്യത്തിലും മോഹിനിയാട്ടത്തിലും ജില്ലാ തലത്തിൽ സമ്മാനങ്ങൾ നേടിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP