Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇന്ത്യക്കാരുടെ കരണത്തടിച്ച മോദിയുടെ തുഗ്ലക്ക് പരിഷ്‌ക്കാരത്തിന് രണ്ടു വയസ്സ്; അർദ്ധരാത്രിയിൽ മോദി പ്രഖ്യാപിച്ച നോട്ട് നിരോധനത്തിൽ ഒരു ലക്ഷ്യം പോലും നേടാനായില്ല; കിട്ടിയ അവസരത്തിൽ കള്ളപ്പണം വെളുപ്പിച്ച് വൻകിടക്കാർ; 10,720 കോടി രൂപ മാത്രം തിരിച്ച് വരാതിരുന്നപ്പോൾ പുതിയ നോട്ടടിക്കാൻ ചെലവാക്കിയത് 8,000 കോടി; ഇന്ത്യക്കാരെ മുഴുവൻ പൊരിവെയിലത്ത് നിർത്തിയ മോദിയുടെ 'സർജിക്കൽ സ്‌ട്രൈക്കിന്റെ' ആഫ്റ്റർ ഇഫക്ട് വൻ സാമ്പത്തിക, തൊഴിൽ നഷ്ടം മാത്രം

ഇന്ത്യക്കാരുടെ കരണത്തടിച്ച മോദിയുടെ തുഗ്ലക്ക് പരിഷ്‌ക്കാരത്തിന് രണ്ടു വയസ്സ്;  അർദ്ധരാത്രിയിൽ മോദി പ്രഖ്യാപിച്ച നോട്ട് നിരോധനത്തിൽ ഒരു ലക്ഷ്യം പോലും നേടാനായില്ല;  കിട്ടിയ അവസരത്തിൽ കള്ളപ്പണം വെളുപ്പിച്ച് വൻകിടക്കാർ; 10,720 കോടി രൂപ മാത്രം തിരിച്ച് വരാതിരുന്നപ്പോൾ പുതിയ നോട്ടടിക്കാൻ ചെലവാക്കിയത് 8,000 കോടി; ഇന്ത്യക്കാരെ മുഴുവൻ പൊരിവെയിലത്ത് നിർത്തിയ മോദിയുടെ 'സർജിക്കൽ സ്‌ട്രൈക്കിന്റെ' ആഫ്റ്റർ ഇഫക്ട് വൻ സാമ്പത്തിക, തൊഴിൽ നഷ്ടം മാത്രം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഇന്ത്യക്കാരെ മുഴുവൻ പൊരിവെയിലത്ത് നിർത്തിയ മോദിജിയുടെ 'സർജിക്കൽ സ്‌ട്രൈ'ക്കിന് ഇന്ന് രണ്ട് വയസ്. 2016 നവംബർ എട്ടിന് രാത്രിയിലാണ് ഇടിവെട്ടിയത് പോലെ ടി.വിയിലും മറ്റും ആ ഫ്‌ളാഷ് ന്യൂസ് മിന്നി മറഞ്ഞത്. നാളെ മുതൽ 500 ന്റെയും 1000ത്തിന്റെയും നോട്ടുകൾ വിപണിയിൽ ഉണ്ടായിരിക്കുന്നതല്ല. പഴയ നോട്ടുകൾ എല്ലാം ബാങ്കിൽ കൊടുത്ത് മാറണം. പിറ്റേ ദിവസം മുതൽ കയ്യിലുള്ള നോട്ടുമായി സാധാരണക്കാരൻ ബാങ്കിനു മുന്നിൽ കിടന്ന് അടികൊണ്ടു. സർക്കാർ നിർദ്ദേശ പ്രകാരം ബാങ്കിന് മുമ്പിൽ ക്യൂ നിന്ന പാവപ്പെട്ടവന്റെ നട്ടെല്ലൊടിക്കുന്ന നീതിയായിരുന്നു ബാങ്കുകാരും സർക്കാരും ഒരുമിച്ച് കൈക്കൊണ്ടത്. ഇതിനിടെ കിട്ടിയ അവസരത്തിൽ വൻകിടക്കാരെല്ലാം കള്ളപ്പണം വെളുപ്പിച്ച് മിടുക്കന്മാരാവുകയും ചെയ്തു.

കള്ളപ്പണത്തിനും കള്ളപ്പണക്കാർക്കും തീവ്രവാദത്തിനുമെതിരെ സന്ധിയില്ലാ സമരം എന്ന നിലയിലായിരുന്നു മോദിയുടെ അർദ്ധരാത്രിയിലെ 'ഓപ്പറേഷൻ ഇന്ത്യൻ മണി'. എന്നാൽ നോട്ട് നിരോധനത്തിന് രണ്ടു വർഷം പിന്നിടുമ്പോഴും മോദിയുടെ തുഗ്ലക്ക് പരിഷ്‌ക്കാരത്തിന് പ്രഖ്യാപിത ലക്ഷ്യങ്ങളിൽ ഒന്നു പോലും നേടാനായില്ല എന്നത് തന്നെയാണ് സത്യം. മിച്ചമായത് വൻ സാമ്പത്തിക ബാധ്യതയും തൊഴിൽ നഷ്ടവും മാത്രം. നോട്ടുനിരോധനത്തിന്റെ ഭാഗമായി കള്ളപ്പണമായി സൂക്ഷിച്ചിരിക്കുന്ന കോടിക്കണക്കിന് രൂപയുടെ അസാധു നോട്ടുകൾ ആർ.ബി.ഐയിലേക്ക് തിരിച്ചെത്തില്ലെന്നും ഇത് രാജ്യത്തിന്റെ സാമ്പത്തിക രംഗത്ത് വിപ്ലവം സൃഷ്ടിക്കുമെന്നുമായിരുന്നു കേന്ദ്രസർക്കാരിന്റെ അവകാശവാദം. എന്നാൽ ആസാധുവാക്കിയ കറൻസിയിൽ 99 ശതമാനവും തിരിച്ചെത്തിയെന്ന റിസർവ് ബാങ്കിന്റെ കണക്കുകൾ കേന്ദ്രത്തെ വീണ്ടും വെട്ടിലാക്കി.

നോട്ട് നിരോധനം നടപ്പിലാവുമ്പോൾ വിപണയിൽ ഉണ്ടായിരുന്നതിൽ 10,720 കോടി രൂപ മാത്രം തിരിച്ച് വരാതിരുന്നപ്പോൾ പുതിയ നോട്ടടിക്കാൻ ചെലവാക്കിയത് 8,000 കോടി രൂപയെന്ന കണക്കും സർക്കാരിനെ വെട്ടിലാക്കി. എന്നാൽ നോട്ടു നിരോധനം മൊത്തത്തിൽ വരുത്തി വെച്ച സാമ്പത്തിക ബാധ്യത എത്രയെന്ന് വ്യക്തമാക്കാൻ സർക്കാർ ഇതുവരെ തയ്യാറായിട്ടുമില്ല. 2016 നവംബർ എട്ടിന് രാജ്യത്ത് വിനിമയത്തിലുണ്ടായിരുന്ന 500, 100 രൂപയുടെ കറൻസി: 15.417 ലക്ഷം കോടി. ഇതിൽ 15.31 ലക്ഷം കോടി രൂപയും തിരിച്ചെത്തി ( 99.3 ശതമാനം). അതായത് തിരിച്ച് വരാത്തത് 10,720 കോടി രൂപ മാത്രം. മൂന്ന് ലക്ഷം കോടി രൂപയെങ്കിലും കേന്ദ്രസർക്കാർ പ്രതീക്ഷിച്ചിരുന്നു.

കേന്ദ്ര സർക്കാരിന്റെ ഈ പരിഷ്‌ക്കാരം റിസർവ് ബാങ്ക് പോലും ഈ തീരുമാനം അറിഞ്ഞിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. സമ്പദ്‌വ്യവസ്ഥയിൽ പരിഷ്‌കാരം എത്രത്തോളം ആഘാതം സൃഷ്ടിക്കുമെന്നതിനെ കുറിച്ചും കാര്യമായ പരിശോധനയുണ്ടായില്ല. വിദേശബാങ്കുകളിലും റിയൽ എസ്‌റ്റേറ്റിലും സ്വർണ്ണത്തിലുമെല്ലാം നിക്ഷേപിക്കപ്പെട്ട കള്ളപണത്തെ തിരികെയെത്തിക്കാൻ നോട്ട് നിരോധനം കൊണ്ട് സാധിക്കില്ലെന്ന് വ്യക്തമായിട്ടും മോദി സർക്കാർ തീരുമാനവുമായി മുന്നോട്ട് പോയതെന്തിനെന്ന് ഇനിയും വ്യക്തമല്ല. പിൻവലിക്കപ്പെട്ട നോട്ടുകളിൽ ഭൂരിപക്ഷവും സമ്പദ്‌വ്യവസ്ഥയിലേക്ക് തിരിച്ചെത്തിയെന്ന റിസർവ് ബാങ്ക് റിപ്പോർട്ട് കൂടി പുറത്ത് വന്നതോടെ സാമ്പത്തിക പരിഷ്‌കാരം സമ്പൂർണമായി പാളിയെന്ന് വ്യക്തമായി.

നഷ്ടക്കണക്കുകളുടെ കണക്കെടുപ്പ്
500, 1000 നോട്ടുകൾ പിൻവലിച്ചതോടെ കറൻസി രൂപത്തിലുള്ള കള്ളപ്പണം തടയാമെന്ന് മോദി പ്രഖ്യാപനത്തിൽ പറഞ്ഞിരുന്നു. എന്നാൽ, കള്ളപ്പണ നിക്ഷേപം നോട്ടുകളുടെ രൂപത്തിൽ അല്ല. വിദേശ ബാങ്കുകളിലാണ് വ്യാപകമായിട്ടുള്ളതെന്ന വാദം ഉയർന്നിരുന്നു. നോട്ട് നിരോധനം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ വളർച്ചക്ക് തിരിച്ചടിയാകുമെന്ന് വിലയിരുത്തലുകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ഈ വിലയിരുത്തലുകൾ ശരിയാകുന്ന കാഴ്‌ച്ചയാണ് പിന്നീട് വ്യക്തമായത്. ദേശീയ വരുമാനത്തിന്റെ വർദ്ധനയിൽ മുരടിപ്പ് ഉണ്ടായതിന് പ്രധാ കാരണം ഇതാണെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ പോലും ചൂണ്ടിക്കാട്ടുന്നത്.

രാജ്യത്തിന്റെ സാമ്പത്തിക വളർച്ച കണക്കാക്കുന്ന ജിഡിപിയിൽ ഒരു ശതമാനത്തിന്റെ ഇടിവുണ്ടായെന്നാണ് കണക്കുകൾ. ഒരു വർഷം മാത്രം 1.5 മില്യൺ ജോലികൾ(15 ലക്ഷം) നഷ്ടമായി. രണ്ട് കോടി പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം നിലനിൽക്കുന്നുണ്ട്. ഇതിനിടെയാണ് ഒരു വർഷത്തെ ഈ തൊഴിൽ നഷ്ടക്കണക്കുകൾ. രണ്ട് വർഷം രണ്ട് ശതമാനം ജിഡിപി താഴേക്ക് പോയപ്പോൾ ഒലിച്ചുപോയത് ലക്ഷം കോടികളാണ്. 2.25 ലക്ഷം കോടിയുടെ സാമ്പത്തിക നഷ്ടം ഇന്ത്യൻവിപണിക്ക് ഉണ്ടായിട്ടുണ്ടെന്നാണ് അറിയുന്നത്. 100ലേറെ ജീവനുകളും നഷ്ടമായതെന്ന കാര്യം ഓർക്കേണ്ടതുണ്ട്. നോട്ട് നിരോധന സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ ഉദ്ദേശ്യലക്ഷ്യങ്ങൾ സഫലീകരിച്ചിട്ടില്ല. കാർഷിക മേഖല, വ്യവസായ മേഖല, പ്രത്യേകിച്ച് ചെറുകിട വ്യവസായങ്ങൾ എന്നിവയ്ക്ക് നോട്ട് നിരോധനം വലിയ പ്രതിസന്ധി തന്നെയുണ്ടാക്കി.

7.5 ശതമാനം വരെ വളർച്ച നേടുമെന്നാണ് കഴിഞ്ഞ വർഷം സാമ്പത്തികസർവേയിൽ അവകാശപ്പെട്ടത്. 201718 കാലയളവിൽ ജിഡിപി വളർച്ച 6.75 മാത്രമായിരിക്കുമെന്ന് പുതിയ സാമ്പത്തികസർവേ വ്യക്തമാക്കി. കൃഷി, വ്യവസായ, സേവനമേഖലകളിലെ തിരിച്ചടിയാണ് വളർച്ച ഇടിയാൻ കാരണം. കാർഷികരംഗം (2.1ശതമാനം), വ്യവസായം (4.4), സേവന മേഖല (8.3 ശതമാനം) എന്നിങ്ങനെയാണ് വളർച്ചാ നിരക്ക്. ആർജിതമൂലധന വളർച്ച 201617ൽ 6.6 ശതമാനമായിരുന്നത് നടപ്പുവർഷം 6.1 ശതമാനമായി ഇടിഞ്ഞു. നിക്ഷേപനിരക്കിലും മുൻവർഷങ്ങളിലെപ്പോലെ തളർച്ച തുടരുന്നു.

നോട്ടുനിരോധനത്തിന്റെ ലക്ഷ്യങ്ങൾ
കള്ളപ്പണം, അഴിമതി കള്ളനോട്ട് എന്നിവ തടയാനും ആയുധ ഇടപാട്, ഭൂമിയിടപാട് തീവ്രവാദ പ്രവർത്തനങ്ങൾ എന്നിവയ്ക്കു വേണ്ടിയുള്ള ഫണ്ട് സമാഹരണത്തിന് തടയിടുക, ഡിജിറ്റലൈസേഷൻ വഴി കറൻസി ഉപയോഗം കുറയ്ക്കുക തുടങ്ങിയവയാണ് നോട്ടു നിരോധനം വഴി ലക്ഷ്യമിട്ടത്. എന്നാൽ നിരോധനം രണ്ടു വർഷം തികയുമ്പോൾ ഇവയിൽ ഏതൊക്കെ ഫലപ്രാപ്തി കണ്ടെന്നതിൽ ഒരു വ്യക്തതയുമില്ല. കള്ളപ്പണവും കറൻസി ഉപയോഗവും കുറയുന്നതിന് പകരം അവയുടെ ഉപയോഗം വർധിച്ചു വരുന്നതായാണ് കാണുന്നത്. ചക്കിനു വച്ചതുകൊക്കിനു കൊണ്ടു എന്നു പറയും പോലെ സാധാരണക്കാർക്കു വേണ്ടിയെന്ന് പ്രഖ്യാപിച്ച നോട്ടു നിരോധനത്തിന്റെ തിക്തഫലം അനുഭവിച്ചത് വെറും പാവങ്ങളാണ്...

ഡിജിറ്റലൈസേഷൻ വാദം ഉന്നയിച്ചും മോദി നോട്ടു നിരോധനത്തെ സാധൂകരിച്ചുവെങ്കിലും അതും പരാജയപ്പെടുകയായിരുന്നു. പ്രചാരത്തിലുള്ള കറൻസിയുടെ മൂല്യം 2018 മാർച്ച് 31ന് 10.04 ലക്ഷമായി ഉയർന്നു. 37.7 ശതമാനത്തിന്റെ വാർഷികവളർച്ച. അതായത് വിപണിയിലെ കാഷ് കൈമാറ്റം 37 ശതമാനം വർധിച്ചു. ബാങ്കുകളെ ആശ്രയിക്കാതെ വിപണിയിൽ സമാന്തരമായി പണം കൈമാറ്റം ചെയ്യപ്പെടുന്നുണ്ടെന്നർഥം. ആവശ്യത്തിനും അനാവശ്യത്തിനും പൊതുജനങ്ങളെ പിഴിയുന്ന ബാങ്കുകളുടെ നയവും ഗ്രാമാന്തരീക്ഷം ഇനിയും ഡിജിറ്റലൈസേഷനിലേക്ക് തിരിയാത്തതും മോദിയുടെ ഡിജിറ്റലൈസേഷൻ സ്വപ്നം പാളാൻ ഇടയാക്കുകയായിരുന്നു.

രാജ്യത്ത് പ്രായപൂർത്തിയായവരിൽ ഏതാണ്ട് 20 കോടിയോളം പേർക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാത്ത സഹാചര്യത്തിൽ മോദിയുടെ ഡിജിറ്റലൈസേഷൻ സ്വപ്നം എപ്പോഴേ പാളിയെന്നു പറഞ്ഞാൽ മതിയല്ലോ?കൂടാതെ എടിഎം വഴിയുള്ള പണമെടുക്കൽ വർധിച്ചുവെന്നും ആർബിഐ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. രണ്ടു വർഷം മുമ്പത്തേതിനേക്കാൾ എട്ടു ശതമാനം വർധനയാണ് എടിഎം വഴിയുള്ള പണമെടുക്കലിൽ വർധിച്ചിട്ടുള്ളത്. പ്രത്യേകിച്ച് ഉത്സവ നാളുകളിൽ ഇതിൽ ഇനിയും വർധനയുണ്ടാകും.

സാമ്പത്തിക മാന്ദ്യം
നോട്ടു നിരോധനം രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിലും കുറവുണ്ടാക്കിയെന്നാണ് പാർലമെന്ററി സമിതിയുടെ റിപ്പോർട്ടിൽ പറയുന്നത്. 2017-18ലെ ജിഡിപി നാലു വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 6.5 ശതമാനത്തിലേക്ക് കൂപ്പുകുത്തിയതിന്റെ പ്രധാന കാരണം നോട്ടുനിരോധനം മാത്രമാണ്. എത്രയോ വ്യവസായ സ്ഥാപനങ്ങൾക്ക് നോട്ടുനിരോധനത്തിനു പിന്നാലെ താഴിടേണ്ടി വന്നു...നോട്ടു നിരോധനം മൂലം സ്വന്തം തൊഴിൽ നഷ്ടപ്പെട്ടവരുടെ എണ്ണം 15 ലക്ഷത്തോളം വരുമെന്ന് സർവേകൾ വെളിപ്പെടുത്തുന്നു.

നോട്ടുനിരോധനത്തിനു ശേഷമുള്ള മൂന്നു ക്വാർട്ടറുകളിലെ കാർഷിക മേഖലയിലെ സാമ്പത്തികവളർച്ച നിരക്കും മുൻ ക്വാർട്ടറിനെ അപേക്ഷിച്ച് നെഗറ്റീവ് ആയിരുന്നു. നോട്ടു നിരോധനം രാജ്യത്തെ സാമ്പത്തിക വളർച്ചയിൽ ഇടിവുണ്ടാക്കുമെന്നുള്ള മുൻപ്രധാനമന്ത്രി ഡോ. മന്മോഹൻസിംഗിന്റെ പ്രവചനത്തേയും ശരിവച്ചുകൊണ്ടാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്.

ജിഎസ്ടി
മോദിയുടെ തുഗ്ലക് പരിഷ്‌ക്കാരത്തിന് രാജ്യം കൊടുക്കേണ്ടി വന്ന വിലയാണ് ജിഎസ്ടി. നോട്ടു നിരോധനം മൂലം വലഞ്ഞ പൊതുജനങ്ങൾക്ക് കൂനിന്മേൽ കുരുപോലെയാണ് ജിഎസ്ടി. സങ്കീർണമായ ആറു തരം നികുതി നിരക്കുകൾ, റീഫണ്ട് കിട്ടാതിരിക്കൽ തുടങ്ങിയ പ്രശ്നങ്ങൾ ഇതുകൊണ്ടുണ്ടായി. ജിഎസ്ടി പാടേ അവതാളത്തിലാക്കിയ മറ്റൊരു മേഖലയാണ് ടെക്സറ്റൈൽ. പെട്ടെന്നൊരു ദിവസം ജിഎസ്ടി നടപ്പിലാക്കിയതോടെ വ്യവസായികൾ പെടാപാടു പെട്ടു. ഇൻവോയ്സ് അപ്ലോഡ് ചെയ്യാൻ പോലും വയ്യാത്ത ദുരവസ്ഥ ഏറെയായിരുന്നു. ഇതൊക്കെ കൊണ്ട് ഈ നൂറ്റാണ്ടിലെ മണ്ടൻ തീരുമാനമെന്ന് നോട്ടുനിരോധനത്തെ പറഞ്ഞാൽ അതിന് മറിച്ചൊരു അഭിപ്രായം ഉണ്ടാകില്ല.

ബാങ്കിങ് മേഖല പിന്നോട്ട്
നോട്ടുനിരോധനം സാരമായി ബാധിച്ചത് രാജ്യത്തെ ബാങ്കുകളെ ആണ്. പ്രത്യേകിച്ച് പൊതുമേഖലാ ബാങ്കുകളെ. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചാ മുരടിപ്പ് പൊതുമേഖലാ ബാങ്കുകളേയും ബാധിച്ചു. രാജ്യത്ത് ആകെയുള്ള 21 പൊതുമേഖലാ ബാങ്കുകളിൽ 2017-18 കാലഘട്ടത്തിൽ ലാഭം രേഖപ്പെടുത്തിയത് ഇന്ത്യൻ ബാങ്കും വിജയാ ബാങ്കും മാത്രമാണ്. കോർപറേറ്റുകൾക്ക് നൽകിയ പണം കിട്ടാക്കടമായി മാറിയതോടെ പൊതുമേഖലാ ബാങ്കുകൾ കടക്കെണിലായ സാഹചര്യമാണ് ഉടലെടുത്തത്.

9000 കോടി രൂപ കടം വരുത്തിയിട്ട് വിജയ് മല്യയും 11,346 കോടി രൂപ തട്ടിപ്പു നടത്തി വജ്രവ്യാപാരിയായ നീരവ് മോദിയും വിദേശരാജ്യങ്ങളിലേക്ക് മുങ്ങിയതോടെ ബാങ്കുകളുടെ അടിത്തറയാണ് ഇളകിയത്. പല ബാങ്കുകളും ലയിപ്പിക്കാൻ തീരുമാനമെടുത്തതും നോട്ടുനിരോധനത്തെ തുടർന്നുണ്ടായ പ്രതിസന്ധിയിലാണ്.

രൂപയുടെ മൂല്യം ഇടിഞ്ഞു
ബാങ്കിങ് മേഖല കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ ആർബിഐയുടെ കരുതൽ ധനശേഖരത്തിൽ നിന്ന് 3.6 ലക്ഷം കോടി രൂപ കേന്ദ്രം ആവശ്യപ്പെട്ടതോടെ പ്രതിസന്ധി മൂർച്ഛിരിക്കുകയാണ്. രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞിരിക്കുന്ന അവസ്ഥയിൽ വിലയിടിവ് പിടിച്ചു നിർത്താൻ ശ്രമിക്കുന്നതും വിലക്കയറ്റം നിയന്ത്രിക്കാനുള്ള ഇടപെടലുകൾ നടത്തേണ്ടതും റിസർവ് ബാങ്കിന്റെ പക്കലുള്ള കരുതൽ ധനം കൊണ്ടാണ്. ഈയവസരത്തിൽ കേന്ദ്രം പണം ആവശ്യപ്പെട്ടത് തള്ളിക്കൊണ്ട് ആർബിഐ ഗവർണർ ഊർജിത് പട്ടേൽ മറുപടി നൽകിയത്. നോട്ട് നിരോധനത്തിന് ശേഷം ഡോളറിനെതിരേ രൂപയുടെ മൂല്യത്തിലുണ്ടായ തകർച്ച ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കായിരുന്നു.

കേരളത്തെ സാരമായി ബാധിച്ചു
നോട്ടുനിരോധനം സംസ്ഥാനത്തെ സാമ്പത്തിക രംഗം തകർത്തു താറുമാറാക്കിയതായി സർക്കാരിന്റെ സാമ്പത്തിക സർവേ വെളിപ്പെടുത്തുന്നു. നോട്ടു നിരോധനം രണ്ടാം വർഷമെത്തിയതോടെ ശമ്പളവും പെൻഷനും സംസ്ഥാനസർക്കാരിന് വലിയ ബാധ്യതയാകുന്നതായാണ് സർവേ പറയുന്നത്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ശമ്പള ഇനത്തിൽ 10,698 കോടി രൂപയും പെൻഷൻ ഇനത്തിൽ 6,411 കോടി രൂപയും സർക്കാരിന് അധികമായി കണ്ടെത്തേണ്ടി വന്നു. ശമ്പളവും പെൻഷനും ചേർത്താൽ അഞ്ചു വർഷത്തിനിടെ അധികമായി കണ്ടെത്തേണ്ടി വന്നത് 17,109 കോടി. സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര വളർച്ചാനിരക്കു വർധിച്ചതായും സർവേയിൽ പറയുന്നു.

സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര വളർച്ചാനിരക്കു ദേശീയ വളർച്ചാനിരക്കിനെക്കാൾ മുന്നിലാണ്. കേരളത്തിന്റേത് 7.4 ശതമാനം രാജ്യത്തിന്റേത് 7.1 ശതമാനവും. 2015-16ൽ സംസ്ഥാനത്തിന്റെ വളർച്ച 6.6 ശതമാനം ആയിരുന്നെങ്കിൽ രാജ്യത്തിന്റേത് എട്ടു ശതമാനം ആയിരുന്നു. നികുതി വരുമാനം താഴാനുള്ള മുഖ്യകാരണവും ഇതാണ്. 14.24% നികുതി വളർച്ചാനിരക്ക് പ്രതിക്ഷിച്ചിരുന്നതു 8.16 ശതമാനത്തിലേക്കു താഴ്ന്നു.  രാജ്യത്തു റബർ ഉൽപാദനത്തിൽ 83,000 ടണ്ണിന്റെ കുറവുണ്ടായപ്പോൾ സംസ്ഥാനത്ത് 2015-16ൽ 4.38 ലക്ഷം മെട്രിക് ടൺ റബർ ഉൽപാദിപ്പിച്ചത് 2016-17ൽ 5.4 ലക്ഷം മെട്രിക് ടണ്ണായി വർധിച്ചു. എന്നാൽ, റബറിനു തുടർച്ചായി വില കുറഞ്ഞുവന്നതു സാമ്പത്തിക രംഗത്തെ ദുർബലമാക്കി. സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉൽപാദനം 2015-16ലെ 113.81 ലക്ഷം കോടി രൂപയിൽ നിന്ന് 7.1 ശതമാനം വളർച്ചയോടെ 2016-17ൽ 121.90 ലക്ഷം കോടിയിലെത്തിയെതായും സർവേ ചൂണ്ടിക്കാട്ടുന്നു.

രാജ്യം നേരിടാൻ പോകുന്നത് വൻ സാമ്പത്തിക പ്രതിസന്ധി
വിപണിയിൽ ഇറക്കാൻ കേന്ദ്രത്തിന് പണം ഇല്ലാതായതോടെ രാജ്യം നേരിടാൻ പോകുന്നത് വൻ സാമ്പത്തിക പ്രതിസന്ധി തന്നെയാണെന്നാണ് വിലയിരുത്തൽ. 2008-ൽ ആഗോള സാമ്പത്തിക മാന്ദ്യത്തിന് സമാനമായി ഇന്ത്യ സാമ്പത്തിക ദുരന്തത്തെ നേരിടാൻ പോകുന്നുവെന്നാണ് വിലയിരുത്തൽ. ആഗോള മാന്ദ്യത്തിന്റെ കാലത്ത് ഡോ.മന്മോഹൻ സിംഗിന്റെ നേതൃത്വത്തിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥ സുരക്ഷമായിരുന്നു. സാമ്പത്തിക ശാസ്ത്രജ്ഞൻ കൂടിയായ മന്മോഹൻസിംഗിന്റെ ദീർഘവീക്ഷണം ഇന്ത്യയെ ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലമരാതെ പിടിച്ചു നിർത്തി. ചൈനയിൽ ആരംഭിച്ച സാമ്പത്തിക മാന്ദ്യം കരുത്തുറ്റ അമേരിക്കയെ പോലും പിടിച്ചുലച്ചപ്പോൾ അതിന്റെ അലയൊലികൾ പോലും ഇന്ത്യയെ സ്പർശിച്ചില്ല. ഇപ്പോൾ ആത്മവിശ്വാസം ചോർന്ന ഇന്ത്യൻ ധനവിപണി ഏതു നിമിഷവും ചില്ലുകൊട്ടാരം പോലെ തകരുമെന്ന അവസ്ഥയിലാണ്.

നോട്ടുനിരോധനത്തെ കുറിച്ച് കൂടുതൽ വിശദീകരിക്കാൻ ആർബിഎ ഗവർണർ 12ന് ഹാജരാകണമെന്നാണ് പാർലമെന്റ് ധനകാര്യസ്ഥിരം സമിതിക്കു നിർദ്ദേശിച്ചിരിക്കുന്നത്. നിലവിൽ ആർബിഐയും കേന്ദ്രവും കരുതൽ ധനത്തിന്റെ പേരിൽ ഉരസിയിരിക്കുന്ന സാഹചര്യത്തിൽ ആർബിഐ ഗവർണർ തന്റെ രാജിക്കത്ത് നൽകിയേക്കുമെന്നും അഭ്യൂഹമുണ്ട്. എങ്കിൽ വീണ്ടും മറ്റൊരു പ്രതിസന്ധിയായിരിക്കും ഇന്ത്യൻ വിപണിയെ കാത്തിരിക്കുന്നത്.

ഭരണപരമായും ആശയപരമായും രാഷ്ട്രീയപരമായും പിന്തിരിപ്പൽ തീരുമാനമായേ നോട്ടുനിരോധനത്തെ നോക്കിക്കാണാൻസാധിക്കുകയുള്ളൂ എന്നാണ് രണ്ടുവർഷം കൊണ്ടുണ്ടായ പൊതുവിലുള്ള വിലയിരുത്തൽ. നോട്ടുനിരോധനത്തിന്റെ അലയൊലികൾ ഇപ്പോഴും ഇന്ത്യൻജനതയുടെ കാതിലുണ്ട്. അതിൽ നിന്നു കരകയറണമെങ്കിൽ ഇനിയൊരു അഞ്ചു വർഷംകൂടി കാത്തിരിക്കേണ്ടി വരുമെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. എല്ലാം ശരിയാകാൻ 50 ദിവസത്തെ സാവകാശമാണ് പ്രധാനമന്ത്രി ചോദിച്ചതെങ്കിലും എടിഎമ്മുകളിൽ പഴയ നോട്ടിനു പകരം പുതിയ നോട്ട് എത്താൻ പോലും ഒമ്പതു മാസമാണ് എടുത്തത്.

നോട്ടു നിരോധനം നടപ്പാക്കിയ രാജ്യങ്ങളുടെ ചരിത്രമെടുത്താലും സമാനസാഹചര്യമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇന്ത്യയ്ക്കൊപ്പം തന്നെ നോട്ടു നിരോധനം ഏർപ്പെടുത്തിയ വെനസ്വേലയിൽ അവസാനം ആഭ്യന്തര കലാപം തന്നെ പൊട്ടിപ്പുറപ്പെട്ടു. പണമില്ലാതായതോടെ ജനങ്ങൾ തെരുവിലിറങ്ങുകയും കടകൾ കൊള്ളയടിക്കുകയുമായിരുന്നു. എന്തിനേറെ ജീവിക്കാനായി സ്വന്തം മക്കളെ വരെ വിൽക്കുന്ന കാഴ്ചയാണ് ഇവിടെ അരങ്ങേറിയത്. സോവ്യറ്റ് യൂണിയൻ, സിംബാബ്വേ, ഘാന, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിലും നോട്ടു നിരോധനം വൻ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്.

ഘട്ടംഘട്ടമായി നടപ്പാക്കേണ്ടിയിരുന്ന നോട്ടു നിരോധനം ഒറ്റരാത്രികൊണ്ട് നടപ്പാക്കിയ മണ്ടൻതീരുമാനത്തിന് വിലകൊടുക്കേണ്ടി വന്നത് സാധാരണക്കാരനാണ്. സാധാരണക്കാർക്കു വേണ്ടിയെന്നു വീമ്പിളക്കി പ്രഖ്യാപിച്ച നോട്ടുനിരോധനം അവരുടെ സ്വപ്നങ്ങൾക്കു മേലെയാണ് തീമഴയായി പെയ്തത്. പെൺമക്കളുടെ വിവാഹം മുടങ്ങുക, ചെറുകിട വ്യവസായങ്ങൾക്ക് താഴുവീഴുക, പ്രായമായവർ നോട്ടുമാറാനായി ക്യൂവിൽ നിന്ന് മരിക്കുക തുടങ്ങിയ ദുരന്തങ്ങൾ കണ്ടില്ലെന്ന് നടിക്കാൻ മോദിക്കാവുമോ?

നേട്ടങ്ങളുടെ ലിസ്റ്റെടുക്കുമ്പോൾ
ദ്വീർഘകാല അടിസ്ഥാനത്തിൽ നോട്ടു നിരോധനം നേട്ടമാണെന്ന് വാദിക്കുന്നവർ ഇപ്പോഴുമുണ്ട്. ബിജെപി നേതാക്കൾ ചൂണ്ടിക്കാട്ടുന്ന പ്രധാന കാര്യവും ഇതാണ്. സമ്പദ്ഘടനയെ ശുദ്ധീകരിക്കാനുള്ള പ്രക്രിയയുടെ ഭാഗമായിരുന്നു നോട്ട് നിരോധനം എന്ന വാദം ഒരുവശത്തുണ്ട്. ഇൻസോൾവൻസി ആൻഡ് ബാങ്ക്‌റപ്റ്റ്‌സി കോഡ്, റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അഥോറിറ്റി നിയമം (റെറ), ബെനാമി സ്വത്തു കണ്ടുകെട്ടൽ നിയമം എന്നിവയോടൊപ്പം പാക്കേജായി ചേർക്കാനാകുന്ന ഒരു നടപടിയായിരുന്നു നോട്ട് നിരോധനം. അതിന്റെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യാനാകില്ലെന്നും സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

ആദായനികുതി വരുമാനം കൂടിയെന്നതാണ് ഇതിന്റെ നോട്ടു നിരോധനത്തിന്റെ ഒരു വിജയഘടകം. നേരത്തെ ആദായ നികുതി നൽകാതിരുന്നവർ പലരും അസാധുവാക്കിയ തുക ബാങ്കിൽ നിക്ഷേപിച്ച് വൻ തുക നികുതി അടയ്ക്കാൻ തയ്യാറായി. പിഴ നൽകി കള്ളപ്പണം വെളുപ്പിച്ചവരും ഏറെയാണ്. ഇതൊക്കെ നികുതി വരുമാനം വർദ്ധിക്കാൻ ഇടയാക്കി. മൊബൈൽ ബാങ്കിങ് പോലുള്ള ഡിജിറ്റൽ പണമിടപാടുകൾ ഉപയോഗിക്കുന്ന പ്രവണത കൂടിയിട്ടുണ്ട് എന്നതും ഗുണകരമായ നേട്ടമായി കണക്കാക്കാം.

കാണിപ്പയ്യൂർ അല്ല മന്മോഹൻ സിങ്!
അടുത്തിടെ സോഷ്യൽ മീഡിയയിൽ ട്രോളുകൾ നിരവധി പ്രവഹിക്കുന്നുണ്ട്. കേരളത്തിൽ ഏറ്റവും അധികം പ്രളയമുണ്ടായ ഘട്ടത്തിൽ കാണിപ്പയ്യൂർ എന്ന ജ്യോത്സ്യൻ മഴയുണ്ടാകില്ലെന്ന പ്രവചനം നടത്തിയതിനാണ് ട്രോളുകളുടെ കുത്തൊഴുക്കുണ്ടായത്. എന്നാൽ, കാണിപ്പയ്യൂരിന്റെ പ്രവചനം പോലെ അല്ല നോട്ടുനിരോധന വിഷയത്തിൽ ലോകം ആരാധിക്കുന്ന സാമ്പത്തിക ശാസ്ത്രജ്ഞൻ കൂടിയായ മുൻ പ്രധാനമന്ത്രി ഡോ. മന്മോഹൻ സിങ് നടത്തിയ നിരീക്ഷണങ്ങൾ അക്ഷരം പ്രതി ശരിയാകുന്ന കാഴ്‌ച്ചകളാണ് പിന്നീട് കണ്ടത്. അന്ന് പാർലമെന്റിൽ അദ്ദേഹം നടത്തിയ പ്രസംഗം ലോകം കാതു കൂർപ്പിച്ചു കൊണ്ടാണ് ശ്രദ്ധിച്ചത്.

നോട്ട് പിൻവലിക്കൽ നടപടി ചരിത്രപരമായ മണ്ടത്തരമാണെന്നും ഇതിന്റെ പ്രത്യാഘാതം രാജ്യത്തുണ്ടാകുമെന്നും അന്ന് മന്മോഹൻ പറഞ്ഞു. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിൽ രണ്ട് ശതമാനത്തിന്റെ കുറവു വരുമെന്നും ഇത് ലോകരാജ്യങ്ങൾക്കിടയിൽ രാജ്യത്തിന് തിരിച്ചടിയാകുമെന്നും മന്മോഹൻ പറയുകയുണ്ടായി. അന്ന് ഈ പ്രസംഗത്തെ പുച്ഛിച്ചുകൊണ്ടാണ് പിന്നീട് നരേന്ദ്ര മോദി സംസാരിച്ചത്. എന്നാൽ, ഇന്ത്യൻ പ്രധാനമന്ത്രി പുച്ഛിച്ചെങ്കിലും ലോകം ബഹുമാനിക്കുന്ന ആ സാമ്പത്തിക ശാസ്ത്രജ്ഞനായ പ്രധാനമന്ത്രിയുടെ വാക്കിന്റെ വില ഇപ്പോൾ രാജ്യം തിരിച്ചറിഞ്ഞു. കാരണം, മന്മോഹൻ പ്രവചിച്ചതു പോലെ നോട്ടു നിരോധനം രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് കനത്ത തിരിച്ചടിയായെന്ന വ്യക്തമാക്കുന്നതാണ് റിപ്പോർട്ടുകളാണ് പിന്നീട് പുറത്തുവന്നത്.

ലോകത്തിൽ അതിവേഗം വളരുന്ന സാമ്പത്തിക വ്യവസ്ഥ എന്ന ബഹുമതി ഇന്ത്യയ്ക്കായിരുന്നു. നോട്ടുനിരോധനവും പിന്നാലെ ജിഎസ്ടിയും കൂടി വന്നതോടെ ഈ സൽപ്പേര് ഇന്ത്യക്ക് കൈമോശം വന്നു. ചൈന ഈ അവസരത്തിൽ ഇന്ത്യയേക്കാൾ നേട്ടം കൊയ്യുകയും ചെയ്തു. നോട്ട് നിരോധനത്തിന്റെ പ്രത്യാഘാതം കൃത്യമായി പ്രവചിച്ച മന്മോഹൻ സിങ് തന്നെയാണ് ആർബിഐയുടെ റിപ്പോർട്ട് വരുമ്പോഴും താരമാകുന്നത്. മന്മോഹൻ സിംഗ അന്ന് പാർലമെന്റിൽ നടത്തിയ പ്രസംഗം ഭരണപക്ഷ ബഞ്ചുകൾ പോലും നിശബ്ദമായാണ് കേട്ടിരുന്നത്. അമ്പതുദിവസം കാത്തിരുന്ന് തുടർ നടപടികൾ സ്വീകരിക്കുന്നത് പാവപ്പെട്ടവർക്ക് വലിയ വിഷമമുണ്ടാക്കുമെന്ന് സർക്കാർ മനസ്സിലാക്കണം. നോട്ടുപ്രതിസന്ധി രാജ്യത്തിന്റെ കാർഷിക മേഖലയെ ഏറ്റവുമധികം ദോഷകരമായി ബാധിക്കും. എല്ലാ ദിവസവും സാമ്പത്തിക പരിഷ്‌കരണങ്ങൾ നടത്താൻ പാടില്ല. വിഷയം കൈകാര്യം ചെയ്യുന്നതിൽ റിസർവ് ബാങ്കിന് വീഴ്ചപറ്റിയെന്നത് പ്രധാനമന്ത്രിയുടെയും ധനമന്ത്രിയുടേയും പിടിപ്പു കേടാണ്.

നോട്ടു പിൻവലിക്കൽ നടപടിമൂലം രാജ്യത്ത് ആത്യന്തികമായി എന്തു സംഭവിക്കുമെന്ന് ഇപ്പോൾ പറയാനാകില്ല. കറൻസി നിരോധനം മൂലം രാജ്യത്തിന്റെ ആഭ്യന്തര ഉൽപാദനം രണ്ടുശതമാനം കുറയും. നോട്ടുപിൻവലിക്കൽ ദീർഘകാലാടിസ്ഥാനത്തിൽ ഗുണം ചെയ്യുമെന്നാണ് അവകാശവാദം. പക്ഷേ, ഇത്രയും ദീർഘകാലം ആരും ജീവിച്ചിരിക്കാറില്ലെന്നത് ഓർക്കണമെന്നും മന്മോഹൻ പറഞ്ഞത് ഗൗരവത്തോടെയാണ് സഭ കേട്ടിരുന്നത്. ഇത്തരം സാമ്പത്തിക പരിഷ്‌കാരങ്ങൾ നടത്തുമ്പോൾ റിസർവ് ബാങ്കിന്റെ വിശ്വാസ്യത ചോദ്യംചെയ്യപ്പെടുന്ന തരത്തിൽ നടപടികൾ ഉണ്ടാകരുതായിരുന്നു എന്നും മന്മോഹൻ ഓർമിപ്പിക്കുകയുണ്ടായി. കറൻസിയിലും ബാങ്കിങ് സംവിധാനത്തിലും ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറയുകയുണ്ടായി. ലോക സാമ്പത്തിക മാന്ദ്യം പ്രവചിക്കുകയും ഇന്ത്യയെ വികസനത്തിലേക്ക് നയിക്കുകയും ചെയ്ത വ്യക്തിയായിരുന്നു ഡോ. മന്മോഹൻ സിങ്. ഇന്ന് രാജ്യം അദ്ദേഹത്തിന്റെ ഓരോ വാക്കുകൾക്കും കാതോർക്കാൻ ഇടയാക്കിയത് നോട്ടു നിരോധനം രാജ്യത്ത് എന്തു പ്രതാഘാതം വരുത്തുമെന്ന പ്രചവനമായിരുന്നു.

തിരിച്ചെത്താത്തത് 10720 കോടി രൂപ, നോട്ടടിക്കാൻ ചെലവായത് 8000 കോടി
ആർബിഐയുടെ കണക്കുകൾ പ്രകാരം 10720 കോടി രൂപയാണ് നിരോധിച്ച നോട്ടുകളിൽ തിരിച്ചു വരാത്തരായി ഉള്ളത്. മൂന്ന് - നാല് ലക്ഷം കോടിയെങ്കിലും തിരിച്ചുവരില്ലെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ, ആ പ്രതീക്ഷയെല്ലാം അസ്ഥാനത്തായി. മാത്രമല്ല, ആർബിഐയ്ക്ക് വലിയ നഷ്ടമാണ് പുതിയ നോട്ടുകളുടെ പ്രിന്റിംഗിനായി ചെലവാക്കേണ്ടി വന്നത്. കണക്കുകൾ പ്രകാരം ആർബിഐക്ക് നോട്ടുടിക്കാൻ ചെലവായത് 8000 കോടിയോളം രൂപയാണ്. എന്നാൽ, അടിയന്തര സാഹചര്യത്തിൽ നോട്ടുകൾ വിവിധ ഇടത്തേക്ക് എത്തിക്കാനും മറ്റുമായി ചാർട്ടഡ് വിമാനങ്ങളെയും മറ്റും ആശ്രയിക്കേണ്ടി വന്നതോടെ അതിലേറെ കോടികൾ ചെലവായി. ചുരുക്കത്തിൽ കള്ളപ്പണത്തെ പിടിക്കാനെന്ന പേരിൽ നടത്തിയ നോട്ടു നിരോധനം ഫലത്തിൽ രാജ്യത്തെ കൂടുതൽ സാമ്പത്തികമായി പ്രതിരോധത്തി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP