Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

റെഡ്ഡി സഹോദരന്മാരുടെ പണക്കൊഴുപ്പിനെ അതേ നാണയത്തിൽ തന്നെ നേരിട്ടു; മണ്ഡലത്തിലെ താമസക്കാരനല്ലാത്ത ഉഗ്രപ്പയെ സ്ഥാനാർത്ഥിയാക്കിയും തന്ത്രങ്ങൾ മെനഞ്ഞും കരുക്കൾ നീക്കി; ശ്രീരാമുലുവിന്റെ കണക്കു കൂട്ടൽ തെറ്റിയപ്പോൾ ബെല്ലാരിയിൽ വിജയംകണ്ടത് ഡി കെ ശിവകുമാറിന്റെ ചാണക്യതന്ത്രങ്ങൾ; കർണാടക ഭരണം ബിജെപിയിൽ നിന്നും തട്ടിപ്പറിച്ചതിന് പിന്നാലെ കോൺഗ്രസിന്റെ ക്രൈസിസ് മാനേജർ താൻ തന്നെയെന്ന് ഒരിക്കൽ കൂടി അടിവരയിട്ട് 'ബെല്ലരിരാജ'യായി ഡികെ

റെഡ്ഡി സഹോദരന്മാരുടെ പണക്കൊഴുപ്പിനെ അതേ നാണയത്തിൽ തന്നെ നേരിട്ടു; മണ്ഡലത്തിലെ താമസക്കാരനല്ലാത്ത ഉഗ്രപ്പയെ സ്ഥാനാർത്ഥിയാക്കിയും തന്ത്രങ്ങൾ മെനഞ്ഞും കരുക്കൾ നീക്കി; ശ്രീരാമുലുവിന്റെ കണക്കു കൂട്ടൽ തെറ്റിയപ്പോൾ ബെല്ലാരിയിൽ വിജയംകണ്ടത് ഡി കെ ശിവകുമാറിന്റെ ചാണക്യതന്ത്രങ്ങൾ; കർണാടക ഭരണം ബിജെപിയിൽ നിന്നും തട്ടിപ്പറിച്ചതിന് പിന്നാലെ കോൺഗ്രസിന്റെ ക്രൈസിസ് മാനേജർ താൻ തന്നെയെന്ന് ഒരിക്കൽ കൂടി അടിവരയിട്ട് 'ബെല്ലരിരാജ'യായി ഡികെ

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: കർണാടകത്തിലെ കോൺഗ്രസ് പാർട്ടിയിലെ അണികളും നേതാക്കളും സ്‌നേഹപൂർവ്വം വിളിക്കുന്ന രണ്ടക്ഷരത്തിലുള്ളൊരു പേരുണ്ട്. 'ഡികെ' എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഡി കെ ശിവകുമാർ എന്ന നേതാവ്. കോൺഗ്രസ് രാഷ്ട്രീയം ഇന്ന് ഉണർവിന്റെ പാതയിൽ നീങ്ങുന്നതിന് പ്രധാന കാരണക്കാരൻ പണം കൊണ്ടും രാഷ്ട്രീയം കൊണ്ടും കരുത്തനായ ഈ നേതാവാണ്. ഭാവിയിൽ കർണാടക രാഷ്ട്രീയത്തിലെ മുഖ്യമന്ത്രി സ്ഥാനം വരെ എത്തിപ്പിടിക്കുമെന്ന് കരുതപ്പെടുന്ന രാഷ്ട്രീയ വ്യക്തിത്വം. കർണാടകത്തിലെ സഖ്യസർക്കാറിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ നിർണായക റോൾ തന്നെയാണ് ഡികെ ശിവകുമാറിനുള്ളത്. അദ്ദേഹത്തിന്റെ തന്ത്രങ്ങൾ ഒരിക്കൽ കൂടി വിജയം കാണുന്ന കാഴ്‌ച്ചയാണ് ഇപ്പോൾ ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ വ്യക്തമാകുന്ന കാര്യം.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എന്നും പണക്കൊഴുപ്പിൽ ബിജെപി വിജയം കൊണ്ടിരുന്ന ബെല്ലാരിയിൽ കോൺഗ്രസ് ഇക്കുറി നേടിയ ഉജ്ജ്വല വിജയത്തിന് ചുക്കാൻ പിടിച്ചത് ഡികെയാണ്. ഉപതിരഞ്ഞെടുപ്പിലെ ബിജെപിയെ ഞെട്ടിച്ചത് ബെല്ലാരിയിലെ വൻതോൽവിയായിരുന്നു. ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ട് ലോക്സഭ മണ്ഡലങ്ങളിലും രണ്ട് നിയമസഭ മണ്ഡലങ്ങളിലും തിരിച്ചടി നേരിട്ടെങ്കിലും ബെല്ലാരിയിലെ പരാജയം ബിജെപിയെ ശരിക്കും ഞെട്ടിക്കുന്നതായി. 2004 മുതൽ ബിജെപി വൻഭൂരിപക്ഷത്തിൽ വിജയിച്ചിരുന്ന കാവിക്കോട്ട കോൺഗ്രസ്-ജെ.ഡി.എസ് സഖ്യത്തിന് മുന്നിൽ തരിപ്പണമാകുകയായിരുന്നു.

കർണാടക ബിജെപിയിലെ അതികായനായ ശ്രീരാമുലുവിന്റെ മണ്ഡലത്തിൽ കോൺഗ്രസ് വിജയം വലിയ മാർജ്ജിനിലാണ്. സോണിയ ഗാന്ധി മത്സരിച്ചിട്ടും പോലും നേടാനാകാത്ത വിധത്തിലുള്ള മാർജ്ജിനിലാണ് ഇവിടെ സ്ഥാനാർത്ഥിയായ ഉഗ്രപ്പ വിജയിച്ചത്. 2014 ലിൽ ശ്രീരാമുലു 85,144 വോട്ടിന് ജയിച്ച സീറ്റാണ് ബെല്ലാരി. ഇവിടെ രണ്ട് ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോൺഗ്രസ് സ്ഥാനാർത്ഥി വിജയിച്ചത്. എംപിയായിരുന്ന ബി.ശ്രീരാമലു നിയമസഭയിലേക്ക് മത്സരിച്ച് ജയിച്ചതോടെയാണ് ബെല്ലാരിയിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. അവിടെയാണ് കോൺഗ്രസ് ഉജ്ജ്വല വിജയം സ്വന്തമാക്കിയത്.

ബിജെപിക്കും കോൺഗ്രസ്-ജെ.ഡി.എസ് സഖ്യത്തിനും ബെല്ലാരിയിൽ അഭിമാനപോരാട്ടമായിരുന്നു. തങ്ങളുടെ ഉറച്ചസീറ്റായിരുന്ന ബെല്ലാരി പിടിക്കാൻ ശ്രീരാമലുവിന്റെ സഹോദരി ജെ. ശാന്തയെയാണ് ബിജെപി കളത്തിലിറക്കിയത്. നേരത്തെ 2009ൽ ശാന്ത ബെല്ലാരിയിൽനിന്ന് ലോക്സഭയിലേക്ക് വിജയിച്ചിരുന്നു. 2018ലെ ഉപതിരഞ്ഞെടുപ്പിലും ഇതാവർത്തിക്കാമെന്നായിരുന്നു ബിജെപിയുടെ പ്രതീക്ഷ. എന്നാൽ, പണമൊഴുക്കി വിജയം നേടാനുള്ള ബിജെപി തന്ത്രങ്ങൾ ഡികെ ശിവകുമാറിന് മുമ്പിൽ വിഫലമായി. സഖ്യത്തിന്റെ തിരഞ്ഞെടുപ്പ് പ്രചരണം കോൺഗ്രസ് നേതാവ് ഡി. ശിവകുമാർ ഏറ്റെടുത്തത്തോടെ ബിജെപി പ്രതീക്ഷകൾ അസ്ഥാനത്തായി.

ബിജെപിയുടെ സിറ്റിങ് സീറ്റ് പിടിക്കാൻ വി എസ് ഉഗ്രപ്പയെയാണ് കോൺഗ്രസ്-ജെ.ഡി.എസ് സഖ്യം കളത്തിലിറക്കിയത്. മണ്ഡലത്തിന് പുറത്തുനിന്നുള്ള സ്ഥാനാർത്ഥിയെന്ന് ഉഗ്രപ്പക്കെതിരെ വിമർശനമുണ്ടായെങ്കിലും ശിവകുമാറിന്റെയും പിന്തുണ അദ്ദേഹത്തിന് തുണയായി. സിദ്ധരാമയ്യയും ഉഗ്രപ്പയ്ക്ക് വേണ്ടി ശരിക്കും കളത്തിലിറങ്ങി അധ്വാനിച്ചു. ആദായ നികുതി വകുപ്പിനെ ഉപയോഗിച്ച് തനിക്കെതിരെ കേന്ദ്രസർക്കാർ നടത്തുന്ന നീക്കങ്ങൾക്ക് പിന്നിൽ ശ്രീരാമുലു ഉണ്ടെന്ന് ശിവകുമാറിന് ബോധ്യമുണ്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് ശ്രീരാമുലുവിനെ മെരുക്കാൻ വേണ്ടി ശിവകുമാർ കളമറിഞ്ഞ് കളിച്ചത്.

ഡി. ശിവകുമാറിന്റെ നേതൃത്വത്തിൽ കോൺഗ്രസും ജെ.ഡി.എസും വലിയ പ്രചരണം നയിച്ചു. മറുവശത്ത് റെഡ്ഡി സഹോദരന്മാരുടെ പിന്തുണയിൽ ബിജെപിയും ആഞ്ഞുപിടിച്ചു. എന്നാൽ വോട്ടെടുപ്പിനൊടുവിൽ ഫലപ്രഖ്യാപനം വന്നപ്പോൾ പതിനാല് വർഷമായി ബിജെപി കയ്യടക്കിയിരുന്ന ബെല്ലാരി അവരെ കൈവിട്ടിരിക്കുന്നു. മണ്ഡലങ്ങളിലെ പലയിടത്തും ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടിയുണ്ടായി. റെഡ്ഡി സഹോദരന്മാരുടെയും ശ്രീരാമലുവിന്റെയും കണക്കുകൂട്ടലുകൾ തെറ്റിയപ്പോൾ ബെല്ലാരിയിൽ വിജയംകണ്ടത് ഡി കെ ശിവകുമാറിന്റെ ചാണക്യതന്ത്രങ്ങൾ തന്നെയായിരുന്നു.

കർണാടകത്തിൽ സഖ്യസർക്കാർ അധികാരത്തിൽ ഇരിക്കാൻ മുഖ്യ കാരണക്കാരൻ ഡികെ തന്നെയായിരുന്നു. കർണാടകത്തിൽ കോൺഗ്രസിനെയും ജെ.ഡി.എസിനെയും ഭരണത്തിലെത്തിക്കുന്നതിലും വിശ്വാസ വോട്ടെടുപ്പിൽ സംഖ്യ തികയ്ക്കുന്നതിലെ ബുദ്ധികേന്ദ്രമായിരുന്ന ശിവകുമാറിന് തന്റെ രാഷ്ട്രീയജീവിതത്തിൽ മറ്റൊരുനേട്ടം കൂടിയാണ് ബെല്ലാരിയിലെ വിജയം. ദേശീയ രാഷ്ട്രീയത്തിൽ അമിത് ഷായെയു മോദിയെയും നേരിടാൻ കരുത്തുള്ള നേതാക്കന്മാരുണ്ടോ എന്നു തിരഞ്ഞിരുന്ന കോൺഗ്രസിന് ലഭിച്ച ഭാഗ്യം കൂടിയാണ് ഡി കെ ശിവകുമാർ എന്ന അതികായൻ.

മന്ത്രിസഭ രൂപീകരണ വേളയിൽ എംഎൽഎമാർ മറുകണ്ടം ചാടുമെന്ന ഘട്ടത്തിൽ നിർണായക ഇടപെടൽ നടത്തിയത് ഡികെയായിരുന്നു. കോൺഗ്രസ് എംഎൽഎമാർ മറുകണ്ടം ചാടാതെ കരുതൽ സ്വീകരിക്കുക എന്നതായിരുന്നു ഡി കെ ശിവകുമാറിൽ നിയുക്തമായ കർത്തവ്യം. അദ്ദേഹം കൃത്യമായി ആ ദൗത്യം നിർവഹിച്ചു. വിശ്വാസ വോട്ടെടുപ്പിന് മുമ്പ് യെദ്യൂരപ്പ രാജിവെച്ചതോടെ കോൺഗ്രസിന്റെ തന്ത്രങ്ങൾ ഫലം കണ്ടു. അതിന് രാഹുൽഗാന്ധി അടക്കം കടപ്പെട്ടിരിക്കുന്നത് ഡികെ ശിവകുമാറിനോടായിരുന്നു. അദ്ദേഹത്തിന്റെ ബുദ്ധി കൂർമ്മതയാണ് കർണാടകത്തിൽ കോൺഗ്രസിന് അനുകൂലമായി കാര്യങ്ങൾ നീങ്ങാൻ പ്രധാന കാരണമായത്.

കർണാടകയിൽ ഖനി മുതലാളിമാരുടെയും വൻകിട ഭൂമാഫിയമാരുടെയും പണക്കൊഴുപ്പായിരുന്നു ബിജെപിയുടെ കരുത്തെങ്കിൽ അതിനെ വെല്ലിവുളിക്കാൻ പോന്ന കരുത്തായിരുന്നു ഡി കെ ശിവകുമാറിന്റേത്. ശിവകുമാറിന്റെ ചാണക്യ ബുദ്ധിക്ക് മുമ്പിൽ ഇത് രണ്ടാം തവണയാണ് അമിത് ഷായും കൂട്ടരും പരാജയം അടയുന്നത്. അതുകൊണ്ട് തന്നെ കർണാടക കോൺഗ്രസ് രാഷ്ട്രീയത്തിൽ താരപരിവേഷമുള്ള നേതാവായി ഡി കെ ശിവകുമാർ മാറിക്കഴിഞ്ഞു. അമിത്ഷായുടെ തന്ത്രങ്ങളെ അതേ നാണയത്തിൽ തിരിച്ചടിക്കാൻ കഴിയുന്ന നേതാവായി ഡികെ മാറിക്കഴിഞ്ഞു. 56 വയസു മാത്രമുള്ള അദ്ദേഹത്തിൽ ഭാവിക കർണാടക മുഖ്യമന്ത്രിയെ ആളുകൾ കാണുന്നുണ്ട്.

ഡി.കെ. എന്ന പേര് കോൺഗ്രസ് അണികൾക്കിടയിൽ ആദ്യം ചർച്ചയാകുന്നത് ഗുജറാത്ത് രാജ്യസഭ തെരഞ്ഞടുപ്പ് കാലത്താണ്. അന്ന് അഹമ്മദ് പട്ടേലിനെ തോല്പിക്കാൻ കോൺഗ്രസ് എംഎൽഎമാരെ ചാക്കിട്ടു പിടിക്കാൻ കോടികളുമായി ബിജെപി പാഞ്ഞു നടന്നപ്പോൾ രക്ഷകനായത് ശിവകുമാറായിരുന്നു. അന്ന് എംഎൽഎമാരെ രാത്രി ഗുജറാത്തിൽ നിന്ന് എംഎൽഎമാരെ ബംഗളൂരുവിൽ എത്തിച്ചു. സംസ്ഥാനത്തിന്റെ ചുമതലയുണ്ടായിരുന്ന അശോക് ഗെലോട്ട് നേരിട്ട് സിദ്ധരാമയ്യയെ വിളിക്കുന്നു. അദ്ദേഹം കർണാടകത്തിൽ താവളം വാഗ്ദാനം ചെയ്തു. സിദ്ധു ആ ദൗത്യം ഏൽപിച്ചത് ഊർജമന്ത്രിയായ ഡി.കെയായിരുന്നു.

റിസോർട്ട് രാഷ്ട്രീയത്തിന്റെ എപ്പിസോഡ് കർണാടകത്തിൽ അരങ്ങേറുന്നു. സഹോദരനും ബെംഗളൂരു റൂറൽ എംപിയുമായ ഡി.കെ സുരേഷിനോട് എംഎൽഎമാരെ റിസോർട്ടിലേക്ക് എത്തിക്കാനുള്ള ചുമതല ഡി.കെ ഏൽപിച്ചു. അങ്ങനെ എംഎൽഎമാരെ ഇപ്പോൾ റിസോർട്ട് രാഷ്ട്രീയത്തിൽ കണ്ട അതേ ഈഗിൾട്ടൺ റിസോർട്ടിലേക്ക് മാറ്റി. വൈകാതെ സംരക്ഷണ ദൗത്യം ഡി.കെ നേരിട്ട് ഏറ്റെടുത്തു. വോട്ടെടുപ്പ് വേളയിൽ സസ്പെൻസിനൊടുവിൽ അഹമ്മദ് പട്ടേൽ ജയിച്ചു കയറി. കർണാടകയിലെത്തിയ എംഎൽഎമാരെ പാട്ടിലാക്കാൻ ബിജെപി പഠിച്ച പണി പതിനെട്ടും നടത്തിയിട്ടും ശിവകുമാറിന് മുന്നിൽ പിടിച്ചു നിൽക്കാൻ അവർക്കായില്ല. അന്ന് അഹമ്മദ് പട്ടേൽ ജയിച്ചതിന്റെ ക്ഷീണം ബിജെപി തീർത്തത് എൻഫോഴ്സ്മെന്റ് റെയ്ഡിലൂടെയായിരുന്നു. മണിക്കൂറുകൾക്കുള്ളിലായിരുന്നു ഡികെയുടെ വസതികളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടന്നത്. ഇത്തവണയും റിസോർട്ട് രാഷ് ട്രീയത്തിനായി ചുക്കാൻ പിടിച്ചതും ഡി.കെയായിരുന്നു.

കോൺഗ്രസിൽ നിന്ന് ആളെ അടർത്തിയെടുത്താൽ തങ്ങളും അത് പയറ്റുമെന്ന പറയാനും അദ്ദേഹത്തിന് മടിയുണ്ടായില്ല, അത്രയ്ക്കു ശക്തനാണ് ഡികെ എന്ന് അണികൾ വിളിക്കുന്ന ഈ അൻപത്താറുകാരൻ. കർണാടകയിലെ കോളജുകളും ഹോട്ടലുകളും ഖനികളുമടക്കം കോടിക്കണക്കിന് രൂപയുടെ സമ്പാദ്യമാണ് ഡികെയ്ക്കുള്ളത്. ഡികെയുടെ ആൾബലവും തന്ത്രങ്ങളുമായിരുന്നു ഇത്തവണയും കോൺഗ്രസിന് തുണയായി മാറിയത്. ബിജെപിയിലേക്ക് ആളുകൾ കൊഴിയാതെ കാത്തത്. സുരക്ഷിത കേന്ദ്രങ്ങളിലേക്ക് എംഎൽഎമാരെ മാറ്റാനുള്ള ദൗത്യം അദ്ദേഹം ഏറ്റെടുത്ത് വിജയിപ്പിച്ചു.

ഒരു ഘട്ടത്തിൽ ബിജെപിയിലെ ആറ് എംഎൽഎമാരുമായി അദ്ദേഹം ചർച്ചനടത്തിയതായി പോലും വാർത്തകൾ വന്നു. ഡി.കെ സുരേഷും ഡി.കെ ശിവകുമാറും നയിച്ച റിസോർട്ട് നാടകത്തിൽ എംഎൽഎമാരുടെ പട്ടികയുമായി വിധാൻസൗധയിൽ നിന്ന് ഈഗിൾട്ടണിലേക്കും അവിടെ നിന്ന് നേരെ ഹൈദരബാദിലേക്കും തിരിച്ച് വിശ്വാസ വോട്ടിനായി നിയമസഭയിലേക്കും നീണ്ട നാടകത്തിൽ ആദ്യവസാനം മാധ്യമങ്ങൾക്ക് അപ്ഡേറ്റുകൾ നൽകിയതും തന്ത്രങ്ങൾ ഒരുക്കിയതും ഡികെയായിരുന്നു.

കാലങ്ങളായി തന്നെ ഡികെ കോൺഗ്രസ് രാഷ്ട്രീയത്തിലുണ്ട്. ഡി.കെ. രാഷ്ട്രീയത്തിൽ മത്സരിക്കാനിറങ്ങുന്നത് 1985ൽ ആണ്. അന്ന് സന്തനൂർ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് ജനവിധി തേടുമ്പോൾ എതിരാളി മുൻപ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ. ശക്തമായ പോരാട്ടത്തിനൊടുവിൽ ഡി.കെ. തോറ്റു. എന്നാൽ ഗൗഡ ലോക്സഭയിലേക്ക് മത്സരിക്കാൻ രാജിവച്ചതോടെ ശിവകുമാർ ഉപതെരഞ്ഞെടുപ്പിൽ ഇവിടെ നിന്ന് ജയിച്ചുകയറി. പിന്നീട് പിടിച്ചാൽ കിട്ടാതെ പറക്കുന്ന നേതാവായി വളരുന്നതാണ് കണ്ടത്. 1989ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ വീണ്ടും ഗൗഡയ്ക്കെതിരേ മത്സരിച്ചു. ഇത്തവണയും തോൽവിയായിരുന്നു ഫലം. പക്ഷേ പാർട്ടിയിൽ ശക്തനാകാൻ അദേഹത്തിനായി. 94ലെ തെരഞ്ഞെടുപ്പിൽ എച്ച്.ഡി കുമാരസ്വാമിയോട് തോറ്റെങ്കിലും ബെംഗളൂരു മേഖലയിൽ കുടുതൽ കരുത്തനാകാൻ ശിവകുമാറിനായി.

2013ൽ ഒരുലക്ഷത്തിലേറെ വോട്ടിന് കനകപുരയിൽ നിന്ന് ജയിച്ച് മന്ത്രിയായി. സിദ്ധരാമയ്യ കഴിഞ്ഞാൽ കോൺഗ്രസിലെ രണ്ടാമനാണ് ശിവകുമാർ. സ്വന്തം ബിസിനസ് സ്ഥാപനങ്ങളിലും ബന്ധുക്കളുടെ വീടുകളിലും അടിക്കടി റെയ്ഡുകൾ നടത്തിയെങ്കിലും കുലുങ്ങിയില്ല ഡി.കെ. ഇത്തവണ ബിജെപി ചാക്കിട്ടു പിടുത്തവുമായി ഇറങ്ങിയപ്പോൾ സിദ്ധരാമയ്യ പോലും ഒന്നു വിരണ്ടു. എന്നാൽ കോൺഗ്രസിന്റെ രക്ഷക റോളിലേക്ക് ഡികെ വരുന്നതാണ് പിന്നെ കണ്ടത്. സാമ്പത്തികവും രാഷ്ട്രീയവുമായി ബിജെപിക്ക് തിരിച്ചടി നല്കിയ ഡി.കെയെ ഉന്നം പിഴക്കാത്ത ഷാർപ്പ് ഷൂട്ടറായി കോൺഗ്രസ് നേതൃത്വം വിലയിരുത്തി കഴിഞ്ഞു. അദ്ദേഹം ദേശീയ രാഷ്ട്രീയത്തിലും കിങ് മേക്കറായി മാറുമെന്ന് കരുതുന്നവർ ഏറെയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP