Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇത്ര വലിയ മനുഷ്യനാണോ പട്ടേൽ? എന്തിനാണ് സംഘപരിവാർ അവരുടെ എല്ലാ പ്രതീക്ഷകളും കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗവും കോൺഗ്രസ് മന്ത്രിസഭയിലെ ഡെപ്യൂട്ടി പ്രധാനമന്ത്രിയായിരുന്ന വ്യക്തിയുടെ മേൽ ചൊരിയുന്നത്; നെഹ്‌റുവെന്നാൽ വിഷമെന്നും പട്ടേൽ എന്നാൽ അമൃതെന്നുമുള്ള സരളമായ ഇക്വേഷനാണ് അവർ അവതരിപ്പിക്കുന്നത്; പട്ടേൽ പ്രതിമയുടെ രാഷ്ട്രീയം വ്യക്തമാക്കിയുള്ള സി. രവിചന്ദ്രന്റെ പ്രസംഗം വൈറൽ

ഇത്ര വലിയ മനുഷ്യനാണോ പട്ടേൽ? എന്തിനാണ് സംഘപരിവാർ അവരുടെ എല്ലാ പ്രതീക്ഷകളും കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗവും കോൺഗ്രസ് മന്ത്രിസഭയിലെ ഡെപ്യൂട്ടി പ്രധാനമന്ത്രിയായിരുന്ന വ്യക്തിയുടെ മേൽ ചൊരിയുന്നത്; നെഹ്‌റുവെന്നാൽ വിഷമെന്നും പട്ടേൽ എന്നാൽ അമൃതെന്നുമുള്ള സരളമായ ഇക്വേഷനാണ് അവർ അവതരിപ്പിക്കുന്നത്; പട്ടേൽ പ്രതിമയുടെ രാഷ്ട്രീയം വ്യക്തമാക്കിയുള്ള സി. രവിചന്ദ്രന്റെ പ്രസംഗം വൈറൽ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗവും കോൺഗ്രസ് മന്ത്രിസഭയിലെ ഡെപ്യൂട്ടി പ്രധാനമന്ത്രിയായിരുന്ന സർദാർ വല്ലഭായ് പട്ടേലിന്റെ മേൽ എന്തിനാണ് സംഘപരിവാർ ഇത്രയേറെ പ്രതീക്ഷകൾ ചൊരിയുന്നത് എന്നത് നിഷ്പക്ഷമതികളായ ആളുകൾ പലപ്പോഴും ചോദിക്കുന്നതാണ്. ഒരു കോൺഗ്രസ് നേതാവിനെ കൊണ്ട് ബിജെപിക്ക് എന്താണ് കാര്യം. ഇതിന്റെ കാര്യകാരണങ്ങൾ വ്യക്തമാക്കുകയാണ് എഴുത്തുകാരനും സ്വതന്ത്ര ചിന്തകനും പ്രഭാഷകനുമായ സി രവിചന്ദ്രൻ. നെഹ്‌റുവെന്നാൽ വിഷമെന്നും പട്ടേൽ എന്നാൽ അമൃതെന്നുമുള്ള സരളമായ ഇക്വേഷനാണ് അവർ അവതരിപ്പിക്കുന്നതെന്നും നെഹ്‌റുവാണ് ഈ വിഷയത്തിലെ യഥാർഥ ലക്ഷ്യമെന്നും വെളിപ്പെടുത്തുന്ന രവിചന്ദ്രന്റെ വീഡിയോ നവമാധ്യമങ്ങളിൽ വൈറൽ ആവുകയാണ്.

സി രവിചന്ദ്രന്റെ പ്രസംഗത്തിന്റെ പൂർണരൂപം ഇങ്ങനെയാണ്:

'3000കോടി രൂപയുടെ പ്രതിമയാണ്. ഗുജറാത്തിന്റെ ഏറ്റവും വലിയ പ്രിയ പുത്രനാണ് പട്ടേലെന്ന് മോദി പറയുമ്പോൾ അവിടൊരു തെറ്റുണ്ട്. കാര്യം ഗുജറാത്ത് കണ്ട ഏറ്റവും വലിയ നേതാവ് മഹാത്മാ ഗാന്ധിയാണ്. മഹാത്മാ ഗാന്ധിയുടെ ഇത്രയും വലിയ പ്രതിമ സംഘപരിവാറോ കോൺഗ്രസോ ഒന്നും നിർമ്മിച്ചിട്ടില്ല. സംഘപരിവാറിന് ഒരുപാട് നേതാക്കളുണ്ടല്ലോ. പഴയ നേതാക്കളും പുതിയ നേതാക്കളും ഒക്കെ. ഇവരുടെ ആരുടെയെങ്കിലുമൊക്കെ ഇത്രയും വലിയ പ്രതിമ കണ്ടിട്ടുണ്ടോ. അമേരിക്കയിലെ ലേഡി ഓഫ് ലിബേർട്ടിയുടെ പൊക്കം 93 മീറ്റർ മാത്രമാണ്. 184 മീറ്റർ പൊക്കമാണ് പട്ടേലിന്റെ പ്രതിമക്ക്.

ഇത്ര വലിയ മനുഷ്യനാണോ പട്ടേൽ. എന്തിനാണ് സംഘപരിവാർ അവരുടെ എല്ലാ പ്രതീക്ഷകളും ഒരു കോൺഗ്രസ് വർക്കിങ് കമ്മറ്റി മെമ്പറും കോൺഗ്രസ് മന്ത്രി സഭയിലെ ഡെപ്യൂട്ടി പ്രധാനമന്ത്രിയായിരുന്ന വ്യക്തിയുടെ മേൽ ചൊരിയുന്നത് എന്ന് ചിന്തിക്കണം. ഇവിടയാണ് കൃത്യമായി പശുവിന്റെ രാഷ്ട്രീയം ഞാൻ പറയാൻ ആഗ്രഹിക്കുന്നത്. നെഹ്‌റുവിന്റെ സർക്കാർ അധികാരത്തിൽ വന്ന് ആദ്യഘട്ടത്തിൽ തന്നെ പശു വധ നിരോധനം നടപ്പിലാക്കണമെന്ന തരത്തിലുള്ള മുറവിളി കൂടി. ഗാന്ധിക്ക് അവസാനം മനസിലായി കാര്യം മനസ്സിലായി. ഗാന്ധി പറഞ്ഞു. പശുവിന്റെ വധം നിരോധിക്കണം, പക്ഷേ അത് മുസ്ലിം സഹോദരന്മാർ കൂടി സഹകരിച്ച് വേണം ചെയ്യാൻ. അങ്ങനെയാണേൽ പിന്നെ പ്രശ്‌നമില്ല. നിങ്ങളും അവരും സഹകരിച്ചാൽ ബാക്കിയുള്ളവർ എന്ത്. മുസ്ലീങ്ങൾ സവർണ വിഭാഗങ്ങളുടെ കൂടെ സഹകരിക്കുമ്പോൾ ബാക്കി മനുഷ്യരുടെ അഭിപ്രായത്തിന് ഒരു വിലയും ഇല്ലല്ലോ. അതാണ് മതാധിപത്യത്തിന്റെ ഗുണം.

അങ്ങനെയാണ് ഗാന്ധി കരുതിയിരുന്നത്. ഗാന്ധിയുടെ പശുവിൽ നിന്ന് സംഘപരിവാറിന്റെ പശുവിലേക്ക് ഒരുപാട് ദൂരമുണ്ട്. നിർബന്ധമായിട്ട് നിരോധനം ഏർപ്പെടുത്താൻ കഴിയില്ലെന്ന് ഗാന്ധി പറഞ്ഞിട്ടുണ്ട്. പക്ഷേ അത് ഗാന്ധി ആഗ്രഹിച്ചിരുന്നു. ഉള്ളിന്റെ ഉള്ളിൽ അത് നടപ്പിലാക്കണമെന്ന്. നെഹ്‌റു തന്ത്രശാലിയായിട്ടുള്ള ഒരു പൊളിറ്റീഷ്യൻ കൂടിയാണ്. നെഹ്‌റുവിന്റെ വളരെ വ്യക്തമായിട്ടുള്ള കോൺട്രിബ്യൂഷൻസ് ഇന്ത്യയ്ക്ക് ഉണ്ടായിട്ടുണ്ടെന്നുള്ള കാര്യത്തിൽ സംശയമില്ല. അൺഫിൽട്ടേഡ് ഫ്രീഡം ഓഫ് എക്സ്‌പ്രഷൻ എടുത്തുകളയുന്ന ആദ്യത്തെ ഭരണഘടനാ ഭേദഗതി കൊണ്ടു വരുന്നത് നെഹ്‌റുവിന്റെ കാലഘട്ടത്തിലാണ്. നെഹ്‌റുവിന്റെ അങ്ങനത്തെ ഒരുപാട് കാര്യങ്ങളുണ്ട്. നെഹ്‌റു ഒരു സംഭവം തന്നെയാണ്. സംശയമില്ല.

മഹാവീർ ത്യാഗിയെന്ന ആര്യ സമാജത്തിന്റെ നേതാവാണ് ആദ്യമായിട്ട് സമ്പൂർണ പശു വധം ഇന്ത്യയിൽ കൊണ്ടുവരണം എന്ന് പറഞ്ഞ് ബിൽ കൊണ്ടുവരുന്നത്. പക്ഷേ മഹാവീർ ത്യാഗിക്ക് ആ ബിൽ വോട്ടിനിടാൻ പോലും കഴിഞ്ഞില്ല. കാരണം നെഹ്‌റു കോൺഗ്രസിൽ പറഞ്ഞു നിങ്ങൾ ഈ ബില്ല് വോട്ടിനിടുകയാണെങ്കിൽ ഞാൻ രാജിവയ്ക്കും.

നെഹ്‌റുവിന്റെ ആദ്യത്തെ രാജി നാടകം. ഗാന്ധിയുടെ മുൻപിൽ വച്ച് പശുവിനെ പ്രകീർത്തിച്ചുകൊണ്ടിരുന്നയാളാണ് നെഹ്‌റു. ആദ്യമായി ഒരു പശുവധ നിരോധന നിയമം ഇന്ത്യയിൽ വരുമെന്ന് പറഞ്ഞപ്പോൾ നെഹ്‌റു പറഞ്ഞു സമ്മതിക്കില്ല ഞാൻ. ഒരു മനുഷ്യനങ്ങനെ നിൽക്കുകയാണ്, സമ്മതിക്കില്ല എന്ന് പറഞ്ഞ്.

പിന്നെ 52 ലാണ് വരുന്നത്. സേട്ട് ഗോവിന്ദ് സിങ് എന്ന് പറയുന്ന ഭരണഘടനാ നിർമ്മാണ കമ്മിറ്റിയിൽ പശുവിന് വേണ്ടി ഘോരഘോരം വാദിച്ചുകൊണ്ടിരുന്ന സേട്ട് ഗോവിന്ദ് സിങ് ബിൽ അവതരിപ്പിക്കുന്നു. ചർച്ച നടക്കുന്നു. പത്തു പേരുപോലുമില്ല പശുവിന് വേണ്ടി സംസാരിക്കാൻ. വോട്ടിനിടുമെന്ന് പറയുന്നു. നെഹ്‌റു പറഞ്ഞു ഇത് വോട്ടിനിട്ടാൽ ഞാൻ രാജി വെക്കും. രണ്ടാമത് പറഞ്ഞത് ഇത് പാസായാൽ ഞാൻ രാജിവെക്കും എന്ന്. അപ്പോഴത്തേക്കും എല്ലാവരും അസ്വസ്ഥരായി. ഈ പത്തു പേരെന്നുള്ള ഇക്വേഷൻസ് മാറി. വോട്ടിനിട്ടു ഇത് പരാജയപ്പെട്ടു. വലതു പക്ഷക്കാർ പറയാറുണ്ട്.

അന്ന് നെഹ്‌റുവിന്റെ ഭീഷണിയില്ലായിരുന്നുവെങ്കിൽ അന്നേ മുഴുവൻ പശുവിനെ സംരക്ഷിക്കുമായിരുന്നു. 52ലെ കഥയാണിത്. പിന്നീട് നെഹ്‌റു രാജി ഭീഷണി മുഴക്കുന്നത് 58 ലാണ്. അന്ന് അദ്ദേഹം ഉന്നയിച്ച കാര്യം ഞാൻ പ്രധാനമന്ത്രിയായി കുറേ നാളായി. എനിക്ക് സമാധാനം വേണം സ്വസ്ഥത വേണം, പോയി ചിന്തിക്കണം എഴുതണം എന്നൊക്കെയാണ് പറഞ്ഞത്. വ്യക്തമായ കാരണം ആർക്കും അറിയില്ല. അന്ന് രാജി ഭീഷണി മുഴക്കിയപ്പോൾ അദ്ദേഹത്തിന്റെ ഓഫീസിലേക്ക് കോൺഗ്രസ് അംഗങ്ങൾ ലാൽ ബഹദൂർ ശാസ്ത്രി ഉൾപ്പടെ കണ്ണീരുമായി ചെന്ന് പറയുകയായിരുന്നു നെഹ്‌റു നിങ്ങൾ പിന്മാറണം.

നെഹറു എന്നാൽ ഇന്ത്യ എന്നൊരു സമവാക്യം അന്നുണ്ടായിരുന്നു. പിന്നീട് ഇന്ദിര എന്നാൽ ഇന്ത്യ എന്ന സമവാക്യമായി. ആദ്യമായിട്ട് നെഹറു കോൺഗ്രസ് പാർലമെന്ററി പാർട്ടിയിൽ ഒരു പ്രസ്താവന എഴുതി വായിക്കുന്നു. 'അയാം ഗോയിങ് ടു റിസൈൻ. ഐ ഡോണ്ട് വോണ്ട് ടു കണ്ടിന്യു ബിക്കോസ് ഓഫ് വേരിയസ് റീസൺസ്. ദാറ്റ് ഐ ഡോണ്ട് വാണ്ടഡ് ടു ഡിസ്‌ക്ലോസ്.'- എനിക്ക് അത് പറയാൻ താൽപര്യമില്ല പക്ഷേ എനിക്ക് അവധി തരണം. അവസാനം എല്ലാവരുടേയും സമ്മർദ്ദത്തിന് വഴങ്ങി നെഹ്‌റു പിന്മാറുന്നു. മണാലിയിലേക്ക് ഒരു രണ്ട് മാസം വിശ്രമം. എന്തിനാണ് അദ്ദേഹം അങ്ങനെയൊരു ഭീഷണി മുഴക്കിയതെന്ന് ഇന്നും അറിയില്ല. പലരും പല കാരണങ്ങൾ പറയുന്നുണ്ട്. ചിലർ പറയുന്നു അദ്ദേഹത്തിന്റെ രോഗം ചികിത്സിക്കാൻ അദ്ദേഹം പോകുകയാണെന്ന്. സംഘപരിവാറിനെ സംബന്ധിച്ചിടത്തോളം നെഹ്‌റുവെന്ന് പറയുന്നത് ഇന്ത്യയുടെ എല്ലാ ദുരിതങ്ങൾക്കും എല്ലാ അപമാനങ്ങൾക്കും എല്ലാ പിന്നോക്കാവസ്ഥയ്ക്കും കാരണക്കാരനായ ഏക വ്യക്തിയെന്ന് പറയുന്നതാണ് നെഹ്‌റു.

ഇൻഡോ ആഫ്രോ സമ്മിറ്റ് ഡൽഹിയിൽ നടന്നു. മോദിയാണ് വിളിച്ച് വരുത്തിയത്. സുഷമ സ്വരാജ് അടുത്തിരിപ്പുണ്ട്. നെഹ്‌റുവിനെ കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ലല്ലോ. ഒറ്റയക്ഷരം പറയുന്നില്ല. അവസാനം എന്ത് സംഭവിച്ചു. മോദിക്ക് ഇറങ്ങി പോകേണ്ടി വന്നു. ദക്ഷിണാഫ്രിക്കൻ പ്രസിഡന്റും സിംബാവേ പ്രസിഡന്റ് റോബർട്ട് മുഗാബേയുമൊക്കെ പറഞ്ഞു, ഇന്ത്യയും ആഫ്രിക്കയുമായിട്ടുള്ള ടൈ അപ്പ് തുടങ്ങി വച്ചത് നെഹ്‌റുവും പിന്നീട് ഇന്ദിരയുമാണ്. ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റ് നിരന്തരം വന്നു പറഞ്ഞു നെഹ്‌റുവാണ് ഇത് സാധ്യമാക്കിയത്. മോദി ഇറങ്ങിപ്പോയി എന്നാണ് പത്രത്തിൽ കണ്ടത്. നെഹ്‌റുവിന്റെ ഓർമ്മകളും അദ്ദേഹത്തിന്റെ സാന്നിധ്യവും അദ്ദേഹത്തിന്റെ സ്മരണകളും മുഴുവൻ രാഷ്ട്ര ശരീരത്തിൽ നിന്നും തിരസ്‌കരിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. നെഹ്‌റുവെന്നാൽ വിഷമെന്നും പട്ടേൽ എന്നാൽ അമൃതെന്നുമുള്ള സരളമായ ഇക്വേഷനാണ് അവർ അവതരിപ്പിക്കുന്നത്. 58ൽ നെഹ്‌റു രാജി ഭീഷണി മുഴക്കിയതിന് പലകാരണങ്ങളുണ്ടെങ്കിലും അതിൽ ഒരു കാരണമായി പറയുന്നത് കോൺഗ്രസിലെ പശുപക്ഷവാദികളെ നിലയ്ക്ക് നിറുത്താനാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP