Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഒരു രോഗത്തിന് ചികിൽസിച്ച് ഇൻഷുറൻസ് തുക തീർന്നശേഷം മറ്റൊരു രോഗം വന്നാൽ 200 ശതമാനം കൂടി നൽകുമെന്ന് പരസ്യവാചകം; വാക്ക് കേട്ട് വിശ്വസിച്ച് പോളിസി എടുത്തവർക്ക് റിസ്റ്റോറേഷൻ ആനുകൂല്യം നൽകാതെ കമ്പനിയുടെ തട്ടിപ്പ്; ആനുകൂല്യം നിഷേധിക്കപ്പെട്ട തൃശൂരിലെ വീട്ടമ്മ വെന്റിലേറ്ററിൽ മരണത്തോട് മല്ലിടുമ്പോഴും കുലുക്കമില്ലാതെ കമ്പനി; പരാതിയുമായി ഓബുഡ്സ്മാന്റെ കാരുണ്യത്തിന് കയറി ഇറങ്ങി ബന്ധുക്കളും; സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് കമ്പനിക്കെതിരെ ഉയരുന്നത് ഗുരുതര ആരോപണം

ഒരു രോഗത്തിന് ചികിൽസിച്ച് ഇൻഷുറൻസ് തുക തീർന്നശേഷം മറ്റൊരു രോഗം വന്നാൽ 200 ശതമാനം കൂടി നൽകുമെന്ന് പരസ്യവാചകം; വാക്ക് കേട്ട് വിശ്വസിച്ച് പോളിസി എടുത്തവർക്ക് റിസ്റ്റോറേഷൻ ആനുകൂല്യം നൽകാതെ കമ്പനിയുടെ തട്ടിപ്പ്; ആനുകൂല്യം നിഷേധിക്കപ്പെട്ട തൃശൂരിലെ വീട്ടമ്മ വെന്റിലേറ്ററിൽ മരണത്തോട് മല്ലിടുമ്പോഴും കുലുക്കമില്ലാതെ കമ്പനി; പരാതിയുമായി ഓബുഡ്സ്മാന്റെ കാരുണ്യത്തിന് കയറി ഇറങ്ങി ബന്ധുക്കളും; സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് കമ്പനിക്കെതിരെ ഉയരുന്നത് ഗുരുതര ആരോപണം

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് കമ്പനിയുടെ റിസ്റ്റോറേഷൻ വാഗ്ദാനം തട്ടിപ്പോ? പോളിസി ഉടമ ഇൻഷൂർ ചെയ്ത തുക തീർന്നാൽ ഇൻഷൂർ ചെയ്ത തുകയുടെ ഇരുന്നൂറ് ശതമാനം പോളിസി ഉടമയ്ക്ക് അനുവദിച്ചുകൊടുക്കുന്ന പദ്ധതിയാണ് റിസ്റ്റോറേഷൻ പദ്ധതി. മറ്റു ഇൻഷുറൻസ് കമ്പനികളിൽ നിന്ന് വ്യത്യസ്തമായ ഈ ആകർഷണം ജനങ്ങളിൽ വിശ്വസിപ്പിച്ചുകൊണ്ടാണ് സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് കമ്പനി രാജ്യത്ത് ലക്ഷക്കണക്കിന്നു പോളിസി ഉടമകളെ സ്വന്തമാക്കിയത്. എന്നാൽ ഈ പദ്ധതി സംവിധാനത്തിലൂടെ പണം കിട്ടിയ പോളിസി ഉടമകൾ വളരെ വിരളം. സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് കമ്പനിയുടെ റിസ്റ്റോറേഷൻ തട്ടിപ്പ് പുറത്ത്.

പല ആശുപത്രികളിലെ ഇൻഷുറൻസ് വിഭാഗം കൈകാര്യം ചെയ്യുന്നവർക്ക് പോലും ഇത്തരത്തിൽ ഒരു പദ്ധതി വഴി പണം കൊടുത്ത ഉദാഹരണങ്ങൾ കാണിക്കാനില്ല. മറുനാടന്റെ അന്വേഷണത്തിൽ നിന്ന് വ്യക്തമാവുന്നത് ഈ പദ്ധതി ഒരു മോഹന വാഗ്ദാനം മാത്രമാണെന്നും മനുഷ്യജീവനെ അപകടപ്പെടുത്തികൊണ്ടുള്ള തട്ടിപ്പാണെന്നുമാണ്. തൃശൂർ ജില്ലയിലെ കരാഞ്ചിറയിലെ ഒരു വീട്ടമ്മയ്ക്ക് സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് കമ്പനിയുടെ റിസ്റ്റോറേഷൻ വാഗ്ദാനം നിഷേധിച്ചതോടെയാണ് കമ്പനിയുടെ തട്ടിപ്പ് പുറത്തായത്. 2018 ഓഗസ്റ്റ് മാസം 19-നാണ് സ്ഥലത്തെ സാമൂഹ്യ പ്രവർത്തകയായ ജീനി ജോസ് എന്ന വീട്ടമ്മക്ക് മസ്തിഷ്‌ക ആഘാതമുണ്ടാവുന്നത്. വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളിലും ഈ വീട്ടമ്മ സജീവമായിരുന്നു എന്ന് തദ്ദേശ ഭരണകൂടവും നാട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു.

രാജ്യം വെള്ളപ്പൊക്ക ക്കെടുതിയിൽ ശ്വാസം മുട്ടിക്കഴിയുമ്പോഴായിരുന്നു ഈ വീട്ടമ്മക്ക് ദുരന്തം സംഭവിച്ചത്. അതുകൊണ്ടുതന്നെ ജില്ല വിട്ടുകൊണ്ടുള്ള ഒരു സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്കും ഈ വീട്ടമ്മയെ കൊണ്ടുപോകാനായില്ല. അങ്ങനെയാണ് തൃശൂരിലെ ഹാർട്ട് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്. മസ്തിഷ്‌ക ആഘാതത്തിൽ തന്നെ ഗൗരവമുള്ള പോണ്ടയിൻ ഹേമറേജ് (Pontine haemorrhage) ആയിരുന്നെന്ന് ഇവിടുത്തെ ഡോക്ടർ രേഖപ്പെടുത്തി ചികിത്സ ആരംഭിച്ചിരുന്നു. സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് കമ്പനിയുടെ പോളിസി ഉടമയായിരുന്നു വീട്ടമ്മ. എന്നാൽ ഇൻഷുറൻസ് പരിരക്ഷയ്ക്ക് വേണ്ടി സമീപിച്ചപ്പോൾ കമ്പനി ഇൻഷുറൻസ് പരിരക്ഷ പ്രഥമദൃഷ്ട്യാ തന്നെ നിഷേധിച്ചു. പിന്നീട് ഏറെ എഴുത്തുകുത്തുകൾക്ക് ശേഷമാണ് ഇൻഷുറൻസ് പരിരക്ഷ ലഭിച്ചത്. വെള്ളപ്പൊക്ക ദുരിതാശ്വാസ സഹായത്തിനുവേണ്ടിയും ഈ വീട്ടമ്മ അപേക്ഷ സമർപ്പിച്ചുകൊണ്ട് കാത്തിരിക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. ഫയൽ ഇപ്പോഴും റവന്യു ഇൻസ്‌പെക്ടറുടെ മേശപ്പുറത്താണെന്ന് എസ്സെമ്മസ് സന്ദേശം ലഭിച്ചിട്ടും ആഴ്ചകളായി.

മസ്തിഷ്‌ക ആഘാതത്തിൽ നിന്ന് ഭാഗിഗമായി രക്ഷപ്പെട്ട വീട്ടമ്മയെ പിന്നീട് തൃശൂർ ഹാർട്ട് ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ചെയ്‌തെങ്കിലും നേഴ്‌സിങ് ശുശ്രൂഷക്കായ് വീടിനടുത്തുള്ള ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ വച്ച് കടുത്ത പനി ബാധിച്ച വീട്ടമ്മയെ പിന്നീട് കൊച്ചിയിലെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അമൃതയിലെ ഒരുമാസത്തെ ചികിത്സക്ക് ശേഷം വീണ്ടും സൗകര്യപൂർവ്വം വീടിനടുത്തുള്ള ഹാർട്ട് ഹോസ്പിറ്റലിലേക്ക് പൂർണ്ണമായും സുഖപ്പെടുത്തുന്നതിനായി പ്രവേശിപ്പിക്കുകയാണുണ്ടായത്. നേരത്തെ വീട്ടമ്മയെ ചികിത്സിച്ച അതെ ഡോക്ടർ തന്നെയാണ് തൃശൂർ ഹാർട്ട് ഹോസ്പിറ്റലിൽ ചികിൽസിച്ചത്. ചികിത്സയുടെ ആദ്യനാളുകളിൽ തന്നെ വീട്ടമ്മക്ക് ശ്വാസകോശ സംബന്ധമായ ഒരു പുതിയ രോഗം കണ്ടെത്തുകയായിരുന്നു. ഡോക്ടറുടെ സാക്ഷ്യപത്രത്തിൽ പറയുന്നത് പ്ല്യുറൽ എഫ്ഫ്യുഷ്ൻ (Pleural Effusion) എന്നാണ്. ഇതിനിടെ അമൃത ആശുപത്രിയിൽ വച്ചുതന്നെ വീട്ടമ്മയുടെ ഇൻഷുറൻസ് പരിരക്ഷാ തുകയായ അഞ്ചു ലക്ഷവും തീർന്നിരുന്നതായി സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് കമ്പനിയുടെ അറിയിപ്പ് ലഭിച്ചിരുന്നു.

എന്നാൽ വീട്ടമ്മക്ക് കമ്പനിയുടെ റിസ്റ്റോറേഷൻ പദ്ധതി അനുസരിച്ചുള്ള പത്തു ലക്ഷം രൂപയ്ക്കുള്ള അർഹത ഉണ്ടെന്ന് തൃശൂരിലെ സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് കമ്പനിയുടെ ഉദ്യോഗസ്ഥർ പറഞ്ഞതിനെതുടർന്ന് വീട്ടമ്മയുടെ ബന്ധുക്കൾ കമ്പനിയെ സമീപിക്കുകയായിരുന്നു. കമ്പനിയുടെ ചെന്നൈയിലേയും തിരുവനന്തപുരത്തെയും തൃശൂരിലെയും ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടപ്പോൾ റിസ്റ്റോറേഷൻ പദ്ധതിക്കുവേണ്ടി പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ലെന്നും അതൊക്കെ ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ ലഭിക്കുമെന്നും ഉറപ്പു നൽകുകയുണ്ടായി. കമ്പനിയുടെ വെബ്‌സൈറ്റിലും പറയുന്നത് ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ റിസ്റ്റോറേഷൻ നടപ്പിലാവുമെന്നുതന്നെയാണ്.

സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് കമ്പനിയുടെ ഉദ്യോഗസ്ഥരുടെ വാക്ക് വിശ്വസിച്ചുകൊണ്ട് ബന്ധുക്കൾ തൃശൂർ ഹാർട്ട് ഹോസ്പിറ്റലിൽ ചികിത്സ തുടർന്നു. പിന്നീടാണ് കമ്പനി ലക്ഷങ്ങളുടെ ചികിത്സാ ചെലവിന്റെ ബില്ലുകൾ അംഗീകരിക്കാതെ വീട്ടമ്മക്ക് റിസ്റ്റോറേഷൻ ആനുകൂല്യം നിഷേധിച്ചത്. സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് കമ്പനിയുടെ കൊടും ചതിയെ വെല്ലുവിളിച്ചുകൊണ്ട് പിന്നീട് വീട്ടമ്മയുടെയും ബന്ധുക്കളുടെയും ഫേസ് ബുക്ക് കൂട്ടായ്മ വഴിയാണ് നിരാലംബയായ വീട്ടമ്മയുടെ ചികിത്സ ഇപ്പോൾ നടന്നുപോകുന്നത്.

എന്താണ് സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് കമ്പനിയുടെ റിസ്റ്റോറേഷൻ തട്ടിപ്പ്

ഈ പദ്ധതി പ്രകാരം പോളിസി ഉടമ ഏതെങ്കിലും ഒരു ചികിത്സക്ക് ഇൻഷുറൻസ് പരിരക്ഷ ഉപയോഗപ്പെടുത്തുകയും ആ തുക ആ ചികിത്സക്കായ് പൂർണ്ണമായും വിനിയോഗിക്കപ്പെട്ടതിനുശേഷം പോളിസി ഉടമയ്ക്ക് മറ്റൊരു രോഗം അതായത് നേരത്തെ ഉള്ള രോഗവുമായി തീരെ ബന്ധമില്ലാത്ത മറ്റൊരു രോഗം വന്നാൽ ആയതിന്റെ ചികിത്സാർത്ഥം ഇൻഷുറൻസ് പരിരക്ഷാ തുകയുടെ ഇരുന്നൂറു ഇരട്ടി തുക പുനരുജ്ജീവനമായി (Restoration) അനുവദിക്കും. രോഗങ്ങൾ എല്ലാംതന്നെ ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ടുള്ളവയാണെന്ന സാധാരണ വൈദ്യശാസ്ത്ര ബോധം നിലനിൽക്കുമ്പോഴാണ് ഈ പൊള്ളയായ ആനുകൂല്യം എന്നതും ശ്രദ്ദേയമാണ്.

സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് കമ്പനിയുടെ ഉദ്യോഗസ്ഥരുടെ നിർദ്ദേശാനുസരണമാണ് വീട്ടമ്മയുടെ ബന്ധുക്കൾ പോളിസി ഉടമക്ക് അർഹതയുള്ള റിസ്റ്റോറേഷൻ തുകക്കുവേണ്ടി അപേക്ഷിച്ചത്. ഈ അപേക്ഷ സമർപ്പിച്ചതിനുശേഷമാണ് കമ്പനിയുടെ തട്ടിപ്പ് പുറത്താവുന്നത്. നേരത്തെ അമൃത ഹോസ്പിറ്റലിൽ വച്ച് അതായത് ഒക്ടോബർ പത്തിന് ഇൻഷുറൻസ് പരിരക്ഷാ തുക പൂർണ്ണമായി തീർന്നുവെന്ന് രേഖാമൂലം അറിയിച്ച കമ്പനി പിന്നീട് തൃശൂർ ഹാർട്ട് ഹോസ്പിറ്റലിൽ ചികിത്സ തുടരവേ ഒക്ടോബർ 17 നും 22 നും യഥാക്രമം 1895 രൂപയും 13609 രൂപയും ഇൻഷുറൻസ് പരിരക്ഷാ തുകയിലേക്ക് വീണ്ടും മുതൽകൂട്ടുന്നത്. എന്നിട്ട് കമ്പനി അവകാശപ്പെടുന്നത് ഇപ്പോൾ മാത്രമാണ് ഇൻഷുറൻസ് പരിരക്ഷാ തുക പൂർണ്ണമായി അവസാനിക്കുന്നത് എന്നാണ്.

ഇവിടെയാണ് കമ്പനിയുടെ തട്ടിപ്പ് അരങ്ങേറുന്നത്. അതായത് ഇൻഷുറൻസ് പരിരക്ഷാ തുക പൂർണ്ണമായും അവസാനിക്കുമ്പോൾ മാത്രമാണ് മറ്റൊരു രോഗത്തിന് റിസ്റ്റോറേഷൻ അവകാശമുള്ളൂവെന്ന നിയമത്തിന്റെ പിന്ബലത്തിനുവേണ്ടിയാണ് ഇൻഷുറൻസ് പരിരക്ഷാ തുക മുഴുവനും തരാതെ കമ്പനി മറ്റൊരു രോഗം വരുംവരെ വച്ചുനീട്ടുന്നത്. റിസ്റ്റോറേഷൻ അനുവദിക്കാതിരിക്കാൻ വീണ്ടും കമ്പനി മറ്റൊരു അടവുകൂടി എടുക്കുന്നു. വീട്ടമ്മക്ക് ഇപ്പോഴുള്ള രോഗം അതായത് പ്ല്യുറൽ എഫ്ഫ്യുഷ്ൻ (Pleural Effusion) നേരത്തെ ഉണ്ടായിരുന്ന പോണ്ടയിൻ ഹേമറേജ് (pontine haemorrhage) ന്റെ തുടർച്ചയാണ് എന്നാണ്.

മാത്രമല്ല, ഇതൊക്കെ വെബ്‌സൈറ്റിൽ നോക്കി തിട്ടപ്പെടുത്താവുന്നതുമാണ് എന്നും കമ്പനിയുടെ ചെന്നയിലുള്ള ഡോക്ടർമാരുടെ പാനൽ അറിയിക്കുന്നതായി കമ്പനി അവകാശപ്പെടുന്നു. അതേസമയം വെബ്‌സൈറ്റ് പരിശോധിക്കുമ്പോൾ മനസ്സിലാവുന്നത് ഈ രണ്ടുരോഗവും രണ്ടാണെന്നും അജഗജാന്തരം വ്യത്യസ്തമാണെന്നുമാണ്.

സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് കമ്പനിയുടെ ഒളിച്ചുകളി

ഇൻഷുറൻസ് പരിരക്ഷാ തുകയുടെ പൂർണ്ണമായ ഉപയോഗപ്പെടുത്തലുമായി കമ്പനി മുന്നോട്ടുവയ്ക്കുന്ന വാദഗതികളും രോഗങ്ങളുടെ പരസ്പര ബന്ധത്തെകുറിച്ചുള്ള വെബ്‌സൈറ്റ് പരിജ്ഞാനവും പൊള്ളയാണെന്ന് കാണിച്ചുകൊണ്ട് വീട്ടമ്മയുടെ ബന്ധുക്കൾ വിശദമായ കത്തെഴുതിയപ്പോൾ കമ്പനി വീണ്ടും അടവ് മാറ്റിച്ചവിട്ടി. പോളിസി ഉടമ പറയുന്നത് അംഗീകരിച്ചാൽ തന്നെ കമ്പനിക്ക് പണമടയ്ക്കാത്ത ഇൻഷുറൻസ് പരിരക്ഷ അതായത് ക്യാഷ് ലെസ് (Cash less) അനുവദിക്കാൻ പറ്റില്ലെന്നും വേണമെങ്കിൽ റീ ഇമ്‌ബെഴ്‌സ്‌മെന്റ്‌റ് (Reimbursement) അതായത് ബില്ലുകൾ പരിശോധിച്ചതിനുശേഷം പാസ്സാക്കാവുന്ന വ്യവസ്ഥയിന്മേൽ അനുവദിക്കാമെന്നും കമ്പനി ഉദ്യോഗസ്ഥർ പറയുന്നു.

ഇത്തരത്തിലാണ് ഇൻഷുറൻസ് കമ്പനികൾ ഇൻഷുറൻസ് പരിരക്ഷാ തർക്കങ്ങൾ ഒത്തുതീർക്കുന്നത്. അതായത് ബില്ലുകൾ പരിശോധിച്ചതിനുശേഷം പാസ്സാക്കാവുന്ന വ്യവസ്ഥയാവുമ്പോൾ കമ്പനിക്ക് ബില്ലുകൾ അനുവദിക്കാതിരിക്കാനും നിരാകരിക്കാനുമുള്ള അവകാശവും സ്വാതന്ത്ര്യവും കൂടുതലാണ്. നിയമപരമായി കമ്പനി രക്ഷപ്പെടുകയും ചെയ്യും. പോളിസി ഉടമകൾ ഇവിടെ വച്ച് മുട്ടുകുത്തി മടങ്ങുകയും ചെയ്യും.

സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് കമ്പനിയുടെ അവസാന അടവ്

ഏതൊരു ഇൻഷുറൻസ് കമ്പനിയുടെതും പോലെ സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് കമ്പനിയുടെ അവസാന അടവും മറ്റൊന്നല്ല. തർക്കങ്ങൾ അവസാനിക്കാത്ത സാഹചര്യത്തിൽ ഇൻഷുറൻസ് ഓംബുട്‌സ് മാനിലേക്ക് (Ombudsman) പന്ത് തട്ടുക. ഇവിടെയും ഈ വീട്ടമ്മക്ക് കിട്ടുന്ന അറിയിപ്പ് ഓംബുട്‌സ് മാനെ സമീപിക്കാനാണ്. വീട്ടമ്മയുടെ ബന്ധുക്കൾ ഓംബുട്‌സ് മാന് കാര്യങ്ങൾ വിശദീകരിച്ചുകൊണ്ട് ഓംബുട്‌സ് മാനിലേക്ക് ഈമെയിൽ അയച്ചപ്പോൾ അവിടേയും തടസ്സങ്ങൾ തന്നെ. പോളിസി ഉടമ ഒപ്പിട്ട് സ്‌കാൻ ചെയ്തയക്കണം എന്ന അന്ത്യവിധി വന്നു. രേഖകളെല്ലാം കഷ്ടപ്പെട്ടുകൊണ്ട് ഒപ്പിട്ട് സ്‌കാൻ ചെയ്തയച്ചപ്പോൾ ഓംബുട്‌സ് മാൻ പറയുന്നു, അവിടെ ഇന്റർനെറ്റ് സംവിധാനവും പ്രിന്ററും തകരാറിലാണെന്ന്. മാത്രമല്ല, ഇതൊന്നും പെട്ടെന്ന് നടക്കുന്ന കാര്യമല്ലെന്നും ഓംബുട്‌സ് മാൻ ന്യായം പറയുന്നു.

ഗത്യന്തരമില്ലാതെ പോളിസി ഉടമ എല്ലാം കൂടി തപ്പാൽ വഴി അയച്ച് കനിവിനും കാരുണ്യത്തിനുമായി കാത്തിരിക്കുകയാണ് ഇപ്പോൾ. വീട്ടമ്മ വെന്റിലേറ്ററിൽ മരണത്തോട് മല്ലിട്ടും കഴിയുന്നു. സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് കമ്പനിയുടെ റിസ്റ്റോറേഷൻ ചാലഞ്ച് ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത് ഈ പാവം വീട്ടമ്മയുടെ ഫേസ്‌ബുക്കിലെ ചങ്ങാതിമാരും ബന്ധുക്കളുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP