Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്‌ക്വാഡൂകളുടെ പ്രവർത്തനവും ഇ വേ ബില്ലും തുണയായി; ജിഎസ്ടിയിലൂടെ ഒക്ടോബർ മാസം സംസ്ഥാനത്തിന് ലഭിച്ചത് റെക്കോർഡ് വരുമാനം; പ്രളയകെടുതിയിൽ വലയുമ്പോൾ 1817 കോടി രൂപ ഒരു മാസം ലഭിച്ചത് നികുതി പിരിവിലെ കാര്യക്ഷമത കാരണം; പണമില്ലാതെ നട്ടം തിരിയുന്ന മന്ത്രി തോമസ് ഐസകിന് പുതിയ പ്രതീക്ഷ; കേരളം നേടിയത് അസാധാരണ നേട്ടമെന്ന് വിശദീകരിച്ച് കേന്ദ്ര ധനമന്ത്രാലയവും

സ്‌ക്വാഡൂകളുടെ പ്രവർത്തനവും ഇ വേ ബില്ലും തുണയായി; ജിഎസ്ടിയിലൂടെ ഒക്ടോബർ മാസം സംസ്ഥാനത്തിന് ലഭിച്ചത് റെക്കോർഡ് വരുമാനം; പ്രളയകെടുതിയിൽ വലയുമ്പോൾ 1817 കോടി രൂപ ഒരു മാസം ലഭിച്ചത് നികുതി പിരിവിലെ കാര്യക്ഷമത കാരണം; പണമില്ലാതെ നട്ടം തിരിയുന്ന മന്ത്രി തോമസ് ഐസകിന് പുതിയ പ്രതീക്ഷ; കേരളം നേടിയത് അസാധാരണ നേട്ടമെന്ന് വിശദീകരിച്ച് കേന്ദ്ര ധനമന്ത്രാലയവും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ചരക്ക് സേവന നികുതിയെ കൈയടിച്ച് സ്വാഗതം ചെയ്ത വ്യക്തിയാണ് ധനമന്ത്രി തോമസ് ഐസക്. നികുതി സമ്പ്രദായം നടപ്പാക്കാൻ കേന്ദ്രത്തെ എല്ലാ അർത്ഥത്തിലും കേരളം സഹായിച്ചു. എന്നാൽ സിപിഎം ഇതിന് എതിരായിരുന്നു. ജി എസ് ടി നടപ്പാക്കിയെങ്കിലും ആദ്യ നാളുകളിൽ അത് കേരളത്തിന് ഗുണകരമായിരുന്നില്ല. ഇതോടെ സിപിഎമ്മിൽ മന്ത്രി തോമസ് ഐസക് ഒറ്റപ്പട്ടു. ജി എസ് ടിയെ തള്ളി പറയുകയും ചെയ്തു. എന്നാൽ തോമസ് ഐസകിന്റെ വിലയിരുത്തലാണ് ശരിയെന്ന് തെളിയിച്ച് ജിഎസ് ടി വരുമാനം ഉയരുകകയാണ് കേരളത്തിന്. ഇതോടെ ദീർഘകാലാടിസ്ഥാനത്തിൽ പദ്ധതി ലഭാകരമാകുമെന്ന കേന്ദ്ര സർക്കാർ നിലപാടാണ് അംഗീകരിക്കപ്പെടുന്നത്.

സെപ്റ്റംബർ മാസത്തെ അപേക്ഷിച്ച് നികുതി വരുമാനത്തിൽ ദേശീയ തലത്തിൽ 6.64 കോടിയുടെ ഉയർച്ചയാണ് കാണപ്പെട്ടത്. 94,444 കോടിയായിരുന്നു സെപ്റ്റംബറിൽ നികുതിയായി പിരിച്ചത്. 44 ശതമാനം നികുതിപിരിവ് പൂർത്തിയാക്കിയ കേരളമാണ് 'അസാധാരണ നേട്ടം' കൊയ്ത സംസ്ഥാനങ്ങളിൽ ഒന്നാമതെന്നും കേന്ദ്രമന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു. ഝാർഖണ്ഡ് (20 ശതമാനം), രാജസ്ഥാൻ (14), ഉത്തരാഖണ്ഡ് (13), മഹാരാഷ്ട്ര (11) സംസ്ഥാനങ്ങളും മികച്ച നേട്ടം കൈവരിച്ചു. സെപ്റ്റംബറിലെ വ്യാപാരത്തിന്റെ നികുതിയാണ് ഒക്‌ടോബറിലെ വരവ്.

ജിഎസ്ടി ഇനത്തിൽ ഒക്ടോബർ മാസം കേരളത്തിൽ ലഭിച്ചത് റെക്കോർഡ് കലക്ഷനാണ്. 1817 കോടി രൂപമാണ് കഴിഞ്ഞ മാസം ജിഎസ്ടി വരുമാനമായി കേരളത്തിന് ലഭിച്ചത്. 2017 ജൂലൈയിലാണ് സംസ്ഥാനത്ത ചരക്ക് സേവന നികുതി നിലവിൽ വന്നത്. എന്നാൽ ഒരു വർഷം പിന്നിട്ടിട്ടും ഇത്രയധികം തുക ആദ്യമായാണ് വരുമാനമായി ലഭിക്കുന്നത്. 749 കോടി രൂപയാണ് സംസ്ഥാനത്തിനകത്തെ വിൽപനയിൽ (എസ്ജിഎസ്ടി) നിന്നും ലഭിച്ചത്.

അയൽ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലെത്തിച്ച ചരക്കുകളുടെ നികുതി (ഐജിഎസ്ടി) 1068 കോടി രൂപ കടന്നതോടെ ജിഎസ്ടി വരുമാനത്തിൽ റെക്കോർഡ് കുറിച്ചാണ് ഒക്ടോബർ മാസം കടന്നു പോകുന്നത്. കുറഞ്ഞ നിരക്കുകളും, നികുതി അടയ്ക്കാതെ ഒഴിഞ്ഞുമാറുന്ന പ്രവണത കുറഞ്ഞതും നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ കൃത്യമായ ഇടപെടലുകളുമാണ് നികുതി വരുമാനം വർധിക്കാൻ ഇടയാക്കിയതെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി തന്റെ ട്വീറ്റിൽ പറയുന്നു.

ഇന്ത്യയിലാകമാനം മുൻ മാസങ്ങളേക്കാൾ മികച്ച ജിഎസ്ടി വരുമാനം ലഭിച്ച മാസം കൂടിയായിരുന്നു ഒക്ടോബർ. ഈ വർഷം ഏപ്രിലിന് ശേഷം രാജ്യത്ത് മികച്ച വ്യാപാരമാണ് മിക്ക മേഖലയിലും നടന്നത്. ഒരു ലക്ഷം കോടി രൂപയിലധികം ദേശീയ വരുമാനം ലഭിച്ചെന്ന നാഴിക കല്ലും ഈ മാസങ്ങളിലാണ് നമുക്ക് സ്വന്തമാക്കാൻ സാധിച്ചത്. സംസ്ഥാനത്ത് 2017 ഒക്ടോബറിൽ 1563.12 കോടി രൂപയാണ് കിട്ടിയത്. ഇതുമായി താരതമ്യം ചെയ്താൽ 307.88 കോടിരൂപയുടെ വർധന ഈ വർഷമുണ്ടായി.

സംസ്ഥാനത്തെ പിടിച്ചു കുലുക്കിയ പ്രളയം വ്യാപാര മേഖലയെ സാരമായി ബാധിച്ചിരുന്നു. അതിനാൽ തന്നെ ആഗസ്റ്റിലും സെപ്റ്റംബറിലും സംസ്ഥാനത്തിന് നികുതി വരുമാനം കാര്യമായി ലഭിച്ചില്ല. ഓഗസ്റ്റിൽ 1273.72 കോടിയും സെപ്റ്റംബറിൽ 1175.2 കോടിയുമായിരുന്നു നികുതിവരുമാനം. രണ്ടുമാസത്തെ നികുതി ഒരുമിച്ച് കണക്കിലെടുത്താണ് കേന്ദ്രം നഷ്ടപരിഹാരം നിശ്ചയിക്കുന്നത്. ഓഗസ്റ്റ്-സെപ്റ്റംബറിലെ നഷ്ടപരിഹാരവും സംസ്ഥാനത്തിന് കിട്ടാനുണ്ട്.

അന്തർ സംസ്ഥാന വില്പനയിൽ നിന്നുള്ള ജി.എസ്.ടി. വരുമാനം ഇത്തവണ മുൻ മാസങ്ങളേക്കാൾ വർധിച്ചിരുന്നു. നികുതിവെട്ടിപ്പ് തടയുന്നതിനുള്ള സ്‌ക്വാഡുകളുടെ പരിശോധന കർശനമാക്കിയതും ഈ മാസങ്ങളിലാണ്. ഇതിനൊപ്പം തന്നെയാണ് ഇ-വേ ബില്ലുകൾ ഏർപ്പെടുത്തിയത്. കരാറുകൾക്ക് ഇടപാട് സമയത്തുതന്നെ രണ്ടുശതമാനം നികുതി ഈടാക്കുന്ന ടി.ഡി.എസ്. സംവിധാനം നിലവിൽ കൊണ്ടുവന്നതും ഓൺലൈൻ വില്പനയ്ക്ക് ഒരു ശതമാനം നികുതി മുൻകൂറായി ലഭിക്കാൻ തുടങ്ങിയതും അടക്കമുള്ള കാര്യങ്ങൾ സംസ്ഥാനത്തിന് നികുതി വരുമാനം വർധിക്കാൻ സഹായകരമായി.

ഈ സാമ്പത്തിക വർഷം എല്ലാമാസവും ഒരുലക്ഷം കോടി ജിഎസ്ടി വരുമാനം എന്നാണ് ലക്ഷ്യം വെച്ചിരുന്നതെന്ന് ധനകാര്യ മന്ത്രാലയംപറയുന്നു. ഈ ലക്ഷ്യത്തോടെ പ്രവർത്തിച്ചതിനാൽ കഴിഞ്ഞ മേയിൽ 94,016 കോടി രൂപ നികുതിയായി പിരിച്ചെടുത്തു. ജൂണിൽ ജിഎസ്ടി വരുമാനം 95,610 കോടിയായിരുന്നപ്പോൾ ജൂലായിൽ ഇത് 96,483 ആയി ഉയർന്നു. ഓഗസ്റ്റ് മാസത്തിൽ 96,960 കോടി ആയിരുന്നു ജിഎസ്ടി വരുമാനമെങ്കിൽ സെപ്റ്റംബറിൽ 94,442 കോടിയായി. ഇത് കുത്തനെ ഉയർന്ന് ഒക്ടോബറിൽ ഒരുലക്ഷം കോടി കടക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP