Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്വാമി സന്ദീപാനന്ദഗിരിയെ ഒരു പുരോഗമനവാദിയായി കാണാൻ കഴിയുമോ? ചാണകത്തിൽ നിന്ന് പ്ലൂട്ടോണിയം കിട്ടുമെന്ന പോലുള്ള ഒരു വിഡ്ഢിത്തം തന്നെയല്ലേ വർണാശ്രമ വ്യവസ്ഥയും മുജ്ജന്മ പാപ സിദ്ധാന്തവുമൊക്കെ; ഗീത വ്യാഖ്യാനിച്ച് ഹൈടെക്ക് ആശ്രമങ്ങൾ പടുത്തുയർത്തുന്നതാണോ പുരോഗമനം; ഭൗതികതയിൽ വിശ്വസിക്കേണ്ട സഖാക്കൾ ഇത് ആഘോഷിക്കുന്നത് പിറകോട്ട് നടക്കുന്ന സമൂഹത്തിന് ഉദാഹരണമല്ലേ; തുള്ളൽക്കാരി സുധാമണിയിൽ നിന്ന് പി കെ ഷിബുവിലേക്കുള്ള ദൂരമെത്രയാണ്?

സ്വാമി സന്ദീപാനന്ദഗിരിയെ ഒരു പുരോഗമനവാദിയായി കാണാൻ കഴിയുമോ? ചാണകത്തിൽ നിന്ന് പ്ലൂട്ടോണിയം കിട്ടുമെന്ന പോലുള്ള ഒരു വിഡ്ഢിത്തം തന്നെയല്ലേ വർണാശ്രമ വ്യവസ്ഥയും മുജ്ജന്മ പാപ സിദ്ധാന്തവുമൊക്കെ; ഗീത വ്യാഖ്യാനിച്ച് ഹൈടെക്ക് ആശ്രമങ്ങൾ പടുത്തുയർത്തുന്നതാണോ പുരോഗമനം; ഭൗതികതയിൽ വിശ്വസിക്കേണ്ട സഖാക്കൾ ഇത് ആഘോഷിക്കുന്നത് പിറകോട്ട് നടക്കുന്ന സമൂഹത്തിന് ഉദാഹരണമല്ലേ; തുള്ളൽക്കാരി സുധാമണിയിൽ നിന്ന് പി കെ ഷിബുവിലേക്കുള്ള ദൂരമെത്രയാണ്?

എം റിജു

ഹാത്മാഗാന്ധിയും അദ്ദേഹത്തിന്റെ ഘാതകനായ നാഥുറാം വിനായക് ഗോഡ്‌സെയും ഒരുപോലെ അടിസ്ഥാന പ്രമാണമായി എടുത്തത് ഒരേ മത പുസ്തകത്തെയാണ്. ഭഗവദ്ഗീത! കുട്ടികളെ പോലും വെറുതെ വിടാതെ രോമവളർച്ച പരിശോധിച്ച് വെട്ടുന്ന ഐസിസ് ഭീകരരും, ഒരു ഉറുമ്പിനെപ്പോലും നോവിക്കരുതെന്ന് കരുതി ജീവിക്കുന്ന ചില വിശ്വാസികളും ഒരേ പുസ്തകമാണ് പിന്തുടരുന്നത്: ഖുർആൻ! ബൈബിളിന്റെ പേരിലും കുരശിന്റെ പേരിലും പണ്ട് ഒഴുകിയ ചോരപ്പാടുകൾ ഇന്നത്തെ സമാധാനകാംക്ഷികളായ ക്രൈസ്തവർക്ക് അമ്പരപ്പാണ് ഉണ്ടാക്കുക. ചരിത്രത്തിൽ ചിലപ്പോഴൊക്കെയുള്ള വലിയ വൈരുധ്യങ്ങൾ അങ്ങനെയാണ്. എങ്ങനെയും വ്യാഖാനിക്കാവുന്ന മതഗ്രന്ഥങ്ങൾ ഒരേസമയം യുദ്ധത്തിനും സമാധാനത്തിനുമുള്ള വെടിക്കോപ്പുകൾ ഒളിപ്പിച്ചുവെക്കുന്നുവെന്നത് അവയുടെ ഗുണമല്ല മറിച്ച് പരാജയം തന്നെയാണ്.

അതായത് നിങ്ങൾ എങ്ങനെ വ്യാഖ്യാനിക്കുന്നോ, അതിൽ എത്രമാത്രം മിടുക്കനാണോ എന്നത് അനുസരിച്ചാണ് ഓരോ മതഗ്രന്ഥത്തിന്റെയും വിജയ സാധ്യതകൾ. വ്യാഖ്യാന ഫാക്ടറികൾ എന്നാണ് അത്തരക്കാർക്ക് പറയുക. എം.എം അക്‌ബറെ നോക്കൂ. കരിമ്പാറ പിഴിഞ്ഞാൽ വെള്ളം കിട്ടുമെന്ന് അദ്ദേഹം ഖുർആൻ വെച്ച് വ്യാഖ്യാനിച്ചുകളയും. ഇത്തരം വ്യാഖ്യാന ഫാക്ടറികൾ പുരോഗമ സമൂഹത്തിന് അഭികാമ്യമാണോ എന്ന ചോദ്യമാണ് ഇവിടെ ഉയർത്തുന്നത്.

വിഷയം നേരെ സ്വാമി സന്ദീപാനന്ദഗിരിയെന്ന, സംഘപരിവാറുകൾ നിശിതമായ ആക്രമിക്കുന്ന പി.കെ ഷിബുവെന്ന് അവർ പരിഹസിക്കുന്ന വ്യക്തിയിലേക്ക് കൊണ്ടുപോവുകയാണ്. ആദ്യമേ തന്നെ പറയട്ടെ സന്ദീപാനന്ദഗിരിക്കുനേരെയുണ്ടായ എല്ലാ ആക്രമണങ്ങളെയും അതി ശക്തമായി അപലപിക്കുന്നുണ്ട് ഈ ലേഖകനും. അഭിപ്രായ സ്വതന്ത്ര്യത്തെ വിലക്കുന്ന കൂട്ട ആക്രമണങ്ങളും സൈബർ ലിഞ്ചിങ്ങും ഒരു ജനാധിപത്യ സമൂഹത്തിൽ അനുവദിച്ചുകൂടാ. സന്ദീപാനന്ദ ഗിരിയെ ഒരു ഹിന്ദു ചേകന്നൂർ മൗലവി ആക്കാനുള്ള എല്ലാ ശ്രമങ്ങളെയും മതേതര കേരളം അപലപിക്കണം. പക്ഷേ ഇവിടെ ഉയർത്തുന്നത് സന്ദീപാനന്ദഗിരിയോടുള്ള ആശയപരമായ വിയോജിപ്പാണ്. ഇന്ന് കമ്യൂണിസ്റ്റ്‌
സ്വാമിയെന്ന പേരിലാണ് സന്ദീപാനന്ദഗിരി അറിയപ്പെടുന്നത്. ഭൗതികവാദം അടിസ്ഥാന പ്രമാണമായ പാർട്ടികളിലും സംഘടനകളിലും അദ്ദേഹത്തിന് വലിയ പിന്തുണ കിട്ടുന്നു. അദ്ദേഹം അവരുമായി വേദി പങ്കിടുന്നു. ഫലത്തിൽ ഒരു പുരോഗമനസ്വാമി! ( അങ്ങനെയൊന്നുണ്ടോ.വ്യാജ സിദ്ധൻ എന്ന് പറയുന്നതുപോലെ. സിദ്ധൻ തന്നെ വ്യാജനല്ലേ)

പക്ഷേ നാം ശാസ്ത്രത്തിന്റെയും യുക്തിചിന്തയുടെയും ഭാഗത്തുനിന്ന് ചിന്തിച്ചാൽ കേവലം ഉഡായിപ്പ് മാത്രമാണ് സ്വാമി. ശബരിമലയിലെ അന്ധവിശ്വാസങ്ങളെ തള്ളിക്കളയുന്ന സന്ദീപാനന്ദഗിരി അതിലും വലിയ അന്ധവിശ്വാസങ്ങളുടെ ഹെഡ് ഓഫീസായ ഗീതയെ ആണ് മുറുകെ പിടിക്കുന്നത്. ആത്മാവ്, ജീവാത്മാവ്, പരമാത്മാവ്, പുനർജ്ജന്മം, മോക്ഷം എന്നവയൊക്കെ അന്ധവിശ്വാസങ്ങൾ അല്ലെങ്കിൽ പിന്നെന്താണ് സ്വാമീ. ഗീതയിലെ യുദ്ധം മനുഷ്യന്റെ മനസ്സിൽ മാത്രമാണ് എന്നു പറയുന്നതൊക്കെ എം.എം.അക്‌ബർ
സ്റ്റെലിലുള്ള വ്യാഖ്യാന കസർത്തുകൾ മാത്രമല്ല.

മാനവികത ഉണരുന്ന ഒരു മനുഷ്യനോട്, അത് എന്റെ ഗുരുവാണ് എന്റെ സഹോദരനാണ് കൊല്ലാനാവില്ല എന്ന് തളർന്നുപോവുന്ന ഒരാളോട്, ആയിരംവാദങ്ങൾ ഉപേയോഗിച്ച് യുദ്ധം ചെയ്യുന്നത് നിന്റെ കർമ്മമാണ് എന്ന് പറയുന്ന ഒരു പുസ്തകത്തിൽ അഹിംസ കണ്ടെത്താൻ കഴിയുന്നതും, ചാണകത്തിൽ പ്ലൂട്ടോണിയം ഉണ്ടെന്ന് പറയുന്ന മനസ്സും തമ്മിൽ എന്താണ് വിശ്വാസപരമായ വ്യത്യാസം. സാധാരണ സംഘപരിവാറുകാരെ നോക്കൂ. സ്വാമിയെപ്പോലെ ആടിനെ പട്ടിയാക്കുന്ന വിദ്യ അവർക്ക് അറിയില്ല. ചാതുർവർണ്യത്തിലും കർമ്മ സിദ്ധാന്തങ്ങളിലും അവർ ആത്മാർഥമായി വിശ്വസിക്കുന്നു.( ആർഎസ്എസ് അതിലില്ല. നമ്പൂതിരിമുതൽ നായാടി വരെ ഒറ്റ ആചാരം പിന്തുടരുന്ന ഇസ്ലാമിനെപ്പോലെ സെമിറ്റിക്കായ ഒരു ഉറച്ചമതമാക്കി ഹിന്ദുമതത്തെ മാറ്റാനാണ് അവരുടെ ശ്രമം. ശബരിമലയിലെ സ്ത്രീപ്രവേശനത്തെ ആദ്യം ആർഎസ്എസ് അനുകൂലിച്ചതും അതുകൊണ്ടാണ്. അല്ലാതെ ലിംഗനീതിയിലോ, പുരോഗമന സമൂഹ നിർമ്മിതിയിലോ എന്തെങ്കിലും താൽപ്പര്യം ഉണ്ടായിട്ടല്ല)

ഇതിന്റെ എറ്റവും വലിയ അപകടം സന്ദീപാനന്ദഗിരി നടത്തുന്നത് പരോഗമന മതേതര പ്രവർത്തനമാണെന്ന തെറ്റിദ്ധാരണ വരുന്നതിലാണ്. അടിസ്ഥാനമായി അദ്ദേഹം ഒരു മതപരിഷ്‌ക്കർത്താവാവാൻ ശ്രമിക്കയാണ്. മതം എപ്പോഴൊക്കെ അപകടത്തിൽ പെടുന്നോ അപ്പോൾ തന്നെയാണ് നമുക്ക് പരിഷ്‌ക്കരണത്തിന്റെ മേമ്പൊടി വേണ്ടിവരുന്നത്.

ഇനി സന്ദീപാനന്ദഗിരിയെടുക്കുന്ന മറ്റൊരു വാദം നോക്കുക. മാതാ അമൃതാനന്ദമയിയെപ്പോലെ, (ഷിബുവിളിയുടെ യുക്തിയനുസിച്ച് അവരെ നമുക്ക് തുള്ളൽക്കാരി സുധാമണിയെന്ന പൂർവാശ്രമത്തിലെ പേരുതന്നെ വിളിക്കാം) തുപ്പൽ ബാബമാരെപ്പോലെ, വട്ടായിലച്ചനെപ്പോലെ വിശ്വാസം വിറ്റുതന്നെയാണ് സ്വിമിങ്ങ്പൂളും, ഹോംസ്റ്റേയും, കോടികളുടെ ആസ്തിയുമുള്ള ഹൈട്ടെക്ക് ആശ്രമങ്ങളൊക്കെ സ്വാമി ഉണ്ടാക്കിയെടുത്തത്. സുധാമണി നേരിട്ട് ഭക്തരുടെ വിശ്വാസം ആർജിക്കാനുള്ള തുള്ളലും ഫലംപറയലും ആലിംഗനവും ആശ്വാസവുമൊക്കെയായി മുന്നോട്ടുപോയപ്പോൾ സ്വാമി ഭഗവദ്ഗീത വ്യാഖ്യാനിച്ച് കോടിശ്വരനായി. രണ്ടും രണ്ട് തലത്തിലുള്ള വിശ്വാസ ചൂഷണങ്ങൾ. രണ്ടുപേരും സമൂഹത്തിലേക്ക് നിറയ്ക്കുന്നത് ഇരുട്ടാണ്. ഗെയിൽ ട്രഡ്വെൽ അമൃതാനന്ദമയിക്കെതിരെ നടത്തിയ ആരോപണങ്ങളുടെ പുസ്തകം വായിച്ച് ഞെട്ടിയവരാണ് നാം. വിശുദ്ധ നരകമാണ് അവിടം എന്നാണവർ പറയുന്നത്. അതേ ലാഞ്ചനകൾ സ്വാമിക്കെതിരായ മീടൂ ആരോപണങ്ങളിലും കാണാം.ഒരു സിഐഡി മറ്റൊരു സിഐഡിയെ കുറ്റം പറയുരുത് എന്ന് ഒരു സിനിമയിൽ പറയുന്നപോലെ സന്ദീപാനന്ദഗിരി ആൾദൈവങ്ങൾക്കെതിരെ പ്രതികരിക്കുന്ന പുരോഗമന സ്വാമിയാവുന്നു. ഭൗതികതയിൽ മാത്രം വിശ്വസിക്കേണ്ട സഖാക്കൾ അയാളെ ആഘോഷിക്കുന്നു! ഇപ്പോഴാണ് കേരളം ശരിക്കും ദൈവത്തിന്റെ സ്വന്തം നാടായത്. ദൈവത്തിന്റെ ആളുകൾ അല്ലാതെ ഇവിടെ ശാസ്ത്രത്തിന്റെയും യുക്തിയുടെയും ഭാഗത്ത് ആരുമില്ല.

 

ഗാന്ധിജിയിലേക്കുതന്നെ മടങ്ങിവരാം. ലോക ചരിത്രത്തിലെ ഏറ്റവും വലിയ ജനപ്രിയ നേതാക്കളിൽ ഒരാളായ ഗാന്ധി പൂർണമായും പരാജയപ്പെട്ട രണ്ടേ രണ്ടു സന്ദർഭങ്ങളാണ് റൊമീളാ ഥാപ്പറെപ്പോലുള്ള ചരിത്രകാരന്മാർ ചൂണ്ടിക്കാട്ടിയത്. ഒന്ന് ഭഗത് സിങ്ങിനെ തൂക്കിലേറ്റിയതുമായി ബന്ധപ്പെട്ടായിരുന്നു. ഭഗത് സിങ്ങിന്റെ ജീവൻ രക്ഷിക്കാൻ ഗാന്ധി ആത്മാർഥമായി ശ്രമിച്ചില്ല എന്ന ആരോപണം സിഖുകാർക്കിടയിൽ ശക്തമായിരുന്നു. ഭഗതിനെ തൂക്കിലേറ്റിയ ശേഷം ലാഹോറിലെത്തിയ ഗാന്ധിയെ കറുത്ത ബൊക്കകൾ കൊണ്ടാണ് ജനം സ്വീകരിച്ചത്.

ഗാന്ധിക്കുണ്ടായ മറ്റൊരു സമ്പുർണ തിരിച്ചടി വൈക്കം സത്യാഗ്രഹത്തോട് അനുബന്ധിച്ചായിരുന്നു. വൈക്കം ക്ഷേത്രത്തിന്റെ ഉടമകളായ ഇണ്ടൻ തുരുത്തി മനയിലെ ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടിനെ കാണാനെത്തിയ ഗാന്ധിക്ക് വൈശ്യനായതിനാൽ അകത്തേക്ക് കടക്കാൻ പോലും ആയില്ല. അവർണർക്ക് വഴിനടക്കാനുള്ള അവകാശവും ക്ഷേത്ര പ്രവേശനവും കൊടുത്തുകൂടെയെന്ന് ചോദിച്ച ഗാന്ധിജിയോട് ബ്രഹ്മദത്തൻ തിരുമേനി പറഞ്ഞ ഒരു ക്ലാസിക്ക് മറുപടിയുണ്ട്. 'അല്ലയോ ഗാന്ധി.അങ്ങൊരു സനാതന ഹിന്ദവല്ലെ. വർണാശ്രമ വ്യവസ്ഥ ഹിന്ദുമത ധർമ്മമാണെന്നും ഞാൻ അത് പാലിക്കുകയാണെന്നും അങ്ങേക്ക് അറിയില്ലേ'. ഗാന്ധിക്ക് ഉത്തരം മുട്ടിപ്പോയി. അതാണ് സത്യം. ഇവിടെ ഒരു വില്ലനും നായകനും ബ്രാഹ്മണ്യവും ഒന്നുമില്ല. മതം എന്ന ആധുനിക വിരുദ്ധമായ, ശാസ്ത്ര വിരുദ്ധമായ, മാനവിക വിരുദ്ധമായ സാധനമാണ് എല്ലാ പ്രശ്‌നങ്ങൾക്കും കാരണം. അത് ഉപേക്ഷിക്കാതെ പൊടിതട്ടി പരിഷ്‌ക്കരിക്കാൻ പറയുന്നിടത്താണ് സന്ദീപാനന്ദഗിരി ശരിക്കും ഷിബുവും ശശിയുമൊക്കെ ആവുന്നത്. വിശ്വാസം ഒരൊറ്റ പാക്കേജാണ്. അതിൽ ഒന്ന് ഒഴിവാക്കി മറ്റേത് എടുക്കാൻ പറഞ്ഞാൽ വിശ്വാസികൾ വയലന്റാകും. അടികിട്ടും. അതാണ് ഇപ്പോൾ സംഭവിച്ചത്. ഒന്നുകിൽ നിങ്ങൾ മൊത്തം അന്ധവിശ്വാസത്തെയും ചുമക്കുക. അല്ലെങ്കിൽ മൊത്തമായി തള്ളിപ്പറയുക. പാതിവെന്ത പാക്കേജുകൾ അപകടകരം തന്നെയാണ്.

ഒരു ചോദ്യം സന്ദീപാനന്ദഗിരിയോടും ചോദിക്കയാണ്. അല്ലയോ സ്വാമീ.. അങ്ങ് ഗീത അംഗീകരിക്കയാണെങ്കിൽ വർണ്ണാശ്രമ വ്യവസ്ഥയെ അംഗീകരിക്കണം. ചാതുർവർണ്യം ദൈവ ദത്തമാണെന്ന് വിശ്വസിച്ചുകൊണ്ടും, എല്ലാ മുജ്ജന്മ പാപമാണെന്ന് അംഗീകരിച്ചുകൊണ്ടും അങ്ങ് എങ്ങനെയാണ് ഒരു പുരോഗമന സമൂഹം കെട്ടിപ്പടുക്കുക. ചാണകത്തിൽനിന്ന് പ്ലൂട്ടോണിയം കിട്ടുമെന്നപോലുള്ള ഒരു വിഡ്ഡിത്തം തന്നെയല്ലേ 'നിന്നിൽ അർപ്പിതമായ ജോലി മാത്രം ചെയ്ത് മുജ്ജന്മപാപത്തിൽ വിശ്വസിച്ച്' ജീവിക്കുകയെന്നത്. അതായത് തുള്ളൽക്കാരി സുധാമണി എങ്ങനെയാണ് മാതാഅമൃതാനന്ദമയിയായത് അതേ വിശ്വാസ ചൂഷണ ടെക്ക്‌നിക്കുകൾ തന്നെയാണ് ഷിബുവിനെ സന്ദീപാനന്ദഗിരിയാക്കിയതും.

വാൽക്കഷ്ണം: വിശ്വാസപരമായി ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെങ്കിലും ഗാന്ധിജിയുടെ പശുവും സംഘപരിവാറിന്റെ പശുവും രാഷ്ട്രീയമായി പ്രകാശ വർഷങ്ങളുടെ അകലത്തിലാണ്. ഗാന്ധിയുടെ രാമനും പരിവാറിന്റെ രാമനും തമ്മിൽ അജഗജാന്തര വ്യത്യാസമുണ്ട്. പക്ഷേ രാഷ്ട്രീയത്തിൽ മതം കലർത്തുക എന്ന വലിയ പിഴ നമുക്ക് ഗാന്ധി വഴിയാണ് കിട്ടിയത്. ശബരിമല സമരത്തിലടക്കം അതാണ് കാണുന്നത്. രാഷ്ട്രീയമായി സംഘപരിവാറും സന്ദീപാനന്ദഗിരിയും ഇരു ധ്രുവങ്ങളിലാണെന്ന് വാദിക്കുന്നവർ ഓർക്കേണ്ടത് ഗാന്ധിജിയെ തന്നെയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP