Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മഞ്ചേശ്വരം കേസിൽ പിന്നോട്ടില്ലെന്ന് കെ സുരേന്ദ്രൻ; വിജയിച്ചയാൾ മരിച്ചാലും കേസ് പിൻവലിക്കാനില്ലെന്ന് ഹൈക്കോടതിയെ നിലപാടറിയിച്ചു; മരിച്ചുപോയവരുടെയും വിദേശത്ത് ആയിരുന്നവരുടേയും പേരിൽ വോട്ടു രേഖപ്പെടുത്തപ്പെട്ടു എന്ന ആരോപണത്തിൽ കോടതി വിധി പറയും വരെ ഉപതെരഞ്ഞെടുപ്പ് നീളും

മഞ്ചേശ്വരം കേസിൽ പിന്നോട്ടില്ലെന്ന് കെ സുരേന്ദ്രൻ; വിജയിച്ചയാൾ മരിച്ചാലും കേസ് പിൻവലിക്കാനില്ലെന്ന് ഹൈക്കോടതിയെ നിലപാടറിയിച്ചു; മരിച്ചുപോയവരുടെയും വിദേശത്ത് ആയിരുന്നവരുടേയും പേരിൽ വോട്ടു രേഖപ്പെടുത്തപ്പെട്ടു എന്ന ആരോപണത്തിൽ കോടതി വിധി പറയും വരെ ഉപതെരഞ്ഞെടുപ്പ് നീളും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസുമായി മുന്നോട്ടു പോകാൻ് തന്നെ ബിജെപി നേതാവ് കെ സുരേന്ദ്രന്റെ തീരുമാനം. ഇക്കാര്യം അദ്ദേഹം ഹൈക്കോടതിയെ അറിയിച്ചു. കേസ് പിൻവലിക്കുന്നതിന് നിയമ തടസങ്ങളുണ്ട്. വിജയിച്ചയാൾ മരിച്ചാലും കേസ് പിൻവലിക്കാനാവില്ലെന്നും സുരേന്ദ്രൻ കോടതിയെ അറിയിച്ചു. മഞ്ചേശ്വരം എംഎൽഎ ആയിരുന്ന പി.വി. അബ്ദുൽ റസാഖ് മരിച്ച സാഹചര്യത്തിലാണ് കേസ് തുടരുന്ന കാര്യത്തിൽ നിലപാടറിയിക്കാൻ ഹൈക്കോടതി പരാതിക്കാരനായ സുരേന്ദ്രനോട് ആവശ്യപ്പെട്ടത്. സുരേന്ദ്രൻ നിലപാട് അറിയിച്ചതോടെ ഇനി ഹൈക്കോടതിയാണ് ഇക്കാര്യത്തിൽ നിലപാട് പറയേണ്ടത്.

89 വോട്ടിന് കഴിഞ്ഞ തവണ മഞ്ചേശ്വരത്ത് പിബി അബ്ദുൽ റസാഖിനോട് പരാജയപ്പെട്ടതിന് പിന്നാലെയാണ് കെ സുരേന്ദ്രൻ നിയമനടപടി തുടങ്ങിയത്. വ്യാപകമായി കള്ളവോട്ട് നടന്നുവന്ന് ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പ് ഫലം ചോദ്യംചെയ്ത് ഹൈക്കോടതിയെ സമീപിച്ചത്. മരിച്ചുപോയവരുടെയും വിദേശത്ത് ആയിരുന്നവരുടേയും പേരിൽ വോട്ടു രേഖപ്പെടുത്തപ്പെട്ടു എന്നതായിരുന്നു പ്രധാന ആരോപണം. ഒരാളുടെ കാര്യത്തിൽ ഇക്കാര്യം ഹൈക്കോടതി സ്ഥിരീകരിക്കുകയും ചെയ്തു. എന്നാൽ നേരിട്ട് ഹാജരാകാനായി ഹൈക്കോടതി സമൻസ് അയച്ച സാക്ഷികളിൽ ഏറെപ്പേരും അവ കൈപ്പറ്റാൻ തയ്യാറായില്ല.

സമൻസ് നേരിട്ട് എത്തിക്കാൻ കഴിയാത്ത വിധം ഭീഷണി ഉണ്ടാകുന്നതായി ഹൈക്കോടതി നിയോഗിച്ച ദൂതന്മാർ രേഖാമൂലം റിപ്പോർട്ട് നൽകുകയും ചെയ്തു. കേസ് ഇങ്ങനെ അനന്തമായി നീളുമ്പോഴാണ് പിബി അബ്ദുൽ റസാഖിന്റെ അപ്രതീക്ഷിത മരണം സംഭവിച്ചത്. ഇതിടെയാണ് കേസുമായി മുന്നോട്ട് പോകുന്ന കാര്യത്തിൽ ഹൈക്കോടതി പരാതിക്കാരന്റെ നിലപാട് ചോദിച്ചത്. ബിജെപി സംസ്ഥാന നേതൃത്വവുമായി ആലോചിച്ച ശേഷാണ് സുരേന്ദ്രൻ തന്റെ നിലപാട് അറിയിച്ചത്.

തെരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രൻ നൽകിയ കേസിൽ നടപടികൾ പൂർത്തിയാകാത്തതും വിധി വരാത്തതുമാണ് ഇവിടെ ആറ് മാസത്തിനകം ഉപതിരഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യതയെ സംശയത്തിലാക്കിയത്. ഹൈക്കോടതിയിൽ തെരഞ്ഞെടുപ്പ് കേസ് നിലനിൽക്കുന്ന സാഹചര്യത്തിൽ മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പ് ആറ് മാസത്തിനുള്ളിൽ നടക്കാൻ സാധ്യതയില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇനിയൊരു ഉപതിരഞ്ഞെടുപ്പ് എന്നതിനേക്കാൾ ബിജെപി പ്രതീക്ഷ വെക്കുന്നത് ഹൈക്കോടതിയിലാണെന്നാണ് ഇപ്പോഴത്തെ തീരുമാനത്തിൽ നിന്നും വ്യക്തമാക്കുന്നത്. ഹൈക്കോടതി അന്ന് വിജയിച്ചത് ബിജെപിയാണെന്ന് പറയണം എന്നാണ് സുരേന്ദ്രന്റെ ആവശ്യം.

അതിനിടെ സുരേന്ദ്രൻ ധൈര്യമുണ്ടെങ്കിൽ ഹൈക്കോടതിയിലെ ഹർജി പിൻവലിക്കണമെന്ന ആവശ്യവുമായി സിപിഎം രംഗത്തെത്തി. ഉപതിരഞ്ഞെടുപ്പിന് അവസരം ഒരുക്കണമെന്നാണ് സിപിഎം ആവശ്യപ്പെടുന്നത്. നിലവിൽ ഹൈക്കോടതിയിൽ നടക്കുന്ന കേസിൽ സുരേന്ദ്രന്റെ വാദങ്ങളെ ശരിവെക്കുന്ന വിധത്തിലാണ് കാര്യങ്ങൾ മുന്നോട്ടു പോയത്. 26 പേരുടെ യാത്രാവിവരം പരിശോധിച്ചപ്പോൾ 20 പേരും വോട്ടിങ് ദിനത്തിൽ വിദേശത്തായിരുന്നുവെന്ന് കേന്ദ്രസർക്കാർ കോടതിയിൽ വിശദീകരണം നൽകിയിരുന്നു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 89 വോട്ടുകൾക്കാണ് അബ്ദുർറസാഖ് വിജയിച്ചത്. വിദേശത്തുള്ളവരുടെയും മരിച്ചുപോയവരുടെയും പേരുകളിൽ വ്യാപകമായി കള്ളവോട്ട് ചെയ്തിട്ടുണ്ടെന്ന് ആരോപിച്ചാണ് എതിർസ്ഥാനാർത്ഥിയായ സുരേന്ദ്രൻ ഹരജി നൽകിയത്. തിരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നാണ് ഹരജിയിലെ ആവശ്യം. മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പിൽ ആകെ 281 പേർ കള്ള വോട്ട് ചെയ്തുവെന്നും 89 വോട്ടിന് താൻ പരാജയപ്പെട്ടത് അതിനാലാണെന്നും അതിനാൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായ പി.ബി. അബ്ദുൾ റസാഖ് വിജയിച്ചത് അസാധുവാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കമെന്നാണ് ബിജെപി. സ്ഥാനാർത്ഥിയായിരുന്ന കെ.സുരേന്ദ്രൻ നൽകിയ പരാതി.

സ്ഥലത്തില്ലാത്തവരുടെയോ മരിച്ചുപോയവരുടെയോ വോട്ട് ചെയ്യപ്പെട്ടെന്ന് തെളിയിച്ചാൽമാത്രമേ കള്ളവോട്ടെന്ന് ഉറപ്പാക്കാനാകൂ. ഭൂരിപക്ഷത്തെ സ്വാധീനിക്കത്തക്ക എണ്ണം കള്ളവോട്ട് നടന്നിട്ടുണ്ടെന്ന് കണ്ടെത്തണം. എങ്കിൽ ക്രമനമ്പറും മറ്റുംനോക്കി ആ വോട്ടുകൾ ഡീകോഡ് ചെയ്യാൻ കോടതി ഉത്തരവിടും. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിൽ കെ സുരേന്ദ്രൻ മത്സരിക്കാൻ ഇരിക്കയാണ്. ഈ സാഹചര്യത്തിൽ ഉപതിരഞ്ഞെടുപ്പു വന്നാൽ ആ സാധ്യതയ്ക്കും മങ്ങലേൽക്കുമെന്ന വിലയിരുത്തലുണ്ട്. അതേസമയം ശബരിമല വിഷയം ആളിക്കത്തി നിൽക്കുന്ന സാഹചര്യത്തിൽ ബിജെപിക്ക് വലിയ സാധ്യതയാണ് കൽപ്പിക്കപ്പെടുന്നത്.

കെ. സുരേന്ദ്രൻ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ അന്തിമവാദം പൂർത്തിയാകാനിരിക്കെയാണ് പി.ബി. അബ്ദുൾ റസാഖിന്റെ ആകസ്മിക വിയോഗം. നേമത്തിനൊപ്പം കേരളം ഉറ്റുനോക്കിയ തിരഞ്ഞെടുപ്പായിരുന്നു രണ്ടുവർഷം മുമ്പ് മഞ്ചേശ്വരത്ത് നടന്നത്. നേമത്ത് വിജയിച്ചു കയറിയ ഒ. രാജഗോപാൽ സംസ്ഥാനത്ത് ബിജെപിക്ക് അക്കൗണ്ട് തുറന്നു. മഞ്ചേശ്വരത്തെ ഫോട്ടോ ഫിനിഷിൽ മുസ്ലിംലീഗിലെ അബ്ദുൾ റസാഖ് 89 വോട്ടുകൾക്ക് വിജയിച്ചു. 56,870 വോട്ട് അബ്ദുൾ റസാഖിന് ലഭിച്ചപ്പോൾ സുരേന്ദ്രന് 56781 വോട്ടു കിട്ടി. മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ട സി.പിഎമ്മിലെ സി.എച്ച് കുഞ്ഞമ്പുവിന് 42,565 വോട്ടാണ് ലഭിച്ചത്. 2011ൽ 5828 വോട്ടിനാണ് കെ. സുരേന്ദ്രനെ അബ്ദുൾ റസാഖ് പരാജയപ്പെടുത്തിയത്.

1987 മുതൽ തുടർച്ചയായി നാലു തവണ ചെർക്കളം അബ്ദുള്ള വിജയിച്ച മണ്ഡലം 2006 ൽ സി. എച്ച്. കുഞ്ഞമ്പുവിലൂടെ സിപിഎം തിരിച്ചുപിടിച്ചിരുന്നു. കുഞ്ഞമ്പു 4829 വോട്ടിന് ബിജെപിയിലെ നാരായണ ഭട്ടിനെ തോൽപ്പിച്ചപ്പോൾ ചെർക്കളം മൂന്നാം സ്ഥാനത്തേക്ക് പോയി. ആ സീറ്റ് വീണ്ടെടുക്കുകയായിരുന്നു അബ്ദുൾ റസാഖ്. നിലവിൽ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ യുഡിഎഫിന് ഈ സീറ്റ് ജയിക്കേണ്ടത് അനിവാര്യതയാണ്. സിപിഎമ്മിനും ഭരണത്തിലുള്ള സമയത്ത് നടക്കുന്ന തെരഞ്ഞെടുപ്പിൽ നില മെച്ചപ്പെടുത്തണം. ബിജെപിക്ക് നിയമസഭയിൽ അക്കൗണ്ട് രണ്ടായി ഉയർത്താനുള്ള സുവർണ്ണാവസരവും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP