Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആദ്യം സരിതയുടെ മൊഴിയെടുക്കും; അതിന് ശേഷം കുറ്റാരോപിതരെ ചോദ്യം ചെയ്യും; വിശദീകരണത്തിൽ പൊരുത്തക്കേടുണ്ടെങ്കിൽ ഉമ്മൻ ചാണ്ടിയേയും കെ സി വേണുഗാപലിനേയും അറസ്റ്റും ചെയ്യും; അതിവേഗം ബലാത്സംഗക്കേസിൽ പ്രാഥമിക അന്വേഷണം പൂർത്തിയാക്കി അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ അന്വേഷണ സംഘത്തിന് നിർദ്ദേശം; കശ്യപിനെ അന്വേഷണ സംഘത്തിൽ നിന്ന് മാറ്റിയത് മുൻ മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാൻ തെളിവില്ലെന്ന നിലപാട് എടുത്തതിനാൽ; സോളാർ ബോംബിൽ പതറില്ലെന്ന് വിശദീകരിച്ച് ഉമ്മൻ ചാണ്ടിയും

ആദ്യം സരിതയുടെ മൊഴിയെടുക്കും; അതിന് ശേഷം കുറ്റാരോപിതരെ ചോദ്യം ചെയ്യും; വിശദീകരണത്തിൽ പൊരുത്തക്കേടുണ്ടെങ്കിൽ ഉമ്മൻ ചാണ്ടിയേയും കെ സി വേണുഗാപലിനേയും അറസ്റ്റും ചെയ്യും; അതിവേഗം ബലാത്സംഗക്കേസിൽ പ്രാഥമിക അന്വേഷണം പൂർത്തിയാക്കി അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ അന്വേഷണ സംഘത്തിന് നിർദ്ദേശം; കശ്യപിനെ അന്വേഷണ സംഘത്തിൽ നിന്ന് മാറ്റിയത് മുൻ മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാൻ തെളിവില്ലെന്ന നിലപാട് എടുത്തതിനാൽ; സോളാർ ബോംബിൽ പതറില്ലെന്ന് വിശദീകരിച്ച് ഉമ്മൻ ചാണ്ടിയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ വെച്ചും കെ.സി. വേണുഗോപാൽ മന്ത്രിയായിരുന്ന എ.പി അനിൽകുമാറിന്റെ ഔദ്യോഗിക വസതിയായ റോസ് ഹൗസിൽ വെച്ചും സരിത എസ്.നായരെ ബലാൽസംഗം ചെയ്തുവെന്ന് പൊലീസിന്റെ എഫ്ഐആർ. സരിതയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ചാണ് ഉമ്മൻ ചാണ്ടിക്കും കെ.സി.വേണുഗോപാലിനുമെതിരേ എഫ് ഐആർ ഫയൽ ചെയ്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. അതുകൊണ്ട് തന്നെ ഉമ്മൻ ചാണ്ടിയെ പൊലീസിന് അറസ്റ്റ് ചെയ്യേണ്ട സാഹചര്യം ഉണ്ടാകും.

2012ലെ ഹർത്താൽ ദിവസം ക്ലിഫ് ഹൗസിൽ വെച്ച് ബലാൽസംഗം ചെയ്തുവെന്നാണ് എന്നതാണ് ഉമ്മൻ ചാണ്ടിക്കെതിരായ പരാതി. മുന്മന്ത്രി എ.പി അനിൽകുമാറിന്റെ ഔദ്യോഗിക വസതിയായ റോസ് ഹൗസിൽ വെച്ച് ബലാൽസംഗം ചെയ്തുവെന്നാണ് കെ.സി.വേണുഗോപാലിനെതിരായ പരാതി. തെളിവു ശേഖരണവും വിശദമായ മൊഴിയെടുക്കലും ഇനിയും വേണ്ടി വരും. ഇതിന്റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപവത്കരിച്ചതായി ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. സരിതയെ വിളിച്ചു വരുത്തി വീണ്ടും മൊഴിയെടുക്കും. ഇതിനിടെയിൽ ഉമ്മൻ ചാണ്ടിയും കൂട്ടരും ജാമ്യം നേടുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. എന്നാൽ ജാമ്യം എടുക്കേണ്ടെന്നാണ് ഉമ്മൻ ചാണ്ടിയുടെ നിലപാട്. സരിത എസ് നായരുടെ ലൈംഗിക പീഡന പരാതിയിൽ തനിക്കെതിരെ കേസ് എടുത്തത് ശബരിമല വിഷയത്തിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണെന്ന് ഉമ്മൻ ചാണ്ടി ആരോപിച്ചിട്ടുണ്ട്.

കേസ് രാഷ്ട്രീയപ്രേരിതമാണ്. കേസിനെ നിയമപരമായി നേരിടും. ഇരുട്ടുകൊണ്ട് ഓട്ടയടക്കാനാകില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച തിരുവനന്തപുരത്ത് വിശദമായ പ്രതികരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കെസി വേണുഗോപാലും ഇതേ നിലപാടിലാണ്. ഇനിയും നേതാക്കൾക്കെതിരെ പൊലീസ് കേസ് എടുക്കാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ കെപിസിസി എടുക്കുന്ന നിലപാടും നിർണ്ണായകമാകും. കെപിസിസിയുമായി കൂടിയാലോചിച്ച് മാത്രമേ ഉമ്മൻ ചാണ്ടി തുടർ നടപടി തുടരൂ. മുൻ മുഖ്യമന്ത്രിയെ പീഡനക്കേസിൽ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമാണ് എഫ് ഐ ആർ ഇട്ടതിലൂടെ ഉണ്ടായിരിക്കുന്നത്. ഇത് പൊലീസും തിരിച്ചറിയുന്നു. എന്നാൽ ഇക്കാര്യത്തിൽ തീരുമാനം എടുക്കില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് തന്നെയാകും നിർണ്ണായകമാവുക. പിണറായിയുടെ തീരുമാനം ഡിജിപി ലോക്‌നാഥ് ബെഹ്‌റയും അംഗീകരിക്കും. അതിനിടെ കേസ് എഴുതി തള്ളണമെന്ന ആവശ്യവുമായി ഉമ്മൻ ചാണ്ടി ഹൈക്കോടതിയെ സമീപിക്കുമെന്നും സൂചനയുണ്ട്.

നേരത്തെ സോളാർ കമ്മീഷന്റെ നിർദ്ദേശ പ്രകാരം ഐജി ദിനേശ് കശ്യപിന്റെ നേതൃത്വത്തിൽ കേസുകൾ അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. ആ സംഘത്തെ മാറ്റി നിർത്തിയാണ് എംഎസ്‌പി കമാൻഡന്റായിരുന്ന അബ്ദുൾ കരീമിന്റെ നേതൃത്വത്തിൽ പുതിയ അന്വേഷണ സംഘത്തിന് രൂപം നൽകിയത്. പുതിയ അന്വേഷണസംഘത്തിന്റെ നേതൃത്വത്തിലാണ് കേസന്വേഷണം ഇനി പുരോഗമിക്കുക. ഈ സംഘം ആദ്യം സരിതയുടെ മൊഴി വീണ്ടുമെടുക്കും. ഇതിന് ശേഷം ഉമ്മൻ ചാണ്ടിയെ ചോദ്യം ചെയ്യും. മൊഴിയിൽ പൊരുത്തക്കേട് കണ്ടാൽ അറസ്റ്റും ചെയ്യും. ക്ലിഫ് ഹൗസിലേക്ക് ഉമ്മൻ ചാണ്ടിയെ തെളിവെടുപ്പിനും കൊണ്ടു പോകേണ്ടി വരും. ഇത് തന്നെയാകും കെസി വേണുഗോപാലിന്റെ കേസിലും സംഭവിക്കുക. കേസിനെ നിയമപരമായി നേരിടുമെന്ന് കെസി വേണുഗോപാലും പ്രതികരിച്ചിട്ടുണ്ട്.

സരിത എസ് നായരുടെ പരാതിയിലെ ലൈംഗിക പീഡന ആരോപണം ക്രൈം ബ്രാഞ്ചിന്റെ പുതിയസംഘമാണ് അന്വേഷിക്കുന്നത്. ഉമ്മൻ ചാണ്ടിക്കെതിരെ പ്രകൃതിവിരുദ്ധ പീഡനത്തിനും വേണുഗോപാലിനെതിരെ ബലാൽസംഗത്തിനുമാണ് ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. എസ് പി അബ്ദുൾ കരീമിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ക്രൈം ബ്രാഞ്ച് ഡി വൈ എസ് പിമാരും സംഘത്തിലുണ്ടാകും. നിലവിലെ പ്രത്യേക അന്വേഷണസംഘത്തിന് കീഴിൽ തന്നെയാണ് പുതിയ അന്വേഷണസംഘം പ്രവർത്തിക്കുക. 2012ലാണ് സംഭവം നടന്നതെന്നും എഫ് ഐ ആറിൽ പറയുന്നു. നേരത്തെ ദിനേന്ദ്ര കശ്യപായിരുന്നു സംഘത്തെ നയിച്ചത്. എന്നാൽ ഉമ്മൻ ചാണ്ടിക്കെതിരെ കേസെടുക്കുന്നതിന് എതിരായിരുന്നു അദ്ദേഹം. ഈ സാഹചര്യത്തിലാണ് കശ്യപിനെ മാറ്റി പുതിയ സംഘത്തെ നിയോഗിച്ചത്. ഇതോടെ ഉമ്മൻ ചാണ്ടിയുടെ അറസ്റ്റിലേക്ക് പോലും കാര്യങ്ങളെത്തുമെന്ന അഭ്യൂഹം ശക്തമാണ്.

ഉമ്മൻ ചാണ്ടിക്കെതിരെ പ്രകൃതിവിരുദ്ധ പീഡനം ഉൾപ്പടെയുള്ള കുറ്റത്തിനും കെ സി വേണുഗോപാലിനെതിരെ ബലാത്സംഗത്തിനുമാണ് കേസെടുത്തിരിക്കുന്നത്. സോളാർ കേസുമായി ബന്ധപ്പെട്ട ജുഡിഷ്യൽ അന്വേഷണ കമ്മിഷൻ റിപ്പോർട്ടിൽ ഉമ്മൻ ചാണ്ടി, കെ സി വേണുഗോപാൽ, മുന്മന്ത്രിമാർ, എംഎൽഎമാർ തുടങ്ങിയവർ സരിത എസ് നായരെ പീഡിപ്പിച്ചതായി പറഞ്ഞിരുന്നു. ഇതേത്തുടർന്ന് കേസ് അന്വേഷിക്കാൻ ഉത്തര മേഖലാ എഡിജിപിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയിരുന്നു. ഈ അന്വേഷണ സംഘത്തിന് സരിത എസ് നായർ കഴിഞ്ഞ ദിവസം പ്രത്യേകം പരാതി നൽകിയിരുന്നു. ഈ പരാതിയിൽ അന്വേഷണ സംഘം നിയമോപദേശം തേടിയിരുന്നു. ഇരുവർക്കുമെതിരെ കേസെടുക്കാമെന്ന നിയമോപദേശം ലഭിച്ചതിനെത്തുടർന്നാണ് ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തത്.

സോളർ കമ്മിഷൻ റിപ്പോർട്ടിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്നായിരുന്നു പ്രചരണങ്ങൾ. റിപ്പോർട്ടിൽ കുടുങ്ങിയ കോൺഗ്രസുകാരെല്ലാം അഴിക്കുള്ളിലാകുമെന്നും ചർച്ചകളെത്തി. ഉമ്മൻ ചാണ്ടിക്കും കൂട്ടർക്കും ജയിൽ വാസമെന്ന തരത്തിൽ സിപിഎം മുഖപത്രമായ ദേശാഭിമാനിയിൽ വാർത്ത വന്നു. എന്നാൽ ഇതൊന്നും നടന്നിരുന്നില്ല. തുടരന്വേഷണത്തിന് ഉത്തരമേഖലാ ഡിജിപി രാജേഷ് ദിവാന്റെ നേതൃത്വത്തിൽ ഐജി ദിനേന്ദ്ര കശ്യപ് അടങ്ങിയ സംഘത്തെ രൂപീകരിച്ചെങ്കിലും അന്വേഷണം ഏറ്റെടുക്കാൻ ഇരുവരും ആദ്യം വിസമ്മതിച്ചു. ഏപ്രിലിൽ വിരമിക്കാനിരിക്കുന്ന താൻ കുഴപ്പത്തിൽ ചാടാനില്ലെന്നു ദിവാൻ അന്നുതന്നെ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ അറിയിച്ചു. കശ്യപും താൽപര്യം കാണിച്ചില്ല. ഇതോടെ അന്വേഷണം ഫലത്തിൽ നടക്കാതെയായി. ഇതോടെ സോളാർ കെട്ടടങ്ങിയെന്ന് ഏവരും കരുതി. അതിനിടെയാണ് പുതിയ ട്വിസ്റ്റുമായി പുതിയ അന്വേഷണ സംഘം എത്തുന്നത്.

യുഡിഎഫിന് ഭരണം നഷ്ടമാക്കിയത് സോളാർ ആരോപണമായിരുന്നു. പിന്നീട് വേങ്ങര തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് സോളാർ റിപ്പോർട്ട് ചർച്ചയാക്കി നേട്ടം ഉണ്ടാക്കാൻ ഇടത് സർക്കാർ ശ്രമിച്ചിരുന്നു. ഇത് ഏറെ വിവാദവുമായി. ഈ തെരഞ്ഞെടുപ്പിന് ശേഷം സോളാറിൽ ഒന്നും നടന്നില്ല. ഇതോടെ വേങ്ങരിയിലെ വോട്ട് ലക്ഷ്യമിട്ടാണ് സോളാർ ചർച്ചയാക്കിയതെന്ന വാദം സജീവമായി. ഇതിന് സമാനമാണ് ഇപ്പോഴത്തെ തെളിവെടുക്കലും. ചെങ്ങന്നൂരിൽ കോൺഗ്രസിനെ പ്രതിരോധത്തിലാക്കാനാണ് പിണറായി സർക്കാർ ഇപ്പോൾ പൊലീസിനെ ഉപയോഗിച്ച് സരിതയുടെ മൊഴി എടുത്തതെന്നാണ് ഉയരുന്ന ആരോപണം. സോളാർ റിപ്പോർട്ട് റദ്ദാക്കണമെന്ന ഉമ്മൻ ചാണ്ടിയുടെ നിർദ്ദേശം ഹൈക്കോടതിയുടെ പരിഗണനയിലാണ് ഉള്ളത്.

സോളാർ ആരോപണത്തിൽ ലെംഗിക സംതൃപ്തി െകെക്കൂലിയായി കണക്കാക്കി അഴിമതി നിരോധന നിയമപ്രകാരം വിജിലൻസ് കേസ് രജിസ്റ്റർ ചെയ്യണമെന്ന് സോളാർ കമ്മീഷൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ലൈംഗികമായി ഉപയോഗിച്ചെന്ന പരാതിയിൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുന്നതിനൊപ്പം വിജിലൻസ് അന്വേഷണവും നടത്തണമെന്നായിരുന്നു ശുപാർശ. 2013 ജൂലൈ 19ന് സരിതാ നായർ പുറത്തുവിട്ട കത്തിൽ പരമാർശിച്ചിട്ടുള്ള വ്യക്തികൾ അവരുമായും അവരുടെ അഡ്വക്കേറ്റുമായി ഫോണിൽ ബന്ധപ്പെട്ടതിന് തെളിവുകളുണ്ടെന്ന് ജുഡീഷ്യൽ കമ്മിഷന്റെ റിപ്പോർട്ടിലെ കണ്ടെത്തിയിരുന്നു. കമ്മിഷൻ മുമ്പാകെ ഹാജരാക്കിയ മൊഴികളുടേയും രേഖകളുടേയും അടിസ്ഥാനത്തിൽ സരിതയ്ക്കെതിരെ െലെംഗിക പീഡനവും ബലാത്സംഗവും നടന്നതായി തെളിഞ്ഞിട്ടുണ്ടെന്നാണ് സർക്കാരിനു ലഭിച്ച നിയമോപദേശം. ഈ സാഹചര്യത്തിലാണ് പുതിയ നീക്കം.

ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തു ഗൂഢാലോചനയടക്കം തന്റെ മേൽ ചുമത്തപ്പെട്ട കുറ്റങ്ങളെല്ലാം കെട്ടിച്ചമച്ചതാണെന്നും ഇതേപ്പറ്റി പുനരന്വേഷണം വേണമെന്നും സരിത മുഖ്യമന്ത്രിക്കു നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. സോളാർ പദ്ധതികൾക്ക് അംഗീകാരം ലഭിക്കുന്നതിനുവേണ്ടി പലർക്കും വൻതുക നൽകേണ്ടിവന്നതിനൊപ്പം ശാരീരികമായി വഴങ്ങിക്കൊടുക്കേണ്ടിവന്നതായും ആരോപിക്കുന്നു. സംസ്ഥാനത്തിനകത്തും പുറത്തുംവച്ച് പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. യു.ഡി.എഫ്. സർക്കാരിൽനിന്നു നീതി ലഭിക്കില്ലെന്നു വ്യക്തമായതിനാലാണു സോളാർ കമ്മിഷനിൽ വസ്തുതകൾ തുറന്നുപറയാൻ തയാറായതെന്നും വിശദീകരിച്ചിരുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്നു സരിത പരാതിയിൽ പറയുന്നു. ഉമ്മൻ ചാണ്ടിയുമായി വ്യക്തിപരമായ അടുപ്പമുണ്ടായിരുന്നു. അതുവഴി നിരവധി ഇടപാടുകാരെ പദ്ധതിയിലേക്ക് ആകർഷിക്കാൻ കഴിഞ്ഞു. 1.90 കോടി രൂപ ഉമ്മൻ ചാണ്ടി കൈപ്പറ്റി. 2012-ൽ ക്ലിഫ് ഹൗസിൽ ശാരീരികമായി പീഡിപ്പിച്ചു. തിരുവനന്തപുരത്തെ മാസ്‌കറ്റ് ഹോട്ടലിൽ മുൻ എംഎൽഎ: എ.പി. അബ്ദുള്ളക്കുട്ടി ബലാത്സംഗം ചെയ്തു. ഡൽഹിയിൽ ജോസ് കെ. മാണി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി. എ.ഡി.ജി.പി: കെ. പത്മകുമാർ കലൂരിലെ ഫ്ളാറ്റിൽ പീഡിപ്പിച്ചു.

എറണാകുളം മുൻ കമ്മിഷണർ എം.ആർ. അജിത്കുമാർ ഫോണിലൂടെ മണിക്കൂറുകളോളം അശ്ലീലസംഭാഷണം നടത്തി. എസ്.എം.എസും അയച്ചു. പെരുമ്പാവൂർ മുൻ ഡിവൈ.എസ്‌പി: കെ. ഹരികൃഷ്ണൻ കോടതിയിൽ ഹാജരാക്കുന്നതിന്റെ തലേന്ന് ഔദ്യോഗികവസതിയിൽ തന്നെ ബലാത്സംഗം ചെയ്തു എന്നിങ്ങനെയാണു സരിതയുടെ പരാതിയിലെ ആരോപണങ്ങൾ. സരിത എസ്. നായരുടെ കത്തിൽ പരാമർശിക്കുന്ന ഉമ്മൻ ചാണ്ടിയടക്കം 14 ആളുകളുടെ പേരിൽ അഴിമതിക്കും ബലാത്സംഗത്തിനും കേസെടുക്കാനും സോളാർ കമ്മീഷൻ ശുപാർശ ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP