Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കന്നഡ മുതൽ കൊങ്കണി വരെയും മലയാളം മുതൽ മറാഠി വരെയുമുള്ള ഭാഷകൾ; പോരാത്തതിന് ലിപിയില്ലാ ബ്യാരിയും; സപ്തഭാഷാ മണ്ഡലത്തിൽ റസാഖ് വിജയിച്ച് കയറിയത് ബഹുഭാഷാ പാണ്ഡിത്യത്തിൽ; 89 വോട്ടിന്റെ കുറവ് ഉപതെരഞ്ഞെടുപ്പിൽ മറികടക്കാൻ കരുതലോടെ ബിജെപി; സ്ഥാനാർത്ഥിയെ കണ്ടെത്തൽ വലിയ വെല്ലുവിളിയെന്ന് തിരിച്ചറിഞ്ഞ് മുസ്ലിംലീഗ്; എന്ത് ചെയ്യണമെന്ന് അറിയാതെ സിപിഎമ്മും; മഞ്ചേശ്വരത്ത് ശബരിമലയും ചർച്ചയാക്കും; എല്ലാ കണ്ണും തെരഞ്ഞെടുപ്പ് കമ്മീഷനിലേക്ക്

കന്നഡ മുതൽ കൊങ്കണി വരെയും മലയാളം മുതൽ മറാഠി വരെയുമുള്ള ഭാഷകൾ; പോരാത്തതിന് ലിപിയില്ലാ ബ്യാരിയും; സപ്തഭാഷാ മണ്ഡലത്തിൽ റസാഖ് വിജയിച്ച് കയറിയത് ബഹുഭാഷാ പാണ്ഡിത്യത്തിൽ; 89 വോട്ടിന്റെ കുറവ് ഉപതെരഞ്ഞെടുപ്പിൽ മറികടക്കാൻ കരുതലോടെ ബിജെപി; സ്ഥാനാർത്ഥിയെ കണ്ടെത്തൽ വലിയ വെല്ലുവിളിയെന്ന് തിരിച്ചറിഞ്ഞ് മുസ്ലിംലീഗ്; എന്ത് ചെയ്യണമെന്ന് അറിയാതെ സിപിഎമ്മും; മഞ്ചേശ്വരത്ത് ശബരിമലയും ചർച്ചയാക്കും; എല്ലാ കണ്ണും തെരഞ്ഞെടുപ്പ് കമ്മീഷനിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പി.ബി. അബ്ദുൾ റസാഖിന്റെ നിര്യാണത്തോടെ, മഞ്ചേശ്വരം നിയോജകമണ്ഡലത്തിൽ രാഷ്ട്രീയ ചർച്ചകൾ സജീവമായി. തെരഞ്ഞെടുപ്പ് കമ്മീഷനിലേക്കാണ് ഏവരുടേയും ശ്രദ്ധ. കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിന്റെ സ്വാധീനം കാരണം എപ്പോൾ വേണമെങ്കിലും തെരഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യതയുണ്ടെന്നാണ് യുഡിഎഫും എൽഡിഎഫും വിലയിരുത്തുന്നത്. ചട്ടമനുസരിച്ച് 2019 ഏപ്രിൽ 19-ന് മുമ്പ് ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടിവരും. ഒരു നിയോജകമണ്ഡലത്തിൽ എംഎ‍ൽഎ. രാജിവച്ചാലോ മരിച്ചാലോ ആറുമാസത്തിനുള്ളിൽ തിരഞ്ഞെടുപ്പ് നടന്നിരിക്കണമെന്നാണ് നിയമം. ഇത് പാലിക്കാനുള്ള സാധ്യതയുണ്ടെന്നാണ് ഇടത് വലത് മുന്നണികളുടെ വിലയിരുത്തൽ.

ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പും ഏപ്രിലിലിൽ നടക്കാനിടയുണ്ട്. മേയിലാകും വോട്ടെണ്ണൽ നടക്കുക. ഈ സാഹചര്യത്തിൽ വോട്ടെടുപ്പ് ഏപ്രിലിൽ നടക്കാനാണ് സാധ്യതയെന്നാണ് വിലയിരുത്തൽ. എന്നാൽ ശബരിമല വിവാദം ആളിക്കത്തുന്ന സാഹചര്യത്തിൽ മഞ്ചേശ്വരത്ത് തെരഞ്ഞെടുപ്പ് ഫെബ്രുവരിയിൽ നടത്തുന്ന രാഷ്ട്രീയ കളിക്ക് കേന്ദ്ര സർക്കാർ സമ്മർദ്ദം ചെലുത്താനിടയുണ്ട്. സംസ്ഥാനത്തെ മുഴുവൻ കരുത്തും മഞ്ചേശ്വരത്ത് കേന്ദ്രീകരിച്ച് ജയിക്കാനാകും ബിജെപിയുടെ ഈ നീക്കമെന്നാണ് വിലയിരുത്തൽ. 1987മുതൽ തുടർച്ചയായി ബിജെപി രണ്ടാം സ്ഥാനത്തെത്തുന്ന മണ്ഡലമാണ് മഞ്ചേശ്വരം. കഴിഞ്ഞ തവണ വെറും 89 വോട്ടിനാണ് അബ്ദുൾ റസാഖിനോട് ബിജെപിയുടെ കെ സുരേന്ദ്രൻ തോറ്റത്. തെരഞ്ഞെടുപ്പ് കേസ് നടക്കുന്നതിനിടെയാണ് എംഎൽഎയുടെ മരണം.

നിയമസഭാ കാലാവധി ഒരുവർഷത്തിൽ താഴെയാണെങ്കിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടെന്നുവയ്ക്കാം. എന്നാൽ, സർക്കാരിന് ഇനിയും രണ്ടരവർഷം കാലാവധിയുണ്ട്. 2019 മേയിലാണ് കേന്ദ്രസർക്കാരിന്റെ കാലാവധി തീരുന്നത്. നേരത്തേയുണ്ടായില്ലെങ്കിൽ ഏപ്രിൽ, മെയ്‌ മാസങ്ങളിലായിരിക്കും പാർലമെന്റ് തിരഞ്ഞെടുപ്പ്. ഏപ്രിൽ 19-ന് മുമ്പാണ് പാർലമെന്റ് തിരഞ്ഞെടുപ്പെങ്കിൽ മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പും അതിനൊപ്പമാകാൻ സാധ്യതയുണ്ട്. 2014-ൽ ഏപ്രിൽ ഏഴുമുതൽ 12 വരെയാണ് വിവിധ ഘട്ടങ്ങളായി രാജ്യത്ത് തിരഞ്ഞെടുപ്പ് നടന്നത്. ഈ സാഹചര്യത്തിൽ ഇത്തവണയും ഈ സമയത്ത് തന്നെയാകും വോട്ടെടുപ്പ്. അതിനാൽ മഞ്ചേശ്വരത്തും ലോക്‌സഭയ്‌ക്കൊപ്പമാകും വിധിയെഴുത്തെന്നാണ് പ്രതീക്ഷ. അങ്ങനെ വന്നാൽ മഞ്ചേശ്വരത്ത് രണ്ട് വോട്ട് രേഖപ്പെടുത്തേണ്ട സ്ഥിതി വരും.

കെ. സുരേന്ദ്രൻ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ അന്തിമവാദം പൂർത്തിയാകാനിരിക്കെയാണ് പി.ബി. അബ്ദുൾ റസാഖിന്റെ ആകസ്മിക വിയോഗം. കള്ളവോട്ട് നടന്നു എന്നാരോപിച്ച് കെ.സുരേന്ദ്രൻ തിരഞ്ഞെടുപ്പ് വിധി ചോദ്യം ചെയ്ത് ഹർജി നൽകുകയായിരുന്നു. മരിച്ചവരുടെയും സ്ഥലത്തില്ലാത്ത 259 വോട്ടർമാരുടെയും പേരിൽ അബ്ദുൾ റസാഖിന് അനുകൂലമായി കള്ളവോട്ട് നടന്നെന്നാണ് സുരേന്ദ്രന്റെ ആരോപണം.കോടതി അമ്പതോളം പേർക്ക് നോട്ടീസ് അയയ്ക്കുകയും ഇതിൽ ഏതാനും പേർ മൊഴി നൽകുകയും ചെയ്തു. പക്ഷേ, അന്തിമവിധിക്ക് കാക്കാതെ അബ്ദുൾ റസാഖ് മടങ്ങി. മഞ്ചേശ്വരം മണ്ഡലത്തിന്റെ വികസനത്തിന് വേണ്ടി ആത്മാർത്ഥതയോടെ പ്രവർത്തിച്ച ജനപ്രതിനിധിയായിരുന്നു റസാഖ്. ഭാഷാ ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങൾ അടക്കം തുളുനാടിന്റെ ശബ്ദമായി മാറിയ റസാഖിന് പകരക്കാരനെ കണ്ടെത്തുക ബുദ്ധിമുട്ടാകുമെന്ന് മുസ്ലിം ലീഗിനും അറിയാം.

നേമത്തിനൊപ്പം കേരളം ഉറ്റുനോക്കിയ തിരഞ്ഞെടുപ്പായിരുന്നു രണ്ടുവർഷം മുമ്പ് മഞ്ചേശ്വരത്ത് നടന്നത്. നേമത്ത് വിജയിച്ചു കയറിയ ഒ. രാജഗോപാൽ സംസ്ഥാനത്ത് ബിജെപിക്ക് അക്കൗണ്ട് തുറന്നു. മഞ്ചേശ്വരത്തെ ഫോട്ടോ ഫിനിഷിൽ മുസ്ലിംലീഗിലെ അബ്ദുൾ റസാഖ് 89 വോട്ടുകൾക്ക് വിജയിച്ചു. 56,870 വോട്ട് അബ്ദുൾ റസാഖിന് ലഭിച്ചപ്പോൾ സുരേന്ദ്രന് 56781 വോട്ടു കിട്ടി. മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ട സി.പിഎമ്മിലെ സി.എച്ച് കുഞ്ഞമ്പുവിന് 42,565 വോട്ടാണ് ലഭിച്ചത്. 2011ൽ 5828 വോട്ടിനാണ് കെ. സുരേന്ദ്രനെ അബ്ദുൾ റസാഖ് പരാജയപ്പെടുത്തിയത്. 1987 മുതൽ തുടർച്ചയായി നാലു തവണ ചെർക്കളം അബ്ദുള്ള വിജയിച്ച മണ്ഡലം 2006 ൽ സി. എച്ച്. കുഞ്ഞമ്പുവിലൂടെ സിപിഎം തിരിച്ചുപിടിച്ചിരുന്നു. കുഞ്ഞമ്പു 4829 വോട്ടിന് ബിജെപിയിലെ നാരായണ ഭട്ടിനെ തോൽപ്പിച്ചപ്പോൾ ചെർക്കളം മൂന്നാം സ്ഥാനത്തേക്ക് പോയി. ആ സീറ്റ് വീണ്ടെടുക്കുകയായിരുന്നു അബ്ദുൾ റസാഖ്. റസാഖിന്റെ ജനപ്രിയതയായിരുന്നു ഇതിന് കാരണം.

സപ്തഭാഷാ സംഗമ ഭൂമിയെന്നെല്ലാം മഞ്ചേശ്വരത്തെ വിശേഷിപ്പിക്കാറുണ്ട്. കന്നഡ മുതൽ കൊങ്കണി വരെയും മലയാളം മുതൽ മറാഠി വരെയുമുള്ള ഭാഷകളും ലിപിയില്ലാ ഭാഷയായ ബ്യാരിയും ഇവിടെയുണ്ട്. നാട്ടുകാരൻ കൂടിയായ അബ്ദുൽ റസാഖിനു നേരിയ ഭൂരിപക്ഷത്തിൽ ജയിച്ചു കയറാനായത് ബഹുഭാഷാ സ്വാധീനം കൊണ്ടുകൂടിയാണ്. എട്ട് വർഷത്തോളം മഞ്ചേശ്വരം എംഎൽഎയും അഞ്ച് വർഷം ചെങ്കള പഞ്ചായത്ത് പ്രസിഡന്റും ഒരു വർഷത്തോളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായി പ്രവർത്തിച്ച് ജനങ്ങളുമായി ഏറെ അടുപ്പം പുലർത്തിയിരുന്ന നേതാവായിരുന്നു അബ്ദുർറസാഖ്. സാധാരണ മുസ്ലിംലീഗ് പ്രവർത്തകനായി രംഗത്തുവന്ന അബ്ദുർറസാഖ് ചെങ്കള പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ്, മുസ്ലിംലീഗ്പ്രസിഡന്റ്, കാസർകോട് മണ്ഡലം ജനറൽ സെക്രട്ടറി, ജില്ലാ വൈസ് പ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന പ്രവർത്തക സമിതിയംഗം, ദേശീയ പ്രവർത്തക സമിതിയംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഈ ജനപ്രിയതയുടെ കരുത്തിലാണ് 2011ലും 2015ലും മഞ്ചേശ്വരത്ത് ലീഗ് ജയിച്ചത്.

സുരേന്ദ്രൻ ഹൈക്കോടതിയിൽ നൽകിയ ഹർജിയിലെ വിധി അനുസരിച്ചാകും ഉപതെരഞ്ഞെടുപ്പിലെ അന്തിമ തീരുമാനം ഉണ്ടാകാൻ സാധ്യതയെന്ന വിലയിരുത്തലുമുണ്ട്. മരിച്ചവരും വിദേശത്തുള്ളവരുമായ 291 പേരുടെ കള്ളവോട്ട് ചെയ്തതിനാലാണു അബ്ദുൽ റസാഖ് ജയിച്ചതെന്നും തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നുമാണ് സുരേന്ദ്രന്റെ ഹർജിയിലുള്ളത്. 89 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു റസാഖിന്റെ വിജയം. റസാഖ് മരിച്ചെങ്കിലും, മറ്റു സ്ഥാനാർത്ഥികളും തിരഞ്ഞെടുപ്പു കമ്മിഷനും കക്ഷികളായതിനാൽ കേസ് നിലനിൽക്കും.

കേസ് സാങ്കേതികമായി അവസാനിക്കണമെങ്കിൽ സുരേന്ദ്രൻ ഹർജി പിൻവലിക്കണം. മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിൽ ആറിടത്തു യുഡിഎഫും രണ്ടെണ്ണം എൽഡിഎഫുമാണു ഭരിക്കുന്നത്. യുഡിഎഫും ബിജെപിയും തുല്യശക്തികളായ എൺമകജെ പഞ്ചായത്തിൽ നറുക്കെടുപ്പിലൂടെ പ്രസിഡന്റായ ബിജെപിയിലെ രൂപവാണി ആർ.ഭട്ടിനെ അവിശ്വാസപ്രമേയത്തിലൂടെ പുറത്താക്കി എൽഡിഎഫ് പിന്തുണയോടെ യുഡിഎഫ് ഭരണം നേടിയതു രണ്ടാഴ്ച മുൻപാണ്.

അതായത് മഞ്ചേശ്വരത്ത് ഇടത് വലത് കൂട്ടുകെട്ടും ബിജെപി ചർച്ചയാകും. യുഡിഎഫിന് ഈ സീറ്റ് ജയിക്കേണ്ടത് അനിവാര്യതയാണ്. സിപിഎമ്മിനും ഭരണത്തിലുള്ള സമയത്ത് നടക്കുന്ന തെരഞ്ഞെടുപ്പിൽ നില മെച്ചപ്പെടുത്തണം. ബിജെപിക്ക് നിയമസഭയിൽ അക്കൗണ്ട് രണ്ടായി ഉയർത്താനുള്ള സുവർണ്ണാവസരവും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP