Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദിലീപിന്റെ രാജി പുറത്തുവിടുമെന്ന് ഭയന്ന് നടത്തിയ കോലാഹലമെന്ന് ആരോപണം; അച്ചടക്കം ലംഘിച്ചവർ വിശദീകരിച്ചേ മതിയാകൂവെന്ന് മുന്നറിയിപ്പും; മൂന്നിലൊന്ന് അംഗങ്ങൾ ഒപ്പിട്ടാൽ മാത്രം ജനറൽ ബോഡിയെന്ന് വെല്ലുവിളി; രാജി വച്ചവരെ തിരിച്ചെടുക്കുകയുമില്ലെന്ന് വീരവാദം; ടുവിൽ വനിതാ കൂട്ടായ്മയെ തകർത്തെറിയാൻ സാക്ഷാൽ സിദ്ദിഖ് തന്നെ രംഗത്ത്;കെപിസിസി ലളിതയെ മുന്നിൽ നിർത്തിയതും തന്ത്രപരമായ നീക്കം; രാജി നൽകിയെങ്കിലും താരസംഘടനയുടെ നേതൃത്വം ദിലീപിന് തന്നെ

ദിലീപിന്റെ രാജി പുറത്തുവിടുമെന്ന് ഭയന്ന് നടത്തിയ കോലാഹലമെന്ന് ആരോപണം; അച്ചടക്കം ലംഘിച്ചവർ വിശദീകരിച്ചേ മതിയാകൂവെന്ന് മുന്നറിയിപ്പും; മൂന്നിലൊന്ന് അംഗങ്ങൾ ഒപ്പിട്ടാൽ മാത്രം ജനറൽ ബോഡിയെന്ന് വെല്ലുവിളി; രാജി വച്ചവരെ തിരിച്ചെടുക്കുകയുമില്ലെന്ന് വീരവാദം; ടുവിൽ വനിതാ കൂട്ടായ്മയെ തകർത്തെറിയാൻ സാക്ഷാൽ സിദ്ദിഖ് തന്നെ രംഗത്ത്;കെപിസിസി ലളിതയെ മുന്നിൽ നിർത്തിയതും തന്ത്രപരമായ നീക്കം; രാജി നൽകിയെങ്കിലും താരസംഘടനയുടെ നേതൃത്വം ദിലീപിന് തന്നെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സിനിമയിലെ വനിതാ കൂട്ടായ്മയുമായി ഇനിയൊരു ചർച്ചയും താര സംഘടനയായ എഎംഎംഎ നടത്തില്ല. എല്ലാ അർത്ഥത്തിലും എതിർപ്പുയർത്തിയ നടിമാരെ തള്ളിക്കളയുകയാണ് എഎംഎംഎ. ഇതിന് വേണ്ടി സാക്ഷാൽ സിദ്ദിഖ് തന്നെ രംഗത്ത് വന്നു. ദിലീപിനെ പൊലീസ് ചോദ്യം ചെയ്യുമ്പോൾ പൊലീസ് ക്ലബ്ബിൽ എത്തി ഐക്യദാർഡ്യം പ്രഖ്യാപിച്ച വ്യക്തിയാണ് സിദ്ദിഖ്. ജയിലിലെത്തി കെപിസിസി ലളിതയും ദിലീപിനെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ദിലീപിനെ പുറത്താക്കാതിരിക്കാൻ കരുക്കൾ നീക്കിയതും സിദ്ദിഖാണ്. എന്നാൽ വിവാദങ്ങൾ കൈവിട്ടു പോയതോടെ ദിലീപിന് രാജി നൽകേണ്ടിയും വന്നു. ഇത് പുറത്തു വിട്ടുമില്ല. ഇതിനിടെയാണ് സിനിമയിലെ വനിതാ കൂട്ടായ്മ ആരോപണവുമായി രംഗത്ത് വന്നത്. ഇതിനെ കരുതലോടെ നേരിടാനായിരുന്നു പ്രസിഡന്റായ മോഹൻലാലിന്റെ തീരുമാനം. നടിമാരോട് പൊറുക്കാനും തീരുമാനിച്ചു. എന്നാൽ ദിലീപിന്റെ രക്തത്തിന് വേണ്ടി ദാഹിക്കുന്നവരെ സംഘടനയിൽ വയ്ക്കാനാകില്ലെന്ന നിലപാടാണ് മറുപക്ഷം എടുത്തത്. ഇതിന്റെ തുടർച്ചയാണ് കൊച്ചിയിലെ ഇന്നത്തെ വാർത്താ സമ്മേളനം.

മോഹൻലാലിനെ പ്രതിരോധിക്കാനെന്ന തരത്തിൽ സിദ്ദിഖ് നടത്തിയ വാർത്താ സമ്മേളനം തീർത്തും നടികളെ തള്ളിപ്പറയാനും ദിലീപിനെ ന്യായീകരിക്കാനുമായിരുന്നു. നടിമാരുടെ പത്ര സമ്മേളനത്തിന് ശേഷം അമ്മയുടെ എക്‌സിക്യൂട്ടീവ് ചേർന്നിട്ടില്ല. ഈ സാഹചര്യത്തിൽ പത്രസമ്മേളനം നടത്താൻ സിദ്ദിഖിനെ ആരു ചുമതലപ്പെടുത്തിയെന്നതാണ് ഉയരുന്ന ചോദ്യം. നടിമാരെ പ്രകോപിപ്പിക്കാനും മോഹൻലാലിനെ കൂടുതൽ പ്രതിക്കൂട്ടിലാക്കാനും നടത്തിയ നീക്കമായും ഈ വാർത്താ സമ്മേളനത്തെ വിലയിരുത്തുന്നവരുണ്ട്. സിപിഎമ്മിനെ വിമർശിച്ചതിലൂടെ ഭരണത്തിന്റെ പിന്തുണയും നഷ്ടമാക്കുന്ന തരത്തിലെ ഇടപെടൽ. അമ്മയിൽ ഭൂരിഭാഗവും ദിലീപിനെ അനുകൂലിക്കുന്നവരാണ്. മീ ടു ദുരുപയോഗപ്പെടുത്താനുള്ള ശ്രമമാണെന്ന കുറ്റവും നടിമാരിലേക്ക് ആരോപിക്കുന്നു.

എഎംഎംഎയിൽ ഏറെ നാളായി ദിലീപിന് വ്യക്തമായ മുൻതൂക്കമുണ്ട്. അംഗങ്ങൾക്കിടയിലും ദിലീപിനാണ് ഭൂരിപക്ഷ പിന്തുണ. നടിയെ ആക്രമിച്ച കേസിൽ നടപടികൾ വൈകിയതും ഈ സ്വാധീനത്തിന്റെ ഫലമായിരുന്നു. ദിലീപിനെ സംഘടനയിൽ നിന്ന് മമ്മൂട്ടിയുടെ നേതൃത്വത്തിലെ അവൈലബിൾ എക്‌സിക്യൂട്ടീവ് തീരുമാനിച്ചപ്പോഴും അതിനെ എതിർത്തത് സിദ്ദിഖിന്റെ നേതൃത്വത്തിലായിരുന്നു. സസ്‌പെൻഷൻ പോലും ഇല്ലാതെ ദിലീപിനെ തിരിച്ചെടുത്ത എക്‌സിക്യൂട്ടീവിൽ ചരട് വലികൾ നടത്തിയതും സിദ്ദിഖായിരുന്നു. ജനറൽ ബോഡിയിലും ഇതേ തന്ത്രങ്ങളാണ് ദിലീപിനെ രക്ഷിച്ചെടുത്തത്. രാജിവയ്ക്കാൻ ദിലീപ് തയ്യാറായിട്ടും സമ്മതിച്ചതുമില്ല. ഇങ്ങനെ ദിലീപിനെ സംരക്ഷിച്ചവരാണ് ഇപ്പോൾ വനിതാ സംഘടനയുടെ ആവശ്യങ്ങളെ നിരാകരിക്കുന്നതും. ഇതോടെ നടിമാരുമായി സമവായത്തിന് മോഹൻലാലിനെ അനുവദിക്കില്ലെന്ന സൂചനകളാണ് സിദ്ദിഖ് വിഭാഗം നൽകുന്നത്.

നടിയെ ആക്രമിച്ച കേസിൽ ആരോപണവിധേയനായ നടൻ ദിലീപിനെ സിനിമയിൽ അഭിനയിക്കുന്നതിൽ നിന്ന് വിലക്കണമെന്നാണ് ഡബ്ല്യു.സി.സി ആവശ്യപ്പെടുന്നതെന്ന് സിദ്ദിഖ് പറഞ്ഞു. എന്നാൽ അതിന്റെ പേരിൽ ദിലീപിനെതിരെ നടപടി എടുക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ദിലീപിനെ പുറത്താക്കാൻ എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനം എടുത്തതാണ്. എന്നാൽ 280 പേർ പങ്കെടുത്ത ജനറൽ ബോഡി യോഗം ആ തീരുമാനം മരവിപ്പിക്കുകയായിരുന്നു. കോടതി ഇക്കാര്യത്തിൽ അന്തിമവിധി പ്രഖ്യാപിച്ച ശേഷം ദിലീപിനെ സസ്പെൻഡ് ചെയ്താൽ മതിയെന്നാണ് അമ്മയുടെ തീരുമാനമെന്നും സിദ്ദിഖ് വ്യക്തമാക്കി. ഇത് വെട്ടിലാക്കുന്നതും മോഹൻലാലിനെയാണ്. അതായത് പ്രസിഡന്റ് പ്രഖ്യാപിക്കേണ്ട തീരുമാനങ്ങളാണ് സിദ്ദിഖ് പ്രഖ്യാപിക്കുന്നത്. ജനറൽ സെക്രട്ടറി ഇടവേള ബാബുവും പങ്കെടുത്തില്ല. ദിലീപിനെ റേപ്പിസ്റ്റ് എന്ന് വിളിക്കുന്നത് ശരിയല്ലെന്നും സിദ്ദിഖ് പറയുന്നു. അതായത് മോഹൻലാലിന്റെ പേരിൽ ദിലീപിനെ സംരക്ഷിക്കുകയായിരുന്നു കെപിസിസി ലളിതയും സിദ്ദിഖും.

എഎംഎംഎയിൽ അധികാര വടംവലിയില്ലെന്ന് സിദ്ദിഖ് പറയുന്നു. മോഹൻലാലിനെതിരേ രൂക്ഷ വിമർശനവുമായി സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈൻ രംഗത്ത് വന്നിരുന്നു. നേതൃത്വത്തിലേക്ക് മോഹൻലാൽ വന്നപ്പോൾ പ്രതീക്ഷ ഉണ്ടായിരുന്നെന്നും എന്നാൽ അദ്ദേഹം നിരാശനാക്കിയെന്നും ജോസഫൈൻ പ്രതികരിച്ചു. മോഹൻലാലിൽ പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ അത് അസ്ഥാനത്തായി. മോഹൻലാൽ അൽപ്പം കൂടി ഉത്തരവാദിത്തം കാണിക്കണം, ആരാധകരെ നിലയ്ക്ക് നിർത്തണം. നടിമാർക്കെതിരേ അവഹേളനം പാടില്ലെന്ന് മോഹൻലാൽ ഉൾപ്പെടെയുള്ളവർ പറയണം- ജോസഫൈൻ പറഞ്ഞു. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ എ.എം.എം.എ പക്ഷപാതകരമായ നിലപാട് സ്വീകരിക്കുന്നുവെന്ന് ഡബ്ല്യൂ.സി.സി കുറ്റപ്പെടുത്തി. ആക്രമണത്തെ അതിജീവിച്ച നടിക്കൊപ്പം നിൽക്കാതെ വേട്ടക്കാരനൊപ്പം നിൽക്കുന്ന സംഘടനയുടെ നിലപാടിനെ ഡബ്ല്യൂ.സി.സി അംഗങ്ങൾ ചോദ്യം ചെയ്തു. ഇതെല്ലാം എഎംഎംഎയെ പ്രതിരോധത്തിലാക്കി. ഇതിൽ നിന്ന് രക്ഷപ്പെടാനാണ് സിദ്ദിഖിന്റെ പത്ര സമ്മേളനം. നേരത്തെ നടിമാരെ പിന്തുണയ്ക്കും വിധം ജഗദീഷ് പത്രക്കുറിപ്പ് ഇറക്കിയിരുന്നു. ഇതിനേയും സിദ്ദിഖ് തള്ളിപ്പറഞ്ഞു. ദിലീപിനെതിരെയുള്ളത് ആരോപണം മാത്രമാണെന്നും സിദ്ദിഖ് പറയുന്നു.

കഴിഞ്ഞ ദിവസം വാർത്താ സമ്മേളനം വിളിച്ച് ഡബ്ല്യുസിസി നടത്തിയ വിമർശനങ്ങളിൽ പലതും ബാലിശമാണെന്ന് സിദ്ദിഖ് പ്രതികരിച്ചു. നടി ആക്രമിക്കപ്പെട്ട കേസിൽ ആരോപണ വിധേയനായ നടൻ ദിലീപ് 'എഎംഎംഎ' പ്രസിഡന്റ് മോഹൻലാലിന് ഇക്കഴിഞ്ഞ ഒക്ടോബർ 10ന് രാജിക്കത്ത് കൈമാറിയതായും സിദ്ദിഖ് സ്ഥിരീകരിച്ചു. സമൂഹമാധ്യമങ്ങളിൽ തെറിവിളി വരുന്നു എന്നു പറയുന്നവർ, അത് ജനങ്ങളുടെ പ്രതികരണമാണെന്നു തിരിച്ചറിഞ്ഞ് പ്രവർത്തിക്കുകയാണ് വേണ്ടതെന്നും സിദ്ദിഖ് പറഞ്ഞു. ദിലീപിനെ പുറത്താക്കാൻ തീരുമാനിച്ചിരുന്നതാണ്. 'എഎംഎംഎ' ജനറൽ ബോഡിയാണ് തീരുമാനം മരവിപ്പിച്ചത്. ദിലീപിന്റെ തൊഴിൽ നിഷേധിക്കാൻ വേണ്ടിയുള്ള സംഘടനയല്ല 'എഎംഎംഎ'. നടിമാർ എന്നു വിളിച്ച് ആക്ഷേപിച്ചെന്ന ഡബ്യുസിസി അംഗങ്ങളുടെ ആരോപണം ബാലിശമാണ്. 'എഎംഎംഎ' നടീനടന്മാരുടെ സംഘടനയാണ്. അങ്ങനെ വിളിച്ചതിൽ ആക്ഷേപം തോന്നേണ്ട കാര്യമില്ല. അനാവശ്യ ആരോപണങ്ങൾ ഉന്നയിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും സിദ്ദിഖ് മുന്നറിയിപ്പു നൽകി.

എഎംഎംഎയിൽനിന്ന് രാജിവച്ചുപോയ നടിമാരെ തിരിച്ചെടുക്കില്ലെന്നും സിദ്ദിഖ് വ്യക്തമാക്കി. രാജിവച്ചവരെ തിരിച്ചു വിളിക്കില്ല എന്നത് എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനമാണ്. ചെയ്ത തെറ്റുകൾക്ക് മാപ്പുപറഞ്ഞ് അംഗത്വ അപേക്ഷ നൽകിയാൽ തിരിച്ചെടുക്കുന്നത് പരിഗണിക്കും. സംഘടനയ്ക്കുള്ളിൽ നിന്ന് സംഘടനയ്‌ക്കെതിരെയും പ്രസിഡന്റ് മോഹൻലാലിനെതിരെയും പ്രവർത്തിച്ച നടിമാർക്കെതിരെ നടപടിയെടുക്കും. സാമ്പത്തികമായി നല്ല നിലയിലുള്ളവരാണ് ഡബ്ല്യുസിസി അംഗങ്ങളെന്ന് സിദ്ദിഖ് ചൂണ്ടിക്കാട്ടി. 'മീ ടൂ' ക്യാംപെയിൻ നല്ല പ്രസ്ഥാനമാണ്. സുരക്ഷാ വിഷയത്തിൽ കരുതൽ നല്ലതാണ്. പക്ഷേ ദുരുപയോഗിക്കുന്നത് ശരിയല്ല. കഴിഞ്ഞ ദിവസം നടത്തിയ വാർത്താസമ്മേളനത്തിൽ നടി രേവതി ഉന്നയിച്ച വിമർശനങ്ങൾ തേജോവധം ചെയ്യാനാണെന്നും സിദ്ദിഖ് ആരോപിച്ചു.

കോടതി വിധിക്കും വരെ ദിലീപ് നിരപരാധിയാണെന്നും ആക്രമിക്കപ്പെട്ട നടിക്ക് നീതി ലഭിക്കുകയാണെന്ന് തങ്ങളുടെ ലക്ഷ്യമെന്നും എ.എം.എം.എ വ്യക്തമാക്കി. മോഹൻലാലിന്റെ തലയിൽ മാത്രം ആരോപണം വെച്ച് കെട്ടരുതെന്നും എല്ലാ തീരുമാനവും എക്സിക്യൂട്ടീവ് കമ്മിറ്റിയുടേതാണെന്നും എഎംഎംഎ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP