Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചാവുകഥകൾ

ചാവുകഥകൾ

ഷാജി ജേക്കബ്‌

ൽക്കത്താ തീസിസിന്റെയും ജീവൽ-പുരോഗമനസാഹിത്യസംഘത്തിന്റെ തകർച്ചയുടെയും വർഷമായ 1948-ൽ എഴുതിയെങ്കിലും ആ കടലാസുകെട്ടുകൾ കായലിൽ വീണുപോയതിനാൽ വീണ്ടുമെഴുതി 1958-ലാണ് പോഞ്ഞിക്കര റാഫി 'സ്വർഗദൂതൻ' പ്രസിദ്ധീകരിക്കുന്നത്. ക്രൈസ്തവന്റെ ആദിപാപം മുതൽ ദലിത്ഹിംസവരെയുള്ളവ മിത്തും ചരിത്രവുമായി വേറിട്ടുനിൽക്കാതെ ജീവിതബോധത്തിൽ ചോരക്കറപോലെ പറ്റിനിൽക്കുന്ന വിശ്വാസിയായ ഒരു കമ്യൂണിസ്റ്റുകാരന്റെ കുമ്പസാരമായിരുന്നു, സ്വർഗദൂതൻ.

മലയാളനോവൽഭാവനയിലെ നവോത്ഥാന, യഥാത്ഥ, കാല്പനിക ആധുനികതകളെ അസ്തിത്വവാദാധുനികതയുടെയും മാന്ത്രികയാഥാർഥ്യത്തിന്റെയും കായലിൽ മുക്കിക്കൊന്ന വെളിപാടുപുസ്തകവുമായിരുന്നു ആ നോവൽ. മലയാളത്തിൽ ആധുനികതാവാദത്തെ പുനർനിർവചിച്ച 'The God that failed', 1984, Dr. Zhivago തുടങ്ങിയ പുസ്തകങ്ങൾ ഈ ദശകത്തിൽതന്നെ പുറത്തുവന്നിരുന്നു. കമ്യൂണിസ്റ്റ് ഭരണം നിലവിൽ വരികയും അതിനെതിരെ വിമോചനസമരത്തിനു വിത്തുപാകുകയും ചെയ്തിരുന്നു, അക്കാലമാകുമ്പോഴേക്കും. എന്തായാലും സ്വർഗദൂതൻ മുതൽ 2018-ൽ പുറത്തുവന്ന ജോണി മിറാൻഡയുടെ 'നനഞ്ഞ മണ്ണടരുകൾ' വരെയുള്ള രചനകളിലൂടെ, ഏഴുപതിറ്റാണ്ടുകാലം മലയാള കഥാസാഹിത്യത്തിൽ കല്പനചെയ്യപ്പെട്ട കൊച്ചിയുടെയും ആലപ്പുഴയുടെയും കടൽത്തീരമനുഷ്യരുടെ ചരിത്രവും മിത്തുകളും ഭൂതവും വർത്തമാനവും ഭാഷയും സ്വപ്നങ്ങളും കലയും കാമനകളും അടിമുടി മൗലികവും വേറിട്ടതുമായ ഒരു സാംസ്‌കാരിക ഭൂമിശാസ്ത്രവും ഭാവനാഭൂപടവും രൂപപ്പെടുത്തുന്നുണ്ട്. ഈ രചനകളിലാണ് മലയാളസാഹിത്യം യാഥാർഥ്യത്തിന്റെ ഏഴുകടലും കടന്നുപോയി മനുഷ്യാത്മാവിന്റെ വന്യവും വിഭ്രമകരവുമായ കഥാലോകങ്ങൾ ഏറ്റവും തീഷ്ണമായി ആവിഷ്‌കരിക്കുന്നത്.

പി.എഫ്. മാത്യൂസ്, പി.ജെ.ജെ. ആന്റണി, സെബാസ്റ്റ്യൻ പള്ളിത്തോട്, കെ.എ. സെബാസ്റ്റ്യൻ, ജോണി മിറാൻഡ, ഫ്രാൻസിസ് നൊറോണ എന്നിവരിലൂടെ കഴിഞ്ഞ മൂന്നുപതിറ്റാണ്ടിന്റെ മലയാള കഥാസാഹിത്യം നിർമ്മിക്കുന്ന ആഖ്യാനകലയുടെ ഭാവുകത്വം മറ്റൊന്നല്ല. പലനിലകളിൽ, മലയാളത്തിലെ ലാറ്റിനമേരിക്കൻ സാഹിത്യകലയായി മാറുകയായിരുന്നു, അവയൊന്നടങ്കം അവതരിപ്പിച്ച ഭാവബന്ധങ്ങളും ജീവിതസമസ്യകളും ചരിത്രാനുഭവങ്ങളും മിത്തുകളും.

'കർക്കിടകത്തിലെ കാക്കകൾ', 'രാത്രികളുടെ രാത്രി', 'വയലറ്റ് നിറമുള്ള പകൽ', 'യന്ത്രസരസ്വതീനിലയം', 'നാല്പതാംനമ്പർ മഴ', 'രാജാക്കന്മാരുടെ പുസ്തകം' എന്നിങ്ങനെയുള്ള രചനകളിലൂടെ ഈ ഭാവുകത്വത്തെ ഏറ്റവും മൗലികമായി രൂപപ്പെടുത്തിയ കെ.എ. സെബാസ്റ്റ്യന്റെ പുതിയ കഥാസമാഹാരമാണ് 'തങ്കം'. അൻപതുപുറങ്ങളിൽ അഞ്ചുകഥകൾ. മൃതിയുടെ പഞ്ചാംഗം. സങ്കടങ്ങളുടെ വേദപുസ്തകം. കടലോരത്തിന്റെയും കായൽനിലങ്ങളുടെയും കണ്ടൽവനങ്ങളുടെയും കടൽവേട്ടക്കാരുടെയും കാമ(നാ)ശാസ്ത്രം. കടലിന്റെ മായികഭാവനയും സാംസ്‌കാരിക ഭൂമിശാസ്ത്രവും നരവംശശാസ്ത്രവും ഭാഷണവ്യവസ്ഥയും ആദ്യന്തം പിൻതുടരുന്നവയാണ് മരണത്തെക്കുറിച്ചെഴുതപ്പെട്ട ഈ രചനകളൊന്നടങ്കം. ചാവുകഥകളുടെ വാവുബലിപോലെ ഇവ ജീവിതത്തിൽനിന്ന് മരണത്തിലേക്ക് ഒരുപിടി ചോറുവാരിയെറിയുന്നു. മരണം, ജീവിതത്തെ റാഞ്ചിയെടുത്തുകൊണ്ടുപോകുകയും ചെയ്യുന്നു.

ആദ്യകഥയായ തങ്കം നോക്കുക. സ്വന്തമായി ഭാഷയും വാക്കുകളുമുള്ള അമ്മാമ്മയുടെ ആസന്നമരണചിന്തകളാണ് കഥയുടെ ഭൂമിക. മറ്റാരുടെയും നിഘണ്ടുവിലില്ലാത്ത വാക്കുകൾ സൃഷ്ടിച്ച് അമ്മാമ്മ തന്റെ കാലവും ആയുസും പൂരിപ്പിച്ചു. ഇല്ലാത്ത നിഘണ്ടുവിൽനിന്നാണ് അമ്മാമ്മ തന്റെ വാക്കുകൾ സൃഷ്ടിച്ചുകൊണ്ടിരുന്നത് എന്നാരും മനസ്സിലാക്കിയില്ല. അവരുടെ പേരക്കുട്ടിയായ പൊടിയൻ എന്ന ചെറിയാച്ചൻ പറയുന്ന കഥയാണിത്. നക്ഷത്രങ്ങളുടെ ലോകത്തായിരുന്നു അമ്മാമ്മയുടെ കണ്ണുകളും മനസ്സും. ക്രിസ്മസ് നക്ഷത്രം മുതൽ മാനത്തെ ശതകോടി നക്ഷത്രങ്ങൾ വരെയുള്ള അമ്മാമ്മയുടെ പ്രപഞ്ചം നിറച്ചു. ദൈവം കടംവാങ്ങിക്കൊണ്ടുപോയ തന്റെ നക്ഷത്രങ്ങളുടെ നഷ്ടമോർത്ത് അവർ വിങ്ങി. തോരാമഴയുള്ള ഒരു ദിവസം, തണുപ്പത്ത് ചൂടുവെള്ളമുണ്ടാക്കിക്കുളിച്ച്, കച്ചഞൊറിഞ്ഞുടുക്കുമ്പോൾ മരണം അമ്മാമ്മയെ കാലുവാരി. ഈ.മ.യൗ. ചൊല്ലി പൊടിയന്റെ അമ്മയും മറ്റു പെണ്ണുങ്ങളും അമ്മാമ്മയുടെ ആത്മാവിനു കൂട്ടിരുന്നു. പൊടിയൻ, തനിക്കും അമ്മാമ്മക്കും മാത്രമറിയാമായിരുന്ന രഹസ്യങ്ങളുടെ തകർച്ചയിൽ, തന്റെ ബാല്യം ഉടഞ്ഞുപോകുന്നതിന്റെ പ്രാണവേദനയിൽ, നിലവിളിച്ചു.

'ചെകിട്ടോർമ പുഴപോലെ ഒഴുകി. സാധാരണ പുഴകൾ ചെയ്യാറുള്ളതുപോലെ ഉയർച്ചയിൽനിന്ന് താഴ്ചയിലേക്കല്ല, ഭൂമിയുടെ ആകർഷണബലത്തെ അനുസരിക്കാതെ താഴ്ചയിൽനിന്ന് ഉയർച്ചയിലേക്ക്. വെൺമേഘങ്ങളെ പിന്നിട്ടപ്പോൾ പ്രാർത്ഥനയിലെ ഓരോ വാക്കിലും അക്ഷരത്തിലും മഞ്ഞയും നീലയുമായ നക്ഷത്രരശ്മികൾ പതിഞ്ഞുതുടങ്ങി.

ഒരിക്കൽക്കൂടി ഞാൻ ചിറയിലേക്കു പോയി.

ചിറയിൽ കറുകപ്പുല്ലുകളുടെ മീതേ നിലയുറപ്പിച്ച നക്ഷത്രസമൂഹം അപ്പോഴും തെളിഞ്ഞുപ്രകാശിക്കുന്നുണ്ടായിരുന്നു. മീനുകൾ തോട്ടിലെ വെള്ളത്തിൽ വെട്ടുന്നതിന്റെയും ചീവീടുകൾ കാണാമറയത്തിരുന്നു പുറപ്പെടുവിക്കുന്ന സുഷിരവാദ്യങ്ങളുടെയും ഒച്ചയൊഴിച്ചാൽ കനത്തതെന്നു മൂന്നുവട്ടം പറയാവുന്ന നിശ്ശബ്ദതയിൽ നക്ഷത്രങ്ങൾ മരിച്ച മാലാഖമാരെപ്പോലെ നിന്നു. പെട്ടെന്ന് വീശിയടിച്ച ഒരു കിഴക്കൻകാറ്റിൽ നക്ഷത്രത്തിനു തീപിടിച്ചു. ചുവപ്പും പച്ചയും മഞ്ഞയുമായ ചൈനക്കടലാസുകൊണ്ടു പൊതിഞ്ഞ നക്ഷത്രം പെട്ടെന്ന് കത്തിയമർന്നു. വീശിയടിക്കാത്ത മറ്റൊരു കിഴക്കൻകാറ്റിൽ കപ്പലിന് തീപിടിച്ചു. വെളുത്ത ചൈനക്കടലാസുകൊണ്ട് പണികഴിപ്പിച്ച കപ്പലും ചാരമായി. കാറ്റുകളൊന്നും വീശാതെത്തന്നെ വിമാനവും മത്തങ്ങയും എട്ടുകാലനും പതിനാറുകാലനും ആളിക്കത്തി. ഞാൻ നോക്കുമ്പോൾ നക്ഷത്രങ്ങൾ വന്നതിന്റെയും നിലത്തിറങ്ങിയതിന്റെയും കത്തിച്ചാമ്പലായതിന്റെയും അടയാളങ്ങൾ ശേഷിക്കാതെ ചിറയിലെ കറുകപ്പുല്ലുകൾ നനഞ്ഞും പച്ചതഴച്ചും കിടന്നു!

ഒരു മനുഷ്യന് സാധ്യമായ ശക്തിയിൽ ഞാൻ നിലവിളിച്ചു.

നിങ്ങൾക്ക് നിങ്ങളുടെ കാര്യത്തിൽപ്പോലും അതു പറയാൻ കഴിയുമെന്ന് എനിക്കു തോന്നുന്നില്ല. എന്നാൽ എനിക്ക് സത്യം സത്യമായി അതു നിങ്ങളോടു പറയാൻ കഴിയും. അന്നാണ് തുമ്പികൾ ചിരിക്കുകയും വാഴകൾ മുലകൊടുക്കുകയും ചീവീടുകൾ പാല പൂത്തതുകാണാൻ കുന്നിന്മുകളിലേക്ക് പറന്നുചെല്ലുകയും ചെയ്യുന്ന എന്റെ കുട്ടിക്കാലം അവസാനിച്ചത്'.

'ഗ്ലാനി' എന്ന നീണ്ടകഥ, സമീപകാല കേരളീയരാഷ്ട്രീയത്തിന്റെ അതിനിശിതമായ ഒരപനിർമ്മിതിയാണ്. കാഫ്കയുടെ നോവൽ, 'വിചാരണ' മുതൽ ഓർവെല്ലിന്റെ '1984'ഉം ഒ.വി. വിജയന്റെ അടിയന്തരാവസ്ഥക്കഥകളും വരെ ഓർമ്മയിലെത്തിക്കുന്ന രചന. സ്‌കൂളധ്യാപകനും കഥാനായകനുമായ അനിൽകുമാർ ഭാര്യ വിധുബാലയോട് നുണയേ പറയൂ. അയാളെ സ്‌കൂളിൽ ഹെഡ്‌മാസ്റ്ററും സഹാധ്യാപകരും ചേർന്നു വിചാരണ ചെയ്യുന്ന ഒരു സറിയൽ ഭാവനയാണ് 'ഗ്ലാനി'യുടേത്. അനിൽകുമാറിന്റെ കിടപ്പറയിൽ വച്ച കാമറയിൽനിന്ന് അയാളുടെയും ഭാര്യയുടെയും രതിപോലും പകർത്തി അവർ അയാളെ പരസ്യവിചാരണ ചെയ്തു. ആദ്യരാത്രിയിൽ ഗുദരതിക്കു വഴങ്ങാതിരുന്ന വിധുവിനെ ചവിട്ടിവീഴ്‌ത്തിയ അയാളിൽനിന്ന് അതേരാത്രി ഒഞ്ചിയത്തുനടന്ന ഒരു കൊലപാതകത്തിലേക്ക് കഥ വഴിതിരിയുന്നു. ഭാര്യയുമായി പിണങ്ങി വീട്ടിൽനിന്നിറങ്ങിയ അനിൽകുമാർ ടി.പി. ചന്ദ്രശേഖരന്റെ മരണം നടക്കുന്ന സമയത്ത് കൂട്ടുകാരുമൊത്ത് ബാറിൽ കുടിച്ചുകൂത്താടുകയായിരുന്നു. നാടിനെ തീപോലെ പൊള്ളിച്ച ഒരനീതിയിൽ തെല്ലും ഖേദിക്കാത്ത അനിൽകുമാറിന് വസ്ത്യൻകുട്ടിസാർ ഒരു പഴയ പത്രപ്രവർത്തകന്റെ കഥ പറഞ്ഞുകൊടുക്കുന്നു. ബി.ആർ.പി. ഭാസ്‌കറിന്റെ കഥ. എത്രയോ ദശകങ്ങൾക്കു മുൻപാണ്- അദ്ദേഹത്തെ കാണാൻ പത്രമാഫീസിലെത്തിയ എംപി. നാരായണപിള്ളയെ എഡിറ്റർ ചോദ്യം ചെയ്തു. ഒരു കടലാസുമായി എഡിറ്ററുടെ മുറിയിലേക്കുപോയ ബി.ആർ.പി. രാജി എഴുതിനൽകി പുറത്തുവന്ന് പിള്ളയെയും കൂട്ടി നടന്നുപോയി. ആത്മാഭിമാനത്തെ അപമാനിക്കുന്നതാണ് ഹിംസയുടെ ആരംഭമെന്നും തന്റെ അന്തസാണ് തന്റെ ജീവിതമെന്നും തെളിയിക്കുകയായിരുന്നു, ബി.ആർ.പി. ഒഞ്ചിയം കൊലനടന്ന സമയത്ത് കൂട്ടുകാരുമൊത്തു കുടിച്ചർമ്മാദിച്ചിരുന്ന അനിൽകുമാറിനെ കുറ്റവിചാരണ ചെയ്തു ശിക്ഷവിധിച്ചു നടപ്പാക്കുന്നു, ആ കോടതി.

അലിഗറിയുടെയും അതിയാഥാർഥ്യത്തിന്റെയും സങ്കേതങ്ങൾ കൂട്ടിയിണക്കി നമ്മുടെ കാലത്തിന്റെ പതാകങ്ങളെയും അനീതികളെയും കുറിച്ച് തീനാവുകൊണ്ടെന്നപോലെ എഴുതുകയാണ് സെബാസ്റ്റ്യൻ. ഗുദരതിയുടെ നിഷേധത്തിൽനിന്നും മദ്യത്തിന്റെ നീരാവിയിലേക്കു നീന്തിപ്പോയ അനിൽകുമാർ അനീതിയുടെ ആഴക്കടലിൽ മുങ്ങിമരിച്ചു. 'ഒഞ്ചിയത്തെ മനുഷ്യൻ കൊല്ലപ്പെടുന്ന ദിവസം റെയിൽവേ സ്റ്റേഷനിൽ പോയി നാലു ടിക്കറ്റുകൾ ബുക്ക് ചെയ്തിരുന്നു. അയാൾക്കും ഭാര്യയ്ക്കും രണ്ടു മക്കൾക്കും വങ്കടപ്പച്ച എംഎ‍ൽഎ. നിലഞ്ചിറയിൽ രാമൻ പുരുഷൻ എന്ന എൻ. ആർ.പി.യുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനായിരുന്നു ആ ടിക്കറ്റുകൾ. എൻ.ആർ.പി. പിന്നീട് ആ മനുഷ്യനെ ജീവനോടെ കണ്ടിട്ടില്ല. ഈ നിമിഷംവരെ എൻ.ആർ.പി. ഒഞ്ചിയത്തെ മരണവീട് സന്ദർശിച്ചിട്ടില്ല. അവിടത്തെ വിധവയെ ആശ്വസിപ്പിച്ചിട്ടില്ല. എന്തിനേറെ പറയുന്നു, ദൂത് പറയാൻ മനുഷ്യനെയോ മേഘത്തെയോ പറവയെയോ അടയ്ക്കപോലെ മടിയിൽവെക്കാവുന്ന യന്ത്രത്തെയോ എൻ.ആർ.പി. ഉപയോഗിച്ചിട്ടില്ല. ചുറ്റിലും ഇരുമ്പുമറകൊണ്ട് ഒരു ബലികുടീരം നിർമ്മിച്ചിട്ട് എൻ.ആർ.പി. അതിനുള്ളിൽ ജീവനോടെ ഇരുന്നു.

'നിങ്ങൾ ആരാണ്?' ദൃശ്യത്തെ മായ്ച്ചുകളഞ്ഞിട്ട് ക്ഷോഭത്തോടെ കുമാരപിള്ളസാർ ചോദിച്ചു.

'എൻ.ആർ.പി.യെ വിമർശിക്കാൻ നിങ്ങൾ ഒഞ്ചിയത്തു പോയോ അവിടത്തെ വിധവയെ ആശ്വസിപ്പിച്ചോ? ഹീനമായ നരഹത്യ അറിഞ്ഞശേഷമെങ്കിലും നിങ്ങളെ മത്തുപിടിപ്പിച്ച വലിയ സുഖങ്ങളിൽ ഒരെണ്ണമെങ്കിലും വേണ്ടെന്നുവെച്ചോ? ഹർത്താൽദിവസം മദ്യവും വിശിഷ്ടഭോജ്യങ്ങളുമായി സ്വീകരണമുറിയിലേക്ക് ആമയെപ്പോലെ ഉൾവലിയുന്ന മൂന്നരക്കോടി മലയാളികളുടെ ബ്രാൻഡ് അംബാസിഡറായി നിങ്ങൾ ഗാലറിയിലിരുന്നു കളി കണ്ടു. ഇടയ്ക്കു വിസ്‌കി നുണഞ്ഞു. ഇടയ്ക്ക് കശുവണ്ടി കൊറിച്ചു. ഈ സഭയുടെ മുന്നിൽ നിങ്ങൾ തെറ്റുകാരനാണ്. തെറ്റുകൾക്കു തക്കതായ ശിക്ഷയുണ്ടായിരിക്കുമെന്ന് ഞാൻ ആദ്യമേ പറഞ്ഞത് അനിൽകുമാർ മറന്നുപോയിട്ടില്ലല്ലോ, അല്ലേ'.

സഭ അനിൽകുമാറിനെ സഹതാപത്തോടെ നോക്കി'.

'അക്കരെ' എന്ന രചന, കാമുകനൊപ്പംപോയ അമ്മയെ കൊല്ലാനുള്ള രവിപനയ്ക്കന്റെ ഉളെളാരുക്കങ്ങളുടെയും കള്ളച്ചൂതുകളുടെയും കഥയാണ്. വീട്ടിലും നാട്ടിലും രക്തം രക്തത്തെ തിരിച്ചറിയാതെവന്നപ്പോൾ അയാൾ വീടും നാടും വിട്ടു വിദേശത്തേക്കുപോയി. അവിടെ ശ്വാസം മുട്ടിമടുത്തപ്പോൾ തിരികെ നാട്ടിലെത്തി. അയാളുടെ കൂട്ടുകാരൻ ജോയിച്ചനാണ് ആഖ്യാതാവ്. അവന്റെ അമ്മ മനോവിഭ്രാന്തികളുടെ നിലാവെളിച്ചത്തിൽ മരണാസന്നയായി കിടക്കുകയാണ്. പെസഹാദിനങ്ങൾ. ക്രിസ്തുവിന്റെ ക്രൂശാരോഹണം രവിപനയ്ക്കന്റെ മാതൃഹത്യാനീക്കത്തിലേക്കും അമ്മയുടെ ജീവനെച്ചൊല്ലി സങ്കടപ്പെടുന്ന ജോയിച്ചന്റെ ആത്മസംഘർഷങ്ങളിലേക്കും ചോരപ്പാടുകൾ നീട്ടിവരയ്ക്കുന്നു. ഹിംസയല്ല, ജീവിതമാണ് വലുതും സുന്ദരവും പ്രകാശഭരിതവുമെന്ന് തീർപ്പുകല്പിച്ചുകൊണ്ട് രവിപനയ്ക്കനെ ഉപേക്ഷിച്ച്, ഭാര്യ വിമലയോടൊപ്പം അമ്മയെ കാണാൻ പോകുന്നു, ജോയിച്ചൻ. 'അക്കരെ'യ്ക്കു യാത്രചെയ്യുന്ന സിയോൻ സഞ്ചാരികളാണ് എല്ലാവരും. ചിലർ സ്വയം അവിടെത്തും. ചിലരെ മറ്റുള്ളവർ അവിടേയ്‌ക്കെത്തിക്കും. മക്കളായാലും മാതാപിതാക്കളായാലും ചോര ചോരയെ തിരിച്ചറിയുന്ന പ്രക്രിയയുടെ പേരാണ് ജീവിതം. അറിയാത്ത അവസ്ഥയുടെ പേര് മരണം.

'നിർമലദന്തം' എന്ന നാലാമത്തെ കഥ, കടൽത്തീരത്തെക്കുറിച്ചും അവിടത്തെ മനുഷ്യരെക്കുറിച്ചും സിനിമയെടുത്ത ചന്ദ്രമൗലിയെ തട്ടിക്കൊണ്ടുപോയി മര്യാദപഠിപ്പിക്കുന്ന 'സീ ബാബു'വെന്ന കടൽക്കൊള്ളക്കാരന്റെയും കൂട്ടരുടെയും കഥയാണ്. കടലും കടൽത്തീരജീവിതവും കാണാത്ത ചലച്ചിത്രപ്രവർത്തകനെ നഗ്നനാക്കി കെട്ടിയിട്ട് അവർ കടൽപാമ്പുകൾക്കു വിട്ടുകൊടുത്തു. പിന്നെ കടൽച്ചെളി പുരട്ടി അയാളെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരുന്നു. കടൽ, മരണം മാത്രമല്ല, ജീവിതവുമാണെന്ന് സീബാബു ആണയിടുന്നു. കടലാനകളും കടലാമകളും കേളിയാടുന്ന ആഴക്കടലിൽവച്ച് അവർ അയാളെ കടലിന്റെ ജീവിതം പഠിപ്പിച്ചുകൊടുത്തു. മലയാളത്തിൽ കടൽജീവിതവും കടൽഅനുഭവങ്ങളും അറിഞ്ഞവതരിപ്പിച്ച ഏകകഥാകൃത്താണ് കെ.എ. സെബാസ്റ്റ്യൻ. സ്വാഭാവികമായും മലയാളസിനിമയിൽ കടൽജീവിതം ചിത്രീകരിക്കുന്നതിലെ അന്യായങ്ങൾക്കെതിരെയുള്ള ആത്മരോഷം നിറഞ്ഞ ഒരു സറ്റയറാണ് 'നിർമലദന്തം'.

തൊട്ടുമുൻപ്' എന്ന അവസാനകഥ, ഭാവിയിലെ കുറ്റകൃത്യങ്ങൾ തടയാൻ സാങ്കേതികവിദ്യ കണ്ടെത്തുന്ന 'ആർട്ടിഫിഷ്യൽ ഇന്റലിജൻസി'നെക്കുറിച്ചുള്ള സ്റ്റീവൻ സ്പിൽബർഗിന്റെ 'മൈനോരിറ്റി റിപ്പോർട്ട്' എന്ന സിനിമയിൽനിന്ന് യോഹന്നാന്റെ കുടുംബത്തിലേക്കു വഴിമാറുന്നു. ഓമനപ്പുഴയിൽ പ്രഭ, ശോഭ, കാന്തി എന്ന മൂന്നു പെൺമക്കൾക്കും ഭാര്യ അന്നമ്മക്കുമൊപ്പം ജീവിച്ച യോഹന്നാൻ, മൂത്തമകൾ പ്രഭ അന്യജാതിക്കാരന്റെ കൂടെ ഇറങ്ങിപ്പോയതോടെ ആ നാടുവിട്ടു. അവിടെ രണ്ടാമത്തെ മകൾ ശോഭയെ മാത്യൂസിനു കെട്ടിച്ചുകൊടുത്തു. അവനാകട്ടെ, അവളെ മാത്രം പോരാ, അനിയത്തി കാന്തിയെയും തനിക്കു വേണം എന്നു തീരുമാനിച്ച് പണിതുടങ്ങി. അവൾ വഴങ്ങാതായപ്പോൾ അയൽക്കാരൻ ലോനൻപിള്ളയുമായി ചേർന്ന് വരത്തനായ യോഹന്നാന്റെ അതിരും വേലിയും പൊളിച്ചു; വീടിനു കല്ലെറിഞ്ഞു; കാന്തിയെ ബലാൽക്കാരം ചെയ്യാൻ ശ്രമിച്ചു. ജീവിതം വഴിമുട്ടിയ യോഹന്നാൻ കാന്തിയെ കന്യാമഠത്തിലാക്കി, മരുമകനും അയൽക്കാരനും വേണ്ടി രണ്ടു കത്തിയും വാങ്ങി വീട്ടിലെത്തി. രാത്രി ലോനൻപിള്ളയെ കൊല്ലാനിറങ്ങിയ യോഹന്നാനെ നായകൾ വേട്ടയാടി. ഭൂമിയിലെ മുഴുവൻ നായകളും കടലിലെ മുഴുവൻ പാമ്പുകളും കരയിലെത്തുന്ന സന്ദർഭങ്ങൾ കഥയിലുണ്ട്. പക്ഷാഘാതം വന്നു തളർന്നുവീണ യോഹന്നാനെ രക്ഷിക്കാൻ ദൈവം മിഖായേൽ മാലാഖയെ ഒരു വാളും കൊടുത്തു പറഞ്ഞയച്ചു. ഹിംസകളും കുറ്റകൃത്യങ്ങളും മുൻകൂട്ടിക്കണ്ടു തടയാൻ കഴിവുള്ള സാങ്കേതികവിദ്യകളുമായി സ്പിൽബർഗും കാമറൂണുമൊക്കെ ലോകം കീഴടക്കുമ്പോൾ അവരെക്കാൾ വലിയ സംവിധായകൻ പ്രപഞ്ചത്തിന്റെ നീതിനടപ്പാക്കാൻ ആകാശങ്ങളിൽ കാവൽനിന്നു.

'പക്ഷാഘാതം വന്ന് തളർന്ന യോഹന്നാൻ പതിരിഞ്ഞപ്പൻ സദാസമയവും കട്ടിലിൽത്തന്നെ കിടന്നു. രാത്രി ഇത്ര കറുത്തതാണോ എന്ന് അയാൾ ചിന്തിച്ചു. ലോനൻപിള്ളയും മാത്യൂസും തന്നതിനെക്കാൾ വലിയ ഇരുട്ടാണ് ഇപ്പോൾ അയാൾ അനുഭവിക്കുന്നത്. മനസ്സിനെ ആരോ ചവണയിട്ടു പിടിച്ച നിമിഷത്തിൽ ഇതിലും ഭേദം ആത്മഹത്യയാണെന്ന് അയാൾ വിചാരിച്ചു. ഒരു ദിവസം ആരുമില്ലാത്ത നേരത്ത് ഞാൻ മരിച്ചോട്ടെ എന്ന് അയാൾ ഭാര്യയോട് അനുവാദം ചോദിച്ചു. അന്നമ്മ ശബ്ദമില്ലാതെ കരഞ്ഞു. പിന്നീട് പറഞ്ഞു: 'നമ്മൾ ഒരുമിച്ചല്ലേ ജീവിതം തുടങ്ങിയത്. അത്തരം ഒരവസ്ഥ വരുകയാണെങ്കിൽ അത് ചെയ്യാം; നമ്മളൊരുമിച്ച്'.

അന്നു രാത്രി എന്തോ ശബ്ദം കേട്ട് യോഹന്നാൻ ഞെട്ടിയുണരുമ്പോൾ ഒരമ്മയും മകനും വാളൂരിപ്പിടിച്ച ഗുണ്ടയും നില്ക്കുന്നത് കണ്ടു. യോഹന്നാൻ പേടിക്കാൻ തുടങ്ങുമ്പോൾ അമ്മ പറഞ്ഞു: 'യോഹന്നാനേ, മകൻ പേടിക്കേണ്ട, മകനെ സഹായിക്കാൻ വന്നവരാ ഞങ്ങൾ'.

അയാൾക്ക് ഒന്നും മനസ്സിലായില്ല. അമ്മ പറഞ്ഞു: 'ഞാൻ ഇനി എന്റെ കുഞ്ഞിന്റെ കൂടെ എന്നും കാണും. ശത്രുക്കളോടൊന്നും ഇനി മകൻ ഒറ്റയ്ക്ക് യുദ്ധം ചെയ്യാൻ പോകണ്ട. അതൊക്കെ എന്റെ മകൻ നോക്കിക്കൊള്ളും'.

ഗുണ്ടയെ മാത്രം നോക്കിയിട്ട് അമ്മ യോഹന്നാനോട് പറഞ്ഞു: 'സദാസമയവും ഇവൻ ഈ വീടിന് കാവൽ നില്ക്കും. ശത്രുക്കൾ പോയിട്ട് ഒരു അടയ്ക്കാക്കിളിപോലും ഇനി എന്റെ കുഞ്ഞിനെ ദ്രോഹിക്കാൻ വരില്ല'.

അമ്മ യോഹന്നാന് പാലും പഴവും കൊടുത്തു. ഓറഞ്ചിന്റെ തൊലികളഞ്ഞ്, നാരുകൾ നുള്ളിപ്പെറുക്കിക്കളഞ്ഞ്, നിറമുള്ളതും സുതാര്യവും കൊതിപ്പിക്കുന്നതുമായ ഓരോ അല്ലിയും, അമ്മ അടർത്തിയെടുത്ത് അയാളുടെ നാവിൽ വെച്ചുകൊടുത്തു. മുല കുടിക്കുന്ന കുഞ്ഞിനെപ്പോലെ അയാൾ അമ്മയെ നോക്കിക്കൊണ്ട് കിടന്നു. വാളുകൾ വലിച്ചെറിഞ്ഞ ആ മനുഷ്യൻ സ്വപ്നം കണ്ട് ചിരിച്ചുകൊണ്ട് കിടന്നുറങ്ങി.

'ആരായിരുന്നു', കഥയുടെ പരിസമാപ്തിയിൽ, കഥയുടെ വിടവുകൾ അടയ്ക്കുന്നതിനുവേണ്ടി പൻഗ്രേഷ്യസ് ചോദിച്ചു: 'വാളൂരിപ്പിടിച്ച ആ ഗുണ്ട?'

ഉറപ്പുണ്ടായിരുന്നു, എന്നാൽ അത്ര ഉറപ്പില്ലായിരുന്നു. അതിനാൽ ശബ്ദത്തിൽ കടംവാങ്ങിയ ഗാംഭീര്യം വരുത്തിക്കൊണ്ട് ഞാൻ പറഞ്ഞു: 'മിഖായേൽ'.

പിന്നീട്, പറഞ്ഞതിനെ ഒന്നുകൂടി ഉറപ്പിക്കുന്നതിനുവേണ്ടി ഒരു വിശേഷണപദംകൂടി വില വാങ്ങാതെ ഇട്ടുകൊടുത്തു: 'മാലാഖമാരുടെ മാലാഖ' '.

തന്റെ മുൻസമാഹാരങ്ങളിലെ മികച്ച പല കഥകളെയുംപോലെ മാജിക്കൽ റിയലിസത്തിന്റെ ഭാവനാഭൂപടം കരയിൽനിന്നു കടലിലേക്ക് ഒരു കറുത്ത കംബളം പോലെ നിവർത്തിവിടർത്തുകയാണ് ഈ രചനകളിലും സെബാസ്റ്റ്യൻ. ചരിത്രത്തിന്റെയും രാഷ്ട്രീയത്തിന്റെയും ചിന്തയുടെയും സ്വപ്നങ്ങളുടെയും പറുദീസകളിൽ നടക്കുന്ന ഹിംസകളുടെയും പിശാചബാധകളുടെയും കഥപറയുന്നു, അഞ്ചു രചനകളും. മരണം, ബാല്യം മുതൽ വാർധക്യം വരെയും ശരീരം മുതൽ ആത്മാവുവരെയും രതിമുതൽ ഭ്രാന്തുവരെയുമുള്ള മനുഷ്യാവസ്ഥകളെ വളഞ്ഞിട്ടുപിടിക്കുകയാണ്. നാടും വീടും ഒന്നായി മാറുന്ന കഥാഭൂമികകൾ. ജീവിതവും മൃതിയും തമ്മിലിടയുന്ന കാലസൂചികകൾ. നക്ഷത്രങ്ങളും കാവൽമാലാഖമാരും വിഷപ്പാമ്പുകളും കടൽക്കാക്കകളും പറന്നും ഇഴഞ്ഞും നീന്തിയും നടക്കുന്ന പ്രപഞ്ചസമുദ്രത്തിൽനിന്ന് എത്രയും നിസ്സാരരും നിസ്സഹായരുമായ മനുഷ്യരെ തെരഞ്ഞുകണ്ടെത്തി ദൈവത്തിനും വിധിക്കും മുന്നിൽ മുഖാമുഖം നിർത്തുകയാണ് കഥാകാരൻ. ആഴിയുടെ ചുഴിച്ചുറ്റുകളിൽ നിന്ന് ജീവിതം വേലിയേറിവരുന്ന ചില മാത്രകളെ കഥകളായി പരിവർത്തനം ചെയ്യുന്നു, സെബാസ്റ്റ്യൻ എന്നും പറയാം. കാളമേഘപടലങ്ങളും രക്തമഴകളും കടൽസർപ്പങ്ങളും വെളിപാടുപുസ്തകത്തിലെ സറിയൽ ഭാവനകൾപോലെ അവയിൽ നിറഞ്ഞുകവിയും. ചാവിന്റെ കടൽച്ചുരുളുകളായി ഈ കഥകൾ നമ്മുടെ വായനയെ വിറങ്ങളിപ്പിക്കും, വിഭ്രമിപ്പിക്കും, വിസ്മയിപ്പിക്കും.

'തങ്കം' എന്ന കഥയിൽ നിന്ന്:-

'ഞങ്ങളുടെ വീട്ടിലെ അമ്മാമ്മയ്ക്ക്, അതായത് അച്ഛന്റെ അമ്മയ്ക്ക് ചട്ടയും മുണ്ടും ഒരു ജോടി മേക്കാമോതിരങ്ങളും വണക്കമാസപ്പുസ്തകവുംപോലെ സ്വന്തമായി ഒരു നിഘണ്ടുവും ഉണ്ടായിരുന്നു.

ഞങ്ങളാരും ഈ നിഘണ്ടു ഇതേവരെ കണ്ടിട്ടില്ല. അത് ദൈവത്തെപ്പോലെ കാണാമറയത്തുതന്നെയിരുന്നു. എന്നാൽ കേട്ടുകേൾവിയില്ലാത്ത വാക്കുകൾ ഉപയോഗിക്കുകയും മറ്റാർക്കും വിട്ടുകൊടുക്കാതെ അതുതന്നെ ആവർത്തിക്കുകയും ചെയ്തുകൊണ്ട് അമ്മാമ്മ ആ വാക്കുകളെ സ്വന്തമാക്കി. ദൃഷ്ടാന്തം: രാജാക്കന്മാരുടെ കാര്യം പറയുമ്പോൾ ചരിത്രം പഠിപ്പിക്കുന്ന അദ്ധ്യാപകരും പിന്നീടു നമ്മളും നല്ല കാര്യങ്ങൾ ചെയ്ത രാജാവിന്റെ വാഴ്ചക്കാലത്തെ സുവർണകാലം എന്നു വിശേഷിപ്പിക്കാറുണ്ട്. കൊല്ലുമെന്നു പറഞ്ഞാൽപ്പോലും അമ്മാമ്മ ആ വാക്കു പ്രയോഗിക്കില്ല; പകരം രേചനകാലം എന്നു പറയും. മറ്റൊന്ന്: നിങ്ങളും നിങ്ങളുടെ പരിഷ്‌കാരികളായ മക്കളും ഡിസംബർ 25-ാം തീയതിയെ ക്രിസ്മസ് എന്നു വിളിക്കും. അപ്പത്തിന്റെയും ഇറച്ചിയുടെയും ഗന്ധമുള്ള ആ ദിവസത്തെ അമ്മാമ്മ നത്താൾ എന്നു മാത്രമേ വിളിക്കൂ. അതുപോലെ നാണിച്ചും പേടിച്ചും രഹസ്യമായി പറയുന്ന യോനിയെ പള്ളത്തിയെന്ന്; നവോത്ഥാനം എന്ന വാക്കിനോടൊപ്പം ജോടിയായി വരുന്ന നാരായണഗുരുവിനെ ദൈവം തീണ്ടിയ മനുഷ്യനെന്ന്; ഏറ്റവുമൊടുവിൽ അവസാനത്തെ കടശ്ശിയെന്ന്.

വീട്ടിലും നാട്ടിലും ചെറിയാച്ചൻ എന്നു പേരുള്ള എന്നെ അമ്മാമ്മ മാത്രം പൊടിയൻ എന്നു വിളിച്ചു.

'പൊടിയാ', ഒരു ദിവസം അമ്മാമ്മ എന്നെ വിളിച്ചു. അപ്പോൾ ഉച്ചതിരിഞ്ഞിരുന്നു. പച്ചയീർക്കിലും ടംഗീസും കൊണ്ടു നിർമ്മിച്ച അമ്പും വില്ലുമായി ഞാൻ വേട്ടയ്ക്കു പുറപ്പെടുകയായിരുന്നു. കുളക്കടവിൽ നിന്ന് ആമയും തവളകളും വെള്ളത്തിലേക്കെടുത്തുചാടി. ഞങ്ങളുടെ വീടിന്റെ മുകളിൽ അമ്മാമ്മയുടെ കച്ചമുറിപോലെ ചുളുങ്ങിക്കിടന്ന ഒരു വെൺമേഘം അതിന്റെ സഞ്ചാരം നിർത്തി സ്തംഭിച്ചുനിന്നു. അപ്പോഴാണ് അമ്മാമ്മയുടെ വിളി വന്നത്. ആഞ്ഞിലിച്ചോട്ടിലിരുന്ന് കാറ്റുകൊള്ളുകയായിരുന്നു അമ്മാമ്മ. കൂട്ടംകൂടാൻ ചെന്ന എന്നെ വിളിച്ച് അമ്മാമ്മ മടിയിൽ കിടത്തി. കുഴമ്പിന്റെ മണമുള്ള മടിയിൽ പ്രതിഷ്ഠിച്ച എന്റെ ശിരസ്സിനെ ആദ്യം ചിരിയോടെയും പിന്നെ പകയോടെയും താലോലിച്ചു. പകയുടെ മൂർധന്യത്തിൽ എന്റെ തലയെ ശപിച്ചുകൊണ്ട് അമ്മാമ്മ കുരുക്ഷേത്രം എന്നു വിളിച്ചു. എപ്പോഴുമെപ്പോഴും വിജയിക്കേണ്ടത് അമ്മാമ്മയായതുകൊണ്ട് പേനുകളായിരുന്നു. കൗരവർ.

ഒരു ജോടി തള്ളവിരൽനഖങ്ങളുടെ ഇടയിൽ അമ്മാമ്മ ഒരുക്കിയ കെണിയിലേക്കു വരിവരിയായി വന്ന പേനുകൾ 'ഹമ്മോ' എന്നു ദീനരോദനം മുഴക്കിക്കൊണ്ട് ചതഞ്ഞരയുന്നതും ചട്ടയും മുണ്ടും ധരിച്ച പെൺഭീമനെപ്പോലെ വിജയത്തിന്റെ ഓരോ നിമിഷവും അമ്മാമ്മ അട്ടഹസിക്കുന്നതും എനിക്കു മാത്രം കേൾക്കാമായിരുന്നു. വടക്കേ മുറ്റത്തെ രക്തക്കളമാക്കി മാറ്റിക്കൊണ്ട് അമ്മാമ്മ ഗദായുദ്ധം തുടർന്നുകൊണ്ടേയിരുന്നു. വിശറിയുടെ ഭംഗിയിൽ ഞൊറിഞ്ഞുടുത്ത കച്ചമുറിയും പടച്ചട്ടയെന്നു കട്ടായം പറയാവുന്ന കേമ്പിരിച്ചട്ടയും ധരിച്ച അമ്മാമ്മ ചെത്തുതെങ്ങിന്റെ തലപ്പോളം പറന്നുചെന്ന് ഗദകൊണ്ട് പ്രഹരിച്ചു മടങ്ങിവരുന്നത് എനിക്കു മാത്രം കാണാമായിരുന്നു. തെങ്ങിന്റെ തലപ്പിൽ അപ്പോൾ കമ്പിത്തിരി കത്തിയതുപോലെ സ്ഫുലിംഗങ്ങൾ ചിതറുമായിരുന്നു. എന്നാൽ ഒരുപറ്റം ചക്കരത്തുമ്പികളോടു പുഞ്ചിരിക്കുമ്പോൾപ്പോലും അമ്മാമ്മയ്ക്കു ഷെമ്മീസിട്ട ഒരു കൊച്ചുപെൺകുട്ടിയായി മാറാൻ കഴിയുമായിരുന്നു.

അന്നു യുദ്ധമില്ലാത്ത ദിവസമായിരുന്നു. അമ്മാമ്മയും പേനുകളും വെള്ളക്കൊടിയുയർത്തി യുദ്ധത്തിന് അവധി കൊടുത്തിട്ട് താന്താങ്ങളുടെ വിനോദങ്ങളിൽ മുഴുകി. വിനോദം എന്നു കേട്ടപാടേ പേനുകൾ പെണ്ണിന്റെയും ചോരയുടെയും പിന്നാലെ പരക്കം പായാൻ തുടങ്ങി. ആഹ്ലാദം പരിധിലംഘിച്ചപ്പോഴെല്ലാം മാന്തിയും നല്ല ഞൊട്ടുകൊടുത്തും ഞാൻ എന്റെ തലയെ, അമ്മാമ്മയുടെ കുരുക്ഷേത്രത്തെ, അച്ചടക്കം പഠിപ്പിച്ചു. കൃഷിയായിരുന്നു അമ്മാമ്മയുടെ വിനോദം. ഉടുത്തിരുന്ന മുണ്ടിന്റെ മീതേ ഒരു ശംഖുമാർക്ക് കൈലിയുടുത്തുകൊണ്ട് കിഴക്കേ വേലിയിലെ പീച്ചിലിനെ അമ്മാമ്മ ലാളിച്ചു. ആദ്യം ഉണങ്ങിയ ചാണകം പൊടിച്ച് തടത്തിലിട്ടു. പിന്നെ മതിവരുവോളം വെള്ളം കൊടുത്തു. എന്നെ കണ്ടപ്പോൾ വെള്ളമൊഴിക്കുന്നതിനു തടസ്സം വരുത്താതെ അമ്മാമ്മ പറഞ്ഞു: 'ദൈവത്തെ വിശ്വസിക്കാൻ കൊള്ളില്ല'.

ഞാൻ മിഴിച്ചുനിന്നപ്പോൾ അമ്മാമ്മ പറഞ്ഞു: 'ദൈവം കടം വാങ്ങിയ നക്ഷത്രങ്ങൾ ഇതേവരെ എനിക്കു തിരിച്ചുതന്നിട്ടില്ല'.

എനിക്ക് ഒന്നുംതന്നെ മനസ്സിലായില്ല. പരിചിതമായ വാക്കുകളുപയോഗിച്ച് അമ്മാമ്മ പ്രഹേളിക നിർമ്മിക്കുകയാണെന്നു തോന്നി. ഞാൻ അങ്ങോട്ടു കയറി ചോദിച്ച് വിലയിടിയാൻ നിന്നില്ല. കുട്ടികൾക്കുമുണ്ട് മാനാഭിമാനം. കാത്തു, അമ്മാമ്മയുടെ വാക്കുകൾക്കുവേണ്ടി കാത്തു. അപ്പോഴേക്കും മടിയിൽനിന്നു പൊതിയെടുത്ത് നാലുംകൂട്ടി മുറുക്കാൻ തുടങ്ങി. ചിലപ്പോൾ പുരുഷന്മാർ മദ്യപിക്കുന്നതിനു പകരമായിരിക്കും സ്ത്രീകൾ മുറുക്കുന്നത്. അവരുടെ കയറ്റിറക്കളില്ലാത്ത വെറും സാധാരണ ജീവിതത്തിൽ ഒരു കുന്നോ കുഴിയോ പ്രത്യക്ഷപ്പെടുന്നത് അപ്പോഴായിരിക്കും. അതിശയോക്തികളെയും ന്യൂനോക്തികളെയും മാറി മാറി തൊട്ടുനക്കിക്കൊണ്ട് അവ പുരുഷന്റേതു മാത്രമായ ലോകത്തിലേക്ക് ആനവാതിലുകൾ തുറക്കും.

അമ്മാമ്മ പറഞ്ഞതിന്റെ രത്‌നച്ചുരുക്കം ഇതായിരുന്നു: കമ്പിയുടെയും കാലിന്റെയും പുറത്തുകയറി വൈദ്യുതി അന്ന് അമ്മാമ്മയുടെ വീട്ടിലെത്തിയിട്ടില്ല. ക്രിസ്മസ്സിന് അഥവാ അമ്മാമ്മയുടെ നത്താളിനു കയറ്റുന്ന നക്ഷത്രത്തിൽ പാട്ടവിളക്കിനെ പ്രതിഷ്ഠിക്കുന്നതിന് ഒരു പീഠംകൂടി നിർമ്മിക്കണം. ഇന്നത്തെപ്പോലെ നക്ഷത്രത്തെ അങ്ങാടിയിൽനിന്ന് അധികമായി വിലയ്ക്കുവാങ്ങാൻ കിട്ടില്ല. സ്വയം നിർമ്മിക്കണം. ഇത്തവണ നക്ഷത്രമെങ്കിൽ അടുത്ത കൊല്ലം വിമാനം, പിന്നെ കപ്പലും മത്തങ്ങയും പിന്നെയും പിന്നെയും എട്ടുകാലനും പതിനാറുകാലനും.

ഒരു ദിവസം രാത്രി മുറ്റത്തെ ചെത്തുതെങ്ങിന്റെ ചോട്ടിലേക്ക് ഇറങ്ങിവരുമ്പോൾ അമ്മാമ്മ വെറുതേ മുകളിലേക്കു നോക്കി. നക്ഷത്രം പ്രകാശിച്ചുകൊണ്ട് വീടിന്റെ മുകളിൽ തൂങ്ങിക്കിടക്കുന്നുണ്ടായിരുന്നു. അമ്മാമ്മ തെങ്ങിൻചോട്ടിൽനിന്ന് എഴുന്നേല്ക്കുമ്പോൾ ഇളകിയാടുന്ന നക്ഷത്രം പെട്ടെന്ന് നിശ്ചലമായി. പിന്നെ, അതു മുകളിലേക്ക് ഉയർന്നുതുടങ്ങി. അമ്മാമ്മ അദ്ഭുതത്തോടെ നോക്കിനിന്നു. നക്ഷത്രം ഉയർന്നുയർന്ന് ആകാശത്തിലെ നക്ഷത്രങ്ങളുടെ ഇടയിലേക്കു പോയി. സ്വന്തം കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. അതുകൊണ്ട് കണ്ണടച്ചു. വീണ്ടും നോക്കുമ്പോൾ ആകാശത്തിലെ നിരവധിയായ നക്ഷത്രങ്ങളുടെ ഇടയിൽനിന്ന് അമ്മാമ്മയ്ക്ക് സ്വന്തം നക്ഷത്രത്തെ വീണ്ടെടുക്കാൻ കഴിഞ്ഞില്ല.

'പൊടിയാ', അമ്മാമ്മ പറഞ്ഞു: 'രാത്രി ആകാശത്തുകണ്ട ഒരു കാര്യവും ആരോടും പറയാൻ പാടില്ല. അതാ നിയമം. പക്ഷേ, സ്‌നേഹം എല്ലാ നിയമങ്ങളെയും തോല്പിക്കും. അതുകൊണ്ടാ നക്ഷത്രത്തിന്റെ സ്വർഗാരോഹണം നിന്നോടു മാത്രം പറയുന്നത്'.'

തങ്കം കഥകൾ
കെ.എ. സെബാസ്റ്റ്യൻ,
മാതൃഭൂമിബുക്‌സ്, 2018, 115 രൂപ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP