Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ശബരിമലയിലെ വെടിവഴിപാട് അവകാശം ഈഴവ കുടുംബമായ ചീരപ്പൻചിറയിൽ നിന്ന് ദേവസ്വം ബോർഡ് കൈക്കലാക്കിയത് എന്തുകൊണ്ട് ആചാരലംഘനമായില്ല? ഈ വിശ്വാസ നിഷേധത്തിനെതിരെ തന്ത്രിയും പന്തളം കൊട്ടാരവും ഒന്നും മിണ്ടാത്തത് എന്തേ? അയ്യപ്പൻ ആയോധനകല പഠിക്കാനെത്തിയ ചീരപ്പൻചിറ കളരിയുമായി ബന്ധപ്പെട്ടുള്ള ഐതിഹ്യത്തിന് മാളികപ്പുറവുമായും ബന്ധം; ശബരിമല സമരത്തിൽ നിന്ന പിന്മാറാൻ വെള്ളാപ്പള്ളി പറഞ്ഞ ചീരപ്പൻചിറ കുടുംബത്തിന്റെ കഥ ഇങ്ങനെ

ശബരിമലയിലെ വെടിവഴിപാട് അവകാശം ഈഴവ കുടുംബമായ ചീരപ്പൻചിറയിൽ നിന്ന് ദേവസ്വം ബോർഡ് കൈക്കലാക്കിയത് എന്തുകൊണ്ട് ആചാരലംഘനമായില്ല? ഈ വിശ്വാസ നിഷേധത്തിനെതിരെ തന്ത്രിയും പന്തളം കൊട്ടാരവും ഒന്നും മിണ്ടാത്തത് എന്തേ? അയ്യപ്പൻ ആയോധനകല പഠിക്കാനെത്തിയ ചീരപ്പൻചിറ കളരിയുമായി ബന്ധപ്പെട്ടുള്ള ഐതിഹ്യത്തിന് മാളികപ്പുറവുമായും ബന്ധം; ശബരിമല സമരത്തിൽ നിന്ന പിന്മാറാൻ വെള്ളാപ്പള്ളി പറഞ്ഞ ചീരപ്പൻചിറ കുടുംബത്തിന്റെ കഥ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ശബരിമല അയ്യപ്പനുമായി ബന്ധപ്പെട്ട് പ്രചരിച്ച വിവിധ ഐതീഹ്യങ്ങളിൽ പരാമർശിക്കപ്പെട്ട പേരാണ് മുഹമ്മയിലെ ചീരപ്പൻചിറ. ഒരുപക്ഷെ അയ്യപ്പ കഥകളുമായി ഇത്രയേറെ ബന്ധമുള്ള തറവാട് വേറെ കാണുകയുമില്ല. എകെജിയുടെ പത്നിയും മൂന്മന്ത്രിയുമായ സുശീലാഗോപാലിന്റെ തറവാടുകൂടിയായ ചീരപ്പൻചിറക്കാരോട്് ചെയ്ത അനീതിയാണ് ശബരിമലയിലെ സമരക്കാർക്ക് പിന്തുണ കൊടുക്കാതിരിക്കാൻ വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടിയത്.ശബരിമലയിലെ വെടിവഴിപാട് അവകാശം ചീരപ്പൻചിറ കുടുംബത്തിൽനിന്ന് ദേവസ്വംബോർഡ് കൈക്കലാക്കിയത് എന്തുകൊണ്ട് ആചാരലംഘനമായില്ല എന്നാണ് അദ്ദേഹം ചോദിക്കുന്നത്. നിങ്ങൾക്ക് തോനുന്നത് മാത്രം ആചാരലംഘനമാവുന്നത് അംഗീകരിക്കാനാവില്ലെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടിയിരുന്നു.

അയ്യപ്പൻ ആയോധന കല പഠിക്കാനെത്തിയ ഈ ഈഴവ കുടുംബത്തിൽ

അയ്യപ്പൻ ആയോധനകല പഠിക്കാനെത്തിയ ചീരപ്പൻചിറ കളരിയുമായി ബന്ധപ്പെട്ടുള്ളതാണ് മാളികപ്പുറത്തമ്മയുടെയും ശബരിമലയിലെ അരവണയുടെയും എല്ലാം ഐതീഹ്യം. അയ്യപ്പൻ കുട്ടിക്കാലത്ത് ആയോധന കല പഠിക്കാനെത്തിയ ഒരു ഈഴവ കുടുംബമാണ് മുഹമ്മയിലെ ചീരപ്പൻ ചിറ കളരി. അയ്യപ്പ കഥകളോളം പഴക്കമുള്ള ചീരപ്പൻ ചിറ കളരി ഇന്നും അതുപോലെ തന്നെ നിലനിൽക്കുന്നു. അയ്യപ്പൻ ആയോധന കല പഠിച്ചതെന്ന് വിശ്വസിക്കുന്ന കളരിയും ഉടവാളുമെല്ലാം ഇന്നും ഇവിടെ അതുപോലെ സൂക്ഷിച്ചിട്ടുണ്ട്.

്തറവാട്ടിലെ തലമുതിർന്ന കാരണവരായ രപ്പൻ പണിക്കരാണ് അയ്യപ്പന്റെ കളരിഗുരുവെന്നും വിശ്വസിച്ചു പോരുന്നു. ആയോധനകലകളിൽ മിടുക്കനായ തന്റെ ശിഷ്യനായ അയ്യപ്പന് പൂഴിക്കടകൻ അടക്കമുള്ളവ രപ്പൻ പണിക്കർ പരിശീലിപ്പിച്ചു. വലം കയ്യിലെ ആയുധം നഷ്ടപ്പെട്ട് പൂഴിമണ്ണിൽ വീണുകിടക്കുമ്പോൾ അങ്കക്കലി പൂണ്ട്, വീണവനെ വെട്ടാൻ പാടില്ല എന്ന യുദ്ധമര്യാദ മറന്ന്, വധിക്കാൻ ചാടിവീഴുന്ന എതിരാളിയൂടെ മുഖത്തേയ്ക്ക് ഇടം കയ്യിലെ പരിചയിൽ പൂഴിനിറച്ച് ശക്തിയോടെ വാരിയെറിയുന്നതാണ് ഈ അടവ്. അനവസരത്തിൽ പ്രയോഗിക്കാൻ സാധ്യതയുണ്ട് എന്നതിനാലും പയറ്റ് മര്യാദയ്ക്ക് ചേർന്നതല്ലാ എന്നതിനാലും ആരേയും പഠിപ്പിക്കാത്ത ഈ അടവ് , ചീരപ്പൻ ചിറയിലെ കളരിഗുരുക്കൾ അയ്യപ്പസ്വാമിയുടെ യോഗ്യത മനസ്സിലാക്കി അദ്ദേഹത്തെ അതീവരഹസ്യമായി പരിശീലിപ്പിക്കുക ആയിരുന്നുവെന്നാണ് ഐതീഹ്യം.

അയ്യപ്പസ്വാമിയും മാളികപ്പുറത്തമ്മയും

ആ കളരിയിൽ ഇന്നും സകല വിശുദ്ധിയോടെ അയ്യപ്പസ്വാമിയുടെ വാളുവെച്ചു പൂജിക്കുന്നുണ്ട്. ശബരിമലയെ സങ്കൽപ്പിച്ചു കൊണ്ടുള്ള വിവിധ പൂജകളും ഇവിടെ നടന്നു വരുന്നു. അവിടെ അയ്യപ്പ സ്വാമി താമസിക്കുമ്പോൾ അതീവ തേജസ്വിനിയായ ലീല എന്ന പെൺകുട്ടി അയ്യപ്പസ്വാമിയുടെ അലൗകിക കാന്തിയിൽ ആകൃഷ്ടയായി. ആരേയും ശ്രദ്ധിക്കാതെ യോഗമുറകളിലും കളരി അഭ്യാസങ്ങളിലും മാത്രം മനസ്സുറപ്പിച്ച് പഠനം തുടർകയായിരുന്നു അയ്യപ്പൻ.

ഒടുവിൽ പരിശീലനം പൂർത്തിയാക്കി മണികണ്ഠൻ മടങ്ങിപ്പോകുന്ന ദിവസം വന്നെത്തി. പന്തളം രാജ്യം ഉദയനൻ എന്നയാൾ ആക്രമിച്ചതിനെ തുടർന്ന് പിതാവിന്റെ നിർദ്ദേശ പ്രകാരം യുദ്ധം ചെയ്യാനാണ് അയ്യപ്പൻ കൊട്ടാരത്തിലേക്ക് മടങ്ങിയത്. അന്ന് അയ്യപ്പന്റെ മുന്നിലെത്തിയ പെൺകുട്ടി വിവാഹഭ്യർത്ഥന നടത്തുകയായിരുന്നു. സംസ്‌കാരസമ്പന്നയും സുന്ദരിയുമായിരുന്ന ആ പെൺകുട്ടിയുടെ അഭ്യർത്ഥന മണികണ്ഠൻ ചെവിക്കൊള്ളുകകയും ചെയ്തു. പക്ഷെ തന്റെ ജീവിതദൗത്യം പൂർത്തിയാകുന്നതുവരെ മറ്റൊരു കാര്യത്തിലേയ്ക്കും മനസ്സു കൊടുക്കുവാൻ തനിക്ക് സാധിക്കില്ല എന്ന യാഥാർത്ഥ്യം ആ പെൺകുട്ടിയോട് പറഞ്ഞ് ബോധ്യപ്പെടുത്തി.

ഈ വസ്തുത മണികണ്ഠൻ ആ പെൺകുട്ടിയെ അറിയിച്ചു. അപ്പോൾ താനതിനൊന്നും തടസ്സമാവില്ലെന്നും കുമാരന്റെ വിജയത്തിനായി പ്രാർത്ഥിച്ചുകൊണ്ട് ഇവിടെ കാത്തിരുന്നോളാമെന്നും ഇനി മറ്റൊരാളിൽ തന്റെ മനസ്സുപോവില്ലെന്നും പറഞ്ഞ ആ കുമാരിയോട്, ദൗത്യം പൂർത്തിയാക്കി താൻ എന്നെങ്കിലും തിരികെ വന്നാൽ അന്നു സ്വീകരിച്ചോളാം എന്ന് വാക്ക് നൽകിയാണ് മണികണ്ഠൻ യാത്രയായത്. ഈ പെൺകുട്ടിയാണ് പിൽക്കാലത്ത് മാളികപ്പുറത്തമ്മയായി അയ്യപ്പനടുത്ത് ശബരിമലയിൽ പ്രതിഷ്ഠിക്കപ്പെട്ടത് എന്നാണ് പുരാണം.

അയ്യപ്പനും അരവണ പായസവും

അയ്യപ്പനിൽ അനുരാഗം തോന്നിയ ലീല ദിവസവും അയ്യപ്പനുള്ള ഭക്ഷണവുമായി ചെന്നിരുന്നു. അവർ ഋതുമതി ആയപ്പോൾ ഹിന്ദു പാരമ്പര്യം അനുസരിച്ച് അരിയും ശർക്കരയും ഉപയോഗിച്ചുള്ള ഋതുമതി കഞ്ഞി ഉണ്ടാക്കുമായിരുന്നു. ആ കഞ്ഞി പെൺകുട്ടി അയ്യപ്പനും നൽകുമായിരുന്നു. ഈ കഞ്ഞി അയ്യപ്പന് ഇഷ്ടമാവുകയും എല്ലാ ദിവസവും ഇത് നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഈ സംഭവത്തിൽ നിന്നാണ് അരവണ പ്രസാദം ഭഗവാന് നേദിക്കുന്നതെന്നാണ് ഐതീഹ്യം.

ചീരപ്പൻ ചിറയും മുക്കാൽവട്ടം ക്ഷേത്രവും

ചീരപ്പൻചിറ പണിക്കർ തറവാടിനടുത്തായി പണിതതാണ് മുക്കാൽവട്ടം ക്ഷേത്രം. ഗുരുക്കൾക്ക് പ്രായമായപ്പോൾ ശബരിമല ദർശനത്തിന് പോകാൻ സാധിക്കാതെയായി. ഇതിൽ ദുഃഖിതനായ ഗുരുവിന്റെ സ്വപ്നത്തിൽ അയ്യപ്പൻ വരികയും ചീരപ്പൻചിറയിൽ തന്നെ ഒരു ക്ഷേത്രം പണിയാൻ നിർദ്ദേശിക്കുകയും ശബരിമലയിലെ മുക്കാൽ ഭാഗം ചൈതന്യത്തോട് കൂടി അവിടെ കുടികൊള്ളാമെന്ന് അറിയിക്കുകയും ആയിരുന്നു. പിറ്റേ ദിവസം വേമ്പനാട് കായലിൽ നിന്നും ഒരു ചന്ദന തടി ഇവിടേക്ക് ഒഴുകി വരുകയും ആ തടി ഉപയോഗിച്ചാണ് മുക്കാൽവട്ടം ക്ഷേത്രം നിർമ്മിച്ചിരിക്കുന്നതെന്നാണ് ചരിത്രം.

ഇക്കാലത്തും പ്രായമായ ആൾക്കാരും ശബരിമലയിലേക്ക് യാത്ര ചെയ്യാൻ സാധിക്കാത്തവരും ഈ ക്ഷേത്രത്തിലെത്തി അയ്യപ്പനെ കണ്ട് വണങ്ങാറുണ്ട്. ശബരിമലയിൽ ദർശനം ചെയ്യുന്ന അതേ അനുഗ്രഹം തന്നെ ഇവിടെ ദർശനം ചെയ്താലും ലഭിക്കുമെന്നാണ് വിശ്വാസം. 2001ൽ ശബരിമലയിൽ നടത്തിയ അഷ്ടമംഗല ദേവപ്രശ്‌ന പ്രകാരം ശബരിമല ദേവസ്വം ഭാരവാഹികൾ പ്രത്യേക പൂജകളും വഴിപാടും പ്രാശ്ചിത്തമെന്നോണം മുക്കാൽവട്ടം ക്ഷേത്രത്തിൽ നടത്തിയിരുന്നു.

ചീരപ്പൻചിറയും വെടിവഴിപാടും

ചീരപ്പൻചിറ കുടുംബത്തിന് അവകാശപ്പെട്ടതായിരുന്നു ശബരിമലയിലെ വെടിവഴിപാട് അവകാശം. എന്നാൽ വർഷങ്ങൾക്കമുമ്പു തന്നെ അവർക്ക് ലഭിച്ചിരുന്ന ആ വെടിവഴിപാട് അവകാശം ദേവസ്വംബോർഡ് കേസിലൂടെ കൈക്കലാക്കുകയായിരുന്നു. എന്നാൽ ഈ വിശ്വാസ നിഷേധത്തിനെതിരെ തന്ത്രിയും പന്തളം കൊട്ടാരവും മതസംഘടനകളും ഒരുവാക്കുപോലും പറഞ്ഞില്ല. ഇതിന്റെ പരിഹാരമായാണ് 2001ൽ നടത്തിയ അഷ്ടമംഗല ദേവപ്രശ്‌ന പ്രകാരം ചീരപ്പൻചിറയിലെത്തി പ്രായശ്ചിത്തം ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP