Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മകൾക്ക് ചരടുകെട്ടി പൂജ നടത്താൻ മന്ത്രവാദിക്ക് അടുത്ത് എത്തി; ഗാന്ധി ജയന്തി ദിനത്തിൽ ബിവറേജസ് ഇല്ലാത്തതിനാൽ മദ്യം തേടി യാത്ര; പൂജയ്ക്കിടെ മന്ത്രവാദിയും ഭാര്യയും മക്കളും മദ്യം കഴിക്കണമെന്ന അന്ധവിശ്വാസം ദുരന്തമായി; തികിനായിയും മകനും മരുമകനും കഴിച്ചത് സൈനയ്ഡ് കലർത്തിയ ലഹരി; വാരാമ്പറ്റ പുഴയുടെ തീരത്തെ കണ്ണീരിലണിയിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേരുടെ മരണം; ദുരൂഹതയ്ക്ക് ഉത്തരം തേടി പൊലീസും

മകൾക്ക് ചരടുകെട്ടി പൂജ നടത്താൻ മന്ത്രവാദിക്ക് അടുത്ത് എത്തി; ഗാന്ധി ജയന്തി ദിനത്തിൽ ബിവറേജസ് ഇല്ലാത്തതിനാൽ മദ്യം തേടി യാത്ര; പൂജയ്ക്കിടെ മന്ത്രവാദിയും ഭാര്യയും മക്കളും മദ്യം കഴിക്കണമെന്ന അന്ധവിശ്വാസം ദുരന്തമായി; തികിനായിയും മകനും മരുമകനും കഴിച്ചത് സൈനയ്ഡ് കലർത്തിയ ലഹരി; വാരാമ്പറ്റ പുഴയുടെ തീരത്തെ കണ്ണീരിലണിയിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേരുടെ മരണം; ദുരൂഹതയ്ക്ക് ഉത്തരം തേടി പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

കൽപ്പറ്റ: വിഷമദ്യം കഴിച്ച് മന്ത്രവാദിയും മകനും ബന്ധുവും മരിച്ചതിന് കാരണം സയനൈഡ് പോലുള്ള മാരകവിഷം മദ്യത്തിൽ കലർത്തിയതു കാരണമെന്ന് പ്രാഥമിക നിഗമനം. വെള്ളമുണ്ട മൊതക്കരയ്ക്കു സമീപം കൊച്ചറ കാവുംകുന്ന് കോളനിയിലെ മന്ത്രവാദിയായ തികിനായി (75), മകൻ പ്രമോദ് (30), മരുമകൻ പ്രസാദ് (35) എന്നിവരാണു മരിച്ചത്. ഇവർക്ക് മദ്യം നൽകിയ മാനന്തവാടി സ്വദേശി പഴശ്ശിനഗർ സജിത്കുമാർ (39), ഇയാളുടെ സുഹൃത്തും മാനന്തവാടി ടൗണിലെ സ്വർണപ്പണിക്കാരനുമായ സന്തോഷ് (46) എന്നിവരാണു പൊലീസ് കസ്റ്റഡിയിലുള്ളത്. പോസ്റ്റമോർട്ടം റിപ്പോർട്ടിൽ മദ്യത്തിൽ വിഷം കലർന്നതായി കണ്ടെത്തിയിരുന്നു. ഇതു ശരിവയ്ക്കുന്നു. സ്വർണത്തിനു മഞ്ഞനിറം നൽകാൻ സയനൈഡ് ഉപയോഗിക്കാറുണ്ട്.

വാരാമ്പറ്റ പുഴയുടെ തീരത്താണ് കൊച്ചാറ ഗ്രാമം. ബാണാസുര സാഗറിലെ വെള്ളം തുറന്ന് വിട്ടപ്പോൾ കഴിഞ്ഞ മഴക്കാലത്ത് ഗ്രാമം തന്നെ മുങ്ങി പോയിരുന്നു. ഈ ദുരന്തത്തെ അതിജീവിച്ച് മുന്നോട്ട് വരുമ്പോഴാണ് ദുരൂഹ മരണങ്ങൾ ഉറക്കം കെടുത്താനെത്തുന്നത്. സ്ഥിരം മദ്യപാനികളുടെ പട്ടികയിലൊന്നും ഇടംപിടിക്കാത്ത യുവാക്കളാണ് മരിച്ചത്. പ്രളയകാലത്ത് ഓടിനടന്ന് നാടിന്റെ കാര്യങ്ങൾക്കെല്ലാം പ്രസാദും പ്രമോദും മുന്നിലുണ്ടായിരുന്നു. പ്രളായനന്തര പ്രവർത്തനങ്ങളിലും ഇവർ സജീവമായിരുന്നു. പ്രസാദ് കെട്ടിടനിർമ്മാണവും അതില്ലാത്തപ്പോൾ ഓട്ടോറിക്ഷ ഓടിച്ചുമാണ് ജീവിച്ചിരുന്നത്. പ്രസാദിന്റെ അച്ഛൻ മാധവൻ ഒന്നരവർഷംമുമ്പും മകൻ കഴിഞ്ഞ വർഷവും രോഗംവന്ന് മരിച്ചിരുന്നു.

മരിച്ച പ്രമോദും ഊർജസ്വലനായ ചെറുപ്പക്കാരനായിരുന്നു. റേഷൻകടയിലെ സഹായിയായ പ്രമോദ് സുപരിചിതനാണ്. പിന്നീട് താത്കാലികമായി വൈത്തിരി ഹോസ്റ്റലിലെ സഹായിയായും ജോലി ചെയ്തുവരികയായിരുന്നു. ഞായറാഴ്ച വീട്ടിലെത്തിയ പ്രമോദ് തിരിച്ചുപോകാനൊരുങ്ങവേയാണ് അച്ഛൻ തികിനായി മരിച്ചത്. മരണവാർത്തയറിഞ്ഞ് ഇവിടേക്ക് നാട്ടുകാർ ഒഴുകിയെത്തുമ്പോഴും തികിനായിയെക്കൂടാതെ മറ്റു രണ്ടുപേരെയും ദുരന്തം തട്ടിക്കൊണ്ടുപോയത് അടുത്ത ബന്ധുക്കൾ അിറഞ്ഞിരുന്നില്ല. ഇവർ രണ്ടുപേരും ആശുപത്രിയിൽ ചികിത്സയിലാണെന്നാണ് പറഞ്ഞിരുന്നത്.

കഴിഞ്ഞ ദിവസം രാവിലെ 11 ന് മന്ത്രവാദം ചെയ്യിക്കാനെത്തിയ സജിത്കുമാർ നൽകിയ മദ്യം കഴിച്ച് അവശനിലയിലായ തികിനായി സജിത്തിന്റെ കാറിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴാണ് മരിച്ചത്. വാർധക്യസഹജമായ രോഗങ്ങൾ ഉണ്ടായിരുന്ന ആളായിരുന്നതിനാൽ മരണകാരണം മദ്യം കഴിച്ചതായിരിക്കില്ലെന്നു ബന്ധുക്കൾ ആദ്യം കരുതി. പിറ്റേദിവസം സംസ്‌കാരം നടത്താൻ നിശ്ചയിക്കുകയും ചെയ്തു. ബാക്കിവന്ന മദ്യം രാത്രി പത്തോടെ പ്രസാദും പ്രമോദും കഴിച്ചു. കഴിച്ചയുടൻ ഇരുവരും നിലത്തേക്കു പിടഞ്ഞുവീണു. ഇരുവരേയും മാനന്തവാടി ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും പ്രമോദ് യാത്രാമധ്യേയും പ്രസാദ് ആശുപത്രിയിലും മരിച്ചു.

കുപ്പിയിൽ ബാക്കി വന്ന മദ്യം എക്‌സൈസ് സംഘം പരിശോധനയ്ക്കായി കണ്ടെടുത്തു. അത്യന്തം നിഗൂഢമായ മക്കിയാട് ഇരട്ടക്കൊലപാതകം തെളിഞ്ഞതിന്റെ ആശ്വാസത്തിലായിരുന്നു ഇവിടുത്തുകാർ. ഇതിനിടെയാണ് മൊതക്കരയ്ക്കു സമീപം കൊച്ചറ കോളനിയിലെ മന്ത്രവാദിയുടെയും മകന്റെയും ബന്ധുവിന്റെയും ദുരൂഹമരണം. അതിനിടെ, വെള്ളമുണ്ട എട്ടേനാലിൽ സ്വർണപ്പണി ചെയ്തിരുന്ന തരുവണ സ്വദേശിയായ നെല്ലിയാട്ട് കുന്നുമ്മൽ പ്രവീഷിനെ കണ്ണൂരിൽ മയ്യിൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ പറശ്ശിനിക്കടവ് പുഴയിലെ പാമ്പുരുത്തി ദ്വീപിനു സമീപം മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തു. ഇത് നാട്ടുകാരിൽ ഭയവും ഉണ്ടാക്കുന്നുണ്ട്. പ്രമോദ് ഗ്ലാസ് തട്ടിക്കളഞ്ഞു ഷാജു രക്ഷപ്പെട്ടു

കൊച്ചറ കാവുംകുന്ന് കോളനിയിലെ മദ്യം കഴിച്ചുള്ള മരണം ഏറെ ദുരൂഹമാണ്. തികിനായിയുടെ മൃതദേഹം ആശുപത്രിയിൽനിന്നു വീട്ടിലെത്തിച്ചശേഷം അവശേഷിച്ച മദ്യവുമായി പ്രമോദ് അമ്മ ഭാരതിയുടെ സഹോദരന്റെ മകനായ പ്രസാദിന്റെ വീട്ടിലെത്തി. അവിടെവച്ച് മറ്റൊരു ബന്ധുവായ ഷാജുവും ഒപ്പംകൂടി. രണ്ടു ഗ്ലാസേ ഉണ്ടായിരുന്നുള്ളൂവെന്നതിനാൽ പ്രമോദും പ്രസാദും ആദ്യം മദ്യപിച്ചു. മദ്യം അകത്തുചെന്നയുടൻ തന്നെ പ്രമോദ് , ഇതു കഴിക്കരുത്, എന്തോ കലർത്തിയിട്ടുണ്ടെന്നു പറഞ്ഞ് ഒരു ഗ്ലാസിലെ മദ്യം തട്ടിക്കളഞ്ഞു. അതിനിടയിൽ, പ്രസാദ് മറ്റൊരു ഗ്ലാസിൽ മദ്യം അകത്താക്കിയിരുന്നു. പ്രമോദ് മദ്യം തട്ടിക്കളഞ്ഞിരുന്നുവെന്നതിനാൽ ഷാജു കഴിച്ചില്ല. രണ്ടു പേരും പിടയുന്നതു കണ്ട ഷാജു ഉടൻ തന്നെ വിവരം മറ്റുള്ളവരെ അറിയിക്കുകയായിരുന്നു. ഇരുവരും മദ്യം അകത്തുചെന്ന് അധികം വൈകാതെ തന്നെ മരിച്ചു. കണ്ണ് തള്ളിയനിലയിലാണെന്നതു സയനൈഡ് ഉള്ളിൽച്ചെന്നതിന്റെ തെളിവായാണ് അന്വേഷണസംഘം കാണുന്നത്.

മകൾക്കു ചരടുകെട്ടി പൂജ നടത്താനാണ് സജിത്കുമാർ സുഹൃത്തായ സന്തോഷിനെയും കൂട്ടി തികിനായിയുടെ അടുത്തെത്തിയത്. മദ്യം കൊടുക്കുന്നതും കഴിക്കുന്നതും മന്ത്രവാദത്തിന്റെ ഭാഗമാണ്. പൂജയ്ക്കിടെ മന്ത്രവാദിയും ഭാര്യയും മക്കളും മദ്യം കഴിക്കണമെന്നാണു കീഴ്‌വഴക്കമത്രെ. ഗാന്ധിജയന്തിയും ഒന്നാം തീയതിയും ഞായറാഴ്ചയും അടുപ്പിച്ചുവന്നതിനാൽ എവിടെയും മദ്യം കിട്ടിയില്ല. തുടർന്നാണു സജിത്കുമാർ സുഹൃത്ത് സന്തോഷിനെ കൂട്ടി മദ്യം തേടി ഇറങ്ങിയത്. പട്ടാളക്കാരുടെ ക്വാട്ടയിലെ മദ്യം തേടിയായിരുന്നു യാത്ര. എങ്ങനേയോ സംഘടിപ്പിച്ചു. ഇയാൾക്കു മദ്യം ലഭിച്ചത് കുറ്റ്യാടിയിൽനിന്നാണെന്നും കർണാടകയിൽനിന്നാണെന്നും റിപ്പോർട്ടുകളുണ്ട്. 375 മില്ലി മദ്യവുമായെത്തിയെങ്കിലും നേരത്തെ അടപ്പ് തുറന്നിരുന്നതായി പറയുന്നു.

തികിനായിയെ കൊലപ്പെടുത്താൻ വൈരാഗ്യമുള്ള ശത്രുക്കൾ ആരുമില്ലെന്നാണു നാട്ടുകാർ പറയുന്നത്. അബദ്ധം പറ്റിയിരിക്കാമെന്ന സാധ്യതയും പൊലീസ് പരിശോധിക്കുന്നു. മറ്റാരെങ്കിലും സംഭവത്തിൽ ഉൾപ്പെട്ടിരിക്കാനുള്ള സാധ്യതയും അന്വേഷിക്കുന്നുണ്ട്. സംഭവദിവസം തികിനായിയുടെ വീട്ടിൽ മന്ത്രവാദത്തിനെത്തിയ എല്ലാവരെയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP