Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒരേസമയം പല കമ്പനികൾ രജിസ്റ്റർ ചെയ്തു അണിയറയിൽ സാമ്പത്തിക തിരിമറികൾ; റിസർവ് ബാങ്ക് പിടികൂടിയപ്പോൾ ഉണ്ടായ പേരിലുള്ള കമ്പനി മറ്റൊരു കമ്പനിയിൽ ലയിപ്പിച്ചു തടിതപ്പാൻ ശ്രമം; ലയനം പ്രഖ്യാപിക്കും മുമ്പേ നടപടി തുടങ്ങിയെങ്കിലും റിസർവ് ബാങ്ക് നടപടിയുമായി മുൻപോട്ട് പോയപ്പോൾ പ്രതിസന്ധിയിലായി; ലക്ഷങ്ങൾ മുടക്കി സർവപത്രങ്ങളിലും പരസ്യം നൽകി പിടിച്ചു നിൽകാൻ ശ്രമവുമായി കൊശമറ്റം ഫിനാൻസ്

ഒരേസമയം പല കമ്പനികൾ രജിസ്റ്റർ ചെയ്തു അണിയറയിൽ സാമ്പത്തിക തിരിമറികൾ; റിസർവ് ബാങ്ക് പിടികൂടിയപ്പോൾ ഉണ്ടായ പേരിലുള്ള കമ്പനി മറ്റൊരു കമ്പനിയിൽ ലയിപ്പിച്ചു തടിതപ്പാൻ ശ്രമം; ലയനം പ്രഖ്യാപിക്കും മുമ്പേ നടപടി തുടങ്ങിയെങ്കിലും റിസർവ് ബാങ്ക് നടപടിയുമായി മുൻപോട്ട് പോയപ്പോൾ പ്രതിസന്ധിയിലായി; ലക്ഷങ്ങൾ മുടക്കി സർവപത്രങ്ങളിലും പരസ്യം നൽകി പിടിച്ചു നിൽകാൻ ശ്രമവുമായി കൊശമറ്റം ഫിനാൻസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിലെ പ്രമുഖ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനമായ കൊശമറ്റം ഫിനാൻസ് ലിമിറ്റഡിന്റെ പ്രവർത്തനങ്ങളെ സംശയത്തിലാക്കുന്ന നടപടിയാണ് അടുത്തിടെ റിസർവ് ബാങ്കിൽ നിന്നും ഉണ്ടായത്. ഒരേസമയം മൂന്ന് കമ്പനികൾ രജിസ്റ്റർ ചെയ്ത് അണിയറയിൽ സാമ്പത്തിക തിരിമറികൾ നടത്തിയെന്ന സംശയം ഉയർന്നതോടെയാണ് കൊശമറ്റം മാത്യു.കെ.ചെറിയാൻ ഫിനാൻസിയേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കെതിരെ റിസർവ് ബാങ്ക് നടപടി സ്വീകരിച്ചത്. ഇതിനായി ആർബിഐ ലിസ്റ്റിൽ ഉൾപ്പെടുത്തുകയും ചെയ്തു. ഇക്കാര്യമാണ് മറുനാടൻ പുറത്തുവിട്ടത്. എന്നാൽ, കൊശമറ്റം മാത്യു കെ ചെറിയാൻ ഫിനാൻസിയേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കെതിരെ നടപടി വീഴുമെന്ന ഘട്ടത്തിലാണ് ലയനീക്കങ്ങളുമായി അധികൃതർ നീങ്ങിയത്.

ആർബിഐ നടപടി സ്വീകരിച്ചതോടെ കൊശമറ്റം മാത്യു. കെ. ചെറിയാൻ ഫിനാൻസിയേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയെ കൊശമറ്റം ഫിനാൻസ് ലിമിറ്റഡിൽ ലയിപ്പിക്കുകയാണ് ഇവർ ചെയ്തത്. ദുരൂഹമായ സാമ്പത്തിക ഇടപാടുകളുടെ പേരിലാണ് കൊശമറ്റം മാത്യു.കെ.ചെറിയാൻ ഫിനാൻസിയേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കെതിരെ റിസർബാങ്ക് നടപടി തുടങ്ങിയത്. ഇതിനിടെ കമ്പനി അധികൃതർ ലയനം പ്രഖ്യാപിക്കും മുമ്പേ നടപടി തുടങ്ങിയെങ്കിലും റിസർവ് ബാങ്ക് നടപടിയുമായി മുൻപോട്ട് പോയപ്പോൾ പ്രതിസന്ധിയിലാകുകയായിരുന്നു. ഗോൾഡ് ലോൺ നൽകാൻ എന്ന പേരിൽ സ്വരൂപിച്ച പണം മറ്റ് ലോൺ ഇടപാടിന് ഉപയോഗിച്ചതായി കണ്ടാണ് ആർബിഐ കൊശമറ്റം മാത്യു. കെ. ചെറിയാൻ ഫിനാൻസിയേഴ്സ് പ്രൈവറ്റ് ലിമിറ്റഡിനതെിരെ നടപടി സ്വീകരിച്ചത്.

അതേസമയം ആർബിഐ നടപടി സ്വീകരിച്ച കമ്പനിയിൽ പണം നിക്ഷേപിച്ചവർക്ക് പണം നഷ്ടമാകാതിരിക്കാനും മറ്റും വേണ്ടിയാണ് കൊശമറ്റം മാത്യു.കെ.ചെറിയാൻ ഫിനാൻസിയേഴ്സ് പ്രൈവറ്റ് ലിമിറ്റഡിനെ കൊശമറ്റം ഫിനാൻസ് ലിമിറ്റഡിൽ ലയിപ്പിച്ചത്. ഇതോടെ താൽക്കാലികമായി റിസർവ് ബാങ്ക് നടപടികളിൽ നിന്നും രക്ഷപെട്ടിരിക്കയാണ് കമ്പനി. എന്നാൽ, ഇതിലേക്ക് നയിച്ച സാഹചര്യങ്ങളെല്ലാം മറച്ചുവെക്കുകയാണ് കൊശമറ്റം അധികൃതർ ചെയ്തത്. ആർബിഎ നടപടി സംബന്ധിച്ച മറുനാടൻ വാർത്ത നൽകിയതോടെയാണ് ഇതോടെയാണ് വിശദീകരണവുമായി കമ്പനി രംഗത്തെത്തിയത്. ഇന്ന് ലക്ഷങ്ങൾ മുടക്കി പത്രപരസ്യങ്ങളുമായി രംഗത്തെത്തുകയായിരുന്നു. മാനേജിങ് ഡയറക്ടർ മാത്യു കെ ചെറിയാന്റെ വിശദീകരണമായി ഇന്ന് പത്രങ്ങളിൽ പ്രത്യക്ഷപ്പെട്ട പരസ്യത്തിൽ പറയുന്നത് ഇങ്ങനെയാണ്:

ബഹു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ B-16.00117-ാം നമ്പർ ലൈസൻസ് പ്രകാരം മാന്യ ഇടപാടുകാരുടെ അകമഴിഞ്ഞ പിന്തുണയുടെയും സ്തുത്യർഹമായ നിലയിൽ ദീർഘകാലമായി പ്രവർത്തിച്ചു വരുന്ന ഒരു നോൺ ബാങ്കിങ് ഫിനാൻസ് കമ്പനിയാണ് കൊശമറ്റം ഫിനാൻസ് ലിമിറ്റഡ്. ദൗർഭാഗ്യവശാൽ ചില സമൂഹ മധ്യമങ്ങളിലും മറ്റും വസ്തുതാ വിരുദ്ധമായ വാർത്തകൾ പ്രത്യക്ഷപ്പെട്ടതറിഞ്ഞ് സത്യാവസ്ഥ മാന്യ ഇടപാടുകാരുടെയും പൊതുജനങ്ങളുടെയും ശ്രദ്ധയിൽ കൊണ്ടുവരാൻ ഞങ്ങൾ ആത്മാർഥമായി ആഗ്രഹിക്കുന്നു.

കൊശമറ്റം മാത്യു കെ ചെറിയാൻ ഫിനാൻസിയേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ധനകാര്യ സ്ഥാപനം നിയമവിധേയമായ നടപടി ക്രമങ്ങൾ പാലിച്ചുകൊണ്ടും പ്രസ്തുത സ്ഥാപനത്തിന്റെ ആസ്തി ബാധ്യതകൾ പൂർണമായി ഏറ്റെടുത്തു കൊണ്ടും കൊശമറ്റം ഫിനാൻസ് ലിമിറ്റഡിൽ ലയിച്ചിട്ടുള്ളതിനെ തുടർന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ കൊശമറ്റം മാത്യു കെ ചെറിയാൻ ഫിനാൻസിയേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ലൈസൻസ് തിരികേയേൽപ്പിച്ച് റദ്ദാക്കിയിട്ടുള്ളതാണ്. ഈ സത്യാവസ്ഥയെ പൂർണ്ണമായും മനസ്സിലാക്കാതെയോ തൽപ്പര കക്ഷികൾ ആരുടെയെങ്കിലും ദുഷ് പ്രേരണയ്ക്ക് വശംവദരായോ ഇങ്ങനെ ഒരു വാർത്ത ഉണ്ടായതായി ഞങ്ങൾ അനുമാനിക്കുന്നു.

ബിസിനസ് വിപുലപ്പെടുത്തുന്നതിന്റെയും മാന്യ ഇടപാടുകാർ തങ്ങളിൽ അർപ്പിച്ച വിശ്വാസത്തിന്റെയും ഞങ്ങളുടെ അർപ്പണ ബുദ്ധിയോടെയുള്ള ആത്മാർത്ഥ സേവനത്തിന്റെയും ഫലം മാത്രമാണ് ഞങ്ങൾ ഇന്നത്തെ മെച്ചപ്പെട്ട ബിസിനസ് നിലവാരത്തിൽ എത്തിച്ചേർന്നിട്ടുള്ളത്. മികച്ച സേവനങ്ങൾ മാന്യ ഇടപാടുകാർക്ക് ഉത്തരവാദിത്തതോടെ തുടർന്നും നൽകുന്നതിൽ കൊശമറ്റം ഫിനാൻസ് ലിമിറ്റഡ് പ്രതിജ്ഞാബദ്ധരാണ്. മറിച്ചുള്ള സത്യവിരുദ്ധമായ ഏതൊരു പ്രചരണത്തിലുംപെട്ട് മാന്യ ഇടപാടുകാർ വഞ്ചിതരാകരുതെന്ന് ഞങ്ങൾ അറിയിച്ചു കൊള്ളുന്നു.

പരസ്യത്തിൽ പറയുന്ന വസ്തുതകൾ ഇങ്ങനെയാണെങ്കിലും ഒരേസമയം മൂന്ന് കമ്പനികൾ രൂപീകരിച്ചും ഒരു കമ്പനി അക്കൗണ്ടിൽ നിന്നും മറ്റൊരു കമ്പനി അക്കൗണ്ടിലേക്ക് പണം കൈമാറിയതിലെ അവ്യക്തതകളാണ് കൊശമറ്റത്തെ വെട്ടിലാക്കിയത്. അതുകൊണ്ടാണ് കമ്പനിക്കെതിരെ ആർബിഐ നടപടിക്ക് തുനിഞ്ഞതും. നോട്ടീസ് നൽകുകയും ചെയ്തിരുന്നു. ഇതിനിടെയാണ് തിരക്കിട്ട ലയനനീക്കം കൊശമറ്റം അധികൃതർ നടത്തിയത്. ഈ ലയനത്തിന് അംഗീകാരം ലഭിച്ചത് ജൂൺ മാസത്തിലായിരുന്നു. അതിനിടെ ആർബിഐ മാത്യു.കെ.ചെറിയാൻ ഫിനാൻസിയേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് ഡീലിസ്റ്റ് ചെയ്തുകൊണ്ടുള്ള പ്രക്രിയ പൂർത്തിയാക്കിത് കഴിഞ്ഞ മാസത്തിലായിരുന്നു. അത് പ്രകാരമുള്ള ലിസ്റ്റാണ് മറുനാടൻ വാർത്തക്കൊപ്പം പുറത്തുവിട്ടത്.

ഇതിനിടെ ഒരു കമ്പനിക്കെതിരെ ആർബിഐ നടപടി സ്വീകരിച്ചപ്പോൾ കൊശമറ്റം നിധി ലിമിറ്റഡ് എന്ന പേരിൽ മറ്റൊരു കമ്പനി കൂടി രൂപീകരിച്ച് നിക്ഷേപകരെ ആകർഷിക്കാനുള്ള ശ്രമങ്ങളാണ് ഈ ബാങ്കിങ് ഇതര സ്ഥാപനം ഇപ്പോൾ നടത്തുന്നത്. നിക്ഷേപകർ കൈവിട്ടു പോകാതിരിക്കാൻ വേണ്ടിയാണ് ആർബിഐ ഇടപെടൽ സംബന്ധിച്ച വസ്തുകകൾ മറച്ചുവെച്ചുള്ള പരസ്യവും നൽകിയത്. കേരളത്തിൽ പ്രളയവും മറ്റ് പ്രതിസന്ധികളും കാരണം ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. നിലവിലെ സാഹചര്യത്തിൽ നിക്ഷേപകർക്ക് അടക്കം ആശങ്കപ്പെടാൻ വകയില്ലെന്നാണ് കൊശമറ്റം അവകാശപ്പെടുന്നത്.

കണക്കിൽ തിരിമറിയും, നിക്ഷേപ തട്ടിപ്പും അടക്കം നടത്തി തോന്നിയ പോലെ പ്രവർത്തിച്ച രാജ്യത്തെ 4230 ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളെ ആർബിഐ പട്ടികയിൽ നിന്ന് പുറത്താക്കിയത്. ഇതിൽ കേരളത്തിലെ ചില പ്രമുഖരടക്കം 58 സ്ഥാപനങ്ങളും ഉൾപ്പെടുന്നു. ചുരുക്കി പറഞ്ഞാൽ ഈ സ്ഥാപനങ്ങളുടെ ലൈസൻസ് ആർബിഐ റദ്ദാക്കിയിരിക്കുകയാണ്. കേരളം പോലെയുള്ള സ്ഥലങ്ങളിൽ ബാങ്കുകൾ പോലെ തന്നെ പ്രവർത്തിക്കുന്ന ബാങ്കിങ് ഇതര സ്ഥാപനങ്ങൾക്ക് വലിയ തിരിച്ചടിയാണ് റിസർവ് ബാങ്കിന്റെ നടപടി. സംസ്ഥാനത്ത് ലൈസൻസ് റദ്ദായവയിൽ കോട്ടയത്തെ കൊശമറ്റം മാത്യു. കെ. ചെറിയാൻ ഫിനാൻസിയേഴ്സ്, കൊച്ചി വൈറ്റില കുററൂക്കാരൻ ലീസിങ് ആൻഡ് ഇൻവസ്റ്റ്മെന്റ്സ്, മാമംഗലം പോപ്പുലർ ഓട്ടോ സ്പെയേഴ്സ്,തിരുവനന്തപുരത്ത് ആർബിഐ ആസ്ഥാനത്തിനടത്തുള്ള ബേക്കറി ജംഗ്ഷനിലെ ഗലീലി ഇൻവസ്റ്റ്മെന്റ്സ് ആൻഡ് ക്രഡിറ്റ് ലിമിറ്റഡ എന്നിങ്ങനെ 58 സ്ഥാപനങ്ങളുടെ ലൈസൻസാണ് റദ്ദായത്.

4230 ബാങ്കിംങ് ഇതര സ്ഥാപനങ്ങളോടും ബുക്ക് ക്ലിയറൻസിന് ആർബിഐ നേരത്തെ നോട്ടീസ് അയച്ചിരുന്നു. എന്നാൽ, അതിന് കൃത്യമായ മറുപടി നൽകാൻ കഴിയാതെ വന്നതോടെയാണ് ലൈസൻസ് റദ്ദായത്. കൊശമറ്റത്തിന്റെ വിശദീകരണ പ്രകാരം നിക്ഷേപകർക്ക് കമ്പനി ലയനം നടന്നതിനാൽ തൽക്കാലം ആശങ്കപ്പെടേണ്ട കാര്യമില്ല. അതേസമയം നോൺ ബാങ്കിങ് സ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകുന്നതിൽ കടുത്ത നിയന്ത്രണങ്ങളാണ് ആർബിഐ ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്നത്.\

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP