Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോഴിക്കോട് വീണ്ടും വൻ ലഹരി വേട്ട; പിടിയിലായത് എഞ്ചിനീയറിങ് ബിരുദധാരി; പ്രതിയിൽ നിന്ന് കണ്ടെത്തിയത് ഹാഷിഷ് അടക്കമുള്ള ലഹരി മരുന്നുകൾ; വിൽപനക്കെത്തിച്ചത് ഗോവയിൽ നിന്ന്

കോഴിക്കോട് വീണ്ടും വൻ ലഹരി വേട്ട; പിടിയിലായത് എഞ്ചിനീയറിങ് ബിരുദധാരി; പ്രതിയിൽ നിന്ന് കണ്ടെത്തിയത് ഹാഷിഷ് അടക്കമുള്ള ലഹരി മരുന്നുകൾ; വിൽപനക്കെത്തിച്ചത് ഗോവയിൽ നിന്ന്

കോഴിക്കോട്: രണ്ട് ദിവസങ്ങളുടെ ഇടവേളയിൽ കോഴിക്കോട് വീണ്ടും വൻ ലഹരി വേട്ട. ജില്ലയിലെ വിദ്യാർത്ഥികൾക്കിടയിൽ വിൽപനക്കായി കൊണ്ടുവന്ന ന്യൂജൻ ലഹരി മരുന്നുകളുമായി യുവാവ് പിടിയിൽ. കോഴിക്കോട് വെള്ളിമാട്കുന്ന് ഖാൻസ് ഹൗസിൽ മുഹമ്മദ് സാക്കിബ് എന്ന് ഇരുപത് വയസ്സുകാരനാണ് ഇന്നലെ പിടിയിലായിരിക്കുന്നത്.

ഇയാളിൽ നിന്ന് നിരോധിത ലഹരി മരുന്നുകളായ എം.ഡി.എം.എ എക്സ്റ്റസി പിൽസ് 50 എണ്ണം, സ്റ്റാമ്പ് രൂപത്തിലുള്ള എൽ എസ് ഡി 25 എണ്ണം ,ഹാഷിഷ് 50 ഗ്രാം എന്നിവ പിടികൂടി. സൗത്ത് ബീച്ച് പരിസരത്ത് വെച്ച് വിൽപന നടത്താനുള്ള ശ്രമത്തിനിടെയാണ് ഇയാൾ പിടിയിലായത്. കോഴിക്കോട് ടൗൺപൊലീസും ജില്ല ആന്റി നാർക്കോട്ടിക് വിഭാഗവും ചേർന്നാണ് ഇയാളെ പിടികൂടിയിരിക്കുന്നത്. എഞ്ചിനീയറിങ് ബിരുദധാരിയാണ് സാക്കിബ്്. കഴിഞ്ഞ ദിവസം ഇത്തരത്തിലുള്ള ലഹരി ഉത്പന്നങ്ങളുമായി ഒരു ബാങ്ക് ഉദ്യോഗസ്ഥനും കോഴിക്കോട് പിടിയിലായിരുന്നു.

രണ്ട് വർഷത്തോളമായി ലഹരിക്ക് അടിമയായ സാക്കിബ്് ഇത് ഉപയോഗിക്കുന്നതിന് വേണ്ട പണം കണ്ടെത്താൻ വേണ്ടിയാണ് വിൽപനയിലേക്ക് തിരിഞ്ഞത്. ദിവസങ്ങൾക്ക് മുമ്പ് ഗോവയിൽ വിനോദ യാത്രക്ക് പോയസമയത്താണ് അവിടെ നിന്നും കേരളത്തിലേക്ക് ലഹരി മരുന്നുകൾ വിൽപനക്കായി എത്തിച്ചത്. ലഹരിയിൽ പുതുമ തേടുന്ന യുവാക്കളെയും വിദ്യാർത്ഥികളെയും ലക്ഷ്യം വച്ചാണ് ഇത്തരം മരുന്നുകൾ വിൽപനക്കെത്തിച്ചിട്ടുള്ളത്.

കഞ്ചാവടക്കമുള്ള മറ്റു ലഹരി പദാർത്ഥങ്ങളേക്കാൾ വീര്യം കൂടിയവയാണ് സാക്കിബിൽ നിന്നും പിടിച്ചെടുത്തിട്ടുള്ളത്. ഇവ ഉപയോഗിക്കുന്നവരെ പെട്ടെന്ന് തിരിച്ചറിയാനും സാധിക്കില്ലെന്ന പ്രത്യേകതയും ഈ ലഹരി മരുന്നുകൾക്കുണ്ട്. അതിനാൽ രക്ഷിതാക്കളുടെ ശ്രദ്ധയിൽപെടാതെ ഉപയോഗിക്കാനാവും എന്നതിനാൽ വിദ്യാർത്ഥികളാണ് ഇത്തരം മരുന്നകൾ കൂടുതലായും ഉപയോഗിച്ചുവരുന്നത്. ഇതിനെല്ലാം പുറമെ ദീർഘ നേരം ലഹരി നിൽക്കുമെന്നതും യുവാക്കളെ ഇതിന് അടിമയാക്കുന്നു. ഡിജെ പാർട്ടികളിലും മറ്റും പങ്കെടുക്കുന്നതിനായി ഗോവ ,ബംഗളൂരു എന്നിവിടങ്ങളിൽ പോയി വരുന്നവരാണ് കൂടുതലായും ഇത്തരം മയക്കുമരുന്നുകൾ കേരളത്തിലേക്ക് എത്തിക്കുന്നത്.

വീര്യം കൂടിയ ലഹരിമരുന്നുകളായ എൽ എസ് ഡി ,എക്സ്റ്റസി തുടങ്ങിയ ലഹരികൾ നിശാ പാർട്ടികളിലും മറ്റും ദീർഘസമയം മതിമറന്ന് നൃത്തം ചെയ്യുന്നതിന് വേണ്ടിയും ഉപയോഗിക്കുന്നവരുണ്ട്. സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിനു വേണ്ടി ഉപയോഗിച്ചു വരുന്ന ഒരു ലഹരി മരുന്നാണ് എംഡിഎംഎ അഥവാ എക്സ്റ്റസി.ദീർഘ നേരത്തേയ്ക്ക് വീര്യം കൂടിയ ലഹരി പ്രദാനംചെയ്യുന്ന മയക്കുമരുന്നുകളായ എൽ എസ് ഡി, എക്സ്റ്റസി തുടങ്ങിയവ മനുഷ്യജീവന് വളരെയേറെ അപകടകരമാണ്. കഴിഞ്ഞവർഷം കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗോവിന്ദപുരത്ത് ലോഡ്ജിൽ വച്ച് ലഹരിയുടെ അമിത ഉപയോഗംമൂലം വിദ്യാർത്ഥി മരണപ്പെട്ടത് എം ഡി എം എ എക്സ്റ്റസി മയക്കുമരുന്നിന്റെ ഓവർഡോസ് മൂലമാണ്.

ഈ സംഭവത്തെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ വിദ്യാർത്ഥിയുടെ മരണത്തിന് കാരണമായ മയക്കുമരുന്ന് വിൽപന നടത്തിയ രണ്ട് യുവാക്കളെ എംഡിഎംഎ എക്സ്റ്റസി ഗുളികകൾ സഹിതം കോഴിക്കോട് ആന്റി ഗുണ്ടാ സ്‌ക്വാഡും ടൗൺ പൊലീസും ചേർന്ന് പിടികൂടി കേസ് രജിസ്റ്റർ ചെയ്തിരുന്നു.കോഴിക്കോട് ജില്ലയിലെ യുവാക്കൾക്കിടയിൽ മയക്കുമരുന്ന് ഉപയോഗം കൂടി വരുന്ന സാഹചര്യത്തിൽ ജില്ലാ പൊലീസ് മേധാവി ശ്രീ കാളിരാജ് മഹേഷ്‌കുമാർ ഐപിഎസിന്റെ മേൽനോട്ടത്തിൽ കോഴിക്കോട് നോർത്ത് അസിസ്റ്റന്റ് കമ്മീഷണർ ശ്രീ പൃഥിരാജന്റെ നേതൃത്വത്തിലുള്ള ജില്ലാ ആന്റി നാർക്കോട്ടിക് സ്പെഷൽ ആക്ഷൻ ഫോഴ്സ് മയക്കുമരുന്നുവേട്ട സജീവമാക്കിയിട്ടുണ്ട്.

കോഴിക്കോട് ജില്ലയിൽ ഈ വർഷം ഇതുവരെയായി 60 കിലോയോളം കഞ്ചാവ് 500 ഗ്രാം ബ്രൗൺഷുഗർ അൻപതിലധികം എം.ഡി.എം.എ എക്സ്റ്റസി ഗുളികകൾ ,8000 ലധികം മറ്റ് ലഹരി ഗുളികകൾ, 50 ഗ്രാം ഹാഷിഷ്, 25 എൽ എസ് ഡി സ്റ്റാമ്പുകൾ തുടങ്ങിയവ ഡൻസാഫ് മാത്രം പിടിച്ചെടുത്തിട്ടുണ്ട്.ടൗൺ സിഐ ശ്രീ.ഉമേഷിന്റെ മേൽനോട്ടത്തിൽ ടൗൺ എസ്‌ഐ ശ്രീ.സുഭാഷ് ചന്ദ്രൻ ടൗൺ പൊലീസ് സ്റ്റേഷനിലെ മുഹമ്മദ് സബീർ, രാകേഷ്.കെ.എസ്, ,റിജേഷ് എസ്.ആർ, ഡൻസാഫ് സ്‌ക്വാഡ് അംഗങ്ങളായ എഎസ്ഐ അബ്ദുൾ മുനീർ, രാജീവ്.കെ, സജി.എം, ജോമോൻ കെ.എ, നവീൻ.എൻ, രജിത്ത്ചന്ദ്രൻ.കെ, ജിനേഷ്.എം, സുമേഷ് എവി, സോജി.പി, രതീഷ്.എം.കെ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP