Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കോഴിക്കോടും ലഹരി മരുന്ന് വേട്ട; പിടികൂടിയത് കാപ്സ്യൂൾ രൂപത്തിലുള്ള ലഹരി മരുന്നുകൾ; ബാങ്ക് ജീവനക്കാരൻ അറസ്റ്റിൽ

കോഴിക്കോടും ലഹരി മരുന്ന് വേട്ട; പിടികൂടിയത് കാപ്സ്യൂൾ രൂപത്തിലുള്ള ലഹരി മരുന്നുകൾ; ബാങ്ക് ജീവനക്കാരൻ അറസ്റ്റിൽ

ജാസിം മൊയ്‌ദീൻ

കോഴിക്കോട്: കൊച്ചിയിൽ കോടികൾ വിലവരുന്നതും അപകടകാരയായതുമായ ലഹരി മരുന്നുകൾ പിടികൂടിയതിന് പിന്നാലെ കൊഴിക്കോടും വൻ ലഹരി വേട്ട. വിൽപനക്കായി കൊണ്ടുവന്ന 175 സ്പാസ്മോ പ്രോക്സിവോൺ ലഹരി ഗുളികകളുമായി കോഴിക്കോട് നടക്കാവ് കുന്നുമ്മൽ സ്വദേശി ജിഷാദിനയാണ് കോഴിക്കോട് ടൗൺ സിഐ ഉമേഷിന്റെ നിർദ്ദേശ പ്രകാരം ടൗൺ പൊലീസും ഡിസ്ട്രിക്ട് ആന്റി നാർകോട്ടിക് സ്പെഷൽ ആക്ഷൻ ഫോഴ്സും ചേർന്ന് പിടികൂടിയത്.

രഹസ്യ സന്ദേശത്തെ തുടർന്ന് നടത്തിയ വാഹന പരിശോധനക്കിടെയാണ് ജിഷാദ് പിടിയിലായത്. കോഴിക്കോട് ടാഗോർഹാൾ പരിസരത്ത് വെച്ച് വാഹനം പരിശോധിക്കാനായി നിർത്താൻ ആവശ്യപ്പെട്ടപ്പോൾ പൊലീസിനെ വെട്ടിച്ച് കടന്നുകളയാൻ ശ്രമിച്ച പ്രതിയെ പൊലീസ് സാഹസികമായി പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ പ്രതിയിൽ നിന്ന് ലഹരി മരുന്നുകൾ കണ്ടെത്തുകയും ചെയ്തു.

കോഴിക്കോട് നഗരത്തിലെ വിദ്യാർത്ഥികളെയും ഷോപ്പിങ് മാളുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന യുവാക്കളെയും കേന്ദ്രീകരിച്ചാണ് വിൽപന നടക്കുന്നത്. എസ്‌പി എന്ന ഓമനപേരിലാണ് സ്പാസ്മോ പ്രോക്സിവോൺ പ്ലസ് ക്യാപ്സ്യൂൾ എന്ന ലഹരി മരുന്ന് അറിയപ്പെടുന്നത്. മൈസൂർ, ബാംഗ്ലൂർ എന്നിവിടങ്ങളിൽ നിന്ന് നേരിട്ടാണ് കോഴിക്കോട്ടേക്ക് ഈ ലഹരി മരുന്ന് എത്തിക്കുന്നത്. 24 ഗുളികകൾ അടങ്ങിയ ഒരു സ്ട്രിപ്പിന് 2000 രൂപ വരെയാണ് ഇടനിലക്കാർ ഈചാക്കുന്നത്. നഗരത്തിലെ ചില മെഡിക്കൽ സ്റ്റോറുകളിൽ ഈ കാപ്സ്യൂളുകൾ നിയമവിരുദ്ധമായി വില്പന നടത്തുന്നതായും ആന്റി നാർക്കോട്ടിക് വിഭാഗത്തിന് സൂചന ലഭിച്ചിട്ടുണ്ട്. കഠിനമായ വേദനസംഹാരിയായ സ്പാസ്മോ പ്രോക്സിവോൺ പ്ലസ് ക്യാപ്സ്യൂൾ ഉപയോഗിക്കാതിരിക്കുമ്പോൾ ശരീരവേദനയും വിഷാദവും പോലുള്ള വൈഷമ്യങ്ങൾ ഉണ്ടാവാറുണ്ട്. ഉപയോഗിച്ച് കഴിഞ്ഞാൽ തിരിച്ചറിയാൻ പറ്റുന്ന രീതിയിലുള്ള ഗന്ധമോ മറ്റോ ഇല്ലാത്തതിനാൽ ഇത്തരം ലഹരി ഉപയോഗിക്കുന്നവരെ കണ്ടെത്താൻ വളരെ പ്രയാസമാണെന്ന് പൊലീസ് അറിയിച്ചു.

മുൻപ് നിരോധിത മരുന്നുകളുടെ പട്ടികയിൽ ഇല്ലാതിരുന്ന സ്പാസ്മോപ്രോക്സിവോൺ പ്ലസ് കഴിഞ്ഞ ഏപ്രിൽ 26 മുതൽ വീണ്ടും നിരോധിത മരുന്നുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്. അതിന് ശേഷം കോഴിക്കോട് ഈ ലഹരി ഗുളികയുമായി പിടിയിലാവുന്ന അഞ്ചാമത്തെ വ്യക്തിയാണ് ജിഷാദ്. ഇയാൾ ബാങ്ക് ജീവനക്കാരനാണ്. കാലങ്ങളായി ഈ ലഹരി ഉപയോഗിച്ചു വരുന്ന ജിഷാദ് ഇതിനാവശ്യമായ പണ കണ്ടെത്തുന്നതിന് അമിത വരുമാനത്തിനും വേണ്ടിയാണ് ലഹരിവില്പനയിലേക്ക് കടന്നതെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ മാസം ഇത്തരം 2640 ലഹരി ഗുളികകളുമായി ഗോവിന്ദപുരം സ്വദേശിയെ നടക്കാവ് പൊലീസും 2000 ഗുളികകളുമായി കുറ്റിച്ചിറ സ്വദേശിയായ യുവാവിനെയും അരീക്കാട് സ്വദേശിയായ യുവാവിനെയും കുന്ദമംഗലം പൊലീസും അറസ്റ്റ് ചെയ്തിരുന്നു.

ടൗൺ എസ്‌ഐ സുഭാഷ് ചന്ദ്രന്റെ നേതൃത്വത്തിൽ ടൗൺ പൊലീസ് സ്റ്റേഷനിലെ ഷാജി, പ്രജീഷ്, രതീഷ് കോഴിക്കോട് നോർത്ത് അസി.കമ്മീഷണർ പ്രിഥ്വിരാജന്റെ നേതൃത്വ ത്തിലുള്ള ഡൻസാഫ് സ്‌ക്വാഡ് അംഗങ്ങളായ എഎസ്ഐ അബ്ദുൾ മുനീർ, മുഹമ്മദ് ഷാഫി.എം, സജി.എം, അഖിലേഷ്.കെ, രാജീവ് കെ ,ജോമോൻ കെ.എ, നവീൻ.എൻ, രജിത്ത്ചന്ദ്രൻ.കെ, ജിനേഷ്.എം, സുമേഷ് എവി, സോജി.പി, രതീഷ്.കെ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP