Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആചാരത്തിന്റെ പേരിൽ മാറു മറയ്ക്കാതെ സ്ത്രീകൾ നടന്ന കാലം കേരളത്തിലുണ്ട്; ആദ്യമായി ബ്ലൗസിട്ട സ്ത്രീകളെ തല്ലിയോടിച്ച നാടാണിത്; ഇന്ത്യയിൽ ആദ്യത്തെ മെഡിക്കൽ കോളേജു വന്നപ്പോൾ ശരീരം കീറിമുറിക്കുന്നത് മതവിരുദ്ധമാണെന്ന് പറഞ്ഞ് നൂറുകണക്കിന് ഹിന്ദുക്കളാണ് സമരത്തിന് ഇറങ്ങിയത്; സ്ത്രീയെ പച്ചക്ക് ചിതയിലെറിയുന്ന സതി നിരോധിച്ചപ്പോഴും മതക്കുരുപൊട്ടി; സമാനമായ അവസ്ഥയാണ് ശബരിമല വിധിയിലും; ഇന്ത്യൻ ഭരണഘടന തന്നെയാണ് ഈ നാടിന്റെ ഐശ്വരം

ആചാരത്തിന്റെ പേരിൽ മാറു മറയ്ക്കാതെ സ്ത്രീകൾ നടന്ന കാലം കേരളത്തിലുണ്ട്; ആദ്യമായി ബ്ലൗസിട്ട സ്ത്രീകളെ തല്ലിയോടിച്ച നാടാണിത്; ഇന്ത്യയിൽ ആദ്യത്തെ മെഡിക്കൽ കോളേജു വന്നപ്പോൾ ശരീരം കീറിമുറിക്കുന്നത് മതവിരുദ്ധമാണെന്ന് പറഞ്ഞ് നൂറുകണക്കിന് ഹിന്ദുക്കളാണ് സമരത്തിന് ഇറങ്ങിയത്; സ്ത്രീയെ പച്ചക്ക് ചിതയിലെറിയുന്ന സതി നിരോധിച്ചപ്പോഴും മതക്കുരുപൊട്ടി; സമാനമായ അവസ്ഥയാണ് ശബരിമല വിധിയിലും; ഇന്ത്യൻ ഭരണഘടന തന്നെയാണ് ഈ നാടിന്റെ ഐശ്വരം

എം റിജു

മാറുമറയ്ക്കൽ സമരം, ശീലവഴക്ക്, മുലമാറാപ്പ് വഴക്ക്, മേൽശീല കലാപം, നാടാർ ലഹള, ചാന്നാർ ലഹള എന്നീ പേരുകളിൽ  പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനപാദത്തിൽ തെക്കൻ തിരുവിതാംകൂറിൽ പൊട്ടിപ്പുറപ്പെട്ട സംഘർഷത്തെകുറിച്ച് ഒന്ന് ഓർക്കുന്നത് നല്ലതാണ്. അന്നത്തെ മതാചാരവും നടപ്പുശീലവും വെച്ച് സ്ത്രീകൾ പ്രത്യേകിച്ച് താഴ്ന്ന ജാതയിൽപെട്ടവർ മാറ് മറക്കാറുണ്ടായിരുന്നില്ല. മാറുമറക്കാനുള്ള അവകാശത്തിനു വേണ്ടി ഒരു കൂട്ടം സ്ത്രീകൾ രംഗത്തെത്തിയപ്പാൾ ഉണ്ടായ പുകിൽ കേൾക്കുമ്പോൾ ഇന്ന് നാം അമ്പരക്കും. മാറുമറച്ച് എത്തിയ സ്ത്രീകളിൽ പലരെയും മാറുമക്കാത്ത സ്ത്രീകൾ കൂട്ടംകൂടി പരിഹസിക്കുകയും എന്തിന് മർദ്ദിക്കയും ചെയ്തു.

തലശ്ശേരിയിൽ ആദ്യമായി ബ്ലൗസിട്ട ഒരു നായർ സ്ത്രീയെ മറ്റ് സ്ത്രീകൾ ചേർന്ന് തല്ലിയകാര്യം പി കൃഷ്ണപിള്ള എഴുതിയിട്ടുണ്ട്. ഇന്നാലോചിച്ചു നോക്കുമ്പോൾ നാം നടുങ്ങും. മാറുമറച്ചതിനും ബ്ലൗസിട്ടതിനും മർദ്ദനമോ. ബ്ലൗസ് ആചാരങ്ങളുടെ ലംഘനവും, ജാതി-മത വിരുദ്ധമായ പുരോഗമ സാധനമായിരുന്നു അത്. കോടതി വിധിച്ചാലും ശബരിമലയിൽ കയറില്ല എന്ന് വാശിപിടിക്കുന്ന ഇന്നത്തെ സ്ത്രീകളെപ്പോലെ കുറെക്കാലും പല കെട്ടിലമ്മമാരും മാറുമറക്കാതെ പാരമ്പര്യത്തിന്റെ ഭണ്ഡംപേറി നടന്നുവെന്ന് മാത്രം. അതുകൊണ്ട് സ്ത്രീകൾ ബ്ലൗസിടാതിരുന്നില്ല എന്ന് കേരളത്തിന്റെ ചരിത്രം.

ഇനി പിതാവ് മരിക്കുന്നതോടെ തകരുന്ന ഒരു കുടുംബത്തെ പൂർണ്ണമായും നശിപ്പിക്കുന്ന ഒരു ആചാരം ഇന്ത്യയിൽ ഉണ്ടായിരുന്നു. സ്തീയെ പച്ചക്ക് ഭർത്താവിന്റെ ചിതയിലിട്ട് കൊല്ലുന്ന സതി. 1829 ഡിസംബർ 24 ന് വില്യം ബൻഡിക്റ്റിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് സർക്കാർ തങ്ങളുടെ ഇന്ത്യൻ അധീനപ്രദേശങ്ങളിൽ സതി നിരോധിച്ചത് വിശ്വാസികളുടെ ആവശ്യ പ്രകാരമായിരുന്നില്ല. കൊൽക്കൊത്തയിലൊക്കെ വികാരം വ്രണപ്പെട്ട വിശ്വാസികൾ പ്രകടിപ്പിച്ച എതിർപ്പും സമർപ്പിച്ച ഭീമഹർജികളും കണ്ട് ബ്രിട്ടീഷുകാർ പകച്ചുപോയി. സ്ത്രീകളെ പച്ചജീവനോടെ ചുട്ടുകൊല്ലാനുള്ള അവകാശത്തിന് വേണ്ടിയായിരുന്നു പ്രസ്തുത 'മതപ്രതിഷേധം'! തങ്ങൾക്ക് ഭർത്താവിന് വേണ്ടി തീയിൽ ചാടി ആത്മഹത്യ ചെയ്യാനുള്ള അവകാശമുണ്ടെന്ന് പറഞ്ഞ് രംഗത്തുവന്നത് സ്ത്രീകൾ തന്നെയായിരുന്നു.''കാത്തിരിക്കാൻ തയ്യാറാണ്'' എന്ന പ്ലക്കാഡുമായി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ആധുനിക വിശ്വാസികളുടെ 'സതീരൂപ'മായിരുന്നു അവർ.

ഇനി ഇന്ത്യയിൽ ആദ്യമായി മെഡിക്കൽ കോളജ് വന്നപ്പോഴും വ്രണപ്പെട്ടൂ മതവകാരം. 1845ൽ മെഡിക്കൽ കോളേജ് കൊൽക്കൊത്തയിൽ സ്ഥാപിക്കപ്പെട്ടപ്പോൾ മനുഷ്യശരീരവും ശവവും കീറിമുറിക്കുന്നഅത് തങ്ങളുടെ മതവികാരം വ്രണപ്പെടുത്തുന്നു എന്നു വാദിച്ച് തുള്ളിവിറച്ച ഹിന്ദുക്കളെക്കുറിച്ച് ഇന്നത്തെ മതനിഷ്‌ക്കളങ്കർ കേട്ടിട്ടുകൂടി ഉണ്ടാവില്ല. നമുക്ക് സന്ന്യാസം തന്നത് ബ്രിട്ടീഷുകാരാണെന്ന് ശ്രീ നാരായണഗുരു തുറന്നടിച്ചിട്ടുണ്ട്. ബ്രിട്ടീഷുകാരെപ്പോലൊരു ബാഹ്യശക്തിയുടെ സാന്നിധ്യമില്ലായിരുന്നുവെങ്കിൽ രാജാറാം മോഹൻ റോയിയും ശ്രീനാരായണ ഗുരുവും പോലുള്ള മതപരിഷ്‌ക്കരണവാദികൾ അസാധ്യമാകുമായിരുന്നു എന്ന് കാണാൻ വിഷമമില്ല ഇന്ത്യയിൽ ആദ്യമായി തീവണ്ടി അവതരിപ്പിച്ചപ്പോൾ പൈശാചികത്വം ആരോപിച്ച് നിരന്ന് നിന്ന് തീവണ്ടിക്ക് നേരെ കല്ലെറിഞ്ഞവരുമുണ്ട്.

ഹിന്ദു പെൺകുട്ടികളുടെ വിവാഹപ്രായം പത്തിൽ നിന്നും 12 ലേക്ക് ഉയർത്തിക്കൊണ്ടുള്ള ഏജ് ഓഫ് കൺസെന്റ് ബിൽ (Age of Consent Bill March 19, 1891) ബ്രിട്ടീഷ് ഗവർണർ ജനറൽ കൊണ്ടുവന്നപ്പോൾ അതിനെ അതിരൂക്ഷമായി എതിർത്തവരുടെ മുമ്പന്തിയിൽ ഉണ്ടായിരുന്നവരിൽ ഒരാൾ ബാലഗംഗാധര തിലകനായിരുന്നു. സ്വന്തം നിലയിൽ നേരത്തെ വിവാഹം ചെയ്യുന്നതിനോട് എതിർപ്പുണ്ടായിരുന്ന, കോൺഗ്രസ്സിലെ പുരോഗമാനാഭിമുഖ്യവുമുള്ള നേതാവായാണ് തിലകൻ അറിയപ്പെട്ടിരുന്നത്! നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള തന്റെ മതത്തെ പരിഷ്‌ക്കരിക്കാൻ ബ്രിട്ടീഷ് സർക്കാരിന് അവകാശമില്ലെന്ന മതവാദം തന്നെയായിരുന്നു തിലകനും ഉന്നയിച്ചത്. ഹിന്ദുവിശ്വാസത്തിന് വിരുദ്ധമായി കടൽ കടന്നു വിദേശത്തേക്ക് പോയ ഗാന്ധിജിക്കും വിവേകാനന്ദനും യഥാസ്ഥിതിക ഹിന്ദുക്കളുടെ ഭാഗത്ത് നേരിടേണ്ടിവന്ന നിന്ദയെക്കുറിച്ച് അവർതന്നെ എഴുതിയിട്ടുണ്ട്.

ഇതെല്ലാം പൊതുവിൽ കാണിക്കുന്നത് എന്താണ്? മതയാഥാസ്ഥികത്തെ പേടിച്ചിട്ടോ, ആചാരങ്ങൾ ലംഘിക്കപ്പെടുമെന്ന് ഭയന്നിട്ടോ ഒരു ഭരണകൂടത്തിലും പൊതുസമൂഹത്തിനും മുന്നോട്ട് പോവാൻ കഴിയില്ല. മതവും ആചാരങ്ങളും എന്നും സമൂഹത്തെ പിറകോട്ട് വലിക്കയാണ് ചെയ്തിട്ടുള്ളത്. യൂറോപ്യൻ രാജ്യങ്ങളും പുരോഗതിക്ക് അടിസ്ഥാനമായി കാൾ സാഗൻ വിലയിരുത്തുന്ന മുദ്രാവാക്യം ഇതാണ്.' ദൈവത്തിനുള്ളത് ദൈവത്തിന്, സീസറിനുള്ളത് സീസറിന്.'- അതായത് മതം ഒരുരീതിയിലും പൊതുസമൂഹത്തിൽ ഇടപെടാൻ പാടില്ല. ആ രീതിയിലുള്ള ഏക സിവിൽകോഡ് അടക്കമുള്ള നടപടികളിലേക്കുള്ള ചില സൂചകങ്ങളാണ് ഇപ്പോൾ സുപ്രീംകോടതിയിൽനിന്ന് കിട്ടുന്നത്. ആർത്തവം ചൂണ്ടിക്കാട്ടി ശബരിമലയിൽ സ്ത്രീപ്രവേശനം വിലക്കുന്നത് തടഞ്ഞുകൊണ്ടള്ള സുപ്രീം കോടതി ചരിത്രപ്രസിദ്ധമാകുന്നത് ആ അർഥമാണ്. മതവാദികൾ പറയന്നതുപോലെ വിശ്വാസികളുടെ കാര്യം വിശ്വാസികളാണ് തീരുമാനിക്കയെന്ന് പറഞ്ഞാൽ സതിപോലും നിരോധിക്കാൻ നമുക്കാവില്ല.

കഴിഞ്ഞ കുറേക്കാലമായി ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിൽ നിന്ന് വ്യക്തി സ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള നിരന്തരമായ വിധികളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇന്ത്യൻ ഭരണഘടന ആർട്ടിക്കിൾ 14,15,16,17 എന്നിവ ഇത്രമാത്രം ഉദ്ധരിക്കപ്പെട്ട കാലമുണ്ടായിട്ടില്ല. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 150 കൊല്ലം പഴക്കമുള്ള കരിനിയമങ്ങൾ ഈയിടെയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് തള്ളിക്കളഞ്ഞത്. അത് ഭരണഘടനക്ക് വിരുദ്ധമായതിനാലാണ്. ഇന്ത്യയുടെ ഏറ്റവും വലിയ കരുത്ത് ഇന്ത്യൻ ഭരണഘടനയാണെന്ന് നാം തിരിച്ചറിയുന്നത് വല്ലപ്പോൾ മാത്രമാണ്.

ഇന്ത്യൻ ഭരണഘടന ഈ നാടിന്റെ ഐശ്വര്യം

ഇനി മതവാദികളും തീവ്ര ഹിന്ദുത്വവാദികളും ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനെതിരെ ഉറഞ്ഞു തുള്ളുമ്പോൾ പ്രയോഗിക്കുന്ന കുയുക്തി നോക്കുക. ഇത് ഹിന്ദുക്കളുടെ കാര്യമായതു കൊണ്ടാണ് കോടതി ഇടപെട്ടതെന്നും മുസ്ലിം പള്ളികളിൽ സ്ത്രീകൾക്ക് പ്രവേശനം കൊടുക്കുമോ എന്നാണ്. കൊടുക്കും സാർ, അതാണ് നമ്മുടെ ഭരണഘടന. ആർട്ടിക്കിൾ 14ൽ പറയുന്ന സമത്വത്തിന്റെയും ലിംഗനീതിയുടെയും നിലവെച്ചുകൊണ്ട് പള്ളികയറാനുള്ള അവകാശത്തിനായി ഏതെങ്കിലും മുസ്ലിം സ്ത്രീ സുപ്രീം കോടതിയെ സമീപിക്കട്ടെ. ഒരു സംശയവും വേണ്ട. അവർക്കും അനുകൂല വിധി കിട്ടും. ഷബാനുബീഗം കേസിലടക്കം അത് സംഭവിച്ചിട്ടുണ്ട്. മേരി റോയി കേസിൽ ക്രിസ്ത്യൻ പിന്തുടർച്ചാവകാശം തന്നെ ചോദ്യം ചെയ്യപ്പെട്ടു. ഇത് പാക്കിസ്ഥാന്റെയാ, അഫഗാനിസ്ഥാന്റെയോ, ഇറാന്റെയോ, നേപ്പാളിന്റെയോ ഭരണഘടനയല്ല. ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്നത് ഏക സിവിൽകോഡ് തന്നെയാണ്. പക്ഷേ അതു നടപ്പിലാക്കാനുള്ള നട്ടെല്ല് ഇവിടുത്തെ രാഷ്ട്രീയക്കാർക്ക് ഇല്ലാതെപോയി.

ഒന്ന് ഓർത്തുനോക്കൂ.. ഹാദിയക്ക് ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യാനും ആ മതത്തിൽതന്നെ ജീവിക്കാനും മുസ്ലീമായ ഒരാളെ അവളുടെ ഇഷ്ടപ്രകാരം വിവാഹം കഴിക്കാനും ഒക്കെ അനുവദിച്ചു കൊണ്ട് സുപ്രീം കോടതി വിധിച്ചത് ഇസ്ലാമിന്റെ മഹത്വത്തിൽ ആകൃഷ്ടരായിട്ടാണോ? വ്യക്തിസ്വാതന്ത്ര്യവും സ്വകാര്യതയും അടിസ്ഥാനപരമായ പൗരാവകാശമാണ് എന്ന് അംഗീകരിക്കുന്ന ലിബറൽ ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായാണ് ഈ ഭരണഘടന പ്രവർത്തിക്കുന്നത് എന്നതുകൊണ്ടാണ് അത്. അതേ കാരണം കൊണ്ടാണ് സെക്ഷൻ 377 എടുത്തു കളഞ്ഞ് ,സ്വവർഗ പ്രണയം ക്രിമിനൽ കുറ്റമല്ലാതാക്കിയതും. അതായത് ഹാദിയക്ക് കിട്ടിയതും ഇപ്പോൾ ഇന്ത്യയിലെ ലക്ഷക്കണക്കിനായ ഹോമോസെക്ഷ്വൽ മനുഷ്യർക്ക് കിട്ടിയതും ഭരണഘടനയുടെ ഒരേ അവകാശങ്ങൾ തന്നെയാണ് എന്നർത്ഥം. പിന്നെ ,ഭരണഘടനയിലെ ആർട്ടിക്കിൾ 25 എന്നത് മതസ്വാതന്ത്ര്യത്തെ പറ്റിയാണ്. അത് ഒരു മതസങ്കൽപ്പമല്ല, മറിച്ച്, ഒരു മതേതര ലിബറൽ ജനാധിപത്യമൂല്യമാണ്. ഒരു മതരാഷ്ട്രത്തിൽ ഒരിക്കലും ഉണ്ടാകാത്ത ഒന്ന്. അതിനർഥം മതസ്വാതന്ത്ര്യം ലിംഗ നീതിക്ക് വിരുദ്ധമാവുമ്പോൾ കോടതിക്ക് ഇടപെടാനാവില്ല എന്നതല്ല.

അതായത്  മതം അനുശാസിക്കുന്ന മൊറാലിറ്റിയല്ല, അതിനും മുകളിലാണ് കോൺസ്റ്റിറ്റുഷനൽ മൊറാലിറ്റി. ഹാദിയയുടെ കേസിലും സുപ്രീം കോടതി അത് തന്നെയാണ് പറഞ്ഞത്. അഖിലക്ക് ഹാദിയ ആയി മാറാനും, ആയിഷക്ക് ആതിരയാകാനും കഴിയുന്ന അതേ ഭരണഘടന വ്യഖ്യാനിച്ചു തന്നെയാണ് ശബരിമലയിൽ സ്ത്രീകളെയും കയറ്റുന്നത്. ഇനി മോദിയല്ല ആരു കയറിയാലും മൂന്നിൽ രണ്ടല്ല നാലിൽ മൂന്ന് ഭൂരിപക്ഷമോ എന്തിന് മുഴുവൻ സീറ്റുകളും തന്നെ കിട്ടിയാലോ ഇന്ത്യയുടെ ഭരണഘടനയുടെ കാമ്പ് ( core) ഭേദഗതി ചെയ്യാനാവില്ല. നമ്മുടെ ഭരണഘടനാ ശിൽപ്പികളായ നെഹ്രുവിനെയും അംബേദ്ക്കറെയും നമിച്ചുപോവുന്നത് അവിടെയാണ്. മോദി സർക്കാർ അധികാരത്തിൽ വന്നശേഷം ഈ രണ്ടു വ്യക്തികൾ ഏറ്റവും കൂടുതൽ അപമാനിക്കപ്പെടുന്നതിൽ അതിശയം വേണ്ട. അതിനിടയിൽ മതശക്തികൾക്ക് ഏറ്റവും പരയായി മാറിയ സെക്ക്യുലർ, സോഷ്യലിസ്റ്റ് എന്നു രണ്ടു വാക്കുകൾ അടിയന്തരാവസ്ഥയുടെ കരിനിഴലിൽ ഇടയിലായാലും ഇന്ദിരാഗാദ്ധി ഭരണഘടനയിൽ എഴുതിച്ചേർത്തിട്ടുണ്ട്. ഇന്ത്യ ഒരിക്കലും ഒരു മതാധിഷ്ഠതമായ രാജ്യമാവില്ല എന്ന് അരക്കിട്ട് ഉറപ്പിക്കുന്ന ഈ വാക്കുകൾ എഴുതിയ ഇന്ദിരയെക്കുറിച്ച് സ്വന്തം പാർട്ടി പോലും നല്ലത്് പറഞ്ഞ് കേട്ടിട്ടില്ല.

ഇന്ത്യൻ ജനതയുടെ എറ്റവും വലിയ കരുത്ത് ഇന്ത്യൻ ഭരണഘടന തന്നെയാണ്. അതുള്ള കാലത്തോളം ഈ രാജ്യം മതേതരമായി തുടരും. രാമായണമോ, ഭാരതമോ, ഖുർആനോ ബൈബിളോ പ്രരിപ്പിക്കാനല്ല ഇന്ത്യൻ ഭരണഘടന നിങ്ങളോട് പറയുന്നത്. ആർട്ടിക്കിൾ 51 a (h) പ്രകാരം ശാസ്ത്രബോധവും, മനുഷ്യത്വവും, അന്വേഷണത്വരയും വളർത്തുക നമ്മുടെ മൗലികമായ കർത്തവ്യമാണ്. ലോകത്ത് എറ്റാവും കൂടുതൽ വിശ്വാസം അളകും എന്തിന് മതാന്ധരുമുള്ള ഒരു രാജ്യത്തിന്റെ ഭരണഘടനയാണ് ഇങ്ങനെ ആവശ്യപ്പെടുന്നത്. ഒറ്റ വികസിത രാജ്യങ്ങൾപോലും ശാസ്ത്രപ്രചാരണം പൗരന്റെ കർത്തവ്യമായി കൊടുത്തിട്ടില്ല. മറന്നുപോകരുത്, ഇന്ത്യൻ ഭരണഘടന തന്നെയാണ് ഈ നാടിന്റെ ഐശര്വം.

(മറുനാടൻ മലയാളി ചീഫ് എഡിറ്ററാണ് ലേഖകൻ)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP