Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഗർഭധാരണത്തിനു വേണ്ടിയല്ലാത്ത ഏതുതരം ലൈംഗിക ബന്ധവും കുറ്റകരമായ ഐപിസി 377ാം വകുപ്പ് റദ്ദാക്കി; ഇപ്പോൾ ഐപിസി 497ഉം; മീശവിവാദത്തിലും അഡാർലൗ കേസിലുമൊക്കെ ഉറച്ചുനിന്നത് ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ ഭാഗത്ത്; ഹാദിയ കേസിലും വ്യക്തി-മത സ്വാതന്ത്ര്യങ്ങൾക്കൊപ്പം നിന്നു; ആധാർ കേസിലും വസ്തുതകൾ പഠിച്ചുള്ള വിധി; ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രീം കോടതിയുടെ വിധികൾ പരക്കെ സ്വാഗതം ചെയ്യപ്പെടുന്നു; റദ്ദാക്കപ്പെടുന്നത് നൂറ്റമ്പത് വർഷം പഴക്കമുള്ള കരിനിയമങ്ങൾ

ഗർഭധാരണത്തിനു വേണ്ടിയല്ലാത്ത ഏതുതരം ലൈംഗിക ബന്ധവും കുറ്റകരമായ ഐപിസി 377ാം വകുപ്പ് റദ്ദാക്കി; ഇപ്പോൾ ഐപിസി 497ഉം; മീശവിവാദത്തിലും അഡാർലൗ കേസിലുമൊക്കെ  ഉറച്ചുനിന്നത് ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ ഭാഗത്ത്; ഹാദിയ കേസിലും വ്യക്തി-മത സ്വാതന്ത്ര്യങ്ങൾക്കൊപ്പം നിന്നു; ആധാർ കേസിലും വസ്തുതകൾ പഠിച്ചുള്ള വിധി; ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രീം കോടതിയുടെ വിധികൾ പരക്കെ സ്വാഗതം ചെയ്യപ്പെടുന്നു; റദ്ദാക്കപ്പെടുന്നത് നൂറ്റമ്പത് വർഷം പഴക്കമുള്ള കരിനിയമങ്ങൾ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സ്വതന്ത്രമായ നീതിന്യായ വ്യവസ്ഥയെന്നത് ഒരു രാജ്യത്തിന്റെ ഏറ്റവും വലിയ സ്വപ്നമാണ്. ജസ്റ്റിസ് ദീപക് മിശ്രയുടെ നേതത്വത്തിലുള്ള സുപ്രീംകോടതിയിൽ ആറുമാസം മുമ്പ് ജഡ്ജിമാർ തമ്മിൽ പടലപ്പിണക്കങ്ങൾ ഉണ്ടായപ്പോഴും പൊട്ടിത്തെറികൾ ഉണ്ടായപ്പോഴും നാം ആശങ്കപ്പെട്ടത് സ്വതന്ത്ര നീതിന്യായവ്യവസ്ഥയിൽ പുഴക്കുത്തുകൾ വീഴുമോ എന്നായിരുന്നു. എന്നാൽ ആ പ്രശ്നം പെട്ടെന്ന് ആറിത്തണുക്കുകയും, പുരോഗമന യൂറോപ്യൻ സമൂഹങ്ങൾക്ക് ഒപ്പം നിൽക്കുന്ന രീതിയിൽ നിരവധി വിധികൾ വരികയും ചെയ്തതോടെ പരമോന്നത നീതിപീഠത്തിന്റെ കീർത്തി വർധിച്ചിരിക്കുകയാണ്.

ഇന്ത്യയെ ഒരിക്കലും ഒരു ഫാസിസ്റ്റ് രാജ്യമാക്കാൻ ആർക്കും കഴിയില്ല എന്നും വ്യക്തിസ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം, സ്വകാര്യത, ലൈംഗിക സ്വാതന്ത്ര്യം, പീഡിതരോടുള്ള ആദരവ്, സ്വതന്ത്ര ചിന്ത, ലിംഗ നീതി എന്നിവയ്ക്ക് മുൻഗണന കൊടുക്കുന്ന തുടർച്ചയായ വിധികളാണ് അടുത്തകാലത്തായി സുപ്രീം കോടതിയിൽ നിന്ന് ഉണ്ടായത്. സ്വവർഗാനുരാഗികളെ നിർദയം പീഡിപ്പിക്കാൻ അനുവാദം നൽകുന്ന ഐപിസി 377ാം വകുപ്പ് റദ്ദാക്കി ആഴ്ചകൾ പിന്നിടുംമുമ്പേ നൂറ്റമ്പതിലേറെ വർഷം പഴക്കമുള്ള ഐപിസി 497ഉം ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബഞ്ച് റദ്ദാക്കി. ഇതിൽ എറ്റവും കൈയടി കൊടുക്കേണ്ടത് വിരമിക്കാൻ ദിവസങ്ങൾ ബാക്കിയുള്ള ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്ക് തന്നെയാണ്.

തലയുയർത്തി വിരമിക്കുന്ന മിശ്ര

കഴിഞ്ഞവർഷം ഓഗസ്റ്റ് 28ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റ ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് തുടക്കം അത്ര നന്നായിരുന്നില്ല. വൈകാതെയുണ്ടായ ജുഡീഷ്യറിയിലെ ഏറ്റുമുട്ടലുകൾ അദ്ദേഹത്തിന് തലവേദന ആയിരുന്നു. ജഡ്ജി ലോയയുടെ ദുരൂഹമരണത്തിന്റെ ഭാഗാമായി ഉയർന്ന വിവാദങ്ങൾ ഇന്ത്യൻ ജുഡീഷ്യറിയുടെ അന്തസിന് പരിക്കേൽപ്പിക്കുന്നതായിരുന്നു. ജനുവരി 12 ന് കോടതിക്ക് പുറത്ത് വാർത്താസമ്മേളനം നടത്തി ജസ്റ്റിസുമാരായ ജെ.ചെലമേശ്വർ, രഞ്ജൻ ഗൊഗോയ്, കുര്യൻ ജോസഫ്, മദൻ ബി ലോക്കൂർ എന്നിവർ ചീഫ് ജസ്റ്റിസിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇതാണ് പ്രതിസന്ധിക്ക് വഴിവെച്ചത്.

സുപ്രധാന കേസുകൾ കൈകാര്യം ചെയ്യുന്ന ബെഞ്ച് രൂപീകരിക്കുന്നതിൽ ചീഫ് ജസ്റ്റിസ് വിവേചനം കാണിക്കുന്നു എന്നതാണ് ജഡ്ജിമാർ വാർത്താ സമ്മേളനത്തിൽ ഉന്നയിച്ച പ്രധാന ആരോപണം.അന്നൊക്കെ കേന്ദ്ര സർക്കാറിന്റെ സ്വന്തം ആളെന്ന രീതിയിൽ അദ്ദേഹം പഴിയും കേട്ടു. പക്ഷേ പ്രശ്നങ്ങൾ കെട്ടടക്കാനും കാര്യങ്ങളുടെ കടിഞ്ഞാൺ വിടാതെ നോക്കാനും അദ്ദേഹത്തിനായി. ജഡ്ജിമാരുടെ കൊളീജിയം അടക്കമുള്ള പല കാര്യങ്ങളിലും അദ്ദേഹം കേന്ദ്രവുമായി ഇടയുകയും ചെയ്തു.

ബഞ്ചുകൾ അങ്ങോട്ടും ഇങ്ങോട്ടും മാറ്റി കേസുകൾക്ക് കാലതാമസം വരുത്താതെ പെട്ടെന്ന് എടുക്കാനുള്ള സ്ഥിതി ഉണ്ടാക്കിയത് ദീപക് മിശ്രയാണ്. അതുകൊണ്ടുതന്നെയാണ് ഐപിസി 377, ഐപിസി 497 കേസുകളിലൊക്കെ അദ്ദേഹത്തിന് പെട്ടെന്ന് തീർപ്പുകൽപ്പിക്കാനായത്. അതുപോലെ തന്നെ ലൈംഗികതയെന്നത് പേടിച്ച് ജീവക്കേണ്ട കാര്യമല്ലെന്നും സ്വവർഗാനുരാഗികൾക്ക് അനുകൂലമായി വിധി പറയുമ്പോൾ അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നും ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ ഭാഗത്താണ് അദ്ദേഹം നിലകൊണ്ടത്.

'ആശയങ്ങളുടെ ഒഴുക്ക് തടയാനാകില്ലെന്ന് വിവാദ മീശ നോവൽ പരിഗണിക്കവേ അദ്ദേഹം സുപ്രീംകോടതിയിൽ വ്യക്തമാക്കിയിരുന്നു. രണ്ട് കഥാപാത്രങ്ങൾ തമ്മിലുള്ള സംഭാഷണം സർക്കാസം തന്നെയല്ലേയെന്നും അദ്ദേം ചോദിച്ചതോടെയാണ്, നോവലിലെ പരാമർശങ്ങൾ സ്ത്രീകളെയും ഹിന്ദുക്കളെയും ആക്ഷേപിക്കുന്നുവെന്നാരോപിച്ചാണ് ഡൽഹി മലയാളിയായ എൻ.രാധാകൃഷ്ണൻ നൽകിയ ഹർജി തള്ളപ്പെട്ടത്.

ചീഫ് ജസ്റ്റിസിന്റെ അതേ സന്ദേശമാണ് അഡാർ ലൗവിലെ 'മാണിക്യമലരായ' പൂവിയിലെ ഗാനത്തിനെതിരായ കേസിലും സുപ്രീംകോടതി എടുത്തത്. ആവിഷ്‌ക്കാര സ്വതന്ത്ര്യത്തെ ഒരിക്കലും ദുർവ്യാഖ്യാനം ചെയ്യരുതെന്ന്. നേരത്തെ ഹാദിയ കേസിലും വ്യക്തി സ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും ഉയർത്തിപ്പിടിക്കയാണ് കോടതി ചെയ്തത്. അതുപോലെ ആധാർ കേസിലും പക്വതയ്യാർന്ന വിധിയാണ് പരമോന്നത നീതിപീഠത്തിൽ നിന്ന് ഉണ്ടായത്. കൊള്ളേണ്ടതുകൊള്ളുകയും തള്ളേണ്ടത് തള്ളുകയും ചെയ്തുകൊണ്ടുള്ള വിധി.

ചരിത്രമായ ഐപിസി 377

ഒരു ചോദ്യവും തെളിവുമില്ലാതെ ഒരാളെ അകത്തിടാൻ കഴിയുന്ന കരിനിയമം. പ്രശസ്ത അഭിഭാഷകനും സാമൂഹിക പ്രവർത്തകനുമായ പ്രശാന്ത് ഭൂഷൺ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 377ാം വകുപ്പിനെ വിലയിരുത്തിയത് അങ്ങനെയാണ്. ഭിന്ന ലിംഗക്കാരെയും ലൈംഗിക ന്യൂനപക്ഷങ്ങളെയും നിരന്തരമായി വേട്ടയാടുന്ന കരിനിയമം തന്നെയായിരുന്നു, 1860ൽ നിലവിൽ വന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ 377-ാം വകുപ്പ്. ഇത് ഇത്രയും കാലം തന്നെ നിലനിന്നു എന്നതുതന്നെ അത്ഭുതമാണ്.

പ്രകൃതി വിരുദ്ധ ലൈംഗികത കുറ്റകരമാകുന്നത് ഈ വകുപ്പ് പ്രകാരമാണ്. സ്ത്രീയും പുരുഷനും തമ്മിലുള്ള ലൈംഗികത കുറ്റകരമല്ല. സ്ത്രീയ്ക്കും പുരുഷനും അപ്പുറത്ത് നിയമം നിർവചിക്കപ്പെടാത്ത ലൈംഗികതയിൽ ഉൾപ്പെട്ടവർ രതിയിൽ ഏർപ്പെടുന്നത് കുറ്റകരമാകും. ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റം. ഈ വകുപ്പാണ് ലൈംഗിക ന്യൂനപക്ഷങ്ങൾക്ക് തിരിച്ചടിയായി കണക്കാക്കുന്നത്. കാരണം സ്ത്രീയും പുരുഷനും തമ്മിൽ അല്ലാതെ ലൈംഗിക ബന്ധം സാധ്യമായ വിഭാഗങ്ങളാണ് ലൈംഗിക ന്യൂനപക്ഷം. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ പ്രസ്തുത വകുപ്പ് ഒഴിവാക്കണം എന്നതാണ് ഭിന്നലിംഗ സമൂഹം അഥവാ ലൈംഗിക ന്യൂനപക്ഷം ഉയർത്തുന്ന ദീർഘകാല ആവശ്യമായിരുന്നു.

ഐപിസി 377ാം വകുപ്പ് പ്രകാരമുള്ള എറ്റവും വിചിത്രം ഈ വകുപ്പ് എവർക്കും ഭീഷണിയാണെന്ന് ഹാലി.എസ്.നരിമാനെപ്പോലുള്ള മുതിർന്ന അഭിഭാഷകർ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ഗർഭധാരണത്തിനുവേണ്ടിയല്ലാത്ത എത് തരം ലൈംഗിക ബന്ധവും ഈ നിയമപ്രകാരം കുറ്റ കൃത്യമാണ്. വിക്‌ടോറിയൻ സദാചചാരകാലത്തെ ബ്രിട്ടീഷ് കാഴ്പ്പാടുകൾ പ്രതിഫലിപ്പിക്കുന്ന ഈ നിയമം മിഷനറി പൊസിഷനിലുള്ള പരമ്പരാഗത ലൈംഗിക ബന്ധം മാത്രമേ സദാചാരത്തിന്റെ പരിധിയിൽ പെടുത്തിയിട്ടുള്ളൂ. ആ രീതിയിൽ അല്ലാതെയാലോ, ഗർഭധാരണം ലക്ഷ്യമല്ലാതെ ആനന്ദത്തിന് വേണ്ടിയായാലോ ഭാര്യക്ക് ഭർത്താവിനെതിരെ ലൈംഗിക പീഡനത്തിന് പരാതിപ്പെടാമെന്നും മീററ്റിൽ അങ്ങനെ ഒരു കേസിൽ ഒരു ഡോക്ടറെ പൊലീസ് അറസ്റ്റ്ചെയ്തിട്ടുണ്ടെന്നും ഹാലി.എസ്.നരിമാൻ ചൂണ്ടിക്കാട്ടുന്നു.
അതായത് അടഞ്ഞ ഒരു സദാചാര ബോധത്തിന്റെ ഭാഗമായാണ് ഈ നിയമം ഉണ്ടായത്. പരിഷ്‌കൃത സമൂഹത്തിന് ഇത് തീർത്തും ഭീഷണിയാണെന്ന് വ്യക്തം. ഇത് പൊലീസിന് നൽകുന്ന അമിത അധികാര പ്രവണതയായിരുന്നു എറ്റവും ഭീകരം. തോളിൽ കൈയിട്ടതിന്റെ പേരിൽ പോലും ട്രാൻസ്ജെൻഡറുകളുടെ മേൽ ഐപിസി 377 ചുമത്തി അകത്താക്കിയ കഥ കേരളത്തിൽ തന്നെയുണ്ടായിരുന്നു. സുപ്രീം കോടതി ഇത് റദ്ദാക്കിയതോടെ വലിയ ആശ്വാസമാണ് ട്രാൻസ്ജെൻഡർ സമൂഹത്തിനും ഉണ്ടായിരിക്കുന്നത്.

ഐപിസി 497ലെ അഡൾട്ടറി ഓർമ്മയാവുമ്പോൾ

അഡൾട്ടറി എന്ന വാക്കിനു മലയാളം പറഞ്ഞാൽ ആശയക്കുഴപ്പമാകും. നിഘണ്ടു തപ്പിയാൽ അതിനു പരസ്ത്രീ ഗമനം, പരപുരുഷ സംഗമം, വ്യഭിചാരം, ജാരവൃത്തി, പാതിവ്രത്യ ഭംഗം, വിശ്വാസ ലംഘനം എന്നൊക്കെ അർഥം കാണാം. ലക്ഷണമൊത്തൊരു കരിനിയമാണ് ഇതും .ഐ.പി.സി സെക്ഷൻ 497 ആണ് ഇതുസംബന്ധിച്ച കുറ്റകൃത്യത്തിന്റെ നിർവചനവും അതിനുള്ള ശിക്ഷയും വ്യക്തമാക്കുന്നത്.

അതിങ്ങനെയാണ്: മറ്റൊരാളുടെ ഭാര്യയാണെന്ന അറിവോ അങ്ങിനെ വിശ്വസിക്കാൻ കാരണമോ ഉള്ള ഒരു സ്ത്രീയുമായി ആരൊരാൾ, ആ പുരുഷന്റെ അറിവോ സമ്മതമോ ഇല്ലാതെ, ബലാത്സംഗക്കുറ്റമാകാത്ത വിധം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നുവോ, അയാൾ അഡൾട്ടറി എന്ന കുറ്റം ചെയ്തിരിക്കുന്നു. അത്തരം കുറ്റം ചെയ്ത വ്യക്തി അഞ്ചു വർഷം വരെയുള്ള തടവിനോ പിഴയ്‌ക്കോ അല്ലെങ്കിൽ രണ്ടിനും കൂടിയോ ശിക്ഷിക്കപ്പെടുന്നതായിരിക്കും. എന്നാൽ ഈ കൃത്യത്തിൽ ഏർപ്പെട്ട ഭാര്യ കുറ്റകൃത്യത്തിനു പ്രേരിപ്പിച്ചയാൾ എന്ന നിലയിൽ പ്രോസിക്യൂട്ട് ചെയ്യപ്പെടില്ല. അതായത് സ്ത്രീയുടെ ലൈംഗികതയുടെ കസ്റ്റോഡിയൻ പുരുഷൻ ആണെന്ന് പറയാതെ പറയുകയാണ് ഈ നിയമം. ബ്രിട്ടീഷ് കാലത്തുകൊണ്ടുവന്ന നൂറ്റമ്പതുവർഷം പിന്നിട്ട ഈ നിയമം റദ്ദാക്കപ്പെടുമ്പോൾ, സ്വാതന്ത്ര്യം പരമമായ ഒരു ലോകത്തേക്ക്, ഒരു പുരോഗമന സമൂഹത്തിലേക്കാണ് നാം ചുവടുവെക്കുന്നതെന്ന് പറയാതെ വയ്യ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP