Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ആത്മഹത്യ പരിഹാരമോ': സമാജം-ഷിഫ ബോധവൽക്കരണ സെമിനാർ നാളെ; സെമിനാറിന് എത്തുന്നവർക്ക് സൗജന്യ ഹൃദയ പരിശോധന രജിസ്ട്രേഷൻ

'ആത്മഹത്യ പരിഹാരമോ': സമാജം-ഷിഫ ബോധവൽക്കരണ സെമിനാർ നാളെ; സെമിനാറിന് എത്തുന്നവർക്ക് സൗജന്യ ഹൃദയ പരിശോധന രജിസ്ട്രേഷൻ

മനാമ: ബഹ്‌റൈൻ കേരളീയ സമാജവും ഷിഫ അൽ ജസീറ മെഡിക്കൽ സെന്ററും ചേർന്ന് 27ന് വ്യാഴാഴ്ച സമാജത്തിൽ ആത്മഹത്യ പ്രതിരോധ ബോധവത്ക്കരണ സെമിനാർ സംഘടിപ്പിക്കും. വൈകീട്ട 7ന് 'ആത്മഹത്യ പരിഹാരമോ' എന്ന വിഷയത്തിലാണ് സെമിനാർ.

പ്രമുഖ കൺസൾട്ടിങ് സൈക്യാട്രിസ്റ്റ് ഡോ. അനീസ് അലി മുഖ്യ പ്രഭാഷണം നടത്തും. തുടർന്ന് സംശയ നിവാരണത്തിനും അവസരമുണ്ടാകും. ബഹ്‌റൈനിലെ പ്രവാസി മലയാളികൾക്കിടയിൽ സമീപകാലത്തായി വർധിച്ചുവരുന്ന ആത്മഹത്യയുടെ പാശ്ചാത്തലത്തിലാണ് സൈക്യാട്രി സെമിനാർ സംഘടിപ്പിക്കുന്നതെന്ന് സമാജം പ്രസിഡന്റ് പിവി രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി എംപി രഘു, ഷിഫ അൽ ജസീറ മെഡിക്കൽ സെന്റർ മെഡിക്കൽ അഡ്‌മിനിസ്‌ട്രേറ്റർ ഡോ. ഷംനാദ് എന്നിവർ അറിയിച്ചു.

ആരെയും ഭീതിപ്പെടുത്തുന്ന വിധമാണ് പ്രവാസികളിലെ ആത്മഹത്യാ നിരക്ക്. 35 ദിവസത്തിനിടെ ആറു മലയാളികളാണ് ബഹ്‌റൈനിൽ ആത്മഹത്യ ചെയ്തത്. ജീവനൊടുക്കിയവർ എല്ലാം യുവാക്കൾ. അതിൽ മൂന്നു പേർ സ്ത്രീകൾ. അതിൽ തന്നെ രണ്ടു യുവതികൾ ആത്മഹത്യചെയ്തത് ഈ മാസം മൂന്നിനും പതിനൊന്നിനുമായിരുന്നു. പ്രവാസി ഇന്ത്യൻ സമൂഹത്തിൽ മൊത്തത്തിൽ ആത്മഹത്യ വർധിച്ചിട്ടുണ്ട്. മലയാളികളടക്കം ഈ വർഷം ഇതുവരെ 30 ഇന്ത്യക്കാർ ആത്മഹത്യ ചെയ്തു. വീട്ടുകാരുമായി വീഡിയോ കോളിൽ സംസാരിക്കുന്നതിനിടെ ആന്ധ്ര സ്വദേശിയായ യുവാവ് ആത്മഹത്യ ചെയ്തത് ഏവരെയും ഞെട്ടിക്കുന്നതാണ്.

ഇവർ എല്ലാം ജീവനൊടുക്കാനുണ്ടായ കാരണം വ്യക്തമല്ല. വിഷാദവും ആത്മഹത്യാ പ്രവണതയും നിസ്സാരമായി കാണാനാവാത്ത ആരോഗ്യ പ്രശ്‌നങ്ങളാണ്. ആഗോളതലത്തിൽ യുവാക്കൾക്കിടയിലെ പ്രധാന മരണകാരണമായി ആത്മഹത്യ മാറിയിട്ടുണ്ട്. സമൂഹത്തിന്റെ ക്രിയാത്മക ഇടപെടൽ ആവശ്യമുള്ള ഒരു പൊതുജന ആരോഗ്യ പ്രശ്‌നമായി ആത്മഹത്യ മാറിയിട്ടുണ്ട്.

ജീവിത പരിസരങ്ങളിൽ നേരിടുന്ന പ്രശ്‌നങ്ങൾ, വിഷാദരോഗം, മറ്റു മാനസിക, ശാരീകിര പ്രശ്‌നങ്ങൾ തുടങ്ങിയ പല വിധ പ്രശ്‌നങ്ങൾ ആത്മഹത്യക്കു കാരണമായി ചൂണ്ടിക്കാണിക്കാറുണ്ട്. സങ്കീർണമായ ജീവിത പരിസരങ്ങൾ ഒരു വ്യക്തിയെ നിസ്സഹായത, പ്രത്യാശയില്ലായ്മ, ജീവിച്ചിരിക്കാൻ യോഗ്യതയില്ലായ്മ എന്നിങ്ങനെയുള്ള മനോനിലകളിലേക്ക് നയിക്കുകയും ഒടുവിൽ ആത്മഹത്യയിൽ എത്തിപ്പെടുകയും ചെയ്യുന്നുവെന്നാണ് വിവിധ പഠനങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്. അതുകൊണ്ടു തന്നെ സാമൂഹ്യ, സാംസ്‌കാരിക മേഖലകളിലെ ഇടപെടലുകൾക്ക് ആത്മഹത്യ കുറച്ചു കൊണ്ടുവരാനാകും. ഈ സാഹചര്യത്തിലാണ് ആത്മഹത്യ ബോധവൽക്കരണത്തിനായി ഷിഫയുമായി കൈകോർക്കുന്നതെന്ന് പിവി രാധാകൃഷ്ണപിള്ള അറിയിച്ചു. വളരെ കാലിക പ്രസക്തമായ വിഷയമാണിത്.

വ്യക്തിപരമായ ബുദ്ധിമുട്ടുകൾ കൊണ്ടും മാനസിക പ്രയാസങ്ങൾ കൊണ്ടും പ്രശ്‌നങ്ങൾ അനുഭവിക്കുന്നവരും ആത്മഹത്യാ പ്രവണത കാണിക്കുന്നവരുമായ ആളുകളെ അതിൽ നിന്നും പിന്തിരിപ്പിക്കുക എന്നത് ഒരു സാമൂഹിക ഉത്തരവാദിത്വമായാണ് സമാജം കാണുന്നത്. ഒരു സുരക്ഷിത സമൂഹം രൂപപ്പെടാൻ ഇത് ആവശ്യമാണ്. ആത്മഹത്യയുടെ വിവിധ തലങ്ങൾ ജനങ്ങൾക്കു മുന്നിൽ കൊണ്ട് വന്ന് ചർച്ച ചെയ്യാനും പ്രതിരോധ മാർഗങ്ങൾ ആർജിക്കാനും ലക്ഷ്യമിട്ടാണ് പ്രമുഖ സൈക്യാട്രിസ്റ്റിനെതന്നെ സെമിനാറിന് കൊണ്ടുവന്നത്. അതിനു ബഹ്‌റൈനിലെ ആദ്യത്തെ സ്വകാര്യ ആതുരാലയമായ ഷിഫ അൽ ജസീറ മെഡിക്കൽ സെന്റർ സ്വമേധയാ മുന്നോട്ടുവരികയായിരുന്നു. സാമൂഹ്യ, ജീവകാരുണ്യ രംഗത്ത് ഷിഫ നടത്തുന്ന ഇടപെടൽ ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു.

ബഹ്‌റൈനിലെ സാമൂഹ്യ പ്രവർത്തികരുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. എല്ലാ പ്രവാസി മലയാളികളും ഈ പരിപാടിയിൽ പങ്കെടുക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. സെമിനാറിൽ പങ്കെടുക്കുന്നവർക്ക് ഭക്ഷണം നൽകും. സമാജം വനിതാ വിഭാഗവും , ചാരിറ്റി - നോർക്ക കമ്മിറ്റിയും സെമിനാർ, കുടുംബങ്ങൾ തൊഴിലാളികൾ അടക്കമുള്ള ഏവർക്കും പ്രയോജനകരമാക്കാനുള്ള പ്രയത്‌നത്തിലാണ്.

ഇതൊരു തുടർ കാമ്പയിനാണെന്നും തൊഴിലാളികളിൽ പ്രശ്‌നങ്ങൾ തുറന്നു പറുന്നതിനുള്ള ആത്മവിശ്വാസവും ധൈര്യവും ഉണ്ടാക്കുക എന്നത് പ്രതിരോധ പ്രവർത്തനങ്ങളിൽ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. നോർക്ക, പ്രവാസി കമ്മീഷൻ, ലോക കേരള സഭ, സാമൂഹ്യ പ്രവർത്തകർ, വിവിധ സ്ഥാപനങ്ങൾ എന്നിവരുമായി സഹകരിച്ച് അത്തരമൊരു സംവിധാനം സമാജം രൂപപ്പെടുത്താൻ ഉദ്ദേശിക്കുന്നുണ്ട്.

ആത്മഹത്യയുടെ പിടിയിൽ നിന്ന് മനുഷ്യരെ രക്ഷിക്കാനുള്ള പ്രവർത്തനങ്ങളിൽ സമാജവുമായി സഹകരിച്ചു പ്രവർത്തിക്കുന്നതിനെ പ്രതീക്ഷാപൂർവമാണ് ഷിഫ നോക്കിക്കാണുന്നതെന്ന് ഡോ. ഷംനാദ് പറഞ്ഞു. ആത്മഹത്യാ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ഷിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പിലെ കൺസൾട്ടന്റ് സൈക്യാട്രിസ്റ്റാണ് കോഴിക്കോട് സ്വദേശിയായ അനീസ് അലി. കേരളത്തിൽ വിവിധ ആശുപത്രികളിലും ഷിഫ ഗ്രൂപ്പിൽ ഖത്തറിലും ദുബായിലും അദ്ദേഹം കൺസൾട്ടന്റ് സൈക്യാട്രിസ്റ്റായി സേവനം അനുഷ്ഠിക്കുന്നു.
വാർത്താ സമ്മേളനത്തിൽ സമാജം ചാരിറ്റി -നോർക്ക ജനറൽ കൺവീനർ കെടി സലീം, ഷിഫ അൽ ജസീറ മാർക്കറ്റിങ് മാനേജർ മൂസ അഹമ്മദ്, ജീവനക്കാരായ അനസ് യാസിൻ, റഹ്മത്ത് അബ്ദുൽ റഹ്മാൻ, ഇസ്മത്തുള്ള ടി.എ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

സെമിനാറിന് എത്തുന്നവർക്ക് സൗജന്യ ഹൃദയ പരിശോധന രജിസ്ട്രേഷൻ
മനാമ: സമാജത്തിൽ ആത്മഹത്യ ബോധവൽക്കരണ സെമിനാറിന് എത്തുന്നവർക്ക് ഈ മാസം 29ന് ലോക ഹൃദയദിനത്തോടനുബന്ധിച്ച് ഷിഫയിൽ നടക്കുന്ന സൗജന്യ ഹാർട്ട് ചെക്കപ്പിനു രജിസ്റ്റർ ചെയ്യാം. ഹൃദയദിനാചരണത്തിന്റെ ഭാഗമായി ശനിയാഴ്ച രാവിലെ ഏഴു മുതൽ ഉച്ചക്ക് ഒന്നുവരെ ബിപി, ഷുഗർ, ലിപിഡ് പ്രൊഫൈൽ, ഇസിജി, സ്പെഷ്യലിസ്റ്റ് കൺസൾട്ടേഷൻ എന്നിവ ഷിഫയിൽ സൗജന്യമായിരിക്കും. സെപഷ്യലിസ്റ്റ് ഡോക്ടർ നിർദേശിക്കുന്ന 50 പേർക്ക് അന്ന് എക്കോ, ടിഎംടി പരിശോധനയും സൗജന്യമായിരിക്കും. രജിസ്ട്രേഷനായി സെമിനാർ ഹാളിൽ ഹെൽപ്പ് ഡെസ്‌ക്ക് പ്രവർത്തിക്കുമെന്നും ഷിഫ അൽ ജസീറ മെഡിക്കൽ അഡ്‌മിനിസ്ട്രേറ്റർ ഡോ. ഷംനാദ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP