Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുസ്ലിം പെൺകുട്ടികൾക്ക് പഠിക്കാനുള്ള അവകാശം നിഷേധിക്കുന്നുവെന്ന് യുഡിഎഫ് പ്രചാരണം; എതിരാളികളെ വർഗീയ വാദികളെന്ന് മുദ്രകുത്തി എസ്എഫ്‌ഐയും; മടപ്പള്ളി ഗവ.കോളേജിലെ വിദ്യാർത്ഥി സംഘർഷത്തിൽ യു.ഡി.എഫും എൽഡിഎഫും ഒരുപോലെ പയറ്റുന്നത് തനി വർഗീയത; തീക്കളി കൈവിട്ടുപോവുമെന്ന് ഭയന്ന് നാട്ടുകാരും

മുസ്ലിം പെൺകുട്ടികൾക്ക് പഠിക്കാനുള്ള അവകാശം നിഷേധിക്കുന്നുവെന്ന് യുഡിഎഫ് പ്രചാരണം; എതിരാളികളെ  വർഗീയ വാദികളെന്ന് മുദ്രകുത്തി എസ്എഫ്‌ഐയും; മടപ്പള്ളി ഗവ.കോളേജിലെ വിദ്യാർത്ഥി സംഘർഷത്തിൽ യു.ഡി.എഫും എൽഡിഎഫും ഒരുപോലെ പയറ്റുന്നത് തനി വർഗീയത; തീക്കളി കൈവിട്ടുപോവുമെന്ന് ഭയന്ന് നാട്ടുകാരും

ടി.പി.ഹബീബ്

കോഴിക്കോട്: ഏത് വിഷയവും എളുപ്പത്തിൽ കത്തിക്കാനുള്ള നല്ല വഴി പ്രശ്‌നത്തിൽ വർഗീയത ചേർക്കുകയെന്നതാണ്.മടപ്പള്ളി ഗവ.കോളേജിലെ വിദ്യാർത്ഥി സംഘർഷത്തിൽ യു.ഡി.എഫും എൽഡിഎഫും ഒരുപോലെ പയറ്റുന്നത് തനി വർഗീയതാണ്.കേട്ടാൽ ആർക്കും എളുപ്പത്തിൽ ദഹനക്കേട് ഉണ്ടാക്കുന്ന വർഗീയത.ആ പ്രചരണത്തിന് ഊർജം പകരാൻ രണ്ട് വിഭാഗവും വടകരയിലും മടപ്പള്ളിയിലും പൊതുയോഗങ്ങൾ നടത്താനാണ് പദ്ധതി.

മുസ്ലിം പെൺകുട്ടികൾക്ക് മടപ്പള്ളി കോളേജിൽ പഠിക്കാനുള്ള അവകാശം നിഷേധിക്കുന്നുവെന്ന പ്രചരണം നടത്താനാണ് യു.ഡി.എഫിന് എല്ലാ ഘട്ടത്തിലും താൽപര്യം.അതിന് അവർ നല്ല മാർക്കറ്റും ഉണ്ടാക്കുന്നുണ്ട്.മുസ്ലിം വേഷങ്ങൾ മതേതര സിപിഎമ്മിന് അലർജിയാണെന്നുമുള്ള പ്രചരണമാണ് യു.ഡി.എഫ്.നേതാക്കളും ലീഗും നടത്തുന്നത്.ഈയൊരു പ്രചരണത്തിലൂടെ സിപിഎമ്മിന്റെ മതേതര മനസ്സിന് ന്യുനപക്ഷ സമൂഹത്തിനിടയിൽ വിള്ളൽ വരുത്താൻ സാധിക്കും.ഈയൊരു ലളിത ലോജിക്കിലൂടെ പലതുണ്ട് നേട്ടങ്ങൾ. യു.ഡി.എഫ് നേതാക്കൾക്കും പ്രത്യേകിച്ച് ലീഗിന് ഇക്കാര്യം നല്ലത് പോലെ അറിയാം

വർഗീയ കാർഡിറക്കുന്നത് മൂലം പലതാണ് കാര്യം.ലോകസഭാ തിരഞ്ഞെടുപ്പ് അടുത്ത് വരുന്നു.മോദി വല്ലാത്ത പുലിവാലായി രാജ്യത്തുണ്ട്.എന്നാൽ കേരളത്തിൽ അത്രക്കൊന്നുമില്ല തന്നെ.മോദിയെ തളക്കാൻ ശക്തിയാർക്കാണുള്ളതെന്ന ലളിത സമവാക്യത്തിനായിരിക്കും കേരളത്തിൽ മാർക്കറ്റ്.അതിനിടയിൽ സിപിഎമ്മിന്റെ ന്യൂനപക്ഷ വേട്ടയും കോളേജ് വിദ്യാർത്ഥികളോടുള്ള അക്രമവുമൊക്കെ നല്ല ചൂടുള്ള വിൽപ്പന മന്ത്രങ്ങളാണ്.അതിലൂടെ കോഴിക്കോട് ജില്ലയിൽ ന്യൂനപക്ഷ വോട്ട് ഒന്ന് അരക്കിട്ടുറപ്പിക്കാം.അതിനാലാണ് ഒരു കോളേജിൽ നടക്കുന്ന സാധാരണ അടിപിടി ആഗോള പ്രശ്‌നമാക്കി മാറ്റാൻ യു.ഡി.എഫ്.ശ്രമിച്ചത്.അതിന് അവർ ഒരു പരിധി വരെ വിജയിച്ചുവെന്ന് വേണം കരുതാൻ.

തങ്ങളുടെ അക്രമത്തിനിരയായവരെ വർഗീയ വാദികളെന്ന് മുദ്രകുത്താനാണ് എസ്.എഫ്.ഐ.ക്ക് എന്നും താൽപര്യം.കോളേജ് മുഴുവൻ എസ്.എഫ്.ഐ.ക്ക് കട്ട സപ്പോർട്ടുമായി വിദ്യാർത്ഥികളുണ്ട്.അഭിമന്യു വധത്തിൽ കോളേജിലെ വികാരം ഇത്തരത്തിലായിരുന്നു.വർഗീയത തുലയട്ടെ എന്ന ബാനറിന് കീഴിൽ മടപ്പള്ളി കോളേജ് തന്നെയായിരുന്നു അണിനിരന്നത്. അതിൽ തട്ടമിട്ടവരും തട്ടമടാത്തവരുമുണ്ട്.അവരെ മുഴുവൻ പിണക്കുന്ന സമീപനത്തിലാണ് എസ്.എഫ്.ഐ.ഇപ്പോൾ മുന്നോട്ട് കൊണ്ട് പോകുന്നത്.എസ്.എഫ്.ഐ.യുടെ അക്രമ രീതിയെ എതിർക്കുന്ന നിരവധി പേർ അവരുടെ ഇടയിൽ തന്നെയുണ്ടെന്നതാണ് മടപ്പള്ളി കോളേജിൽ നിന്നുള്ള വർത്തമാനം.
അതേസമയം രാഷ്ട്രയവും സാമുദായികവുമായ നിരവധി സംഘർഷങ്ങൾക്ക് വേദിയായ വടകര-നാദാപുരം മേഖലയോട് ചേർന്നുകിടക്കുന്ന ഈ കോളജിൽ ഇത്തരം പ്രചാരണം ശരിക്കും തീക്കളിയാണെന്നാണ് നാട്ടുകാർ പറയുന്നത്.

വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ വിദ്യാർത്ഥി സംഘർഷങ്ങളാണ് കോളേജിന് പുറത്തേക്ക് വ്യാപിച്ചിരിക്കുന്നത്. മടപ്പള്ളി കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ മത്സരം നടന്ന മൂന്ന് സീറ്റിലേക്കും എംഎസ്എഫ്-ഫ്രട്ടേണിറ്റി സംഖ്യത്തെ തോൽപിച്ച് എസ്എഫ്ഐ വിജയിച്ചിരുന്നു. ഇതിനെ തുടർന്നുണ്ടായ സംഘർഷങ്ങളാണ് ഇപ്പോൾ തെരവിലേക്ക് നീങ്ങിയിരിക്കുന്നത്.

ഇന്നലെ എസ്എഫ്‌ഐ അക്രമത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് മണ്ഡലം കമ്മിറ്റി മടപ്പള്ളി കോളേജിലേക്ക് നടത്തിയ സമാധാന സന്ദേശ യാത്ര ഫലത്തിൽ ഒരു ഗ്രാമത്തിന്റെ സമാധാനം കെടുത്തികയാണ ഉണ്ടായത്. ഇവിടെ വ്യാപക അക്രമവും കല്ലേറുമാണ് ഉണ്ടായി. മാർച്ചിനെത്തിയവർ ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണത്തിനായി സ്ഥാപിച്ച ബോർഡുകൾ വ്യാപകമായി നശിപ്പിച്ചു. മാർച്ച് കഴിഞ്ഞ് തിരിച്ചുപോവുകയായിരുന്ന യൂത്ത് ലീഗ് പ്രവർത്തകർ സിപിഐഎം ഒഞ്ചിയം ഏരിയ കമ്മിറ്റി ഓഫീസിലേക്ക് കല്ലെറിഞ്ഞത് പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്്ടിച്ചു.ഒടുവിൽ, പൊലീസെത്തി ലാത്തിച്ചാർജ് നടത്തിയാണ് രംഗം ശാന്തമാക്കിയത്. മാർച്ചിൽ പങ്കെടുത്ത് വടകരയിലേക്ക് പോയി തിരിച്ചു വരികയായിരുന്ന പാറക്കൽ അബ്ദുല്ല എംഎൽഎ.യും പൊലീസും തമ്മിൽ സിനിമാ സ്റ്റൈലിൽ കൈനാട്ടി ജംഗ്ഷനിൽ ഏറെ സമയം സംഘർഷമുണ്ടായി.

എസ്എഫ്‌ഐയുടെ അക്രമ രാഷ്ട്രീയത്തിനെതിരെ വിദ്യാർത്ഥികളെ ജനാധിപത്യ രീതിയിൽ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് യു.ഡി.എഫ് തിങ്കളാഴ്ച കോളേജിലേക്ക് മാർച്ച് നടത്തിയത്. മുന്മന്ത്രി എം.കെ.മുനീർ മാർച്ച് ഉദ്ഘാടനം ചെയ്തത്. പെൺകുട്ടികളെ അടക്കം കോളേജ് ബാത്ത് റൂമുകളിൽ കയറി അക്രമിച്ച എസ്എഫ്‌ഐ.യുടെ കാടത്ത സംസ്‌കാരത്തിനതിരെ പ്രതികരിക്കുക എന്നതായിരുന്നു മാർച്ചിലെ പ്രധാന ആവശ്യം. സമാധാനത്തിന്റെ വെള്ളരി പ്രാവുകളായ യുഡിഎഫിന്റെ വിദ്യാർത്ഥി കൂട്ടങ്ങളെ കണ്ട് പഠിക്കണമെന്ന് നേതാക്കൾ പ്രസംഗിച്ചതിന് പിന്നാലെയാണ് മാർച്ച് കഴിഞ്ഞ് തിരിച്ച് തിരിച്ച് പോകുന്ന ഒരു വിഭാഗം പ്രവർത്തകർ വ്യാപക അക്രമം നടത്തിയത്.

അക്രമത്തിനിരയായെന്ന് പറയപ്പെടുന്ന എംഎസ്എഫ് പ്രവർത്തകരായ പെൺകുട്ടികളെയും അണിനിരത്തിയായിരുന്നു മാർച്ച്. മാർച്ചിൽ പങ്കെടുക്കാനായി കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും യൂത്ത് ലീഗ് പ്രവർത്തകർ വടകരയിലെത്തിയിരുന്നു. ഇതിനു പുറമെ മാഹിയിൽ നിന്നുള്ള പ്രവർത്തകരുമുണ്ടായിരുന്നു. രാവിലെ 10 മണിക്ക് മാർച്ച് തുടങ്ങിയതുമുതൽ വ്യാപകമായ അക്രമങ്ങളാണ് വടകര ടൗണിലും മാർച്ച് കടന്ന് പോയ മടപ്പള്ളി കോളേജിന്റെ കവാടം വരെയുള്ള വഴികളിലും യൂത്ത് ലീഗ് പ്രവർത്തകർ അഴിച്ചുവിട്ടത്. യുഡിഎഫ് മണ്ഡലം കമ്മറ്റിയാണ് മാർച്ച് നടത്തിയിരുന്നതെങ്കിലും കോൺഗ്രസ് പ്രവർത്തകരുടെ സാന്നിധ്യം വളരെ കുറവായിരുന്നു.

മാർച്ചിൽ പങ്കെടുത്ത് വടകരയിലേക്ക് പോയി തിരിച്ചു വരികയായിരുന്ന പാറക്കൽ അബ്ദുല്ല എംഎൽഎ.യും പൊലീസും തമ്മിൽ കൈനാട്ടി ജംഗ്ഷനിൽ ഏറെ സമയം സംഘർഷമുണ്ടായി. ചോര ഒലിപ്പിച്ച നിലയിൽ വിദ്യാർത്ഥികളെ കണ്ടതോടെ എംഎൽഎ.യും സംഘവും വണ്ടിയിൽ നിന്നിറങ്ങി പൊലീസ്വാഹനത്തിലേക്ക് ചീറിയടക്കുകയായിരുന്നു. പൊലീസുമായി ഏറെ സമയം തർക്കം തുടരുന്നതിനിടയിൽ കൂടെയുള്ള പൊലീസ് വാഹനം സ്ഥലത്ത് നിന്നും ഓടിച്ചു പോയി എംഎൽഎ.പൊലീസ് വാഹനം തടയുന്നതും പൊലീസുമായി കയർക്കുന്നതും ദ്യശ്യങ്ങളിൽ ദ്യശ്യങ്ങളിൽ വ്യക്തമാണ്. എംഎൽഎ.യും പൊലീസും തമ്മിലുള്ള സംഘർഷം സോഷ്യൽ മീഡിയയിൽ തരംഗമായരുന്നു.

വടകരയിൽ പുതുതായി ചാർജ്ജെടുത്ത ഡി.വൈ.എസ്‌പി.ചന്ദ്രൻ ഭരണ കക്ഷിയെ പ്രീണിപ്പിക്കാൻ വേണ്ടിയാണ് കുട്ടികളെ മടപ്പള്ളി കോളേജിൽ നിന്നും കിലോമീറ്റർ അകലെയുള്ള സ്ഥലത്ത് വെച്ച് തല്ലിചതച്ചതെന്നാണ് എംഎൽഎ. വിശദീകരിക്കുന്നത്. എന്നാൽ സിപിഎം.ഓഫീസ് അക്രമിച്ച കേസിലെ പ്രതികളെ കണ്ടെത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP