Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എന്തുവിധേനയും കോഴിക്കോട് ലോക്സഭാ സീറ്റ് തിരിച്ചു പിടിക്കാൻ സിപിഎം; എം കെ രാഘവനെതിരെ മുഹമ്മദ് റിയാസിനെ രംഗത്തിറക്കും; ദേശീയ നേതാവ്, പ്രാസംഗികൻ എന്നീ നിലയിലുള്ള്ള റിയാസിന്റെ മാറിയ പ്രതിഛായ ഗുണം ചെയ്യുമെന്ന് ഇടതു കേന്ദ്രങ്ങൾ; രാഘവന്റെ ജനകീയ മുഖത്തിൽ പ്രതീക്ഷയർപ്പിച്ച് യുഡിഎഫ്; ലീഗിന്റെ അടിയുറച്ച പിന്തുണയും ജനകീയ എംപിക്ക്; കോഴിക്കോട്ട് ഇത്തവണ പോരാട്ടം പൊടിപാറും

എന്തുവിധേനയും കോഴിക്കോട് ലോക്സഭാ സീറ്റ് തിരിച്ചു പിടിക്കാൻ സിപിഎം; എം കെ രാഘവനെതിരെ മുഹമ്മദ് റിയാസിനെ രംഗത്തിറക്കും; ദേശീയ നേതാവ്, പ്രാസംഗികൻ എന്നീ നിലയിലുള്ള്ള റിയാസിന്റെ മാറിയ പ്രതിഛായ ഗുണം ചെയ്യുമെന്ന് ഇടതു കേന്ദ്രങ്ങൾ; രാഘവന്റെ ജനകീയ മുഖത്തിൽ പ്രതീക്ഷയർപ്പിച്ച് യുഡിഎഫ്; ലീഗിന്റെ അടിയുറച്ച പിന്തുണയും ജനകീയ എംപിക്ക്; കോഴിക്കോട്ട് ഇത്തവണ പോരാട്ടം പൊടിപാറും

ജാസിം മൊയ്‌ദീൻ

കോഴിക്കോട്: ലോകസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ ബാക്കി നിൽക്കെ കോഴിക്കോട് ലോകസഭാ മണ്ഡലത്തിലേക്കുള്ള സ്ഥാനാർത്ഥി നിർണയ ചർച്ചകൾ അണിയറയിൽ സജീവം. യുഡിഎഫിൽ നിലവിലെ എംപി എംകെ രാഘവന് തന്നെ സാധ്യതകൾ പറയുമ്പോൾ എൽഡിഎഫിൽ പിഎ മുഹമ്മദ് റിയാസിനെ രംഗത്തിറക്കി മത്സരം കടുപ്പിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. എൻഡിഎയിലാകട്ടെ ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ളയെ രംഗത്തിറക്കി പരമാവധി മുതലെടുക്കാനുള്ള നീക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. നിയമ സംഭാമണ്ഡലങ്ങളിലെ വോട്ടിന്റെ കണക്കുകൾ വെച്ച് നോക്കുമ്പോൾ യുഡിഎഫിന് വിദൂര സാധ്യത പോലുമില്ലാത്ത ജില്ലയാണ് കോഴിക്കോട്.

അത്ഭുതമെന്ന് പറയട്ടെ കഴിഞ്ഞ രണ്ട് ഘട്ടങ്ങളിലും കോഴിക്കോട് ജില്ലയിലെ രണ്ട് പാർലമെന്റ് സീറ്റുകളിലും വിജയിച്ചിരിക്കുന്നത് യുഡിഎഫിലെ കോൺഗ്രസ് സ്ഥാനാർത്ഥികളാണ്. വടകരയിൽ മുല്ലപ്പള്ളി രാമചന്ദ്രനും കോഴിക്കോട് എംകെ രാഘവനും. സംസ്ഥാനത്ത് കണ്ണൂർ കഴിഞ്ഞാൽ സിപിഎമ്മിന് ഏറ്റവും അധികം അംഗങ്ങളും ശക്തിയുമുള്ള ജില്ലകളിലൊന്നാണ് കോഴിക്കോട്. നിയമസഭാ തെരഞ്ഞെടുപ്പുകൾ അത് വ്യക്തമാക്കുന്നുമുണ്ട്. ജില്ലയിൽ യുഡിഎഫിന് ലഭിച്ചത് രണ്ട് മണ്ഡലങ്ങളാണ്. ഒന്ന് കോഴിക്കോട് നോർത്തിൽ എംകെ മുനീറും മറ്റൊന്ന് കുറ്റ്യാടിയിൽ പാറക്കൽ അബ്ദുള്ളയും.

രണ്ട് പേരും ലീഗിൽ നിന്നുള്ളവർ. ഇങ്ങനെയൊക്കെയായിട്ടും എന്തുകൊണ്ടാണ് ലോകസഭയിലേക്ക് അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിൽ ഒരാളെ കോഴിക്കോട് നിന്നെത്തിക്കാനാകാത്തതെന്ന് കഴിഞ്ഞ 9 വർഷമായി ഇടതുമുന്നണയിൽ തലപുകഞ്ഞ ആലോചനകളാണ് നടക്കുന്നത്. ഈ ആലോചനകളുടെ പ്രതിഫലനം ഇത്തവണത്തെ കോഴിക്കോട് മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണയത്തിലുണ്ടാകുമെന്ന് തന്നെയാണ് പ്രവർത്തകർ വിശ്വസിക്കുന്നത്.ഏതുവിധേനയും കോഴിക്കാട് സീറ്റ് പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് സിപിഎം.അതിനുള്ള ശ്രമങ്ങൾ അവർ ഇപ്പോഴേ തുടങ്ങിക്കഴിഞ്ഞു.

രാഘവന് ലീഗിന്റെയും ഉറച്ച പിന്തുണ
ഒടുവിലെ രണ്ട് തവണയും കോഴിക്കോട് നിന്ന് പാർലമെന്റിലേക്കെത്തിയിട്ടുള്ളത് യുഡിഎഫ് സ്ഥാനാർത്ഥിയാണ്. ഇപ്പോഴും കോഴിക്കോടിനെ പ്രതിനിധീകരിച്ച് പാർലമെന്റിലുള്ളത് കോൺഗ്രസിലെ എംകെ രാഘവനാണ്. യുഡിഎഫിന് ഒരിക്കലും സ്വപ്നം കാണാൻ പോലും കഴിയാതിരുന്ന കോഴിക്കോട് മണ്ഡലത്തെ ആദ്യമായി തങ്ങൾക്കനുകൂലമാക്കിയയാൾ എന്ന നിലയിൽ ഇപ്രാവശ്യവും എംകെ രാഘവൻ തന്നെയാണ് യുഡിഎഫിൽ കോഴിക്കോട് മണ്ഡലത്തിൽ മത്സരിക്കാൻ സാധ്യത. ഇതുവരെയും മറിച്ചുള്ള ചർച്ചകൾ എവിടെയും നടന്നിട്ടില്ല. കോൺഗ്രസിലേക്കാളേറെ മുസ്ലിം ലീഗ് പ്രവർത്തകരിൽ ഏറ്റവും അധികം സ്വാധീനമുണ്ടാക്കാൻ എംകെ രാഘവന് കഴിഞ്ഞിട്ടുണ്ട് എന്നത് തന്നെയാണ് മറിച്ചൊരു ചർച്ചകൾക്ക് ഇടനൽകാതെ രാഘവനെ തന്നെ ഉറപ്പിക്കാനുള്ള നീക്കത്തിലേക്ക് യുഡിഎഫിനെ നയിക്കുന്നത്.

സാധാരണ കോൺഗ്രസ് നേതാക്കളെ പോലെ അണികളിൽ നിന്ന് ഇസ്തിരി ചുളിയാത്ത പ്രവർത്തനങ്ങളല്ല രാഘവന്റേത് എന്നത് തന്നെയാണ് സാധാരണക്കാരിൽ രാഘവന് ഇത്രയധികം സ്വാധീനമുണ്ടാക്കാൻ കാരണം. 2009ൽ വിരലിലെണ്ണാവുന്ന വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സിപിഎമ്മിലെ പിഎ മുഹമ്മദ് റിയാസിനെ എംകെ രാഘവൻ പരാജയപ്പെടുത്തിയത്. എന്നാൽ പിന്നീട് 2014ൽ അ്‌ദ്ദേഹത്തിന്റെ ഭൂരിപക്ഷം പത്തിരട്ടിയിലധികം വർദ്ധിച്ചു എന്നത് ഇക്കാലയളവിൽ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങളുടെയും ഇടപെടലുകളുടെയും ഫലമാണ്. ഈ ജനസമ്മതി തന്നെയാണ് ഒരിക്കൽ കൂടി എംകെ രാഘവനെ ഇറക്കി കോഴിക്കോട് പിടിക്കാനുള്ള യുഡിഎഫ് ശ്രമങ്ങൾക്ക് പിന്നിൽ. വലിയ അക്കാദമിക് പ്രസംഗങ്ങളൊന്നും എംകെ രാഘവന്റേതായി എവിടെയും കേൾക്കാറില്ലെങ്കിലും താഴെ തട്ടിലിറങ്ങിയുള്ള പ്രവർത്തനങ്ങളും സാധാരണക്കാർക്കിടയിലുള്ള ആത്മബന്ധങ്ങളുമാണ് രാഘവനെ കോഴിക്കോട്ടുകാർക്ക് ഇത്രയും ജനപ്രീതിയുള്ള നേതാവാക്കിയത്.

കോഴിക്കോട്ടെ ചുമട്ടുതൊഴിലാളികൾ, ഓട്ടോ ഡ്രൈവർമാർ തുടങ്ങി താഴെ തട്ടിലുള്ള ജനങ്ങളുമായി രാഘവന് വളരെ അടുത്ത ആത്മബന്ധമാണുള്ളത്. വികസനത്തിന്റെ കാര്യത്തിലും രാഘവന് കോഴിക്കോട് നിന്ന് എതിർപ്പുകളുണ്ടായിട്ടില്ല. അഴിമതിയുടെ കറപുരളാത്ത അപൂർവ്വം കോൺഗ്രസുകാരിൽ ഒരാളെന്ന വിശേഷണവും എംകെ രാഘവനെ തന്നെ മുന്നോട്ട് വെക്കുന്നതിൽ യുഡിഎഫ് ലക്ഷ്യം കാണുന്നു. മുസ്ലിം ലീഗ് പ്രവർത്തകരോടെന്ന പോലെ തന്നെ കോഴിക്കോട് നിന്നുള്ള ലീഗ് നേതാവായ എംകെ മുനീറുമായുള്ള അദ്ദേഹത്തിന്റെ അടുപ്പവും ഇപ്രാവശ്യവും കോഴിക്കോട് പിടിക്കാൻ രാഘവനെ തന്നെ രംഗത്തിറക്കുന്നതിന് സഹായകമാകുമെന്നാണ് കരുതുന്നത്.

പുതിയ പ്രതിഛായയിൽ കരുത്തനായി മുഹമ്മദ് റിയാസ്
എൽഡിഎഫിൽ ഇക്കുറി ഏറെ സാധ്യതകൾ കൽപിക്കുന്നത് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡണ്ട് പിഎ മുഹമ്മദ് റിയാസിനാണ്. അങ്ങനെയെങ്കിൽ മത്സരം കടുക്കും. 2009ൽ എംകെ രാഘവനോട് ചെറിയ വോട്ടുകൾക്കാണ് റിയാസ് പരാജയപ്പെട്ടത്. അന്ന് ഇതേ പേരിലുള്ള അപരന് കിട്ടിയിട്ടുണ്ട് ഭൂരിപക്ഷത്തിനേക്കാളും കൂടുതൽ വോട്ടുകൾ. സിപിഎമ്മിന് ഏറെ ശക്തിയുള്ള കോഴിക്കോട് പോലൊരു മണ്ഡലത്തിൽ കഴിഞ്ഞ രണ്ട് തവണയായുണ്ടായ പരാജയങ്ങൾ ഇനിയും ആവർത്തിക്കാൻ പാടില്ലെന്നുള്ള തീരുമാനത്തിലാണ് സിപിഎം. അതുകൊണ്ട് തന്നെ ശക്തനായൊരു മത്സരാർത്ഥിയെ തന്നെയാണ് എൽഡിഎഫ് പ്രവർത്തകരും ആഗ്രഹിക്കുന്നത്.

2009ൽ മത്സരിച്ചപ്പോഴുള്ള അവസ്ഥയിലല്ല ഇന്ന് റിയാസ്. ഡിവൈഎഫ്‌ഐയുടെ ദേശീയ പ്രസിഡണ്ടെന്നതിനാൽ നിലവിൽ ഡൽഹിയാണ് പ്രവർത്തന മേഖല. കോഴിക്കോട് നിന്നുള്ള പാർട്ടിയുടെ ദേശീയമുഖം കൂടിയാണ് ഇന്ന് റിയാസ്. അതിലുപരി പ്രദേശവാസിയാണ്. ഇതൊക്കെ തന്നെയാണ് റിയാസിനെ രംഗത്തിറക്കി മത്സരം കടുപ്പിക്കാനുള്ള സിപിഎം നീക്കത്തിന് പിന്നിലെന്നാണ് വിവരം. ദേശീയ തലത്തിലുള്ള പ്രവർത്തനങ്ങളും മാധ്യമ ചർച്ചകളിലടക്കം എടുക്കുന്ന നിലപാടുകളിലും റിയാസിന്റെ ജനകീയത കോഴിക്കോട് വളർന്നു വരുന്നുണ്ട്.

നാട്ടിലുണ്ടാകുന്ന ദിവസങ്ങളിൽ പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെ പത്രക്കചവടക്കാരിൽ നിന്ന് പത്രങ്ങൾ വാങ്ങി ഓട്ടോയിൽ കയറിപ്പോകുന്ന വെളുത്ത് നീണ്ട ചെറുപ്പക്കാരന് ഇപ്പോഴും കോഴിക്കോട്ടെ ജനങ്ങൾക്കിടയിൽ ചെറുതല്ലാത്ത സ്ഥാനമുണ്ടെന്ന തിരിച്ചറിവ് കൂടി സിപിഎമ്മിന് റിയാസിനെ രംഗത്തിറക്കാന് പ്രേരണയായിട്ടുണ്ട്. ഇതിനു പുറമെ മുസ്ലിം ലീഗിലെ അതൃപ്തരുടെ വലിയൊരു നിരയും ഇന്ന് കോഴിക്കോടുണ്ട്. പിടിഎ റഹീമിന്റെയും കാരട്ട് റസാഖിന്റെയും ഐഎൻഎല്ലിന്റെയുമൊക്കെ നേതൃത്വത്തിൽ ഇവരെയൊക്കെ കൂടെക്കൂട്ടാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ഒരു മുസ്ലിം സ്ഥാനാർത്ഥിയെ നിർത്തുന്നതിലൂടെ ഈ വോട്ടുകളും പെട്ടിയിലാക്കാനാകുമെന്നാണ് ഇടതുമുന്നണി കരുതുന്നത്.

ബിജെപിക്ക് വിദൂര സാധ്യത പോലുമില്ല
ബിജെപിക്ക് വിദൂര സാധ്യത പോലുമില്ലാത്ത മണ്ഡലമാണ് കോഴിക്കോട്. നിലവിലെ സംസ്ഥാന അദ്ധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ളക്ക് കോഴിക്കോട് നഗരത്തിലുള്ള ജനകീയതയൊഴിച്ചാൽ കോഴിക്കോട് ബിജെപിക്ക് അവകാശപ്പെടാനായി ഒന്നുമില്ല. സംസ്ഥാനത്തെല്ലായിടത്തും അദ്ദേഹത്തിനെ തന്നെ മത്സരത്തിനും വേണ്ടി വരുന്നഅവസ്ഥയാണ് ഇപ്പോഴുള്ളത്. എന്നാൽ കോഴിക്കോടുള്ള ഈ ജനകീയത മുതലെടുത്ത് അദ്ദേഹത്തെ നിർത്താനുള്ള നീക്കങ്ങളാണ് ബിജെപിയിൽ നടക്കുന്നത്.

എൽഡിഎഫിലോ, യുഡിഎഫിലോ എന്ന പോലെ മുന്നണി സമവാക്യങ്ങൾ നോക്കി സ്ഥാനാർത്ഥിയെ നിർത്തേണ്ട സാഹചര്യമൊന്നും എൻഡിഎയിൽ ഇല്ലാത്തതിനാലും ജയിക്കുമെന്ന് അമിത് ഷാ പോലും ഉറപ്പ് പറയാത്ത മണ്ഡലമായതിനാൽ പോലും തീരുമാനങ്ങൾ എപ്പോൾ വേണമെങ്കിലും മാറാം. നിലവിൽ കോഴിക്കോട് കോർപറേഷൻ പരിധിയിൽ ഏഴ് വാർഡുകളിൽ കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ വിജയിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ നിന്നുള്ള പരമാവധി വോട്ടുകളും മാറാടടക്കമുള്ള ജില്ലയുടെ തീരദേശത്ത് നിന്നുള്ള വോട്ടുകളും മാത്രമാണ് ബിജെപി കോഴിക്കോട് പ്രതീക്ഷിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP