Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മെത്രാന്മാരുടെ മുന്തിയറപ്പുകൾ

മെത്രാന്മാരുടെ മുന്തിയറപ്പുകൾ

കോരസൺ വർഗീസ്

ബിഷപ്പ് ഫ്രാൻകോയുടെ അറസ്റ്റോടെ കേരള ക്രൈസ്തവ സഭയിലെ ഒരു അസാന്മാര്ഗികത വെളിച്ചം കണ്ടു. വേട്ടക്കാരുടെ എല്ലാ കഠോരമായ അഹന്തക്കും നേരേ നിസ്സഹരായ ഇരയുടെ ചിരസ്ഥായിയായ പ്രതിരോധത്തിനു മുന്നിൽ പൊലീസിസും ഭരണകൂടവും സഭാ നേതൃത്വവും നടപടികൾ എടുക്കാൻ നിര്ബന്ധിതരായി എന്നതാണ് സത്യം. നവമാധ്യമങ്ങളും ഒറ്റപ്പെട്ട സ്വതന്ത്ര ചിന്തകരും തീ കെടുത്താതെ നിർത്തി. ഒരു സ്ത്രീ വിചാരിച്ചാൽ ആരേയും തളച്ചിടാമെന്ന മുൻവിധികൾ ഒക്കെ പൊളിഞ്ഞുവീണു. ഇനിയും പുറത്തുവരേണ്ടത് എങ്ങനെ ഇത് സംഭവിച്ചു, എന്തൊക്കെ ചെയ്യാമായിരുന്നു, ഇതുവരെ എത്തിച്ചേർന്ന സങ്കടകരമായ അവസ്ഥാവിശേഷം ഇനി ഒരിക്കലും ഇങ്ങനെ ഉണ്ടാവാതെ നോക്കുവാനുള്ള നടപടികൾ ഉൾപ്പടെ, സഭക്ക് നവീകരണം ഉണ്ടായേ മതിയാകയുള്ളൂ.

കേരള പാരമ്പര്യ ക്രൈസ്തവ സഭകൾ എപ്പിസ്‌കോപ്പസിയിൽ പരിപൂർണ്ണ വിശ്വാസം അർപ്പിച്ചുകൊണ്ട്, വിശ്വാസികൾ അവരുടെ ബിഷോപ്പന്മാരെ വാക്കിലും പ്രവർത്തിയിലും ഉൾക്കൊണ്ടു. തങ്ങളുടെ രഹസ്യങ്ങൾ ഒക്കെ തുറന്നു പറയാവുന്ന, തങ്ങളുടെ കുറവുകൾ ഒക്കെ കഴുക്കിക്കളഞ്ഞു, വിശുദ്ധമായ ഒരു ജീവിതത്തിനുവേണ്ട നല്ല വഴികൾ കാട്ടിത്തരുന്ന തുറമുഖങ്ങൾ ആണെന്ന് ഉറച്ചു വിശ്വസിച്ചു. അതാണ് ഇപ്പോൾ വീണുടഞ്ഞത്. ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാതെ സഭക്ക് മുന്നോട്ടുപോകാനാവില്ല. സാധാരണ വിശ്വാസികളുടെ ഹൃദയത്തിൽ മാരകമായ മുറിവാണ് ഈ സംഭവം ഉണ്ടാക്കിയിരിക്കുന്നത്.

നിഷ്‌കളങ്കരായ സാധാരണ വിശ്വാസിയെ കെടാത്ത തീയുടെയും ചാകാത്ത പുഴുക്കളുടെയും ഭയവും ഭീതിയും വർണ്ണിച്ചു, മാനസീക അടിമകളാക്കി , അദൃശ്യമായ ചങ്ങലകൾകൊണ്ട് ബന്ധിച്ചു നിര്‌ദോഷം ചൂഷണ വിധേയരാക്കി കൊണ്ട് നടന്ന ഒരു നീണ്ട കാലത്തിനു ഇനിയെങ്കിലും അറുതി വരണം. സഭയുടെ സമ്പത്തു വിശ്വാസികൾ നൽകിയതാണ് , അത് ബിസിനസ് ചെയ്തു സഭ ഒരു കമ്പനി ആക്കി മാറ്റാനാണ് ഇതുവരെയുള്ള ശ്രമം. സഭക്ക് കോർപറേറ്റ് പരിവേഷം വന്നതോടെ വിശ്വാസികളെ അവഗണിച്ചു അധികാരഭ്രാന്ത് തലയ്ക്കു പിടിച്ചു ക്രിസ്തുവിനെതിരായി എന്നതാണ് ഈ സംഭവങ്ങൾ വിളിച്ചു പറയുന്നത്. ഈ സ്വർണ്ണ കുരിശുകളിൽ ക്രിസ്തുവിനെ ബന്ധിച്ചിരിക്കുമ്പോൾ ആ ദൈവപുത്രന്റെ രോദനങ്ങൾ ആരും കേൾക്കാതെ പോകയാണ്. ആ രക്തം അവരുടെ കുപ്പായത്തെ വല്ലാതെ ചുവപ്പിക്കുകയാണ്. ആ മുഖത്തു പാപങ്ങൾ പൊറുക്കുന്ന രക്ഷകനായ ക്രിസ്തുവിന്റെ നിസ്സഹായതയല്ല, മറിച്ചു കൊടും വെറുപ്പും, പുച്ഛവും അഹങ്കാരവുമാണ്.

ജീവിതത്തിലെ എല്ലാ സൗഭാഗ്യങ്ങളും ഉപേക്ഷിച്ചു, ഒരു വിളികേട്ടു ഇറങ്ങി വന്ന വലിയകൂട്ടം യുവാക്കളും യുവതികളും രക്ഷപ്പെടാനാവാതെ കടുത്ത മാനസീക പിരിമുറുക്കത്തിൽ അവരുടെ ജീവിതം തള്ളി നീക്കുകയാണ്. രാത്രിയുടെ യാമങ്ങളിൽ അടച്ചിട്ട മുറികളിൽ അവരുടെ വിലാപവും, നെടുവീർപ്പുകളും ഒരു ദൈവപുത്രനും മാലാഖയും കാണാതെപോകുന്നു. ഓരോ ദിവസവും ന്യായവിധി നേരിടുന്ന ഈ ജീവിതങ്ങൾ അസമാധാനം കൊണ്ട് വീർപ്പുമുട്ടുന്ന വിശ്വാസികളുടെ വേദനയും സങ്കടവും ഒരു വശത്തു മറ്റുവശത്തു ഗർവ്വിന്റെയും അഹങ്കാരത്തിന്റെയും അധികാര മേലാളൻകാർക്കു മുന്നിൽ നിവർന്നു നോക്കാനാവാതെ ഇഴഞ്ഞു നീങ്ങുകയാണ് ഈ ജീവിതങ്ങൾ. അവർ പുതച്ചിരുന്ന വസ്ത്രത്തിനു ഉള്ളിൽ ജീവനുള്ള ശരീരം ഇല്ലായിരുന്നു; അവരുടെ മുഖത്തു നിഴലിച്ചിരുന്നത് അവരുടെ ഭാവങ്ങളായിരുന്നില്ല;അവർ പറഞ്ഞിരുന്നത് അവരുടെ മനസ്സായിരുന്നില്ല. എന്തിനുവേണ്ടിയാണ് അവർ സംസാരിച്ചുകൊണ്ടേയിരുന്നത് എന്ന് അവർക്കു അറിയില്ലായിരുന്നു.

കേരളത്തിലെ പാരമ്പര്യ ക്രൈസ്തവ സഭകൾ കൃത്യമായ മാറ്റത്തിന് തയ്യാറായേ മതിയാകയുള്ളൂ. ഇത് കത്തോലിക്കാ സഭയുടെ കാര്യം മാത്രമല്ല. ജനങ്ങളുടെ പങ്കാളിത്തത്തോടെ സഭയുടെ സ്വത്തുക്കൾ മെത്രാനും വിശ്വാസികളും ഒരുപോലെ കൈകാര്യം ചെയ്യാനുള്ള സംവിധാനം ഉണ്ടാവണം. റോമൻ സഭകൾക്ക് ഉണ്ടായിരുന്ന ചോദ്യം ചെയ്യാനാവാത്ത അപ്രമാദിത്യം വാരി വിതച്ച കൊടും പാതകങ്ങളും നിഷേധങ്ങളും കൊണ്ട് നിറഞ്ഞതാണ് സഭയുടെ ചരിത്രം. അതിൽനിന്നും പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ട് സഭ വിശ്വാസികളുടെ വിശുദ്ധ ജീവിതത്തിനു ഊന്നൽ നൽകി, ലോകസംബന്ധമായ പൊതു പ്രസ്ഥാനങ്ങളിൽ നിന്നും അകലം പാലിക്കണം. എങ്കിൽ മാത്രമേ ആദിവിശുദ്ധിയിലേക്ക് ചെന്ന് ചേരാനാവൂ. വമ്പൻ ധ്യാന കേന്ദ്രങ്ങളിൽ അല്ല പരിവർത്തനം ഉണ്ടാക്കപ്പെടുന്നത്, അത് വിശ്വാസികളുടെ നിത്യ ജീവിതത്തിൽ അവരെ ആത്മീകമായി ഉയർത്തി, ജീവിത വെല്ലുവിളികളെ ഉൾകൊള്ളാൻ പ്രാപ്തരാക്കുമ്പോഴാണ്.

ഓർത്തഡോക്ൾസ് സഭയിൽ മെത്രാൻ ട്രസ്റ്റിയും, വൈദിക ട്രസ്റ്റിയും, അവൈദിക ട്രസ്റ്റിയും കൂട്ടുത്തരവാദിത്തത്തിലാണ് സഭയുടെ സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നത് എന്നതാണ് കീഴ്‌വഴക്കം. എന്നാൽ സഭയുടെ ഒരു പ്രധാന കമ്മറ്റിയിൽ അംഗമായി പ്രവർത്തിച്ചപ്പോഴാണ് ഇത്തരം ഒരു കീഴ്‌വഴക്കം വെറും പേപ്പർ വഴക്കമാണെന്നു മനസ്സിലായത്. കോടിക്കണക്കിനു ഉള്ള കണക്കുകൾ ഏതാനും മണിക്കൂറുകൾ ഉള്ള യോഗത്തിൽ വച്ച് അംഗീകരിപ്പിച്ചു പോകുക എന്നതാണ് സഭാ മാനേജിങ് കമ്മറ്റിയുടെ ഉത്തരവാദിത്തം. ചോദ്യങ്ങൾ ചോദിക്കാം അച്ചടിച്ച ഒരേതരം മറുപടികൾ കൊണ്ട് തൃപ്തരാകണം. സമയക്കുറവുകൊണ്ടു കണക്കു പാസ്സാക്കിയിട്ടു പിന്നെ എന്ത് ചർച്ചയും ആകാം എന്ന റൂളിങ് വരെ ചിലപ്പോൾ ഉണ്ടാകാം. എല്ലാ പ്രസ്ഥാനങ്ങളും ഓരോ സ്വതന്ത്രമായ ട്രസ്റ്റായിട്ടാണ് പ്രവർത്തിക്കുന്നത്.

അങ്ങനെ ഓരോ മെത്രാന്മാരും നിരവധി സ്വതന്ത്ര ട്രസ്റ്റുകളുടെ പരമാധികാരിയാണ്. അവർക്കു മലങ്കര സഭയോടോ , മലങ്കര മെത്രാപ്പൊലീത്തയോടൊ ആരോടും വിധേയത്വമില്ല. ആരെയും കൈ കടത്താൻ സമ്മതിക്കയുമില്ല. മിക്ക ട്രസ്റ്റുകളിലും മെത്രപൊലീത്തന്മാരുടെ സഹോദരങ്ങളും ബന്ധുക്കളും ആണ് നിയന്ത്രിക്കുന്നത്. മെത്രാന്മാരുടെ സമയവും അധ്വാനവും കൂടുതലും ഇത്തരം ട്രസ്റ്റുകളിലാണ് ചിലവഴിക്കപ്പെടുന്നത്. വലിയ പ്രസ്ഥാങ്ങൾ ആയതിനാൽ ഇവയെ ചുറ്റിപ്പറ്റി വൈദികരുടെയും, ഉപജാപകവൃന്ദങ്ങളുടെയും ഒരു മാഫിയ പ്രവ്രിത്തിക്കാതെ തരമില്ല. മെത്രാൻ മാഫിയയുടെ ചട്ടുകമായി മാറ്റപ്പെടുകയോ , മാഫിയകളെ ചട്ടുകമായി ഉപയോഗിക്കുകയോ ആവാം. എന്തായാലും ഇത്തരം അവിശുദ്ധ കൂട്ടുകെട്ടുകളിൽ പിറന്ന പല ഭൂമി ഇടപാടുകളും, മറ്റു പല വിഷയങ്ങളും ഉണ്ടായിട്ടുണ്ട്.

ഈ സംഘത്തിൽ പെട്ട വൈദികർ കാണിക്കുന്ന തെറ്റുകൾക്ക് നേരെ കണ്ണടക്കാതെ ഇരിക്കാൻ മെത്രാനു പറ്റില്ല. തെറ്റുകൾക്ക് നേരെ വിരൽ ചൂണ്ടുന്ന വൈദികരെയും ആളുകളെയും മെരുക്കാനും ഒതുക്കാനുമുള്ള എല്ലാ സംവിധാനവും ഇവരുടെ കൈയിലുണ്ട്. കുറച്ചു മെത്രാന്മാർ നിരന്തരം യാത്രകളിലാണ് എന്ന് സഭയിൽ തന്നെ ആരോപണം ഉണ്ട്. ആരോടും പറയാതെ, എങ്ങോട്ടെന്നില്ലാതെ അലഞ്ഞു നടക്കുന്ന ചിലർ, അവർക്കു ആരോടും പ്രതിബദ്ധതയോ ഉത്തരവാദിത്തമോയില്ല എന്നും അഴിമതിയുടെ പര്യായങ്ങളാണെന്നും ഒരു പിന്നാമ്പുറ സംസാരമുണ്ട്.

ഇത്തരം സഞ്ചാര മെത്രാന്മാരുടെ കൂടെയുള്ള വൈദികരെ കരുതാനോ സഹായിക്കാനോ കഴിയാത്തതിനാൽ അവരും അതേ സ്വഭാവം വച്ച് പുലർത്തും. വിശ്വാസികൾ എന്ത് ചെയ്യണം എന്നറിയാതെ മറ്റു പ്രാർത്ഥന കൂട്ടങ്ങളിലും ധ്യാനകേന്ദ്രങ്ങളിലും കയറിയിറങ്ങി നടക്കുന്നു. ഇടയ്ക്കു പള്ളിയിൽ പോകും അത്ര മാത്രം. ചില മെത്രാന്മാർക്ക് സ്വന്തമായി നിരവധി സ്‌കൂളുകൾ ഉണ്ടത്രേ. ഇവർ മരിച്ചു കഴിഞ്ഞു , ഈ സ്വത്തുക്കൾ സഭക്ക് ചെന്ന് ചേരും എന്നാണ് പാവം വിശ്വാസികളെ പറഞ്ഞു വിശ്വസിപ്പിച്ചിരിക്കുന്നത്. എന്നാൽ ഈ അടുത്ത കാലത്തു മരിച്ചുപോയ കോടീശ്വരന്മാരായ മെത്രാപ്പൊലീത്താമാരുടെ സ്വത്തുക്കൾ ഒന്നും സഭയിലേക്കു മുതൽ കൂട്ടിയിട്ടില്ല എന്നതാണ് സത്യം.

മെത്രാന്മാർ പൊതുവിന്റെ സ്വത്താകുമ്പോൾ അവർക്കു സ്വകാര്യത നഷ്ടപ്പെടുന്നു എന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് അവർ ഈ പദവിയിൽ എത്തിപ്പെടുക. സന്യാസം സ്വീകരിക്കുമ്പോൾ കുടുംബ ബന്ധങ്ങൾ അവർക്കു പാടില്ല. അവരെ സ്വയം കുടുംബത്തിൽനിന്നും അന്യമായി പൊതു ഇടം സ്വീകരിച്ചവരാണ്. എന്നാൽ പലരും സ്വന്തം വീട്ടിൽ കഴിയാൻ താല്പര്യമുള്ളവരാണ് എന്ന് കാണുന്നു. യാതൊരു ചിട്ടകളോ ശീലങ്ങളോ ഇല്ലാതെ ഒരു ആശ്രമത്തിന്റെയും അംഗീകാരമില്ലാതെ സ്വതന്ത്രമായി വിഹരിക്കുന്നു. കൂടുതൽ സമയം അദ്ധ്യാത്മിക വിഷയങ്ങളിൽ തല്പരരായി ജങ്ങളുടെ ആത്മീയ ഉന്നതിക്കായി പ്രവർത്തിക്കണം എന്ന് പ്രതിജ്ഞ ചെയ്തവരുടെ വായിൽ നിന്നും അറിയാതെ പോലും ദൈവീക വിഷയങ്ങൾ കടന്നു വരാറില്ല.

ഈ അടുത്ത കാലത്തു ഒരു ഭദ്രാസന പൊതുയോഗത്തിൽ , ബഡ്ജറ്റ് ഒന്നും വേണ്ട എന്ന് ഒരു മെത്രാപൊലീത്ത പറഞ്ഞത്രേ. ഒക്കെ മെത്രാന്മാർക്ക് ഏതുവിധവും ചിലവഴിക്കാനുള്ള അധികാരമുണ്ടെന്ന് കൂസലില്ലാതെ പറഞ്ഞു. ഇത്തരം ഒരു സാഹചര്യത്തിൽ സഭയുടെ ഉന്നത സമിതിയായ സഭാ മാനേജിങ് കമ്മറ്റിയിൽ മെത്രാപ്പൊലീത്തമാർ ഒരു നിശ്ചിത കാലയളവിൽ ട്രാൻസ്ഫർ ചെയ്യപ്പെടണം എന്ന് ഏകഖണ്ഡേന തീരുമാനം എടുത്തു. ആ യോഗത്തിൽ മെത്രാപ്പൊലീത്തമാരും അതിനു പിന്തുണ നൽകി. എന്നാൽ അതിനു ശേഷം മെത്രാൻ സമിതികൂടി മുൻ തീരുമാനത്തെ വീറ്റോ ചെയ്തു എന്ന് അവർതന്നെ വാർത്ത ഉണ്ടാക്കി. എന്നാൽ നിഷ്‌കാമമായി ദൈവവേല നിർവഹിക്കുന്ന മെത്രാപ്പൊലീത്തമാരും ഉണ്ട്. അവരെ ആളുകൾക്ക് കൃത്യമായി തിരിച്ചറിയാം. അവർ സഭാഅധികാര ഉന്നത ശ്രേണിയിൽ എത്തി നോക്കാൻ തന്നെ തയ്യാറാകില്ല.

യാക്കോബായ സഭയിൽ കണക്കും ഓഡിറ്റുകളോ തിരഞ്ഞെടുപ്പോ ഇല്ലാതെ വര്ഷങ്ങളായി പൊതു മുതൽ കൈകാര്യം ചെയ്യപ്പെടുന്നു എന്ന് ആരോപണം ഉണ്ട്. യാക്കോബായ ഓർത്തഡോക്ൾസ് സഭകൾ തമ്മിലുള്ള തർക്കം വിശ്വാസത്തിന്റെയോ അന്ത്യോക്യൻ പാത്രിയർക്കിസിന്റെ അധികാരത്തെപ്പറ്റിയുള്ള തർക്കമില്ല. പള്ളികളും അനുബന്ധ സ്ഥാപനങ്ങളും കാലാകാലമായി തട്ടിക്കൂട്ടിയ പ്രസ്ഥാനങ്ങളും അവയിൽ കുമിഞ്ഞു കൂടുന്ന സമ്പത്തും ആണ് വിഷയം. സമാധാനമായി ഒന്നായി പോകാൻ വഴികൾ ഏറെയാണ് എന്നാൽ അതുകൊണ്ടു ചെറിയ ഒരു കൂട്ടത്തിനു നഷ്ട്ടം കുറച്ചൊന്നുമല്ല ഉണ്ടാവുന്നത്. അതുകൊണ്ടു വിഷയങ്ങൾ കുഴച്ചുമറിച്ചു കേസുകളും പൊല്ലാപ്പുകളുമായി മുന്നോട്ടു പോകും.

മുന്തിയറപ്പു" എന്ന ഒരു വാക്കു കമ്മ്യൂണിസ്റ്റു ഭാഷകളിൽ കാണാമായിരുന്നു. തൊഴിലാളിവർഗ്ഗത്തിന്റെ കഠിനാദ്ധ്വാനം മുതലാളിവർഗ്ഗം ചൂഷണനം ചെയ്യുക (expropriation of the proletarians) എന്ന ഭാഷാന്തരമാണ് ഉദ്ദേശിച്ചതെങ്കിൽ , ഇവിടെ സാധാരണ വിശ്വാസികളുടെ ചില്ലിപ്പണത്തിൽ കൈയിട്ടു മുന്തിയറപ്പു നടത്തി, ജന്മി - മുതലാളി - മെത്രാൻ കൂട്ടുകെട്ടാണ് ഈ മുന്തിയറപ്പു നടത്തുന്നത്

ഇവിടെ വെറും താഴേക്കിടയിലുള്ള നിസ്സഹാരരായ കന്യകളുടെ രക്തക്കറ പുരണ്ട വിയർപ്പിന്റെ നിലവിളിയാണ് ഉയർന്നത് , അവരുടെ പ്രതിരോധ തിരമാലക്കു ഏതു വന്മതിലും കവിഞ്ഞു പ്രഹരിക്കാനുള്ള ആർജ്ജവം ഉണ്ടായിരുന്നു . അവർക്കു ഇനി നഷ്ടപ്പെടാൻ ഒന്നും ഉണ്ടായിരുന്നില്ല. തങ്ങൾ പിതാവിന്റെ സ്ഥാനത്തു കാണുന്ന വ്യക്തിക്കെതിരെ നിരത്തിൽ ഇറങ്ങേണ്ടിവന്ന ഹതഭാഗ്യരുടെ ദാരുണമായ കഥ. അതെ, അവർ പുതിയ ചരിത്രം എഴുതി. എല്ലാ ക്രിസ്തീയ സഭകളുടെയും നവീകരണത്തിനായി വിശ്വാസികൾ ഉണർന്നു എഴുന്നേൽക്കണം. നിങ്ങളുടെ നിശബ്ദതയ്ക്കു കനത്ത വില നൽകേണ്ടി വരും.

സമ്പത്തിന്റെ കാര്യത്തിൽ കൂടുതൽ സുതാര്യതയും, വിശ്വാസ ജീവിതത്തിൽ കലർപ്പില്ലാതെയും ക്രിസ്തീയസഭ മുന്നോട്ടു പോയില്ലെങ്കിൽ 'കല്ലിന്മേൽ കല്ലുശേഷിക്കാത്ത ദേവാലയങ്ങളായി' എന്ന ദൈവ പുത്രന്റെ ആക്രോശം സാധാരണ ജനങ്ങളുടെ മനസ്സിൽ മുളച്ചു വരും. മാറ്റങ്ങൾ അനിവാര്യമാണ് എന്നാണ് ചുവരെഴുത്തുകൾ.

'Never underestimate the power of common man'

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP