Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇത് ഇരയായ കന്യാസ്ത്രിയുടെ മാത്രം വിജയമല്ല; നീതിക്കു വേണ്ടി സഭയുടെ വിലക്കുകൾ ഭേദിച്ച് സമരപ്പന്തലിലേക്ക് ഇറങ്ങിയ അഞ്ച് കന്യാസ്ത്രീമാരുടെ കൂടി വിജയം: ബിഷപ്പിന് വേണ്ടി ഭരണ പക്ഷവും പ്രതിപക്ഷവും ഒരുമിച്ച് നിന്നപ്പോൾ സഹനമല്ല പ്രതിരോധമാണെന്ന് തിരിച്ചറിഞ്ഞ ആ അഞ്ച് കന്യാസ്ത്രീകൾക്ക് കയ്യടിച്ച് സോഷ്യൽ മീഡിയയും

ഇത് ഇരയായ കന്യാസ്ത്രിയുടെ മാത്രം വിജയമല്ല; നീതിക്കു വേണ്ടി സഭയുടെ വിലക്കുകൾ ഭേദിച്ച് സമരപ്പന്തലിലേക്ക് ഇറങ്ങിയ അഞ്ച് കന്യാസ്ത്രീമാരുടെ കൂടി വിജയം: ബിഷപ്പിന് വേണ്ടി ഭരണ പക്ഷവും പ്രതിപക്ഷവും ഒരുമിച്ച് നിന്നപ്പോൾ സഹനമല്ല പ്രതിരോധമാണെന്ന് തിരിച്ചറിഞ്ഞ ആ അഞ്ച് കന്യാസ്ത്രീകൾക്ക് കയ്യടിച്ച് സോഷ്യൽ മീഡിയയും

മറുനാടൻ മലയാളി ബ്യൂറോ

മാസങ്ങൾ നീണ്ട കാത്തിരിപ്പിനും കേരളം കണ്ട ആദ്യ കന്യാസ്ത്രീ സമരത്തിനും ഒടുവിലാണ് ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്നലെ കേരളാ പൊലീസ് അറസ്റ്റ് ചെയ്തത്. ബിഷപ്പിന് വേണ്ടി ഭരണ പക്ഷവും പ്രതിപക്ഷവും ഒരുമിച്ച് നിന്നപ്പോൾ സഹനമല്ല പ്രതിരോധമാണ് ഏറ്റവും നല്ല മാർഗം എന്ന് മനസ്സിലാക്കി നീതിക്ക് വേണ്ടി തെരുവിലിറങ്ങാൻ ധൈര്യം കാട്ടിയ കന്യാസ്ത്രീകളുടെ വിജയമാണ് അക്ഷരാർത്ഥത്തിൽ ബിഷപ്പിന്റെ അറസ്റ്റ്. ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റിന് പിന്നാലെ സോഷ്യൽ മീഡിയയിൽ താരമായിരിക്കുകയാണ് കന്യാസ്ത്രീയ്ക്ക് ഐക്യ ദാർഢ്യം പ്രഖ്യാപിച്ച് മഠം വിട്ട് സമര പന്തലിലേക്ക് ഇറങ്ങിയ അഞ്ച് കന്യാസ്ത്രീകൾ. സിസ്റ്റർ അനുപമ, സിസ്റ്റർ ജോസഫിൻ, സിസ്റ്റർ ആൽഫി, സിസ്റ്റർ നീന റോസ്, സിസ്റ്റർ ആൻസിറ്റ എന്നിവരാണ് സോഷ്യൽ മീഡിയയിൽ കയ്യടി നേടുന്നത്.

പീഡനത്തിനിരയായ കന്യാസ്ത്രീക്ക് നീതി കിട്ടുന്നതിന് വേണ്ടി ആദ്യം മുതൽക്കേ നിലപാടെടുത്തവരാണ് ഈ അഞ്ചു പേരും. പരാതി പുറത്തു വരുന്നതിന് മുമ്പേ സഭയുടെ എതിർപ്പുകൾ അവഗണിച്ച് ഇരയ്‌ക്കൊപ്പം നിന്ന് നീതി കിട്ടാൻ വേണ്ടി പോരാടിയ ഇവർ നടന്ന് കയറിയത് ജന മനസ്സുകളിലേക്ക് കൂടിയാണ്. ഇവരാരിയുന്നു കന്യാസ്ത്രീ സമരത്തിന്റെ ഊർജ്ജവും വെളിച്ചവുമായി പ്രവർത്തിച്ചത്. ഇന്ന് മാതൃഭൂമി ദിനപ്പത്രത്തിൽ ഇവരെ കുറിച്ച് വാർത്ത വന്നപ്പോൾ ആവേശത്തോടെയാണ് ജനം ഈ വാർത്ത സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുന്നത്. സഭയുടെ വിലക്കുകൾ ഭേദിച്ച് നീതിക്കു വേണ്ടി മഠം വിട്ടിറങ്ങിയ ഈ കന്യാസ്ത്രീകളുടെ വാർത്ത പ്രമുഖരടക്കം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തു.

സിസ്റ്റർ അനുപമ
കന്യാസ്ത്രീ സമരത്തിൽ അടിമുടി നിറഞ്ഞ് നിന്നത് സിസ്റ്റർ അനുപമയായിരുന്നു. പരാതിക്കാരിയായ കന്യാസ്ത്രീയുടെ ഏറ്റവുമടുത്ത സഹപ്രവർത്തകയായ സിസ്റ്റർ അനുപമയുടെ സഭയെ പേടിക്കാത്ത നിലപാടാണ് ഈ കേസിന് വഴിത്തിരവായത്. ഇരുവരും വർഷങ്ങളായി സുഹൃത്തുക്കൾ. തുടക്കം മുതൽ ഇരയ്‌ക്കൊപ്പം നിൽക്കുകയും സമര രംഗത്ത് സജീവമാകുകകയും ചെയ്ത സിസ്റ്റർ അനുപമയുടെ പേരും ഇനി ചരിത്രത്താളുകളിൽ ഇടംപിടിക്കും. ഇരയായ കന്യാസ്ത്രീയുടെ വക്താവായി നിന്ന സിസ്റ്റർ അനുപമ നീതി ലഭിക്കാതെ പിന്നോട്ടില്ലെന്ന നിലപാട് എടുത്തതോടെയാണ് പിന്തുണയുമായി കേരളത്തിലങ്ങോളം ഇങ്ങോളം ഉള്ള ജനങ്ങൾ പിന്തുണയുമായി സമര പന്തലിലേക്ക് ഒഴുകിഎത്തിയത്.

സിസ്റ്റർ ജോസഫിൻ
സിസ്റ്റർ ജോസഫിൻ ബീഹാറിൽ നിന്നാണ് ഇരയായ കന്യാസ്ത്രീക്ക് പിന്തുണയുമായി കേരളത്തിലെത്തിയത്. ബിഹാറിൽ അദ്ധ്യാപികയായിരുന്ന സിസ്റ്റർ ജോസഫിൻ കഴിഞ്ഞ ഏപ്രിലിലാണ് തിരികെവന്നത്. കന്യാസ്ത്രീയുടെ പരാതി സംബന്ധിച്ച കാര്യങ്ങൾ പുരോഗമിക്കുന്നതിനിടെ ഇരയോടൊപ്പം എന്ന് ഉറപ്പിച്ച് പിന്തുണയുമായി എത്തുകയായിരുന്നു ജോസഫിൻ സിസ്റ്റർ. മറ്റൊരു അഭയ കേസ് ആവുമോ ഇതെന്ന ഭയമുണ്ട്. ബിഷപ്? ഇനി ആ സ്ഥാനങ്ങളിൽ തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നില്ല. നിയമപരമായ ശിക്ഷ കിട്ടുന്നതുവരെ പോരാട്ടം തുടരുമെന്നും സിസ്റ്റർ പറഞ്ഞു.

സിസ്റ്റർ ആൽഫി
ബിഹാർ സെയ്ന്റ് ജോസഫ്സ് സ്‌കൂളിൽ അദ്ധ്യാപികയായിരുന്ന സിസ്റ്റർ ആൽഫി കേരളത്തിലെത്തിയത് തന്നെ ഇരയായ കന്യാസ്ത്രീയ്‌ക്കൊപ്പം നിൽക്കുന്നതിന് വേണ്ടിയാണ്. ബിഷപ്പിനെതിരായുള്ള സിസ്റ്ററുടെ പരാതി സംബന്ധിച്ച തുടർ നടപടികൾക്ക് ഊർജം പകരാനായി രണ്ടുമാസം മുാമ്പാണ് സിസ്റ്റർ ആൽഫി കേരളത്തിലെത്തിയത്.

സിസ്റ്റർ നീന റോസ്
ഫ്രാങ്കോ മുളയ്ക്കലിനെതിരായ പരാതി പുറത്തുവരുംമുമ്പേ കന്യാസ്ത്രീക്കൊപ്പം നിന്ന് പോരാട്ടം തുടങ്ങിയതാണ് സിസ്റ്റർ നീന റോസ്. സഭയിൽ നിന്നും തങ്ങൾക്ക് നേരിടേണ്ടി വരുന്ന ദുരിതങ്ങൾക്കെതിരെയുള്ള പോരാട്ടത്തിൽ വിജയം കണ്ടേ മടങ്ങൂ എന്ന് നിശ്ചയിച്ചുറപ്പിച്ചായിരുന്നു സിസ്റ്റർ നീനയും ബിഷപ്പിനെതിരെ പരാതി നൽകുന്നതിൽ ഇരയായ കന്യാസ്ത്രീക്കൊപ്പം നിന്നത്. പഞ്ചാബിലും ബിഹാറിലും സേവനം അനുഷ്ഠിച്ചിട്ടുള്ള സിസ്റ്റർ നീന പരാതിക്കാരിയായ സിസ്റ്ററിനൊപ്പം കുറവിലങ്ങാട് മഠത്തിൽ 2015 മുതലുണ്ട്.

സിസ്റ്റർ ആൻസിറ്റ
സിസ്റ്റർ അനുപമയോടും പരാതിക്കാരിയായ സിസ്റ്ററോടുമൊപ്പം കുറവിലങ്ങാട് മഠത്തിൽ മൂന്നുവർഷമായി പ്രവർത്തിക്കുന്നതാണ് സിസ്റ്റർ അൻസിറ്റ. ഇരയായ കന്യാസ്ത്രീയുടെ മാനസിക പീഡനങ്ങളും വിഷമങ്ങളും നിസ്സഹായതയും എല്ലാം അടുത്തു നിന്നു കണ്ട വ്യക്തി. അതുകൊണ്ട് തന്നെ ആൻസിറ്റ സിസ്റ്ററിനും വാശിയായിരുന്നു ഇരയായ കന്യാസ്ത്രീക്ക് നിതി ലഭിക്കണമെന്ന്. അതിനാൽ തന്നെ എല്ലാ കാര്യത്തിലും ഇരയ്‌ക്കൊപ്പം നിലയുറപ്പിച്ചു.

ഞാൻ കണ്ടതിൽ ഏറ്റവും ധീരയായ വനിത. കുറ്റകൃത്യം നടന്ന് കഴിഞ്ഞ് രണ്ട് വർഷങ്ങൾക്ക് ശേഷം 2016 ലാണ് സിസ്റ്റർ കുറവിലങ്ങാട് മഠത്തിലേക്ക് വരുന്നത്. പീഡന വിവരമറിഞ്ഞ അന്ന് മുതൽ ഇരയെ ശക്തിപ്പെടുത്തി ഇരയ്‌ക്കൊപ്പം കട്ടക്ക് കൂടെ നിന്നു. ആദ്യം സഭാ അധികാരികൾക്ക് പരാതി കൊടുത്തു. നീതിയില്ലെന്നറിഞ്ഞപ്പോൾ പൊലീസിൽ പരാതിപ്പെട്ടു, അവിടെയും നീതിയില്ലെന്നറിഞ്ഞപ്പോൾ തെരുവിലേക്കിറങ്ങി, സഭ പുറത്താക്കി തിരിച്ചു ചെന്നാൽ നാട്ടിലോ വീട്ടിലോ ഇടം കിട്ടില്ലാന്നറിഞ്ഞിട്ടും, മരിച്ചു ചെന്നാൽ സെമിത്തേരിയിൽ പോലും ഇടം കിട്ടില്ലാന്നറിഞ്ഞിട്ടും ഇരയാക്കപ്പെട്ട കൂട്ടത്തിലൊരുവൾക്ക് വേണ്ടി ഒപ്പം നിന്ന് പോരാടിയവർ. പ്രലോഭനങ്ങൾക്കും ഭീഷണികൾക്കും അതിക്ഷേപങ്ങൾക്കും കൂട്ടത്തിലൊന്നിനെ പോലും വിലക്കെടുക്കാനായി വിട്ടു കൊടുക്കാതെ ഒപ്പം ചേർത്തു നിർത്തിയവർ.
സ്ത്രീ ശാക്തീകരണത്തെ കുറിച്ചുള്ള ക്ലാസ്സാണ് കഴിഞ്ഞ രണ്ടാഴ്ചയായി ഇവർ മലയാളിക്ക് എടുത്ത് തന്നത്. ക്രിസ്തു മതത്തിന്റെ അഭിമാനമാണിവർ. നീതിയില്ലെങ്കിൽ നീ തീയാവണം എന്ന ആപ്തവാക്യത്തെ ശിരസ്സാ വഹിച്ചവർ ഇങ്ങനെയാണ് ഇവരെ കുറിച്ച് എഴുത്തുകാരി ശാരദക്കുട്ടി ഫേസ്‌ബുക്കിൽ കുറിച്ചത്.

'സിസ്റ്റർ അനുപന, സിസ്റ്റർ ജോസഫിൻ, സിസ്റ്റർ ആൽഫി, സിസ്റ്റർ നീന റോസ്, സിസ്റ്റർ ആൻസിറ്റ.. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ നിങ്ങൾ സ്വീകരിച്ച ക്രൂശിന്റെ വഴി നീതിക്ക് വേണ്ടി ദാഹിച്ചു ജീവിക്കുന്നവർ ഈ ഭൂമിയിൽ ഉള്ളിടത്തോളം കാലം സ്മരിക്കപ്പെടും. വിശ്വാസത്തിന്റെ മുതലെടുപ്പുകാർക്ക് ഊതിക്കെടുത്താൻ കഴിയാവുന്നതല്ല നിങ്ങൾ തെളിച്ച തിരിനാളം. അനേകം സഹോദരിമാരുടെ കണ്ണീരിൽ കുതിർന്ന നിശബ്ദമായ പ്രാർത്ഥനകൾ നിങ്ങൾക്കൊപ്പമുണ്ടാവും. ധീരതയോടെയും പുഞ്ചിരിക്കുന്ന മുഖത്തോടെയും ഭാവി ദിനങ്ങളെ നേരിടാൻ നിങ്ങൾക്ക് ആ പ്രാർത്ഥനകൾ ബലം നൽകും. നിങ്ങൾക്ക് വിനീതമായ കൂപ്പുകൈ..'ബെന്യാമിൻ തന്റെ ഫേസ്‌ബുക്കിൽ കുറിച്ച്. അനേകം ഷെയറുകളും ലൈക്കുകളുമായി സോഷ്യൽ മീഡിയ കയ്യടക്കിയിരിക്കുകയാണ് ഈ സിസ്റ്റർമാർ

എന്റെ സഹോദരിക്ക് നീതി ലഭിച്ചതിൽ സന്തോഷമുണ്ട്. കേരള ജനതയും മാധ്യമങ്ങളും ഒരുപോലെ ഏറ്റെടുത്തതോടെയാണ് സമരം വിജയിച്ചത്. ഒരു സ്ത്രീക്കും ഇത്തരമൊരു അവസ്ഥയുണ്ടാകരുത്. ഇത്തരം അതിക്രമങ്ങൾ ഇനി ആവർത്തിക്കില്ലെന്ന പ്രതീക്ഷയില്ല. എന്നാൽ, അതിക്രമങ്ങൾക്കെതിരെ പ്രതികരിക്കാൻ സ്ത്രീകൾ ഇനി തയാറാകും. ജീവന്മരണ പോരാട്ടത്തിനുതന്നെയാണ് ഞങ്ങൾ ഇറങ്ങിയത്. നീതിക്കുവേണ്ടി മരിക്കാൻ പോലും തയാറാണ്. അവസാനംവരെ പോരാട്ടം തുടരും. വരുന്ന തലമുറക്കെങ്കിലും തുറന്ന?ുപറച്ചിലിനുള്ള ധൈര്യം ഇനിയെങ്കിലും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. സഹോദരി പരാതി നൽകാൻ തയാറായത് കൂടുതൽ പേർക്ക് മുന്നോട്ടുവരാൻ ഊർജമായിട്ടുണ്ട്. അറസ്റ്റ് കൊണ്ട് നീതികിട്ടുമെന്ന് ഉറപ്പില്ല. ഫ്രാങ്കോക്ക് ശിക്ഷ ലഭിക്കണം.

എന്തിനീ നാണംകെട്ട പണിക്കിറങ്ങി, മകളെയും വിളിച്ച് വീട്ടിലേക്ക് പൊയ്ക്കൂടെ എന്നായിരുന്നു സമരത്തിറങ്ങുമ്പോൾ നാട്ടുകാർ ചോദിച്ചത്. അങ്ങനെ തിരിച്ചുപോകാൻ വന്നവരല്ല ഞങ്ങൾ. താൽക്കാലികമായെങ്കിലും ചുമതലയൊഴിഞ്ഞത് അശ്വാസംപകരുന്നു. അതുകൊണ്ട് പ്രതികാര നടപടി ഉണ്ടാകില്ലെന്നാണ് കരുതുന്നത്. സഭയിൽ ഇത്തരം പീഡനങ്ങളുണ്ടായാൽ അത് പുറത്തുവരണം. സഭ മേലധ്യക്ഷന്മാരെ അറിയിച്ചിട്ടും നടപടി ഉണ്ടായില്ലെങ്കിൽ പൊലീസിനെ അറിയിക്കണം. ഇനി ഇങ്ങനെയുള്ള കശ്മലന്മാർ സഭയിൽ ഉണ്ടാകരുത്. ഒരാൾക്കെതിരെ നടപടി ഉണ്ടായാലേ മറ്റുള്ളവർക്കും താക്കീതാകൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP