Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സഹോദരന്റെ മരണത്തിന് പിന്നിലെ സത്യമെന്തെന്നറിയാനുള്ള ഒറ്റയാൾ പോരാട്ടം പിന്നിട്ടത് 1000 ദിനരാത്രങ്ങൾ; ആയിരം ദിവസങ്ങൾ പിന്നിടുമ്പോൾ ശ്രീജിത്തിന്റെ നിരാഹാര സമരം ശവപ്പെട്ടിയിലേക്ക് മാറ്റി; 'ഉറങ്ങുന്നതിനിടെ എന്ത് വേണമെങ്കിലും സംഭവിക്കാം അതിനാലാണ് ശവപ്പെട്ടി തയാറാക്കിയത് ആർക്കും ബുദ്ധിമുട്ടാകില്ല' ; ഓഗസ്റ്റ് 28ന് സിബിഐ ഓഫീസിൽ നിന്ന് കത്ത് വന്നിരുന്നുവെന്നും അന്വേഷണം നടക്കുന്നുവെന്നും ശ്രീജിത്ത്

സഹോദരന്റെ മരണത്തിന് പിന്നിലെ സത്യമെന്തെന്നറിയാനുള്ള ഒറ്റയാൾ പോരാട്ടം പിന്നിട്ടത് 1000 ദിനരാത്രങ്ങൾ; ആയിരം ദിവസങ്ങൾ പിന്നിടുമ്പോൾ ശ്രീജിത്തിന്റെ നിരാഹാര സമരം ശവപ്പെട്ടിയിലേക്ക് മാറ്റി; 'ഉറങ്ങുന്നതിനിടെ എന്ത് വേണമെങ്കിലും സംഭവിക്കാം അതിനാലാണ് ശവപ്പെട്ടി തയാറാക്കിയത് ആർക്കും ബുദ്ധിമുട്ടാകില്ല' ; ഓഗസ്റ്റ് 28ന് സിബിഐ ഓഫീസിൽ നിന്ന് കത്ത് വന്നിരുന്നുവെന്നും അന്വേഷണം നടക്കുന്നുവെന്നും ശ്രീജിത്ത്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സഹോദരന്റെ മരണത്തിൽ നീതി കിട്ടണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുൻപിൽ ശ്രീജിത്ത് നടത്തുന്ന നിരാഹാര സമരം 1000 ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. എന്നാൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി പുതിയ സമരമുറയിലാണ് ശ്രീജിത്ത്. സ്വന്തമായി നിർമ്മിച്ച ശവപ്പെട്ടിയിൽ കിടന്നാണ് ശ്രീജിത്തിന്റെ നിരാഹാര സമരം.'ഉറങ്ങുന്നതിനിടെ എന്തെങ്കിലും സംഭവിക്കാം. അതിനാലാണ് ശവപ്പെട്ടി പോലെ തയാറാക്കി അതിൽ കിടക്കുന്നത്. ഇതാകുമ്പോൾ ആർക്കും ഒരു ബുദ്ധിമുട്ടാകുകയില്ല' ശ്രീജിത്ത് പറയുന്നു.

പാറശാല പൊലീസ് കസ്റ്റഡിയിലിരിക്കുമ്പോളാണ് ശ്രീജിത്തിന്റെ സഹോദരൻ ശ്രീജീവ് കൊല്ലപ്പെട്ടത്. തുടർന്ന് 2015 മെയ് 22-നാണ് സഹോദരനു നീതി ലഭിക്കാനായി ശ്രീജിത്ത് സെക്രട്ടറിയേറ്റിന് മുന്നിൽ ഒറ്റയാൾ പോരാട്ടം ആരംഭിച്ചത്. ശ്രീജീവിന്റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കണമെന്ന ആവശ്യവുമായാണ് ശ്രീജിത്ത് സമരം നടത്തിയത്. സമരം 760ാം ദിവസം പിന്നിട്ടപ്പോൾ സമരത്തിന് ജനകീയ പിന്തുണ ലഭിച്ചു.

തുടർന്ന് ശ്രീജിത്തിന്റെ ആവശ്യം പരിഗണിച്ച് സിബിഐ അന്വേഷണ വിജ്ഞാപനമിറക്കുകയും ഉത്തരവ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി ജയരാജൻ ശ്രീജിത്തിന് കൈമാറുകയും ചെയ്തു.എന്നാൽ സിബിഐ മൊഴി എടുക്കും വരെ സമരം തുടരാനാണ് ശ്രീജിത്ത് തീരുമാനിച്ചത്. സിബിഐ അന്വേഷണ നടപടികൾ ആരംഭിച്ചതോടെ സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചു.

എന്നാൽ സിബിഐ കേസ് ഏറ്റെടുത്തുവെന്നതിന് യാതൊരു രേഖകളുമില്ലയെന്നു മനസിലാക്കിയ ശ്രീജിത്ത് വീണ്ടും തന്റെ സമരം പുനരാരംഭിച്ചു. എന്നാൽ കഴിഞ്ഞ മാസം 28ാം തീയതി സിബിഐയുടെ ഓഫീസിൽ നിന്ന് ഒരു കത്ത് വന്നിരുന്നുവെന്നും അന്വേഷണം നടക്കുന്നുവെന്നും ശ്രീജിത്ത് ഇപ്പോൾ പറയുന്നു. പക്ഷെ കുറ്റാരോപിതരായ ഉദ്യോഗസ്ഥൻ സർവ്വീസിൽ തുടരുന്നതിനാൽ അന്വേഷണം വഴി തിരിച്ചു വിടാൻ സാധ്യതയുള്ളതിനാൽ അദ്ദേഹത്തെ സർവ്വീസിൽ നിന്ന് ഒഴിവാക്കി അന്വേഷണം തുടരണമെന്നാണ് ശ്രീജിത്തിന്റെ ആവശ്യം. എന്നാൽ ഉദ്യോഗസ്ഥനെ സർവ്വീസിൽ നിന്നും മാറ്റുന്ന കാര്യത്തിൽ സർക്കാരിന്റെ ഭാഗത്തു നിന്നും നീക്കങ്ങൾ ഉണ്ടായിട്ടില്ല.

ശ്രീജിത്തിന്റെ സമരത്തിന്റെ നാൾവഴികളിലൂടെ

സഹോദരൻ ശ്രീജീവ് പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടതിനെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് 2015 മെയ് 22ന് ശ്രീജിത്ത് ആദ്യമായി സെക്രട്ടേറിയറ്റിന് മുന്നിൽ സമരവുമായി എത്തുന്നത്. പാറശാല പൊലീസിന്റെ കസ്റ്റഡിയിൽ കഴിയുമ്പോൾ മരിച്ച തന്റെ സഹോദരന്റെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് ആരോപിച്ച് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും ശ്രീജിത്ത് പരാതി നൽകിയിരുന്നു. പൊലീസ് പറയുന്നത് പോലെ ശ്രീജീവിന്റേത് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നുമായിരുന്നു ശ്രീജിത്തിന്റെ ആരോപണം.

എന്നിട്ടും അന്വേഷണത്തിൽ പുരോഗതിയൊന്നുമുണ്ടാകാതെ വന്ന സാഹചര്യത്തിലാണ് ശ്രീജിത്ത് സമരം ആരംഭിച്ചത്. ആദ്യം രണ്ട് മൂന്ന് തവണ സെക്രട്ടേറിയറ്റിന് മുന്നിൽ വന്ന് പോയി സമരം ചെയ്ത ശ്രീജിത്ത് സാധാരണക്കാർക്ക് ഇവിടെ നീതി ലഭിക്കില്ലെന്ന് വ്യക്തമായതോടെയാണ് ഇപ്പോൾ 763 ദിവസം പിന്നിട്ട ദീർഘമായ സമരത്തിന് ഇറങ്ങിയത്. കൃത്യമായി പറഞ്ഞാൽ 2015 ഡിസംബർ 11 മുതൽ ഈ ചെറുപ്പക്കാരൻ കേരളത്തിന്റെ ഭരണസിരാകേന്ദ്രത്തിന് മുന്നിലുണ്ട്. വിവിധ സർക്കാർ ആവശ്യങ്ങൾക്കായി സെക്രട്ടേറിയറ്റിൽ വന്നുപോകുന്ന കേരളത്തിലെമ്പാടുമുള്ള ഒട്ടനവധി പേർ ഈ ചെറുപ്പക്കാരനെ കടന്നു പോയിരിക്കുന്നു.

രണ്ട് വർഷവും ഒരു മാസവും പിന്നിട്ടപ്പോഴാണ് കേരളത്തിന്റെ മനസാക്ഷി ഈ ചെറുപ്പക്കാരനെ ശ്രദ്ധിക്കാൻ തുടങ്ങിയിരിക്കുന്നത് എന്നത് നമ്മുടെയെല്ലാവരുടെയും കുറ്റം തന്നെയാണെന്ന് ആരും മറക്കരുത്.ശ്രീജിത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയ പൊലീസ് കംപ്ലെയിന്റ് അഥോറിറ്റി ശ്രീജീവിന്റേത് ആത്മഹത്യയല്ലെന്ന് കണ്ടെത്തിയിരുന്നു. ഇയാൾ മരിച്ചത് ക്രൂരമായ പൊലീസ് മർദ്ദനം മൂലമാണെന്നും പൊലീസുകാർ ബലപ്രയോഗത്തിലൂടെ വിഷം കഴിപ്പിച്ചതാണെന്നും ഈ റിപ്പോർട്ടിൽ പറയുന്നു. പൊലീസ് ആത്മഹത്യയാക്കി എഴുതി തള്ളാൻ ശ്രമിച്ച ഒരു കേസാണ് ഇതെന്ന് ഓർക്കണം. പാറശാല പൊലീസ് 2014 മാർച്ച് 19ന് അറസ്റ്റ് ചെയ്ത ശ്രീജീവിനെ പിറ്റേദിവസം ശ്രീജിത്ത് കാണുന്നത് മെഡിക്കൽ കോളേജിലെ 21-ാം വാർഡിൽ അമ്പതാം നമ്പർ ബെഡിൽ കെട്ടിയിട്ട് മുഖത്ത് ഓക്സിജൻ മാസ്‌ക് ഘടിപ്പിച്ച രീതിയിലായിരുന്നു.

സ്റ്റേഷനിൽ വച്ച് അക്രമാസക്തനായെന്നും വിഷം കഴിച്ചെന്നുമാണ് പൊലീസുകാർ നൽകിയ വിശദീകരണം. അടിവസ്ത്രത്തിൽ ഫ്യൂരിഡാൻ എന്ന വിഷം ഒളിപ്പിച്ച് സെല്ലിനുള്ളിൽ വച്ച് വായിലേക്ക് ഒഴിച്ചുവെന്നാണ് പൊലീസ് മെനഞ്ഞ കെട്ടുകഥ. പോസ്റ്റുമോർട്ടം റിപ്പോർട്ടിലും വിഷം ഉള്ളിൽ ചെന്നതായി വ്യക്തമാക്കുന്നുണ്ട്. എന്നാൽ ജസ്റ്റിസ് നാരായണക്കുറുപ്പിന്റെ നേതൃത്വത്തിൽ നടന്ന പൊലീസ് കംപ്ലെയിന്റ് അഥോറിറ്റിയുടെ അന്വേഷണത്തിന്റെ റിപ്പോർട്ടിൽ പാറശാല പൊലീസ് സ്റ്റേഷനിലെ സിഐ ഗോപകുമാർ ശ്രീജീവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയപ്പോൾ എഴുതിവച്ചിരിക്കുന്ന സ്റ്റേറ്റ്മെന്റ് വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്.

'ടിയാന്റെ അടിവസ്ത്രം ഊരി പരിശോധിച്ച ശേഷമാണ് ടിയാന് ധരിക്കാൻ കൊടുത്തത്' എന്നാണ് അതിൽ പറയുന്നത്.ശ്രീജീവ് അറസ്റ്റിലായ മാർച്ച് 19ന് രാത്രി സ്റ്റേഷൻ ഡ്യൂട്ടിയുണ്ടായിരുന്നു മോഹനൻ എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ മൊഴിയും ഈ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 'ഞങ്ങളുടെ മുന്നിൽ വച്ച് അവൻ ധരിച്ചിരുന്ന വസ്ത്രങ്ങൾ എല്ലാം ഊരി മാറ്റിയ ശേഷം ജട്ടി മാത്രം താഴോട്ട് ആക്കി ഇരിക്കാൻ പറഞ്ഞ ശേഷം വീണ്ടും ജട്ടി നേരെ ഇട്ട ശേഷമാണ് സ്റ്റേഷനിൽ ഏൽപ്പിച്ചത്' എന്നതാണ് ആ മൊഴി.

70 കിലോഗ്രാം തൂക്കമുള്ള(ശ്രീജീവിന്റെ തൂക്കം 69 ആണ്) ഒരാൾക്ക് മരിക്കണമെങ്കിൽ 63 ഗ്രാം ഫ്യൂരിഡാൻ കഴിക്കണമെന്നാണ് തിരുവനന്തപുരം കാർഷിക സർവകലാശാലയിലെ പെസ്റ്റിസൈഡ് റിസെഡ്യൂ റിസർച്ച് ആൻഡ് അനാലിസിസ് വിഭാഗം പ്രൊഫസറായ ഡോ. തോമസ് ബിജു മാത്യു പൊലീസ് കംപ്ലയിന്റ് അഥോറിറ്റിക്ക് നൽകിയ മൊഴി. ഇതിൽ മൂന്ന് ശതമാനം മാത്രമായിരിക്കും വിഷമുണ്ടാകുക. ബാക്കിയുള്ള 97 ശതമാനവും മണൽ അടങ്ങിയ മറ്റ് വസ്തുക്കളായിരിക്കും. ഏതെങ്കിലും ആഹാര പദാർത്ഥങ്ങൾക്കൊപ്പമല്ലാതെ ഒരാൾക്ക് ഇത് കഴിക്കാനാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഇതിൽ നിന്നു തന്നെ ശ്രീജീവ് ലോക്കപ്പിൽ വച്ച് സ്വയം വിഷം കഴിച്ചുവെന്ന പൊലീസ് വാദം പൊള്ളയാണെന്ന് വ്യക്തമാകും.പാറശാല സ്റ്റേഷനിൽ എഎസ്ഐ ആയിരുന്ന ഫിലിപ്പോസിന്റെ ബന്ധുവായ ഒരു പെൺകുട്ടിയുമായി ശ്രീജീവ് പ്രണയത്തിലായിരുന്നതാണ് ഈ ക്രൂരമായ കൊലപാതകത്തിലെ പൊലീസിനെ നയിച്ചതെന്ന ശ്രീജിത്തിന്റെ ആരോപണം ജസ്റ്റിസ് നാരായണ കുറുപ്പിന്റെ റിപ്പോർട്ട് ശരിവച്ചിട്ടുണ്ട്. ശ്രീജീവിനെ മർദ്ദിച്ചത് അന്നത്തെ പാറശാല സിഐ ഗോപകുമാറും എഎസ്ഐ ഫിലിപ്പോസും ചേർന്നാണെന്നും ഇതിന് സിവിൽ പൊലീസ് ഓഫീസർമാരായ പ്രതാപചന്ദ്രൻ, വിജയദാസ് എന്നിവർ സഹായിച്ചുവെന്നും ഈ റിപ്പോർട്ട് വ്യക്തമാക്കുന്നു. കൂടാതെ മരണവുമായി ബന്ധപ്പെട്ട് മഹ്സർ തയ്യാറാക്കിയ എസ്ഐ ഡി ബിജുകുമാർ വ്യാജരേഖ ചമച്ചുവെന്നും അന്വേഷണത്തിൽ കണ്ടെത്തിയതായും റിപ്പോർട്ട് പറയുന്നു.

ഈ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്നും സംസ്ഥാന പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തണമെന്നാണ് റിപ്പോർട്ടിലെ പ്രധാന നിർദ്ദേശം. കൂടാതെ ശ്രീജിത്തിനും അമ്മയ്ക്കും 10 ലക്ഷം രൂപ സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും ഈ തുക കുറ്റക്കാരായ ഉദ്യോഗസ്ഥരിൽ നിന്നും ഈടാക്കണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു. ഈ ഉത്തരവിന്റെ കോപ്പി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് ലഭിച്ച് ആറ് ആഴ്ചയ്ക്കുള്ളിൽ നഷ്ടപരിഹാര തുക അനുവദിക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരുന്നു. 2016 മെയ് മാസം 17നാണ് പൊലീസ് കംപ്ലെയ്ന്റ് അഥോറിറ്റി റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചത്.

എന്നാൽ പൊലീസുകാർ കുറ്റക്കാരായ കേസിൽ പൊലീസിൽ നിന്നും നീതി കിട്ടില്ലെന്ന സാധാരണക്കാരന്റെ വിശ്വാസത്തിൽ അതിന് മുമ്പേ തന്നെ ശ്രീജിത്ത് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമരം ആരംഭിച്ചിരുന്നു. സാധാരണക്കാരന്റെ ആ വിശ്വാസം തെറ്റല്ലെന്നാണ് നാളിതുവരെയുള്ള ഈ കേസിന്റെ പുരോഗതി തെളിയിക്കുന്നത്. കഴിഞ്ഞ വർഷം മാർച്ച് എട്ടിന് ശ്രീജിത്തിന്റെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സ്ത്രീകളുടെ ഒരു കൂട്ടായ്മ രംഗത്തെത്തിയിരുന്നു. ചലച്ചിത്രതാരവും സാമൂഹിക പ്രവർത്തകയുമായ ടി പാർവതിയാണ് അതിന് നേതൃത്വം നൽകിയത്. 'ലോക വനിതാ ദിനത്തിൽ ഈ മകനും അവന്റെ അമ്മയ്ക്കുമൊപ്പം' എന്നായിരുന്നു അവരുടെ മുദ്രാവാക്യം.

അന്ന് അവിടെയെത്തിയ പൂഞ്ഞാർ എംഎൽഎ പി.സി ജോർജ്ജ് വിഷയം സഭയിൽ ഉന്നയിക്കാമെന്ന ഉറപ്പ് നൽകിയാണ് മടങ്ങിയത്. മാർച്ച് 14ന് അദ്ദേഹം വിഷയം സഭയിൽ ഉന്നയിക്കുകയും ചെയ്തു. ഇതിന്റെ ഫലമായി ജൂൺ 14ന് സർക്കാർ ശ്രീജീവിന്റെ കൊലപാതകം സിബിഐയ്ക്ക് വിടാനും തീരുമാനിച്ചു. എന്നാൽ സംശയാലുവായ ഏതൊരു സാധാരണക്കാരനെയും പോലെ സെക്രട്ടേറിയറ്റിന് മുന്നിലെ സമരം അവസാനിപ്പിക്കാൻ ശ്രീജിത്ത് തയ്യാറായില്ല. സിബിഐ അന്വേഷണം ആരംഭിക്കട്ടേ, പ്രതികളെല്ലാവരും ശിക്ഷിക്കപ്പെടെട്ടേയെന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP