Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സർക്കാരിനു കീഴിലുള്ള ഭവന വായ്പകൾ ഫെഡറൽ ബാങ്കിലേക്കും പി.എൻ.ബിയിലേക്കും മാറ്റിയതിന് പിന്നിൽ ഗൂഢാലോചനയോ? നീരവ് മോദി വിവാദത്തിൽ കുടുങ്ങിയ ബാങ്കിനെ ഉൾപ്പെടുത്തിയത് ഫെഡറൽ ബാങ്കിനെ സഹായിക്കാനുള്ള കുതന്ത്രമോ? ധനവകുപ്പിന്റെ തീരുമാനം വിവാദത്തിൽ

സർക്കാരിനു കീഴിലുള്ള ഭവന വായ്പകൾ ഫെഡറൽ ബാങ്കിലേക്കും പി.എൻ.ബിയിലേക്കും മാറ്റിയതിന് പിന്നിൽ ഗൂഢാലോചനയോ? നീരവ് മോദി വിവാദത്തിൽ കുടുങ്ങിയ ബാങ്കിനെ ഉൾപ്പെടുത്തിയത് ഫെഡറൽ ബാങ്കിനെ സഹായിക്കാനുള്ള കുതന്ത്രമോ? ധനവകുപ്പിന്റെ തീരുമാനം വിവാദത്തിൽ

തിരുവനന്തപുരം: നിലവിൽ സർക്കാരിനു കീഴിലുള്ള ഭവന വായ്പകൾ ഫെഡറൽ ബാങ്കിലേക്കും പഞ്ചാബ് നാഷനൽ ബാങ്കിലേക്കും മാറ്റിയതിന് പിന്നിൽ ഗൂഢാലോചനയെന്ന ആരോപണം ശക്തമാകുന്നു. വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ പ്രതിക്കൂട്ടിലായ ബാങ്കാണ് പഞ്ചാബ് നാഷണൽ ബാങ്ക്. വായ്പാതട്ടിപ്പിൽ ഉൾപ്പെട്ട പഞ്ചാബ് നാഷണൽ ബാങ്ക് വീണ്ടും പ്രതിസന്ധിയിലാണെന്ന വാർത്തകൾ സജീവമാണ്. ഇതിനിടെയാണ് ഈ ബാങ്കിലേക്ക് സർക്കാർ വായ്പകൾ മാറ്റുന്നത്. ഇതിനൊപ്പം ഫെഡറൽ ബാങ്കിന് മാത്രമായി നടത്തിയ കള്ളക്കളിയാണിതെന്ന ആക്ഷേപവും ഉണ്ട്. കാരണം പഞ്ചാബ് നാഷണൽ ബാങ്കിന് കേരളത്തിൽ സജീവമായ ശാഖകൾ ഇല്ല. സ്വാഭാവികമായി ഫെഡറൽ ബാങ്കിലേക്ക് ആളുകൾ കൂടുതലായെത്തും. ഫെഡറൽ ബാങ്കിനെ വഴിവിട്ട് സഹായിക്കാനാണ് രണ്ട് ബാങ്കുകളിലേക്ക് മാത്രമായി കാര്യങ്ങൾ ഒതുക്കിയതെന്നാണ് ആരോപണം.

ഇടതു സർക്കാരിന്റെ ഏറ്റവും വലിയ പ്രതീക്ഷയാണ് കേരളാ ബാങ്ക്. ഈ ബാങ്കിനായുള്ള നടപടികൾ പണിപ്പുരയിലുമാണ്. ഇതെത്തും മുമ്പ് ഇത്തരമൊരു മാറ്റം സർക്കാർ നടത്തിയതിന് പിന്നിൽ അഴിമതിയുണ്ടെന്നാണ് ആരോപണം. ഇതു സംബന്ധിച്ച് ഫെഡറൽ ബാങ്ക് ഇടപാടുകാർക്ക് അയച്ച എസ് എം എസ് സന്ദേശം ഏറെ ദുരൂഹമാണ്. ധനകാര്യ വകുപ്പിന്റെ ഉത്തരവ് പ്രകാരം കേരളാ സർക്കാർ ജീവനക്കാർക്കായുള്ള ഹൗസിങ്ങ് ബിൽഡിങ്ങ് അഡ്വാൻസ് ഫെഡറൽ ബാങ്കിലേക്ക് മാറ്റിയെന്നാണ്. അതുകൊണ്ട് തന്നെ കേരളത്തിൽ 600 ബ്രാഞ്ചുകൾ ഉള്ള ഞങ്ങളുടെ ടീമിലെ അംഗങ്ങൾ ഉടൻ തന്നെ നിങ്ങളെ നടപടിക്രമങ്ങൾ പൂർത്തിയാക്കാനായി സമീപിക്കുന്നതായിരിക്കും-ഇതാണ് കസ്റ്റമേഴ്സിന് ഫെഡറൽ ബാങ്ക് അയത്ത സന്ദേശം. ഈ സന്ദേശം വായിച്ചാൽ ഫെഡറൽ ബാങ്കിലേക്ക് മാത്രമായി എല്ലാം മാറ്റിയെന്ന തെറ്റിധരിപ്പിക്കുന്ന സൂചനയും ഉണ്ട്. ഈ ബാങ്കിന് മാത്രമായാണ് സർക്കാർ ഉത്തരവുള്ളതെന്ന തരത്തിലാണ് സന്ദേശം.

സർക്കാരോ റിസർവ് ബാങ്കോ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ, ബാങ്കിങ്ങ് ചരിത്രത്തിലാദ്യമായി ഒരു ബാങ്ക് വായ്പാതിരിച്ചടവ് മുടക്കിയെന്ന ദുഷ്പേരിനിരയാകുമെന്ന സ്ഥിതിയിലായിരുന്നു പഞ്ചാബ് നാഷണൽ ബാങ്ക്. യൂണിയൻ ബാങ്കിന് നൽകിയ ലെറ്റർ ഓഫ് അണ്ടർടേക്കിങ്ങുകളാണ് പിഎൻബിയെ കുടുക്കിലാക്കിയത്. നീരവ് മോദി വിവാദവുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ തുടക്കവും പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നാണ്. ഇതെല്ലാം ഏവർക്കും അറിയാവുന്നതുമാണ്. അതുകൊണ്ട് തന്നെ കേരളത്തിലെ ഇടപാടുകാർക്ക് മുമ്പിൽ പഞ്ചാബ് നാഷണൽ ബാങ്കിന്റെ പേരും ഫെഡറൽ ബാങ്കും ഒരുമിച്ചെത്തിയാൽ ആളുകൾ ഫെഡറൽ ബാങ്കിലേക്ക് മാറും. ഈ സാധ്യാത മനസ്സിലാക്കിയാണ് ഈ രണ്ട് ബാങ്കുകളെ മാത്രം പദ്ധതിയിൽ ഉൾപ്പെടുത്തിയതെന്നാണ് ഉയരുന്ന വിവാദം. ഫെഡറൽ ബാങ്കിനെ മാത്രം ഉത്തരവിൽ ഉൾപ്പെടുത്തിയാൽ അതിനെതിരെ ചോദ്യങ്ങൾ ഉയരും. അതിന് വേണ്ടിയാണ് വിവാദങ്ങളിൽ പെട്ട പഞ്ചാബ് ബാങ്കിനെ കൂടി ഉൾപ്പെടുത്തിയതെന്നാണ് വിവാദം.

ഇതിനൊപ്പം ജീവനക്കാർക്കു ബാങ്ക് വഴി സർക്കാർ ലഭ്യമാക്കുന്ന ഭവനവായ്പയുടെ പരിധി അടിസ്ഥാന ശമ്പളത്തിന്റെ 50 മടങ്ങുവരെയാക്കി നിജപ്പെടുത്തി. പരമാവധി 20 ലക്ഷം രൂപ വരെയേ വായ്പ ലഭിക്കൂ. നിലവിൽ സർക്കാരിനു കീഴിലുള്ള ഭവന വായ്പകൾ ഫെഡറൽ ബാങ്കിലേക്കും പഞ്ചാബ് നാഷനൽ ബാങ്കിലേക്കും മാറ്റുമെങ്കിലും പുതിയ വായ്പകൾക്ക് ഏതു പൊതുമേഖലാ ബാങ്കിനെയും സമീപിക്കാമെന്നും സർക്കാർ ഉത്തരവിൽ പറയുന്നു. എന്നാൽ നിലവിലെ വായ്പകളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി ഫെഡറൽ ബാങ്കിന്റെ പ്രതിനിധികൾ സർക്കാർ ഓഫീസുകൾ കയറി ഇറങ്ങുമ്പോൾ സ്വാഭാവികമായി ബഹുഭൂരിപക്ഷം വായ്പകളും അവർക്ക് തന്നെ കിട്ടും. ഇതിനുള്ള സൗകര്യമാണ് ധനവകുപ്പ് ഒരുക്കി കൊടുത്തതെന്നാണ് ആക്ഷേപം,

സർക്കാർ നേരിട്ടു നൽകിയിരുന്ന ഭവന വായ്പ, ബാങ്കു വഴിയാക്കി മാറ്റി നേരത്തേ ഉത്തരവു പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് എടുക്കാവുന്ന വായ്പയ്ക്കു പരിധി നിശ്ചയിച്ചു ധനവകുപ്പിന്റെ പുതിയ ഉത്തരവ്. വായ്പയെടുക്കുന്ന ജീവനക്കാർ സാലറി ഡ്രോയിങ് ആൻഡ് ഡിസ്ബേഴ്സിങ് ഓഫിസർമാരിൽ (ഡിഡിഒ) നിന്നു നിരാക്ഷേപ പത്രം വാങ്ങി വായ്പാ അപേക്ഷയ്ക്കൊപ്പം ബാങ്കിൽ സമർപ്പിക്കണം. ഓരോ സാമ്പത്തിക വർഷത്തിന്റെയും തുടക്കത്തിൽ ആ വർഷം സർക്കാർ എത്ര പലിശ സബ്സിഡി നൽകാനാണ് ഉദ്ദേശിക്കുന്നതെന്നു പ്രഖ്യാപിക്കും. അതനുസരിച്ചാകും വായ്പ ലഭ്യമാക്കുക.

ആദ്യം അപേക്ഷിക്കുന്നവർക്കാണു മുൻഗണന. ശേഷിക്കുന്ന സർവീസ് കാലാവധിയും കണക്കിലെടുക്കും. സർക്കാർ നൽകുന്ന പലിശ സബ്സിഡി അപേക്ഷകന്റെ ശമ്പള അക്കൗണ്ടിലേക്കാണു കൈമാറുക. ഈ തുകയും തിരിച്ചടവിന്റെ ബാക്കി തുകയും അക്കൗണ്ടിൽനിന്നു ബാങ്ക് കുറവു ചെയ്തെടുക്കണം. ഈ സൗകര്യം ഏർപ്പെടുത്തുന്നതിനായി ജീവനക്കാർ തങ്ങളുടെ ശമ്പള അക്കൗണ്ടിന്റെ വിശദാംശങ്ങൾ ഡിഡിഒമാരെ അറിയിക്കണമെന്നും ധനവകുപ്പിന്റെ ഉത്തരവിൽ നിർദ്ദേശിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP