Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വ്യാപാര മേഖലയിൽ സ്വദേശിവത്കരണം ശക്തമാകുന്ന സൗദിയിൽ കാണുന്നത് കടകൾ അടഞ്ഞ് കിടക്കുന്ന കാഴ്‌ച്ച ! ; വിദേശികൾ ജോലി ചെയ്യുന്ന തുണിക്കടകൾ മുതൽ വാഹന ഷോറൂമുകൾ വരെ ഷട്ടറിട്ട നിലയിൽ; കച്ചവടം ആശങ്കയിലായതോടെ കിട്ടുന്ന വിലയ്ക്ക് സ്‌റ്റോക്കുകൾ വിറ്റഴിക്കാൻ വ്യാപാരികളുടെ ശ്രമം; 70 ശതമാനം നിതാഖത്ത് നടപ്പിലാക്കിയതോടെ എന്ത് ചെയ്യുമെന്നറിയാതെ പ്രവാസി സംരംഭകർ

വ്യാപാര മേഖലയിൽ സ്വദേശിവത്കരണം ശക്തമാകുന്ന സൗദിയിൽ കാണുന്നത് കടകൾ അടഞ്ഞ് കിടക്കുന്ന കാഴ്‌ച്ച ! ; വിദേശികൾ ജോലി ചെയ്യുന്ന തുണിക്കടകൾ മുതൽ വാഹന ഷോറൂമുകൾ വരെ ഷട്ടറിട്ട നിലയിൽ; കച്ചവടം ആശങ്കയിലായതോടെ കിട്ടുന്ന വിലയ്ക്ക് സ്‌റ്റോക്കുകൾ വിറ്റഴിക്കാൻ വ്യാപാരികളുടെ ശ്രമം; 70 ശതമാനം നിതാഖത്ത് നടപ്പിലാക്കിയതോടെ എന്ത് ചെയ്യുമെന്നറിയാതെ പ്രവാസി സംരംഭകർ

മറുനാടൻ ഡെസ്‌ക്‌

റിയാദ്: സ്വദേശിവത്കരണ നിയമം വ്യാപാര മേഖലയിലും പ്രാബല്യത്തിലായതോടെ സൗദിയിൽ നിന്നും ആശങ്കയുളവാക്കുന്ന വാർത്തയാണ് പുറത്ത് വരുന്നത്. ചൊവ്വാഴ്‌ച്ചയാണ് നിയമം സൗദിയിൽ പ്രാബല്യത്തിലായത്. ഇവിടെ ടെക്‌സറ്റൈൽസ് മുതൽ വാഹന ഷോറൂമുകളിൽ വരെ ജോലി ചെയ്യുന്നവരിൽ ഭൂരിഭാഗവും വിദേശികളാണ്. റിയാദ്, ജിദ്ദ, ദമാം എന്നീ പ്രധാന നഗരങ്ങളിൽ ഏറെയും വ്യാപാര സ്ഥാപനങ്ങളാണ്. ഈ ഭാഗത്തെല്ലാം ഇവ അടഞ്ഞു കിടക്കുന്ന സ്ഥിതിയാണ് കാണുന്നത്. പന്ത്രണ്ട് വ്യാപാര മേഖലയിലാണ് സൗദിയിൽ സ്വദേശിവത്കരണം നടപ്പിലാക്കിയത്. ഇതിന്റെ ആദ്യഘട്ടമായിരുന്നു ചൊവ്വാഴ്‌ച്ച നടപ്പാക്കിയത്.

പുരുഷന്മാരുടെയും കുട്ടികളുടെയും തുണിത്തരങ്ങൾ, റെഡിമെയ്ഡ് , സ്പോർട്സ് വെയർ, യൂണിഫോമുകൾ, സ്ത്രീകളുടെ വസ്ത്രങ്ങൾ, സൗന്ദര്യ വർധകവസ്തുക്കൾ, പാദരക്ഷകൾ, തുകൽ ഉൽപന്നങ്ങൾ തുടങ്ങിയ ഇനങ്ങൾ വിൽക്കുന്ന കടകളിലും വാഹന ഷോറൂമുകളിലും ഫർണിച്ചർ, ഹോം അപ്ലയൻസസ് കടകളിലും ആണ് ആദ്യഘട്ടത്തിൽ എഴുപത് ശതമാനം സ്വദേശിവത്കരണം നടപ്പിലായത്. ചെറുകിട സ്ഥാപനങ്ങൾ മിക്കവയും പൂർണമായും അടഞ്ഞു കിടന്നു. വിദേശികളുടെ വലിയ വ്യാപാര കേന്ദ്രമായ റിയാദ് ബത്ഹയിലും , ദമ്മാമിലെ സീക്കോയിലും കച്ചവടകേന്ദ്രങ്ങൾ അടഞ്ഞുകിടന്നു.

അതേസമയം, ജിദ്ദയിലെ മലയാളികളുടെ പ്രധാന വ്യാപാരമേഖലയായ ശറഫിയ്യയിൽ പുതിയഘട്ടം സ്വദേശിവത്കരണം നേരിട്ട് ബാധിക്കുന്നവയിൽപെടുന്ന ഏതാനും കടകൾ ഒഴികെ മിക്ക സ്ഥാപനങ്ങളും തുറന്നുപ്രവർത്തിച്ചു. ഒട്ടേറെ സ്ഥാപനങ്ങൾ വൻ ഇളവ്, വിറ്റഴിക്കൽ മേളകൾ ആരംഭിച്ചിട്ടുണ്ട്. പതിവിലും കവിഞ്ഞ ഇളവുകൾ നൽകി സ്‌റ്റോക്കുകൾ പരമാവധി വിറ്റുതീർക്കാനാണ് ശ്രമം. എന്നാൽ നൂറ് കണക്കിന് വിദേശവ്യാപാരികളും തൊഴിലാളികളുമുള്ള പൈതൃക നഗരമായ ജിദ്ദ ബലദിൽ വലിയ ആശങ്കയിലാണ് കച്ചവടക്കാർ. ജുബൈൽ മേഖലയിൽ കർശന പരിശോധനയായിരുന്നു ആദ്യ ദിനം തന്നെ. അബഹയിലെ ഖമീസ് മുശൈത്തിലും മലയാളികളുൾപെടെ വിദേശികൾ നടത്തുന്ന കച്ചവട സ്ഥാപനങ്ങൾ അടഞ്ഞു കിടന്നു. യാമ്പു വ്യവസായ നഗരിയിലും കടകൾ തുറന്നില്ല.

കടകളിൽ പരിശോധനകൾ ശക്തമാക്കും
ജീവനക്കാരിൽ 70 ശതമാനവും സൗദി പൗരന്മാരായിരിക്കണമെന്ന നിബന്ധന പാലിക്കാനാകാതെയും നിരവധി കടകൾ ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്. വരും ദിവസങ്ങളിൽ സൗദിയിലെ റീറ്റെയ്ൽ ഷോപ്പുകളിൽ നൂറ് കണക്കിന് ഇൻസ്പെക്ടർമാർ കട പരിശോധന തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ. പരിശോധനയെയും തുടർന്നുണ്ടാകാനിടയുള്ള പിഴയെയും ഭയന്നാണ് കുറെയധികം കടകൾ തൽക്കാലത്തേക്ക് അടച്ചിട്ടിരിക്കുന്നത്.പുതിയ തൊഴിൽ നിയമം സൗദിയിലുള്ള ലക്ഷക്കണക്കിന് വിദേശികൾക്ക് തൊഴിൽ നഷ്ടമുണ്ടാക്കും. ഷോപ്പിങ് മാളുകളിൽ ജോലി ചെയ്യുന്നവരിൽ ഭൂരിഭാഗവും വിദേശികളായതിനാൽ അവയും തൽക്കാലത്തേക്ക് അടച്ചിട്ടേക്കും.

വിദേശികളെ വൻതോതിൽ ആശ്രയിക്കുന്ന റീറ്റെയ്ൽ മേഖലകളിലായിരിക്കും പ്രതിസന്ധിയുണ്ടാകുക.അതേസമയം തൊഴിൽ വൈദഗ്ധ്യവും വേതനവും കുറഞ്ഞ ജോലികൾ ചെയ്യുന്നതിനായി സൗദി പൗരന്മാർ മുന്നോട്ട് വരുമോയെന്ന ആശങ്കയും വ്യാപാര മേഖലയിൽ ഉയർന്നിട്ടുണ്ട്. സൗദി വ്യാപാര മേഖലയിലെ ഇത്തരമൊരു പരിവർത്തനം സുഗമമല്ലെങ്കിലും ഘട്ടംഘട്ടമായി അതിനെ യാഥാർത്ഥ്യവൽക്കരിക്കുകയാണ് അവിടത്തെ തൊഴിൽ മന്ത്രാലയം.

ഗൾഫ് മേഖലയിലെ സ്വദേശിവൽക്കരണ നടപടികൾ കേരളീയരുടെ കുടിയേറ്റത്തിന് തിരിച്ചടിയാകുമെന്ന് അടുത്തകാലത്ത് സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസ് പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. പ്രവാസികളായ മലയാളികളിൽ 5ൽ 4 പേരും ഗൾഫ് രാജ്യങ്ങളിലാണ് പണിയെടുക്കുന്നത്. അതിനാൽ ഗൾഫ് മേഖലയിലെ സ്വദേശിവൽക്കരണത്താൽ വളരെയേറെ പ്രവാസികൾ മടങ്ങിവരാനിടയുണ്ടെന്ന് മാത്രമല്ല പ്രവാസിപ്പണത്തിന്റെ തോതിൽ അത് വലിയൊരു ഇടിവുണ്ടാക്കുമെന്നും റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു.

2019 ജനുവരിക്കകം 12 മേഖലകളിൽ സ്വദേശിവത്കരണം പൂർണ്ണമാക്കും
ആദ്യഘട്ടത്തിൽ ഓട്ടോമൊബൈൾ ഷോറൂമുകൾ, തുണിക്കടകൾ, ഫർണിച്ചർ കടകൾ, അടുക്കള ഉപകരണങ്ങൾ വിൽക്കുന്ന കടകൾ എന്നിങ്ങനെ നാലുമേഖലകളിലായി 70 ശതമാനം സ്വദേശിവത്കരണമാണ് സൗദി അറേബ്യ ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിൽ നിയമലംഘനം കണ്ടെത്തിയാൽ 20,000 റിയാൽ വരെ പിഴയും മറ്റു നിയമ നടപടികളും നേരിടേണ്ടി വരും.കടയിൽ ഒരു ജീവനക്കാരനാണ് ഉള്ളതെങ്കിൽ അയാൾ സൗദി പൗരനായിരിക്കണമെന്നാണ് പുതിയ നിയമം.

രണ്ട് പേരുണ്ടെങ്കിൽ ഒരാളുടെ പണി സ്വദേശിക്ക് നൽകണം. നാലു പേരുണ്ടെങ്കിൽ രണ്ടു പേർ സ്വദേശികളാകണം. 10 ജീവനക്കാരുണ്ടെങ്കിൽ ഏഴുപേർ സൗദിക്കാരായിരിക്കണം. 30 പേരാണെങ്കിൽ 21 ഉം 100 ആണെങ്കിൽ 70 ഉം സൗദി പൗരന്മാരായിരിക്കണമെന്നുമാണ് നിർദ്ദേശം. 2019 ജനുവരി 19നകം പന്ത്രണ്ട് മേഖലകളിൽ സ്വദേശിവത്കരണം നടപ്പിലാക്കാനാണ് സർക്കാർ തീരുമാനം.

നവംബർ മാസം മുതൽ വാച്ച്, കണ്ണട, ഇലക്ട്രോണിക്‌സ്, ഇലക്ട്രിക് ഉപകരണങ്ങൾ എന്നിവയുടെ വിൽപനയും സേവനവും മെഡിക്കൽ ഉപകരണങ്ങൾ, ബേക്കറികൾ, സ്‌പെയർ പാർട്‌സുകൾ, കെട്ടിട നിർമ്മാണ സാമഗ്രികൾ, കാർപറ്റ് തുടങ്ങിയ കച്ചവടങ്ങളും നിയമത്തിന് കീഴിൽ വരും. സൗദിയിൽ സ്വദേശിവത്കരണം ശക്തമായതോടെ പ്രവാസികളുടെതായ സംരംഭങ്ങൾ ഭൂരിഭാഗവും അടച്ചുപൂട്ടിയ നിലയിലാണ്. കച്ചവടക്കാർക്ക് പുറമേ സ്വദേശിവത്കരണം ശക്തമാകുന്നതോടെ സൗദിയിൽ ജോലി നോക്കി വരുന്ന ഒട്ടനവധി പ്രവാസികൾക്കും തൊഴിൽ നഷ്ടമാകും.

വിദേശികൾ പോയപ്പോൾ സൗദി നേരിടുന്നത് ഉൽപാദനക്ഷമതയിലെ ഇടിവ്
സൗദിയിലെ തൊഴിൽ രഹിതരായ ആളുകളുടെ എണ്ണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് നിതാഖത്ത് നടപ്പിലാക്കിയത്. കഴിഞ്ഞ മൂന്നു വർഷത്തോളമായി സൗദിയിൽ നടപ്പിലാക്കി വരുന്ന സ്വദേശിവത്കരണം അവർക്ക് തന്നെ തിരിച്ചടി ആയെന്ന സൂചനകളാണ് ഇപ്പോൾ ലഭിക്കുന്നത്. വിദേശികൾ അധികമായി ജോലി ചെയ്ത സമയത്താണ് സൗദിയിൽ ഉൽപാദന ക്ഷമത വർധിച്ചിരുന്നത്. എന്നാൽ സ്വദേശികളായ ആളുകളെ അധികമായി ജോലിക്ക് നിയോഗിച്ചപ്പോൾ ഇത് ഇടിഞ്ഞു. സൗദി പൗരന്മാരായ ആളുകൾ കൃത്യമായി ജോലി ചെയ്യുകയോ സമയ നിഷ്ഠ പാലിക്കുകയോ ഇല്ല.

മാസ ശമ്പളത്തിനായുള്ള ഉപാധിയായി മാത്രമാണ് ഇവർ ജോലിയെ കണ്ടിരുന്നത്. അത് തന്നെയാണ് ഒരു കാലത്ത് വിദേശത്ത് നിന്നുമുള്ള പൗരന്മാർക്ക് സൗദി വാതിൽ തുറന്നു കൊടുത്തത്. ഇത് വൻ വിജയം കാണുകയും ചെയ്തിരുന്നു. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്നും ഒട്ടേറെ പേർക്ക് ജോലി ലഭിക്കാനും അതാത് രാജ്യങ്ങൾക്ക് സൗദിയിൽ നിന്നുമുള്ള വരുമാനം വർധിപ്പിക്കാനും കയറ്റുമതി അടക്കമുള്ള കാര്യങ്ങളിൽ സൗദിയുമായി മികച്ച ബന്ധം പുലർത്താനും ഇത് സഹായിച്ചു. എന്നാൽ സൗദി പൗരന്മാർക്കിടയിൽ വർധിച്ചു വന്ന തൊഴിലില്ലായ്മ അവരെ തിരിഞ്ഞു കൊത്തിയതോടെ വിദേശികൾ ഉൾപ്പടെയുള്ളവർക്ക് നേരെ പ്രതിഷേധവും ഉയർന്നിരുന്നു.

സ്വദേശികളായ ആളുകൾക്ക് ജോലി നൽകിയിട്ട് മതി വിദേശികൾ എന്ന മട്ടിലേക്ക് സൗദിയിലെ ആളുകൾ മാറി. ഇതിന് പിന്നാലെ ഭരണകൂടത്തിന് നിതാഖത്തിലേക്ക് കാര്യങ്ങൾ നീക്കേണ്ട അവസ്ഥ വന്നു. എന്നാൽ സൗദിയിൽ ജോലിക്കാരായി എത്തിയ ശേഷം അവിടെ തന്നെ സംരംഭകരായി മാറിയ പ്രവാസികൾക്കും ഇത് ഏറെ തിരിച്ചടിയാണ്. ഇവർ സ്വദേശികൾക്കും വിദേശികൾക്കും ജോലി നൽകിയിരുന്നു. എന്നാൽ നിയമം പ്രാബല്യത്തിൽ വന്നതോടെ എല്ലാം താറുമാറായി. 100 പേർ ജോലിക്കാരെങ്കിൽ 70 പേർ സൗദി സ്വദേശികൾ ആയിരിക്കണമെന്ന നിയംം സൗദിയുടെ ഉൽപാദന ക്ഷമതയെ കുറയ്ക്കുമെന്നതിൽ സംശയമില്ല.

30 ശതമാനം വിദേശ ജോലിക്കാരിൽ നിന്നും ലഭിക്കുന്ന മികവ് തന്നെ അവർക്ക് ആശ്രയിക്കേണ്ടി വരും. മാത്രമല്ല സൗദി സ്വദേശികളായ ആളുകളിൽ മികവ് വർധിപ്പിക്കുന്ന വിധം ബോധവത്കരണമോ പരിശീലനമോ നൽകാൻ പോലും സൗദിക്ക് സാധിച്ചിട്ടില്ല. ഇതൊന്നും ഇല്ലാതെ തന്നെ മണലാരണ്യത്തിൽ പൊന്നു വിളയിച്ച ചരിത്രമാണ് പ്രവാസികൾക്കുള്ളത്. ഇതിനെ തിരുത്തിക്കുറിക്കുന്ന നടപടികളാണ് കഴിഞ്ഞ കുറച്ച് മാസങ്ങളായി സൗദിയിൽ നടക്കുന്നത്. 2019 അവസാനത്തോടു കൂടി സ്വദേശിവത്കരത്തിന്റെ നല്ലൊരു ഭാഗവും പൂർത്തിയാക്കാൻ ഉദ്ദേശിക്കുമ്പോൾ ഈക്കാലയളവിൽ സൗദി നേടിടേണ്ടിവരുന്ന ഉത്പാദന ക്ഷമതയിലെ ഇടിവും വളരെ വലുതാകാനാണ് സാധ്യത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP