Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രക്താർബുദം ബാധിച്ച ഒരു ചെറുപ്പക്കാരനെ ചികിത്സയെന്നും പറഞ്ഞ് പച്ചമുരിങ്ങയ്ക്ക തീറ്റിക്കുക! ജേക്കബ്ബ് വടക്കഞ്ചേരിയെ പരിചയപ്പെട്ട ആദ്യ ദിവസം തന്നെ, അയാൾ നടത്തുന്ന പ്രാകൃത ചികിത്സയെ വെറുത്ത ആളാണ് ഞാൻ; അഭിപ്രായ സ്വാതന്ത്ര്യം, ഫാസിസം എന്നൊക്കെ പറഞ്ഞ് ചില അതീന്ദ്രിയ ബുദ്ധിജീവികൾ വടക്കഞ്ചേരിയുടെ അറസ്റ്റിനെതിരെ പോസ്റ്റുകളിടുന്നത് കണ്ടപ്പോൾ ഈ പഴയ സംഭവം ഓർത്തതാണ്; ജോസഫ് ആന്റണി എഴുതുന്നു

രക്താർബുദം ബാധിച്ച ഒരു ചെറുപ്പക്കാരനെ ചികിത്സയെന്നും പറഞ്ഞ് പച്ചമുരിങ്ങയ്ക്ക തീറ്റിക്കുക! ജേക്കബ്ബ് വടക്കഞ്ചേരിയെ പരിചയപ്പെട്ട ആദ്യ ദിവസം തന്നെ, അയാൾ നടത്തുന്ന പ്രാകൃത ചികിത്സയെ വെറുത്ത ആളാണ് ഞാൻ; അഭിപ്രായ സ്വാതന്ത്ര്യം, ഫാസിസം എന്നൊക്കെ പറഞ്ഞ് ചില അതീന്ദ്രിയ ബുദ്ധിജീവികൾ വടക്കഞ്ചേരിയുടെ അറസ്റ്റിനെതിരെ പോസ്റ്റുകളിടുന്നത് കണ്ടപ്പോൾ ഈ പഴയ സംഭവം ഓർത്തതാണ്; ജോസഫ് ആന്റണി എഴുതുന്നു

ജോസഫ് ആന്റണി

ജേക്കബ്ബ് വടക്കഞ്ചേരിയെ പരിചയപ്പെട്ട ആദ്യ ദിവസം തന്നെ, അയാൾ നടത്തുന്ന പ്രാകൃതചികിത്സയെ വെറുത്ത ആളാണ് ഞാൻ. ഇക്കാര്യം മുമ്പൊരിക്കൽ ഇവിടെ പോസ്റ്റിയിരുന്നു.

1994ൽ എന്നാണ് ഓർമ. 'ഗോശ്രീ പദ്ധതി' വിവാദത്തെപ്പറ്റി തിരുവനന്തപുരം ആകാശവാണിക്ക് റിപ്പോർട്ട് തയ്യാറാക്കാൻ എത്തിയതായിരുന്നു ഞാൻ. ഗോശ്രീ പദ്ധതിയെ എതിർക്കുന്നവരിൽ ഒരാൾ ജേക്കബ്ബ് വടക്കഞ്ചേരി ആയിരുന്നു. വൈപ്പിനിലെത്തി മൂപ്പരെ കണ്ട് ഇന്റർവ്യൂ നടത്തി. ഏതാനും ചിലരെക്കൂടി കാണാനുണ്ട്, സമയം സന്ധ്യയാവുകയും ചെയ്തു.

അന്ന് രാത്രി തന്റെ വീട്ടിൽ തങ്ങി പിറ്റേന്ന് ബാക്കിയുള്ളവരെക്കൂടി കണ്ട് തിരിച്ചുപോകാം എന്ന് ജേക്കബ്ബ് പറഞ്ഞു. അങ്ങനെ അദ്ദേഹത്തിന്റെ വീട്ടിലെത്തി. ഓലമേഞ്ഞ വീട്. വീട്ടിൽ അമ്മയും ജേക്കബ്ബും മാത്രമേ ഉള്ളൂ.

ഇതരസംസ്ഥാനക്കാരനായ ഒരു യുവാവ് അവിടെയുള്ള കാര്യം, വീട്ടിലെത്തി അധികം വൈകാതെ എന്റെ ശ്രദ്ധയിൽ പെട്ടു. വിഷണ്ണനായി, ഞങ്ങൾക്ക് മുന്നിൽപെടാതെ ആ യുവാവ് അവിടെ ചുറ്റിപ്പറ്റി നിൽക്കുന്നു.

'നൊൺവെജിറ്റേറിയൻ ഇവിടെ കഴിക്കാറില്ല, കുഴപ്പമില്ലല്ലോ', അത്താഴം കഴിക്കാനിരിക്കുമ്പോൾ ജേക്കബ്ബ് പറഞ്ഞു. ഞങ്ങൾ മേശയിലിരുന്ന് കഴിക്കുമ്പോൾ, അടുത്തുള്ള അരഭിത്തിയിലിരുന്ന് ആ ഉത്തരേന്ത്യൻ യുവാവ് എന്തോ കടിച്ചുചവയ്ക്കുന്നു. അയാളുടെ കൈയിലെ സ്റ്റീൽ പ്ലേറ്റിൽ എന്താണെന്നറിയാൻ ഞാൻ എണീറ്റ് ഏന്തിവലിഞ്ഞു നോക്കി. പച്ചമുരിങ്ങയ്ക്കാ കഷണങ്ങളാണ് പ്ലേറ്റിൽ. അതാണയാൽ ചവച്ച് കടിച്ചുവലിക്കുന്നത്!

ആ കാഴ്ച എനിക്ക് അസ്വസ്ഥതയുണ്ടാക്കി. 'ഇതെന്താ ഇങ്ങനെ, അയാളെന്തിനാ പച്ചമുരിങ്ങയ്ക്കാ തിന്നുന്നത്'- അമ്പരപ്പോടെ ഞാൻ ജേക്കബ്ബിനോട് ചോദിച്ചു.

'ബറോഡയിൽ നിന്ന് ട്രീറ്റ്‌മെന്റിന് വന്നതാ ഇയാൾ. നർമദ ബച്ചാവോ ആന്ദോളന്റെ പ്രവർത്തകനാണ്. മുരിങ്ങയ്ക്കാ കഴിക്കുന്നത് ചികിത്സയുടെ ഭാഗമാ'-ജേക്കബ്ബ് പറഞ്ഞു.

'ആരാ ചികിത്സിക്കുന്നത്'-ഞാൻ തിരക്കി.

'ഞാൻ തന്നെ' -ജേക്കബ്ബ് കൂസലില്ലാതെ പറഞ്ഞു. 'ഞാൻ പ്രകൃതിചികിത്സകൻ കൂടിയാണ്'.

'അയാളുടെ പ്രശ്‌നമെന്താണ്, രോഗം'-ഞാൻ ചോദിച്ചു.

'ബ്ലഡ് ക്യാൻസർ'-നിർവികാരിതയോടെ അയാൾ പറയുന്നത് കേട്ട് ഞാൻ നടുങ്ങി. കഴിച്ച ചോറ് വെളിയിൽ വരുമെന്ന് എനിക്ക് തോന്നി.

രക്താർബുദം ബാധിച്ച ഒരു ചെറുപ്പക്കാരനെ ചികിത്സയെന്നും പറഞ്ഞ് പച്ചമുരിങ്ങയ്ക്ക തീറ്റിക്കുക! അന്ന് വെറുത്തതാണ് ഞാൻ, ജേക്കബ്ബ് വടക്കഞ്ചേരിയുടെ പ്രാകൃതചികിത്സയെ!

-----

ഇന്നിപ്പോൾ, ഭരണഘടനയുടെ ആർട്ടിക്കിൾ 19 (1എ), അഭിപ്രായസ്വാതന്ത്ര്യം, ഫാസിസം എന്നൊക്കെ പറഞ്ഞ് ചില അതീന്ദ്രിയ ബുദ്ധിജീവികൾ ജേക്കബ്ബ് വടക്കഞ്ചേരിയുടെ അറസ്റ്റിനെതിരെ പോസ്റ്റുകളിടുന്നത് കണ്ടപ്പോൾ ഈ പഴയ സംഭവം ഓർത്തതാണ്.

കേരളം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തം ഏറ്റുവാങ്ങി നിൽക്കുന്ന വേളയാണിത്. ദുരന്തത്തിന്റെ തുടർച്ചയായി എലിപ്പനി പടരുന്നത് ചെറുത്ത് മനുഷ്യരുടെ ജീവൻ രക്ഷിക്കാൻ സർക്കാർ നടത്തുന്ന അടിയന്തര ശ്രമങ്ങളെ തുരങ്കംവെയ്ക്കാൻ ശ്രമിച്ചതിനാണ് വടക്കഞ്ചേരി അറസ്റ്റിലായത്.

അല്ലാതെ പ്രാകൃതചികിത്സയുടെയോ അഭിപ്രായസ്വാതന്ത്ര്യത്തിന്റെയോ പേരിലല്ലെന്ന സത്യം മറച്ചുവച്ചാണ് ഈ മറുതകൾ വടക്കഞ്ചേരിക്ക് ജയ് വിളിക്കുന്നത്! സഹതാപം പോലും അർഹിക്കാത്തവർ!

-ജോസഫ് ആന്റണി
--------
'പോത്ത് റെയിൽ പാളത്തിൽ നിൽക്കുന്നത് അതിനു ബോധമില്ലാത്തതുകൊണ്ടാണ്, എന്നാൽ പോത്ത് പ്രതിഷേധ പ്രകടനവുമായി ട്രെയിൻ തടയാൻ നിൽക്കുന്നെന്നും പറഞ്ഞു ചിലർ പോത്തിനെ വാഴ്‌ത്തുന്നത് പോലെയാണ് വടക്കാഞ്ചേരിയെ ചിലർ സപ്പോർട്ട് ചെയ്യുന്നത്'....Deepu Sadasivan ഇട്ടപോസ്റ്റിൽനിന്ന്.

(എഴുത്തുകാരനും ശാസ്ത്രലേഖകനും മാധ്യമ പ്രവർത്തകനുമായ ജോസഫ് ആന്റണി ഫേസ്‌ബുക്കിൽ കുറിച്ചത്)

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP