Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കരിപ്പൂർ വിമാനത്താവളത്തിലെത്തുന്ന സ്വകാര്യ വാഹനങ്ങൾക്ക് നേരെ ടാക്‌സി ഡ്രൈവർമാരുടെ സംഘടിത ഗുണ്ടായിസം; ആക്രമണത്തിന് ഇരയാകുന്നത് പ്രവാസികളെ വിമാനത്താവളത്തിൽ കൊണ്ടുവിടാൻ എത്തുന്ന വാഹനങ്ങൾ; ഇന്നലെ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ കുടുംബത്തെ ടാക്‌സി ഡ്രൈവർമാർ ആക്രമിച്ചത് മണിക്കൂറുകളോളം പിന്തുടർന്ന ശേഷം

കരിപ്പൂർ വിമാനത്താവളത്തിലെത്തുന്ന സ്വകാര്യ വാഹനങ്ങൾക്ക് നേരെ ടാക്‌സി ഡ്രൈവർമാരുടെ സംഘടിത ഗുണ്ടായിസം; ആക്രമണത്തിന് ഇരയാകുന്നത് പ്രവാസികളെ വിമാനത്താവളത്തിൽ കൊണ്ടുവിടാൻ എത്തുന്ന വാഹനങ്ങൾ; ഇന്നലെ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ കുടുംബത്തെ ടാക്‌സി ഡ്രൈവർമാർ ആക്രമിച്ചത് മണിക്കൂറുകളോളം പിന്തുടർന്ന ശേഷം

എം പി റാഫി

 മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ പ്രൈവറ്റ് വാഹനത്തിലെത്തുന്നവർക്കു നേരെ ടാക്‌സി ഡ്രൈവർമാരുടെ സംഘടിത ഗുണ്ടായിസം. പ്രവാസികളെ വിമാനത്താവളത്തിൽ കൊണ്ടുവിടാൻ എത്തുന്ന വാഹനങ്ങൾക്കാണ് ടാക്‌സി ഡ്രൈവർമാരിൽ നിന്നും ഗുണ്ടായിസം പതിവായിരിക്കുന്നത്. ഇന്നലെ രാത്രിയിൽ കണ്ണൂരിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ കുടുംബത്തെ ടാക്‌സി ഡ്രൈവർമാർ പിന്തുടർന്നത് മണിക്കൂറുകളായിരുന്നു. ശേഷം വാഹനം തടഞ്ഞ് സ്ത്രീകളെയടക്കം വലിച്ചിറക്കി ആക്രമിച്ചു. പ്രൈവറ്റ് ടാക്‌സിയെന്നാരോപിച്ചായിരുന്നു ആക്രമണം.

സംഭവവത്തിൽ ടാക്‌സ് ഡ്രൈവർമാരായ മൂന്ന് ടാക്‌സി ഡ്രൈവർമാരെ ഇന്ന് പുലർച്ചയോടെ കരിപ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു. കോഡൂർ സ്വദേശി അടംമ്പോട്ടിൽ ഹാരിസ് (35), വള്ളിക്കുന്ന് സ്വദേശി മുഹമ്മദ് റാഫി (32), കടലുണ്ടി സ്വദേശി വടക്കകത്ത് നിസാർ (32) എന്നിവരാണ് അറസ്റ്റിലായത്. വീട്ടമ്മയുടെ പരാതിയിലാണ് ഇവർക്കെതിരെ നടപടിയുണ്ടായത്.

കണ്ണൂർ കൊട്ടിയൂർ ചുങ്കക്കുന്നിൽ നിന്നുള്ള കുടുംബം ഇന്നലെ രാത്രി 11 മണിയോടെയാണ് കരിപ്പൂർ വിമാനത്താവളത്തിലെത്തിയത്. ഇവർ മടങ്ങാൻ സമയം ടാക്‌സി ഡ്രൈവർമാർ സംഘടിച്ചെത്തി ഇവരെ തടഞ്ഞു. പ്രൈവറ്റ് വാഹനത്തിൽ വിമാനത്താവളത്തിലേക്ക് വരാൻ പാടില്ലെന്നും യാത്രക്കാരെ ഇറക്കി വിടണമെന്നും ഇവർ പറഞ്ഞു. വാഹനത്തിലുള്ളവർ അറിയിച്ചതിനെ തുടർന്ന് ഉടൻ പൊലീസെത്തി യാത്രക്കാരെ പോകാൻ അനുവദിച്ചു. പൊലിസ് പോയപ്പോൾ വീണ്ടും വാഹനം തടയാൻ ശ്രമിച്ചു.

ഇവിടെ നിന്നും രക്ഷപ്പെട്ട കുടുംബത്തെ പിന്തുടർന്ന സംഘം കൊളത്തൂർ ജംഗ്ഷനിൽ വെച്ച് ബ്ലോക്കിട്ടു. വാഹനം തടഞ്ഞ് സ്ത്രീകളെയടക്കം വലിച്ചിറക്കി. വാഹനം പോവാൻ അനുവദിക്കില്ലെന്നു പറഞ്ഞ സംഘം ഏറെ നേരം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇതിനിടെ പൊലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് സംഭവസ്ഥലത്തെത്തിയ പൊലീസ് മൂന്നു പേരെ കസ്റ്റഡിയിലെടുത്തു. പൊലീസിൽ പരാതി നൽകി രാത്രി ഒരു മണിക്കു ശേഷമാണ് കുടുംബത്തിന് കണ്ണൂരിലേക്ക് മടങ്ങാൻ സാധിച്ചത്. കണ്ണൂർ ഇരിട്ടി ചുങ്കക്കുന്ന് തടത്തിൽ സനോജ് ജോസാണ് പരാതി നൽകിയത്. യാത്ര തടസപ്പെടുത്തി തന്നെ മർദിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് പരാതി.

പരാതിയിൽ ടാക്‌സി ഡ്രൈവർമാർക്കെതിരെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. സ്റ്റേഷനിൽ കൊണ്ടുവന്ന ശേഷം പൊലീസുകാരോട് തട്ടിക്കയറിയതായും ബഹളം വെച്ചതായും പൊലീസ് പറഞ്ഞു. പ്രതികൾക്കെതിരെ ഐ.പി.സി 283, 341, 506 ( 1 ), 354 (ൃ /ം),34 തുടങ്ങിയ വകുപ്പുകൾ ചുമത്തി. സ്വകാര്യ വാഹനങ്ങളിൽ വിമാനത്താവളത്തിൽ എത്തുന്നവർക്കെതിരെ ടാക്‌സി ഡ്രൈവർമാരുടെ സംഘടിത ഗുണ്ടായിസം പതിവാണ് കരിപ്പൂരിൽ. ഇതിനെതിരെ മുമ്പും പരാതികൾ ഉയർന്നിരുന്നു. അറസ്റ്റ് ചെയ്ത പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് ഡിവൈഎസ്‌പി ജലീൽ തോട്ടത്തിൽ മറുനാടൻ മലയാളിയോടു പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP