Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

97 ശതമാനം വെള്ളവും തമിഴ്‌നാട് കൊണ്ടുപോയിട്ടും കേരളം ദുരിതക്കയത്തിൽ; പെരിയാറ്റിലും പമ്പയിലും പെയ്ത മഴ മുല്ലപ്പെരിയാറ്റിൽ പെയ്തിരുന്നെങ്കിൽ സ്ഥിതിഗതികൾ കൈവിട്ടു പോയേനെ; മുല്ലപ്പെരിയാർ 152 അടിയാക്കാൻ തമിഴ്‌നാട് രംഗത്തെത്തിയതോടെ നെഞ്ചുപൊട്ടി നിലവിളിച്ച് പെരിയാർ തീരത്തെയും കട്ടപ്പനയിലും പരിസര പ്രദേശത്തെയും ആളുകൾ

97 ശതമാനം വെള്ളവും തമിഴ്‌നാട് കൊണ്ടുപോയിട്ടും കേരളം ദുരിതക്കയത്തിൽ; പെരിയാറ്റിലും പമ്പയിലും പെയ്ത മഴ മുല്ലപ്പെരിയാറ്റിൽ പെയ്തിരുന്നെങ്കിൽ സ്ഥിതിഗതികൾ കൈവിട്ടു പോയേനെ; മുല്ലപ്പെരിയാർ 152 അടിയാക്കാൻ തമിഴ്‌നാട് രംഗത്തെത്തിയതോടെ നെഞ്ചുപൊട്ടി നിലവിളിച്ച് പെരിയാർ തീരത്തെയും കട്ടപ്പനയിലും പരിസര പ്രദേശത്തെയും ആളുകൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേരളത്തെ പ്രളയത്തിൽ മുക്കിയതിൽ മുഖ്യപങ്ക് തമിഴ്‌നാടിനും ഉണ്ടെന്ന ആരോപണം സംസ്ഥാന സർക്കാർ തന്നെ സുപ്രീംകോടതിയിൽ അറിയിച്ചിരുന്നു. മുല്ലപ്പെരിയാറിൽ അവശ്യ സമയത്ത് ഷട്ടർ തുറക്കാത്ത തമിഴ്‌നാടിന്റെ നിലപാടിനെയാണ് കേരളം വിമർശിച്ചത്. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിൽ എത്തിക്കാൻ വേണ്ടി തമിഴ്‌നാട് കാട്ടിയ സാഹസമാണ് പ്രശ്‌നത്തിന് ഇടയാക്കിയത് എന്നതായിരുന്നു ആരോപണം. അതുകൊണ്ട് തന്നെ ഇടുക്കിയിൽ നിന്നുള്ള വെള്ളത്തിന്റെ അളവ് കൂട്ടേണ്ടി വന്നതും പെരിയാറിൽ വെള്ളപ്പൊക്കത്തിന് ഇടയാക്കി.

കേരള പ്രളയക്കെടുതിയിൽ നിൽക്കേ കൈക്കൊണ്ട നിലപാടിന് പിന്നാലെ ഇപ്പോൾ കിട്ടിയ അവസരം മുതലെടുക്കാനാണ് തമിഴ്‌നാടിന്റെ ശ്രമം. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയായി ഉയർത്താനാണ് തമിഴ്‌നാടിന്റെ നീക്കം. 142 അടിയാക്കി ഉയർത്തിയപ്പോൽ യാതൊരു പ്രശ്‌നവും ഉണ്ടായില്ലെന്നും ഈ വാദം വെച്ച് അതുകൊണ്ടു തന്നെ പുതിയ സാഹചര്യം ഉപയോഗപ്പെടുത്താനുമാണ് തമിഴ്‌നാടിന്റെ ശ്രമം. വലിയ മഴയുടെ സാധ്യതയും നീരൊഴുക്കിന്റെ പ്രത്യേകതയും വെള്ളം സംഭരിക്കാനുള്ള സഥലത്തിന്റെ കുറവുമാണ് കേരത്തെ ആശങ്കയിലാക്കുന്നത്.

ഇക്കഴിഞ്ഞ പ്രളയകാലത്ത് ഇടുക്കിയുടെയും പമ്പയുടെയും വൃഷ്ടിപ്രദേശത്തും മറ്റും പെയ്ത അതിതീവ്രമഴ കുറച്ചുമാറി മുല്ലപ്പെരിയാറിന്റെ വൃഷ്ടപ്രദേശത്തായിരുന്നുവെങ്കിൽ ചിന്തിക്കാൻ പോലുമാകാത്ത തരത്തിലുള്ള അപകടങ്ങളുണ്ടോയേനെ. ഇപ്പോൾ വൃഷ്ടിപ്രദേശത്തു നിന്നൊഴുകിവരുന്ന 97 ശതമാനം വെള്ളവും തമിഴ്‌നാട് കൊണ്ടുപോകുന്നുണ്ട്. ബാക്കിയുള്ള മൂന്നു ശതമാനം വെള്ളത്തിനുവേണ്ടിയാണ് തമിഴ്‌നാട് കേരളത്തെ ആശങ്കയിലാക്കുന്നത്.

കേന്ദ്ര ജലക്കമ്മിഷന്റെ കണ്ടെത്തൽ പ്രകാരം മുല്ലപ്പെരിയാറിലെ പരമാവധി നീരൊഴുക്ക് സെക്കൻഡിൽ 2.12 ലക്ഷം ഘനയടിയാണ്. ഇതാണ് ഈ അണക്കെട്ടിന്റെ പരമാവധി പ്രളയ സാധ്യത. തമിഴ്‌നാട് കേരളത്തിനു നൽകിയ കണക്കുനുസരിച്ച് ഇപ്പോഴത്തെ പ്രളയസമയത്ത്, മുല്ലപ്പെരിയാറിലെ നീരൊഴുക്ക് 36,000 ഘനയടി മാത്രമാണ്. മറ്റിടങ്ങളെ അപേക്ഷിച്ച് മുല്ലപ്പെരിയാറിന്റെ വൃഷ്ടിപ്രദേശങ്ങളിൽ മഴ കുറവായിരുന്നു. അതാണ് നീരൊഴുക്ക് ഇത്രയും കുറഞ്ഞത്. ഇത്രകുറച്ച് വെള്ളം വന്നപ്പോൾപോലും ഇവിടത്തെ ജലനിരപ്പ് 30 മണിക്കൂർ കൊണ്ട് 136 അടിയിൽനിന്ന് 142-ന് അടുത്തെത്തി. 2.12 ലക്ഷം ഘനയടിയാണ് വന്നിരുന്നതെങ്കിലോ? സ്വാഭാവികമായും ആ സമയത്ത് ഇടുക്കിയും നിറഞ്ഞുകിടക്കുകയാണ്

ഇടുക്കിയെക്കാൾ കുത്തനെയുള്ള വൃഷ്ടിപ്രദേശമാണ് മുല്ലപ്പെരിയാറിനുള്ളത്. മുല്ലപ്പെരിയാർ വൃഷ്ടിപ്രദേശത്ത് മഴ പെയ്തുകഴിഞ്ഞാൽ ഇടുക്കിയിലെത്തുന്നതിനെക്കാൾ വേഗത്തിൽ വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തും. അങ്ങനെയുള്ള സാഹചര്യത്തിലാണ് മുല്ലപ്പെരിയാർ തുറക്കുന്നതെങ്കിൽ താഴെ വളരെയധികം നാശനഷ്ടങ്ങളും ജീവാപായവും ഉണ്ടാകും. ഇടുക്കിയുടെ വൃഷ്ടിപ്രദേശത്ത് പെയ്ത കനത്ത മഴ മുല്ലപ്പെരിയാർ പ്രദേശത്തായിരുന്നെങ്കിൽ വലിയ പ്രശ്‌നങ്ങൾക്ക് അത് ഇടയേക്കുമായിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് 152 അടിയാക്കാനുള്ള തമിഴ്‌നാട് നീക്കം കേരളത്തിന് ഭീഷണിയാകുന്നത്.

പ്രളയമുണ്ടായ സമയത്ത് ഇടുക്കിയിലേക്കുള്ള പരമാവധി നീരൊഴുക്ക് 89,417 ഘനയടിയായിരുന്നു. ഇവിടെനിന്ന് പുറത്തേക്കൊഴുക്കിയത് 53,000 ഘനയടിയും. ഇടുക്കിയിൽനിന്ന് പരമാവധി പുറത്തേക്കുവിടാൻ കഴിയുന്നത് 1.765 ലക്ഷം ഘനയടിയാണ്. മുല്ലപ്പെരിയാറിൽ നിന്നു പുറത്തേക്കുവിടാൻ കഴിയുന്നത് 1.22 ലക്ഷം ഘനയടിയും. ഇപ്പോൾ വെറും 32,000 ഘനയടിയാണ് മുല്ലപ്പെരിയാറിൽ നിന്നു പുറത്തേക്കൊഴുക്കിയത്. അപ്പോൾത്തന്നെ വള്ളക്കടവും ചപ്പാത്തുമൊക്കെ സമുദ്രം പോലെയായി. മുല്ലപ്പെരിയാറിൽ നിന്ന് എത്ര വെള്ളം തമിഴ്‌നാടിന് നിയന്ത്രിച്ചുവിടാനുള്ള കഴിവുണ്ടെന്നതാണ് ഇപ്പോൾ ഉയരുന്ന ചോദ്യവും ഉയരുന്നുണ്ട്.

മുമ്പ് 136 അടിയായിരുന്നു മുല്ലപ്പെരിയാറിലെ പൂർണ ജലനിരപ്പ്. പിന്നീടത് 142 അടിയാക്കി. 136 അടിയിൽ ജലനിരപ്പുള്ളപ്പോൾ 1.548 ടി.എം.സി. വെള്ളംകൂടി സംഭരിക്കാനുള്ള ശേഷിയേ മുല്ലപ്പെരിയാറിനുള്ളൂ. 138 അടിയിലാണെങ്കിൽ അത് 1.044 ടി.എം.സി.ആയി ചുരുങ്ങും. 139 അടിയാണെങ്കിൽ 0.712 ടി.എം.സി.യാകും. 140 അടിയാകുമ്പോൾ വെള്ളം തുറന്നുവിടുമെന്നാണ് പ്രളയത്തിനുമുമ്പ് തമിഴ്‌നാട് പറഞ്ഞിരുന്നത്. 140-ൽ 0.5 ടി.എം.സി.വെള്ളമേ അവിടെ ശേഖരിക്കാനാവൂ. കേവലം 6250 ഘനയടി വെള്ളം 24 മണിക്കൂർ വന്നാൽത്തന്നെ ജലനിരപ്പ് 142 അടിയായി ഉയരും. 139 അടിയിൽ നിൽക്കുമ്പോൾ 9167 ഘനയടി വെള്ളം 24 മണിക്കൂർ ഒഴുകിയെത്തിയാൽ 142 കടക്കും. 24 മണിക്കൂർ എന്നു കണക്കാക്കിയിരിക്കുന്നത് അണക്കെട്ടിന്റെ താഴെനിന്ന് ആളുകളെ ഒഴിപ്പിക്കാനെടുക്കുന്ന സമയമാണ്.

അടുത്തിടെ മുല്ലപ്പെരിയാർ അണക്കെട്ടിലേക്ക് ജീപ്പുകൾ മുകളിൽ കയറ്റി തമിഴ്‌നാട് ബലപരീക്ഷണം നടത്തിയിരുന്നു. തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പിന്റെ ജീപ്പുകളാണ് പരിശോധനയുടെ പേരിൽ അനിയന്ത്രിതമായി മുല്ലപ്പെരിയാർ ഡാമിലേക്ക് പ്രവേശിച്ചത്. സുപ്രീം കോടതി നിയോഗിച്ച മോൽനോട്ട സമിതി അംഗങ്ങളെ വഹിച്ച നാലു ജീപ്പുകളാണ് അണക്കെട്ടിന്റെ മധ്യഭാഗത്തും ഇവിടെ നിന്ന് ഗാലറിയിലും എത്തിച്ചത്. ജീപ്പുകൾ അണക്കെട്ടിന്റെ മധ്യഭാഗത്ത് എത്തിച്ച് ഇവിടെ നിന്നും വാഹനത്തിൽ കയറ്റിയാണ് സുപ്രീംകോടതി നിയോഗിച്ച മേൽനോട്ട സമിതിയംഗങ്ങളെ അണക്കെട്ടിന്റെ ചുവട്ടിലുള്ള ഗ്യാലറിയിൽ എത്തിച്ചത്.

നേരത്തെ സമാനായ ജസ്റ്റിസ് ആന്റണി ചെയർമാനായ ഉന്നതാധികാര സമിതിയുടെ പരിശോധനാവേളയിൽ തമിഴ്‌നാട് ഇത്തരത്തിൽ ശ്രമിച്ചെങ്കിലും സമിതി വിയോജിപ്പ് പ്രകടിപ്പിക്കുകയായിരുന്നു. അതേസമയം, സമിതിയുടെ സന്ദർശനത്തിന് മുൻപേ ലക്ഷങ്ങൾ മുടക്കി തമിഴ്‌നാട് അണക്കെട്ട് മോടിയാക്കിയിരുന്നു. അണക്കെട്ടിന്റെ ചുവരുകളും ഷെയ്ഡും പെയിന്റടിച്ച് മോടിയാക്കി. ഡാം ചുവരുകളിലെ വിള്ളൽ സിമന്റ്ഗ്രൗട്ട് ഉപയോഗിച്ചു മറച്ചു. അണക്കെട്ട്, ബേബി ഡാം, സ്പിൽവേ എന്നിവയോടു ചേർന്നുള്ള മൺതിട്ടകളിലെല്ലാം കരിങ്കൽ പാകിയുമാണ് മോടികൂട്ടിയത്. കേരളത്തിന്റെ അറിവില്ലാതെയാണ് തമിഴ്‌നാടിന്റെ അറ്റകുറ്റ പണികൾ ചെയ്തത്.

മുല്ലപ്പെരിയാർ അണക്കെട്ടിന് 116 വർഷത്തെ പഴക്കമുണ്ട്. ഈ അണക്കെട്ടിന്റെ കാലാവധി വെറും 60 വർഷമാണ്. അതുകൊണ്ട് തന്നെ വെള്ളം ഉയരുന്നതു മൂലമുണ്ടാകുന്നു ദുരന്തത്തെ അതിജീവിക്കാൻ ഈ അണക്കെട്ടിന് കഴിയില്ലെന്നതാണ് കേരളത്തിന്റെ വാദം. നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്ന മിശ്രിതങ്ങൾ. ഇത് കാലപ്പഴക്കത്തെ അതിജീവിക്കുന്നില്ല , ഏറെ ഭാഗം ഒഴുകിപ്പോയി. അണക്കെട്ടിന്റെ ആകെ ഉയരത്തേക്കാൾ കൂടുതൽ വെള്ളം പൊങ്ങിയാൽ മുകളിലൂടെ വരുന്ന വെള്ളം അണക്കെട്ടിന്റെ താഴെ പതിക്കുകയും ആ സമ്മർദ്ദത്തിൽ അണക്കെട്ടിന്റെ അടിത്തറ ഇളകുകയും , അണക്കെട്ട് നിലം പതിക്കുകയും ചെയ്യും. ഇതുകൂടാതെ അണക്കെട്ടിന്റെ അടിഭാഗം ഇളകിമറിയുകയും , നിരങ്ങിമാറുകയും ചെയ്യാം. ഇതാണ് കേരളത്തെ ഭീതിയിലാക്കുന്നത്.

കേരളത്തിൽ തന്നെ ഉത്ഭവിച്ച് അവസാനിക്കുന്ന വൃഷ്ടിപ്രദേശമാണ് അണക്കെട്ടിനുള്ളത്. ബ്രിട്ടീഷ് സാമ്രാജ്യ ഭരണകാലത്ത് കേരളത്തിലെ പശ്ചിമഘട്ടപ്രദേശത്തുനിന്നും മഴനിഴൽ പ്രദേശങ്ങളായ, മധുര, തേനി തുടങ്ങിയ തമിഴ്ഭാഗങ്ങളിലേക്ക് ജലസേചനത്തിനായി ജലം എത്തിക്കുക എന്ന ലക്ഷ്യത്തോടെ നിർമ്മിച്ചിട്ടുള്ളതാണ് ഈ അണക്കെട്ട്. പെരിയാർ പാട്ടക്കരാർ ഇന്ത്യ സ്വതന്ത്രയാവുന്നതിനു മുമ്പ് നിലവിൽ വന്നതാണെന്നും, ഇന്ത്യ ബ്രിട്ടീഷുകാരിൽ നിന്നും സ്വാതന്ത്ര്യം നേടിയപ്പോൾ ബ്രിട്ടീഷുകാരും, ഇന്ത്യയിലെ നാട്ടുരാജ്യങ്ങളും തമ്മിൽ നിലനിന്നിരുന്ന എല്ലാ ഉടമ്പടികളും, കരാറുകളും സ്വയമേവ റദ്ദായി എന്ന് കേരളം സുപ്രീംകോടതിയിൽ വാദിച്ചിരുന്നു. ഇതൊന്നും പക്ഷേ അംഗീകരിക്കപ്പെട്ടില്ല. 2014 മെയ് 7 ന് സുപ്രീംകോടതിയുടെ അഞ്ചംഗ ബഞ്ചിന്റെ വിധി തമിഴ്‌നാടിന് അനുകൂലമായി വന്നു. ഈ വിധി കേരളത്തിനു പ്രതികൂലമായിരുന്നു. 136 അടിയിൽ നിന്നും 142 അടിയായി ജലനിരപ്പ് ഉയർത്താമെന്നും വിധി വന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ 152 അടിയാക്കി ഉയർത്താൻ നടക്കുന്ന നീക്കങ്ങളും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP