Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സമൂഹത്തിൽ ഭർത്താവു മാത്രമല്ലല്ലോ..അതുകൊണ്ട് ഞാൻ എനിക്കു സംഭവിക്കുന്ന കാര്യങ്ങൾ ചിലപ്പോൾ പരസ്യമായി പറഞ്ഞെന്നു വരും; ഇവർ എന്താണ് വിചാരിച്ചിരിക്കുന്നത്..ഇവർ ആരാണ് ഐശ്വര്യ റായിയാണോ എന്നു ചോദിക്കുന്നവരുണ്ട്; മുകേഷുമായുള്ള വിവാഹജീവിതവും സോഷ്യൽ മീഡിയയുടെ ഇടപെടലുകളും തുറന്നുപറഞ്ഞ് മേതിൽ ദേവിക

സമൂഹത്തിൽ ഭർത്താവു മാത്രമല്ലല്ലോ..അതുകൊണ്ട് ഞാൻ എനിക്കു സംഭവിക്കുന്ന കാര്യങ്ങൾ ചിലപ്പോൾ പരസ്യമായി പറഞ്ഞെന്നു വരും; ഇവർ എന്താണ് വിചാരിച്ചിരിക്കുന്നത്..ഇവർ ആരാണ് ഐശ്വര്യ റായിയാണോ എന്നു ചോദിക്കുന്നവരുണ്ട്; മുകേഷുമായുള്ള വിവാഹജീവിതവും  സോഷ്യൽ മീഡിയയുടെ ഇടപെടലുകളും തുറന്നുപറഞ്ഞ് മേതിൽ ദേവിക

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: നൃത്തത്തോട് അത്രയും ഇഴുകിയ ജീവിതമാണ് മേതിൽ ദേവികയുടേത്. സിനിമയിൽ നിന്ന് വന്ന അഭിനയാവസരങ്ങൾ പോലും വേണ്ടെന്നുവച്ചു. ജീവിതപങ്കാളിയായി കൂട്ടിയത് സിനിമാ താരത്തെയാണെങ്കിലും നൃത്തമാണ് ദേവികയുടെ ശ്വാസം. നൃത്തവും, മുകേഷുമായുള്ള വിവാഹവുമെല്ലാം പരാമർശിക്കുന്ന കപ്പ ടിവിയിലെ അഭിമുഖത്തിലെ തുറന്നുപറച്ചിൽ ശ്രദ്ധേയമാകുന്നത് അങ്ങനെയാണ്.

'എന്റെ ശ്വാസത്തിന്റെ ഭാഗമാണ് നൃത്തം. മാതാപിതാക്കൾ ജീവിതത്തിൽ നൽകിയ ഏറ്റവും നല്ല കൂട്ടാണിത്. ഒരുകാലം കഴിയുമ്പോൾ അച്ഛനമ്മമാരും ഗുരുക്കന്മാരും ആരും കൂടെയുണ്ടാകില്ല. അന്നും ഒപ്പമുണ്ടാകുന്നത് നൃത്തം തന്നെയാണ്. ദേവിക പറയുന്നു. നടൻ മുകേഷുമായുള്ള വിവാഹത്തെക്കുറിച്ചും ദേവിക മനസ്സു തുറന്നു.

വിവാഹത്തെക്കുറിച്ചു പലവിധത്തിലുള്ള ചർച്ചകൾ നടന്നെങ്കിലും അച്ഛനും അമ്മയും എങ്ങനെ താങ്ങും എന്നതു മാത്രമേ താൻ ആലോചിച്ചിരുന്നുള്ളു എന്ന് ദേവിക പറഞ്ഞു. അതാലോചിച്ചപ്പോൾ വിഷമം ഉണ്ടായിരുന്നു. അതുവരെ ഇൻഡസ്ട്രിയിൽ കെട്ടിപ്പടുത്തതെല്ലാം ഇല്ലാതായി. ഇന്നു മേതിൽ ദേവിക എന്നടിച്ചു കഴിഞ്ഞാൽ മുകേഷേട്ടനും അദ്ദേഹവുമായി ബന്ധപ്പെട്ട കാര്യങ്ങളുമാണ് വരുന്നത്. ഒന്നും സ്ഥിരമല്ല, എല്ലാം മാറിക്കൊണ്ടിരിക്കുകയാണ്. അതെല്ലാം തന്നെ കൂടുതൽ അനുഭവസ്ഥയാക്കുകയാണ്.- ദേവിക പറയുന്നു.

സമൂഹമാധ്യമത്തിൽ അത്ര ആക്ടീവ് ആകാനും ദേവികയ്ക്കു താൽപര്യമില്ല, അതിനു ചില കാരണങ്ങളുമുണ്ട്. യൂട്യൂബിലുള്ള തന്റെ നൃത്തപരിപാടിയുടെ വിഡിയോകൾക്കു താഴെയുള്ള പല കമന്റുകളും നൃത്തവുമായി യാതൊരു ബന്ധവുമില്ലാത്തതാണ്. ഭർത്താവിനെക്കുറിച്ച് പരസ്യമായൊരു അഭിപ്രായം പറഞ്ഞാൽ ഭർത്താവ് അത് വ്യക്തിപരമായി എടുക്കില്ല, പക്ഷേ ബാക്കിയുള്ളവർ അത് വിഷയമാക്കും.

ഒരു ഭാര്യ എന്നതിനേക്കാൾ ഞാൻ സമൂഹത്തിൽ ഉത്തരവാദിത്തമുള്ള വ്യക്തിയാണ്. സമൂഹത്തിൽ ഭർത്താവു മാത്രമല്ലല്ലോ, അതുകൊണ്ട് ഞാൻ എനിക്കു സംഭവിക്കുന്ന കാര്യങ്ങൾ ചിലപ്പോൾ പരസ്യമായി പറഞ്ഞെന്നു വരും,അതിപ്പോൾ മകനാണെങ്കിലും പറഞ്ഞേക്കാം. എന്നുകരുതി ഞാൻ ആർക്കെങ്കിലും എതിരാണെന്നു കരുതരുത്. ഭർത്താവിനെക്കുറിച്ചും മകനെക്കുറിച്ചുമൊക്കെ പറഞ്ഞു കഴിഞ്ഞാൽ ഇവർ എന്താണ് വിചാരിച്ചിരിക്കുന്നത്, ഇവർ ആരാണ് ഐശ്വര്യ റായിയാണോ എന്നു ചോദിക്കുന്നവരുണ്ട്. ഇതുകൊണ്ടൊക്കെയാണ് സമൂഹമാധ്യമത്തോട് അകലം പാലിച്ചിരിക്കുന്നതെന്ന് ദേവിക പറയുന്നു.'

'ഭക്ഷണത്തിൽ പരീക്ഷണങ്ങൾ ഇഷ്ടപ്പെടുന്ന ആളാണ് മുകേഷേട്ടൻ. മീൻ വിഭവങ്ങളാണ് ഏറെ പ്രിയപ്പെട്ടത്. രാത്രി പതിനൊന്നരയ്ക്കു ഷൂട്ട് കഴിഞ്ഞാലും വീട്ടിൽ വന്നേ കഴിക്കൂ. ചില സമയത്തു നമുക്ക് അത് പാരയാകും. പിന്നെ ഞാനൊരു പരക്കംപായലാണ്. രാത്രി ഭക്ഷണം കഴിക്കുന്നതിനാൽ വയറ് കുറച്ച് ചാടിയിട്ടുണ്ട്. അതിൽ മുകേഷേട്ടനു ചെറിയൊരു വിഷമവുമുണ്ട്. അതിൽ വിഷമിക്കാനൊന്നുമില്ലെന്ന് ഞാൻ പറയാറുണ്ട്. മുകേഷട്ടൻ മുകേഷേട്ടനാകുന്നത് ഈ ഫിഗർ കാരണമാകും. മനഃപൂർവം മാറ്റാൻ ശ്രമിക്കേണ്ടതില്ല. ചിട്ടയായ വ്യായാമം െചയ്യുന്നുണ്ടല്ലോ, അത് മതി- എന്ന്.'ദേവിക പറയുന്നു.

'ഞങ്ങളുടെ വീടുപണി നടക്കുകയാണ്. അദ്ദേഹത്തിന്റെ തിരക്കു കാരണം ഇതൊക്കെ നോക്കുന്നത് ഞാൻ തന്നെയാണ്. എന്തെങ്കിലും തെറ്റിപ്പോയാൽ നല്ല വഴക്കു കിട്ടും. മുകേഷട്ടനു പെട്ടെന്നു ദേഷ്യം വരും. അത് അടുപ്പമുള്ളവരോടു മാത്രമാണ്. എന്നാൽ അതിനപ്പുറത്തേക്ക് ഒന്നുമില്ല. എന്നോടാണു കൂടുതലും വഴക്കു കൂടുക. ആദ്യമൊക്കെ വലിയ വിഷമം വരുമായിരുന്നു. പിന്നെയാണു മനസ്സിലായത്, ഇതു വലിയ കാര്യമൊന്നുമല്ലെന്ന്. മുകേഷട്ടൻ വളരെ സിംപിൾ ആയ മനുഷ്യനാണ്.'ദേവിക പറഞ്ഞു.

കലാമണ്ഡലത്തിൽ ജോലി ചെയ്യുന്ന അവസരത്തിലാണ് സംഗീത നാടക അക്കാദമിയുടെ തലപ്പത്തെത്തിയ മുകേഷിനെ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. ആ പ്രണയം വിവാഹത്തിലേക്ക് വഴിമാറി. മരടിലെ സബ് രജിസ്റ്റർ ഓഫീസിൽ വച്ച് ഇരുവരും വിവാഹിതരായി.മോഹിനിയാട്ടം കലാകാരിയായ ദേവിക പാലക്കാട് രാമനാഥപുരം മേതിൽ കുടുംബാംഗവും സംഗീത നാടക അക്കാദമി പുരസ്‌ക്കാര ജേതാവുമാണ്. എഴുത്തുകാരൻ മേതിൽ രാധാകൃഷ്ണൻ ദേവികയുടെ അമ്മാവനും സാഹിത്യകാരൻ വികെഎൻ ദേവികയുടെ അമ്മയുടെ സഹോദരി ഭർത്താവുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP