Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒരു വർഷത്തെ സാമ്പത്തിക നഷ്ടം 2.25 ലക്ഷം കോടി; രണ്ട് കോടി തൊഴിൽ സൃഷ്ടിക്കുമെന്ന് പറഞ്ഞിടത്ത് ഒരു വർഷത്തിൽ തൊഴിൽനഷ്ടം 15 ലക്ഷം പേർക്ക്; കിട്ടിയ അവസരത്തിൽ കള്ളപ്പണം വെളുപ്പിച്ച് വൻകിടക്കാർ; കാണിപ്പയ്യൂരിന്റെ പ്രവചനം പോലെയല്ല തന്റെ സാമ്പത്തിക നിരീക്ഷണമെന്ന് അടിവരയിട്ട് ഡോ. മന്മോഹൻ സിങ്; 10,720 കോടി രൂപ മാത്രം തിരിച്ചെത്താതിരുന്നപ്പോൾ പുതിയ നോട്ടടിക്കാൻ ചെലവായത് 8,000 കോടിയോളം: മോദിയുടെ നോട്ടു നിരോധനം പരാജയമായത് ഇങ്ങനെ

ഒരു വർഷത്തെ സാമ്പത്തിക നഷ്ടം 2.25 ലക്ഷം കോടി; രണ്ട് കോടി തൊഴിൽ സൃഷ്ടിക്കുമെന്ന് പറഞ്ഞിടത്ത് ഒരു വർഷത്തിൽ തൊഴിൽനഷ്ടം 15 ലക്ഷം പേർക്ക്; കിട്ടിയ അവസരത്തിൽ കള്ളപ്പണം വെളുപ്പിച്ച് വൻകിടക്കാർ; കാണിപ്പയ്യൂരിന്റെ പ്രവചനം പോലെയല്ല തന്റെ സാമ്പത്തിക നിരീക്ഷണമെന്ന് അടിവരയിട്ട് ഡോ. മന്മോഹൻ സിങ്; 10,720 കോടി രൂപ മാത്രം തിരിച്ചെത്താതിരുന്നപ്പോൾ പുതിയ നോട്ടടിക്കാൻ ചെലവായത് 8,000 കോടിയോളം: മോദിയുടെ നോട്ടു നിരോധനം പരാജയമായത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: നരേന്ദ്ര മോദി സർക്കാറിന്റെ ചരിത്രപരമായി മണ്ടത്തരമാണ് നോട്ട് നിരോധനം എന്ന് അഭിപ്രായപ്പെടുന്നവരുടെ വാദത്തെ ശക്തിപ്പെടുത്തുന്നതാണ് രണ്ട് ദിവസം മുമ്പ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നത്. രാജ്യത്ത് അസാധുവാക്കപ്പെട്ട 500, 1000 നോടടുകളിൽ നോട്ടുകളിൽ 15.31 ലക്ഷം കോടി (15,310.73 ബില്യൻ) രൂപ മൂല്യമുള്ളവ തിരിച്ചെത്തിയെന്നാണ് റിസർവ് ബാങ്ക് കഴിഞ്ഞ ദിവസം സാക്ഷ്യപ്പെടുത്തിയത്. ആകെ അസാധുവാക്കിയത് 15.41 ലക്ഷം കോടി രൂപ (15,417.93 ബില്യൻ) മൂല്യമുള്ള നോട്ടുകൾ. 10720 കോടി രൂപ മാത്രമാണ് തിരിച്ചെത്താത്തതെന്ന് വ്യക്തമാകുമ്പോൾ എന്തിന്റെ പേരിലാണ് നോട്ടു നിരോധനം നടപ്പിൽ വരുത്തിയത് ആ ഉദ്ദേശശുദ്ധി മുഴുവൻ കളങ്കപ്പെട്ടിരിക്കുന്നു. 170തോളം പേരുടെ ജീവൻ നോട്ടുനിരോധ കാലയളവിൽ മരിച്ചുവെന്നാണ് അനൗദ്യോഗിക കണക്കുകൾ.

മോദി സർക്കാറിന്റെ കള്ളപ്പണത്തിനെതിരായ പോരാട്ടമെന്ന് വിശേഷിക്കപ്പെട്ട നോട്ടു നിരോധനം ഫലത്തിൽ കള്ളപ്പണക്കാർക്ക് ഗുണകരമായി മാറുന്ന അവസ്ഥയാണ് രാജ്യം കണ്ടത്. കിട്ടിയ അവസരത്തിൽ കള്ളപ്പണക്കാർ ആ പണം വെളിപ്പിച്ചെടുത്തു എന്നതാണ് 99.3 ശതമാനം കറൻസികളും തിരിച്ചെത്തിയെന്ന ആർബിഐ റിപ്പോർട്ടിൽ നിന്നും വ്യക്തമാകുന്നത്. 2016 നവംബർ 8 ന് നിലവിൽ വന്ന നോട്ടു നിരോധത്തെ തുടർന്ന് കറൻസി മാറ്റിയെടുക്കാനായി ക്യൂനിന്നും അല്ലാതെയും പൊലിഞ്ഞത് നൂറിലേറെ ജീവനുകൾ. അന്ന് നിശ്ചലമായ ബാങ്കിങ് രംഗം ഇന്നും ഉണർവ്വ് കൈവരിക്കാതെ നഷ്ടങ്ങളിലേക്ക് നീങ്ങുന്നു. രാജ്യത്തിന്റെ മൊത്തത്തിലുള്ള സാമ്പത്തിക വളർച്ചയിലും ഇടിവുണ്ടായി. ഡിജിറ്റൽ പണ ഇടപാട് വർദ്ധിച്ചു എന്നത് ഒഴിച്ചു നിർത്തിയാൽ കാര്യമായ യാതൊരു നേട്ടവും നോട്ട് നിരോധനം കൊണ്ട് ഉണ്ടായില്ലെന്നതാണ് വാസ്തവം.

ലോകത്തെമ്പാടുമുള്ള മാധ്യമങ്ങൾ ഇന്ത്യയിലെ നോട്ടുനിരോധനത്തെ അത്ഭുതത്തോടെയാണ് കണ്ടിരുന്നത്. ഇന്ന് ലോകം മോദിയുടെ ചരിത്രപരമായി മണ്ടത്തരം തന്നെയായിരുന്നു നോട്ടു നിരോധനമെന്ന് വ്യക്തമാക്കുന്നു. ദ ഗാർഡിയൻ അടക്കമുള്ള മാധ്യമങ്ങൾ മോദിയുടെ വാഗ്ദാനങ്ങളെല്ലാം പാഴായെന്ന് അടിവരയിടുന്നു. ഇത്തരം പ്രചരണങ്ങളെ ബിജെപിയും കേന്ദ്രവും തള്ളിക്കളയുന്നുണ്ടെങ്കിലും കണക്കുകൾക്ക് മുമ്പിൽ ഈ പ്രചരണങ്ങളൊന്നും ഏൽക്കുന്നില്ല. വൻതോതിൽ തൊഴിൽ നഷ്ടം ഉണ്ടായതിന് പിന്നാലെ വ്യാപാര - ബാങ്കിങ് മേഖലയെയും ഇത് വല്ലാതെ തളർത്തിയിരുന്നു. നോട്ട് നിരോധനത്തിന് രണ്ട് വർഷം പൂർത്തിയാകാൻ പോകുന്ന ഘട്ടത്തിൽ റിസർവ് ബാങ്ക് പുറത്തുവിട്ട കണക്കുകൾ ബിജെപിയെ അലോസരപ്പെടുത്തി തുടങ്ങിയിട്ടുണ്ട്.

നഷ്ടക്കണക്കുകളുടെ കണക്കെടുപ്പ്

500, 1000 നോട്ടുകൾ പിൻവലിച്ചതോടെ കറൻസി രൂപത്തിലുള്ള കള്ളപ്പണം തടയാമെന്ന് മോദി പ്രഖ്യാപനത്തിൽ പറഞ്ഞിരുന്നു. എന്നാൽ, കള്ളപ്പണ നിക്ഷേപം നോട്ടുകളുടെ രൂപത്തിൽ അല്ല. വിദേശ ബാങ്കുകളിലാണ് വ്യാപകമായിട്ടുള്ളതെന്ന വാദം ഉയർന്നിരുന്നു. നോട്ട് നിരോധനം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ വളർച്ചക്ക് തിരിച്ചടിയാകുമെന്ന് വിലയിരുത്തലുകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ഈ വിലയിരുത്തലുകൾ ശരിയാകുന്ന കാഴ്‌ച്ചയാണ് പിന്നീട് വ്യക്തമായത്. ദേശീയ വരുമാനത്തിന്റെ വർദ്ധനയിൽ മുരടിപ്പ് ഉണ്ടായതിന് പ്രധാ കാരണം ഇതാണെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ പോലും ചൂണ്ടിക്കാട്ടുന്നത്.

രാജ്യത്തിന്റെ സാമ്പത്തിക വളർച്ച കണക്കാക്കുന്ന ജിഡിപിയിൽ ഒരു ശതമാനത്തിന്റെ ഇടിവുണ്ടായെന്നാണ് കണക്കുകൾ. ഒരു വർഷം മാത്രം 1.5 മില്യൺ ജോലികൾ(15 ലക്ഷം) നഷ്ടമായി. രണ്ട് കോടി പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം നിലനിൽക്കുന്നുണ്ട്. ഇതിനിടെയാണ് ഒരു വർഷത്തെ ഈ തൊഴിൽ നഷ്ടക്കണക്കുകൾ. രണ്ട് വർഷം രണ്ട് ശതമാനം ജിഡിപി താഴേക്ക് പോയപ്പോൾ ഒലിച്ചുപോയത് ലക്ഷം കോടികളാണ്. 2.25 ലക്ഷം കോടിയുടെ സാമ്പത്തിക നഷ്ടം ഇന്ത്യൻവിപണിക്ക് ഉണ്ടായിട്ടുണ്ടെന്നാണ് അറിയുന്നത്. 100ലേറെ ജീവനുകളും നഷ്ടമായതെന്ന കാര്യം ഓർക്കേണ്ടതുണ്ട്. നോട്ട് നിരോധന സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ ഉദ്ദേശ്യലക്ഷ്യങ്ങൾ സഫലീകരിച്ചിട്ടില്ല. കാർഷിക മേഖല, വ്യവസായ മേഖല, പ്രത്യേകിച്ച് ചെറുകിട വ്യവസായങ്ങൾ എന്നിവയ്ക്ക് നോട്ട് നിരോധനം വലിയ പ്രതിസന്ധി തന്നെയുണ്ടാക്കി.

7.5 ശതമാനം വരെ വളർച്ച നേടുമെന്നാണ് കഴിഞ്ഞ വർഷം സാമ്പത്തികസർവേയിൽ അവകാശപ്പെട്ടത്. 201718 കാലയളവിൽ ജിഡിപി വളർച്ച 6.75 മാത്രമായിരിക്കുമെന്ന് പുതിയ സാമ്പത്തികസർവേ വ്യക്തമാക്കി. കൃഷി, വ്യവസായ, സേവനമേഖലകളിലെ തിരിച്ചടിയാണ് വളർച്ച ഇടിയാൻ കാരണം. കാർഷികരംഗം (2.1ശതമാനം), വ്യവസായം (4.4), സേവന മേഖല (8.3 ശതമാനം) എന്നിങ്ങനെയാണ് വളർച്ചാ നിരക്ക്. ആർജിതമൂലധന വളർച്ച 201617ൽ 6.6 ശതമാനമായിരുന്നത് നടപ്പുവർഷം 6.1 ശതമാനമായി ഇടിഞ്ഞു. നിക്ഷേപനിരക്കിലും മുൻവർഷങ്ങളിലെപ്പോലെ തളർച്ച തുടരുന്നു.

നേട്ടങ്ങളുടെ ലിസ്‌റ്റെടുക്കുമ്പോൾ

ദ്വീർഘകാല അടിസ്ഥാനത്തിൽ നോട്ടു നിരോധനം നേട്ടമാണെന്ന് വാദിക്കുന്നവർ ഇപ്പോഴുമുണ്ട്. ബിജെപി നേതാക്കൾ ചൂണ്ടിക്കാട്ടുന്ന പ്രധാന കാര്യവും ഇതാണ്. സമ്പദ്ഘടനയെ ശുദ്ധീകരിക്കാനുള്ള പ്രക്രിയയുടെ ഭാഗമായിരുന്നു നോട്ട് നിരോധനം എന്ന വാദം ഒരുവശത്തുണ്ട്. ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്റ്റ്സി കോഡ്, റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അഥോറിറ്റി നിയമം (റെറ), ബെനാമി സ്വത്തു കണ്ടുകെട്ടൽ നിയമം എന്നിവയോടൊപ്പം പാക്കേജായി ചേർക്കാനാകുന്ന ഒരു നടപടിയായിരുന്നു നോട്ട് നിരോധനം. അതിന്റെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യാനാകില്ലെന്നും സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

ആദായനികുതി വരുമാനം കൂടിയെന്നതാണ് ഇതിന്റെ നോട്ടു നിരോധനത്തിന്റെ ഒരു വിജയഘടകം. നേരത്തെ ആദായ നികുതി നൽകാതിരുന്നവർ പലരും അസാധുവാക്കിയ തുക ബാങ്കിൽ നിക്ഷേപിച്ച് വൻ തുക നികുതി അടയ്ക്കാൻ തയ്യാറായി. പിഴ നൽകി കള്ളപ്പണം വെളുപ്പിച്ചവരും ഏറെയാണ്. ഇതൊക്കെ നികുതി വരുമാനം വർദ്ധിക്കാൻ ഇടയാക്കി. മൊബൈൽ ബാങ്കിങ് പോലുള്ള ഡിജിറ്റൽ പണമിടപാടുകൾ ഉപയോഗിക്കുന്ന പ്രവണത കൂടിയിട്ടുണ്ട് എന്നതും ഗുണകരമായ നേട്ടമായി കണക്കാക്കാം.

കാണിപ്പയ്യൂർ അല്ല മന്മോഹൻ സിങ്!

അടുത്തിടെ സോഷ്യൽ മീഡിയയിൽ ട്രോളുകൾ നിരവധി പ്രവഹിക്കുന്നുണ്ട്. കേരളത്തിൽ ഏറ്റവും അധികം പ്രളയമുണ്ടായ ഘട്ടത്തിൽ കാണിപ്പയ്യൂർ എന്ന ജ്യോത്സ്യൻ മഴയുണ്ടാകില്ലെന്ന പ്രവചനം നടത്തിയതിനാണ് ട്രോളുകളുടെ കുത്തൊഴുക്കുണ്ടായത്. എന്നാൽ, കാണിപ്പയ്യൂരിന്റെ പ്രവചനം പോലെ അല്ല നോട്ടുനിരോധന വിഷയത്തിൽ ലോകം ആരാധിക്കുന്ന സാമ്പത്തിക ശാസ്ത്രജ്ഞൻ കൂടിയായ മുൻ പ്രധാനമന്ത്രി ഡോ. മന്മോഹൻ സിങ് നടത്തിയ നിരീക്ഷണങ്ങൾ അക്ഷരം പ്രതി ശരിയാകുന്ന കാഴ്‌ച്ചകളാണ് പിന്നീട് കണ്ടത്. അന്ന് പാർലമെന്റിൽ അദ്ദേഹം നടത്തിയ പ്രസംഗം ലോകം കാതു കൂർപ്പിച്ചു കൊണ്ടാണ് ശ്രദ്ധിച്ചത്.

നോട്ട് പിൻവലിക്കൽ നടപടി ചരിത്രപരമായ മണ്ടത്തരമാണെന്നും ഇതിന്റെ പ്രത്യാഘാതം രാജ്യത്തുണ്ടാകുമെന്നും അന്ന് മന്മോഹൻ പറഞ്ഞു. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിൽ രണ്ട് ശതമാനത്തിന്റെ കുറവു വരുമെന്നും ഇത് ലോകരാജ്യങ്ങൾക്കിടയിൽ രാജ്യത്തിന് തിരിച്ചടിയാകുമെന്നും മന്മോഹൻ പറയുകയുണ്ടായി. അന്ന് ഈ പ്രസംഗത്തെ പുച്ഛിച്ചുകൊണ്ടാണ് പിന്നീട് നരേന്ദ്ര മോദി സംസാരിച്ചത്. എന്നാൽ, ഇന്ത്യൻ പ്രധാനമന്ത്രി പുച്ഛിച്ചെങ്കിലും ലോകം ബഹുമാനിക്കുന്ന ആ സാമ്പത്തിക ശാസ്ത്രജ്ഞനായ പ്രധാനമന്ത്രിയുടെ വാക്കിന്റെ വില ഇപ്പോൾ രാജ്യം തിരിച്ചറിഞ്ഞു. കാരണം, മന്മോഹൻ പ്രവചിച്ചതു പോലെ നോട്ടു നിരോധനം രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് കനത്ത തിരിച്ചടിയായെന്ന വ്യക്തമാക്കുന്നതാണ് റിപ്പോർട്ടുകളാണ് പിന്നീട് പുറത്തുവന്നത്.

ലോകത്തിൽ അതിവേഗം വളരുന്ന സാമ്പത്തിക വ്യവസ്ഥ എന്ന ബഹുമതി ഇന്ത്യയ്ക്കായിരുന്നു. നോട്ടുനിരോധനവും പിന്നാലെ ജിഎസ്ടിയും കൂടി വന്നതോടെ ഈ സൽപ്പേര് ഇന്ത്യക്ക് കൈമോശം വന്നു. ചൈന ഈ അവസരത്തിൽ ഇന്ത്യയേക്കാൾ നേട്ടം കൊയ്യുകയും ചെയ്തു. നോട്ട് നിരോധനത്തിന്റെ പ്രത്യാഘാതം കൃത്യമായി പ്രവചിച്ച മന്മോഹൻ സിങ് തന്നെയാണ് ആർബിഐയുടെ റിപ്പോർട്ട് വരുമ്പോഴും താരമാകുന്നത്. മന്മോഹൻ സിംഗ അന്ന് പാർലമെന്റിൽ നടത്തിയ പ്രസംഗം ഭരണപക്ഷ ബഞ്ചുകൾ പോലും നിശബ്ദമായാണ് കേട്ടിരുന്നത്. അമ്പതുദിവസം കാത്തിരുന്ന് തുടർ നടപടികൾ സ്വീകരിക്കുന്നത് പാവപ്പെട്ടവർക്ക് വലിയ വിഷമമുണ്ടാക്കുമെന്ന് സർക്കാർ മനസ്സിലാക്കണം. നോട്ടുപ്രതിസന്ധി രാജ്യത്തിന്റെ കാർഷിക മേഖലയെ ഏറ്റവുമധികം ദോഷകരമായി ബാധിക്കും. എല്ലാ ദിവസവും സാമ്പത്തിക പരിഷ്‌കരണങ്ങൾ നടത്താൻ പാടില്ല. വിഷയം കൈകാര്യം ചെയ്യുന്നതിൽ റിസർവ് ബാങ്കിന് വീഴ്ചപറ്റിയെന്നത് പ്രധാനമന്ത്രിയുടെയും ധനമന്ത്രിയുടേയും പിടിപ്പു കേടാണ്.

നോട്ടു പിൻവലിക്കൽ നടപടിമൂലം രാജ്യത്ത് ആത്യന്തികമായി എന്തു സംഭവിക്കുമെന്ന് ഇപ്പോൾ പറയാനാകില്ല. കറൻസി നിരോധനം മൂലം രാജ്യത്തിന്റെ ആഭ്യന്തര ഉൽപാദനം രണ്ടുശതമാനം കുറയും. നോട്ടുപിൻവലിക്കൽ ദീർഘകാലാടിസ്ഥാനത്തിൽ ഗുണം ചെയ്യുമെന്നാണ് അവകാശവാദം. പക്ഷേ, ഇത്രയും ദീർഘകാലം ആരും ജീവിച്ചിരിക്കാറില്ലെന്നത് ഓർക്കണമെന്നും മന്മോഹൻ പറഞ്ഞത് ഗൗരവത്തോടെയാണ് സഭ കേട്ടിരുന്നത്. ഇത്തരം സാമ്പത്തിക പരിഷ്‌കാരങ്ങൾ നടത്തുമ്പോൾ റിസർവ് ബാങ്കിന്റെ വിശ്വാസ്യത ചോദ്യംചെയ്യപ്പെടുന്ന തരത്തിൽ നടപടികൾ ഉണ്ടാകരുതായിരുന്നു എന്നും മന്മോഹൻ ഓർമിപ്പിക്കുകയുണ്ടായി. കറൻസിയിലും ബാങ്കിങ് സംവിധാനത്തിലും ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറയുകയുണ്ടായി. ലോക സാമ്പത്തിക മാന്ദ്യം പ്രവചിക്കുകയും ഇന്ത്യയെ വികസനത്തിലേക്ക് നയിക്കുകയും ചെയ്ത വ്യക്തിയായിരുന്നു ഡോ. മന്മോഹൻ സിങ്. ഇന്ന് രാജ്യം അദ്ദേഹത്തിന്റെ ഓരോ വാക്കുകൾക്കും കാതോർക്കാൻ ഇടയാക്കിയത് നോട്ടു നിരോധനം രാജ്യത്ത് എന്തു പ്രതാഘാതം വരുത്തുമെന്ന പ്രചവനമായിരുന്നു.

തിരിച്ചെത്താത്തത് 10720 കോടി രൂപ, നോട്ടടിക്കാൻ ചെലവായത് 8000 കോടി

ആർബിഐയുടെ കണക്കുകൾ പ്രകാരം 10720 കോടി രൂപയാണ് നിരോധിച്ച നോട്ടുകളിൽ തിരിച്ചു വരാത്തരായി ഉള്ളത്. മൂന്ന് - നാല് ലക്ഷം കോടിയെങ്കിലും തിരിച്ചുവരില്ലെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ, ആ പ്രതീക്ഷയെല്ലാം അസ്ഥാനത്തായി. മാത്രമല്ല, ആർബിഐയ്ക്ക് വലിയ നഷ്ടമാണ് പുതിയ നോട്ടുകളുടെ പ്രിന്റിംഗിനായി ചെലവാക്കേണ്ടി വന്നത്. കണക്കുകൾ പ്രകാരം ആർബിഐക്ക് നോട്ടുടിക്കാൻ ചെലവായത് 8000 കോടിയോളം രൂപയാണ്. എന്നാൽ, അടിയന്തര സാഹചര്യത്തിൽ നോട്ടുകൾ വിവിധ ഇടത്തേക്ക് എത്തിക്കാനും മറ്റുമായി ചാർട്ടഡ് വിമാനങ്ങളെയും മറ്റും ആശ്രയിക്കേണ്ടി വന്നതോടെ അതിലേറെ കോടികൾ ചെലവായി. ചുരുക്കത്തിൽ കള്ളപ്പണത്തെ പിടിക്കാനെന്ന പേരിൽ നടത്തിയ നോട്ടു നിരോധനം ഫലത്തിൽ രാജ്യത്തെ കൂടുതൽ സാമ്പത്തികമായി പ്രതിരോധത്തിലേക്ക് തള്ളിവിടുകയാണ് ഉണ്ടായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP