Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മാവോയിസ്റ്റുകളുടെ പ്രഖ്യാപിത ലക്ഷ്യം വിഭവങ്ങളിൻ മേലുള്ള ജനകീയ അധികാരം സ്ഥാപിക്കുകയും കോർപ്പറേറ്റുകളുടെ വിഭവ കൊള്ളക്ക് തടയിടലുമാണ്; കേരളത്തിൽ പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിനും ആദിവാസി ചൂഷണങ്ങൾക്കും എതിരെയാണ് കേന്ദ്രീകരിക്കുന്നത്; ജനകീയ സമരങ്ങളുടെ താത്പര്യങ്ങൾക്കൊപ്പം നിന്നുവെന്നല്ലാതെ മറ്റൊരു കുറ്റവും താൻ ചെയ്തിട്ടില്ല: മാവോയിസ്റ്റ് ഷൈന പറയുന്നു

മാവോയിസ്റ്റുകളുടെ പ്രഖ്യാപിത ലക്ഷ്യം വിഭവങ്ങളിൻ മേലുള്ള ജനകീയ അധികാരം സ്ഥാപിക്കുകയും കോർപ്പറേറ്റുകളുടെ വിഭവ കൊള്ളക്ക് തടയിടലുമാണ്; കേരളത്തിൽ പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിനും ആദിവാസി ചൂഷണങ്ങൾക്കും എതിരെയാണ് കേന്ദ്രീകരിക്കുന്നത്; ജനകീയ സമരങ്ങളുടെ താത്പര്യങ്ങൾക്കൊപ്പം നിന്നുവെന്നല്ലാതെ മറ്റൊരു കുറ്റവും താൻ ചെയ്തിട്ടില്ല: മാവോയിസ്റ്റ് ഷൈന പറയുന്നു

രഞ്ജിത്ത് ബാബു

കണ്ണൂർ: ഭരണകൂടത്തിന്റെ മാവോയിസ്റ്റ് വേട്ടക്ക് രണ്ടു തരത്തിലുള്ള മുഖങ്ങളാണുള്ളതെന്ന് മാവോയ്സ്റ്റ് ഷൈന. ഒന്നാമത്തേത്, ജലത്തിന്റേയും കാടിന്റേയും ഭൂമിയുടേയും മേൽ ജനകീയാധികാരം സ്ഥാപിക്കാനുള്ള മാവോയിസ്റ്റുകളുടെ നേതൃത്വത്തിലുള്ള പോരാട്ടത്തിനെ അടിച്ചമർത്താൻ പൊലീസിനേയും പാരാമിലിറ്ററിയേയും ഉപയോഗിച്ച് ഭരണകൂടം നടത്തുന്ന വേട്ടയാണെങ്കിൽ മറ്റേത് ഏതുതരത്തിലുള്ള ജനകീയ മുന്നേറ്റത്തിനേയും തകർക്കാൻ മാവോയിസ്റ്റുകളെന്നും തീവ്രവാദികളെന്നുമുള്ള മുദ്ര ഉപയോഗിക്കുന്നതാണ്. ഇതുരണ്ടും പരസ്പരം ഇഴചേർന്നു കിടക്കുന്ന സംഗതികളാണ്. മാവോയിസ്റ്റുകൾ എന്നോ മുസ്ലിം തീവ്രവാദികൾ എന്നോ പറഞ്ഞാൽ പിന്നെ നിയമേതരമായ ഏതുമാർഗ്ഗവും ഉപയോഗിച്ച് അടിച്ചമർത്താമെന്ന ധാരണ പ്രബലമാണ്. ഭരണകൂടവും പൊലീസും മാത്രമല്ല സിവിൽ സമൂഹമെന്ന് അവകാശപ്പെടുന്നവർ പോലും ഈയൊരു ചിന്താഗതി വെച്ചു പുലർത്തുന്നുണ്ട്.മറുനാടൻ മലയാളിയുമായി സംസാരിക്കവേ ഷൈന വെളിപ്പെടുത്തി.

ജനാധിപത്യവാദിയെന്ന് സ്വയം അവകാശപ്പെടുന്ന മുൻ നക്‌സലൈറ്റ് നേതാവു കൂടിയായ വേണുവിനെപ്പോലുള്ളവർ മാവോയിസ്റ്റുകൾ ഇന്ത്യൻ ഭരണഘടനയെ അംഗീകരിക്കുന്നവരല്ലെന്നും അതുകൊണ്ടുതന്നെ പൗരാവകാശങ്ങൾ മാവോയിസ്റ്റുകൾക്ക് അവകാശപ്പെടാനാവില്ലെന്നുമുള്ള നിലപാട് സ്വീകരിച്ചിരുന്നു. ആത്യന്തികമായി ജനവിരുദ്ധ ഭരണകൂടത്തിനെ സഹായിക്കുന്നതാണ് ഈ നിലപാട്. ഭരണഘടനയുള്ളതുകൊണ്ടല്ല മനുഷ്യാവകാശങ്ങളുള്ളതെന്നും മറിച്ച് മനുഷ്യാവകാശങ്ങളെ ഉറപ്പുവരുത്താനുള്ള പരിമിതമായ ചട്ടക്കൂടുമാത്രമാണ് ഭരണഘടനയെന്നും ഇവർ തിരിച്ചറിയുന്നില്ല. നിയമേതരമായ മാർഗ്ഗങ്ങളവലംബിക്കുന്നതോടെ ഭരണകൂടത്തിന്റെ നിയമാനുസൃതമായ അധികാരം നഷ്ടപ്പെടുന്നു. എന്നാൽ തീവ്രവാദ പ്രസ്ഥാനങ്ങൾ (മാവോയിസ്റ്റുകൾ, മുസ്ലിം സംഘടനകൾ, ദേശീയ വിമോചന പ്രസ്ഥാനങ്ങൾ എന്നിവയെ ഈ ഗണത്തിൽ പെടുത്തിയിരിക്കുന്നു) എന്നാരോപിക്കുന്നതോടെ ഏറ്റവും ഭീകരമായ അടിച്ചമർത്തൽ നടത്താനും അതിന്റെ പേരിൽ ചോദ്യം ചെയ്യപ്പെടാതിരിക്കാനുമുള്ള അവകാശം ഭരണകൂട സംവിധാനങ്ങൾക്ക് കൈവരുന്നു.

വളരെ അപകടകരമായ അവസ്ഥയാണിത്. ഇതു പ്രയോജനപ്പെടുത്തിയാണ് ഭരണകൂടം അതിന്റെ ജനവിരുദ്ധമായ നയങ്ങൾക്കെതിരേയുള്ള എല്ലാ പ്രതിരോധങ്ങളേയും അടിച്ചമർത്തുന്നത്.മാവോയിസ്റ്റുകളുടെ പ്രഖ്യാപിത ലക്ഷ്യം വിഭവങ്ങൾക്കുമേലുള്ള ജനകീയാധികാരം സ്ഥാപിക്കുകയും കോർപറേറ്റുകളുടെ വിഭവക്കൊള്ളയ്ക്ക് തടയിടുക എന്നതാണ്. ജൽ, ജംഗൽ, ജമീൻ (ജലം, കാട്, ഭൂമി) എന്ന അവരുടെ മുദ്രാവാക്യം തന്നെ ഇതിന്റെ അടിസ്ഥാനത്തിലുള്ളതാണ്. സ്വാഭാവികമായും ഇത് ഭരണകൂട-കോർപറേറ്റ് താത്പര്യങ്ങളോട് ഇടയുന്നു. പ്രകൃതി വിഭവങ്ങളുടെ അനിയന്ത്രിതമായ ചൂഷണമാണ് മുതലാളിത്തത്തിന്റെ മുഖമുദ്ര. ഇതിനെ മാവോയിസ്റ്റുകൾ എതിർക്കുന്നു. മാവോയിസ്റ്റ് വേട്ടയുടെ അടിസ്ഥാന കാരണം ഇതാണ്. കേരളത്തിൽ പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിനും ആദിവാസി ചൂഷണങ്ങൾക്കുമെതിരേയാണ് മാവോയിസ്റ്റുകളുടെ പ്രവർത്തനം കേന്ദ്രീകരിച്ചിരിക്കുന്നത്.

ജനവിരുദ്ധ വികസനനയങ്ങൾക്കും അസംഘടിത മേഖലകളിലെ തൊഴിൽ ചൂഷണങ്ങളേയും മാവോയിസ്റ്റുകൾ എതിർക്കുന്നു.സാമ്രാജ്യത്വ ആഗോളവത്കരണത്തിനെതിരായ മാവോയിസ്റ്റുകളുടെ പോരാട്ടം മാവോയിസ്റ്റുകളെ സാമ്രാജ്യത്വ ദാസന്മാരായ ഭരണകൂടത്തിന്റെ ശത്രുക്കളാക്കി മാറ്റിയിരിക്കുന്നു.മാവോയിസ്റ്റുകൾ മുന്നോട്ടുവെയ്ക്കുന്ന ജനകീയ താത്പര്യങ്ങളും ഭരണകൂടത്തിന്റെ ജനവിരുദ്ധതയും തമ്മിലുള്ള യുദ്ധമാണ് മാവോയിസ്റ്റ് വേട്ടയിലൂടെ പ്രത്യക്ഷീഭവിച്ചിരിക്കുന്നത്. ജനകീയ സമരങ്ങളോടും താത്പര്യങ്ങളോടുമൊപ്പം നിന്നുവെന്നതല്ലാതെ മറ്റൊരു കുറ്റവും ഞാൻ ചെയ്തിട്ടില്ല. മനുഷ്യാവകാശപ്രവർത്തനങ്ങളിലും സ്ത്രീ, ദളിത്, ആദിവാസി പ്രശ്‌നങ്ങളിലും തൊഴിലാളി സമരങ്ങളിലും പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിലും സജീവമായ പങ്കാളിത്തവുമുണ്ടായിരുന്നു. തുടർന്നും ഈ മേഖലകളിലെ പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും ജനകീയ താത്പര്യങ്ങൾ ഉയർത്തിപ്പിടിക്കുകയും ചെയ്യും.

കോയമ്പത്തൂർ ക്യൂ - ബ്രാഞ്ച് ഓഫീസിൽ കാലത്തും വൈകുന്നേരവുമായി നാല് തവണ ഒപ്പു വെക്കണമെന്ന കർശന നിബന്ധനയോടെയാണ് ജാമ്യം അനുവദിക്കപ്പെട്ടത്. ഇതിനാൽ ജയിലിൽ നിന്നിറങ്ങിയതിനു ശേഷം ഒരു ദിവസം പോലും തികച്ച് വീട്ടിൽ നിൽക്കാനോ രോഗിയായ ഉമ്മയോടൊപ്പമോ കുട്ടികളോടൊപ്പമോ സമയം ചിലവഴിക്കാനും സാധിച്ചിട്ടില്ല. എന്നോടൊപ്പം അറസ്റ്റു ചെയ്യപ്പെട്ട മറ്റു സഖാക്കൾ ആർക്കും ഇതുവരെ ജാമ്യത്തിലിറങ്ങാൻ സാധിച്ചിട്ടില്ല. കള്ളക്കേസുകൾ ചുമത്തപ്പെട്ട് കേരളത്തിലും തമിഴ് നാട്ടിലുമായി അറസ്റ്റു ചെയ്യപ്പെട്ട മിക്ക സഖാക്കളും ഇപ്പോഴും ജയിലിൽ തന്നെയാണ്. ഇവരെ വിമോചിപ്പിക്കാനുള്ള നിയമപോരാട്ടവുമായി മുന്നോട്ട് പോവാനാണ് തീരുമാനം. ഈ കള്ളക്കേസുകളുടെ യഥാർത്ഥ വസ്തുത പുറത്തുകൊണ്ടുവരാനും കഴിയുമെന്നാണ് എന്റെ ഉറച്ച വിശ്വാസം. നിയമം വസ്തുതകളേയോ യാഥാർത്ഥ്യങ്ങളേയോ അല്ല അടിസ്ഥാനപ്പെടുത്തുന്നത് എന്നതാണ് ഒരു പ്രശ്‌നം. പല കേസുകളിലേയും എഫ്. ഐ. ആർ പരിശോധിക്കുകയാണെങ്കിൽ അവയിൽ പലതും യാതൊരു യുക്തിയും ഇല്ലാത്തതാണെന്ന് സാധാരണക്കാർക്കു പോലും മനസ്സിലാക്കാൻ കഴിയും. എന്നാൽ യു.എ.പി.എ കേസുകളെ സംബന്ധിച്ച് ജഡ്ജിമാരടക്കമുള്ളവർ ഇത്തരം കേസുകളിൽ ഇടപെടുന്നത് വളരെ യാന്ത്രികമായിട്ടാണ്.

കേസുകളെ സംബന്ധിച്ചുള്ള വസ്തുതകളോ യുക്തിയോ പരിഗണിക്കാതെയാണ് ദീർഘകാലം ആളുകളെ തടവിൽ വെയ്ക്കുന്നത്. ഒരു യു.എ.പി.എ കേസിൽ കുറ്റപത്രം സമർപ്പിക്കാൻ ആറുമാസം വരെ സമയം അനുവദിക്കാനാകും. സാധാരണ ക്രിമിനൽ കേസുകളിൽ ഇത് പരമാവധി 60 മുതൽ90 ദിവസം വരെയാണ്. ഈ സമയത്തിനകം കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ പ്രതിക്ക് ജാമ്യം ലഭിക്കും. ഒരു യു.എ.പി.എ തടവുകാരിയെ സംബന്ധിച്ച് ജാമ്യത്തിനുള്ള സാധ്യത ഇതിനാൽ തന്നെ പരിമിതപ്പെടുന്നു. ഒന്നിനു പിറകെ ഒന്നായി വിവിധ കേസുകളിൽ ഇങ്ങനെ ആറുമാസം വീതം റിമാന്റ് ചെയ്തതാണ് എന്റെ ജാമ്യം വൈകിയ്്തിനുള്ള മുഖ്യ കാരണങ്ങളിലൊന്ന്. മൂന്നര വർഷത്തോളം കഴിഞ്ഞാണ് എനിക്ക് കർശന ഉപാധികളോടെ ജാമ്യം ലഭിക്കുന്നത്.

എന്റെ പേരിലുള്ള 17 കേസുകളിൽ ഒന്നിൽ പോലും ഞാൻ നേരിട്ട് ഒരു സമൂർത്തമായ കുറ്റം ചെയ്തതായി പറയുന്നതല്ല. 10 കേസുകളും വ്യാജ രേഖകൾ ചമച്ച് സിം കാർഡ് എടുത്തുവെന്നു പറഞ്ഞുള്ളതാണ്. ഇതെല്ലാം കെട്ടിച്ചമച്ച കള്ളക്കേസുകളാണ്. ബാക്കിയുള്ള കേസുകളിൽ ആറും ഗൂഢാലോചന കുറ്റമാണ്. കേസുകളെ നിയമപരമായി നേരിട്ട് ഞങ്ങളുടെ നിരപരാധിത്വം തെളിയിക്കാനാകുമെന്നു തന്നെയാണ് വിശ്വസിക്കുന്നത്. അതുകൊണ്ട് തന്നെ നിയമപോരാട്ടം തുടരും. ആറും ഷൈന പറഞ്ഞു.
(അവസാനിച്ചു).

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP