Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാത്രിയിൽ ഇടിത്തീയായി എത്തിയ പ്രഖ്യാപനം; നോട്ടുകൾക്ക് കടലാസുവിലയായതിൽ അമ്പരന്ന് ജനം; ക്യൂ നിന്ന് മരിച്ചവർ 170 പേരെന്ന് റിപ്പോർട്ട്; പൊളിച്ചടുക്കി താരമായി ഐസക്ക്; ഞെട്ടിച്ച് മന്മോഹനും രാഹുലും; കള്ളപ്പണം പിടിക്കലും മൂന്നുലക്ഷം കോടി രൂപയുടെ നോട്ട് ബാക്കിയാവലുമൊക്കെ ആവിയായി; നോട്ടുനിരോധനം ശരിക്കും മാന്മേഡ് ഡിസാസ്റ്റർ തന്നെയല്ലേ?

രാത്രിയിൽ ഇടിത്തീയായി എത്തിയ പ്രഖ്യാപനം; നോട്ടുകൾക്ക് കടലാസുവിലയായതിൽ അമ്പരന്ന് ജനം; ക്യൂ നിന്ന് മരിച്ചവർ 170 പേരെന്ന് റിപ്പോർട്ട്; പൊളിച്ചടുക്കി താരമായി ഐസക്ക്; ഞെട്ടിച്ച് മന്മോഹനും രാഹുലും; കള്ളപ്പണം പിടിക്കലും മൂന്നുലക്ഷം കോടി രൂപയുടെ നോട്ട് ബാക്കിയാവലുമൊക്കെ ആവിയായി; നോട്ടുനിരോധനം ശരിക്കും മാന്മേഡ് ഡിസാസ്റ്റർ തന്നെയല്ലേ?

കെ വി നിരഞ്ജൻ

ങ്ങനെ പവനായി വീണ്ടും ശവമായി! ഒരു വർഷത്തിലധികമായി റിസർവ് ബാങ്ക് നടത്തിക്കൊണ്ടിരുന്ന നോട്ടെണ്ണൽ പൂർത്തിയായി. 99.3 ശതമാനം നോട്ടുകളും ബാങ്കുകളിൽ തന്നെ തിരിച്ചെത്തിയിട്ടുണ്ടെന്ന് ആർബിഐയുടെ വാർഷിക റിപ്പോർട്ട് വ്യക്തമാക്കുന്നു. ഓർക്കുക, എന്തെല്ലാമായിരുന്നു വാചകമടികൾ ? മൂന്നുലക്ഷം കോടിയുടെ പണം ബാക്കിവരും. അത് റിസർവ് ബാങ്കിന് കിട്ടും,സമ്പദ്്വ്യവസ്ഥ ശക്തിപ്പെടും, ഇന്ത്യ ലോകത്തിൻെ നെറുകയിലെത്തും.

എല്ലാ മലർപ്പെടിക്കാരന്റെ സ്വപനം മാത്രം. കള്ളപ്പണം പിടിക്കാനെന്ന് പറഞ്ഞാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 2016 നവംബർ എട്ടിന് നോട്ട് നിരോധനം പ്രഖ്യാപിച്ചത്. 500ന്റേയും ആയിരത്തിന്റേയും നോട്ടുകൾ അസാധുവാക്കിയതിനെ തുടർന്ന് വിവിധ മേഖലകളിലെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതം തുടരുകയാണ്.

ചെറുകിട വ്യവസായം, വ്യാപാരം, കൃഷി തുടങ്ങിയവയെ എല്ലാ നോട്ട് നിരോധനം പ്രതികൂലമായി ബാധിച്ചു. നൂറിലധികം പേർ നോട്ടിന് വേണ്ടി ക്യൂ നിന്ന് മരിച്ചു. ശരിക്കും ഇത് മാന്മെയ്ഡ് ഡിസാസ്റ്റർ തന്നെയായിരുന്നില്ലേ? കാരണം ഡാമുകൾ നമുക്ക് തുറക്കാതിരിക്കാനാവില്ല. പക്ഷേ നോട്ട് നിരോധിക്കാനുള്ള എന്ത സാഹചര്യമാണ് ഉണ്ടായിരുന്നത്? കള്ളപ്പണവും കള്ളനോട്ടുമായി അതിനുപറഞ്ഞ എല്ലാ ന്യായീകരണങ്ങളും ഇപ്പോൾ പൊളിയുകയാണ്.

ഒന്നും വ്യക്തമായ പഠനങ്ങൾ ഇല്ലാതെ

ഒരു സംഘപരിവാര സംഘടനയുടെ ശുപാർശയല്ലാതെ, കാര്യമായ യാതൊരു പഠനങ്ങളും നോട്ടുനിരോധനത്തിന്റെ ഭാഗാമായി ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ അർധഫാസിസത്തിന്റെ തുടക്കമായാണ് അരുദ്ധതി റോയിയെപ്പോലുള്ള എഴുത്തുകാർ ഈ പരിപാടിയെ കണ്ടത്. ജനാധിപത്യപരമായ കീഴ് വഴക്കങ്ങൾ പാലിക്കാതെ ഏകപക്ഷീയമായി തൊടുത്തുവിട്ട ദിശാബോധമില്ലാത്ത മിസൈലാണ് കേന്ദ്രസർക്കാരിന്റെ നോട്ടുനിരോധനമെന്ന് സാമ്പത്തിക വിദഗ്ധൻ അമർത്യാസെന്നും പ്രതികരിച്ചു. മുംബൈയിൽ അന്താരാഷ്ട്രസെമിനാറിൽ സംസാരിക്കവേയാണ് രാഷ്ട്രം ഭാരതരത്‌നം നൽകി ആദരിച്ച നൊബേൽ സമ്മാനജേതാവായ സാമ്പത്തികശാസ്ത്രജ്ഞൻ നോട്ടുനിരോധനത്തിനെതിരേ ആഞ്ഞടിച്ചത്. പ്രഭാത്പട്നായിക്ക്, തോമസ് ഐസക്ക് തുടങ്ങിയ ഇടതു ബുദ്ധിജീവകളൊക്കെ നോട്ടുനിരോധനത്തിനെതിരെ രംഗത്തുവന്നു. ദിവസങ്ങൾ കഴിയുന്തോറും ദുരിതങ്ങൾ കൂടിക്കൂടി വന്നതോടെ എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരുമായ മുഴുവൻ പേരും സർക്കാറിനെതിരെ തിരിഞ്ഞു. അപ്പോഴും കള്ളപ്പണത്തിന്റെയും കള്ളക്കടത്തുകാരുടെയും പേരുപറഞ്ഞാണ് മോദി സർക്കാർ പിടിച്ചു നിന്നത്. അതും കളവാണെന്നാണ് ഇപ്പോൾ തെളിയുന്നത്.

ജനങ്ങൾക്കുനേരെയുള്ള സർജിക്കൽ സ്ട്രൈക്ക്

സ്വന്തം കൈയിലെ കാശടുക്കാൻ എടിഎമ്മുകൾക്ക് മുന്നിലും ബാങ്കുകൾക്കുമുന്നിലും ജനം ക്യൂ നിന്ന് മരിച്ച നാളുകൾ. ഇത് മൂലം മരണപ്പെട്ട 170 ജീവനുകളാണെന്നാണ് വിവരം. പുതിയ നോട്ടുകൾ പ്രിന്റ് ചെയ്യുന്നതിനായി 8000 കോടി രൂപ ആർബിഐ ചിലവു ചെയ്തു. വെറും നോട്ടുകൾ അച്ചടിക്കാനാണ് ഇത്രയും ചെലവായത്. ഇനിയും പുറത്ത് വരേണ്ട ചെലവ് എടിഎം സോഫ്റ്റ് വെയർ തുടങ്ങിയത് ഇതിൽ കൂട്ടിയിട്ടില്ല. വ്യവസായിക തകർച്ച, ബാങ്കുകളുടെ പതനം, ചെറുകിട വ്യാപാര വ്യവസായങ്ങൾ കൂടി കണക്കാക്കിയാൽ ഈ ദുരന്ത തീരുമാനത്തിന്റെ കെടുതിയുടെ വ്യാപ്തി അതിതീവ്രമാകും.

എലിയെ പേടിച്ച് ഇല്ലം ചുടുന്ന രീതിയാണ് നോട്ട് നിരോധനം എന്ന് ഇടതുപക്ഷവും സാമ്പത്തിക വിദഗ്ധരും വ്യക്തമാക്കിയപ്പോൾ രാജ്യദ്രോഹികൾ എന്ന് വിശേഷിപ്പിച്ചവർ പറയണം ആരാണ് യഥാർത്ഥ രാജ്യദ്രോഹിയെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യം. വാണിജ്യ-വ്യവസായ മേഖലകളിലടക്കം സകലതും പിറകോട്ടടിച്ചു. ഈ തുഗ്ലക്ക് പരിഷ്‌ക്കാരത്തിന്റെ കെടുതികളിൽനിന്ന് രാജ്യം കരകയറണമെങ്കിൽ ഇനിയും അഞ്ചുവർഷം എടുക്കുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ പറയുന്നത്.

നാറാണത്തു ഭ്രാന്തന്റെ മിന്നലാക്രമണം; താരമായത് ഐസക്ക്

തുടക്കത്തിൽ ലിബറൽ ഇടതുപക്ഷ സർക്കിളിൽ നിന്നുപോലും പിന്തുണ കിട്ടിയിരുന്ന നോട്ടുനിരോധത്തെ ആദ്യദിനത്തിൽ തന്നെ എതിർത്തത് കേരള ധനമന്ത്രിയും സിപിഎം നേതാവുമായ ഡോ.ടി.എം തോമസ് ഐസക്കായിരുന്നു. അതുകൊണ്ട് തന്നെ പിന്നീട് കെടുതികൾ യാഥാർഥ്യമായപ്പോൾ ജനം ഐസക്കിന്റെ നിലപാടിനൊപ്പാമായി. 2000ത്തിന്റെ നോട്ടിൽ ചിപ്പുണ്ടെന്ന് സംശയം പറയുകയും ആദ്യഘട്ടത്തിൽ നോട്ട് നിരോധനത്തെ അനുകൂലിക്കുകയും ചെയ്ത പിസിജോർജ് പിന്നീട് നിലപാട് മാറ്റി പറഞ്ഞത് 'ഇപ്പോൾ ഐസക്ക് താരമായി എന്നാണ്'.

നോട്ടുനിരോധനത്തിന്റെ ഒന്നാം വാർഷികദിനത്തിൽ ദേശാഭിമാനിയിലെ ലേഖനത്തിൽ, നാറാണത്തു ഭ്രാന്തന്റെ മിന്നലാക്രമണം എന്നാണ് ഐസക്ക് ഇതിനെ വിശേഷിപ്പിച്ചത്. മുതലകളിൽ നിന്നും മീനുകളെ രക്ഷിക്കാൻ കുളം മുഴുവൻ വറ്റിക്കുന്ന ഉടമയെ പോലെയാണ് കള്ളപ്പണക്കാരെ നശിപ്പിക്കാൻ നോട്ടുനിരോധിച്ച മോദിയുടെ നടപടിയെന്നാണ് ലേഖനത്തിൽ തോമസ് ഐസക് പറയുന്നത്. മുതലകളെപ്പോലെയാണ് കള്ളപ്പണം, കരയിലും വെള്ളത്തിലും ജീവിക്കുമെന്നും അദ്ദേഹം പറയുന്നു. നോട്ട് അസാധുവാക്കലിലൂടെ നാലഞ്ചുലക്ഷം കോടി രൂപയെങ്കിലും നേട്ടമുണ്ടാകുമെന്നായിരുന്നു കേന്ദ്രസർക്കാർ പ്രതീക്ഷിച്ചത്. നോട്ടുകളെല്ലാം ബാങ്കിൽ കൊണ്ടുവന്ന് പുതിയവയായി മാറ്റുമ്പോൾ കള്ളപ്പണക്കാർക്ക് ബാങ്കിലെത്താനാകില്ലെന്നും ഇവർ കൈവശമുള്ള നോട്ടുകൾ നശിപ്പിക്കുകയോ കുഴിച്ചുമൂടുകയോ ചെയ്യുമെന്ന കണക്കുകൂട്ടലിലായിരുന്നു സർക്കാർ. നോട്ട് അടിച്ചിറക്കുന്നത് റിസർവ് ബാങ്കായതിനാൽ അത് അവരുടെ ബാധ്യതയാണ്. നാലഞ്ചുലക്ഷം കോടി നോട്ടുകൾ തിരിച്ചുവന്നില്ലെങ്കിൽ ബാധ്യത അത്രയും കുറയും. ബാലൻസ് ഷീറ്റിൽ അത്രയും ലാഭമുണ്ടാകും. ഈ തുക കേന്ദ്രസർക്കാറിനെടുക്കാമെന്ന ധാരണയിലായിരുന്നു നോട്ടുനിരോധനമെന്നും എന്നാൽ ഭൂരിഭാഗം നോട്ടുകളും തിരിച്ചുവന്നതോടെ ആ തന്ത്രം പാളിയെന്നുമാണ് തോമസ് ഐസക് പറയുന്നത്.

നോട്ടുനിരോധനം കൊണ്ട് പാവപ്പെട്ടവർക്കാണ് ഏറെ ദുരിതമുണ്ടായതെന്നും അദ്ദേഹം വിശദീകരിക്കുന്നു. നോട്ടുകളില്ലാതായതോടെ കൂലിവേലക്കാർക്ക് ജോലിയില്ലാതായി. പാവങ്ങളുടെ കൈയിൽ പണമില്ലാതായതോടെ അവർക്ക് സാധനങ്ങൾ വിറ്റിരുന്ന ചെറുകിട കച്ചവടക്കാരും കൈവേലക്കാരും തകർച്ച നേരിട്ടു. അസംസ്‌കൃത വസ്തുക്കൾ വാങ്ങാൻ കഴിയാതെ ചെറുകിട വ്യവസായങ്ങൾ തകർന്നു. സാധനങ്ങൾ വിൽക്കാൻ പറ്റാതെ കൃഷിക്കാർക്ക് ഉല്പന്നങ്ങൾ കിട്ടിയ വിലയ്ക്കു വിൽക്കേണ്ടി വന്നെന്നും അദ്ദേഹം പറയുന്നു.
എന്നാൽ ധനികരെ ഇതൊട്ടും ബാധിച്ചില്ലെന്നും അദ്ദേഹം പറയുന്നു. ക്രെഡിറ്റ് കാർഡ് പോലുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് ഇവർ രക്ഷപ്പെടുകയാണുണ്ടായത്. ഇതോടെയാണ് നോട്ടുനിരോധിച്ചത് ഇന്ത്യയെ ഡിജിറ്റൽ ഇക്കോണമിയാക്കാൻ വേണ്ടിയാണെന്ന് മോദി പ്രഖ്യാപിച്ചതെന്നും തോമസ് ഐസക് പറയുന്നു.

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകിടംമറിഞ്ഞെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ നോട്ടുനിരോധനത്തിന്റെ ഗുണം ദീർഘകാലാടിസ്ഥാനത്തിലാണ് ലഭിക്കുകയെന്ന് പറഞ്ഞാണ് ബിജെപി പ്രതിരോധിച്ചത്. ഇതാണ് നോട്ടുനിരോധനത്തിലൂടെ ലക്ഷ്യമിട്ടതെങ്കിൽ ഒരു അർധരാത്രിയിൽ പൊടുന്നനെ നോട്ടുനിരോധനം നടപ്പിലാക്കേണ്ടതില്ലായിരുന്നെന്നും തോമസ് ഐസക് പറയുന്നു. മൂന്നോ നാലോ മാസത്തെ സാവകാശം ജനങ്ങൾക്കു നൽകി അവർ നോട്ടുകളെല്ലാം മാറിയെടുത്തശേഷം സമയമെടുത്ത് ഓരോ അക്കൗണ്ടും പരിശോധിച്ച് കള്ളപ്പണം പിടിക്കാമായിരുന്നില്ലേയെന്നും അദ്ദേഹം ചോദിക്കുന്നു.

'എന്തിനീ നാട്ടിലെ പാവങ്ങളെ ഈ പങ്കപ്പാടിലേക്ക് തള്ളിവിട്ടു? ഇതിന് മോദി മറുപടി പറഞ്ഞേതീരൂ' അദ്ദേഹം ആവശ്യപ്പെടുന്നു. നോട്ടുനിരോധനം ഉയർത്തി ഓരോ പ്രശ്നങ്ങളിലും കേരളസർക്കാർ ശക്തമായി തന്നെ പ്രതികരിച്ചിട്ടുണ്ടെന്നും തോമസ് ഐസക് അവകാശപ്പെടുന്നു. സഹകരണമേഖലയെ തകർക്കാനുള്ള ശ്രമം ചെറുത്തുതോൽപ്പിച്ചെന്നും അദ്ദേഹം പറയുന്നു.' ഇന്ത്യയിൽ കേരളത്തിൽ മാത്രമാണല്ലോ പ്രശ്നങ്ങൾ എന്നായിരുന്നു സംഘികളുടെ വിമർശനം. അതു തന്നെയാണ് കേരള സർക്കാറിനുലഭിച്ച ഏറ്റവും വലിയ സർട്ടിഫിക്കറ്റ്' എന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം ലേഖനം അവസാനിപ്പിക്കുന്നത്.

അരമന രഹസ്യം അങ്ങാടിപ്പാട്ടായി

നോട്ട് റദ്ദാക്കൽ നടപടി പരമ രഹസ്യമായി സൂക്ഷിക്കാൻ കഴിഞ്ഞത് പ്രധാനമന്ത്രി മോദിയുടെ ഭരണനിർവഹണശേഷിയുടെ അടയാളമായി പലരും കൊണ്ടാടിയിട്ടുണ്ട്. എന്നാൽ നവംബർ 8ന് മുമ്പ് ചിലയിടങ്ങളിൽ ബിജെപി. നേതാക്കൾ പണം ഡെപ്പോസിറ്റ് ചെയ്തതിന്റേയും ഭൂമിയും മറ്റും വാങ്ങിയതിന്റേയും വാർത്തകൾ വന്നിരുന്നു.അമിത്ഷാ ഡയറക്ടറായ ഗുജറാത്തിലെ ബാങ്കുകള്ളെകുറിച്ചും വലിയ പരാതികൾ ഉണ്ടായി.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അർദ്ധ ഔദ്യോഗിക പ്രസിദ്ധീകരണമായ Ecowrap ന്റെ 2016 ഏപ്രിൽ 7-ലെ ലക്കത്തിൽ വരാൻ പോകുന്ന ഡീമോണിറ്റേഷനെക്കുറിച്ച് 'Currency Increase and Demonetisation' എന്നൊരു ലേഖനം തന്നെ വന്നിരുന്നു. മാർച്ചിൽ ഇന്ത്യയിലെ പൊതുജനങ്ങളുടെ കൈയിലുള്ള നോട്ടുകളുടെ എണ്ണത്തിൽ ക്രമാതീതമായ വർദ്ധനവുണ്ടായി. ഈ വർദ്ധനയുടെ പിന്നിലെ കാരണങ്ങളെക്കുറിച്ചാണ് ലേഖനം.

ഇത് വരാൻ പോകുന്ന പഞ്ചാബ്, യു.പി. ഇലക്ഷനുമായിട്ട് ബന്ധമൊന്നുമില്ല എന്ന് മുൻ ഇലക്ഷൻ കാലത്ത് പൊതുജനങ്ങളുടെ കൈവശമുണ്ടായ കറൻസിമാറ്റങ്ങളെ താരതമ്യപ്പെടുത്തിക്കൊണ്ട് സമർത്ഥിക്കുകയാണ് ലേഖനത്തിന്റെ ആദ്യഭാഗം. ഈ ലേഖനം ഇന്ത്യയിലുള്ള നോട്ടുകളുടെ എണ്ണവും അവ റദ്ദാക്കിയാൽ അച്ചടിക്കാൻ വേണ്ടിവരുന്ന പ്രയാസങ്ങളും എ.ടി.എമ്മിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചുമെല്ലാം പരസ്യമായി പ്രതിപാദിക്കുന്നുണ്ട്. എന്നാൽ ദൗർഭാഗ്യവശാൽ ഈ മുൻകരുതലുകളൊന്നും എടുക്കുകയുണ്ടായില്ല. പൊടുന്നനെയുള്ള നോട്ട് റദ്ദാക്കൽ തെറ്റായൊരു നടപടിയാണെന്നു മാത്രമല്ല, നിർവഹണത്തിലെ അമ്പേ പരാജയത്തിന്റെ മാതൃകകൂടിയാണ്.

മർമ്മത്തിൽ കുത്തി മന്മോഹൻ

നോട്ടുനിരോധനത്തെ മർമ്മത്തിൽ കുത്തിനോവിച്ചത് മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ്ങാണ്. രണ്ടു വർഷം റിസർവ് ബാങ്ക് ഗവർണറും അഞ്ചു വർഷം ഇന്ത്യയുടെ ധനമന്ത്രിയും 10 വർഷം പ്രധാനമന്ത്രിയുമായിരുന്ന സിങ്ങിന്റെ ചോദ്യങ്ങളും വിമർശനങ്ങളും കുറിക്കുകൊണ്ടു. രാജ്യസഭയിൽ മന്മോഹൻ നടത്തിയ പ്രസംഗം രാജ്യത്തിന്റെ പൊതുസ്വരമായി മാറി. നിക്ഷേപകനു പണം പിൻവലിക്കാൻ കഴിയാത്ത ഒരു രാജ്യത്തിന്റെ പേര് പറയാമോ എന്നു ചോദിച്ച് 2016 നവംബർ 24ന് സിങ് നടത്തിയ പ്രസംഗം ആഴമേറിയ വിശകലനമായിരുന്നു.

പ്രസംഗത്തിൽനിന്ന്: 'കള്ളപ്പണം തടയുന്നതിനും കള്ളനോട്ടുകളുടെ പ്രചാരം തടയുന്നതിനും ഭീകരരുടെ സാമ്പത്തിക സ്രോതസ്സ് തടയുന്നതിനുമാണ് ഈ നടപടിയെന്നു പ്രധാനമന്ത്രി വാദിക്കുന്നു. ഈ ഉദ്ദേശ്യത്തോടു ഞാൻ വിയോജിക്കുന്നില്ല. എന്നാൽ നോട്ടുകൾ അസാധുവാക്കാനുള്ള ഈ നടപടി നടപ്പാക്കുന്നതിൽ വൻവീഴ്ചയുണ്ടായി എന്നതിൽ രാജ്യത്തു രണ്ടഭിപ്രായമില്ല. തൽക്കാലത്തേക്കു ചില ബുദ്ധിമുട്ടുകളെല്ലാം ഉണ്ടാകുമെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ രാജ്യതാൽപര്യത്തിനു ഗുണകരമാണിതെന്നു വാദിക്കുന്നവരെ ജോൺ കെയ്ൻസിന്റെ ഈ വാക്കുകൾ ഓർമിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, 'ദീർഘകാലാടിസ്ഥാനത്തിൽ നോക്കിയാൽ നാമെല്ലാവരും മരിച്ചവരായിരിക്കും.'

ജനം ബാങ്കുകളിൽ നിക്ഷേപിച്ച പണം പിൻവലിക്കാൻ അവരെ അനുവദിക്കാത്ത ഏതെങ്കിലും രാജ്യത്തിന്റെ പേരു പറയാൻ പ്രധാനമന്ത്രിക്കു കഴിയുമോ എന്നറിയാൻ ആഗ്രഹിക്കുന്നു. രാജ്യത്തെ ജനങ്ങളുടെ നന്മയ്ക്കെന്ന പേരിലുള്ള ഈ നടപടിയെ അപലപിക്കാൻ ഈ ഒരൊറ്റ കാര്യം മാത്രം മതിയെന്നു ഞാൻ കരുതുന്നു. രാജ്യത്തെ കാർഷിക മേഖലയുടെ വളർച്ചയെ, ചെറുകിട വ്യവസായ രംഗത്തെ, അസംഘടിത മേഖലയിൽ പ്രവർത്തിക്കുന്ന വലിയൊരു ജനസമൂഹത്തെ വല്ലാതെ മുറിപ്പെടുത്തുന്നതാണ് നടപടി. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉൽപാദനത്തിൽ ഇതുമൂലം രണ്ടു ശതമാനത്തിന്റെ കുറവുണ്ടാകുമെന്നു ഞാൻ കരുതുന്നു.

ദിനംപ്രതി നിയമഭേദഗതിയും പണം പിൻവലിക്കുന്നതു സംബന്ധിച്ച നിബന്ധനകളുമായി റിസർവ് ബാങ്ക് മുന്നോട്ടുവരുന്നത് ആർക്കും നല്ലതല്ല. ഇതു പ്രതിഫലിപ്പിക്കുന്നത് പ്രധാനമന്ത്രിയുടെ ഓഫിസും ധനമന്ത്രിയുടെ ഓഫിസും റിസർവ് ബാങ്കും എത്ര ശോച്യമായ നിലയിലാണെന്നാണ്. സമൂഹത്തിലെ 90% ആളുകളും അസംഘടിത മേഖലയിൽ ജോലി ചെയ്യുന്നവരാണ്. കാർഷിക മേഖലയിൽ ജോലി ചെയ്യുന്നവരാണ് 55 ശതമാനവും. അവരെല്ലാം അതീവ ബുദ്ധിമുട്ടിലാണ്. ഗ്രാമീണ മേഖലയിലെ ഭൂരിഭാഗം പേർക്കും പ്രയോജനകരമായിരുന്ന സഹകരണ ബാങ്ക് മേഖലയെ പണം കൈകാര്യം ചെയ്യുന്നതു വിലക്കിയതു മൂലമുള്ള ദുരിതത്തിനു കണക്കില്ല. സാധാരണക്കാരുടെ പേരുപറഞ്ഞു നിയമസാധുത അവകാശപ്പെടുന്നുണ്ടെങ്കിലും ഇതു തികച്ചും സംഘടിതമായ കൊള്ളയാണ്.'

സിങ്ങിന്റെ വാക്കുകൾ കേന്ദ്രത്തിനും പ്രധാനമന്ത്രിക്കും എതിരെയുള്ള രാഷ്ട്രീയ ആയുധമായി. രണ്ടാഴ്ചയ്ക്കു ശേഷം ഡിസംബർ ഒൻപതിന് ഇംഗ്ലീഷ് ദിനപത്രത്തിലെഴുതിയ ലേഖനത്തിൽ സിങ് വിമർശനം കടുപ്പിച്ചു. കള്ളപ്പണവും വ്യാജ കറൻസിയും തടയുക എന്ന ലക്ഷ്യത്തെ പൂർണമായും പിന്തുണയ്ക്കേണ്ടതു തന്നെയാണ്. എന്നാൽ എല്ലാ പണവും കള്ളപ്പണമാണെന്നും എല്ലാ കള്ളപ്പണവും പണമായിത്തന്നെ സൂക്ഷിക്കപ്പെടുന്നുവെന്നുമുള്ള ധാരണ യാഥാർഥ്യത്തിൽനിന്ന് ഏറെ അകലെയാണെന്നു സിങ് ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെ 90 ശതമാനത്തിലേറെ തൊഴിലാളികളും പണമായി ശമ്പളം വാങ്ങുന്നവരാണ്. കറൻസിയായി കയ്യിലുള്ള പണമാണ് അവരുടെ ജീവിതത്തിന്റെ അടിസ്ഥാനം. അവരുടെ സമ്പാദ്യവും പണമായിത്തന്നെയാണ്. കഠിനാധ്വാനം ചെയ്ത് അവർ സ്വരുക്കൂട്ടിയ പണമാണ് ഒരു രാത്രി കൊണ്ട് 'കള്ളപ്പണം' ആയി മാറിയത്. പൗരന്റെ സ്വത്തും ജീവനും ജീവിതമാർഗവും സംരക്ഷിക്കുക ഏതു ജനാധിപത്യ സർക്കാരിന്റെയും പ്രാഥമിക ചുമതലയാണ്. ആ ചുമതലയെ പരിഹാസ്യമാക്കുകയാണ് നോട്ട് അസാധുവാക്കലിലൂടെ പ്രധാനമന്ത്രി ചെയ്തത്.

റേഷൻ കിട്ടാനായി ക്യൂവിൽ നിൽക്കേണ്ടിവന്നിട്ടുള്ള യുദ്ധകാലത്തിന്റെ അനുഭവമുള്ളയാളാണു ഞാൻ. പിന്നീടൊരുകാലത്ത്, റേഷനായി കിട്ടുന്ന പണത്തിനായി എന്റെ നാട്ടിലെ ജനങ്ങൾ അന്തമില്ലാതെ വരിനിൽക്കേണ്ടിവരുമെന്ന് ഞാൻ ഒരിക്കലും കരുതിയിട്ടില്ല. എല്ലാ പരിഹാരങ്ങളും എല്ലാ ഉത്തരങ്ങളും തന്റെ പക്കലുണ്ടെന്ന തോന്നലും തനിക്കു മുൻപുണ്ടായിരുന്ന സർക്കാരുകൾ കള്ളപ്പണം തടയുന്നതിൽ ഉൽസാഹമില്ലാത്തവരായിരുന്നുവെന്ന വിശ്വാസവും ആത്മനിർവൃതി നൽകുന്നതും പ്രലോഭിപ്പിക്കുന്നതുമായിരിക്കും. എന്നാൽ വസ്തുത അതല്ലെന്നും സിങ് വ്യക്തമാക്കി.

വളർച്ചാനിരക്ക് കുത്തനെ താഴേക്ക്

മന്മോഹൻ സിങ്ങിന്റെ പ്രഖ്യാതമായ നോട്ട് റദ്ദാക്കൽ വിരുദ്ധ പ്രസംഗം അച്ചട്ടായി. രാജ്യത്തിന്റെ വളർച്ചാനിരക്ക് കുത്തനെ താഴേക്കായി. എന്നാൽ വിമർശകർക്കെതിരെ ആഞ്ഞടിച്ച് ഒക്ടോബർ നാലിന് മോദി രംഗത്തെത്തി. രാജ്യത്തെ മൊത്തം ദേശീയ ഉൽപാദനം (ജിഡിപി) 5.7% ആയി കുറഞ്ഞത് ഇതാദ്യമൊന്നുമല്ലെന്നും മുൻ സർക്കാരിന്റെ കാലത്ത് എട്ടുതവണ വളർച്ചാനിരക്ക് 5.7 ശതമാനത്തിൽ കുറഞ്ഞിട്ടുണ്ടെന്നും മോദി പറഞ്ഞു.

വളർച്ചാനിരക്കു കുറഞ്ഞുവെന്നത് അംഗീകരിക്കുന്നു. എന്നാൽ ഇതു മെച്ചപ്പെടുത്താൻ എല്ലാ നടപടികളും കൈക്കൊണ്ടുവരികയാണ്. നോട്ട് നിരോധനം ശരിയായ നടപടിയായിരുന്നു. ചില വ്യക്തികൾക്ക് അശുഭാപ്തി വിശ്വാസം പ്രചരിപ്പിച്ചാലേ ഉറക്കം വരികയുള്ളൂ. മന്മോഹൻ സിങ്ങും ചിദംബരവും കൂടി സാമ്പത്തികരംഗം കൈകാര്യം ചെയ്ത കാലത്ത് എട്ടുതവണ വളർച്ചാനിരക്ക് 5.7ൽ താഴെപ്പോയിട്ടുണ്ട്. 0.2 ശതമാനവും 1.5 ശതമാനവും വരെ താഴ്ന്ന ചരിത്രവുമുണ്ട്.

ഇപ്പോൾ കള്ളപ്പണം ശേഖരിച്ചുവയ്ക്കുക എളുപ്പമല്ല. കള്ളപ്പണത്തിന്റെ മരണമണിയാണു മുഴങ്ങിയത്. രാജ്യം ഏറെക്കാലമായി ആഗ്രഹിച്ചിരുന്നതാണത്. കഴിഞ്ഞ സർക്കാരിന്റെ കാലത്തു നയപരമായ തളർവാതം ബാധിച്ചതാണു സാമ്പത്തിക മേഖലയുടെ മാന്ദ്യത്തിന് ഇടയാക്കിയത്. ഉയർന്ന പണപ്പെരുപ്പവും ഉയർന്ന കറന്റ് അക്കൗണ്ട് കമ്മിയും ധനകാര്യക്കമ്മിയും കാരണം രാഷ്ട്രം വിഷമത്തിലായിരുന്നു. ഇന്ത്യൻ സമ്പദ് വ്യവസ്ഥ ഇപ്പോൾ ഉറച്ച അടിത്തറയിലാണ്. താൽക്കാലിക നേട്ടത്തിനുവേണ്ടി ഭാവിയെ അവതാളത്തിലാക്കില്ല. സാമ്പത്തിക പരിഷ്‌കരണവുമായി സർക്കാർ മുന്നോട്ടു പോവുക തന്നെ ചെയ്യും പ്രധാനമന്ത്രി പറഞ്ഞു. പക്ഷേ ഇന്ന് പിൻതിരിഞ്ഞ് നോക്കുമ്പോൾ അതും വാചകമടിയാണെന്ന് തെളിയുന്നു.

പോർമുഖം തുറന്ന് രാഹുലും

ബിജെപി നേതാക്കൾക്കു പുറമെ, എൻഡിഎ മുന്നണിയിലും വിമതസ്വരം പടർന്നു. ഇന്ത്യയുടെ രാഷ്ട്രപിതാവാണെന്ന് നരേന്ദ്ര മോദി സ്വയം സങ്കൽപ്പിച്ചിരിക്കുകയാണ് എന്നായിരുന്നു ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെയുടെ വിമർശനം. പത്തി വിടർത്തിയ മൂർഖനാണു ബിജെപി. 25 വർഷമായി സഖ്യത്തിലുള്ള തങ്ങൾക്കു നേരെയും ഇപ്പോൾ ആ മൂർഖൻ പത്തിവിടർത്തുന്നു. കറൻസി റദ്ദാക്കൽ ഒട്ടേറെപ്പേർക്കു ബുദ്ധിമുട്ടുണ്ടാക്കിയതല്ലാതെ മറ്റൊന്നും സംഭവിച്ചിട്ടില്ല. രാജ്യത്തെ ധനികരെ സ്പർശിക്കാൻ പോലും മോദി സർക്കാരിനായില്ലെന്നും ശിവസേന കുറ്റപ്പെടുത്തി.

കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും മോദിയും പരസ്പരം പോർമുഖം കൂടുതൽ ശക്തമാക്കിയതും നോട്ടുനിരോധന കാലത്താണ്. അന്ധേരിക്കടുത്തു വകോളയിലെ എടിഎമ്മിനു മുന്നിൽ പണം മാറാനുള്ള നീണ്ട വരിയിൽ നിന്ന് ഐക്യദാർഢ്യം പ്രകടിപ്പിച്ചും നിരന്തരം ആരോപണങ്ങൾ ഉന്നയിച്ചും കോൺഗ്രസിന് രാഹുൽ ഊർജമേകി. പേയ്ടിഎം എന്നാൽ പേയ് ടു മോദിയെന്ന് ആക്ഷേപിച്ച് ഡിജിറ്റൽ പണമിടപാടുകളിലേക്കുള്ള ചുവടുമാറ്റത്തെയും രാഹുൽ പരിഹസിച്ചു.

ഒരൊറ്റ നടപടിയിലൂടെ മോദി പാവങ്ങളെയും കർഷകരെയും ദിവസത്തൊഴിലാളികളെയും തകർത്തുകളഞ്ഞു. നോട്ടുപിൻലിക്കൽ ധീരമായ നടപടിയല്ല, വേണ്ടത്ര തയ്യാറെടുപ്പില്ലാതെ കൈക്കൊണ്ട മണ്ടൻ തീരുമാനമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഞ്ചു ചോദ്യങ്ങളും അഞ്ച് ആവശ്യങ്ങളും രാഹുൽ ഉന്നയിച്ചു. പണക്കാരനും പാവപ്പെട്ടവനും എന്ന നിലയിൽ ഇന്ത്യയെ രണ്ടായി വിഭജിക്കാൻ മോദി ശ്രമിച്ചു. 99 ശതമാനം വരുന്ന സത്യസന്ധരായ കൃഷിക്കാരും തൊഴിലാളികളും ഇടത്തരക്കാരും ഉൾപ്പെടുന്ന ജനത്തിനുമേൽ പ്രധാനമന്ത്രി തീബോംബ് വർഷിച്ചെന്നും രാഹുൽ വാക്ശരം എയ്തു.

രണ്ടാം ലോകയുദ്ധ കാലത്ത് 25 മിനിറ്റിനുള്ളിൽ വർഷിച്ച് ചാമ്പലാക്കാവുന്ന തീബോംബ് ഉണ്ടാക്കി ടോക്കിയോയിൽ പ്രയോഗിച്ചു. കറൻസി നോട്ടുകളെ അടിസ്ഥാനമാക്കിയുള്ള ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയ്ക്കു നേർക്ക് മോദിയും തീബോംബ് വർഷിച്ചു. ഈ ആക്രമണം കള്ളപ്പണം കൈവശം വച്ചിരിക്കുന്ന ഒരു ശതമാനം ആളുകളുടെ നേർക്കായിരുന്നില്ല. പകരം 99 ശതമാനം വരുന്ന ഇന്ത്യയിലെ ദരിദ്രർക്കു നേരെയായിരുന്നു. സഹാറ, ബിർല ഗ്രൂപ്പുകളിൽ നിന്നായി പ്രധാനമന്ത്രി പലതവണയായി 52 കോടി കൈപ്പറ്റിയെന്ന ആരോപണവും രാഹുൽ ഉന്നയിച്ചു. രാഹുൽ പ്രസംഗിക്കാൻ പഠിച്ചതിൽ അതിരറ്റ സന്തോഷം എന്നായിരുന്നു മോദിയുടെ മറുപടി.എത്ര നാളായി ജനം ക്യൂ നിൽക്കുന്നു.

ഒരു ധനികനെയെങ്കിലും ക്യൂവിൽ കണ്ടോ? എത്ര പേർക്ക് ആവശ്യത്തിനു പണം കിട്ടി? മോദിക്കൊപ്പം വിമാനത്തിൽ പോകുന്ന സഹസ്ര കോടീശ്വന്മാരായ യഥാർഥ കള്ളപ്പണക്കാർക്കെതിരെ എന്തു നടപടിയാണ് ഇതുവരെ സ്വീകരിച്ചത്? മോദിയുടെ വ്യവസായ സുഹൃത്തുക്കളുടെ ക്രമക്കേടുകൾക്കെതിരെ എന്തെങ്കിലും അന്വേഷണം ഉണ്ടായോ? ജനം സ്വന്തം പണത്തിനായി മണിക്കൂറുകൾ കാത്തുനിൽക്കുന്നു. ഈ പണമാണു പത്തോ ഇരുപതോ വ്യവസായികൾക്കു നൽകുന്നത്. അവർ ആരൊക്കെയെന്നു ജനങ്ങൾക്കറിയാം. അവരുടെ സർക്കാരിനെയാണു മോദി നയിക്കുന്നത് നിരന്തരം വിമർശനങ്ങളുയർത്തി പ്രശ്നത്തെ സജീവമാക്കുന്നതിൽ രാഹുൽ ശ്രദ്ധിച്ചു. മാത്രമല്ല മമതാബാനർജി തൊട്ട് പിണറായി വിജയൻ വരെയുള്ള സകലരും ഒത്തുചേർന്ന് ഫലത്തിൽ പ്രതിപക്ഷ ഐക്യം ഉണ്ടാക്കാനും ഈ നീക്കം ഉപകരിച്ചു.

സമാനമായ പോര് കേരളത്തിലും

സഹകരണ ബാങ്കുകളെ ഞെക്കിക്കൊല്ലുന്നതിന് കേന്ദ്രം ശ്രമിച്ചത് പലപ്പോഴും കേരളത്തിലും വലിയ രാഷ്ട്രീയ വാഗ്വാദങ്ങൾക്ക് വഴിമാറി. പിണറായി വിജയനും കുമ്മനം രാജശേഖരനും പലപ്പോഴും നേരിട്ട് ഏറ്റുമുട്ടി. അപ്പോഴൊക്കെ കള്ളപ്പണത്തിന്റെയും ദേശസ്നേഹത്തിന്റെയും കഥ പറഞ്ഞാണ് സംഘപരിവാർ പിടിച്ചു നിന്നത്. അവസാനം ഏറെ പണിപെട്ടാണ് സഹകരണബാങ്കുകൾ ഈ പ്രശ്നത്തിൽ നിന്ന് കരകയറിയത്. പക്ഷേ അപ്പോഴും ബിജെപി നേതാക്കൾ ഉറച്ച വിശ്വാസത്തിലായിരുന്നു. നോട്ട് നിരോധനം സമ്പത്തുകൊണ്ടുവരുമെന്നും മിനിമം മൂന്നുലക്ഷം കോടി രൂപയെങ്കിലും തിരിച്ചുവരുമെന്നുമാണ് അവർ വിശ്വസിച്ചിരുന്നത്.

ഏഷ്യാനെറ്റ് ചർച്ചയിൽ സുരേന്ദ്രന്റെ വാക്കുകൾ ഇങ്ങനെയാണ്.

'ഞാൻ വെല്ലുവിളിക്കുന്നു തോമസ് ഐസക്കിനെ, മൂന്നുലക്ഷം കോടിയുടെ കുറവ് റിസർവ് ബാങ്കിലുണ്ടായില്ലെങ്കിൽ വിനു പറയുന്ന പണിയെടുക്കാം ഞാൻ. ഇതെല്ലാവരുടെയും മുന്നിൽവച്ചാണ് പറയുന്നത്. കള്ളപ്പണം നോട്ടായിട്ടല്ലെങ്കിൽ മൂന്നുലക്ഷം കോടി രൂപയുടെ കുറവ് റിസർവ് ബാങ്കിലുണ്ടാകും. ലയബലിറ്റിയായി. 14 ലക്ഷം നോട്ടിൽ 11 ലക്ഷത്തിന് മേൽ നോട്ടുകൾ തിരിച്ചുവരാൻ പോകുന്നില്ല. തോമസ് ഐസക്ക് പറഞ്ഞ കാര്യം നടക്കാൻ പോകുന്നില്ല. ഏതു സാമ്പത്തിക ശാസ്ത്രജ്ഞനും പറയുന്നത് മിനിമം മൂന്നുലക്ഷം കോടിരൂപയാണ്. ഞാൻ പറയുന്നത് നാലുലലക്ഷം കോടിയാണ് പറയുന്നത്. 14 ലക്ഷം കോടി രൂപയുടെ കറൻസിയാണ് ഇപ്പോൾ പിൻവലിച്ചിരിക്കുകയാണ്. ഞങ്ങളെ അങ്ങേയറ്റം താൽപ്പര്യമില്ലാത്ത വിദഗ്ദ്ധർ കൂടി പറയുന്നതാണിത്. അതുവഴി മൂന്നുലക്ഷം കോടിരൂപയുടെ ലയബലിറ്റി റിസർവ് ബാങ്കിലുണ്ടാകും അതിനായി ഇത്തിരി ബുദ്ധിമുട്ടുകൾ സഹിക്കേണ്ടിവരും. സോഷ്യൽമീഡിയ പണ്ട് സജീവമായിരുന്നെങ്കിൽ മഹാത്മാഗാന്ധിയെ തെറിപറഞ്ഞേനേ പലരും. സ്വാതന്ത്ര്യസമരം നടത്തി ജനങ്ങളെ ബുദ്ധിമുട്ടിച്ചു എന്ന് പറഞ്ഞ്.

ബിജെപി നേതാവ് ജെആർ പത്മകുമാറനും സോഷ്യൽ മീഡിയയിൽനിന്ന് കണക്കിന് കിട്ടുന്നുണ്ട്. ജെ ആർ പത്മകുമാർ ചാനൽ ചർച്ചയിൽ പറഞ്ഞത് പത്തുലക്ഷം കോടിയിൽ കൂടുതൽ തിരിച്ചുവരില്ലെന്നായിരുന്നു. 'നാലുലക്ഷം കോടിരൂപ വെളിയിലുണ്ടാകും. ഡിസംബർ 30 ആകുമ്പോഴേക്കും. ആ നാലുലക്ഷം കോടിരൂപ ഗവൺമെന്റിന്റെ കരുതൽ ധനമായി മാറും. റിസർവ് ബാങ്കിനോട് ധൈര്യമായി പറയാം ആ നോട്ടുകൾ പ്രിന്റ് ചെയ്ത് നൽകാൻ. നമ്മുടെ ഫിസ്‌കൽ ഡെഫിസിറ്റ് അഞ്ചരലക്ഷം കോടിയാണ്. അത് കടമാണ്. ഈ കടത്തിൽ നാലരലക്ഷം കോടി രൂപയുടെ ആശ്വാസം ഉണ്ടായാൽ. വിഴിഞ്ഞം പദ്ധതി നാലായിരം കോടിയാണ്. അതുപോലെ ഒരുലക്ഷം വിഴിഞ്ഞം പദ്ധതികൾ ഈ രാജ്യത്ത് നടപ്പാക്കാൻ ഈ സർക്കാരിന് കഴിയും'.ഇങ്ങനെയായിരുന്നു പത്മകുമാറിന്റെ വാക്കുകൾ.

ഇതെല്ലാം ഇപ്പോൾ തിരഞ്ഞുകുത്തുകയാണ്. സുരേന്ദ്രൻ കണ്ടംവഴി ഓടണമെന്നും, ഐസക്കും വിനുവും പറയുന്നത് കേൾക്കണം എന്നുമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഉയരുന്ന വാദങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP