Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കേരളത്തിന്റെ സ്പാർട്ടക്കസ്; കമ്യൂണിസ്റ്റുകൾ ശക്തിയാർജ്ജിക്കുന്നതിന് എത്രയോ മുമ്പുതന്നെ കേരളത്തിലെ ആദ്യ കർഷകത്തൊഴിലാളി സമരം ഒറ്റയ്ക്ക് വിജയിപ്പിച്ച വ്യക്തിത്വം; അയിത്തം ലംഘിച്ച് വില്ലുവണ്ടിയാത്ര നടത്തി; ഒരു അയ്യൻകാളി ജയന്തികൂടി കടന്നുപോവുമ്പോൾ ഓർമ്മകളുടെ കടലിരമ്പം

കേരളത്തിന്റെ സ്പാർട്ടക്കസ്; കമ്യൂണിസ്റ്റുകൾ ശക്തിയാർജ്ജിക്കുന്നതിന് എത്രയോ മുമ്പുതന്നെ കേരളത്തിലെ ആദ്യ കർഷകത്തൊഴിലാളി സമരം ഒറ്റയ്ക്ക് വിജയിപ്പിച്ച വ്യക്തിത്വം; അയിത്തം ലംഘിച്ച് വില്ലുവണ്ടിയാത്ര നടത്തി;  ഒരു അയ്യൻകാളി ജയന്തികൂടി കടന്നുപോവുമ്പോൾ ഓർമ്മകളുടെ കടലിരമ്പം

കെ വി നിരഞ്ജൻ

ക്ഷേത്രപ്രവേശന വിളംബരത്തെക്കുറിച്ചും ദലിതർക്ക് അമ്പലത്തിൽ പ്രവേശിക്കാൻ അനുമതി കിട്ടിയതുമൊക്കെയായിരുന്നു മഹാത്മാഗാന്ധിക്ക് ആവേശത്തോടെ പറയാനുണ്ടായിരുന്നത്. എന്നാൽ പുലയരുടെ രാജാവ് എന്ന് വിളിക്കപ്പെടുന്ന അയ്യൻകാളിയുടെ ചരിത്ര പ്രസിദ്ധമായ മറുപടി ഇതായിരുന്നു: 'എന്റെ സമുദായത്തിൽ നിന്ന് പത്ത് ബിഎക്കാരുണ്ടായി കാണുകയാണ് പ്രധാനം'- വിദ്യാഭ്യാസമാണ് പിന്നോക്ക ജനതയുടെ പ്രശ്ന പരിഹാരത്തിനുള്ള ഏറ്റാവും വലിയ പോംവഴിയെന്ന അംബേദ്ക്കറുടെ നിലപാടുതന്നെയായിരുന്നു അദ്ദേഹത്തിനും. അല്ലാതെ ക്ഷേത്രപ്രവേശനവും ദൈവഭയവുമെന്നും തങ്ങളെ രക്ഷിക്കില്ലെന്ന് അദ്ദേഹത്തിന് നന്നായി അറിയാമായിരുന്നു.

അതാണ് മഹാത്മാ അയ്യൻകാളി. സമാനതകളില്ലാത്ത ഇന്ത്യൻ ദലിത് നേതാവ്. ഓഗസ്റ്റ് 28ന് ഒരു അയ്യൻകാളി ജയന്തികൂടി കടന്നുപോവുമ്പോൾ കേരളം ഒരിക്കൽകൂടി ഓർക്കുകയാണ്. അസാമാന്യപോരാട്ടത്തിന്റെ ചരിത്രപഥം.

മനുഷ്യന്റെ ഏറ്റവും പ്രാഥമികമായ മനുഷ്യാവകാശങ്ങളിലൊന്നായ സഞ്ചാരസ്വാതന്ത്ര്യത്തിനു വേണ്ടി നടന്ന നവോത്ഥാന സമര ചരിത്രത്തിലെ ശ്രദ്ധേയമായ വില്ലുവണ്ടിയാത്രയുടെ നൂറ്റിഇരുപത്തിയഞ്ചാം വർഷമാണിത്. കീഴാള നവോത്ഥാന സമരങ്ങളിൽ അസാധാരണവും സമാനതകളില്ലാത്തതുമായിരുന്നു അയ്യങ്കാളിയുടെ വില്ലുവണ്ടിയിലുള്ള യാത്ര. സഞ്ചാര സ്വാതന്ത്ര്യ സമര ചരിത്രത്തിൽ സ്വർണലിപികളാൽ രേഖപ്പെടുത്തിയ വില്ലുവണ്ടിയാത്ര തിരുവിതാംകൂറിലെ അടിമവർഗ്ഗം അയിത്തത്തിനും അടിമത്തത്തിനുമെതിരെ നടത്തിയ ആദ്യത്തെ പ്രത്യക്ഷ പ്രതിരോധമായിരുന്നു. ഈ സമരത്തിലൂടെയാണ് കേരളത്തിന്റെ 'സ്പാർട്ടക്കസ്'എന്ന വിശേഷണത്തിനുടമയായ അയ്യങ്കാളി നവോത്ഥാന സമരത്തിന്റെ നേതൃത്വമേറ്റെടുക്കുന്നത്.

തൊട്ടുകൂടാത്തവർ തീണ്ടിക്കൂടാത്തവർ പിന്നെ....

തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂർ എന്ന ഉൾനാടൻ ഗ്രാമത്തിൽ 1863 ഓഗസ്റ്റ് 28നാണ് പെരുങ്കാട്ടുവിള അയ്യന്റെയും മാലയുടെയും മകനായി അയ്യങ്കാളി ജനിച്ചത്. കുട്ടിക്കാലത്ത് കാളി എന്ന് വിളിക്കപ്പെട്ടിരുന്ന അദ്ദേഹം പിന്നീട് അയ്യങ്കാളിയായി. എഴുത്തും വായനയും നിഷേധിക്കപ്പെട്ട് ജന്മിമാരുടെ കൃഷി സ്ഥലങ്ങളിൽ അടിമകളെ പോലെ പണിയെടുക്കാൻ വിധിക്കപ്പെട്ട പുലയ സമുദായത്തിലായിരുന്നു അയ്യൻകാളി ജനിച്ചുവീണത്. പാടത്തു പണിയെടുത്തു വൈകിട്ട് വരുമ്പോൾ മണ്ണിൽ കുഴികുത്തി അതിൽ ഇല വച്ചായിരുന്നു ഇവർക്കു ഭക്ഷണം നൽകിയിരുന്നത്. പൊതുസ്ഥലങ്ങളിലെല്ലാം പ്രവേശനം നിഷേധിക്കപ്പെട്ടു. അധ:സ്ഥിതർ രോഗബാധിതരായാൽ ഡോക്ടർമാർ തൊട്ടുപരിശോധിക്കില്ല; ഗുളികകൾ എറിഞ്ഞുകൊടുക്കും. ജാതിയുടെ അടയാളമായ കല്ലുമാലകൾ കഴുത്തിലണിഞ്ഞ് നടക്കേണ്ടി വന്നു ഇവർ. സ്ത്രീകളെ ഉൾപ്പെടെ അരയ്ക്കു മുകളിലും മുട്ടിനുതാഴെയും വസ്ത്രം ധരിക്കുവാനും ജന്മി മേലാളന്മാർ അനുവദിച്ചില്ല.

തങ്ങൾ അനുഭവിക്കുന്ന മനുഷ്യത്വ രഹിതമായ വിവേചനത്തെക്കുറിച്ച അദ്ദേഹം തന്റെ സമുദായാംഗങ്ങൾക്കിടയിൽ ബോധവത്കരണം നടത്തി. എന്നാൽ ഇത്‌കൊണ്ട് മാത്രം കാര്യമില്ലെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം ജന്മിത്വ വിവേചനത്തെ അതേ നാണയത്തിൽ തിരിച്ചടിക്കാൻ തീരുമാനിച്ചു. വിശേഷ വസ്ത്രങ്ങളിഞ്ഞ് വില്ലുവണ്ടിയിലായിരുന്നു അക്കാലത്തെ പ്രമാണിമാരുടെ സഞ്ചാരം. ഇവരുടെ യാത്രയ്ക്കിടയിൽ ചെന്നുപെടുന്ന കീഴാളർ വഴിമാറി നടക്കേണ്ടിയിരുന്നു. ഈ വിവേചനത്തിനെതിരായിരുന്നു അയ്യൻകാളിയുടെ ആദ്യ പോരാട്ടം. അദ്ദേഹം ഒരു കാളവണ്ടി വാങ്ങി, ജന്മിമാരുടെതിന് സമാനമായ വില്ലു വണ്ടിയുണ്ടാക്കി. മുണ്ടും മേൽമുണ്ടും വെള്ള ബനിയനും തലപ്പാവും ധരിച്ച്, പൊതുവീഥിയിലൂടെ സാഹസിക യാത്രനടത്തി. ആവേശഭരിതരായ അനുയായികൾ അദ്ദേഹത്തെ പിന്തുടർന്നു. അതാണ് വളർന്ന് ചരിത്ര പ്രസിദ്ധമായ വില്ലുവണ്ടി യാത്ര.

1893 ൽ ആരംഭിച്ച സഞ്ചാരസ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള സമരം 1898 കാലത്ത് വളരെ സജീവമായി. ആ വർഷം ആറാലുമ്മൂട്, ബാലരാമപുരം , ചാലിയത്തെരുവ്, കഴക്കൂട്ടം,കണിയാപുരം,തുടങ്ങിയ സ്ഥലങ്ങളിൽ അയ്യങ്കാളിയുടെ നേതൃത്വത്തിൽ അധ:സ്ഥിതർ പൊതുനിരത്തുകളിലൂടെ സഞ്ചരിച്ചു. സഞ്ചരിച്ച സ്ഥലങ്ങളിലെല്ലാം സവർണ്ണമേലാളന്മാർ ഗുണ്ടകളെ വിട്ട് ആക്രമണം നടത്തി. അതു വമ്പിച്ച ലഹളകളിലേക്ക് നയിച്ചു. സമ്പത്തിന്റെയും അധികാരത്തിന്റെയും പിൻബലമുണ്ടായിരുന്ന സവർണ്ണരിൽ നിന്നും ദളിതർക്ക് കടുത്ത മർദ്ദനം ഏൽക്കേണ്ടിവരികയും ദളിത് കുടിലുകളും മാടങ്ങളും തകർക്കപ്പെടുകയും ചെയ്തു. സഞ്ചാരസ്വാതന്ത്ര്യത്തിനു വേണ്ടി അയ്യൻകാളിയുടെ നേതൃത്വത്തിൽ നടന്ന ഏറ്റവും പ്രധാനപെട്ട സമരങ്ങളിലൊന്നു 1912 നെടുമങ്ങാട് ചന്തയിലേത്. ശ്രീമൂലം പ്രജാസഭ അംഗം ആയിരിക്കെയാണ് അദ്ദേഹം ഈ സമരത്തിന് നേതൃത്വം നൽകിയത്. അവകാശങ്ങൾ ആരും വിളിച്ചു തരികയില്ല. അവ നേടിയെടുക്കണം എന്ന പ്രഖ്യാപനവുമായി സാധനങ്ങൾ വാങ്ങാനോ വിൽക്കാനോ അവകാശമില്ലാതിരുന്ന അയിത്ത ജനതയെ സംഘടിപ്പിച്ചുകൊണ്ട് അയ്യങ്കാളി നെടുമങ്ങാട് ചന്തയിലേക്ക് കടന്നു ചെല്ലുകയും വിലചോദിച്ച് സാധനങ്ങൾ വങ്ങാൻ ശ്രമിക്കുകയും ചെയ്തു. ക്രൂരമായ മർദനങ്ങൾക്ക് വിധേയമായെങ്കിലും ദളിതർക്കു ചന്തയിൽ പോയി സാധങ്ങൾ വാങ്ങാനുള്ള അവകാശം ലഭിച്ചു.

കേരളത്തിലെ കർഷകത്തൊഴിലാളികളുടെ ആദ്യ സമരം

തിരുവിതാംകൂറിൽ കർഷകത്തൊഴിലാളികളുടെ ആദ്യത്തെ പണിമുടക്കു സമരം നയിച്ചത് അയ്യൻകാളിയായിരുന്നു. അതും കമ്യൂണിസ്റ്റ് പാർട്ടികൾ ഒന്നും ശക്തമാവുന്നതിന് മുമ്പ്. തൊഴിൽ അവകാശങ്ങളും മാന്യമായ കൂലിയും ലഭിച്ചില്ലെങ്കിൽ പണിക്കിറങ്ങില്ലെന്ന് അധ:സ്ഥിതരായ തൊഴിലാളികൾ പ്രഖ്യാപിച്ചു. തുടക്കത്തിൽ സ്വയം കൃഷിയിറക്കി പിടിച്ചുനിൽക്കാൻ മാടമ്പിമാർ ശ്രമിച്ചെങ്കിലും അതു പരാജയപ്പെട്ടു. കർഷകത്തൊഴിലാളി ഒരു ദിവസം കൊണ്ടൊതുക്കുന്ന ജോലി ആറ് നായന്മാർ ചെയ്താലും കഴിയാതെ വന്നുവെന്ന് അയ്യങ്കാളി ഇതിനെക്കുറിച്ച് പറയുന്നുണ്ട്.

പ്രതികാരബുദ്ധിയോടെ ജന്മിമാർ പാടങ്ങൾ തരിശിട്ടു. പണിയില്ലാതെ പട്ടിണി കിടക്കേണ്ടി വന്നെങ്കിലും സമരത്തിൽ നിന്ന് പിന്മാറാൻ അവർ തയ്യാറായില്ല. ഒടുവിൽ ജന്മിമാർ കീഴടങ്ങി. തൊഴിൽ ചെയ്യുന്നവരുടെ അവകാശങ്ങൾ ഒരു പരിധിവരെ അംഗീകരിക്കപ്പെട്ടതോടെ 1905ൽ സമരം ഒത്തുതീർപ്പായി. അയ്യൻകാളിയുടെ നേതൃത്വത്തിൽ നടത്തിയ ചരിത്രപ്രസിദ്ധമായ ഈ പണിമുടക്കു സമരമാണ് പിന്നീടു കേരളത്തിലുടനീളം കർഷത്തൊഴിലാളി മുന്നേറ്റത്തിനു ഊർജ്ജം പകർന്നതെന്നു സാമൂഹിക ഗവേഷകർ വിലയിരുത്തുന്നു.

കർഷക സമരത്തിന്റെ വിജയത്തിൽ നിന്ന് ഊർജം ലഭിച്ച അയ്യൻകാളി ദലിത് സ്ത്രീകളോടുള്ള വിവേചനത്തിനെതിരെ പോരാടാൻ തീരുമാനിച്ചു. ദലിത് സത്രീകളോട് മുലക്കച്ച ധരിക്കാൻ അദ്ദേഹം നിർദ്ദേശിച്ചു. അയ്യൻകാളിയെ അനുസരിച്ച സാധുജനങ്ങളെ സവർണ്ണർ വേട്ടയാടി. അധ:സ്ഥിത സ്ത്രീകളുടെ മുലക്കച്ചകൾ മാടമ്പിമാർ വലിച്ചുകീറി. ചെറുത്തു നിന്നവരുടെ മുലകൾ അറുത്തു. പിതാവിന്റെയും സഹോദരങ്ങളുടെയും മുന്നിലിട്ട് ഭീകരമായി മർദ്ദിച്ചു. കൊല്ലം ജില്ലയിലെ പെരിനാട്ടായിരുന്നു ഇത്തരത്തിൽ ഏറ്റവും ക്രൂരമായ മർദ്ദനമുറകൾ അരങ്ങേറിയത്. എന്നാൽ ക്രൂരത അധികകാലം നോക്കിനിൽക്കാൻ അവർക്കായില്ല. മർദ്ദിത ജനവിഭാഗങ്ങൾ ഉണർന്നു. അവർ പ്രത്യാക്രമണത്തിനു തയാറായി. തിരുവതാംകൂറിലെ വിവിധ പ്രദേശങ്ങൾ കലാപഭൂമികളായി.

രക്തച്ചൊരിച്ചിൽ ഭീകരമായതിനെത്തുടർന്ന് സമുദായത്തോട് കൊല്ലത്തെ പീരങ്കി മൈതാനത്തു സമ്മേളിക്കാൻ അയ്യൻകാളി ആഹ്വാനം ചെയ്തു. ആക്രമണത്തെത്തുടർന്ന് നാടും വീടും വിട്ടവർ ഈ സമ്മേളന വേദിയിലേക്കിരച്ചെത്തി. 1915ൽ നടന്ന ചരിത്ര പ്രസിദ്ധമായ ഈ മഹാസഭയിൽവച്ച് ജാതീയതയുടെ അടയാളമായ കല്ലുമാല അറുത്തെറിയുവാൻ അദ്ദേഹം ആഹ്വാനം ചെയ്തു. അയ്യൻകാളിയുടെ ആഹ്വാനം കേട്ട സ്ത്രീകൾ ആവേശത്തോടെ കല്ലുമാലകൾ അറുത്തുമാറ്റി. കീഴാള ജനവിഭാഗങ്ങൾ നടത്തിയ വിപ്ലവകരമായ സാമൂഹിക മുന്നേറ്റമായിരുന്നു ഇത്.

കുതിരയേയും പോത്തിനെയും ഒരേ നുകത്തിൽ കെട്ടുമ്പോൾ

വിദ്യാലയങ്ങളിൽ അധ:സ്ഥിതർ നേരിട്ട വിവേചനത്തിനെതിരെ 1905ൽ വെങ്ങാനൂരിൽ അധ:സ്ഥിതർക്കു സ്വന്തമായി ആദ്യത്തെ കുടിപ്പള്ളികൂടം കെട്ടിയുണ്ടാക്കി. എന്നാൽ കേരളത്തിലെ അധ:സ്ഥിതരുടെ ആദ്യത്തെ ഈ വിദ്യാലയം അന്നു രാത്രി തന്നെ സവർണ്ണർ തീവെച്ചു നശിപ്പിച്ചു. പക്ഷെ അയ്യങ്കാളിയുടെ നേതൃത്വത്തിൽ അത് വീണ്ടും കെട്ടിപൊക്കി. സവർണ്ണരുടെ അതിശക്തമായ എതിർപ്പിനിടയിലും 1910 മാർച്ച് ഒന്നിന് അന്നത്തെ ദിവാനായിരുന്ന രാജഗോപാലാചാരിയെ കൊണ്ട് അധ:സ്ഥിതർക്ക് സ്‌കൂൾപ്രവേശന ഉത്തരവ് പുറപ്പെടുവിക്കാൻ കഴിഞ്ഞു. സവർണ്ണരുടെ കുട്ടികൾകൊപ്പം അവർണ്ണരുടെ കുട്ടികളും ഇരുന്നു പഠിക്കുന്നതിന് നിയമപരമായ പിൻബലം നൽകിയ ഈ ഉത്തരവിനെ 'കുതിരയേയും പോത്തിനെയും ഒരേ നുകത്തിൽ കെട്ടുന്നതിനോടാണ് അക്കാലത്തെ പ്രമുഖ മാധ്യമപ്രവർത്തകൻ വരെ വിശേഷിപ്പിച്ചത്.

1907 ൽ വെങ്ങാനൂരിൽ വെച്ച് അയ്യൻകാളി അധ:സഥിത ജനതയുടെ സംഘടനയെന്ന നിലയിൽ സാധുജനപരിപാലന സംഘത്തിന് രൂപം നൽകി. അയ്യങ്കാളിയുടെയും സംഘത്തിന്റെയും പ്രവർത്തനഫലമായി 10 വർഷം കൊണ്ട് 17000 ൽ പരം ദളിതർ വിദ്യാഭ്യാസം നേടിയവരായി മാറി 1916 നും 1917 നും ഇടയിൽ ദളിതരുടെ ഇടയിൽ എഴുത്തും വായനയും അറിയാവുന്നവരുടെ എണ്ണത്തിൽ 62.9 % വർദ്ധനവുണ്ടായി. 1911ൽ അദ്ദേഹം ശ്രീമൂലം പ്രജാസഭ അംഗമായി നാമനിർദ്ദേശം ചെയ്യപ്പെട്ടു. പിന്നീടു നീണ്ട 25 വർഷക്കാലം അദ്ദേഹത്തിന്റെ ശബ്ദം അഥവാ കേരളത്തിലെ അധ:കൃതന്റെ ശബ്ദം അന്ന് നിയമസഭ കൂടിയിരുന്ന ഇന്നത്തെ വിജെടി ഹാളിൽ മുഴങ്ങിയിരുന്നു. നിയമസഭാ സാമാജികനായി തീർന്നതോടെ സഭയിൽ കയറി കുത്തിയിരുന്നു ആനുകൂല്യങ്ങളും പറ്റി സുഖമായി ജീവിക്കുകയായിരുന്നില്ല കാളി എന്ന് അദ്ദേഹത്തിന്റെ ജീവ ചരിത്രം വായിക്കുന്ന ഏതൊരാൾക്കും ബോധ്യമാകും. സഭയ്ക്കകത്തും
പുറത്തും ഒരുപോലെ സമരം നയിക്കുകയായിരുന്നു കാളി. ഐതിഹാസികമായ ഒട്ടനവധി സമരങ്ങൾ നടത്തിയപ്പോൾ പലപ്പോഴും ഒറ്റപ്പെട്ടു പോയിട്ടും പിൻതിരിഞ്ഞു നോക്കാത്ത ധീര പുരുഷനായിരുന്നു അദ്ദേഹം.1913 ൽ സാധുജന പരിപാലനസംഘത്തിന്റെ മുഖപത്രമെന്ന നിലയിൽ സാധുജനപരിപാലിനി എന്ന മാസിക പ്രസിദ്ധീകരണമാരംഭിച്ചു. കേരളത്തിൽ പിന്നീടുണ്ടായ അധ:സ്ഥിത മുന്നേറ്റങ്ങൾക്ക് ഊർജ്ജം പകർന്നത് അയ്യൻകാളിയുടെ പ്രവർത്തനങ്ങളായിരുന്നു. 1941ലാണ് അദ്ദേഹം അന്തരിച്ചത്.

അധ:സ്ഥിത വിഭാഗങ്ങളെന്ന് മുദ്രകുത്തി ഒരു സമൂഹത്തെ വഴി നടക്കാനും സംസാരിക്കാനും വസ്ത്രം ധരിക്കാനും അനുവദിക്കാതെ പൊതു ഇടങ്ങളിൽ നിന്ന് ആട്ടിപ്പായിക്കുകയും ജന്മിയുടെ അഭിവൃദ്ധിക്കുവേണ്ടി പകലന്തിയോളം പാടത്ത് അടിമപ്പണി ചെയ്യിക്കുകയും ചെയ്ത ഒരു ചരിത്രം കേരളത്തിനുണ്ടായിരുന്നു. കേരളത്തെ ഭ്രാന്താലയമെന്ന സ്വാമി വിവേകാനന്ദൻ വളിച്ച കാലം. ജന്മിത്വത്തിനെതിരെ കീഴാളരെ സംഘടിപ്പിക്കുകയും അവകാശങ്ങൾക്കായി വിപ്ലവാത്മകമായ പോരാട്ടങ്ങൾ നടത്തുകയും ചെയ്ത നേതാവാണ് അയ്യൻകാളി. വരേണ്യ ചരിത്ര രചന അദ്ദേഹത്തെ വേണ്ട വിധം അടയാളപ്പെടുത്താതെ പോയെന്നതാണ് സത്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP