Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബേക്കറിയിൽ ചായ കുടിച്ചുകൊണ്ടിരുന്ന എന്നെയും ഭർത്താവ് രൂപേഷിനെയും പൊലീസ് തട്ടിക്കൊണ്ടുപോയി എറ്റുമുട്ടലിൽ കൊല്ലാൻ ശ്രമിച്ചു; പൊലീസ് എടുത്തതെല്ലാം കള്ളക്കേസുകൾ; മാവോയിസ്റ്റ് നേതാവ് ഷൈന മറുനാടൻ മലയാളിയോട് മനസു തുറക്കുന്നു

ബേക്കറിയിൽ ചായ കുടിച്ചുകൊണ്ടിരുന്ന എന്നെയും ഭർത്താവ് രൂപേഷിനെയും പൊലീസ് തട്ടിക്കൊണ്ടുപോയി എറ്റുമുട്ടലിൽ കൊല്ലാൻ ശ്രമിച്ചു; പൊലീസ് എടുത്തതെല്ലാം കള്ളക്കേസുകൾ; മാവോയിസ്റ്റ് നേതാവ് ഷൈന മറുനാടൻ മലയാളിയോട് മനസു തുറക്കുന്നു

രഞ്ജിത്ത് ബാബു

കണ്ണൂർ: കോർപ്പറേറ്റ് ചൂഷണത്തിനും വിഭവകൊള്ളക്കും എതിരെ നിലപാടെടുക്കുകയും ജനകീയ സമരങ്ങൾ ഉയർത്തിക്കൊണ്ടു വരുകയും ചെയ്തതിനാലാണ് തങ്ങളെ പൊലീസ് വേട്ടയാടുന്നതെന്ന് മാവോയ്സ്റ്റ് നേതാവ് ഷൈന.മൂന്ന് വർഷത്തിലേറെക്കാലം കോയമ്പത്തൂർ വനിതാ ജയിലിലും രണ്ടാഴ്‌ച്ചയിലേറെയായി കണ്ണൂർ വനിതാ ജയിലിലും ജയിൽവാസമനുഭവിച്ച മാവോയ്സ്റ്റ് നേതാവ് പി.എ. ഷൈന 'മറുനാടൻ മലയാളിയോട് ' പ്രതികരിക്കയായിരുന്നു. പൊലീസിന് തങ്ങളെ ഏറ്റുമുട്ടലിൽ കൊല്ലാൻപോലും പദ്ധതിയുണ്ടായിരുന്നു.

2015 മെയ് 4 ന് കോയമ്പത്തൂരിനടുത്ത കരുമത്താം പെട്ടിയിൽ ഒരു ബേക്കറിയിൽ ചായകുടിച്ചു കൊണ്ടിരിക്കേയാണ് ഷൈനയേയും ഭർത്താവ് രൂപേഷിനേയും മറ്റ് മൂന്ന് അനുയായികളേയും ആന്ധ്രാപ്രദേശ് സ്‌പെഷൽ ഇന്റലിജൻസ് ഉദ്യോഗസ്ഥർ വളഞ്ഞ് ബലമായി വാഹനത്തിൽ കയറ്റി കൊണ്ടു പോയത്. ഇത്തരം ശ്രമങ്ങൾ ഇതിന് മുമ്പും ഉണ്ടായിട്ടുണ്ടെന്ന് ഷൈന പറയുന്നു. എട്ട് വർഷം മുമ്പ് തന്നെ ഭരണ കൂടം എന്നെ വേട്ടയാടുകയും നിയമവിരൂദ്ധമായി പലതവണ കസ്റ്റഡിയിലെടുക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു.

കേരളത്തിലെ ഏറ്റവും കൂടുതൽ അസംഘടിത തൊഴിലാളികൾ തൊഴിലെടുക്കുന്ന കൊച്ചിൻ എക്സ്പോർട്ട് പ്രോസസിങ് സോൺ ( ഇപ്പോഴത്തെ കൊച്ചിൻ സ്‌പെഷൽ ഇക്കോണോമിക് സോൺ - ല്വെ) ലെ തൊഴിലാളികളെ സംഘടിപ്പിക്കുകയും വിവിധ സ്ഥാപനങ്ങളിലെ സ്വതന്ത്ര തൊഴിലാളി യൂണിയനുകളുടെ ഒരു കോർഡിനേഷൻ രൂപീകരിച്ച് തൊഴിലാളികളുടെ ഇടയിൽ ഞങ്ങൾ പ്രവർത്തിച്ചു വരികയുമായായിരുന്നു.

ആദിവാസികൾ, മത്സ്യത്തൊഴിലാളികൾ, കർഷക തൊഴിലാളികൾ, തുടങ്ങിയ അടിച്ചമർത്തപ്പെട്ടവരും പാർശ്വവൽക്കരിക്കപെട്ടവരുമായ ജനങ്ങളുടെ സമരങ്ങളോട് ഐക്യപ്പെടുകയും വിവിധ മനുഷ്യാവകാശ - സ്ത്രീ പ്രശ്നങ്ങളിൽ ഇക്കാലയളവിൽ ഞങ്ങൾ ഇടപെടുകയുണ്ടായിട്ടുണ്ട്. കേരളത്തിലെ ആദിവാസികളുടെയും കർഷകരുടെയും ഭൂമി പ്രശ്നത്തിലും പ്ലാച്ചിമടയിലെ കൊക്കൊകോള സമരം പോലുള്ള ജനകീയ സമരങ്ങളിലും പരിസ്ഥിതി സമരങ്ങളിലും ഞങ്ങൾ സജീവമായി പങ്കെടുത്തിരുന്നു. ഇത് പലപ്പോഴും ഞങ്ങളെ ഭരണകൂടത്തത്തിന്റെ കണ്ണിലെ കരടാക്കി മാറ്റിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഞങ്ങളുടെ നേരെയുള്ള അറസ്റ്റും പൊലീസ് പീഡനങ്ങളും ആരംഭിക്കുന്നത്.

2007 ൽ അങ്കമാലിയിൽ നിന്ന് സിപിഐ മാവോയിസ്റ്റിന്റെ പോളിറ്റ് ബ്യുറോ അംഗമെന്ന് ആരോപിച്ച് മല്ലരാജ റെഡ്ഡിയെയും ഭാര്യ ജഗണയെയും ആന്ധ്രാ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനെത്തുടർന്ന് കേരള പൊലീസ് മുഖം രക്ഷിക്കാനുള്ള നടപടികളുടെ ഭാഗമായി നിയമവിധേയമായി നടത്തി വരുന്ന വിപ്ലവ രാഷ്ട്രീയ പ്രസിദ്ധീകരണമായ പീപ്പിൾസ് മാർച്ച് എഡിറ്റർ ഗോവിന്ദൻ കുട്ടിയെ അറസ്റ്റ് ചെയ്തു. ഈ രണ്ടു അറസ്റ്റുകളുമായി ബന്ധപ്പെട്ട് ജനകീയ തെളിവെടുപ്പ് നടത്തുന്ന സന്ദർഭത്തിലാണ് എന്നെ അറസ്റ്റ് ചെയ്യുന്നതിന് ഭരണകൂടം ആദ്യമായി ശ്രമിച്ചത്. ഞാൻ ആൾമാറാട്ടം നടത്തിയെന്ന വ്യാജ ആരോപണം ഉന്നയിച്ചുള്ള ഈ ശ്രമം മാധ്യമങ്ങളുടെ സഹായത്തോടെ കൃത്യമായ വസ്തുതകൾ വെളിപ്പെടുത്തി പരാജയപ്പെടുത്താൻ ഞങ്ങൾക്ക് കഴിഞ്ഞിരുന്നു.

അതിനു ശേഷം രണ്ടു ആഴ്ചകൾക്കപ്പുറം നന്ദിഗ്രാം വിഷയത്തിൽ പ്രചാരണത്തിനെത്തിയ പശ്ചിമ ബംഗാളിൽ നിന്നുള്ള ഭൂമി ഉഛിത് പ്രതിരോധ് കമ്മിറ്റി (കുടിയൊഴിപ്പിക്കലിനെതിരായ പ്രതിരോധ സമിതി) പ്രവർത്തകരെ പിന്തുണച്ചതിന്റെ പേരിൽ മാവോയിസ്റ്റുകളുടെ യോഗം സംഘടിപ്പിച്ചു എന്നാരോപിച്ച് അർദ്ധരാത്രിയിൽ എന്നെയും മക്കളായ ആമിയെയും, സവേരയെയും, ഭൂമി ഉഛിത് പ്രതിരോധ് കമ്മിറ്റി പ്രവർത്തകരേയും അനധികൃതമായി കസ്റ്റഡിയിലെടുക്കുകയും രാത്രി മുഴുവൻ ലോക്കപ്പിൽ വക്കുകയും ചെയ്തു. നന്ദിഗ്രാം സമരത്തിൽ സിപിഐ.എം ന്റെ ജനവിരുദ്ധ നിലപാട് തുറന്നു കാട്ടപ്പെട്ടത് ആ സമയത്ത് കേരളത്തിൽ അധികാരത്തിൽ ഉണ്ടായിരുന്ന സിപിഐ (എം)ന്റെ നേതൃത്വത്തിലുള്ള സർക്കാരിനെ പ്രകോപിപ്പിച്ചതാണ് അറസ്റ്റിനുണ്ടായ അടിയന്തിര കാരണം.

എന്നാൽ കേരളത്തിലുടനീളം പത്രസമ്മേളനങ്ങൾ നടത്തി പരസ്യമായി പ്രചാരണം നടത്തിയിരുന്ന, ഒരു പെറ്റികേസിൽ പോലും പ്രതികളല്ലാത്ത, പൗരാവകാശ പ്രവർത്തകരുടെ അറസ്റ്റ് വ്യാപക പ്രതിഷേധങ്ങൾക്ക് വഴിവെക്കുമെന്ന് മനസിലാക്കി അടുത്ത ദിവസം തന്നെ വിട്ടയക്കുകയും ചെയ്തു. സമയത്ത് തന്നെ കേരളത്തിലെ എല്ലാ മുഖ്യധാരാ മാധ്യമങ്ങളും പൊലീസിന്റെ ഈ നിയമ വിരുദ്ധ നടപടിയെ തുറന്നു കാണിച്ചിരുന്നു. ഇടതുപക്ഷ സർക്കാരിന്റെ മനുഷ്യാവകാശ ധ്വംസനങ്ങളെയും സാമ്രാജ്യത്വ ആശ്രിത നയങ്ങളെയും തുറന്നു കാണിച്ചത് ഭരണകൂടത്തിന്റേയും പൊലീസിന്റേയും അപ്രീതിക്ക് കാരണമായി. ഇതിന്റെ ഭാഗമായാണ് സി. പി. ഐ (മാവോയിസ്റ്റ്) പോളിറ്റ് ബ്യുറോ അംഗമെന്ന് ആരോപിച്ച് അറസ്റ്റു ചെയ്യപ്പെട്ട മല്ലരാജ റെഡ്ഢിക്ക് താമസമൊരുക്കിയെന്ന് ആരോപിച്ച് ഞങ്ങൾക്കെതിരെ കള്ളക്കേസ് ചുമത്തിയത്. നിരന്തരമായ പൊലീസ് അറസ്റ്റും പീഡനങ്ങളും മൂലം ജോലി ചെയ്യാൻ പോലും സാധ്യമല്ലാത്ത ഒരു സാഹചര്യം സംജാതമായതിനാലാണ് വീട് വിട്ട് പോകേണ്ടി വന്നത്.

പശ്ചിമഘട്ട വനമേഖലയിൽ മാവോയിസ്റ്റു പ്രസ്ഥാനം സജീവമായതോടെ വിവിധ സ്‌ക്വാഡുകളെ നയിക്കുന്നത് ഞാനാണെന്ന് ആരോപിച്ച് കേരളത്തിലുടനീളം പൊലീസ് പോസ്റ്റർ പതിക്കുകയും ചെയ്തു. ഇതിന്റെ തുടർച്ചയാണ് ചികിത്സാർത്ഥം കോയമ്പത്തൂരിൽ പോയ എന്നേയും ഭർത്താവിനേയും 2015 മെയ് 4 നു കറുമെത്താംപെട്ടിയിലെ ഒരു ബേക്കറിയിൽ ചായ കുടിച്ചുകൊണ്ടിരുന്നപ്പോൾ പൊലീസ് തട്ടിക്കൊണ്ടു പോയി വ്യാജ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തുവാൻ ശ്രമം നടത്തിയത്.

സിവിൽ വേഷത്തിലെത്തിയ ആന്ധ്രാപ്രദേശ് സ്‌പെഷ്യൽ ഇന്റലിജൻസ് ബ്യുറോ (എപിഎസഐബി)പൊലീസുകാർ ചായ കുടിച്ചുകൊണ്ടിരുന്ന ഞങ്ങളെ വളയുകയും വാഹനത്തിൽ ബലമായി കയറ്റികൊണ്ട് പോവുകയും ചെയ്തു. വാഹനത്തിനകത്തുണ്ടായിരുന്ന പൊലീസ് സംഭാഷണത്തിൽ നിന്ന് പശ്ചിമഘട്ട മേഖലയിൽ കൊണ്ടുപോയി വ്യാജ ഏറ്റുമുട്ടലിൽ കൊലചെയ്യാൻ ആണ് ഉദ്ദേശ്യമെന്ന് ഞങ്ങൾക്ക് മനസിലായി. നിറയെ ആളുകളുള്ള ഒരു ബസ് സ്റ്റോപ്പിന്റെ മുൻപിൽ വച്ച് പൊലീസിന്റെ വണ്ടി ഓഫാവുകയും ആ സമയത്ത് ഞങ്ങൾ ഉറക്കെ അറസ്റ്റിന്റെ വിവരം വിളിച്ചു പറഞ്ഞു പരസ്യപ്പെടുത്തുകയും ചെയ്തതോടെ പൊലീസിന് അന്ന് രാത്രി തന്നെ മാധ്യമങ്ങളെ അറസ്റ്റിന്റെ വിവരം അറിയിക്കേണ്ടി വന്നു.

തുടർച്ചയായ ചോദ്യം ചെയ്യലുകൾക്ക് ശേഷം മെയ് 5 നു ഞങ്ങളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്യുകയും പിന്നീട് 10 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു കൊടുക്കുകയും ചെയ്തു. രണ്ടു മാസങ്ങൾക്ക് ശേഷം ഞങ്ങളെ നാഷണൽ സെക്യൂരിറ്റി ആക്ട് (എൻഎസ്എ) പ്രകാരം കരുതൽ തടങ്കലിനു വെക്കുന്നതിനു കളക്ടർ ഉത്തരവിട്ടു. ഞങ്ങൾ സായുധ വിപ്ലവം നീണാൾ വാഴട്ടെ എന്ന മുദ്രാവാക്യം വിളിച്ചു എന്ന പൊലീസ് ഭാഷ്യത്തെ അടിസ്ഥാനപ്പെടുത്തി കോടതി എൻഎസ്എ ശരിവെച്ചുകൊണ്ട് ഉത്തരവിട്ടു. തുടർന്ന് വ്യാജരേഖ ചമച്ച് സിംകാർഡുകൾ തരപ്പെടുത്തി എന്ന കള്ളക്കേസുകൾ ഒന്നിന് പുറകെ ഒന്നായി ചുമത്തിയാണ് കഴിഞ്ഞ മൂന്നര വർഷം വരെ തടവ് നീട്ടിയത്.

തമിഴ്‌നാട്ടിലെ 10 കേസിൽ 9 കേസും സിം കാർഡ് കേസുകളാണ്. കേരളത്തിലും സമാനമായ ഒരു കേസുണ്ട്. കേരളത്തിലെ പല കേസുകളും കേരളത്തിലെ ആദിവാസി ഊരുകളിൽ പിഎൽജിഎ സ്‌ക്വാഡുകൾ പോയി അരിയും മറ്റു അവശ്യ സാധനങ്ങളും വാങ്ങിയെന്നാണ് ഇതിനായി ഞാൻ ഗൂഢാലോചന നടത്തിയെന്നായിരുന്നു എന്റെ പേരിലുള്ള ആരോപണം. ഈ കേസുകളെല്ലാം ചുമത്തുന്നതിനുള്ള യാഥാർത്ഥ കാരണം കോർപ്പറേറ്റ് ചൂഷണത്തിനും വിഭവകൊള്ളക്കും എതിരെ നിലപാടെടുക്കുകയും ജനകീയ സമരങ്ങൾ ഉയർത്തിക്കൊണ്ടു വരുകയും ചെയ്തതിനാലാണ്.
(തുടരും)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP