Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ആര് എന്ത് നൽകി എന്നും ആർക്കൊക്കെയാണ് അത് വീതിച്ചു നൽകേണ്ടത് എന്നും എല്ലാവർക്കും അറിയാൻ പറ്റണം; പൊതു നഷ്ടവും സ്വകാര്യ നഷ്ടവും വെവ്വേറെ കണക്കാക്കി വിഭവശേഖരണം നടത്തണം; പുനർനിർമ്മാണത്തിന്റെ പേരിൽ കോൺട്രാക്ടർമാർ കാശുണ്ടാക്കരുത്: സെസ്സ് ഏർപ്പെടുത്താതെ തന്നെ എങ്ങനെ കേരളത്തെ പുനർനിർമ്മിക്കാം? ഷാജൻ സ്‌കറിയ എഴുതുന്നു

ആര് എന്ത് നൽകി എന്നും ആർക്കൊക്കെയാണ് അത് വീതിച്ചു നൽകേണ്ടത് എന്നും എല്ലാവർക്കും അറിയാൻ പറ്റണം; പൊതു നഷ്ടവും സ്വകാര്യ നഷ്ടവും വെവ്വേറെ കണക്കാക്കി വിഭവശേഖരണം നടത്തണം; പുനർനിർമ്മാണത്തിന്റെ പേരിൽ കോൺട്രാക്ടർമാർ കാശുണ്ടാക്കരുത്: സെസ്സ് ഏർപ്പെടുത്താതെ തന്നെ എങ്ങനെ കേരളത്തെ പുനർനിർമ്മിക്കാം? ഷാജൻ സ്‌കറിയ എഴുതുന്നു

ഷാജൻ സ്‌കറിയ

ത് ബ്ലെയ്മിങ്‌ ഗെയിമുകളുടെ സമയമല്ല. കേന്ദ്രവും കേരളവും പിണറായിയും അല്‌ഫോൻസും ചെന്നിത്തലയും ഒരുമിച്ചു നിൽക്കേണ്ട സമയമാണിത്. എന്തൊക്കെ പുറത്തു പറഞ്ഞാലും ഒരുമിച്ചു നിൽക്കുക തന്നെ ചെയ്യും. സർക്കാർ സംവിധാനം മാത്രം ആയിരുന്നു എങ്കിൽ കേരളം ഒരു കാരണവശാലും രക്ഷപ്പെടുമായിരുന്നില്ല. മത- രാഷ്ട്രീയ സംഘടനകളും സന്നദ്ധ സംഘടനകളും ബിസിനെസ്സ് സ്ഥാപനങ്ങളും അടക്കം നമ്മളെ രക്ഷിച്ച എല്ലാവരെയും മറക്കാൻ പറ്റില്ല. ഇനി കാര്യങ്ങൾ സുഗമമാകാൻ ചുവടെ കൊടുക്കുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.

1. കേവലം ഫണ്ട് ശേഖരണത്തിന് അപ്പുറം ദുരിതാശ്വാസ പ്രവർത്തനങ്ങളെ കുറിച്ചുള്ള സമ്പൂർണ വിവരങ്ങൾ ചേർത്ത് ആ വെബ്‌സൈറ് നിരന്തരം അപ്‌ഡേയ്റ്റ് ചെയ്യണം. കേരളം എങ്ങനെയാണ് ഈ ദുരന്തത്തെ നേരിട്ടത് എന്നതിനുള്ള ചരിത്ര രേഖയായി മാറണം ഈ വെബ്സൈറ്റ്.

2. എത്ര രൂപ ദുരിതാശ്വാസ ഫണ്ടിലേക്ക് കിട്ടുന്നുണ്ട് എന്ന് അപ്പോൾ തന്നെ വെബ്‌സൈറ്റിൽ അപ്‌ഡേറ്റ് ചെയ്യണം.പണം നൽകുന്നവരുടെ പേരുകളും എത്ര പണം എന്നതും ലൈവായി അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് സംബന്ധിച്ചു ആർക്കും സംശയമോ പരാതിയോ ഇല്ല. എന്നാൽ അതുണ്ടാവാതിരിക്കാൻ കുറച്ചു കൂടി സുതാര്യത ഉറപ്പു വരുത്തണം. പണം കൊടുത്ത ഒരാളുടെ പേര് ലിസ്റ്റിൽ ഇല്ലെങ്കിൽ കൊടുത്ത ആൾക്ക് തന്നെ അത് തുറന്നു പറയാമല്ലോ. സുതാര്യത നിലനിർത്താൻ വേണ്ടി ഇവിടെ പ്രൈവസി സാധ്യമല്ല എന്ന നിലപാട് സർക്കാർ എടുക്കണം

3. ഏതൊക്കെ സംഘടനകളും വ്യക്തികളും ബിസിനസ് സ്ഥാപനങ്ങളും ദുരിതാശ്വസ പ്രവർത്തനം നടത്തിയെന്ന് കണക്കെടുത്തു അതും വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം. സർക്കാർ അറിയാതെ ആവാം പലരും അതൊക്കെ ചെയ്തത്. എങ്കിലും അവർക്കു തെളിവുകൾ സഹിതം ബന്ധപ്പെടാൻ അവസരം നൽകണം.

4. സേവാഭാരതിയെന്നോ ഡിവൈഎഫ്‌ഐ എന്നോ എസ്ഡിപിഐ എന്നോ വ്യത്യാസമില്ലാതെ ഓരോരുത്തരുടെയും പ്രവർത്തനങ്ങൾ ഈ സൈറ്റിൽ പ്രസിദ്ധീകരിക്കണം.

5. ദുരിതാശ്വസ ക്യാമ്പുകളിലേക്ക് പോകുന്ന സാധനങ്ങളുടെ കണക്കും അവിടത്തെ ചെലവുകളും പ്രസിദ്ധീകരിക്കണം. പട്ടിണിയെന്ന പരാതിക്കു അവസരം ഒരുക്കരുത്.

6. നഷ്ടപരിഹാരമായി ഓരോരുത്തർക്കും സർക്കാർ നൽകുന്ന സർവ തുകകൾ കുറിച്ചുമുള്ള വിവരങ്ങൾ അപ്‌ഡേയ്റ്റ് ചെയ്യണം. ഓരോരുത്തർക്കും എന്തിനു എത്ര പണം കൊടുത്തു എന്ന് ലോകം അറിയണം.

7. എത്ര രൂപ നഷ്ടം ഉണ്ടായി എന്ന് വിശദമായി പഠനം നടത്തുകയും അത് ഇനം തിരിച്ചു പ്രസിദ്ധീകരിക്കുകയും വേണം. സമൂഹത്തിനുണ്ടായ നഷ്ടം, വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഉണ്ടായ നഷ്ടം എന്നിവ വെവ്വേറെ കണക്കണം. അതിനു ഒരു സമയപരിധി നിശ്ചയിക്കുകയും ഈ സമയത്തിനുള്ളിൽ നഷ്ടം കണ്ടെത്തുകയും വേണം.

8. ഈ നഷ്ടം പരിഹരിക്കാൻ വേണ്ട പണവും വിഭവങ്ങളും എത്ര എന്ന് കണ്ടെത്തി അത് പ്രസിദ്ധീകരിക്കണം. കാടടച്ചു 20 ,000 കോടി നഷ്ടം എന്ന് പറയുന്നതും അതിനു വേണ്ടി സെസ്സ് ഏർപ്പെടുത്തുന്നതും ഉചിതം അല്ല. പുനർ നിർമ്മാണത്തിന്റെ ആക്ച്വൽ ബജറ്റാണ് സർക്കാർ ഉണ്ടാക്കേണ്ടത്.

9. നഷ്ടപരിഹാര കാര്യത്തിൽ ഒരു മാനദണ്ഡം ഉണ്ടാക്കുകയും അത് പ്രസിദ്ധീകരിക്കുകയും വേണം. ഉദാഹരണത്തിന് ഇൻഷുറൻസ് പരിരക്ഷയുള്ള നഷ്ടങ്ങളെയും അല്ലാത്തവയെയും എങ്ങനെ വ്യത്യസ്തമായി കണക്കാക്കും, വ്യക്തികളുടെ നഷ്ടങ്ങൾ എങ്ങനെ നികത്തും എന്നിവ സംബന്ധിച്ച ക്ലാരിറ്റി വേണം. സമ്പന്നരായ ഒരാൾക്കുണ്ടായ നഷ്ടവും ഒന്നുമില്ലാത്തവന്റെ നഷ്ടവും നികത്തുന്നതിന് വ്യത്യസ്ത മാനദണ്ഡം എന്തെന്ന് വ്യക്തമാക്കണം.

10. ക്ലീനിംഗിനും സുരക്ഷാ പരിശോധനക്കും ഇപ്പോൾ വലിയ പ്രാധാന്യം നൽകണം. ഓരോ വ്യക്തിയും അവരുടെ ഉത്തരവാദിത്തത്തിൽ അത് ചെയ്യട്ടെ. അതിനുണ്ടായ ചെലവ് കൃത്യമായി കണക്കാക്കി സർക്കാർ സഹായം ഉറപ്പു വരുത്തുക.

11. ദുരിതാശ്വാസ സഹായമായി എത്തുന്ന എല്ലാ സാധനങ്ങളും വസ്തുക്കളും അക്കൗണ്ട് ചെയ്യുകയും അത് കൃത്യമായി വീതിക്കുകയും ആവശ്യമെങ്കിൽ കൂടുതൽ എത്തിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്യുന്ന ഒരു കേന്ദ്രീകൃത സമ്പ്രദായം ഉടൻ നടപ്പിലാക്കണം. ആവശ്യമില്ലാത്ത ഒന്നും ആരും എത്തിക്കാതിരിക്കാൻ ഈ സംവിധാനത്തിന് സാധിക്കണം. ഏറ്റവും അധികം തട്ടിപ്പു ഇതിന്റെ പേരിൽ നടക്കാൻ ഇടയുള്ളതുകൊണ്ടു അടിയന്തിര പ്രാധാന്യം നൽകണം. മനുഷ്യരുടെ നന്മയെ ആരും മുതലെടുപ്പ് നടത്താൻ അനുവദിക്കരുത്.

12. ദുരിതാശ്വാസ പുനർനിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനകളെ കുറിച്ചും സ്ഥാപനങ്ങളെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും അപ്‌ഡേയ്റ്റ് ചെയ്യുകയും അവർക്കു ആവശ്യമുള്ളത് എന്ത് എന്ന് പൊതു ജനത്തിന് അപ്പോൾ തന്നെ അറിയാൻ സംവിധാനം ഉണ്ടാക്കുകയും വേണം.

13. പുനർനിർമ്മാണ പ്രവർത്തങ്ങൾ നേതാക്കൾക്ക് ഇഷ്ടമുള്ളവർക്ക് കോൺട്രാക്ട് കൊടുക്കുക്കുകയും പൊതുജനങ്ങളുടെ നന്മയിൽ കൊരുത്ത പണം ധൂർത്തടിക്കുകയും ചെയ്യുന്നത് ഒഴിവാക്കാൻ വിദഗ്ദ്ധരായും ജനപ്രതിനിധികളും സന്നദ്ധ സംഘടനകളും ചേർന്നു ജനകീയ സമിതികൾ ഉണ്ടാക്കുകയും ആ സമിതികൾ ഓരോ നിർമ്മാണ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുകയും വേണം. ഇതിന്റെ ബജറ്റ് കണ്ടെത്തുന്നത് ജനപിന്തുണയോടു കൂടി ആയതിനാൽ ചുവപ്പു നാടയുടെ സാധാരണരീതി വിട്ടു കുറച്ചു കൂടി സുതാര്യവും എന്നാൽ കാശ് ലഭിക്കുന്നതും ക്വാളിറ്റി ഉറപ്പു നൽകുന്നതും ആക്കി മാറ്റണം. ഒരു കാരണവശാലും കോൺട്രാക്ടര്മാരും ഇടനിലക്കാരും ഈ ദുരിതത്തിൽ നിന്നും ഒരു നയാ പൈസ പോലും ഉണ്ടാക്കുന്ന സാഹചര്യം ഉണ്ടാവരുത്. പുനർനിർമ്മാണ കരാർ ലഭിക്കുന്നവരൊക്കെ ചെലവ് മാത്രം ഈടാക്കുന്നവരാകണം.

14. ഇതെല്ലം പൂർത്തിയായി കഴിയുമ്പോൾ അറിയാം എത്ര രൂപ അല്ലെകിൽ എത്ര വിഭവങ്ങൾ വേണമെന്ന്. അത് കൃത്യമായി കണ്ടെത്തി പൊതു ജനങ്ങളിൽ നിന്നും സംഘടനകളിൽ നിന്നും ബിസിനെസ്സ് സ്ഥാപനങ്ങളിൽ നിന്നും സ്വമേധയാ ശേഖരിക്കാൻ ആദ്യം ശ്രമിക്കണം. മുഴുവൻ പൊതു ജനങ്ങളും ഒരു നിശ്ചിത ദിവസം പണം ശേഖരിക്കുന്നതുപോലെയൊരു സംവിധാനം ഒക്കെ പരീക്ഷിക്കാം. ഓരോ പണത്തിനും റഷീദ് ഉറപ്പു വരുത്തുക. ബക്കെറ്റ് പിരിവു കർശനമായി നിരോധിക്കുക. സുതാര്യത ഉറപ്പാണെങ്കിൽ ജനം അറിഞ്ഞു പണം നൽകും. എല്ലാം ശരിയായയി ആണ് പോകുന്നതെങ്കിലും എന്നെപോലെയുള്ള സാധാരണക്കാർ പോലും എട്ടോ പത്തോ ലക്ഷം രൂപ വീതം നൽകുമെന്ന് ഉറപ്പാണ്.ഒരു സെസും ഏർപ്പെടുത്താതെ വേണ്ടത്രയും പണം നിശ്ചിത കാലയളവിനുള്ളിൽ ശേഖരിക്കാൻ ഒരു പ്രയാസവും ഉണ്ടാവില്ല. പക്ഷെ ഒരു തരി പോലും സംശയം ബാക്കി വയ്ക്കരുത്. കാശ് അടിച്ചു മാറ്റാൻ ശ്രമിക്കുന്നവരെ കണ്ടെത്തി നാണം കെടുത്താനും സംവിധാനം വേണം.

തിരുവോണം പ്രമാണിച്ച് നാളെ(25-08-2018) ഓഫീസിന് അവധി ആയതിനാൽ മറുനാടൻ മലയാളിയിൽ അപ്‌ഡേഷൻ ഉണ്ടാകുന്നതല്ല. പ്രിയ വായനക്കാർക്ക് ഓണാശംസകൾ- എഡിറ്റർ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP