Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'പട്ടിയൊട്ടു പുല്ലു തിന്നുകേമില്ല, പശുവിനെ കൊണ്ട് തീറ്റിക്കുകയുമില്ല '; ' വിദേശ സർക്കാരുകളുടെ സഹായങ്ങൾ കേന്ദ്ര സർക്കാരിന്റെ അനുവാദത്തോടെ സ്വീകരിക്കാമെന്ന് ' ദേശീയ ദുരന്ത നിവാരണ പദ്ധതി 2016ൽ വ്യക്തമാക്കിയിട്ടുള്ളതാണ് '; 700 കോടിയുടെ യുഎഇ സർക്കാർ സഹായം നിഷേധിച്ച കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ധനമന്ത്രി തോമസ് ഐസക്ക്

'പട്ടിയൊട്ടു പുല്ലു തിന്നുകേമില്ല, പശുവിനെ കൊണ്ട് തീറ്റിക്കുകയുമില്ല '; ' വിദേശ സർക്കാരുകളുടെ സഹായങ്ങൾ കേന്ദ്ര സർക്കാരിന്റെ അനുവാദത്തോടെ സ്വീകരിക്കാമെന്ന് ' ദേശീയ ദുരന്ത നിവാരണ പദ്ധതി 2016ൽ വ്യക്തമാക്കിയിട്ടുള്ളതാണ് '; 700 കോടിയുടെ യുഎഇ സർക്കാർ സഹായം നിഷേധിച്ച കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ധനമന്ത്രി തോമസ് ഐസക്ക്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പ്രളയക്കെടുതിയിൽ വലയുന്ന കേരളത്തിനായി 700 കോടിയുടെ യുഎഇ സർക്കാർ നൽകിയ സഹായം നിഷേധിച്ച കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക്ക്. പട്ടിയൊട്ടു പുല്ലു തിന്നുകയുമില്ല പശുവിനെ കൊണ്ട് തീറ്റിക്കുകയുമില്ലെന്നാണ് തോമസ് ഐസക്ക് തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ കുറ്റപ്പെടുത്തിയത്. വിദേശ രാജ്യങ്ങളിൽ നിന്നും സംഭാവന വാങ്ങുന്നത് ദേശീയ നയത്തിന് എതിരാണെന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്. എന്നാൽ യുഎഇ സർക്കാർ പ്രഖ്യാപിച്ച 700 കോടി ധനസഹായം വാങ്ങുന്നതിന് നിയമപരമായി തടസമില്ലെന്നതാണ് യാഥാർത്ഥ്യമെന്നും ഇത്തരം സഹായങ്ങൾ കേന്ദ്ര സർക്കാർ അനുവാദത്തോടെ വാങ്ങാമെന്ന് ' ദേശീയ ദുരന്ത നിവാരണ പദ്ധതി 2016ൽ ' വ്യക്തമാക്കിയിട്ടുള്ളതാണെന്നും തോമസ് ഐസക്ക് വ്യക്തമാക്കി.

ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക്കിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

കേരളം അടിയന്തിര സഹായമായി കേന്ദ്ര സർക്കാരിനോട് 2000 കോടി രൂപ ചോദിച്ചു. വളരെ പിശുക്കി കേന്ദ്രം 600 കോടി രൂപ അനുവദിച്ചു . കേരള സർക്കാർ വിദേശ രാജ്യങ്ങളോട് സഹായം അഭ്യർത്ഥിച്ചിട്ടില്ല . പക്ഷെ യു എ ഇ സർക്കാർ മഹാമാനസ്‌കതയോടെ 700 കോടി രൂപ നൽകാം എന്ന വാഗ്ദാനം മുന്നോട്ടു വച്ചു . തങ്ങൾ നൽകുന്നതിനേക്കാൾ കൂടിയ തുക ഒരു വിദേശ രാജ്യം നൽകുന്നത് ഒരു കുറച്ചിൽ ആയി തോന്നിയിരിക്കണം . അതുകൊണ്ട് അവരുടെ അനൗദ്യോഗിക നിലപാട് അത്തരം സംഭാവന വേണ്ടെന്നാണ് . പട്ടിയൊട്ടു പുല്ലു തിന്നുകേമില്ല, പശൂനെ കൊണ്ട് തീറ്റിക്കുകേമില്ല എന്ന് കേട്ടിട്ടില്ലേ ?

ഇത്തരത്തിൽ വിദേശ സംഭാവന വാങ്ങുന്നത് ദേശീയ നയത്തിന് വിരുദ്ധമാണെന്നാണ് ഔദ്യോഗിക നിലപാട് . വിദേശ സഹായത്തിന്റെ പിന്നിൽ പതിയിരിക്കുന്ന അപകടങ്ങളെ കുറിച്ചു ഏറ്റവും ജാഗ്രത പുലർത്തി വന്ന പ്രസ്ഥാനമാണ് ഇടതുപക്ഷ പ്രസ്ഥാനം . ഇത്തരം സഹായങ്ങൾക്കൊപ്പം വരുന്ന കാണാച്ചരടുകളും നിബന്ധനകളും ആണ് ഈ എതിർപ്പിനു കാരണം. പക്ഷെ എല്ലാവിധ വിദേശനിക്ഷേപങ്ങളെയോ സഹായങ്ങളെയോ ഇടതുപക്ഷം അടച്ചെതിർത്തിരുന്നില്ല. ചരടുകൾ ഇല്ലാത്ത സഹായങ്ങൾ സ്വീകരിക്കുന്നതിൽ ഇടതുപക്ഷത്തിന് ഒരിക്കലും എതിർപ്പുണ്ടായിരുന്നില്ല. ഇവിടെ യു എ ഇ സ്വമേധയാ നൽകാമെന്നു പറഞ്ഞ ഒരു ഗ്രാന്റ് ആണ് ഈ തുക . ഈ പണം തിരിച്ചു കൊടുക്കേണ്ടതില്ല .

നമ്മുക്ക് ആവശ്യമുള്ള രീതിയിൽ ദുരിതാശ്വാസത്തിനും പുനരധിവാസത്തിനും ഉപയോഗിക്കാം . ഇത്രയും വലിയ തുക സംഭാവന ആയി നൽകിയതിന് പിന്നിൽ പല കാരണങ്ങൾ ഉണ്ടാവാം . അവിടുത്തെ മറ്റു രാജ്യങ്ങളിൽ നിന്ന് പോയി പണിയെടുക്കുന്നവരിൽ ഭൂരിപക്ഷവും മലയാളികൾ ആണെന്നതാവാം ഒന്ന് . പ്രവാസികളുടെ ക്ഷേമാത്തെയും മറ്റും മുൻ നിർത്തി ഇടതുപക്ഷ സർക്കാർ സ്വീകരിക്കുന്ന സൗഹൃദ സമീപനം മറ്റൊരു കാരണമാവാം . കേരളത്തിലെ ദുരന്തവും അതിനെതിരായി കേരളീയ ജനത ഒരുമിച്ചുയുർത്തിയ പ്രതിരോധവും അവരുടെ മനസ്സിനെ പിടിച്ചുലച്ചതും ഒരു കാരണമാവാം . അതെന്തുമാവട്ടെ ഇത്തരം ഒരു സംഭാവന സ്വീകരിക്കുന്നതുകൊണ്ട് എന്താണ് കുഴപ്പം?

ആദ്യം വാജ്‌പേയി സർക്കാരും പിന്നീട് യു പി എ സർക്കാരും വിദേശ സഹായത്തോടു മുഖം തിരിച്ചത് കാണാചരടുകളോടുള്ള പേടി കൊണ്ടല്ല. അങ്ങനെയെങ്കിൽ അമേരിക്ക , റഷ്യ , ജർമ്മനി , ഇംഗ്ലണ്ട്, ജപ്പാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിദേശ സഹായം അനുവദനീയമാക്കിയത് എന്തിന്? ഇതിൽ ജപ്പാൻ ഒഴികെയുള്ള പാശ്ചാത്യ സാമ്പത്തീക ശക്തികൾ ഏറ്റവും കൂടുതൽ നിക്ഷിപ്ത താൽപ്പര്യങ്ങൾ ഉള്ള രാജ്യങ്ങൾ ആണ് . അതെ സമയം സ്‌കാൻഡനെവിയൻ രാജ്യങ്ങൾ ആവട്ടെ താരതമ്യേന ചരടുകൾ ഇല്ലാത്ത സഹായം ആണ് വാഗ്ദാനം ചെയ്യാറ്. അവരോടായിരുന്നു ഇന്ത്യ സർക്കാരിന്റെ എതിർപ്പ്.

ഇന്ത്യ വലിയ സാമ്പത്തീക ശക്തി ആയി കൊണ്ടിരിക്കുന്നു , അതുകൊണ്ട് ചെറിയ രാജ്യങ്ങളുടെ സഹായം വാങ്ങുന്നത് നമ്മുടെ സ്റ്റാറ്റസിന് അനുയോജ്യമല്ല എന്നാണു ഔദ്യോഗികമായി അവർ നൽകി വന്ന വിശദീകരണം. ഇന്ത്യ തന്നെ വിദേശ സഹായം നൽകുന്ന രാജ്യമായി മാറി കൊണ്ടിരിക്കുന്നു എന്നാണ് ഇവരുടെ അവകാശവാദം . ഇത്ര മാത്രം സമ്പന്നമാണ് ഇന്ത്യ എങ്കിൽ കേരളത്തിലെ ദുരന്തത്തെ നേരിടാൻ യു എ ഇ സർക്കാർ അനുവദിച്ച തുക എങ്കിലും നൽകാൻ കഴിയാതെ പോകുന്നത് എന്തുകൊണ്ട് എന്ന ചോദ്യം പ്രസക്തമാണ്.

യു എ ഇ സർക്കാരിന്റെ 700 കോടി ധനസഹായം വാങ്ങുന്നതിന് നിയമപരമോ നയപരമോ ആയ ഒരു തടസവുമില്ല എന്നതാണ് യാഥാർത്ഥ്യം , കാരണം ഇത് വളരെ ഗുരുതരമായ ഒരു ദുരന്ത നിവാരണത്തിനായുള്ള സംഭാവന ആണ് . ഇത്തരം സന്ദർഭങ്ങളിൽ വിദേശ സർക്കാരുകളുടെ സഹായങ്ങൾ കേന്ദ്രസർക്കാരിന്റെ അനുവാദത്തോടെ സ്വീകരിക്കാം എന്ന് 'ദേശീയ ദുരന്ത നിവാരണ പദ്ധതി -2016' ൽ വ്യക്തമാക്കിയിട്ടുള്ളതാണ്. ഈ രേഖയിലെ ഒൻപതാം അധ്യാത്തിൽ ദുരന്തനിവാരണത്തിനായുള്ള 'ഇന്റർനാഷണൽ കോപ്പറേഷൻ' എന്ന അദ്ധ്യായത്തിൽ ഇത് വളരെ വ്യക്തമായി പറഞ്ഞിട്ടുള്ളതാണ് .

ഇത് സ്‌ക്രീൻ ഷോട്ട് ആക്കി കൊടുത്തിട്ടുണ്ട്. അതുകൊണ്ടാണ് ഇതു നിയമത്തിണോ നയത്തിനോ എതിരല്ല എന്ന് പറയുന്നത്. ഇത് വാങ്ങാൻ അനുവദിക്കാതിരിക്കുന്നത് രാഷ്ട്രീയ വിവേചനം മാത്രമാണ്. ഇന്ത്യയിൽ പല സംസ്ഥാനങ്ങളെയും ഇത്തരത്തിൽ ദുരന്ത കാലത്ത് വിദേശ സഹായം സ്വീകരിക്കാൻ കേന്ദ്രം അനുവദിച്ചിട്ടുണ്ട്. കേന്ദ്രസർക്കാർ മിഥ്യാ ബോധവും ജാള്യതയും മാറ്റി വച്ച് കേരളത്തിന്റെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ വിജയിപ്പിക്കാൻ സഹായകമായ നിലപാട് സ്വീകരിക്കണം.

 

 

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP