Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

രക്ഷാപ്രവർത്തനത്തിനുള്ള ഹെലികോപ്റ്ററിൽ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച് മന്ത്രിമാർ; പതിനായിരങ്ങൾ നഷ്ടമാക്കിയ മന്ത്രിമാരുടെ ആകാശയാത്ര വിവാദമാക്കി പ്രതിപക്ഷം; റോഡ് വഴി യാത്ര സാധ്യമായിരിക്കേ ദുരിതാശ്വാസ പ്രവർത്തനത്തിനായുള്ള ഹെലികോപ്ടർ വിട്ടുകൊടുത്ത കലക്ടർക്കെതിരെയും ആരോപണം: വിവാദത്തിനില്ലെന്ന് പറഞ്ഞ് മന്ത്രിമാർ

രക്ഷാപ്രവർത്തനത്തിനുള്ള ഹെലികോപ്റ്ററിൽ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച് മന്ത്രിമാർ; പതിനായിരങ്ങൾ നഷ്ടമാക്കിയ മന്ത്രിമാരുടെ ആകാശയാത്ര വിവാദമാക്കി പ്രതിപക്ഷം; റോഡ് വഴി യാത്ര സാധ്യമായിരിക്കേ ദുരിതാശ്വാസ പ്രവർത്തനത്തിനായുള്ള ഹെലികോപ്ടർ വിട്ടുകൊടുത്ത കലക്ടർക്കെതിരെയും ആരോപണം: വിവാദത്തിനില്ലെന്ന് പറഞ്ഞ് മന്ത്രിമാർ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: പ്രളയക്കെടുതിയിൽ മുങ്ങിയ കേരളത്തിന് സഹായവുമായി സൈന്യം അടക്കമുള്ളവർ സജീവമായി രംഗത്തുണ്ട്. രക്ഷാപ്രവർത്തനം ഏതാണ്ട് കഴിഞ്ഞെങ്കിലും മന്ത്രിമാർ ഹെലികോപ്ടർ യാത്ര നടത്തിയത് ഇതിനിടെ വിവാദമായി. കുട്ടനാട്ടിൽ കുട്ടനാട്ടിലെ രക്ഷാപ്രവർത്തനത്തിനായി ആലപ്പുഴ ജില്ലാ കലക്ടർക്കു നൽകിയ ഹെലികോപ്റ്ററിൽ മന്ത്രിമാരുടെ ക്യാംപ് സന്ദർശിച്ചാണ് വിവാദമായത്. മന്ത്രിമാരായ തോമസ് ഐസക്കും ജി.സുധാകരനും ആലപ്പുഴയിൽനിന്ന് ഹെലികോപ്റ്ററിലാണ് ഇന്നലെ ചങ്ങനാശേരിയിലെ ദുരിതാശ്വാസ ക്യാംപിലെത്തിയത്. കാറിൽ ചുരുങ്ങിയ സമയം കൊണ്ട് എത്താമെന്നിരിക്കെ തന്നെയാണ് പതിനായിരിങ്ങൾ മുടക്കി മന്ത്രിമാർ ഹെലികോപ്ടർ യാത്ര നടത്തിയത്.

ദുരിതാശ്വാസ പ്രവർത്തനത്തിനു നൽകുന്ന ഹെലികോപ്റ്ററുകൾ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനും ഭക്ഷണ വിതരണത്തിനും മാത്രമേ ഉപയോഗിക്കാവൂ എന്നാണു വ്യവസ്ഥ. സന്ദർശനം പോലുള്ള മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ല. ഈ വ്യവസ്ഥ മന്ത്രിമാർ തെറ്റിച്ചുവെന്ന ആരോപണവുമായി പ്രതിപക്ഷവും ഇതിനിടെ രംഗത്തെത്തി. ആലപ്പുഴയിൽനിന്നു മുഹമ്മ, കല്ലറ, ഏറ്റുമാനൂർ വഴിയും തകഴി, പൊടിയാടി വഴിയും റോഡ് മാർഗം വരാമെന്നിരിക്കെയാണ് മന്ത്രിമാർആകാശയാത്ര നടത്തിയത്.

കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ ഇറങ്ങി കാറിൽ ചങ്ങനാശേരിക്കു പോയി. ചങ്ങനാശേരിയിൽനിന്ന് ഇരുവരും ആലപ്പുഴയ്ക്കു തിരിച്ചുപോയത് തകഴി റൂട്ടിൽ കാറിലായിരുന്നു. കുട്ടനാട്, ചെങ്ങന്നൂർ മേഖലയിലെ പ്രളയത്തിന്റെ സാഹചര്യത്തിലാണു ദുരിതാശ്വാസ പ്രവർത്തനത്തിന് ആലപ്പുഴ കലക്ടർക്ക് ഹെലികോപ്റ്റർ വിട്ടുകൊടുത്തത്. കലക്ടറുടെ നടപടിയും ഇിതോടെ വിവാദത്തിനായി.

പ്രളയ ബാധിത മേഖലകളിലെ രക്ഷാപ്രവർത്തനത്തിന് ഒൻപതു ഹെലികോപ്റ്ററുകളാണ് സേനകളിൽനിന്നു സർക്കാർ എടുത്തിട്ടുള്ളത്. ഒരു മണിക്കൂർ പറക്കുന്നതിന് ഹെലികോപ്റ്ററിന് 70,000 രൂപ മുതൽ രണ്ടു ലക്ഷം രൂപ വരെ ചെലവു വരും. കഴിഞ്ഞ ദിവസം ചെങ്ങന്നൂരിൽനിന്നു തിരുവനന്തപുരത്തേക്കു യുവാവിനെ അബദ്ധവശാൽ കയറ്റിക്കൊണ്ടു പോയതു വഴി ഒരു ലക്ഷം രൂപയുടെ ഇന്ധനം നഷ്ടപ്പെട്ടുവെന്നാണു വ്യോമസേന പറഞ്ഞത്. രക്ഷാപ്രവർത്തനത്തിന് സൈന്യം എത്തിയപ്പോൾ ഹെലികോപ്ടറിൽ കയറാൻ വിസമ്മതിച്ച് ആളുകൾ രംഗത്തുണ്ടായിരുന്നു. ഇതുവഴിയും സൈന്യത്തിന് ഇന്ധന നഷ്ടം ഉണ്ടായിട്ടുണ്ട്. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ദുരിതബാധിത മേഖലകൾ സന്ദർശിക്കുന്നതും ഹെലികോപ്ടറിലാണ്. മൂന്ന് ജില്ലകളിലാണ് മുഖ്യമന്ത്രി ഹെലികോപ്ടറിൽ യാത്ര ചെയ്യുന്നത്.

അതേസമയം മന്ത്രിമാരുടെ ആകാശയാത്ര വിവാദമായ സാഹചര്യത്തെ മന്ത്രിമാർ തള്ളി. പ്രതിപക്ഷത്തിനു വിവാദങ്ങളുണ്ടാക്കാനേ നേരമുള്ളുവെന്നു മന്ത്രി ഡോ. തോമസ് ഐസക്. വിവാദങ്ങൾക്കു പിന്നാലെ പോകാൻ താൽപര്യമില്ലെന്നു മന്ത്രി ജി.സുധാകരനും പറഞ്ഞു. ചങ്ങനാശേരിയിലെ ക്യാംപുകൾ സന്ദർശിക്കുന്നതിനു ഹെലികോപ്റ്റർ മാർഗം ആലപ്പുഴയിൽനിന്നു കോട്ടയത്ത് എത്തിയതായിരുന്നു ഇരുവരും.

വേറെ പണിയില്ലാത്തതു കൊണ്ടാണു പ്രതിപക്ഷം വിവാദങ്ങൾക്കു പിന്നാലെ പോകുന്നത്. ഇപ്പോൾ പുനരധിവാസത്തിനാണ് ഊന്നൽ. അതുകഴിഞ്ഞു സാമൂഹിക ഓഡിറ്റും തർക്കങ്ങളുമാകാമെന്നു മന്ത്രി തോമസ് ഐസക് പറഞ്ഞു. കേന്ദ്രം സഹായിച്ചിട്ടുണ്ടെങ്കിലും പ്രതീക്ഷിച്ചതുപോലെ ലഭിച്ചില്ലെന്നു മന്ത്രി ജി.സുധാകരൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP