Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രളയക്കെടുതി നേരിടാൻ വിദേശസഹായം വേണ്ടെന്ന് കേന്ദ്രസർക്കാറിന്റെ ഔദ്യോഗിക അറിയിപ്പ്; കേരളത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഇന്ത്യ തന്നെ ചെയ്യുമെന്ന് പ്രസ്താവന; പ്രവാസികൾ, ഇന്ത്യൻ വംശജർ, വിദേശ സന്നദ്ധ സംഘടനകൾ തുടങ്ങിയവർക്ക് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാമെന്ന പഴുത് ഉപയോഗിച്ചാൽ യുഎഇ സ്വരൂപിക്കുന്ന പണം മുഖ്യന്ത്രിയുടെ അക്കൗണ്ടിലെത്താം; സഹായം സ്വീകരിക്കുന്ന രാജ്യമല്ല, നൽകുന്ന രാജ്യമെന്നതിലേക്ക് ഇന്ത്യ മാറിയെന്ന് കേന്ദ്രസർക്കാർ നയം അടിവരയിട്ട് മോദി

പ്രളയക്കെടുതി നേരിടാൻ വിദേശസഹായം വേണ്ടെന്ന് കേന്ദ്രസർക്കാറിന്റെ ഔദ്യോഗിക അറിയിപ്പ്; കേരളത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഇന്ത്യ തന്നെ ചെയ്യുമെന്ന് പ്രസ്താവന; പ്രവാസികൾ, ഇന്ത്യൻ വംശജർ, വിദേശ സന്നദ്ധ സംഘടനകൾ തുടങ്ങിയവർക്ക് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാമെന്ന പഴുത് ഉപയോഗിച്ചാൽ യുഎഇ സ്വരൂപിക്കുന്ന പണം മുഖ്യന്ത്രിയുടെ അക്കൗണ്ടിലെത്താം; സഹായം സ്വീകരിക്കുന്ന രാജ്യമല്ല, നൽകുന്ന രാജ്യമെന്നതിലേക്ക് ഇന്ത്യ മാറിയെന്ന് കേന്ദ്രസർക്കാർ നയം അടിവരയിട്ട് മോദി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ആഗോള തലത്തൽ അതിവേഗം വളരുന്ന രാജ്യമെന്ന ബഹുമതി വിവിധ ക്രെഡിറ്റ് ഏജൻസികൾ ഇന്ത്യയ്ക്ക് നൽകിയിട്ടുണ്ട്. മന്മോഹൻ സിംഗിന്റെ ഭരണകാലത്ത് ഇന്ത്യയുടെ കുതിപ്പ് ചൈനയുടെ സാമ്പത്തിക വളർച്ചയേക്കാൾ വലുതാണെന്ന വിധത്തിൽ വിലയിരുത്തപ്പെട്ടിരുന്നു. മോദി വന്നപ്പോൾ ഈ സ്ഥാനം രണ്ടാമതായി. എങ്കിലും അതിവേഗം കുതിക്കുന്ന സാമ്പത്തിക ശക്തിയെന്ന നിലയിൽ ഇന്ത്യയ്ക്ക് ഒരും സ്ഥാനത്തിന്റെ ദുരിതക്കെടുതിയെ നേരിടാൻ സാധിക്കുമെന്ന് തെളിയിക്കേണ്ട സമയാണ് ഇപ്പോൾ. അതുകൊണ്ടു കൂടിയാണ് കേരളത്തിലെ പ്രളയക്കെടുതിയിൽ വിദേശ സഹായം വേണ്ടെന്ന നിലപാട് സ്വീകരിക്കുന്നത് എന്നാണ് കേന്ദ്ര സർക്കാർ നൽകുന്ന വിവരം.

കേരളത്തിലെ പ്രളയക്കെടുതി നേരിടാൻ വിദേശസഹായം വേണ്ടെന്ന അറിയിപ്പ് കേന്ദ്രസർക്കാർ ഔദ്യോഗികമായി ഇന്നലെ പുറത്തിറക്കി. വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവാണ് ഇക്കാര്യം അറിയിച്ചത്. വെള്ളപ്പൊക്കത്തിൽ സഹായം വാഗ്ദാനം ചെയ്ത രാജ്യങ്ങൾക്ക് നന്ദി അറിയിക്കുന്നു. എന്നാൽ, നിലവിലെ നയമനുസരിച്ച് പ്രളയക്കെടുതി ബാധിച്ച കേരളത്തിലെ ദുരിതിശ്വാസ, പുനർനിർമ്മാണ പ്രവർത്തനങ്ങൾ ഇന്ത്യ തന്നെ ചെയ്യുമെന്ന് പ്രസ്താവനയിൽ പറയുന്നു.

അതേ സമയം, മുഖ്യമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും ദുരിതാശ്വാസനിധിയിലേക്ക് വിദേശത്ത് നിന്ന് സംഭാവന നൽകാവുന്നതാണെന്നും വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. പ്രവാസികൾ, ഇന്ത്യൻ വംശജർ, വിദേശ സന്നദ്ധ സംഘടനകൾ തുടങ്ങിയവർക്കാണ് ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകാനാവുക. ഇതിൽ വിവിധ രാജ്യങ്ങളിലെ രാഷ്ട്രതലവന്മാർക്ക് സംഭാവന നൽകാൻ കഴിയുമോ എന്ന് വ്യക്തമാക്കിയിട്ടില്ല.

നേരത്തെ കേരളത്തിനായി യു.എ.ഇ, ഖത്തർ പോലുള്ള രാജ്യങ്ങൾ സഹായം വാഗ്ദാനം ചെയ്തിരുന്നു. യു.എന്നും കേരളത്തിലെ പ്രളയത്തിൽ ഇടപെടാമെന്ന് അറിയിച്ചിരുന്നു. കേന്ദ്രസർക്കാറിന്റെ പുതിയ നയത്തിന്റെ പശ്ചാത്തലത്തിൽ പ്രവാസികൾ, ഇന്ത്യൻ വംശജർ, വിദേശ സന്നദ്ധ സംഘടനകൾ തുടങ്ങിയവർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാം. ഈ പഴുത് ഉപയോഗപ്പെടുത്തിയാൽ യുഎഇയിൽ നിന്നും പണം കേരളത്തിന് ലഭ്യമാക്കാം.

കേരളത്തെ സഹായിക്കാൻ യുഎഇ ഫണ്ട് സ്വരൂപിക്കുകയാണ് ചെയ്തിരുന്നത്. ഇതിലേക്ക് മലയാളി പ്രവാസികൾ അടക്കമുള്ളവർ പണം നൽകിയിരുന്നു. നിലവിലെ സാഹചര്യത്തിൽ വ്യക്തികളെന്ന നിലയിൽ ഇങ്ങനെ പണം നൽകുന്നവർക്കം പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാം. എന്നാൽ, ഒരു രാഷ്ട്രമെന്ന നിലയിൽ നൽകാൻ സാധിക്കില്ലെന്ന് മാത്രം. രാഷ്ട്രമെന്ന നിലയിൽ യുഎഇ സഹായം വാഗ്ദാനം ചെയ്‌തോ എന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല താനും.

അതിനിടെ പ്രളയക്കെടുതിയിലായ കേരളത്തിനു യുഎഇ ഉൾപ്പെടെ ചില രാജ്യങ്ങൾ പ്രഖ്യാപിച്ച സാമ്പത്തിക സഹായം നിരസിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം നയപരമായ പിൻബലമില്ലാത്ത നടപടിയാണെന്ന വിമർശനവും ശക്തമാണ്. 2004ൽ സൂനാമിയുണ്ടായപ്പോൾ വിദേശസഹായം വേണ്ടെന്നു യുപിഎ സർക്കാർ വ്യക്തമാക്കിയെന്നും ആ നയം തുടരുന്നുവെന്നുമാണു കേന്ദ്രസർക്കാരിന്റെ വാദം. എന്നാൽ, സർക്കാരിന്റെ രേഖകൾ വ്യക്തമാക്കുന്നത് ഇതാണ്: വിദേശസഹായം വേണ്ടെന്ന നിലപാട് ദിവസങ്ങൾക്കുള്ളിൽ യുപിഎ സർക്കാർ തിരുത്തി. ദുരന്തങ്ങളുണ്ടാകുമ്പോൾ വിദേശ രാജ്യങ്ങൾ സൗഹൃദ നടപടിയായി നൽകുന്ന സഹായം കേന്ദ്രസർക്കാരിനു സ്വീകരിക്കാവുന്നതാണെന്നു മോദി സർക്കാർ 2016 മേയിൽ പുറത്തിറക്കിയ ദേശീയ ദുരന്ത മാനേജ്‌മെന്റ് പദ്ധതിയിൽ നയമായിത്തന്നെ വ്യക്തമാക്കുന്നുണ്ട്.

സൂനാമിയുണ്ടായപ്പോൾ, 2004 ഡിസംബർ അവസാനവാരത്തിൽ മന്മോഹൻ സിങ് പറഞ്ഞതിതാണ്: 'ഇപ്പോഴുള്ള സാഹചര്യത്തെ തനിച്ചു നേരിടാനാവുമെന്നു ഞങ്ങൾ കരുതുന്നു. ആവശ്യം വന്നാൽ മറ്റുള്ളവരുടെ സഹായം സ്വീകരിക്കാം.' എന്നാൽ, ഈ നിലപാടു രാജ്യാന്തര തലത്തിൽ വിമർശനത്തിന് ഇടയാക്കി. തുടർന്ന്, 2005 ജനുവരി ആറിനു ദുരന്ത മാനേജ്‌മെന്റ് സംബന്ധിച്ച മന്ത്രിമാരുടെ സംഘത്തിന്റെ യോഗം ഈ നിലപാടു തിരുത്താൻ തീരുമാനിച്ചു. ബഹുരാഷ്ട്ര സാമ്പത്തിക ഏജൻസികളിൽനിന്നു മാത്രമല്ല, വിദേശ രാജ്യങ്ങളിൽനിന്നും സഹായം സ്വീകരിക്കാമെന്നായിരുന്നു തിരുത്തൽ. വിദേശ രാജ്യങ്ങൾ ബഹുരാഷ്ട്ര ഏജൻസികളിലൂടെ പണം തന്നാൽ സ്വീകരിക്കാമെന്നു തീരുമാനിച്ചെന്നു 2005 ജൂൺ മൂന്നിനു 'സൂനാമിയെക്കുറിച്ച് രാഷ്ട്രത്തിനുള്ള റിപ്പോർട്ടി'ൽ മന്മോഹൻ സിങ് തന്നെ വ്യക്തമാക്കി.

തീരദേശ മേഖലയുടെ ശാക്തിക പ്രാധാന്യം കണക്കിലെടുക്കുമ്പോൾ, വിദേശ സഹായത്തിന്റെ പേരു പറഞ്ഞുള്ള കടന്നുകയറ്റങ്ങൾ ഒഴിവാക്കാനാണ് ആദ്യത്തെ നിലപാടിലൂടെ യുപിഎ സർക്കാർ ഉദ്ദേശിച്ചതെന്നാണു സർക്കാർ വൃത്തങ്ങൾ പറയുന്നത്. രാജ്യസുരക്ഷയെ അടിസ്ഥാനമാക്കിയായിരുന്നു ഈ നിലപാട്. എന്നാൽ, മുൻകരുതലുകൾ മതി, സഹായം വേണ്ടെന്നു വയ്ക്കുന്നതു നയതന്ത്രത്തിനു തന്നെ ദോഷമാകുമെന്നു വീണ്ടുവിചാരമുണ്ടായി. ഒപ്പം, ശ്രീലങ്കയുൾപ്പെടെ സൂനാമി ബാധിച്ച അയൽരാജ്യങ്ങളിൽ സഹായമെത്തിക്കാനും അതിന്റെ പശ്ചാത്തലത്തിൽ ആ രാജ്യങ്ങളിൽ ഇന്ത്യയ്ക്കുള്ള താൽപര്യങ്ങൾ സംരക്ഷിക്കാനും തീരുമാനമുണ്ടായി.

സൂനാമിക്കുശേഷം, ഇന്ത്യയിൽ ബിഹാർ, ഉത്തരാഖണ്ഡ്, ഒഡീഷ, ജമ്മുകശ്മീർ തുടങ്ങിയ സംസ്ഥാനങ്ങളിൽ പ്രകൃതി ദുരന്തങ്ങളുണ്ടായപ്പോൾ റഷ്യയുൾപ്പെടെ ഏതാനും രാജ്യങ്ങൾ സഹായം വാഗ്ദാനം െചയ്തു. എന്നാൽ, ഇന്ത്യ അവയൊന്നും സ്വീകരിച്ചില്ല. അതിനെക്കുറിച്ചു സർക്കാർ വൃത്തങ്ങൾ പറയുന്നത്. സഹായം സ്വീകരിക്കുന്ന രാജ്യമല്ല, നൽകുന്ന രാജ്യമെന്ന നിലയിലേക്ക് ഇന്ത്യ മാറിയെന്നാണ് പകേന്ദ്രം പറയുന്നത്. ഇന്ത്യ സാമ്പത്തിക ശക്തിയായി വളർന്നിരിക്കുന്നുവെന്നു വ്യക്തമാക്കാൻ ഈ നിലപാട് ആവശ്യമാണ്. യുപിഎ സർക്കാരിന്റെ കാലത്തു പ്രധാനമന്ത്രി പറഞ്ഞ വാക്കുകളെയാണ് വിദേശത്തുനിന്നുള്ള സഹായങ്ങൾ നിരസിക്കുന്നതിന് ഇപ്പോൾ ആശ്രയിക്കുന്നത്.

സാമ്പത്തികമായി രാജ്യം വളർച്ചയുടെ പാതയിൽ നീങ്ങുമ്പോൾ വിദേശ സഹായം പറ്റുന്നത് രാജ്യത്തിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്ന ഭയമാണ് മോദി സർക്കാറിനുള്ളതെന്ന് വ്യക്തം. യുപിഎ സർക്കാരിന്റെ എഴുതപ്പെടാത്ത നയത്തെ ഇപ്പോൾ ആശ്രയിക്കുന്നുവെന്നതാണു സ്ഥിതി. രണ്ടുവർഷം മുൻപു മോദി സർക്കാർ പുറത്തിറക്കിയ ദുരന്തനിവാരണ നയത്തിന്റെ ഒൻപതാം അധ്യായം 'രാജ്യാന്തര സഹകരണം' സംബന്ധിച്ചതാണ്. നയം എന്നുതന്നെ പറഞ്ഞ് അതിൽ വ്യക്തമാക്കുന്നത്: 'ദുരന്തമുണ്ടാകുമ്പോൾ വിദേശ സഹായത്തിന് ഇന്ത്യ അഭ്യർത്ഥിക്കില്ല. എന്നാൽ, മറ്റൊരു രാജ്യം ദുരന്തബാധിതരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു സൗഹാർദ നടപടിയായി സ്വമേധയാ സഹായം വാഗ്ദാനം ചെയ്താൽ അതു കേന്ദ്രസർക്കാരിനു സ്വീകരിക്കാവുന്നതാണ്.' അങ്ങനെ വിദേശസഹായം സ്വീകരിക്കുന്നതിനുള്ള തുടർനടപടികൾ ആഭ്യന്തര, വിദേശകാര്യ മന്ത്രാലയങ്ങൾ കൂടിയാലോചിച്ചു ചെയ്യണമെന്നും നയം പറയുന്നു. ഈ നയം അടിസ്ഥാനമാക്കിയാൽ കേന്ദ്രസർക്കാറിന് യുഎഇ വാഗ്ദാനം ചെയ്ത പണം നൽകുന്നതിൽ വലിയ തടസം വരില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP