Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ചെങ്ങന്നൂരിൽ എത്രപേർ മരിച്ചുവെന്ന് ആർക്കും അറിയില്ല; ഒഴുകി കടക്കുന്ന അനേകം മൃതദേഹങ്ങൾ കണ്ടെന്ന രക്ഷാപ്രവർത്തകരുടെ സാക്ഷ്യത്തെ കുറിച്ച് പൊലീസിന് മൗനം; ഇന്നലെ മാത്രം കേരളത്തില് ആകെ മരിച്ചത് 44 പേർ; ഇപ്പോഴും കുടുങ്ങി കിടക്കുന്നത് ആയിരങ്ങൾ; കൂടുതൽ ഹെലികോപ്ടറുകളും ബോട്ടുകളും സൈനികരും എത്തി

ചെങ്ങന്നൂരിൽ എത്രപേർ മരിച്ചുവെന്ന് ആർക്കും അറിയില്ല; ഒഴുകി കടക്കുന്ന അനേകം മൃതദേഹങ്ങൾ കണ്ടെന്ന രക്ഷാപ്രവർത്തകരുടെ സാക്ഷ്യത്തെ കുറിച്ച് പൊലീസിന് മൗനം; ഇന്നലെ മാത്രം കേരളത്തില് ആകെ മരിച്ചത് 44 പേർ; ഇപ്പോഴും കുടുങ്ങി കിടക്കുന്നത് ആയിരങ്ങൾ; കൂടുതൽ ഹെലികോപ്ടറുകളും ബോട്ടുകളും സൈനികരും എത്തി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും വലിയ പ്രളയത്തിൽ ദുരന്തഭൂമിയായി മാറിയത് ചെങ്ങന്നൂരാണ്. പമ്പാറും അച്ചൻകോവിൽ ആറും കരകവിഞ്ഞ് ഒഴുകിയപ്പോൾ ഒരിക്കലും വെള്ളം കയറില്ലെന്ന് കരുതിയിരുന്നവരുടെ വസതികളിൽ പോലും വെള്ളം കയറി. ഇവിടെ പതിനായിരങ്ങൾ മരിച്ചു വീഴുമെന്ന് പറഞ്ഞ് സഹായത്തിനായി സ്ഥലം എംഎൽഎ യാചിച്ച അവസ്ഥ ഏവരെയും ഞെട്ടിച്ചിരുന്നു. വരാനിരിക്കുന്ന ദുരന്തവാർത്തകൾ മുന്നിൽകണ്ടാണ് എംഎൽഎയുടെ വാക്കുകൾ എന്നാണ് പൊതുവേ വിലയിരുത്തുന്നത്. ചെങ്ങന്നൂരിൽ ഇനിയും രക്ഷാപ്രവർത്തനം പൂർത്തിയായിട്ടില്ല. ഇവിടെ എത്രപേർ മരിച്ച കാര്യത്തിൽ ഇപ്പോഴും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. നിരവധി പേരുടെ മൃതദേഹങ്ങൾ ഒഴുകി നടക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എംഎൽഎയുടെ അപേക്ഷയെ തുടർന്ന് രക്ഷാദൗത്യത്തിന്റെ വേഗത കൂട്ടിയെങ്കിലും ദുരന്തം ഒഴിവാക്കാൻ സാധിച്ചില്ലെന്ന വാർത്തകളാണ് പുറത്തുവരുന്നത്. എത്രപേർ മരിച്ചെന്ന ചോദ്യത്തോട് മുഖം തിരിക്കുകയാണ് പൊലീസും മറ്റ് അധികാരികളും.

രണ്ട് ദിവസങ്ങൾക്കുള്ളിൽ ചെങ്ങന്നൂരിൽ 22 മരണം സംഭവിച്ചതായാണ് സ്പെഷ്യൽ ബ്രാഞ്ചിന്റെ റിപ്പോർട്ട് പറയുന്നത്. വെള്ളിയാഴ്‌ച്ച 10 പേരും ഇന്ന് 12 പേരും മരിച്ചെന്നാണ് റിപ്പോർട്ടിലുള്ളത്. എന്നാൽ, ഇതിൽ രണ്ട് മരണം മാത്രമാണ് ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചിട്ടുള്ളത്. അതിദാരുണമായ അവസ്ഥയാണ് ചെങ്ങന്നൂരിലേതെന്ന് കഴിഞ്ഞ ദിവസം തന്നെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എത്രയും വേഗം രക്ഷാദൗത്യം നടത്തിയില്ലെങ്കിൽ അമ്പതിലധികം പേർ മരിച്ചുകിടക്കുന്നത് കാണേണ്ടി വരുമെന്ന് എംഎൽഎ സജി ചെറിയാനും പറഞ്ഞിരുന്നു.

സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇന്ന് മാത്രം 33 പേരാണ് മരിച്ചത്. ഇതുവരെ 390 പേർ മരിച്ചതായാണ് സർക്കാരിന്റെ ഔദ്യോഗിക കണക്കുകൾ പറയുന്നത്. പറവൂരിൽ പള്ളിയുടെ മതിൽ ഇടിഞ്ഞുവീണ് ആറ് പേർ മരിച്ചു. പള്ളിയിൽ അഭയം തേടിയവരാണ് മരിച്ചത്. വ്യാഴാഴ്‌ച്ചയുണ്ടായ ദുരന്തം പുറംലോകം അറിഞ്ഞത് ഇന്ന് ആണ്. ചെങ്ങന്നൂർ പാണ്ടനാട് രക്ഷാപ്രവർത്തകർ മൂന്ന് പേരുടെ മൃതദേഹം കണ്ടെടുത്തു. വെള്ളത്തിൽ ഒഴുകിനടക്കുന്ന അവസ്ഥയിലായിരുന്നു ഈ മൃതദേഹങ്ങൾ. ഇത്തരം സംഭവങ്ങൾ കൂടുതലുണ്ടെന്നണ് അരിയുന്നത്.

സംസ്ഥാനത്തു വിവിധ സ്ഥലങ്ങളിൽ വെള്ളക്കെട്ടു കുറയുകയും രക്ഷാപ്രവർത്തനം ഏറെ മുന്നോട്ടു പോവുകയും ചെയ്‌തെങ്കിലും മരണസംഖ്യ കുറവില്ല. 44 മരണമാണ് ഇന്നലെ മാത്രം രേഖപ്പെടുത്തിയത്. മുൻദിവസങ്ങളിൽ കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവങ്ങൾ ഉൾപ്പെടെയാണിത്. വെള്ളക്കെട്ടിൽനിന്നു ലഭിക്കുന്ന അജ്ഞാത മൃതദേഹങ്ങളുടെ എണ്ണവും വർധിച്ചിട്ടുണ്ട്. ആലപ്പുഴ14, എറണാകുളം13, തൃശൂർഏഴ് എന്നിങ്ങനെയാണ് ഇന്നലെ രേഖപ്പെടുത്തിയ മരണം. ഇതോടെ നാലു ദിവസത്തിനിടെ പ്രളയമരണം 194 ആയി. മെയ്‌ 29ന് ആരംഭിച്ച പേമാരിയിൽ വെള്ളിയാഴ്ച വരെ 357 പേർ മരിച്ചതായാണ് സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക കണക്ക്. ഇതുവരെ 388 പേരെ കാണാതാ

ആയിരങ്ങൾ ഇപ്പോഴും രക്ഷകാത്ത് കഴിയുന്നു

ഞായറാഴ്ച ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് രക്ഷാപ്രവർത്തകരെയും ആശങ്കപ്പെടുത്തുന്നു. തിങ്കളാഴ്ചയോടെ മഴ കുറയുമെന്ന പ്രവചനം പ്രതീക്ഷ പകരുന്നുമുണ്ട്. ആയിരക്കണക്കിന് ആളുളെയാണ് ഇനിയു രക്ഷപെടുത്താനുള്ളത്. സംസ്ഥാനത്ത് കുടുങ്ങിക്കിടക്കുകയായിരുന്ന 58,506 പേരെ ശനിയാഴ്ച രക്ഷപ്പെടുത്തിയതായി മുഖ്യമന്ത്രി അറിയിച്ചു. അപ്പർ കുട്ടനാട്, ചെങ്ങന്നൂർ, ചാലക്കുടി, ആലുവ, പറവൂർ എന്നിവിടങ്ങളിൽ ആയിരക്കണക്കിനാളുകൾ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. ഉൾനാടുകളിൽ പലയിടത്തും ഇനിയും രക്ഷാപ്രവർത്തകർക്ക് എത്താനായിട്ടില്ല.

ചെങ്ങന്നൂരിലും കുട്ടനാട്ടിലും വീടുകളുടെ ടെറസുകൾക്ക് മുകളിൽ കനത്തമഴ നനഞ്ഞ് ഭക്ഷണമില്ലാതെ കഴിയുന്ന ഒട്ടേറെപ്പേരുടെ സ്ഥിതി ഇനിയും വ്യക്തമല്ല. ചെങ്ങന്നൂരിൽനിന്ന് 17,000 പേരെ ശനിയാഴ്ച ഉച്ചവരെ രക്ഷപ്പെടുത്തി. രക്ഷാപ്രവർത്തകർക്ക് എത്തിപ്പെടാനാവാത്ത ഒട്ടേറെ ഇടങ്ങളിൽ ഇപ്പോഴും അനേകം പേരുണ്ടെന്നാണ് നിഗമനം. പന്പയിൽ ജലനിരപ്പ് താഴ്ന്നപ്പോൾ അച്ചൻകോവിലാറിൽ ജലനിരപ്പുയർന്നതാണ് രക്ഷാപ്രവർത്തനത്തിന് തടസ്സമായത്.

കുട്ടനാട്ടിൽനിന്ന് കാൽലക്ഷം പേരെ ശനിയാഴ്ച രക്ഷിച്ചു. ഇനിയും ആയിരങ്ങൾ ഒറ്റപ്പെട്ട നിലയിലാണ്. പുരവഞ്ചികൾ, ബോട്ടുകൾ, ജങ്കാറുകൾ എന്നിവയിലാണ് കുടുങ്ങിയവരെ ആലപ്പുഴയിലെ വിവിധ ദുരിതാശ്വാസ കേന്ദ്രങ്ങളിലെത്തിക്കുന്നത്. അപ്പർ കുട്ടനാട്ടിലെ കാർത്തികപ്പള്ളി മേഖലയിൽ 7000 പേരെ രക്ഷപ്പെടുത്തി. തോട്ടപ്പള്ളി, വീയ്യപുരം, കരുവാറ്റ മേഖലകളിലാണ് കൂടുതൽ ദുരിതം. മത്സ്യത്തൊഴിലാളികളാണ് ഇവിടെ രക്ഷാപ്രവർത്തനം നടത്തുന്നത്. ആലപ്പുഴയിൽ 678 ദുരിതാശ്വാസക്യാമ്പുകളിലായി 48,158 കുടുംബങ്ങളിലെ 1.94 ലക്ഷം പേരുണ്ട്.

മലപ്പുറത്ത് ആറുവയസ്സുകാരൻ വീടിനടുത്ത വെള്ളക്കെട്ടിൽ വീണുമരിച്ചു. മൂന്നിയൂർ കളിയാട്ടമുക്ക് കാരിയാട് കടവ് കോഴിപ്പറമ്പത്ത് മൊയ്തീൻകുട്ടിയുടെ മകൻ മുഹമ്മദ് ഹനാൻ(6) ആണ് മരിച്ചത്. വെള്ളിയാഴ്ച വയലിലെ വെള്ളത്തിൽ ഒഴുക്കിൽ കാണാതായ നന്നമ്പ്ര കോട്ടുവല സത്താറിന്റെ മകൻ ഫസലു(22)വിന്റെ മൃതദേഹം കണ്ടെത്തി. ചാലിയാർ, ഭാരതപ്പുഴ, കടലുണ്ടിപ്പുഴ എന്നിവിടങ്ങളിൽ ജലനിരപ്പ് താഴ്ന്നു. ജനവാസപ്രദേശങ്ങളിൽനിന്ന് വെള്ളം ഇറങ്ങിത്തുടങ്ങി. ജില്ലയിലെ ദേശീയപാതയിലൂടെ ഗതാഗതം പുനഃസ്ഥാപിച്ചു.

ഇന്നലെ മരിച്ചവരുടെ ഔദ്യോഗിക കണക്കുകൾ

ചെങ്ങന്നൂരിനടുത്തു പാണ്ടനാട്ട് ഏഴു പേരുടെയും പിരളശ്ശേരി, അങ്ങാടിക്കൽ എന്നിവിടങ്ങളിൽ ഓരോരുത്തരുടെയും മൃതദേഹം കണ്ടെത്തി. ഇവരെ ആരെയും തിരിച്ചറിഞ്ഞിട്ടില്ല. ചെട്ടികുളങ്ങരയിൽ പാടശേഖരത്തിലെ വെള്ളത്തിൽവീണ് മാവേലിക്കര കണ്ണമംഗലം വടക്ക് സ്വാതി ഭവനത്തിൽ രാഹുൽ (24) മരിച്ചു. വെള്ളം കയറിയ വീട്ടിൽനിന്ന് പാണ്ടനാട് പാണംതറയിൽ പരേതനായ തോമസിന്റെ ഭാര്യ ഏലിയാമ്മ തോമസിന്റെ (90) മൃതദേഹം മൂന്നാം ദിവസം പുറത്തെടുത്തു. പ്രളയക്കെടുതിയിൽ ചികിത്സ ലഭിക്കാതെ പള്ളിപ്പാട് നടുവട്ടം കാട്ടിൽ കിഴക്കതിൽ രവീന്ദ്രൻ (മണിയൻ64) മരിച്ചു. കിടപ്പു രോഗിയായിരുന്ന നെടുമുടി അഞ്ചാം വാർഡ് പടിപ്പുരയ്ക്കൽ സരസ്വതിയെ (68) വെള്ളത്തിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. വെളിയനാട് സ്വദേശി രാഘവന്റെ മൃതദേഹം കണ്ടെത്തി.

മൂവാറ്റുപുഴ വാളകം റാക്കാട് താണിച്ചുവട്ടിൽ സണ്ണിയുടെ മകൻ ടി.എസ്.അനിൽകുമാർ (33) വെള്ളപ്പൊക്കത്തിൽ മുങ്ങിമരിച്ചു. പ്രളയത്തെ തുടർന്നു കാണാതായ മൂവാറ്റുപുഴ കൊല്ലംകുടിയിൽ കുട്ടപ്പന്റെ മകൻ കെ.കെ.ബിനുവിന്റെ (41) മൃതദേഹം ആശ്രമം ബസ് സ്റ്റാൻഡിനു സമീപം കണ്ടെത്തി. വെള്ളം നിറഞ്ഞ പറവൂർചെറായി റോഡിലൂടെ നീന്തിപ്പോയ പറവൂർ സ്വദേശി നൗഷാദ് (34) കുഴഞ്ഞുമുങ്ങി മരിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കിടെ കുഴഞ്ഞുവീണ് ആശുപത്രിയിൽ പ്രവേശിപ്പിച്ച കോലഞ്ചേരി കറുകപ്പിള്ളി പരത്തപ്പിള്ളി എൽദോ (53) മരിച്ചു.

പറവൂർ വടക്കേക്കര ചക്കുമരശേരി കൃഷ്ണ ഓഡിറ്റോറിയത്തിലെ ദുരിതാശ്വാസ ക്യാംപിൽ മുറവൻതുരുത്തുകൊല്ലാറയ്ക്കൽ സതീശൻ (65) നെഞ്ചുവേദനയെത്തുടർന്നു മരിച്ചു. പറവൂർ ആളംതുരുത്തിലെ മുസിരിസ് ഓഡിറ്റോറിയത്തിൽ രോഗബാധിതനായി കുട്ടി മരിച്ചു. ആളംതുരുത്ത് സ്വദേശി ആദർശാണു മരിച്ചത്. പറവൂർ പട്ടണം സമാജം ക്യാംപിൽ വയോധിക പട്ടണം മുണ്ടേപ്പാടത്ത് രാജമ്മ (78) മരിച്ചു. രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപെട്ട് ആലുവ കീഴ്മാട് സ്വദേശി മണികണ്ഠൻ മരിച്ചു. കാലടി കൈപ്പട്ടൂരിൽ നാരായണിയെ (86) വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പുത്തൻവേലിക്കര അസീസി ആശ്രമത്തിലെ ക്യാംപിൽ പ്രവേശിപ്പിച്ച ശങ്കരൻ (80) മരിച്ചു.

ഒഴുക്കിൽപെട്ടു കാണാതായ പോത്താനിക്കാട് കൊച്ചുപാലിയത്ത് മാനുവൽ ചാക്കോയുടെ മൃതദേഹം കണ്ടെത്തി. ആലുവ കടത്തുകടവിൽ ഗോൾഡൻ അക്വേറിയം കടയുടമ സന്തോഷ് (45) മരിച്ചു. കാക്കനാട്ടെ ദുരിതാശ്വാസ ക്യാംപിൽ കൊങ്ങോർപ്പിള്ളി കരിങ്ങാതുരുത്ത് അന്തിക്കാട് ദേവസിക്കുട്ടി (70) കുഴഞ്ഞുവീണു മരിച്ചു. പ്രളയത്തെ തുടർന്ന് ആളുകൾ അഭയം തേടിയ നോർത്ത് കുത്തിയതോട് സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളിയോടു ചേർന്ന കെട്ടിടത്തിന്റെ ഭിത്തി ഇടിഞ്ഞുവീണ് ആറുപേർ മരിച്ചതായി വിവരമുണ്ടെങ്കിലും അപകടത്തെക്കുറിച്ചോ മരണത്തെക്കുറിച്ചോ ഔദ്യോഗിക സ്ഥിരീകരണമില്ല. 16നു രാത്രിയിലാണ് അപകടമുണ്ടായതെന്നു പറവൂർ എംഎൽഎ വി.ഡി.സതീശൻ പറഞ്ഞു.

ചാലക്കുടി മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിന്റെ ശാന്തിപുരത്തുള്ള കെയർ സെന്ററിൽ അന്തേവാസികളായ ആലുവ അശോകപുരം പള്ളിപ്പറമ്പിൽ ഡിക്‌സൺ ജോസഫ് (50), മഞ്ഞപ്ര അയ്യമ്പുഴ പൈനാടത്ത് ജോസ് (45) എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തി. ചൂണ്ടൽ പാടത്തു കാണാതായ താറാവുകർഷകൻ ആലപ്പുഴ പള്ളിപ്പാട് കളിയക്ക കിഴക്കതിൽ മണിയന്റെ (58) മൃതദേഹം കണ്ടെത്തി. ഇരിങ്ങാലക്കുടയിൽ രക്ഷാപ്രവർത്തനത്തിനിടെ കെട്ടുവഞ്ചി മറിഞ്ഞു വല്ലക്കുന്ന് ഊക്കൻ വീട്ടിൽ ജോയിയുടെ മകൻ ജെയ്മി (30) മരിച്ചു.

പുതുക്കാട് ആനന്ദപുരത്ത് ഒഴുക്കിൽപെട്ട് ഇരിങ്ങം പുളിക്കര മാണിയുടെ മകൻ സനീഷ് (27) മരിച്ചു. ദേശമംഗലം പള്ളത്ത് മൂന്നുദിവസം മുൻപുണ്ടായ ഉരുൾപൊട്ടലിൽ മരിച്ച കൊറ്റമ്പത്തൂർ കോളനിയിലെ രഞ്ജിത്തിന്റെ (24) മൃതദേഹം കണ്ടെത്തി. കൊരട്ടിയിൽ വെള്ളമിറങ്ങിയപ്പോൾ അഗസ്ത്യ തിയറ്ററിനു സമീപത്തുനിന്നു മൃതദേഹം ലഭിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല.

മണ്ണാർക്കാട് കരടിയോട് ഉരുൾപൊട്ടി കാണാതായ ആറു വയസ്സുകാരി വാണിയുടെ മൃതദേഹം കണ്ടെടുത്തു. കുളത്തിൽ വീണു വെണ്ണക്കര സയ്ദ് ഇബ്രാഹിമിന്റെ മകൻ ഷഫീക് (17) മരിച്ചു. നെന്മാറയ്ക്കു സമീപം ചാത്തപുരത്ത് പോത്തുണ്ടി അണക്കെട്ടിൽനിന്നു വെള്ളമൊഴുകിയ ആറ്റുവായ് പുഴയിൽ സ്ത്രീയുടേതെന്നു കരുതുന്ന അഴുകിയ ജഡം കണ്ടെത്തി. വലതല പോത്തുണ്ടി കനാലിൽ അജ്ഞാത മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി.

പിതാവിനെ രക്ഷിക്കാൻ ശ്രമിക്കുമ്പോൾ വെള്ളത്തിൽ വീണു വെൺപാല മടപ്പത്ര വേണുവിന്റെ മകൻ വിശാഖ് (22) മരിച്ചു. വെള്ളക്കെട്ടിൽ കാണാതായ ആറന്മുള ഇടശേരിമല കണ്ണംപുഞ്ചയിൽ ബിജുവിന്റെ (45) മൃതദേഹം ലഭിച്ചു. മലപ്പുറം തിരൂരങ്ങാടിയിൽ ട്യൂബ് ബോട്ട് മറിഞ്ഞു കാണാതായ ചുള്ളിക്കുന്ന് പൂക്കയിൽ സത്താറിന്റെ മകൻ ഫസലു റഹ്മാന്റെ (26) മൃതദേഹം ലഭിച്ചു. മൂന്നിയൂരിൽ വെള്ളക്കെട്ടിൽ വീണു കളിയാട്ടമുക്ക് കോയിപ്പറമ്പത്ത് മലയിൽ മൊയ്തീൻകുട്ടിയുടെ മകൻ ഹനാൻ (ആറ്) മരിച്ചു. മരിയാപുരം പഞ്ചായത്തിലെ ഉപ്പുതോട്ടിൽ ഉരുൾപൊട്ടി അയ്യപ്പൻകുന്നേൽ മാത്യു (62) മരിച്ചു. കോഴിക്കോട് (ഒന്ന്) കക്കോടിപ്പാലത്തിനു സമീപം പുരുഷന്റെ മൃതദേഹം കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല.

കാണാതായവർ: ഇടുക്കി മരിയാപുരം പഞ്ചായത്തിലെ ഉപ്പുതോട്ടിൽ ഉരുൾപൊട്ടി അയ്യപ്പൻകുന്നേൽ മാത്യുവിന്റെ ഭാര്യയും മകനും ഉൾപ്പെടെ മൂന്നുപേരെ കാണാതായി. കണ്ണൂർ ബാവലിപ്പുഴയിൽ ഒഴുക്കിൽപെട്ടതായി സംശയിക്കുന്ന പയഞ്ചേരിമുക്ക് റോയൽ എൻജിനീയറിങ് ഉടമ കെ.വി.ഡൊമിനിക്കിനായുള്ള തിരച്ചിൽ തുടരുന്നു. കോട്ടയം പമ്പാവാലിയിൽ വൈദ്യുതി തകരാർ പരിഹരിക്കാനുള്ള ശ്രമത്തിൽ നദിയിൽ പൊട്ടിക്കിടന്ന വൈദ്യുതി ലൈൻ വീണ്ടെടുക്കാൻ നീന്തിയ കെഎസ്ഇബി ജീവനക്കാരൻ ഏഞ്ചൽവാലി വൈദ്യപറമ്പിൽ ജോസിനെ (45) കാണാതായി. ചീപ്പുങ്കൽ പതിനെട്ടിൽചിറ സജിയെ (42) അയ്മനം ഒളോക്കരി പാടശേഖരത്തിൽ വള്ളത്തിൽ യാത്രചെയ്യവെ കാണാതായി. എറണാകുളം പുത്തൻവേലിക്കരയിലെ മാളവനയിൽ ഒഴുക്കിൽപെട്ട് എൻജിനീയറിങ് വിദ്യാർത്ഥി മാളവന മാളിയേക്കൽ ജോർജിന്റെ മകൻ ലിജോയെ കാണാതായി.

രക്ഷാപ്രവർത്തനത്തിന് കൂടുതൽ സൈന്യമെത്തുന്നു

രക്ഷാപ്രവർത്തനത്തിനായി കൂടുതൽ സൈനിക സഹായം ആവശ്യമാണെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം കണക്കിലെടുത്ത് ഇപ്പോഴുള്ള 23 ഹെലികോപ്റ്ററുകൾക്കു പുറമേ അഞ്ചെണ്ണംകൂടി സംസ്ഥാനത്തേക്ക്. 75 മോട്ടോർ ബോട്ടുകളും 11 സാധാരണ ബോട്ടുകളും ഇന്നലെ അധികമായി എത്തിച്ചു. എട്ട് എൻജിനീയറിങ് ടാസ്‌ക് ഫോഴ്‌സ് സംഘങ്ങളും 19 രക്ഷാസേനാ സംഘങ്ങളും അധികമായി രംഗത്തിറങ്ങി.

സൈന്യം കൊണ്ടുവന്ന 15,000 ഭക്ഷണപ്പൊതികളും തിരുവനന്തപുരത്തുനിന്നു ശേഖരിച്ച അവശ്യ വസ്തുക്കളും ദുരിതാശ്വാസ ക്യാംപുകളിൽ വിതരണം ചെയ്യുന്നതിനായി വിമാനമാർഗം തലസ്ഥാനത്തുനിന്നു കൊണ്ടുപോയി. അതേസമയം, കെട്ടിടങ്ങളിൽ കുടുങ്ങിയ ഒട്ടേറെപ്പേർ ഭയന്നു പിന്മാറുന്നതു കാരണം കോപ്റ്ററിലേക്ക് എടുത്തുയർത്തി രക്ഷിക്കാൻ കഴിയുന്നില്ല. ഇതുവരെ 900 പേരെ കോപ്റ്റർ ഉപയോഗിച്ചു രക്ഷപ്പെടുത്തി. നാലു ലക്ഷത്തോളം പേരെ ദുരിതാശ്വാസ ക്യാംപുകളിൽ എത്തിച്ചു.

169 എൻഡിആർഎഫ് ഗ്രൂപ്പും അഞ്ച് കോളം ബിഎസ്എഫും 23 ആർമി ഗ്രൂപ്പും എൻജിനീയറിങ് വിഭാഗവും രക്ഷാപ്രവർത്തനത്തിൽ സജീവമായി രംഗത്തുണ്ട്. കേരള ഫയർ ഫോഴ്സിന്റെ 59 ബോട്ടുകളും തമിഴ്‌നാട് ഫയർ ഫോഴ്സിന്റെ 16 ബോട്ടുകളും രക്ഷാപ്രവർത്തനത്തിനുണ്ട്. 3,200 ഫയർ ഫോഴ്സ് സേനാംഗങ്ങളും 40,000 പൊലീസ് സേനാംഗങ്ങളും രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകുന്നതായി സർക്കാർ അറിയിച്ചു. മത്സ്യത്തൊഴിലാളികളും ബോട്ടുടമകളും സന്നദ്ധസംഘടനകളും അഞ്ഞൂറിലധികം ബോട്ടുകളുമായി രക്ഷാപ്രവർത്തനത്തിൽ സഹകരിക്കുന്നു. എട്ടു ലക്ഷം ലീറ്റർ കുടിവെള്ളവുമായി നാവികസേനയുടെ ഐഎൻഎസ് ദീപക് കപ്പൽ ഇന്നു രാവിലെ കൊച്ചിയിലെത്തും.

അതേസമയം, സൈന്യത്തെ വേണ്ടതരത്തിൽ ഉപയോഗിക്കാൻ സർക്കാർസംവിധാനങ്ങൾക്കും കഴിയുന്നില്ലെന്ന പരാതി വ്യാപകമായുണ്ട്. ചെങ്ങന്നൂർ മേഖലയിൽ ജനങ്ങളെ രക്ഷിക്കാൻ ഇന്നലെ മാത്രമാണ് സൈന്യത്തിനു നിർദ്ദേശം ലഭിക്കുന്നത്. അഞ്ചു ഹെലികോപ്റ്ററുകൾകൂടി കേരളത്തിലെത്തിക്കാൻ കേന്ദ്ര കാബിനറ്റ് സെക്രട്ടറി പി.കെ.സിൻഹ നിർദ്ദേശം നൽകിക്കഴിഞ്ഞു. വ്യോമ നാവിക സേനകൾക്കു പുറമേ ഒഎൻജിസിയുടെ കോപ്റ്ററുകളും ലഭ്യമാക്കാനാണി നിർദ്ദേശം. ആവശ്യാനുസരണം കൂടുതൽ യന്ത്രബോട്ടുകളും ലഭ്യമാക്കും. കേരളത്തിലെ സ്ഥിതി വിലയിരുത്തുന്നതിനു തുടർച്ചയായി മൂന്നാംദിവസമാണ് ദേശീയ ദുരന്തനിവാരണ സമിതി യോഗം ചേർന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP