Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

സീറോ റെയ്ഞ്ചിൽ നിന്ന് രണ്ടുറിവോൾവർ വച്ച് വെടിവച്ചിട്ടും ഏശാതെ പോയ മഹാത്ഭുതം; വെടിയുണ്ടകൾ പോലും തോറ്റുപോയപ്പോൾ അതിജീവനത്തിന് ഉൾക്കരുത്തായത് പാർട്ടിയോടുള്ള കൂറും വീറും; അടിയുടെയും ഇടിയുടെയും മുമ്പിൽ തളരാത്ത നേതാവ് എന്നും വിവാദങ്ങളുടെ തോഴൻ; ജാഗ്രതക്കുറവിന് പിഴയായി രണ്ടുവർഷം വില കൊടുക്കേണ്ടി വന്നെങ്കിലും ഇ.പി.ജയരാജൻ രണ്ടാംവരവിലും മന്ത്രിസഭയിലെ രണ്ടാമൻ തന്നെ

സീറോ റെയ്ഞ്ചിൽ നിന്ന് രണ്ടുറിവോൾവർ വച്ച് വെടിവച്ചിട്ടും ഏശാതെ പോയ മഹാത്ഭുതം; വെടിയുണ്ടകൾ പോലും തോറ്റുപോയപ്പോൾ അതിജീവനത്തിന് ഉൾക്കരുത്തായത് പാർട്ടിയോടുള്ള കൂറും വീറും; അടിയുടെയും ഇടിയുടെയും മുമ്പിൽ തളരാത്ത നേതാവ് എന്നും വിവാദങ്ങളുടെ തോഴൻ; ജാഗ്രതക്കുറവിന് പിഴയായി രണ്ടുവർഷം വില കൊടുക്കേണ്ടി വന്നെങ്കിലും ഇ.പി.ജയരാജൻ രണ്ടാംവരവിലും മന്ത്രിസഭയിലെ രണ്ടാമൻ തന്നെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കണ്ണൂരിലെ ജയരാജന്മാർ എന്നും മാധ്യമങ്ങളിലെ സംസാരവിഷയമാണ്. പി.ജയരാജനും, ഇ.പി.ജയരാജനും, എം വിജയരാജനും. സിപിഎമ്മിനോടുള്ള കൂറാണ് ഇവരെ കോർക്കുന്ന ഒറ്റച്ചരട്. പാർട്ടിയെ പ്രതിരോധത്തിലാക്കാൻ നോക്കുന്നവരോട് കണിശമായി പ്രതികരിക്കും. അക്കാര്യത്തിൽ മുഖം നോക്കുന്ന പതിവ് ഇല്ലേയില്ല. ആയുധം കൊണ്ട എതിരാളികൾ ഇവരെ ഉന്നം വയ്ക്കുന്നതിനും കാരണം മറ്റൊന്നല്ല. അതാണ് പാർട്ടിയോടുള്ള കൂറ്. വേട്ടയാടലിന്റെ വലിയ അനുഭവങ്ങൾ വന്നപ്പോഴും തളരാതെ പോയതാണ് ജയരാജന്മാരെ വ്യത്യസ്തരാക്കുന്നത്. കണ്ണൂരിലെ വ്യത്യസ്ത രാഷ്ട്രീയ ശൈലി പിൻപറ്റിയതിന്റെ മുറിപ്പാടുകൾ ഏറെക്കുറെ ഉണങ്ങിയെങ്കിലും മന്ത്രിപദവി ഇ.പി.ജയരാജന് മുള്ളുള്ള അനുഭവമായിരുന്നു. എന്നാൽ, തിരിച്ചുവരവിന്റെ വഴികൾ തനിക്ക് മുമ്പിൽ തുറക്കുമെന്ന് തീക്കനലുള്ള അനുഭവങ്ങൾ ജയരാജനെ എന്നും പഠിപ്പിച്ചിട്ടുണ്ട്.

മറക്കാത്ത ട്രെയിൻ യാത്ര

1995 ഏപ്രിലിലെ ആ ട്രെയിൻ യാത്ര ഇ.പി.എങ്ങനെ മറക്കാൻ? ജലന്ധർ പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത് നാട്ടിലേക്ക് മടങ്ങി വരുന്ന സമയം. രാജധാനി എക്സ്‌പ്രസിൽ ആന്ധ്രയിൽ എത്തുമ്പോൾ, രണ്ടാം ദിവസത്തെ യാത്രയുടെ ക്ഷീണം. എസി ക്യാബിനിലെ വാഷ്‌ബേസിനിൽ മുഖം കുനിച്ചത് ഓർമയുണ്ട്. പെട്ടെന്ന് തലയ്ക്കടിയേറ്റ പോലെ തോന്നി. വീണു. എന്നാൽ സീറോ റെയ്ഞ്ചിൽ നിന്ന് രണ്ടുകൊലയാളികൾ ഉതിർന്ന വെടിയുണ്ടകളാണ് തറച്ച് കയറിയതെന്ന് അപ്പോൾ എങ്ങനെ അറിയാൻ?

ചെന്നൈ ആശുപത്രിയിൽ വെടിയുണ്ടയുടെ കുറേഭാഗം നീക്കം ചെയ്‌തെങ്കിലും ലണ്ടനിൽപോയപ്പോൾ വെടിയുണ്ടയുടെ കുറച്ചുഭാഗം അവിടെ തന്നെയുണ്ടെന്ന് മനസ്സിലായി. അതു മജ്ജയോടൊപ്പം ചേർന്നുകിടക്കുകയായിരുന്നു. മജ്ജ നീക്കം ചെയ്യുമ്പോൾ എന്തു സംഭവിക്കുമെന്ന് പറയാനാവില്ല. അത് അവിടെ തന്നെ കിടന്നോട്ടെ എന്നു പറഞ്ഞു. സീറോ റെയ്ഞ്ചിൽ നിന്ന് രണ്ട് റിവോൾവർ വച്ച് വെടിവച്ചിട്ടും മരിക്കാതെ രക്ഷപ്പെട്ടത് ലോകാത്ഭുതമാണെന്ന് ലണ്ടനിലെ ഡോക്ടർമാർ പറഞ്ഞത് ഇപ്പോഴും ഓർക്കുന്നു. കൊല്ലാൻ ആളെ അയച്ചത് എംവിആറും, കെ.സുധാകരനുമാണെന്ന് ആരോപണവും കേസുമൊക്കെ പിന്നെ ചരിത്രം. ജയരാജന്റെ ശരീരത്തിൽ വെടിയുണ്ടയില്ലെന്നാണ് സുധാകരൻ വാദിക്കുന്നതെങ്കിലും തന്നെ കൊല്ലാൻ ആളെ അയച്ച നേതാവിന് അത് വിശ്വസിക്കാൻ പ്രയാസം കാണും എന്നാണ് ഇപി പറയാറുള്ളത്.

തീക്കനൽ കോരിയ അനുഭവങ്ങൾ

എസ്.എഫ്.ഐയിലൂടെയും ഡിവൈഎഫ്ഐയിലൂടെയും വളർന്നു സിപിഎമ്മിന്റെ കണ്ണൂരിലെ പ്രധാന നേതാവായി മാറിയ ജയരാജൻ എം.വി രാഘവൻ പാർട്ടിവിട്ട കാലത്തു ജില്ലയിലെ സിപിഎമ്മിനെ പിടിച്ചു നിർത്തിയ നേതാക്കളിൽ ഒരാൾ. രാഘവനും കെ. സുധാകരനും അടങ്ങിയ യു.ഡി.എഫിനോട് ജില്ലയിൽ മല്ലടിച്ചുനിന്ന നേതാവ്.

ദീർഘകാലം സിപിഐ (എം) കണ്ണൂർ ജില്ലാ സെക്രട്ടറിയായും തൃശ്ശൂർ ജില്ലാസെക്രട്ടറിയുടെ ചുമതലയിലും പ്രവർത്തിച്ചു. കർഷകസംഘം സംസ്ഥാന പ്രസിഡന്റ്, ദേശാഭിമാനി ജനറൽ മാനേജർ എന്നീ ചുമതലകളിലും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 1997-ൽ അഴീക്കോട് നിന്ന് നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2011-ലും 2016-ലും കണ്ണൂർ ജില്ലയിലെ മട്ടന്നൂരിൽ നിന്നും നിയമസഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2016 മെയ്‌ 25-ന് പിണറായി വിജയൻ മന്ത്രിസഭയിൽ വ്യവസായം, കായികം എന്നീ വകുപ്പുകളുടെ ചുമതലയേറ്റു. എന്നാൽ ബന്ധുനിയമന വിവാദത്തേത്തുടർന്ന് 2016 ഒക്ടോബർ 14-ന് ഇദ്ദേഹം മന്ത്രിപദം രാജി വെച്ചു.

ബന്ധുനിയമന വിവാദം കേസായതോടെ ജയരാജനു പകരം എം.എം.മണിയെ മന്ത്രിസഭയിലെടുത്തു. കേസ് ഒഴിവായപ്പോൾ അദ്ദേഹം തിരികെ മന്ത്രിസഭയിലും എത്തുകയായിരുന്നു. ഇപിക്ക് ജാഗ്രത കുറവ് ഉണ്ടായി എന്നായിരുന്നു പാർട്ടി വിലയിരുത്തൽ. ആ ജാഗ്രതക്കുറവിന് രണ്ടു വർഷക്കാലത്തെ മന്ത്രിക്കസേര നഷ്ടം കൊണ്ട് അവസാനിച്ചു. തിരിച്ചുവരവോടെ നിയമസഭയിൽ മുഖ്യമന്ത്രിയുടെ തൊട്ടരികിലുള്ള പഴയ കസേരയിൽ ജയരാജൻ എത്തി. ഒട്ടും ശക്തി ചോരാതെ തന്നെ.

പുലിക്കോടനെ പോലും കൂസിയില്ല

അടിയുടേയും ഇടിയുടേയും വെടിയുടേയും മുന്നിൽ മാറ് കാട്ടിയ നേതാവായിരുന്നു ഇ.പി.ജയരാജൻ. വിവാദങ്ങൾക്ക് തിരികൊളുത്തുന്നതിലും ജയരാജൻ മുന്നിലാണ്. 1975 അടിയന്തരാവസ്ഥ കാലം. അടിയന്തരാവസ്ഥയുടെ ക്രൂരതക്കെതിരെ യുവജനരോഷം ആളിക്കത്തിച്ചത് ജയരാജനായിരുന്നു. കണ്ണൂരിലെ ഈ സംഭവം അക്കാലത്ത് കേരളം മുഴുവൻ ചർച്ച ചെയ്യപ്പെട്ടു. ജയരാജൻ കൊടിയ മർദ്ദനമേറ്റത് കണ്ണൂർ റയിൽവേ സ്റ്റേഷന് മുന്നിൽ വച്ചാണ്. അടിയന്തരാവസ്ഥക്കെതിരെ ഒരു കൂട്ടം യുവാക്കളെ സംഘടിപ്പിച്ച് ജയരാജൻ റയിൽവേ സ്റ്റേഷൻ പരിസരത്തെത്തി. ഉന്നത പൊലീസ് ഉദ്യാഗസ്ഥർ പോലും ഭീതിയോടെ കാണുന്ന പുലിക്കോടൻ നാരായണൻ എന്ന എസ്ഐ. ജയരാജനെ നേരിടാൻ സർവ്വ സന്നാഹങ്ങളുമായി റെയിൽവേ സ്റ്റേഷന്റെ മുന്നിലായി നിന്നിരുന്നു. പ്രകടനക്കാർ അതിര് ഭേദിക്കും മുമ്പ് തന്നെ ചാടിക്കയറി ഒപ്പം പൊലീസുകാരും. പ്രകടനം നയിച്ചെത്തിയ ജയരാജനെ പുലിക്കോടന് അത്ര പിടിച്ചില്ല. അന്ന് കണ്ണൂരിനെ വിറപ്പിച്ച പൊലീസ് സിഐ. ആയിരുന്നു പുലിക്കോടൻ.

പുലിക്കോടൻ പോകുന്ന വഴി എല്ലാവരും മാറി നിൽക്കുന്ന കാലം. എന്നാൽ അതൊന്നും കൂസാതെ ജയരാജൻ പ്രകടനം നയിക്കുന്നു. തനിക്കു മുമ്പിലും പതറാത്ത ഒരുവനോ ജയരാജനെ പിടിക്കാനായിരുന്നു പുലിക്കോടന്റെ നിർദ്ദേശം. പൊലീസുകാർക്ക് ആജ്ഞ നൽകി പുലിക്കോടൻ മീശപിരിച്ചു നിന്നു. എന്നാൽ ജയരാജനുണ്ടോ വഴങ്ങുന്നു. ഒടുവിൽ പുലിക്കോടൻ തന്നെ എത്തി. പൊലീസുകാർ പിടിച്ചു നിർത്തിയ ജയരാജനുമേൽ തലങ്ങും വിലങ്ങും ലാത്തി അടി തുടങ്ങി. കൈ കഴയുന്നതു വരേയും ലാത്തിയടിച്ച പുലിക്കോടൻ ഒടുവിൽ നിർത്തി. ഒരു തുള്ളി കണ്ണീർ പോലും വീഴാതെ ജയരാജൻ പിടിച്ചു നിന്നു. ലാത്തിയടിയേറ്റ് ശരീരം മുഴുവൻ ചുവന്നെങ്കിലും ജയരാജന് മാറ്റമൊന്നുമില്ല. ഒടുവിൽ പൊലീസ് വണ്ടിയിൽ ജയരാജനെ കൊണ്ടു പോവുകയായിരുന്നു.

അച്ഛൻ തന്നെ അദ്ധ്യാപകനായ ചെറുകുന്ന് സ്‌ക്കൂളിൽ പഠിക്കുന്ന കാലം. പ്രധാന അദ്ധ്യാപകനെതിരെ ജയരാജൻ സമര മുഖത്ത് നിലകൊണ്ടു. വീട്ടിലെത്തിയാൽ സംഗതി കുഴപ്പമാകുമെന്ന് കരുതി പാത്തും പതുങ്ങിയുമാണ് എത്തിയത്. അച്ഛൻ കൈയോടെ പിടിച്ചു. പിന്നീട് ഒരു ഉപദേശവും. രാഷ്ട്രീയമൊക്കെ ആവാം. പക്ഷേ പേരുദോഷമുണ്ടാക്കരുത്. അച്ഛന്റെ അനുവാദം ലഭിച്ചതോടെ ജയരാജൻ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ മുൻ നിരയിലെത്തി. ഒടുവിൽ ഡി.വൈ.എഫ്. ഐ. രൂപീകരിക്കപ്പെട്ടപ്പോൾ പ്രഥമ അഖിലേന്ത്യാ പ്രസിഡണ്ടായി. അതോടെ ജയരാജൻ പ്രസംഗവേദിയിൽ നിറഞ്ഞു നിന്നു. അണികളെ ആവേശത്തിന്റെ മുൾ മുനയിൽ നിർത്തുന്ന പ്രസംഗമായതു കൊണ്ടു തന്നെ ജയരാജനു വേണ്ടി വേദികൾ ഒരുങ്ങുകയായിരുന്നു. പ്രസംഗത്തിൽ വേറിട്ട ശൈലി ജയരാജന്റെ സ്വന്തം.

രാഷ്ട്രീയ തിരക്കിനിടയിൽ വൃദ്ധ ജന പാലനത്തിനായി സൊളൈസ് എന്ന വൃദ്ധ സദനം ജയരാജന്റെ നേതൃത്വത്തിൽ നടത്തി പോന്നുണ്ട്. അന്തേവാസികളുമായി സംവദിക്കാനും ജയരാജൻ അവിടെ ഇടക്കിടെ എത്താറുമുണ്ട്. ഇവിടത്തെ അന്തേവാസികളുടെ സാന്നിധ്യത്തിലാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കെട്ടി വെക്കാനുള്ള പണം സ്വീകരിച്ചതും. വിശേഷ ദിവസങ്ങളിൽ ഇവിടെ എത്തി മധുരം വിളമ്പാനും ജയരാജൻ തയ്യാറാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP