Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഈ പ്രളയ ദുരിതത്തിൽ നിന്നും കേരളത്തെ കരകയറ്റാൻ സർക്കാർ മാത്രം വിചാരിച്ചാൽ നടക്കുകയില്ല; പിണറായി തുടങ്ങി മോഹൻ ലാലും മമ്മൂട്ടിയും ഏറ്റെടുത്ത മഹാവിപ്ലവത്തിനൊപ്പം നമ്മുക്കും കൈ കോർക്കാം

ഈ പ്രളയ ദുരിതത്തിൽ നിന്നും കേരളത്തെ കരകയറ്റാൻ സർക്കാർ മാത്രം വിചാരിച്ചാൽ നടക്കുകയില്ല; പിണറായി തുടങ്ങി മോഹൻ ലാലും മമ്മൂട്ടിയും ഏറ്റെടുത്ത മഹാവിപ്ലവത്തിനൊപ്പം നമ്മുക്കും കൈ കോർക്കാം

മറുനാടൻ ഡെസ്‌ക്‌

കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് ഈ ദിവസങ്ങളിൽ സംഭവിച്ചത്. 1923ന് ശേഷം കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തം എന്നാണ് കഴിഞ്ഞ ഒരാഴ്‌ച്ചയായി തുടരുന്ന മഴവെള്ളപ്പാച്ചിൽ വ്യക്തമാക്കുന്നത്. ഇടുക്കി അണക്കെട്ടിന്റെ ചരിത്രത്തിൽ ഇതുവരെ തുറന്ന് വിടേണ്ട സാഹചര്യം ഉണ്ടായിട്ടില്ല. ഇതിന് മുൻപ് രണ്ട് തവണ ഇടുക്കി അണക്കെട്ട് തുറന്ന് വിടേണ്ടി വന്നപ്പോഴും ഇത്രയും ഭീതിതമായ ഒരു സാഹചര്യം ഉണ്ടായിരുന്നില്ല. എന്ന് മാത്രമല്ല അഞ്ച് ഷട്ടറുകളും ഒരുമിച്ച് തുറക്കുന്നതും കേരളത്തിലെ 25 അണക്കെട്ടുകൾ ഒരുമിച്ച് തുറക്കുന്നതുമൊക്കെ ചരിത്രത്തിൽ നടാടെയാണ്. ദുരന്തങ്ങൾ കൈവിട്ട് പോയില്ല എന്ന് മാത്രമല്ല അണക്കെട്ട് തുറന്ന് വിട്ടതിന്റെ പേരിൽ ഒരു ജീവൻ പോലും നഷ്ടപ്പെട്ടില്ല എന്നതും അഭിമാനത്തോടു കൂടി ഓർക്കാവുന്ന വസ്തുതയാണ്.

അതിനൊക്കെ അപ്പുറം ഈ ദുരന്തത്തെ നമ്മളെങ്ങനെ നേരിട്ടു എന്നത് ശ്രദ്ധയോടെ വീക്ഷിക്കേണ്ടതാണ്. കേരളീയ സമൂഹം ഒരുപോലെ ദുരന്തത്തിനിരയായവർക്ക് ആശ്വസവുമായി രംഗത്തെത്തിയിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ കൊടുത്ത് തുടങ്ങിയ ചലഞ്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഒരു ലക്ഷം രൂപ കൊടുത്ത് ഏറ്റെടുക്കുകയും ബിജെപി നേതാവായിരുന്ന ഇപ്പോഴത്തെ ഗവർണർ കുമ്മനം രാജശേഖരൻ ഒരു ലക്ഷം രൂപ കൊടുത്ത് അതിനെ ചൂടു പിടിപ്പിക്കുകയും ചെയ്തപ്പോൾ നമ്മുടെ തെട്ടയൽപക്കത്തെ സംസ്ഥാനമായ തമിഴ്‌നാടും പുതുച്ചേരിയും ആ സഹായത്തിനും പിന്തുണയ്ക്കും പിന്തുണ നൽകി രംഗത്ത് വന്നു.

തൊട്ടു പിന്നാലെ തമിഴ് നാട്ടിലെ പ്രധാന സിനിമാ നടന്മാരൊക്കെ തന്നെ കേരളത്തിന്റെ ദാരുണമായ പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാൻ വേണ്ടി പത്തും ഇരുപതും ഇരുപത്തഞ്ചും ലക്ഷം വരെ സംഭാവന നൽകി. മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മ പത്തു ലക്ഷം രൂപ കൂട്ടായി നൽകിക്കൊണ്ട് അൽപം നാണംകേട് ഉണ്ടാക്കിയെങ്കിലും ആ നാണംകേട് തിരുത്താൻ ആദ്യം രംഗത്ത് വന്നത് മലയാളിയുടെ എക്കാലത്തേയും പ്രിയ നടനായ മോഹൻലാൽ തന്നെയായിരുന്നു. 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് മോഹൻലാൽ മാതൃകയായതിന് തൊട്ടു പിന്നാലെ മലയാളത്തിലെ മറ്റൊരു മെഗാ സ്റ്റാരായ മമ്മൂട്ടിയും മകനും ചേർന്ന് 25 ലക്ഷം രൂപ നൽകി. മലയാളത്തിലെ മറ്റ് സിനിമാ താരങ്ങളും ഈ സൂപ്പർ താരങ്ങളുടെ പാത പിന്തുടർന്നുകൊണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകുകയാണ്.

യൂസഫലിയെ പോലെയും ബി. ആർ ഷെട്ടിയേയും പോലെയുള്ള വ്യവസായ പ്രമുഖരും അഞ്ചും ആറും കോടി രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുകയാണ്. രാഷ്ട്രീയ പാർട്ടികളും മാധ്യമ സ്ഥാപനങ്ങളും മന്ത്രിമാരും എംഎൽഎമാരും ജനപ്രതിനിധികളും പഞ്ചായത്തുകളും സർക്കർ ഉദ്യോഗസ്ഥന്മാരുമൊക്കെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകുകയാണ്. വെള്ളപ്പൊക്ക ദുരിതം റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ മറുനാടൻ മലയാളി നൽകിയ ചെറിയ ബോണസ് തുക ഞങ്ങളുടെ കോഴിക്കോട് ലേഖകനായ ജാസിം മൊയ്തീനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത് അഭിമാനത്തോടു കൂടി എടുത്തു പറയുകയാണ്. ഫേസ്‌ബുക്കെടുത്ത് നോക്കിയാൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 100 രൂപ മുതൽ സംഭാവന നൽകിയ നിരവധി പേരുടെ അനുഭവ വിവരങ്ങൾ കാണാം.

ഒരു പക്ഷേ കേരളീയ ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും ഒരു ദുരന്തത്തെ സമൂഹം ഒറ്റക്കെട്ടായി കൈകാര്യം ചെയ്യുന്നത്. നുറുകണക്കിന് ആളുകളാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന തന്നുകൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പണം എത്തുന്നത് ഈ സമയത്ത് തന്നെയായിരിക്കും. സർക്കാർ സംവിധാനങ്ങൾ പണം ധൂർത്തടിക്കുന്നവയാണ് എന്ന് വിശ്വസിക്കുന്ന കേരളീയ സമൂഹം പക്ഷേ മുഖ്യമന്ത്രി പിണറായി വിജയന്റെ ദുരിതാശ്വാസ നിധിയെക്കുറിച്ച് അങ്ങനെയൊരു ആശങ്കയേ പുലർത്താത്തത് ഇതു വരെ അതുണ്ടാക്കിയ ചരിത്രം ചൂണ്ടിക്കാണിച്ചു തന്നെയാണ്.

ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഏകദേശം 800 കോടി രൂപയാണ് ദുരിതാശ്വാസ നിധിയിലെത്തിയതും അത് വിതരണം ചെയ്തതും. പിണറായി വിജയന്റെ രണ്ടു വർഷത്തിനിടയിൽ 424 കോടി രൂപ ദുരിതാശ്വാസ നിധിയിലെത്തുകയും വിതരണം ചെയ്യുകയും ചെയ്തു. ഈ ദിവസങ്ങളിലെ കണക്കു കൂടി പുറത്ത് വരുമ്പോൾ അത് 1000 കോടി ആകുമെന്നാണ് കണക്കാക്കുന്നത്. സർക്കാരിന്റെ പ്ലാനിലോ ബജറ്റിലോ ഒന്നും വരാതെ ജനങ്ങൽ സ്വമനസാലെ നൽകുന്ന സംഭാവനയാണ് സ്‌നേഹത്തിന്റെ അടയാളമാണ് ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന. ഈ തുക കൃത്യമായി അർഹതപ്പെട്ടവർക്ക് എത്രയും വേഗത്തിൽ എത്തിക്കുന്നുണ്ട് എന്നതാണ് കേരളം മാതൃകയാകുന്നതിന്റെ പ്രധാനപ്പെട്ട കാരണം.

മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലുമൊക്കെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെത്തിയ പണം വേണ്ടപ്പെട്ടവർ കൊണ്ടു പോയതിനെ കുറിച്ചുള്ള ആരോപണങ്ങൾ ഉണ്ടായപ്പോൾ കേരളത്തിൽ അങ്ങനെ ഒരിക്കലും സംഭവിച്ചിട്ടില്ല എന്നതും സംഭവിക്കുകയില്ല എന്നതും എടുത്തു പറയേണ്ടതാണ്. പ്രതിപക്ഷ പാർട്ടികൾ പോലും ഇന്നേവരെ ഏതെങ്കിലുമൊരു മുഖ്യമന്ത്രി തന്റെ ദുരിതാശ്വാസ നിധിയിലെ പണം വക മാറ്റി ചെലവഴിച്ചെന്നൊ ധൂർത്തടിച്ചെന്നോ ആരോപണമുന്നയിച്ചിട്ടില്ല. കാരണം അത് ജനങ്ങൾ തങ്ങളുടെ സ്‌നേഹത്തിന്റെ പ്രതീകമായി നൽകുന്ന സംഭാവനയാണ്.

അത് സ്‌നേഹത്തിന്റെ അടയാളമാണ്. പിണറായി വിജയൻ അധികാരമേറ്റതിനു ശേഷം മുഖ്യമന്ത്രിയുടെ ദുരതാശ്വാസ നിധിയിൽ കിട്ടുന്ന പണം വിതരണം ചെയ്യുന്നതിന് ഒരുപാട് മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട്. ഏറ്റവും വേണ്ടപ്പെട്ടവർക്ക് ഏറ്റവും വേഗം കിട്ടാൻ വേണ്ടി അപേക്ഷ അംഗീകരിച്ചാൽ അത് നൂറു ദിവസത്തിനകം നൽകണമെന്ന മാനദണ്ഡമാണ് മുഖ്യമന്ത്രി കൊണ്ടു വന്നിരിക്കുന്നത്. അതിന്റെ പ്രതിഫലനവും ഏറെയാണ്. അതുകൊണ്ടു തന്നെ മുഖ്യമന്ത്രി തുടങ്ങി വക്കുകയും പ്രതിപക്ഷ നേതാവ് ഏറ്റെടുക്കുകയും മലയാളത്തിലെ രണ്ടെ മെഗാ സ്റ്റാറുകൾ അംബാസിഡർമാരാകുകയും ചെയ്ത ഈ മഹത്തായ ദൗത്യം ഏറ്റെടുക്കാൻ ഓരോ കേരളീയനും ബാധ്യതയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP