Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒർമ്മകൾക്ക് മുൻപിൽ പിതൃപിണ്ഡം സമർപ്പയാമി

ഒർമ്മകൾക്ക് മുൻപിൽ പിതൃപിണ്ഡം സമർപ്പയാമി

രവികുമാർ അമ്പാടി

ചിന്നംപിന്നം പെയ്യുന്ന മഴ മംഗളകാരിയാണത്രെ! ചെറിയമ്മയുടെ കല്യാണനാളിൽ, തറവാട്ടുമുറ്റത്തുയർത്തിയ പന്തലിലെ മടക്ക് കസേരയിലിരുന്ന് മുത്തശ്ശി ഇത് പറയുമ്പോൾ, മടിയിലുണ്ടായിരുന്നു ഞാനും. ചുണ്ടിൽ നിന്നും ഒലിച്ചിറങ്ങുന്ന വെറ്റിലനീര് തുടച്ച്, ചാർത്തിലേക്ക് ചാരിവച്ച് മുളങ്കമ്പിൽ ഈരിഴതോർത്ത് തൂക്കി, നേരിയതിന്റെ സ്ഥാനം ശരിയാക്കി മുത്തശ്ശി ആഞ്ജാപിച്ചു.

'ഇനി എഴുന്നേൽക്കാ..... അവർ എത്താറായി'. പന്തലിനു പുറത്തേ തൊടിയിലപ്പോൾ മഴചാറുന്നുണ്ടായിരുന്നു. അതിരാവിലെ എഴുന്നേറ്റ്, ബലിതർപ്പണത്തിനിറങ്ങിയപ്പോൾ പെയ്തിറങ്ങിയ കുഞ്ഞുമഴ കൂട്ടിക്കൊണ്ട് പോയത് മുത്തശ്ശിയുടെ മടിയിലേക്കായിരുന്നു.

തർപ്പണ വേദിയിൽ നല്ല തിരക്കാണ്. ഊഴപ്രകാരം അവസരമെത്താൻ രണ്ടു മണിക്കൂറെങ്കിലും കാത്തിരിക്കണം. കാപ്രാ തടാകക്കരയിലെ താൽക്കാലിക തമ്പിൽ ജനത്തിരക്കാണ്. ചാറ്റൽ മഴയിൽ നിന്നും രക്ഷനേടാൻ ആളുകൾ അതിലാണ് അഭയം പ്രാപിച്ചിരിക്കുന്നത്.

'മഴയും വെയിലുമൊക്കെ നമുക്കുള്ളത് തന്നെയാഡോ....എല്ലാം കൊള്ളണം. ന്നാലേ ആരോഗ്യോണ്ടാവൂ...' മുത്തച്ഛന്റെ വാക്കുകൾ എവിടെനിന്നെറിയാതെ കാതിലെത്തി. കൊത്തുപണികളുള്ള മരക്കസേരയിൽ, വെളുത്ത താടിയും തടവിയിരിക്കുന്ന മുത്തശ്ശന്റെ കൈയിൽ എപ്പോഴും ഏതെങ്കിലും ഒരു പുസ്തകമുണ്ടാകും.

ഇംഗ്ലീഷ് സാഹിത്യത്തിന്റെ ആരാധകനായിരുന്നു മുത്തശ്ശൻ. ഊട്ടിയിലായിരുന്ന സമയത്താണ് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നത്. നാട് വിട്ടുപോകുന്ന ബ്രിട്ടീഷുകാരുടെ ലൈബ്രറിയിലെ പുസ്തകങ്ങൾ മുത്തശ്ശൻ വാങ്ങിക്കൂട്ടി. ഇംഗ്ലീഷ് അക്ഷരങ്ങൾ കൂട്ടിവായിക്കാനും അടിസ്ഥാന വ്യാകരണം മനസ്സിലാക്കുവാനും തുടങ്ങിയപ്പോൾ മുതൽ ഇംഗ്ലീഷ് പുസ്തകങ്ങൾ തരുമായിരുന്നു. വായിച്ച് അർത്ഥം മലയാളത്തിൽ പറഞ്ഞു കൊടുക്കണം. അർത്ഥമറിയാത്ത വാക്കുകൾ വരുമ്പോൾ നിഘണ്ടുനോക്കുവാനും പരിശീലിപ്പിച്ചത് മുത്തശ്ശനായിരുന്നു.

ഔദ്യോഗിക വിദ്യാഭ്യാസം ഒരു പാഴ്‌ച്ചരക്കായി മാറിയപ്പോഴും ഒരു ജീവനോപാധിയായി എത്തിയത്, ഈ വായനയായിരുന്നു. എഴുത്തിന്റെ ലോകത്തേക്ക് ആകർഷിച്ച വായന.

മെല്ലെ, മഴച്ചാറ്റൽകൊണ്ട് തടാകക്കരയിലൂടെ നടന്നു. കുഞ്ഞലകളെ തഴുകിയെത്തുന്ന തണുത്ത കർക്കിടകക്കാറ്റ്.തടാകത്തിൽ കുളക്കോഴികൾ നീന്തിത്തുടിക്കുന്നു. പണ്ട് വടക്കേപ്പുഴയിൽ നിന്നും ധാരാളം കുളക്കോഴികൾ തൊടിയിലെത്താറുണ്ടായിരുന്നു. മുക്കൂറ്റിയും തൊട്ടാവാടിയും കാശിത്തുമ്പയുമൊക്കെ നിറഞ്ഞ പറമ്പിലൂടെ, പരദൂഷണം പറഞ്ഞുനടക്കുന്ന കുളക്കോഴികൾ ബാല്യകാലത്തെ കൗതുകങ്ങളിലൊന്നായിരുന്നു.

പരദൂഷണത്തിനൊടുവിലെ തറവാട്ടുകുളത്തിലിറങ്ങി നീന്തിത്തുടിച്ച് ഉല്ലസിച്ചശേഷം പുഴക്കരയിലേക്ക് മടക്കയാത്ര.

'പുഴയോരത്തെ, മളങ്ങളിൽ ഒളിച്ചിരുന്ന് മുട്ടയിടാൻ പോവുകയാണ്.' തെറുപ്പുബീഡിയും വലിച്ച്, ഉമ്മറക്കോലായിൽ കാലുനീട്ടിയിരുന്ന് ഉണ്ണിമ്മാൻ പറയും. എയർഫോഴ്‌സിലെ ഉദ്യോഗം കഴിഞ്ഞ് വിശ്രമജീവിതം നയിക്കുന്ന കാലം. ഒരല്പം പച്ചക്കറി കൃഷിയുമുണ്ട്. വൈകീട്ട് ഞങ്ങൾ വേണം എല്ലാത്തിനും വെള്ളം നനക്കാൻ. കുഞ്ഞു കുടങ്ങളിൽ, കുളത്തിൽ നിന്നും വെള്ളം കോരിയുള്ള ജലസേചനം കഴിഞ്ഞാൽ പിന്നെ യാത്രയാണ് ഭാസ്‌കരേട്ടന്റെ മുരുകാ കഫേയിലേക്ക്. ചില്ലലമാരിയിൽ നിരത്തിയ പലഹാരങ്ങൾകണ്ട് വായിൽ വെള്ളമൂറാൻ തുടങ്ങുമ്പോഴേക്കും ഉണ്ണിമ്മാന്റെ ആജ്ഞ ഉയരും.

'ഭാസ്‌കരാ... കുട്ട്യോൾക്ക് വേണ്ടതെന്താന്ന്വച്ചാൽ കൊടുക്ക്...' ഇഷ്ടാനുസരണം പലഹാരങ്ങളുടെ ഓർഡർ തയ്യാറാക്കുമ്പോഴേക്കും ഉണ്ണിമ്മാൻ പുറത്തെ ബഞ്ചിലിരുന്ന് പുകയൂതിവിട്ട് രാഷ്ട്രീയ സംവാദം തുടങ്ങിയിരിക്കും.

കുളക്കോഴികളുടെ പരദൂഷണം ഓർമ്മകളെ തറവാട്ട് മുറ്റത്തെത്തിച്ചു.
കിഴക്കെമുറ്റത്തെ മുല്ലച്ചെടികൾക്കരികിലെ നാൽ മണിപ്പൂക്കൾ വിരിയാൻ കാത്തിരുന്ന മദ്ധ്യവേനലവധിക്കാലം. എന്നാലേ വെയിലിന്റെ ചൂട് കുറയൂ എന്നാണ് മുത്തശ്ശിപറയാറ്. ഓലമടൽ വെട്ടി ക്രിക്കറ്റ് ബാറ്റ് ഉണ്ടാക്കി റബ്ബർ പന്തുകൊണ്ട് ക്രിക്കറ്റ് കളിക്കാൻ തുടങ്ങുമ്പോഴേക്കും ഗോമാമ എന്നു വിളിക്കുന്ന വല്യമ്മാവനും എത്തും കളിയിൽ പങ്ക് ചേരാൻ. നാട് ഓടിയപ്പോഴൊക്കെ നടുവേ ഓടിയ മനുഷ്യൻ. ഏറ്റവും പുതിയ അറിവുകളിലും പുതിയ രീതികളിലും ആനന്ദം കണ്ടെത്തിയിരുന്നയാൾ. ഇലക്ട്രോണിക്‌സ് എഞ്ചിനീയർ ആയിരുന്നു. ബുഷിന്റെയും ഫിലിപ്‌സിന്റെയും വാൽവ് റേഡിയോകൾ നാട് ഭരിക്കുന്ന കാലത്ത് സാങ്കേതിക വിദ്യ പഠിച്ചിറങ്ങിയ ആൾ. പിന്നീട് വന്ന പുതുതലമുറക്കാരുടെയെല്ലാം മനഃശാസ്ത്രവും കാലാകാലങ്ങളിൽ പഠിച്ചെടുത്തു.

കിഴക്കെമുറ്റത്ത് ഉപ്പ് വച്ചുകളിക്കുവാൻ മുന്നിട്ടു നിന്നിരുന്ന ഇന്ദിരച്ചേച്ചി. ആദ്യമായി കവിത എഴുതാനുള്ള പ്രചോദനം തന്നത് ചേച്ചിയായിരുന്നു. സഫലീകരിക്കാത്ത മോഹങ്ങളുമായി, വൈറ്റില ബൈപ്പാസിൽ ഒരു ലോറിയുടെ ചക്രത്തിനടിയിൽ കുരുങ്ങി യാത്രയായത്, ഞാൻ ആദ്യമായി ശംബളം വാങ്ങിയെത്തുന്ന ദിവസം. അതിനും മുൻപേ, ഇനിയും അറിയാത്ത ഏതോ നിരാശയിൽ, കയറിൽ തൂങ്ങിയാടിയ സേതുവെട്ടൻ. എല്ലാത്തിനും ഒടുവിൽ, കട്ടിക്കണ്ണടക്കു പുറകിലെ ഗൗരവത്തിൽ സ്‌നേഹം ഒളിപ്പിച്ചുവച്ചിരുന്ന അച്ഛൻ.

'എള്ളും പൂവും ചന്ദനവും കൂട്ടി......' മൈക്കിലൂടെ കാർമ്മികന്റെ ശബ്ദം ഉയർന്നു. മുന്നിലിരുന്ന കിണ്ടിയിലേക്ക് പുണ്യനദികളെ ആവാഹിച്ചുവരുത്തി, പുണ്യതീർത്ഥം തളിച്ച് ശുദ്ധമാക്കിയ ബലിപീഠത്തിലേക്ക് ഓർമ്മകളെ ആവാഹിച്ചിരുത്തി.

'ജ്ഞാത അജ്ഞാത പിതൃക്കളേയും....' കർമ്മിയുടെ ശബ്ദം കൂടുതൽ ഉച്ചത്തിലാവുകയാണ്. അതോടൊപ്പം മഴയ്ക്കും ശക്തികൂടുന്നു. ഓർമ്മകളിലൂടെ മനസ്സിലേക്ക് പെയ്തിറങ്ങിയ പിതൃസങ്കല്പങ്ങൾ... ആഗ്രഹപൂർത്തിക്കായി അനുഗ്രഹിക്കുന്നതാണീ മഴ...

ബലിച്ചോറ് ഉരുളയുരുട്ടി വിരിച്ചിട്ട ദർഭക്ക് മുന്നിൽ വച്ചു. മാപ്പ് അപേക്ഷിക്കാൻ ഒന്നുമില്ലായിരുന്നു, കാരണം ഏതു തെറ്റും പൊറുത്തുതന്നിട്ടുള്ളവരാണവരൊക്കെയും. ഓരോരുത്തരായി വീണ്ടും മുന്നിൽ തെളിഞ്ഞു വരുന്നു.

ന്നാലും നീ ഓർത്തല്ലോ കുട്ട്യേ ഞങ്ങളെയൊക്കെ...' എന്നത്തേയും പോലെ മുടിയിഴകളിലൂടെ വിരലുകളോടിച്ച് തന്നെയാണ് മുത്തശ്ശി പറഞ്ഞത്.

എന്നത്തേയും പോലെ, അച്ഛൻ അടുത്തുവന്ന് തോളിലൊന്നു തട്ടി.

'എന്നാൽ ശരി....' അത്രമാതം. പിന്നെ പുറകോട്ട് തിരിഞ്ഞുനിന്ന് കട്ടിക്കണ്ണടയൂരി കണ്ണുകൾ തുടച്ചു. കണ്ണീൽ സ്‌നേഹനീര് ഊറിവരുന്നത് മകൻ കണ്ടാൽ ഗൗരവം കുറഞ്ഞുപോയാലോ.
'പിണ്ഡത്തിൽ തൊട്ട് നമസ്‌കരിക്കുക.' കർമ്മിയുടെ വാക്കുകൾ. ഉരുകുന്ന നെഞ്ചുമായി തലകുനിച്ചു. ബലിച്ചോറിൽ ഉതിർന്നുവീണ രണ്ടുതുള്ളി കണ്ണുനീർ അതിനോട് ലയിച്ചു ചേർന്നു. മെല്ലെ തലയുയർത്തി, വരളുന്നതോണ്ടായാൽ, പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.

'പിതൃപിണ്ഡം സമർപ്പയാമി.'

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP